Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

ഹൈന്ദവ സമൂഹത്തെ വിലയിരുത്തുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

എല്ലാ സമൂഹങ്ങള്‍ക്കും തന്റെ സന്ദേശം എത്തിച്ചുകൊടുക്കുന്ന ദൂതന്മാരെ അയക്കുമെന്നത് ദൈവത്തിന്റെ നിശ്ചയമാണ്. അതുകൊണ്ടുതന്നെ ദൈവദൂതന്മാര്‍ നിയോഗിതരാകാത്ത ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല. അല്ലാഹു പറയുന്നു: ''എല്ലാ സമുദായത്തിലും നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്; തീര്‍ച്ച. അവരൊക്കെ പറഞ്ഞതിതാണ്. നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; ദൈവേതര ശക്തികളെ വര്‍ജിക്കുക... അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി, മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്‌പ്പെടുത്തുകയും ചെയ്തു'' (16:36).

''ഓരോ സമുദായത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ ഓരോ സമുദായത്തിലേക്കും അവരുടെ ദൂതന്‍ വന്നെത്തിയാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വകമായ വിധിതീര്‍പ്പുണ്ടാക്കും. അവര്‍ അല്‍പവും അനീതിക്കിരയാവുകയില്ല'' (10:47).

''നിന്നെ നാം അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവുമില്ല''(35:24).

''നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി''(13:7).

''ദൂതനെ നിയോഗിക്കും വരെ നാം ആരെയും ശിക്ഷിക്കുകയില്ല''(17:15).

 

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം

സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള നാടാണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടുതന്നെ ഇവിടെ ദൈവദൂതന്മാര്‍ നിയോഗിതരായിരിക്കുമെന്ന് ഉറപ്പാണ്. ഖുര്‍ആന്‍ അംഗീകരിക്കുന്ന ആരും അതില്‍ സംശയിക്കുകയില്ല. എന്നാല്‍ ആരായിരുന്നു ആ പ്രവാചകന്മാര്‍? അവര്‍ നാടിന്റെ ഏതു ഭാഗത്താണ് വന്നത്? എന്നാണ് വന്നത്? എത്ര പ്രവാചകന്മാരുണ്ടായിട്ടുണ്ട്? ഇതൊന്നും അറിയാനും മനസ്സിലാക്കാനും പര്യാപ്തമായ പ്രാമാണിക രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നമ്മുടെ രാജ്യത്തെ പൂര്‍വികരായ പുണ്യപുരുഷന്മാരെ സംബന്ധിച്ച് നിലവിലുള്ളത് കുറേ ഐതിഹ്യങ്ങളും അവിശ്വസനീയവും അതിശയോക്തിപരവുമായ വര്‍ണനകളുമാണ്. ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ സാധ്യമല്ലാത്ത വിധം അവ അതീവ സങ്കീര്‍ണമാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ചരിത്രവും ഇതിനപവാദമല്ല. അവരെ സംബന്ധിച്ച് ഇന്ന് പറയപ്പെടുന്ന പലതും പുരാവൃത്തങ്ങളാകാനാണ് സാധ്യത. അതിനാല്‍ നിലവിലുള്ള ധാരണയനുസരിച്ച് അവര്‍ ദൈവദൂതന്മാരായിരുന്നുവെന്നോ അല്ലെന്നോ ഖണ്ഡിതമായി പറയാനാവില്ല.

ഏതായാലും ഇന്ത്യന്‍ ജനതയില്‍ പ്രവാചകന്മാര്‍ നിയോഗിതരായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് ദിവ്യസന്ദേശവും ലഭിച്ചിട്ടുണ്ടാവും. അതിനാലാണ് വേദങ്ങളിലും ഉപനിഷത്തുക്കളിലും പ്രവാചക മതത്തിന്റെ അടിസ്ഥാന വിശ്വാസമുള്‍പ്പെടെയുള്ള പലതിന്റെയും ശേഷിപ്പുകള്‍ കാണപ്പെടുന്നത്. ഏകദൈവവിശ്വാസത്തെയും പരലോക ജീവിതത്തെയും സംബന്ധിച്ച പരാമര്‍ശങ്ങളും അത്തരം ശേഷിപ്പുകളിലുണ്ട്.

