Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

അമ്പത്തെട്ടു വര്‍ഷങ്ങള്‍ പിന്നിലേക്ക് നോക്കിയപ്പോള്‍

വി.കെ കുട്ടു ഉളിയില്‍

അമ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, പള്ളിയുമായി  ബന്ധമോ നമസ്‌കാരമോ ഇല്ലാതിരുന്ന, സിനിമാ കമ്പക്കാരനായിരുന്ന എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍ എണ്‍പത്തിനാലാമത്തെ വയസ്സിലും മനസ്സില്‍ മായാതെ കിടക്കുന്നു. 1958-'59-ല്‍ കാസര്‍കോട് മൃഗാശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ്, മരാമത്ത് വകുപ്പില്‍ ജോലി ചെയ്തിരുന്ന തലേശ്ശരിക്കാരന്‍ കെ.പി അബ്ദുല്‍ ഖാദര്‍ സാഹിബിലൂടെ ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെട്ടത്. ഖുതുബാത്, ഇസ്‌ലാമും ജാഹിലിയ്യത്തും, രൂപവും യാഥാര്‍ഥ്യവും, ഇസ്‌ലാം മതം എന്നീ പുസ്തകങ്ങളുടെ വായന ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ 'ജാഹിലിയ്യത്ത്' അകറ്റി. മനസ്സ് ഇസ്‌ലാമിലേക്ക് ചാഞ്ഞു, ഇസ്‌ലാമിക പ്രസ്ഥാനത്തോട് അടുത്തു.

1959-ന്റെ തുടക്കത്തില്‍ ഭയാനകമായ മരണത്തെക്കുറിച്ചും ഭീതിജനകമായ മരണാനന്തര ജീവിതത്തെക്കുറിച്ചും ഓര്‍ത്ത് മാനസികനില നിയന്ത്രിക്കാനാകാത്ത അവസ്ഥയില്‍ രണ്ട് മാസത്തെ ലീവില്‍ വീട്ടില്‍ അസ്വസ്ഥനായിക്കഴിഞ്ഞിരുന്നു ഞാന്‍. അപ്പോഴാണ് എന്നെ സാന്ത്വനപ്പെടുത്താനായി കെ.പി വീട്ടില്‍ വന്നത്. അതോടെ കെ.പി യുമായി അടുത്തു തുടങ്ങി. ഭയാനകമായ ഭ്രാന്തിളകി ഞാന്‍ മരിക്കുമെന്ന ഭീതി എന്റെ മനസ്സിലുളവാക്കിയത് ബാക്ടീരിയകളേക്കാള്‍ ചെറുതും സൂക്ഷ്മദര്‍ശിനികളിലൂടെ കാണാന്‍ പ്രയാസവുമായ, കള്‍ച്ചറുകളില്‍ കൂടി മാത്രം തിരിച്ചറിയാവുന്ന റേബിസ് വൈറസുകളാണ്. 

കാസര്‍കോട് എം.എല്‍.എ ആയിരുന്ന ഉമേശ്വര റാവുവിന്റെ പശുവിനെ ഭ്രാന്തന്‍ നായ കടിച്ച വിവരം പറയാന്‍ ജോലിക്കാരന്‍ കുതിര വണ്ടിയുമായി മൃഗാശുപത്രിയില്‍ വന്നു. ഞാന്‍ പശുവിന്റെ സമീപത്തെത്തി മുറിവുകള്‍ ഡ്രസ് ചെയ്തു. പതിനാല് ദിവസവും പശുവിന് തുടര്‍ച്ചയായി ആന്റി റേബിക് വാക്‌സിന്‍ കുത്തിവെച്ചു. ആ സമയത്തായിരുന്നു, ഭാര്യ പ്രസവിച്ച് അപകടാവസ്ഥയില്‍ ആശുപത്രിയിലായതറിഞ്ഞ് തലശ്ശേരിയിലേക്ക് പുറപ്പെട്ടത്. 

ഭാര്യ ആശുപത്രിയിലായതുകാരണം ആശുപത്രിക്കു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് ഒരാഴ്ച താമസിച്ചു. അപ്പോഴാണ് എന്നെ സംശയരോഗം ബാധിച്ചത്. 

ഭ്രാന്തന്‍ നായയുടെ ഉമിനീരിലുള്ള റേബിസ് വൈറസുകള്‍ നായയുടെ കടിയേറ്റ സ്ഥലത്ത് പതിയുന്നതിനാലാണ് കടിയേറ്റ ജീവികള്‍ക്ക് ഭ്രാന്തിളകി ചാവുന്നത്. അതിനെതിരെയുള്ള പ്രതിരോധമരുന്നാണ് പതിനാലു ദിവസം കുത്തിവെച്ചത്. ആദ്യദിവസം പശുവിനെ ഡ്രസ് ചെയ്യുമ്പോള്‍ എന്റെ കൈവിരലില്‍ ചെറിയൊരു മുറിവുണ്ടായിരുന്നു. ആ മുറിവില്‍ കൂടി റേബിസ് വൈറസുകള്‍ എന്റെ രക്തത്തില്‍ കടന്നുവെന്ന് രണ്ടാഴ്ചക്കു ശേഷം മനസ്സിലുദിച്ച സംശയമാണ് എന്നെ ഭയപ്പെടുത്തിയത്. കാസര്‍കോട്ട് തിരിച്ചെത്തി ഡോക്ടറെ കണ്ട് പതിനാലു ദിവസം തുടര്‍ച്ചയായി വയറ്റില്‍ ആന്റി റേബിക് വാക്‌സിന്‍ കുത്തിവെപ്പിച്ചു. സംശയ നിവാരണത്തിനായി പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്ന റേബിസ് എന്ന പുസ്തകം വായിച്ചപ്പോള്‍ മുഖത്തോ കൈവിരലുകളിലോ കടിയേറ്റാല്‍ മൂന്നു ദിവസത്തിനകം പ്രതിരോധ കുത്തിവെപ്പ് നടത്തിയില്ലെങ്കില്‍ രക്ഷപ്പെടുക വിരളമായിരിക്കുമെന്ന് വായിച്ചതോടെയായിരുന്നു ഭയം കൂടിവന്നത്. ബന്ധുക്കളെ ഭീതിപ്പെടുത്തിക്കൊണ്ട്, അല്ലാഹുവിനെ അനുസരിക്കാതെയുള്ള, സ്മരിക്കാതെയുള്ള ഭയാനകമായ മരണമാണല്ലോ നേരിടാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ ഉണ്ടായ മാനസിക വ്യഥ അസഹ്യമായിരുന്നു. 

