Prabodhanm Weekly

Pages

Search

2018 ജനുവരി 12

3034

1439 റബീഉല്‍ ആഖിര്‍ 24

സാഹോദര്യ സന്ദേശവുമായി എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം

ആദില്‍ മുരുക്കുംപുഴ

സംഘ് പരിവാറിന്റെ ഏകശിലാത്മക രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സാഹോദര്യത്തിലൂന്നിയ പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവരേണ്ടതുണ്ടെന്ന് എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം പ്രഖ്യാപിച്ചു. 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ മുതല്‍ നടന്ന വിവിധ പരിപാടികളുടെ സമാപനമായിരുന്നു ഡിസംബര്‍ 23-ന്  കൊല്ലം പീരങ്കിമൈതാനിയില്‍ നടന്ന പൊതുസമ്മേളനം.

ദക്ഷിണ കേരള സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം നഗരത്തില്‍ നടന്ന റാലിയില്‍ നാലായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരന്നു. ആനുകാലിക വിഷയങ്ങളോട് പ്രതികരിക്കുന്നതും സാമൂഹിക പുനര്‍നിര്‍മാണത്തില്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഇടപെടല്‍ അടയാളപ്പെടുത്തുന്നതുമായ ആവിഷ്‌കാരങ്ങള്‍ റാലിയിലുണ്ടായിരുന്നു.

പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാഹോദര്യത്തിലും ധാര്‍മികതയിലും ഊന്നിയ രാഷ്ട്രീയത്തിന് മാത്രമേ സംഘ് പരിവാറിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂവെന്നും വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ കേരളീയ വിദ്യാര്‍ഥി സമൂഹം രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. 

നവരാഷ്ട്രീയ മുന്നേറ്റം അടിച്ചമര്‍ത്തപ്പെട്ടവരുടെയും കീഴാള സമൂഹത്തിന്റെയും ഒന്നിച്ചുളള പോരാട്ടത്തില്‍നിന്നാണ് രൂപപ്പെടേതെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു.  

ബഹുസ്വര സംസ്‌കാരം തകര്‍ത്തെറിഞ്ഞ് മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികള്‍ രാജ്യത്ത് കരുത്താര്‍ജിക്കുന്ന ഘട്ടത്തില്‍ സ്വന്തം വിശ്വാസത്തെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനുളള എസ്.ഐ.ഒവിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ആശംസകളര്‍പ്പിച്ച് സംസാരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് ഉപഹാരം നല്‍കി. 

എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് നഹാസ് മാള പ്രമേയം വിശദീകരിച്ചു. സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലമാവുകയും നീതിയെയും സാഹോദര്യത്തെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് കപട രാഷ്ട്രീയമാണെന്ന ബോധ്യത്തില്‍നിന്നാണ് എസ്.ഐ.ഒ ഇങ്ങനെയൊരു പ്രമേയം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍, ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡന്റ് എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി തൗഫീഖ് സ്വാഗതവും സമ്മേളന ജനറല്‍ കണ്‍വീനര്‍ എ. ആദില്‍ നന്ദിയും പറഞ്ഞു.

 

മഹല്ല് വിദ്യാര്‍ഥി സംഗമങ്ങള്‍

മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് എസ്.ഐ.ഒ രണ്ടാം ദക്ഷിണ കേരള സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.  മഹല്ല് വിദ്യാര്‍ഥി സംഗമങ്ങള്‍ ഇതില്‍ പ്രധാനമായിരുന്നു. വ്യത്യസ്ത മദ്ഹബ്/സംഘടനാ സ്വാധീനമുളള മഹല്ലുകളില്‍ അവ നിലനിര്‍ത്തിക്കൊണ്ടുതന്നെ സമുദായ നേതൃത്വങ്ങള്‍ക്ക് ഒന്നിച്ചിരിക്കാന്‍ മഹല്ല് സംഗമങ്ങള്‍ അവസരം ഒരുക്കി. മഹല്ലുകളിലെ പള്ളി ഇമാമുമാര്‍, മതപണ്ഡിതന്മാര്‍, ഭാരവാഹികള്‍, ഖാദിമാര്‍ തുടങ്ങിയവര്‍ മഹല്ല് സംഗമങ്ങളില്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ നേമം മുസ്‌ലിം ജമാഅത്ത് മദ്‌റസ ഹാളില്‍ ഒക്‌ടോബര്‍ 18-ന് നടന്ന സംഗമത്തില്‍  നേമം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മനാഫ്, കുറുവാണി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ.കെ മീരാ സാഹിബ്, ജനറല്‍ സെക്രട്ടറി ശാഹുല്‍ ഹമീദ്, നേമം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് റഫീഖ് മൗലവി പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വക്കം തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ ഹാളില്‍ നടന്ന വിദ്യാര്‍ഥി രക്ഷകര്‍തൃത്വ സംഗമവും അവാര്‍ഡ് വിതരണവും പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. നവംബര്‍ 19-ന് മണക്കാട് മഹല്ലില്‍ നടന്ന സംഗമത്തില്‍ കല്ലാട്ടുമുക്ക് നൂറുല്‍ ഹുദാ ജുമാ മസ്ജിദ് ഇമാം മൗലവി മുഹമ്മദ് നിസാര്‍ അല്‍ ഖാസിമി, മണക്കാട് വലിയപളളി പ്രസിഡന്റ് ഹാജി അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു. 