 

ഏകദൈവവിശ്വാസം

യജുര്‍വേദം ദൈവത്തെ പരിചയപ്പെടുത്തുന്നത് 'ജനിക്കാത്ത ഏകരക്ഷകന്‍' (അജ ഏകപാത: 34-53) എന്നാണ്. യജുര്‍വേദത്തില്‍ തന്നെ 'ശരീരരഹിതന്‍'(അകായം: 40-8) എന്നുമുണ്ട്.

ദൈവം അരൂപിയാണെന്ന് കേദോപനിഷത്തും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: ''മനസ്സിന് അറിയാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന് അറിയാനുള്ള കഴിവ് നല്‍കുന്നതിനെ ബ്രഹ്മമെന്ന് അറിയുക. ഇതാണ് ബ്രഹ്മമെന്ന് വിചാരിച്ച് ഉപാസിക്കുന്നവയൊന്നും ബ്രഹ്മമല്ല.''

''കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതും കണ്ണുകൊണ്ട് വിഷയങ്ങളെ കാണുന്നതിന് ഹേതുഭൂതമായിട്ടുള്ളതുമേതോ അത് ബ്രഹ്മമെന്നറിഞ്ഞാലും. ഇതാണതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.

''ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെവിക്ക് കേള്‍ക്കാനുള്ള കഴിവ് നല്‍കുന്നതുമായതേതോ അതാണ് ബ്രഹ്മമെന്നറിഞ്ഞാലും. അതാണിതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല'' (1:6-8).

'യാതൊരുവന് ആകൃതിയില്ലയോ അങ്ങനെയുള്ളവന്‍' (നിര്‍ഗത ആകാരാത് സഃനിരാകാര) എന്നും ഉപനിഷത്ത് ദൈവത്തെ പരിചയപ്പെടുത്തിയിരിക്കുന്നു.

ശേതാശ്വതരോപനിഷത്തില്‍ ഇങ്ങനെ കാണാം:

''ആ പരമാത്മാവിനെ ഒരു മനുഷ്യനും മുകളില്‍നിന്നോ താഴെനിന്നോ മധ്യത്തില്‍നിന്നോ ഇവിടെയോ അവിടെയോ നിന്നോ ഗ്രഹിക്കാന്‍ സാധ്യമല്ല. എന്തെന്നാല്‍ അവന്‍ അഗ്രാഹ്യനാണ്. മഹദാശശസ്സ എന്ന നാമത്തോടുകൂടിയ ആ പരാപരബ്രഹ്മത്തിന് സദൃശ്യമായി ഒന്നുമില്ല.''

''ഈ പരമാത്മാവിന്റെ രൂപം ദൃഷ്ടിക്കു വിഷയമല്ല. ഈ പരമാത്മാവിനെ മാംസചക്ഷുസ്സുകൊണ്ട് ആര്‍ക്കും കാണുവാന്‍ സാധ്യമല്ല'' (4:19,20).

ഋഗ്വേദത്തിലിങ്ങനെ കാണാം:

''ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ ഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ കല്‍പനകളനുസരിക്കുന്നു. അതിനാല്‍ അവനുമാത്രം ഹോമമര്‍പ്പിക്കുക'' (10:121:1).

''പ്രപഞ്ചങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും സ്വര്‍ഗവും ഭൂമിയും മറ്റും ഉണ്ടാക്കിയതും വിശ്വകര്‍മാവാണ്. സര്‍വവ്യാപിയായ അവന്‍ എല്ലാ സുഖങ്ങളുടെയും ഉറവിടമാണ്. അതിനാല്‍ വിശ്വകര്‍മാവിനെ വന്ദിക്കുക'' (10:81:1).

