Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

മഹല്ല് നേതൃത്വം മാതൃകായോഗ്യരാവണം

ഷുമൈസ് നാസര്‍, അസ്ഹറുല്‍ ഉലൂം, ആലുവ

ഇസ്‌ലാമിന്റെ നവോത്ഥാന തുരുത്തുകളാണ് മഹല്ലുകള്‍ എന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് സി.എസ് ഷാഹിന്‍ എഴുതിയ 'മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ മഹല്ലുകള്‍' എന്ന കവര്‍ സ്റ്റോറി (ലക്കം 3034).

മഹല്ലുകളെ മാതൃകായോഗ്യമാക്കുന്നതില്‍ ദിശാബോധവും കഴിവും പ്രാപ്തിയുമുള്ള നേതൃത്വമാണ് മുഖ്യ പങ്കുവഹിക്കുന്നത്. സ്വജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന നിസ്വാര്‍ഥരായിക്കണം മഹല്ല് നേതൃത്വം. അല്ലാത്തപക്ഷം മഹല്ല് 'ഭാരവാഹിത്വം' മഹല്ല് ഭരണാധികാരത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടാവും. മസ്ജിദുല്‍ ഹറാം പരിപാലിക്കലും ഹാജിമാര്‍ക്ക് വെള്ളം നല്‍കലുമാണ് ഏറ്റവും വലിയ കാര്യമെന്ന് ധരിച്ചുവശായ മുശ്‌രിക്കുകള്‍ക്ക് മറുപടിയായി ദൈവികഭവനം പരിപാലിക്കുന്നവര്‍ക്ക് ഉണ്ടാവേണ്ട യോഗ്യതകള്‍ വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ഇതുതന്നെയാണ് ഒരു മഹല്ല് നേതൃത്വത്തിനുണ്ടാവേ അടിസ്ഥാന ഗുണങ്ങള്‍. നമ്മുടെ മഹല്ല് നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന വേളയില്‍ ഇസ്‌ലാമിക വിജ്ഞാനീയത്തിലെ അവഗാഹമോ ആത്മീയ-ഭൗതിക വിഷയങ്ങളിലെ അറിവോ നീതിനിര്‍വഹണം ഉറപ്പുവരുത്താനുള്ള ശേഷിയോ ഒന്നും പലപ്പോഴും പരിഗണനാവിഷയമേ ആകാറില്ല. 

പള്ളിപരിപാലനം വളരെ പ്രാധാന്യമുള്ള ഉത്തരവാദിത്തമാണ്. അത് നിര്‍വഹിക്കാന്‍ യോഗ്യരായ ആളുകളെ മാത്രമേ അതേല്‍പിക്കാവൂ. ഈ ഉത്തരവാദിത്തം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് പലരും. പള്ളിയുടെ പരിപാലനം ഏറ്റെടുക്കുന്നവരില്‍ ചിലര്‍ വിശ്വാസ ദാര്‍ഢ്യമുള്ളവരോ ആരാധനാ കര്‍മങ്ങളില്‍ നിഷ്ഠയുള്ളവരോ അല്ല. പലിശയും മദ്യക്കച്ചവടവുമായി നേരില്‍ ബന്ധമുള്ളവരും സകാത്ത് കൊടുക്കാതെ ദീനിനേക്കാള്‍ മറ്റു പലതിനും പ്രാമുഖ്യം നല്‍കുന്നവര്‍ പോലും ചില മഹല്ല് നേതൃനിരയിലുണ്ട്. അല്ലാഹുവിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് അത്തരക്കാരായാല്‍ മഹല്ലിന്റെ ഗതിയെന്താകും? 

മൂല്യങ്ങള്‍ കൈമോശം വന്ന മഹല്ല് നേതൃത്വങ്ങളെ കാണുമ്പോള്‍ മഹാ കവി അല്ലാമാ ഇഖ്ബാലിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ!

മസ്ജിദ് തൊ ബനാദി ശബ്ബര്‍ മെ

ഈമാന്‍കി ഹറാറത്ത്‌വാലോം നെ

മന്‍തൊ പുരാനാ പാപി ഹെ

ബര്‍സൊം മെ നമാസി ബന്‍ ന സകേ

(രാത്രി ഉറക്കമൊഴിച്ചിരുന്ന് പള്ളി പണിതെങ്കിലും, മനസ്സ് പണ്ടേ പാപപങ്കിലമാണ്. കാലങ്ങളായി നമസ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല...)

 

 

 

മാറി ചിന്തിക്കാന്‍ ധൈര്യമുണ്ടോ നമുക്ക്?

ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിക കൂട്ടായ്മകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാന്‍ കഴിയും എന്നതിലേക്കുള്ള വിരല്‍ചൂണ്ടലാണ് 'ഇസ്‌ലാമിക കൂട്ടായ്മകള്‍, പുനരാലോചനകള്‍ അനിവാര്യമാണ്' എന്ന അഭിമുഖം (ജനുവരി 19). കെ.എം അശ്‌റഫിന്റെ കാലികപ്രസക്തമായ ചോദ്യങ്ങള്‍ക്ക് പണ്ഡിതനായ താരിഖ് റമദാന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ സഗൗരവം ഉള്‍ക്കൊള്ളേണ്ടവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഭരണമാറ്റങ്ങള്‍ സംഭവിക്കുകയും ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗവത്കരിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലും ഇസ്‌ലാമിക ചിന്തയിലേക്കും അതിന്റെ ആത്മാവിലേക്കും ജനം ഉറ്റുനോക്കുന്നു എന്നതാണ് പുതിയ നൂറ്റാണ്ടിന്റെ പ്രതീക്ഷയായി താരിഖ് റമദാന്‍ കാണുന്നത്.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക കൂട്ടായ്മകള്‍ ശ്രദ്ധിക്കേണ്ട വലിയ ദൗത്യത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. 'അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് അതിനനുസൃതമായ ചിന്താരീതികളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തി ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കണം' എന്ന അഭിപ്രായം പുതിയ ചുറ്റുപാടില്‍ അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. പ്രമാണങ്ങളെയും ജീവിക്കുന്ന സാഹചര്യങ്ങളെയും മുന്‍നിര്‍ത്തി പഠന-ഗവേഷണ -മനനങ്ങളിലൂടെയാണ് ദീനിന്റെ പുനരുത്ഥാനവും സംസ്ഥാപനവും സാധിച്ചെടുക്കേണ്ടതെന്ന അഭിപ്രായം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

സ്വതന്ത്ര ചിന്തയിലേക്കും പഠനത്തിലേക്കും പുതിയ തലമുറയെ തിരിച്ചുവിടുന്നതില്‍ സംഘടനകളും നേതാക്കളും കാര്യമായ ശ്രദ്ധ കാണിക്കുന്നില്ല എന്ന വസ്തുത ഇസ്‌ലാമിക പ്രബോധകരുടെ പരിഗണനക്ക് വിഷയീഭവിക്കേണ്ടതാണ്. എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഭാഗമാണ് പുതുതലമുറ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സംഘടനകള്‍ കേവലം സംഘടനാപരമായ നിലനില്‍പിന് മാത്രമല്ല; അതിനപ്പുറമുള്ള വലിയ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗമായിട്ടാണ് സംഘടന എന്ന കാഴ്ചപ്പാട് ഉണ്ടാവേണ്ടത് എന്ന താരിഖ് റമദാന്റെ വീക്ഷണം ബഹുസ്വരത മുഖമുദ്രയായ സമൂഹത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കപ്പെടേണ്ട ഒരു നയമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്. ബഹുസ്വരതയുടെ രൂപത്തിലും ഭാവത്തിലുമൊക്കെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജാതി-മത-ഭാഷാ വൈവിധ്യം മാത്രമല്ല ഇന്ന് ബഹുസ്വരത. സംസ്‌കാരം, നാഗരികത, ജീവിത ശൈലി, വ്യക്തിത്വ രൂപീകരണം, വിദ്യാഭ്യാസം, സാഹിത്യം, കല, വിനോദം, ആചാരം തുടങ്ങിയ ജീവിത തുറകളിലെല്ലാം ബഹുസ്വരതയാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. കഴിയുന്നത്ര കുറ്റമറ്റ വിധത്തില്‍ ആവിഷ്‌കരിക്കുന്ന കര്‍മപരിപാടികളിലൂടെ മാത്രമേ ഏതൊരു ദൗത്യവും ചൈതന്യവത്താക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിറസാന്നിധ്യമായി ശോഭിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം സംഘടനകള്‍ അവയുടെ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കേണ്ടത്. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനും പരിഗണിക്കാനുമുള്ള പ്രവര്‍ത്തന സംസ്‌കാരം ആന്തരികമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന താരിഖ് റമദാന്റെ അഭിപ്രായം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്‌ലാമിക സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്‍ഗണനാ ക്രമത്തിന്റെ പ്രാധാന്യം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അഭാവമാണ് അറബ് വസന്തത്തിനു ശേഷം ഇഖ്‌വാന് ശോഭിക്കാന്‍ കഴിയാതെ പോയതെന്ന വിലയിരുത്തലും പ്രസക്തമാണ്. അതേയവസരത്തില്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റാനുള്ള വിശാലത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിനെ വളരെ ആഴത്തില്‍ അവതരിപ്പിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിക്ക് ഉണ്ടായിരുന്നു എന്ന താരിഖ് റമദാന്റെ വിലയിരുത്തലും ചിന്തനീയം തന്നെ.