രണ്ടു മാസമായപ്പോള്‍ കെ.പി തന്ന മേല്‍ക്കുറിച്ച പുസ്തകങ്ങളുടെ വായന അല്‍പം ആശ്വാസം തന്നു തുടങ്ങി. കാസര്‍കോട്ടേക്ക് മടങ്ങി ജോലിയില്‍ പ്രവേശിച്ചു. കെ.പി ദിവസവും ഓഫീസില്‍ വന്ന് എന്നെ സന്ദര്‍ശിച്ചു. എടയൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രബോധനത്തിനും വി.പി അബ്ദുല്ല സാഹിബ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന മെസ്സേജിനും എന്നെ വരി ചേര്‍ത്തു. പ്രബോധനത്തിന് കാലുറുപ്പികയും മെസ്സേജിന് അര ഉറുപ്പികയുമായിരുന്നു വില. 

കെ.പിയുടെ ശ്രമഫലമായി കാസര്‍കോട് ഒരു ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസെടുക്കാന്‍ ആളെ ക്ഷണിക്കാനും ആലിയ കോളേജ് പ്രിന്‍സിപ്പല്‍ ത്വാഈ ഉസ്താദുമായി സംസാരിക്കാനുമായി ചെമ്മനാട് കടവില്‍നിന്നും ചെറിയൊരു തോണിയില്‍ പരവനടുക്കത്തേക്ക് പോയി. പഴയൊരു കെട്ടിടത്തിലെ ചെറിയ മുറിയായിരുന്നു ഓഫീസ്. ഒരു മര അലമാറ നിറയെ കിതാബുകള്‍. ത്വാഈ ഉസ്താദിനോട് കാസര്‍കോട് ഖുര്‍ആന്‍ ക്ലാസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. 'കാസര്‍കോട്ടുകാരുടെ കല്ലേറു കൊള്ളാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തുടങ്ങിക്കോളൂ.' 

അദ്ദേഹമിങ്ങനെ പറഞ്ഞത് ഇസ്സുദ്ദീന്‍ മൗലവിക്കുണ്ടായ അനുഭവങ്ങളോര്‍ത്താണ്. ത്വാഈ ഉസ്താദ് പറഞ്ഞതനുസരിച്ച് അക്കാലത്തെ ആലിയയിലെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന കെ.പി അബൂബക്കര്‍ ഉമരി നാല് ഞായറാഴ്ചകള്‍ കാസര്‍കോട്ട് വന്ന് ക്ലാസെടുത്തു. പില്‍ക്കാലത്ത് അദ്ദേഹം ആലിയ കോളേജ് പ്രിന്‍സിപ്പലായി. ഇപ്പോഴത്തെ ബസ്റ്റാന്റിനു സമീപത്തെ ബദരിയ്യ ഹോട്ടലിനടുത്തുള്ള മുറിയിലായിരുന്നു ക്ലാസ്. കാസര്‍കോട്ടെ സൈക്കിള്‍ ഷോപ്പ് ഉടമയായിരുന്ന അയ്യൂബ്, മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്ന അബൂബക്കര്‍, മരക്കമ്പനിയില്‍ ക്ലര്‍ക്കായിരുന്ന മാഹിക്കാരന്‍ പി.കെ.സി മൊയ്തു ഇവരൊക്കെയായിരുന്നു പഠിതാക്കള്‍.

നാലാഴ്ച ആയപ്പോഴേക്ക് എനിക്കും അബ്ദുല്‍ ഖാദര്‍ സാഹിബിനും ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ചു. എനിക്കു മലയോര പ്രദേശമായ ഇരിട്ടിയില്‍ പുതുതായി ആരംഭിച്ച വെറ്ററിനെറി സെന്ററിലേക്കായിരുന്നു ട്രാന്‍സ്ഫര്‍.

മാഹിക്കടുത്തുള്ള പെരിങ്ങാടിയില്‍ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം ജമാഅത്തെ ഇസ്‌ലാമിയുെട ഹല്‍ഖാ യോഗം നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കുന്നത് നല്ലതാണെന്നും കെ.പി എന്നെ അറിയിച്ചു. 

ബസ്സില്‍ തലശ്ശേരി വഴി മാഹിയിലെത്തി കാല്‍നടയായി പെരിങ്ങാടി റെയില്‍വേ ഗേറ്റിനു സമീപമെത്തി. ഒരു പഴയ കെട്ടിടത്തിലെ മുറികളിലൊന്നില്‍ പലചരക്കുകടയും മറ്റേതില്‍ ചായക്കടയുമായിരുന്നു. അവിടെയുണ്ടായിരുന്ന മര ഏണിയില്‍ തൂങ്ങിയിരുന്ന കയറും പിടിച്ച് മുകളില്‍ കയറി. നാലു ബെഞ്ചുകളും ഒരു മേശയും ഒരു കസേരയും. 