അഥര്‍വവേദത്തിലിങ്ങനെ കാണാം:

''ഏകനായ അവന്‍ ഏകനായി തന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ'' (13:5:20:21).

''ഈ ദൈവത്തെ ഏകനായി അറിയുന്നവന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. അവന്‍ രണ്ടെന്നോ മൂന്നെന്നോ നാലെന്നോ അഞ്ചെന്നോ ആറെന്നോ ഏഴെന്നോ എട്ടെന്നോ ഒമ്പതെന്നോ പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതും ശ്വസിക്കാത്തതുമായ സകലതിനെയും അവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഉന്നതമായ ശക്തികളുള്‍ക്കൊള്ളുന്ന അവന്‍ ഏകനാണ്. ഏകന്‍ മാത്രമാണ്. എല്ലാവിധ ദൈവിക ശക്തികളും അവനില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു'' (13:5:14-21).

''അവന് സമാന്തരന്മാരില്ല. അവന്റെ കീര്‍ത്തി സത്യമായും മഹത്തരം തന്നെ'' (യജുര്‍വേദം: 32:3).

പ്രപഞ്ച സ്രഷ്ടാവ് ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നുമുള്ള ദൈവിക മതത്തിന്റെ അടിസ്ഥാനാദര്‍ശം ഊന്നിപ്പറയുന്ന ഇത്തരം എത്രയോ പരാമര്‍ശങ്ങള്‍ വേദങ്ങളിലും ഉപനിഷത്തുക്കളിലും കാണാം.

പ്രവാചകന്മാരിലൂടെ സമര്‍പ്പിതമായ ദൈവിക സന്ദേശങ്ങളിലെ ശേഷിപ്പുകളായിരിക്കാം ഇവയൊക്കെയും. ഗീതയും ഇതുതന്നെ പറയുന്നു:

'ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര്‍ ചെയ്യുന്ന കര്‍മങ്ങളും അവര്‍ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര്‍ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസ പ്രകൃതിയെയും അസുര പ്രകൃതിയെയും ആശ്രയിച്ചിട്ടുള്ളവരുമാകുന്നു''(അധ്യായം 9 ശ്ലോകം: 11,12).

 

പരലോകവിശ്വാസം

ദൈവിക മതത്തിന്റെ രണ്ടാമത്തെ അടിസ്ഥാന വിശ്വാസമായ പരലോകത്തെ സംബന്ധിച്ച പ്രസ്താവങ്ങളും പരാമര്‍ശങ്ങളും വേദങ്ങളിലും ഉപനിഷത്തുക്കളിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. സാമവേദത്തിലെ പ്രാര്‍ഥനകളിലൊന്ന് ഇങ്ങനെയാണ്: ''എല്ലാ ആഗ്രഹങ്ങളും പൂര്‍ണമാക്കുന്ന അല്ലയോ ഭഗവാനേ, അങ്ങില്‍നിന്നും ഏറ്റവും വലിയ ദാനം ലഭിക്കാന്‍ അങ്ങയെ ഞങ്ങള്‍ സന്തോഷിപ്പിക്കുന്നു. ജ്ഞാനത്തിനായും ഭൂമിയില്‍ ശാന്തിയുണ്ടാക്കാനായും പരലോകത്ത് ശാന്തിയുണ്ടാക്കാനായും ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു'' (ആഗ്നേയ കാണ്ഡം: 93).

അഥര്‍വവേദത്തില്‍ ഇങ്ങനെ പറയുന്നു: ''ഹേ ദമ്പതികളേ, പരലോകത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക'' (6:122-3).

കഠോപനിഷത്തില്‍ ഇപ്രകാരം വായിക്കാം:

''ഐശ്വര്യമോഹത്താല്‍ വിവേചനശക്തിയില്ലാതായവരും പ്രമാദം പറയുന്നവരുമായ അജ്ഞന്മാര്‍ക്ക് പരലോകം പ്രാപിക്കാനുള്ള സാധനകളെപ്പറ്റി ഒന്നും അറിയില്ല. ഈ ലോകം മാത്രമേയുള്ളൂ, പരലോകമില്ല എന്നു വിചാരിക്കുന്ന അവര്‍ വീണ്ടും വീണ്ടും എന്റെ അധീനത്തിലേക്കു തന്നെ വരുന്നു'' (2:6).

