Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

ഹുസൈന്‍ മാത്തോട്ടം

കെ.പി അബ്ദുല്‍ ഹമീദ്, മാത്തോട്ടം

കോഴിക്കോട് സിറ്റിക്കടുത്ത മാത്തോട്ടം പ്രദേശത്ത് 1982-ല്‍ ആരംഭിച്ച ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളിന്റെ സ്ഥാപകരില്‍ ഒരാളാണ് 2017 നവംബര്‍ 17-ന് നിര്യാതനായ ഹുസൈന്‍ സാഹിബ്. എം. മൊയ്തീന്‍ കോയ സാഹിബ് പ്രദേശത്ത് താമസമാക്കുകയും പരപ്പില്‍ ഹല്‍ഖ പ്രദേശത്ത് സ്‌ക്വാഡുകള്‍ സംഘടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്റ്റഡി സര്‍ക്ക്ള്‍ രൂപം കൊള്ളുന്നത്.

പ്രദേശത്ത് അറിയപ്പെടുന്ന വളപ്പില്‍ ബീരാന്‍ക്ക, കോയക്ക, കോയട്ടിക്ക, മമ്മുക്ക തുടങ്ങിയവര്‍ ചേര്‍ന്നാണ് ഹുസൈന്‍ സാഹിബിന്റെ വാച്ച് റിപ്പയര്‍ കടയില്‍ സ്റ്റഡി ക്ലാസുകള്‍ ആരംഭിക്കുന്നത്. ധാരാളം യുവാക്കള്‍ പങ്കെടുക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് അടുത്ത പീടികമുറി കൂടി വാങ്ങി ഓഫീസ് വിപുലീകരിച്ചു.

പരന്ന വായനയും ചിന്താശേഷിയുമുള്ള വ്യക്തിയായിരുന്നു ഹുസൈന്‍. സ്റ്റഡി സര്‍ക്ക്ള്‍ പ്രസിഡന്റ്, എസ്.ഐ.ഒ ഘടകത്തിന്റെ ആദ്യ പ്രസിഡന്റ്, ഹല്‍ഖാ സെക്രട്ടറി, നാസിം, മസ്ജിദുല്‍ ഹുദാ നിര്‍മാണ കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി.

മൂന്ന് വര്‍ഷത്തോളം രോഗശയ്യയിലായിരുന്നു. മാറാട് പ്രദേശത്ത് താമസിച്ചപ്പോള്‍ അവിടെ ഒരു പഠനവേദി രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. മരണത്തിന് രണ്ടുദിവസം മുമ്പ് കുട്ടികളെ വിളിച്ചുചേര്‍ത്ത് കാര്യങ്ങളൊക്കെ സംസാരിച്ചു. പ്രസ്ഥാനത്തിനു വേണ്ടി ധാരാളം പ്രാര്‍ഥിച്ചു.

 

 

 

കോട്ടയില്‍ മുഹമ്മദ് ഹാജി

പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയം ഏറ്റവുമാദ്യം ഏറ്റുവാങ്ങിയ വ്യക്തികളിലൊരാളാണ് കോട്ടയില്‍ മുഹമ്മദ് ഹാജി. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങളും പള്ളിയുമൊക്കെ നിലവില്‍ വരുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ബാര്‍ബര്‍ ഷോപ്പായിരുന്നു പ്രസ്ഥാന സാഹിത്യങ്ങളും പ്രബോധനം വാരികയുമൊക്കെ ആളുകള്‍ക്ക് ലഭിച്ചിരുന്ന ഒരു കേന്ദ്രം. സംഘടനയുടെ ഔദ്യോഗിക ഘടനയിലേക്കോ സംവിധാനങ്ങളിലേക്കോ അദ്ദേഹം വന്നിട്ടില്ലെങ്കിലും തഫ്ഹീമുല്‍ ഖുര്‍ആനിന്റെയും പ്രാസ്ഥാനിക സാഹിത്യങ്ങളുടെയും വായനയിലൂടെ ഇസ്‌ലാമിക കാഴ്ചപ്പാട് ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം നേടിയെടുക്കുകയും തന്റെ സഹോദരങ്ങളെയും സുഹൃത്തുക്കളെയും കുടുംബത്തെയും പ്രസ്ഥാനത്തോട് അനുഭാവമുള്ളവരാക്കി മാറ്റുകയും ചെയ്തു. ജമാഅത്ത് പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തിയും ബഹിഷ്‌കരിച്ചുമൊക്കെ ഒതുക്കാന്‍ ശ്രമിച്ചിരുന്ന ആ കാലഘട്ടത്തിലും ചങ്കുറപ്പോടെ ഒറ്റയാനായി അദ്ദേഹം നിലകൊണ്ടു. ഒരു കാലത്ത്, തഫ്ഹീമുല്‍ ഖുര്‍ആന്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നിരന്തരമായി അത് ആളുകളിലെത്തിച്ചിരുന്ന ഒരു നിശബ്ദ പ്രബോധകനായിരുന്നു അദ്ദേഹം. 1925-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മലപ്പുറം ഗവ. ഹൈസ്‌കൂളില്‍നിന്നും മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും മനോഹരമായ ഇംഗ്ലീഷ് കൈയെഴുത്തും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. അറബി, ഹിന്ദി, സംസ്‌കൃതം, തമിഴ്, ഉര്‍ദു ഭാഷകളില്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. പിതാവ് കോട്ടയില്‍ മൊയ്തീന്‍ എന്ന വാപ്പു, മാതാവ് കൈനിപ്പറമ്പില്‍ ഫാത്തിമ. ഭാര്യമാര്‍ പരേതയായ ഖദീജ, ആമിന(വെള്ളാട്ടുതൊടിക). മക്കള്‍: മുഹമ്മദ് സലീം, മുഹമ്മദ് അശ്‌റഫ്, മുഹമ്മദ് ശരീഫ്, മുസ്ത്വഫ, ഹാശിം, സലീന, ജാസ്മിന്‍

എ.ടി ശംസുദ്ദീന്‍ പെരിന്തല്‍മണ്ണ

 

 

 

ശംസുദ്ദീന്‍

കൊല്ലം കരിക്കോട് ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു ശംസുദ്ദീന്‍ സാഹിബ്. പ്രസ്ഥാനമാര്‍ഗത്തില്‍ സാമ്പത്തികമായി കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം. കരിക്കോട് പ്രദേശത്ത് ജനിച്ചു വളര്‍ന്ന അദ്ദേഹം പഠനത്തിനു ശേഷം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ ജോലിയില്‍ പ്രവേശിക്കുകയും മുപ്പത് വര്‍ഷത്തെ സേവനത്തിനു ശേഷം സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ആയി  വിരമിക്കുകയും ചെയ്തു. ഇടക്കാലത്ത് ലീവില്‍ വിദേശത്ത്  സേവനമനുഷ്ഠിച്ചു. 

തികഞ്ഞ യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കുകയും ആ മാര്‍ഗത്തില്‍ മരണം വരെ അടിയുറച്ചുനില്‍ക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ കോഴിക്കോട് കാപ്പാടും പിന്നീട് കൊല്ലം കരുനാഗപ്പള്ളിയിലും താമസിച്ചിരുന്നു. എല്ലായിടത്തും പ്രസ്ഥാന പ്രവര്‍ത്തകരുമായി വളരെ അടുത്ത ഹൃദയ ബന്ധം ഉണ്ടാക്കിയെടുത്തു. ഭാര്യ: മര്‍യം.

അയ്യൂബ് ഖാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