മഷികൊണ്ട് വലിയ അക്ഷരങ്ങള്‍ എഴുതിയ മൂന്ന് കാര്‍ഡ് ബോര്‍ഡുകള്‍ ചുമരില്‍ തൂങ്ങിക്കിടന്നിരുന്നു. ഞാനവ വായിച്ചു. ഒന്നാമത്തെ ബോര്‍ഡില്‍ ഈമാന്‍ എന്നാല്‍ എന്ത് എന്നും അതിനു താഴെ അതിന്റെ ഉത്തരവും എഴുതിയിരിക്കുന്നു. രണ്ടാമത്തേതില്‍ ഇഹ്‌സാന്‍ എന്നാലെന്ത് എന്നും അതിന്റെ  ഉത്തരവുമായിരുന്നു. മൂന്നാമത്തേതില്‍ ഇഖ്‌ലാസ്വും അതിന്റെ ഉത്തരവും. 

ഈമാന്‍ എന്നാല്‍ അല്ലാഹു ആണ് പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനുമെന്നും അതിനാല്‍ അവന്‍ മാത്രമാണ് ആരാധ്യനെന്നും മനസ്സിലായി. ഇഹ്‌സാന്‍ എന്നാല്‍ എല്ലാം അല്ലാഹു കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന ബോധത്തോടെ കര്‍മങ്ങള്‍ ചെയ്യുന്നതാണെന്നുമറിഞ്ഞു. കളങ്കമില്ലാത്ത മനസ്സുമായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നതാണ് ഇഖ്‌ലാസ്വ് എന്നും മനസ്സിലാക്കി. ഇതൊക്കെയാണ് ഇസ്‌ലാമെങ്കില്‍ ഞാനിതുവരെ ജീവിച്ചത് മുസ്‌ലിമായിട്ടാണോ എന്ന് ചിന്തിച്ചു. 

അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്ന കാലത്ത് രാവിലെ ഒരു മണിക്കൂര്‍ മദ്‌റസയില്‍നിന്ന് അറബി അക്ഷരങ്ങളും തുടര്‍ന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പഠിച്ചിരുന്നു. ഖൂര്‍ആനിലെ ഒരു വചനത്തിന്റെ പോലും അര്‍ഥം പഠിപ്പിച്ചിരുന്നില്ല. ഈമാന്‍ കാര്യം ആറാണെന്നും ഇസ്‌ലാം കാര്യം അഞ്ചാണെന്നും മനഃപാഠമാക്കിയിരുന്നു. അതിന്റെ പൊരുള്‍ ഗ്രഹിച്ചിരുന്നില്ല. നമസ്‌കാരത്തിന്റെയും അംഗശുദ്ധിയുടെയും ശര്‍ത്വും ഫര്‍ദും പഠിപ്പിച്ചിരുന്നുവെങ്കിലും അതെന്തിനാണെന്ന് ബോധ്യമായിരുന്നില്ല. 

പെരിങ്ങാടി ഹല്‍ഖാ അമീര്‍ ഒ.കെ മൊയ്തു സാഹിബിന്റെ സലാം കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്. ഞാനെന്നെ പരിചയപ്പെടുത്തിയപ്പോള്‍ കെ.പിയില്‍ കൂടി എന്നെ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു.

സി. യൂസുഫ് മൗലവിയുടെ ഖുര്‍ആന്‍ ക്ലാസോടെ ഹല്‍ഖാ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് സാഹിത്യ പാരായണം, പ്രബോധനത്തിലെ ലേഖന പാരായണവും ചര്‍ച്ചയും, കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തന അവലോകനം, അടുത്ത ആഴ്ചയിലെ പ്രവര്‍ത്തന പരിപാടി, ബൈത്തുല്‍ മാല്‍ ഉണര്‍ത്തല്‍, ഉദ്‌ബോധനം..... എനിക്കു ജീവിതത്തിലെ പുത്തന്‍ അനുഭവങ്ങളായിരുന്നു. ഓരോ പ്രവര്‍ത്തകനും പ്രബോധനം ചെലവാക്കാന്‍ ഏറ്റെടുത്തതിന്റെ കണക്കുകള്‍ യോഗത്തില്‍ ബോധ്യപ്പെടുത്തിയിരുന്നു.

1959-ല്‍ പെരിങ്ങാടി ഹല്‍ഖയിലുണ്ടായിരുന്നവര്‍ ഇവരാണ്: ഒ.കെ. മൊയ്തു സാഹിബ്. പില്‍ക്കാലത്ത് വയനാട്ടില്‍ ഫുള്‍ടൈം പ്രവര്‍ത്തകനായിരിക്കെ മരണപ്പെട്ടു. കെ.എം അബ്ദുര്‍റഹീം സാഹിബ്. ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ ഇംഗ്ലീഷും മലയാളവും പഠിപ്പിച്ചിരുന്ന അദ്ദേഹം എല്ലാ ഞായറാഴ്ചയും ഹല്‍ഖായോഗത്തില്‍ പങ്കെടുക്കാനായി സ്വന്തം നാടായ പെരിങ്ങാടിയില്‍ എത്തിയിരുന്നു. 1965-ല്‍ കുവൈത്തില്‍ ജോലിക്ക് പോയ അദ്ദേഹം കുവൈത്തില്‍ മലയാളി ഹല്‍ഖയുടെ തുടക്കക്കാരനായി. 

സുബൈര്‍ ഹാജി. മാഹി സ്വദേശിയായ അദ്ദേഹം 1970-കളുടെ തുടക്കത്തില്‍ ജിദ്ദയില്‍ മലയാളി ഹല്‍ഖയുടെ തുടക്കക്കാരില്‍ ഒരാളുമായി. ഖാലിദ് ഇസ്മാഈല്‍. മാഹി സ്വദേശിയായ അദ്ദേഹം 1960-കളില്‍ ജോലി ആവശ്യാര്‍ഥം ബോംബെയില്‍ പോവുകയും അവിടെ പ്രസ്ഥാനപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തു. വി. യൂസുഫ് മൗലവി. ഇസ്‌ലാം ആശ്ലേഷിച്ച അദ്ദേഹം ഇസ്‌ലാമിക വിഷയങ്ങളില്‍ പാണ്ഡിത്യം നേടി  ഇരിക്കൂറിലും ഉളിയിലും പ്രവര്‍ത്തിച്ചു. 