ഈശാവാസ്യോപനിഷത്ത് പറയുന്നു:

''ശ്രേഷ്ഠമായ മനുഷ്യജന്മം കിട്ടിയിട്ടും ആത്മമോക്ഷത്തിനു വേണ്ടി ശ്രമിക്കാത്ത ജനങ്ങള്‍ മരണശേഷം അജ്ഞാനമയങ്ങളായ ആസുരലോകങ്ങളെ പ്രാപിക്കുന്നു.''

ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഉപദേശങ്ങളില്‍ യുദ്ധത്തില്‍ വിജയിച്ചാല്‍ നാടുഭരിക്കാമെന്നും വധിക്കപ്പെട്ടാല്‍ സ്വര്‍ഗം പ്രാപിക്കാമെന്നുമാണ് പറയുന്നത്.

വിഖ്യാതമായ ഹൈന്ദവ സ്‌തോത്രം ഖുര്‍ആനിലെ ആദ്യ അധ്യായത്തിലെ സ്‌തോത്രത്തോട് സമാനമായത് ഒരിക്കലും യാദൃഛികമാകാനിടയില്ല. അതിങ്ങനെ:

ത്വമേകം വരണ്യം ത്വമേകം ശരണ്യം

ത്വമേകം ജഗത് കാരണം വിശ്വരൂപം

(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോല്‍പത്തിക്കു കാരണം നീതന്നെ. നീ വിശ്വരൂപം''

 

സമാനവേദക്കാര്‍

സയ്യിദ് സുലൈമാന്‍ നദ്‌വി ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ലോകത്തെ ജനവിഭാഗങ്ങളെ നാലായി ഭാഗിച്ചിട്ടുണ്ട്:

1. മുസ്‌ലിംകള്‍

2. ഖുര്‍ആനില്‍ പരാമര്‍ശിച്ച ദൈവികാധ്യാപനങ്ങള്‍ പിന്തുടരുന്ന വേദക്കാര്‍

3. ദൈവിക വചനങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും ഖുര്‍ആനില്‍ പരാമര്‍ശമില്ലാത്തതിനാല്‍ വേദക്കാരാണെന്ന അനുമാനത്തില്‍ വേദക്കാരോട് സമാനരായി കണക്കാക്കപ്പടുന്നവര്‍.

4. അവിശ്വാസികള്‍. ഇവര്‍ ഒരു ദൈവിക ഗ്രന്ഥത്തിന്റെയും പിന്തുടര്‍ച്ചക്കാരല്ല.

തുടര്‍ന്ന് സയ്യിദ് സുലൈമാന്‍ നദ്‌വി വേദക്കാരും വേദക്കാരോട് സമാനരായവരും തമ്മില്‍ ഉണ്ടാവേണ്ട സമീപനവ്യത്യാസം വിശദീകരിക്കുന്നു. വേദക്കാരെപ്പോലെത്തന്നെ അവരോട് സമാനരായവര്‍ക്കും വിശ്വാസ, ആരാധനാ സ്വാതന്ത്ര്യമുള്‍പ്പെടെ എല്ലാ അവകാശങ്ങളും ഇസ്‌ലാമികരാഷ്ട്രത്തിലുണ്ടാകും. എന്നാല്‍ വേദക്കാര്‍ അറുത്തത് ഭക്ഷിക്കുകയും അവരുടെ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നതുപോലെ, വേദക്കാരോട് സമാനരായവര്‍ അറുത്തത് ഭക്ഷിക്കുകയോ അവരുടെ സ്ത്രീകളെ വിവാഹം കഴിക്കുകയോ ചെയ്യാവതല്ല.