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

 

 

 

ആചാരങ്ങള്‍ അടിസ്ഥാനമായിക്കൂടാ

സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ സുന്നത്തും ആദത്തും എന്ന പഠന പരമ്പര കുറച്ചുകൂടി വിശാലമായി ചര്‍ച്ച ചെയ്യേണ്ടതാണ്. നിരവധി ആചാരങ്ങളും സമ്പ്രദായങ്ങളും അറേബ്യയിലുണ്ടായിരുന്നു. പ്രവാചകന്‍ തെറ്റല്ലാത്ത ആചാരങ്ങളെയും സമ്പ്രദായങ്ങളെയും വിലക്കിയിരുന്നില്ല. സുന്നത്തായി നിജപ്പെടുത്തിയ കാര്യങ്ങളാണ് ഹദീസിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നത്.

നമ്മുടെ പണ്ഡിതന്മാരില്‍ പലരും അറബിയിലെഴുതിയതെല്ലാം പ്രമാണമാണെന്ന് വിശ്വസിക്കുന്നവരാണ്. പല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ന്യായീകരിക്കാന്‍ അവര്‍ നടത്തുന്ന ഒരു പ്രയോഗമുണ്ട്; 'മുമ്പ് കഴിഞ്ഞുപോയ പണ്ഡിതന്മാരെല്ലാം നിരാക്ഷേപം ആചരിച്ചുവന്നവയാണ് ഇവ.' ഖുര്‍ആനും ഹദീസും ആധാരമാക്കി തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആരൊക്കെയോ ആക്ഷേപം കൂടാതെ അനുസരിച്ചു എന്നതു മാത്രം മതിയോ അതിന് തെളിവായി? ശുഭ്രവസ്ത്രധാരിയായ, തലപ്പാവു ധരിച്ച, വെട്ടിയൊതുക്കിയ താടിയും മീശയുമൊക്കെയായി ഒരു മുഖം നമ്മുടെ മനോമുകുരത്തില്‍ നാം കാത്തുസൂക്ഷിച്ചിട്ടു്. ഇതാണോ, ഇത് മാത്രമാണോ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ രൂപം? കേരളത്തെ സംബന്ധിച്ചേടത്തോളം ഒരു പരിധിവരെ ഇത് ശരിയായിരിക്കാം. പക്ഷേ, ലോകത്ത് ഒരുപാട് പണ്ഡിതന്മാരുണ്ടല്ലോ. അവരുടെയെല്ലാം വേഷം ഇതുതന്നെയാണോ? ഈ വേഷവിധാനങ്ങള്‍ ഒരു നാടിന്റെ ആചാരം മാത്രമാണ്. ഏതു രൂപത്തില്‍ വസ്ത്രം ധരിക്കണമെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. വൃത്തിയായും വെടിപ്പായും മറക്കേണ്ട ഭാഗങ്ങള്‍ മറച്ചുകൊണ്ടും വസ്ത്രം ധരിക്കണം എന്നു മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്.

നടന്നുപോകുന്ന വഴിയില്‍ ഒരു ചാഞ്ഞ മരക്കൊമ്പ് കണ്ടാല്‍ പ്രവാചകന്‍ അല്‍പം കുനിഞ്ഞു നടക്കും. ഇത്, പില്‍ക്കാലത്ത് അതിലൂടെ നടക്കുന്നവരെല്ലാം ചാഞ്ഞ മരം നിന്നിരുന്ന സ്ഥലത്തെത്തിയാല്‍ കുനിഞ്ഞ് നടക്കണം എന്നതിനു തെളിവാണോ? അതാണോ പ്രവാചക സ്‌നേഹം? എങ്കില്‍ അത് പ്രവാചകന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത സ്‌നേഹമായിരിക്കും. പ്രവാചകന്‍ ആടിനെ മേച്ചിരുന്നു, അതുകൊണ്ട് ദീന്‍ പൂര്‍ത്തീകരിക്കാന്‍ നമുക്കും ആടിനെ മേയ്ക്കണം എന്ന് പറഞ്ഞ് കാട് കയറിയവരും പറയുന്നത് സുന്നത്തിനെക്കുറിച്ചുതന്നെ. ഈ കാടു കയറിയ സുന്നത്തിന്റെ വക്താക്കള്‍ ഉണ്ടാക്കുന്ന പുകിലുകള്‍ എത്രയാണ്!

പ്രബോധനത്തിന്റെ മര്യാദകള്‍ പറഞ്ഞിടത്ത് പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്, കിതാബും ഹിക്മത്തും നല്‍കി എന്നാണ്. ഇന്ന് പ്രഭാഷകരെങ്കിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ? സുന്നത്തും ബിദ്അത്തും ആദത്തും കുറേക്കൂടി വിശാലാര്‍ഥത്തില്‍ പഠനവിധേയമാക്കണം. അന്ധവിശ്വാസങ്ങള്‍ യഥാര്‍ഥ വിശ്വാസത്തിന്റെ അകക്കാമ്പിനെ തന്നെ നശിപ്പിച്ചുകളയുന്നത് സൂക്ഷിക്കുകയും വേണം.

സി.കെ ഹംസ പള്ളൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