കെ.പി അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ മാസ്റ്റര്‍. തലശ്ശേരിക്കാരായ ഇരുവരും തലശ്ശേരിയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അവരുടെ പ്രവര്‍ത്തനഫലമായി പില്‍ക്കാലത്ത് തലശ്ശേരിയിലെ പ്രസ്ഥാന സാരഥികളായ സി. അബ്ദുര്‍റഹ്മാന്‍ സാഹിബും അസീസ് മാസ്റ്ററും തലശ്ശേരിയില്‍ സജീവമായി. എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉത്തരകേരള നാസിമായിരുന്നപ്പോള്‍, യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അബ്ദുര്‍റഹ്മാന്‍ അദ്ദേഹവുമായുള്ള സംസാരത്തിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് വരുന്നത്. 

കെ. അബ്ദുല്‍ ഖാദര്‍ സാഹിബ്. പെരിങ്ങത്തുര്‍ സ്വദേശിയായിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് രൂപീകരണത്തിനു മുമ്പ് മദ്രാസ് വിദ്യാഭ്യാസ വകുപ്പില്‍ ആന്ധ്രയിലും മറ്റും ജോലി ചെയ്തിരുന്നു. 1959-ല്‍ തലശ്ശേരി ഡി.ഇ ഓഫീസില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് പെരിങ്ങാടി ഹല്‍ഖയില്‍ വെച്ച് പരിചയപ്പെട്ടത്. എപ്പോഴും മുഖത്ത് പുഞ്ചിരിയുമായിട്ടാണ്  വരവ്. അദ്ദേഹത്തിന്റെ ബാഗില്‍ എപ്പോഴും മിഠായി ഉണ്ടാകുമായിരുന്നു. ആരോട് സംസാരിക്കുമ്പോഴും മിഠായി കൊടുത്തതിനു ശേഷമേ സംസാരിക്കുമായിരുന്നുള്ളു. പില്‍ക്കാലത്ത് അദ്ദേഹം 'മുട്ടായി ഉപ്പാപ്പ' എന്നാണ് അറിയപ്പെട്ടത്. 

സി.കെ ഇബ്‌റാഹീം മാസ്റ്റര്‍. കവിയൂരില്‍ താമസം. ഇസ്‌ലാമിക പണ്ഡിതനായ ആര്‍. യൂസുഫിന്റെ പിതാവ്. സി.കെ ഉസ്മാന്‍. സി.കെ ഇബ്‌റാഹീം മാസ്റ്ററുടെ അനുജന്‍. അപ്പോള്‍ പോളിടെക്‌നിക് വിദ്യാര്‍ഥി. എം.എ അബ്ദുല്ല മാസ്റ്റര്‍. പുന്നോലില്‍ പ്രവര്‍ത്തിച്ചു. അലി സാഹിബ്. മാഹി സ്വദേശിയായിരുന്ന അദ്ദേഹം എറണാകുളത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കെ.എം അബ്ദുര്‍റഹീം സാഹിബിന്റെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അനുജന്‍ കെ.എം റിയാലു പിന്‍ബെഞ്ചിലിരുന്ന് പരിപാടി ശ്രദ്ധിക്കാറുണ്ടായിരുന്നു.

പെരിങ്ങാടി ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്ന ചൊക്ലി പ്രദേശത്തുകാരന്‍ കെ. മുഹമ്മദ് സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് പ്രവര്‍ത്തകനെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഒരു ദിവസം അദ്ദേഹം തലശ്ശേരി ടൗണ്‍ഹാളിനു സമീപം നില്‍ക്കുന്നതു കണ്ടപ്പോള്‍ ചോദിച്ചു; 'ആരെയാണ് പ്രതീക്ഷിച്ചുനില്‍ക്കുന്നത്?' അദ്ദേഹത്തിന്റെ മറുപടി ആശ്ചര്യപ്പെടുത്തി. ഈ ആഴ്ച ഏറ്റെടുത്ത ആറ് പ്രബോധനം വിതരണം ചെയ്യാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടതാണ്. അഞ്ചെണ്ണം വിറ്റു. ഒന്നു ബാക്കിയുണ്ട്. ആളുകളെ കണ്ട് സംസാരിച്ചു. ആറു പ്രബോധനം ചെലവാക്കാന്‍ അദ്ദേഹം ചൊക്ലിയില്‍നിന്നും ആറു കിലോമീറ്ററിലധികം നടന്ന് ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ബാക്കിയുള്ള ഒന്ന് ആര്‍ക്കെങ്കിലും കൊടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം അവിടെ നിന്നിരുന്നത്. അദ്ദേഹത്തെ അടുത്ത ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ ക്ഷണിച്ചു. ചായ മേശമേലെത്തിയപ്പോഴും അദ്ദേഹം വയറ് കൈ കൊണ്ട് പിടിച്ച് തല താഴ്ത്തി ഇരിക്കുന്നതാണ് കണ്ടത്. ചായ കഴിക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്ക് വയറു വേദനിക്കുന്നു. മുന്നു ദിവസമായി ഇടക്കിടെ അസഹനീയമായ വയറു വേദന അനുഭവപ്പെടുന്നുണ്ട്.' ഇങ്ങനെ ആത്മാര്‍ഥതയുള്ളവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ എത്തിയ ഇടങ്ങളിലെല്ലാം പ്രസ്ഥാനത്തിന്റെ പ്രകാശം പരത്തിയത്. 