മുഹമ്മദു ബ്‌നു ഖാസിം സിന്ധ് പിടിച്ചടക്കിയപ്പോള്‍ ഇന്ത്യയിലെ ഹിന്ദുക്കളെ വേദക്കാര്‍ക്ക് സമാനരായി അംഗീകരിക്കുകയുണ്ടായെന്ന് സുലൈമാന്‍ നദ്‌വി എഴുതുന്നു: ''സിന്ധ് ജയിച്ചടക്കുന്നതിന്റെ ഭാഗമായി അറബ് സേനാധിപന്‍ മുഹമ്മദു ബ്‌നു ഖാസിം സിന്ധിലെ പ്രസിദ്ധമായ അല്ലൂര്‍ നഗരത്തിലെത്തിയപ്പോള്‍ അവിടത്തുകാര്‍ മാസങ്ങളോളം നഗരം പ്രതിരോധിച്ചുകൊണ്ട് ശക്തമായി നേരിട്ടു. ഒടുവില്‍ സന്ധിയിലേര്‍പ്പെട്ടു. ആ സന്ധിയില്‍ രണ്ട് നിബന്ധനകള്‍ ഉണ്ടായിരുന്നു. ഒന്ന്, നഗരത്തിലെ ഒരാളും കൊല്ലപ്പെടരുത്. രണ്ട്, അവിടത്തെ ആരാധനാലയങ്ങള്‍ക്ക് ഒരു കോട്ടവും വരുത്തരുത്. മുഹമ്മദു ബ്‌നു ഖാസിം ഈ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഇന്ത്യയിലെ ആരാധനാ കേന്ദ്രങ്ങള്‍ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ആരാധനാ കേന്ദ്രങ്ങള്‍ പോലെയും മജൂസികളുടെ അഗ്നിപൂജാകേന്ദ്രങ്ങള്‍ പോലെയുമാണ്'' (ബലാദുരി: പുറം: 439).

സിന്ധിലെ ഏറ്റം പുരാതന അറബി ചരിത്രത്തിന്റെ ഫാര്‍സി പരിഭാഷ 'ചര്‍ച്ച് നാമ'യില്‍ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: ''മുഹമ്മദു് ബ്‌നു ഖാസിം ബ്രാഹ്മണാബാദിലെ (സിന്ധ്) ജനങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും തുടര്‍ന്ന് ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ അവിടത്തെ ജനങ്ങള്‍ ഇറാഖിലെയും സിറിയയിലെയും ജൂത-ക്രൈസ്തവ വിഭാഗങ്ങളും ഫാര്‍സികളും അനുഭവിക്കുന്ന അതേ പദവിയോടെ ജീവിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.''

''ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് മിക്കവാറും വേദക്കാരായ വിഭാഗങ്ങള്‍ക്ക് സമാനമായ പദവികളും അവരുടെ ആരാധനാലയങ്ങള്‍ക്ക് അതേ നിലക്കുള്ള പരിഗണനയും നല്‍കിക്കൊണ്ടുള്ള ഒരറബ് ജേതാവിന്റെ പ്രഖ്യാപനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സിന്ധിലെ വിജയങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് കേവലം പ്രഖ്യാപനം മാത്രമായിരുന്നില്ലെന്നും അവിടത്തെ അറബ് ജേതാക്കള്‍ അക്ഷരംപ്രതി ആ വ്യവസ്ഥകള്‍ പാലിച്ചിരുന്നുവെന്നും കാണാന്‍ കഴിയും'' (ഇന്‍ഡോ അറബ് ബന്ധങ്ങള്‍, പുറം: 148-150).

