Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

വേണം ലഹരിക്കെതിരെ ജനജാഗ്രത

റഹ്മാന്‍ മധുരക്കുഴി

കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞ പത്താം ക്ലാസ്സുകാരന്‍ തന്റെ കുടുംബത്തിന്റെ പ്രതീക്ഷയും ഭാവിവാഗ്ദാനവുമായിരുന്നു. എന്നാല്‍, രക്ഷിതാക്കളുടെ സകല പ്രതീക്ഷകളും തല്ലിത്തകര്‍ത്ത് അവന്‍ സ്‌കൂള്‍ മുറ്റത്ത് കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു. ഈ പത്താം ക്ലാസ്സുകാരന്‍ മയക്കുമരുന്നിന്റെ അടിമയായിരുന്നുവെന്ന സഹോദരന്റെ വെളിപ്പെടുത്തല്‍ നമ്മെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.

വര്‍ഷംതോറും ലഹരിമരുന്ന് കേസുകള്‍ നാലും അഞ്ചും മടങ്ങാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ലഹരിമരുന്നുപയോഗത്തില്‍ കൊച്ചി രാജ്യത്ത് പ്രഥമ സ്ഥാനത്തേക്ക് കുതിക്കുകയാണത്രെ. ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ നമ്മുടെ കുട്ടികള്‍ മയക്കുമരുന്നുകളുടെ പിടിയിലമര്‍ന്ന് ഇഞ്ചിഞ്ചായി നശിച്ചുകൊണ്ടിരിക്കുന്ന ദൈന്യാവസ്ഥ എന്തു മാത്രം ആശങ്കാജനകമല്ല! മയക്കുമരുന്നിനടിപ്പെടുന്നവര്‍ ഏത് ഹീനകൃത്യവും 'ഭംഗി'യായി നിര്‍വഹിക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് സ്വന്തം പെറ്റമ്മയെ അറുകൊല ചെയ്ത ഒരു മകന്റെ കടുംകൈ നമ്മെ ബോധ്യപ്പെടുത്തുന്നു.

ലഹരി ആസ്വാദനത്തിന്റെ പുതിയ മേച്ചില്‍പുറങ്ങളിലാണ് ഇന്ന് നമ്മുടെ യുവസമൂഹം. തന്റേതു മാത്രമായ ഉല്ലാസ ലോകത്തേക്ക് ചുരുണ്ടുകൂടുന്ന യുവ തലമുറയാണ് പുതിയ ലോകത്തിന്റെ വെല്ലുവിളി. സര്‍വം വിസ്മരിക്കുന്ന ആനന്ദനിമിഷങ്ങളില്‍ അഭിരമിക്കാനാണ് യുവതയുടെ വെമ്പല്‍. മദ്യം, പാന്‍ മസാലകള്‍, പുകയുന്ന കൊള്ളികള്‍ ഇവ ശീലമാക്കാത്തവര്‍ കുറഞ്ഞുവരുന്നു. ലഹരി എന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍തന്നെ പാന്‍ മസാലകളിലേക്ക് നമ്മുടെ കൗമാരങ്ങള്‍ ആകര്‍ഷിക്കപ്പെടുകയാണ്. 4-14 പ്രായക്കാര്‍ മയക്കുമരുന്നുകള്‍ക്ക് എളുപ്പം ഇരയാവുന്നുവെന്നാണ് അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നത്. കൗമാര പ്രായക്കാരില്‍ ശരാശരി 10-ല്‍ ആറും, യുവാക്കളില്‍ 10-ല്‍ എട്ടും പേരും പാന്‍മസാലകളുടെ സ്ഥിരം ഉപഭോക്താക്കളാണെന്ന ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്ക്, ഭാവിയുടെ വാഗ്ദാനങ്ങളായ യുവ സമൂഹത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മുതിര്‍ന്നവരില്‍ ഒട്ടും ഞെട്ടലുളവാക്കുന്നില്ലെന്നതാണ് അത്ഭുതം.