ഇരിട്ടിയിലെ മൃഗസംരക്ഷണ ജോലി കാസര്‍കോട്ടേതില്‍നിന്നും വ്യത്യസ്തവും പ്രയാസമേറിയതുമായിരുന്നു. കാസര്‍കോടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ധാരാളം പശുക്കളെ വളര്‍ത്തിയിരുന്നത് ഭൂപ്രഭുക്കന്മാരായ ഭട്ട്മാരും ബന്ധാരിമാരുമായിരുന്നു. അവരിലധികപേരും അമ്പതിലധികം പശുക്കളെയും കാളകളെയും വളര്‍ത്തുന്നവരായിരുന്നു. അവരുടെ അധീനതയിലുള്ള നൂറുകണക്കിന് ഏക്കര്‍ അടക്കത്തോട്ടത്തിലേക്കും നെല്‍വയലുകളിലേക്കും ആവശ്യമായ ചാണകവളമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. സ്വന്തം ആവശ്യത്തിനു വേണ്ട പാലിനും പശുവിന്‍ നെയ്യിനും വേണ്ടി കറവയുളള ഒന്നോ രണ്ടോ പശുവിനെ വീടിനു സമീപം വളര്‍ത്തി ബാക്കിയുള്ളതിനെയെല്ലാം ഇടയന്മാര്‍ മേച്ചില്‍സ്ഥലങ്ങളില്‍ മേക്കും. സൂര്യനസ്തമിക്കാറാകുമ്പോള്‍ വലിയ ആലകളില്‍ എത്തിക്കും. കര്‍ണാടക അതിര്‍ത്തിയിലുള്ള പ്രദേശങ്ങളിലെല്ലാം എഴുപതും എണ്‍പതും ശതമാനം മരണനിരക്ക് സംഭവിച്ചിരുന്ന ഹെമാജിക് സെപ്റ്റിസീമിയയും ബ്ലാക് ക്വാര്‍ട്ടറും ചിലപ്പോള്‍ ആന്ത്രാക്‌സും പടര്‍ന്നു പിടിച്ചിരുന്നു. അവക്കുള്ള പ്രതിരോധ കുത്തിവെപ്പിനായിട്ട് കാറും ജീപ്പുമൊക്കെയായിട്ടാണ് മൃഗാശുപത്രിയില്‍ എത്തിയിരുന്നത്. അതിനാല്‍ അധികം നടക്കേണ്ടിവന്നിരുന്നില്ല. 

ഇരുപതില്‍ കുറഞ്ഞ കടകള്‍ മാത്രമുണ്ടായിരുന്ന ഇരിട്ടി, മലയോര കുടിയേറ്റ കര്‍ഷകരുടെ കാര്‍ഷികോല്‍പന്നങ്ങളാല്‍ അല്‍പാല്‍പമായി വികസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു 1950-കളുടെ അവസാനം. അല്‍പം ജനവാസമുള്ള സ്ഥലങ്ങളായിരുന്ന കീഴ്പ്പള്ളി, ആറളം, കൊട്ടിയൂര്‍, ഉളിക്കല്‍ എന്നീ സ്ഥലങ്ങളിലേക്കെല്ലാം മരലോറികള്‍ക്കും കാളവണ്ടികള്‍ക്കും വേനല്‍ക്കാലത്ത് മരവും വിറകും കടത്താനായി നിര്‍മിച്ച കൂപ്പു റോഡുകള്‍ മാത്രമാണുണ്ടായിരുന്നത്. 

മലബാറിലെ പ്രൈവറ്റ് ഫോറസ്റ്റുകള്‍ 1967-ല്‍ സര്‍ക്കാര്‍ ദേശസാല്‍ക്കരിക്കുന്നതിനു മുമ്പ്, പതിനായിരക്കണക്കിന് ഏക്കര്‍ കാടുകളിലെ മരങ്ങള്‍ ജന്മിമാരും അവരുടെ ഏജന്റുമാരും മുറിച്ചതിനു ശേഷം തരിശും കുറ്റിക്കാടുകളുമായ പ്രദേശങ്ങളിലാണ് കുടിയേറ്റ കര്‍ഷകര്‍ കൃഷി ചെയ്തിരുന്നത്. കപ്പയായിരുന്നു പ്രധാന കൃഷി. കപ്പയും കാന്താരി മുളകും, അല്‍പം ഉപ്പുമുണ്ടെങ്കില്‍ ഏതു കാട്ടിലും ആരെയും ആശ്രയിക്കാതെ ജീവിക്കാനാവുമെന്ന് അവര്‍ക്കറിയാമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘ കാല്‍നട യാത്രക്കിടയില്‍ അവരുടെ കപ്പ സല്‍ക്കാരം ആസ്വദിച്ചിട്ടുണ്ട്. ഒരു വാഴയിലയില്‍ കപ്പ പുഴുങ്ങിയതും അതിനരികെ നാല് കാന്താരി മുളകും നാലു കട്ട ഉപ്പും അതില്‍ രണ്ടു തുള്ളി വെളിച്ചെണ്ണയും വിരലുകൊണ്ട് ചാലിച്ചു തൊട്ടു നക്കിയാല്‍ കൂടുതല്‍ കപ്പ തിന്നാം. ദിവസവും മൂന്നും നാലും ലോറി ഉണക്കക്കപ്പ ഇരിട്ടിയില്‍നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്കും തമിഴ്‌നാട്ടിലേക്കും കയറ്റിപ്പോയിരുന്നു. പത്രങ്ങളിലെ വിപണി കോളങ്ങളില്‍ ഇരിട്ടി കപ്പ എന്ന പുതിയ പേര് വന്നു. കീഴ്പ്പള്ളി, ചുങ്കക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള കാല്‍നട യാത്രകള്‍ക്കിടയില്‍ വലിയ മരങ്ങളില്‍ മുളകൊണ്ട് ഏറുമാടങ്ങള്‍ പണിത് അതിലേക്ക് ഏണി ചാരി കയറിയായിരുന്നു ചില കുടുംബങ്ങള്‍ കാട്ടുമൃഗങ്ങളെ ഭയന്ന് രാത്രി താമസിച്ചിരുന്നത്. നരി കടിച്ച പശുക്കളെയും കാളകളെയും ചികിത്സിച്ചിട്ടുണ്ട്. നരിത്തോല്‍ അഞ്ഞൂറുറുപ്പികക്കും മാന്‍തോല്‍ പത്തുറുപ്പികക്കും ഇരിട്ടിയില്‍ വിറ്റതായി കണ്ടിട്ടുണ്ട്. 1976-ല്‍ വന്യമൃഗസംരക്ഷണ നിയമം വരുന്നതിനു മുമ്പ് വന്യമൃഗങ്ങളെ വേട്ടയാടല്‍ സര്‍വസാധാരണമായിരുന്നു. 