നവംബര്‍ 26-ന് പെരുമാതുറ മുസ്‌ലിം ജമാഅത്ത് ഹാളില്‍ നടന്ന സംഗമത്തില്‍ ഇമാം അബ്ദുസ്സത്താര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഈരാറ്റുപേട്ടയിലെ സംഗമം അമാന്‍ മസ്ജിദ് ഇമാം മൗലവി ഹാശിര്‍ നദ്‌വി, കാഞ്ഞിരപ്പളളിയിലെ സംഗമം ഇസ്‌ലാമിക് സെന്റര്‍ മസ്ജിദ് ഖത്വീബ് അസ്‌ലം കാഞ്ഞിരപ്പളളി ഉദ്ഘാടനം ചെയ്തു. മുണ്ടക്കയത്ത് കെ.എം ഉമര്‍ മൗലവി മുഖ്യാതിഥിയായിരുന്നു. കൊല്ലം ജില്ലയില്‍ 25-ഓളം യൂനിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ആക്കല്‍, റോഡ്‌വിള, ഓച്ചിറ, കോഴിക്കോട്, കരുകോണ്‍ എന്നിവിടങ്ങളില്‍ മഹല്ല് വിദ്യാര്‍ഥി സംഗമങ്ങളും നടന്നു. 

ആലപ്പുഴ ടൗണ്‍ യൂനിറ്റ് സംഗമം വാര്‍ഡ് കൗണ്‍സിലര്‍ എ.എം നൗഫല്‍, അമ്പലപ്പുഴയിലെ സംഗമം പുന്നപ്ര മഹല്ല് പ്രസിഡന്റ് സലീം മാക്കിയില്‍, മണ്ണഞ്ചേരിയിലെ സംഗമം മഹല്ല് സെക്രട്ടറി ശറഫുകുട്ടി ഉദ്ഘാടനം ചെയ്തു. അരൂര്‍ മഹല്ല് വിദ്യാര്‍ഥി സംഗമത്തില്‍ കബീര്‍ ബാഖവി മുഖ്യാതിഥിയായിരുന്നു. 

പത്തനംതിട്ട-പന്തളം, ഇടുക്കി-അടിമാലി, പത്താം മൈല്‍, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ യൂനിറ്റ് സംഗമങ്ങള്‍ സംഘടിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി 'പ്രചോദനമാണ് റസൂലുല്ലാഹ്' എന്ന തലക്കെട്ടില്‍ പ്രഭാഷണങ്ങള്‍ നടന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വളളക്കടവ് ജംഗ്ഷനില്‍ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് നിര്‍വഹിച്ചു. പഠന-സഹവാസ ക്യാമ്പുകള്‍, വിനോദ യാത്രകള്‍, പി.ആര്‍ ക്യാമ്പുകള്‍, തുടങ്ങിയ പരിപാടികളും സമ്മേളന പ്രചാരണാര്‍ഥം സംഘടിപ്പിച്ചു.

വടുതലയില്‍ 'ആലപ്പുഴ മുസ്ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സ്', കൊല്ലത്ത് 'മുസ്ലിം പാരമ്പര്യവും നവോത്ഥാനവും', തിരുവനന്തപുരത്ത് 'വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നവോത്ഥാന സംഭാവനകള്‍', ഞാറയില്‍കോണത്ത് 'കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ നവോത്ഥാന പരിശ്രമങ്ങള്‍' എന്നീ സെമിനാറുകളും നടന്നു. 

40-ല്‍ അധികം ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥികളെ സംഘടനാതീതമായി പങ്കെടുപ്പിച്ചുകൊണ്ട് 'തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ്' തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (65-66)
എ.വൈ.ആര്‍

ഹദീസ്‌

തവക്കുലിന്റെ യാഥാര്‍ഥ്യം
സുബൈര്‍ കുന്ദമംഗലം