കഞ്ചാവും ഹെറോയിനും മറ്റു മയക്കുമരുന്നുകളും നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളില്‍ പോലും വ്യാപിച്ചുകഴിഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്ന് പിടികൂടിയ 11 കോടിയോളം വിലവരുന്ന മയക്കുമരുന്നുകള്‍ ഈ സാമൂഹിക തിന്മയുടെ ഉപഭോഗവും വില്‍പനയും യഥേഷ്ടം നടന്നുവരുന്നുണ്ടെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മയക്കുമരുന്ന് കച്ചവടക്കാരും പോലീസും രാഷ്ട്രീയ നേതാക്കളും ഈ അവിഹിത വ്യാപാരത്തില്‍ മറ്റെവിടെയുമെന്ന പോലെ ഇവിടെയും ഭാഗഭാക്കാണെന്ന് നാം തിരിച്ചറിയുന്നു.

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളിലെയും ദാമ്പത്യത്തകര്‍ച്ചയിലെയും മുഖ്യ വില്ലന്‍ മദ്യവും മയക്കുമരുന്നുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 15 മുതല്‍ 25 വയസ്സുവരെയുള്ള യുവാക്കളാണ് കുറ്റകൃത്യങ്ങളില്‍ ഭൂരിപക്ഷമെന്ന് ക്രൈം റെക്കോഡുകള്‍ വിളിച്ചുപറയുന്നു. ഈ യുവ കുറ്റവാളികളില്‍ 98 ശതമാനവും ലഹരിയുടെ ഉപഭോക്താക്കളാണ്. പുതുവത്സരാഘോഷ കാലവും മറ്റു മതപരവും അല്ലാത്തതുമായ ആഘോഷോത്സവ വേളകളും കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും പൂക്കാലമായി മാറുന്നതിന്റെ പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നത് ലഹരി-മയക്കുമരുന്നുകള്‍ തന്നെ.

മയക്കുമരുന്ന് ഉപയോഗം കുട്ടിക്കളിയല്ലെന്നും കുട്ടികളെ അതില്‍നിന്ന് രക്ഷിക്കണമെന്നും ഐക്യ രാഷ്ട്രസഭ സമൂഹത്തെ ഓര്‍മിപ്പിക്കുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ആഹ്വാനം ദിഗന്തങ്ങളില്‍ വര്‍ഷാവര്‍ഷം മുഴങ്ങിക്കേള്‍ക്കുമ്പോഴും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടതാവളങ്ങളായി മുംബൈ, ദല്‍ഹി, പൂന, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ വിരാജിക്കുകയാണ്. ഇന്ത്യയിലെ സമ്പന്ന യുവത്വത്തിന്റെ ഏറ്റവും പുതിയ ഹരമായ കൊക്കയിന്‍ നാസാരന്ധ്രങ്ങളിലേക്ക് വലിച്ചുകയറ്റുന്നതോടെ, കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം ക്രമം തെറ്റുകയും ഗുണഭോക്താവ് കൃത്രിമമായ നവോന്മേഷത്തിന്റെ സ്വര്‍ഗലോകത്തേക്ക് പറന്നുയരുകയും ചെയ്യുന്നു.

മയക്കുമരുന്ന് വില്‍പന നടന്നുവരുന്ന വ്യാപാരശാലകളിലെയും കടകളിലെയും ഉടമകളെ ഈ നീചവൃത്തിയില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അനിവാര്യമാണ്. നന്മയില്‍ വിശ്വാസമുള്ള, യുവ സമൂഹത്തിന്റെ ഭാവിയില്‍ ആശങ്കയുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘങ്ങളും മത-ധാര്‍മിക പ്രസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന കൂട്ടായ്മ, ഈ സാമൂഹിക വിപത്തിനെതിരെ സംഘടിതമായി രംഗത്തു വരണം. മയക്കുമരുന്ന് വില്‍പന കേന്ദ്രങ്ങളുടെയും മാഫിയാ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളെ യഥാസമയം നിയമപാലകരുടെ ശ്രദ്ധയില്‍പെടുത്തണം. നിയമപാലകരും മയക്കുമരുന്ന് മാഫിയയും രാഷ്ട്രീയ ശക്തികളും തമ്മില്‍ അവിഹിത ബന്ധമുണ്ടെങ്കില്‍ അത് തകര്‍ത്ത് കുറ്റവാളികളെ പിടികൂടാന്‍ ഈ കൂട്ടായ്മക്ക് സാധിക്കണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