പ്രസവിച്ച പശുവിന്റെ ഗര്‍ഭപാത്രം പുറത്തുചാടിയ കേസുമായി ഒരു കര്‍ഷകന്‍ ചുങ്കക്കുന്നില്‍ നിന്ന് ഓഫീസില്‍ വന്നു. പേരാവൂരില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ചുങ്കക്കുന്ന്. ഇരിട്ടിയില്‍നിന്നും രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ പേരാവൂരിലേക്ക് ബസ്സുണ്ട്. തലശ്ശേരിയിലും കാസര്‍കോട്ടും ജോലി ചെയ്തിരുന്നപ്പോള്‍ ഇത്തരം കേസുകള്‍ ചികിത്സിച്ചിട്ടുണ്ട്. ബാഗില്‍ ആവശ്യമായ സാമഗ്രികളും മരുന്നും ഒരു ഷര്‍ട്ടും മുണ്ടും നിറച്ച് ബസില്‍ പേരാവൂരിലെത്തി. കൊട്ടിയൂരിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോയിരുന്ന ജീപ്പില്‍ കയറി. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സകന് വീട്ടില്‍ സ്വീകരണം ലഭിക്കുക പൂമുഖത്തായിരിക്കുകയില്ല, ചാണകം നിറഞ്ഞ ആലയിലാണ്. റബ്ബര്‍ ഷീറ്റില്ല. വാഴയിലകളും ചേമ്പിലകളും ആലയില്‍ ചാണകപ്പുറത്ത് വിരിച്ച് അതില്‍ മുട്ടുകുത്തി ഇരുന്നു, പശു മയങ്ങാന്‍ വേണ്ടി ക്ലോറല്‍ ഹൈഡ്രസ് കഞ്ഞിവെള്ളത്തില്‍ കലര്‍ത്തിക്കുടിപ്പിച്ച ശേഷം ഗര്‍ഭപാത്രം അണുനാശിനി കൊണ്ട് വൃത്തിയാക്കി സാവധാനത്തില്‍ അകത്തേക്കു തള്ളി. ആന്റി ബയോട്ടിക് അകത്തേക്ക് തിരുകി. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളാതിരിക്കാന്‍ യോനിയുടെ പുറം ഭാഗം തുന്നി (ഇത് അമ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമാണ്. ഇപ്പോള്‍ ആധുനിക രീതി ഉണ്ടാകാം).

പശുവിന് ആവശ്യമായ മരുന്നുകള്‍ നല്‍കിയ ശേഷം കൂപ്പ് റോഡിലേക്കു വന്നു. തിരിച്ചു വരാന്‍ ഒരു വാഹനവും ലഭിക്കാതിരുന്നതിനാല്‍ ചുങ്കക്കുന്ന് ഫാദറുടെ മുറിയില്‍ രാത്രി അഭയം ലഭിച്ചു. പിന്നീട് പ്രസിദ്ധമായ ചുങ്കക്കുന്ന് ചര്‍ച്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിനാല്‍ അദ്ദേഹം അതിന്റെ  മേല്‍നോട്ടം വഹിക്കുകയായിരുന്നു. അവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ചു. ഇശാഅ് നമസ്‌കാരവും സ്വുബഹ് നമസ്‌കാരവും അവിടെനിന്ന് നിര്‍വഹിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. രാവില എട്ടുമണി മുതല്‍ പന്ത്രണ്ടുമണി വരെ ഇരിട്ടി സെന്ററില്‍ ജോലി സമയമായതിനാല്‍ പുലര്‍ച്ചെ കൂപ്പ് റോഡില്‍ വാഹനവും കാത്തു നിന്നു. കൊട്ടിയൂര്‍ മലയില്‍ നിന്നും തടിമരവും കയറ്റിവരികയായിരുന്ന ഒരു ലോറിക്ക് കൈ നീട്ടിയപ്പോള്‍ നിര്‍ത്തി. മുന്‍ സീറ്റില്‍ ഡ്രൈവറും മരക്കച്ചവടക്കാരെന്ന് തോന്നിച്ച രണ്ടു പേരുമായിരുന്നു ഇരുന്നിരുന്നത്. 

ലോറി ക്ലീനര്‍ പുറകില്‍ മരത്തടിമേലായിരുന്നു. മുന്‍സീറ്റില്‍ ഇരിക്കാന്‍ സ്ഥലമില്ലെന്നും അത്യാവശ്യമാണെങ്കില്‍ മുകളില്‍ കയറാന്‍ സാധിക്കുമെങ്കില്‍ മരത്തടിമേല്‍ ഇരുന്നോളാനും ഡ്രൈവര്‍ പറഞ്ഞു. മരത്തടികള്‍ കെട്ടിയിരുന്ന കയര്‍ പിടിച്ച് പ്രയാസത്തോടെ മരത്തടിമേല്‍ കയറി ഇരുന്നു. ക്ലീനര്‍ മുകളില്‍ ഇരുന്നതിനു ശേഷം ഞാനാരാണെന്ന് ചോദിച്ചറിഞ്ഞു. 'നിങ്ങളിതു പറഞ്ഞിരുന്നെങ്കില്‍ എങ്ങനെയെങ്കിലും മുന്‍സീറ്റില്‍ ഇരുത്തുമായിരുന്നല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ലോറി മണതണയിലെത്തിയപ്പോള്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളും പോലീസുകാരനും കൈനീട്ടി ലോറി നിര്‍ത്തി. മരത്തടിക്കുമേല്‍ ഇരുന്നിരുന്ന ഞങ്ങേേളാട് പോലീസ് ഗൗരവത്തില്‍ 'ഇറങ്ങടാ' എന്നു പറഞ്ഞു. 

ക്ലീനര്‍ പെട്ടെന്നിറങ്ങി. ഇറങ്ങാന്‍ പ്രയാസപ്പെട്ടതിനാല്‍ ഞാന്‍ അവിടെയിരുന്നപ്പോള്‍ 'നിനക്കെന്താ ചെവി കേള്‍ക്കില്ലേ' എന്നായിരുന്നു അടുത്ത ചോദ്യം. ഇതു കേട്ട ക്ലീനര്‍ അതേ ഗൗരവത്തോടെ പറഞ്ഞു: 'നിങ്ങളാരോടാണിത് പറയുന്നതെന്നറിയുമോ, നിങ്ങളേക്കാളും ശമ്പളം വാങ്ങുന്ന സര്‍ക്കാറുദ്യോഗസ്ഥനോടാണ്.' ഇതു കേട്ട പോലീസുകാരന്‍ ക്ഷമിക്കണമെന്ന് പറഞ്ഞു. കൈ പിടിച്ചു താഴെയിറക്കാന്‍ സഹായിച്ചു. 

എന്നെ മൃഗാശുപത്രിയിലെത്തിച്ച ശേഷം മാത്രമേ പോകേണ്ടിടത്ത് പോകാവൂ എന്ന് പോലീസുകാരന്‍ ഡ്രൈവറോട് പറഞ്ഞേല്‍പ്പിച്ച ശേഷം വണ്ടി വിട്ടു.

ഒരു കുടിയേറ്റ കര്‍ഷക സ്ത്രീ മൃഗാശുപത്രിയില്‍ വന്നപ്പോള്‍ അവരുടെ കൈയില്‍ ഒരു കടലാസ് പൊതിയുണ്ടായിരുന്നു. അതവര്‍ മേശമേല്‍ വെച്ച ശേഷം പറഞ്ഞു: 'സാര്‍, ഇത് സ്വീകരിക്കണം. പശുവിനെ ചികിത്സിക്കാന്‍ രണ്ടു പ്രാവശ്യം വീട്ടില്‍ വന്നിട്ടും എനിക്കൊന്നും തരാന്‍ സാധിച്ചിരുന്നില്ല. പൈസ ഇല്ലാഞ്ഞിട്ടാണ്.' ഞാന്‍ കടലാസ് പൊതി തുറന്നുനോക്കി. എട്ടു കോഴിമുട്ടകള്‍. 

കീഴ്പ്പള്ളിയിലെ ഒരു ജന്മിയായിരുന്ന അപ്പനായരുടെ ആവശ്യപ്രകാരം അദ്ദേഹത്തോടും കാര്യസ്ഥനോടുമൊപ്പം കീഴ്പ്പള്ളിയിലേക്ക് എട്ടു കിലോമീറ്റര്‍ നടന്നു. പില്‍ക്കാലത്തെ പോലെ തലശ്ശേരി-മൈസൂര്‍ റോഡിന്റെ വശത്തു മാടത്തില്‍, റോഡുപാലമുണ്ടായിരുന്നില്ല. വള്ളിത്തോടു നിന്നും തോണിയില്‍ അക്കരെ കടന്നു കൂപ്പ് റോഡിലൂടെയുള്ള നടത്തമായിരുന്നു. 

നടത്തത്തിനിടയില്‍ ചിലര്‍ കപ്പ കിളക്കുന്നതും കപ്പ നടാന്‍ കതിര്‍ കൂട്ടുന്നതും, മറ്റു ചിലര്‍ പഴകിയ ചാക്കുകളില്‍ നിറച്ച ഉണക്കക്കപ്പ തലയില്‍ ചുമന്നു വരുന്നതും കണ്ടു. ഞങ്ങളദ്ദേഹത്തിന്റെ പഴയ ഇരുനില ഭവനത്തിലെത്തി. എനിക്കവിടെ ചെയ്യാനുണ്ടായിരുന്നത് കുളമ്പുരോഗം ബാധിച്ചിരുന്ന പശുക്കളെ  ചികിത്സിക്കലും മൂന്ന് കാളകളെ കാസ്‌ട്രേറ്റ് ചെയ്യലുമായിരുന്നു. വിത്തുകാളകളെ പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കി വയലുകള്‍ ഉഴാനും വണ്ടികള്‍ വലിക്കാനും പാകത്തിലാക്കുന്നതിനായിരുന്നു കാസ്‌ട്രേഷന്‍ ചെയ്തിരുന്നത്. 

രാവിലെ മടങ്ങി വരുന്നവഴി എടൂര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ മരത്തൂണുകള്‍ നാട്ടി പനയോല മേഞ്ഞ ഒരു ചായക്കട കണ്ടു. പഴുത്ത മൂന്ന് പൂവന്‍ പഴക്കുലകള്‍ മുളക്കഴുക്കോലില്‍ തൂക്കിയിട്ടിരുന്നു. ഒരു ബെഞ്ച് മാത്രമാണ് അവിടെയുണ്ടായിരുന്നത്. അതിലിരുന്നു കൊണ്ട് ചായക്കാവശ്യപ്പെട്ടു. കടക്കാരന്റെ മറുപടി കുടിയേറ്റപ്രദേശങ്ങളെക്കുറിച്ച പുതിയ അറിവാണ് നല്‍കിയത്. 

'സാര്‍, ചായപ്പൊടി ഇന്നലെ തീര്‍ന്നിരിക്കുന്നു. കപ്പ നാളെ ഇരിട്ടിയില്‍ പോയി വിറ്റിട്ടുവേണം ചായപ്പൊടിയും പഞ്ചസാരയും വാങ്ങാന്‍. കുടിക്കാന്‍ നല്ല പാല്‍ തരാം.' വലിയ ഗ്ലാസ് നിറയെ പാലും നാലു പൂവന്‍ പഴവും തന്നതിനു ശേഷം അതിന്റെ വിലയായി അരക്കാല്‍ ഉറുപ്പിക വാങ്ങി. എട്ട് അരക്കാല്‍ ഉറുപ്പിക കൂടിയതാണ് അന്ന് ഒരുറുപ്പിക.

ഗതാഗത സൗകര്യവും വിപണിയുമില്ലാത്തതിനാല്‍ സ്വന്തം ഉല്‍പ്പന്നങ്ങളായ പാലിനും പഴത്തിനും വിലയില്ല. ചായപ്പൊടി ക്ഷാമം. അവിടെ വന്ന കര്‍ഷകനോട് കടക്കാരന്‍ ചോദിച്ചു: 

'ചേട്ടാ, കപ്പ കിളക്കുന്നില്ലേ?  കര്‍ഷകന്റെ മറുപടി ഇങ്ങനെ: 'കിളച്ചിട്ട് എന്ത് ചെയ്യാനാ, ഇരിട്ടിയില്‍ കൊണ്ടു പോയി വിറ്റാല്‍ ഉണക്കക്കൂലിയും കടത്തുകൂലിയും ലഭിക്കില്ല. അത് മണ്ണില്‍ കിടക്കട്ടെ. മണ്ണ് ചതിക്കൂല.' 

ആ പ്രദേശങ്ങളിലെ പില്‍ക്കാല കാഴ്ചകള്‍, ആ കുടിയേറ്റ കര്‍ഷകന്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യമാക്കിത്തന്നു. മണ്ണ് ചതിച്ചില്ല. 

കിളിയന്തറക്കു സമീപം കുടക് അതിര്‍ത്തിയിലായിരുന്നു മണിക്കൊമ്പന്‍ തോമസിന്റെ കൃഷിസ്ഥലവും വീടും. പത്തു ലിറ്റര്‍ പാലു വീതം ലഭിച്ചിരുന്ന രണ്ട് സങ്കരയിനം സിന്ധി പശുക്കളും രണ്ട് നാടന്‍ പശുക്കളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍നിന്നും തിരിച്ചു വരുമ്പോള്‍ അദ്ദേഹം ചോദിച്ചത് പാല്‍ എവിടെയെങ്കിലും ചെലവാക്കാന്‍ സഹായിക്കാമോ എന്നായിരുന്നു. പ്രദേശത്തുകാര്‍ നമ്പീശന്‍ പുല്ല് എന്നു പറഞ്ഞിരുന്ന ഗിനി ഗ്രാസ് പ്രദേശത്തെല്ലാം പടര്‍ന്നു വളര്‍ന്നിരുന്നതിനാല്‍ കാലിത്തീറ്റ പ്രശ്‌നായിരുന്നില്ല. 

തലശ്ശേരിയില്‍ ഒരു സുഹൃത്തിനെ കണ്ടു പാലിന്റെ കാര്യം സംസാരിച്ചു. അദ്ദേഹം തലശ്ശേരി ബസ്സ്റ്റാന്റിന് സമീപത്തുണ്ടായിരുന്ന ഹോട്ടല്‍ മജസ്റ്റിക്കിലും മറ്റും ദിവസവും പാല്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കി. തോമസ് ദിവസവും കൂട്ടുപുഴ-തലശ്ശേരി എം.ആര്‍.എസ് ബസ്സില്‍ തലശ്ശേരിയിലേക്ക് പാല്‍ അയക്കുകയും അതിന്റെ തുകയും പാത്രവും തിരിച്ചെത്തിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. 

അതിനു ശേഷമാണ് വടക്കേ മലബാറിലെ കുടിയേറ്റ പ്രദേശത്തെ ആദ്യ പാല്‍ സൊസൈറ്റിയായ കിളിയന്തറ പാല്‍ സൊസൈറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 

ഇക്കാലങ്ങളിലെല്ലാം എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരങ്ങളില്‍ ഞാന്‍ പെരിങ്ങാടി ഹല്‍ഖാ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഖുര്‍ആന്‍ വചനങ്ങള്‍ പഠിച്ചു. മുഹമ്മദ് നബി(സ)യുടെ നിയോഗം പഠിപ്പിക്കുന്ന ഖുര്‍ആന്‍ വചനം ഏറെ സ്വാധീനിച്ചു. ''നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ഒരു ദൂതനെ നിയോഗിച്ചത് അവന്‍ തന്നെയായിരുന്നു. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവരോ ഇതിനു മുമ്പ് മാര്‍ഗഭ്രംശത്തിലായിരുന്നുവല്ലോ'' (ഖുര്‍ആന്‍ 62: 2). സംസ്‌കാരം എന്താണെന്ന് ഖുര്‍ആന്‍ എന്നെ പഠിപ്പിച്ചു. ''നിങ്ങള്‍ അല്ലാഹുവിന് (സ്രഷ്ടാവിന്) ഇബാദത്ത് ചെയ്യുവിന്‍. യാതൊന്നിനെയും അവന് പങ്കുകാരായി കല്‍പ്പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും  നിങ്ങളുടെ അധീനതയിലുള്ള ദാസീ-ദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍. അഹന്തയാല്‍ വഞ്ചിതരും താന്‍പോരിമയാല്‍ ഞെളിയുന്നവരുമായ ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല'' (ഖുര്‍ആന്‍ 4: 36). 'തീര്‍ച്ചയായും അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്ടപ്പെടുന്നില്ല' എന്ന ഖുര്‍ആന്‍ വചനവും ജീവിതത്തെ സ്വാധീനിച്ചു. 

കടലാസില്‍ എഴുതിയോ മനഃപാഠമാക്കിയോ മാത്രമായിരുന്നില്ല ഖുര്‍ആന്‍ പഠിച്ചത്. ഖുര്‍ആന്‍ വചനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി അതിന്റെ ഫലം ജീവിതത്തില്‍ ആസ്വദിക്കുകയായിരുന്നു. ഇപ്പോള്‍ വാര്‍ധക്യത്തിലാണ്. അതും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