ഇന്ത്യയിലെ ബ്രാഹ്മണരില്‍ ഒരു വിഭാഗം ഏകദൈവത്തിലും രക്ഷാശിക്ഷകളിലും വിശ്വസിക്കുന്നവരായിരുന്നു. മുത്വഹര്‍ബിന്‍ ത്വാഹിര്‍ തന്റെ 'കിതാബുല്‍ ബദ്ഇ വത്താരീഖി'ല്‍ എഴുതുന്നു: ''ഇന്ത്യയില്‍ 900 വിഭാഗങ്ങളുണ്ട്. പക്ഷേ, അവയില്‍ 99 വിഭാഗങ്ങളുടെ സ്ഥിതിഗതികള്‍ മാത്രമേ അറിയപ്പെടുന്നുള്ളൂ. ഇവയെല്ലാം 45 മതങ്ങളില്‍ അന്തര്‍ലീനമാണ്. എന്നാല്‍ ഇവയും നാലു മൗലികതത്ത്വങ്ങളില്‍ പരിമിതമാണ്. അവയെ അടിസ്ഥാനപരമായി രണ്ടില്‍ ഒതുക്കാവുന്നതാണ്. സംഹി(ബുദ്ധമതം)യും ബ്രാഹ്മണിസവും. സംഹികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന ദൈവം പരതന്ത്രനാണ്. ബ്രാഹ്മണ മതത്തില്‍ മൂന്നു തരക്കാരുണ്ട്. ഒരു വിഭാഗം ഏകദൈവത്തിലും രക്ഷാ ശിക്ഷയിലും വിശ്വസിക്കുന്നു. പക്ഷേ, പ്രവാചകത്വം അംഗീകരിക്കുന്നില്ല. മറ്റൊരു വിഭാഗം പുനര്‍ജന്മവാദത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷാ ശിക്ഷയില്‍ വിശ്വസിക്കുന്നു. പക്ഷേ, തൗഹീദിലോ രിസാലത്തിലോ വിശ്വസിക്കുന്നില്ല'' (ഫിഹ്തസ്ത് 4/9-19. ഉദ്ധരണം: സയ്യിദ് സുലൈമാന്‍ നദ്‌വി, ഇന്‍ഡോ അറബ് ബന്ധങ്ങള്‍. പുറം: 156).

സ്‌പെയിന്‍കാരനായ ഖാദി സ്വായിദി(മരണം ക്രി. 1070/ഹിജ്‌റ 462) തന്റെ ത്വബഖാതുല്‍ ഉമം എന്ന ഗ്രന്ഥത്തിലെഴുതുന്നു: ''ഹിന്ദുസമൂഹം മറ്റു ജനങ്ങളുടെ ദൃഷ്ടിയില്‍ എക്കാലത്തും ദര്‍ശനങ്ങളുടെ കാതും ധിഷണയുടെയും ബൗദ്ധിക മികവിന്റെയും ഉറവിടവുമായിരുന്നു. അവരുടെ ദൈവികജ്ഞാനം ഏകത്വത്തിലും ശിര്‍ക്ക്മുക്തിയിലും അധിഷ്ഠിതമാണ്. അവരില്‍ പലതരം വിഭാഗങ്ങളുണ്ട്. ചിലര്‍ ബ്രാഹ്മണര്‍, മറ്റു ചിലര്‍ നക്ഷത്രപൂജകര്‍... ചിലര്‍ ലോകം അനാദിയാണെന്ന് വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ പിന്നീടുണ്ടായതാണെന്ന് വാദിക്കുന്നു. പ്രവാചകത്വം അംഗീകരിക്കുന്നില്ല'' (ഈമാന്‍ ബില്‍ ഗയ്ബ്-ത്വബഖാതുല്‍ ഉമം പുറം 11-15. ഉദ്ധരണം: ഇന്‍ഡോ അറബ് ബന്ധങ്ങള്‍. പുറം: 15-8)

മുഹമ്മദു ബ്‌നു ഖാസിം സിന്ധില്‍ ആധിപത്യമുറപ്പിച്ച കാലത്ത് അവിടെ ഉണ്ടായിരുന്നവര്‍ ഹിന്ദുമതക്കാരായാണ് അറിയപ്പെട്ടിരുന്നത് (ചര്‍ച്ച് നാമ: എലിയറ്റ്: പുറം. 182-184).

ഇബ്‌നു ഖുര്‍ദാസ്‌ബെ (ക്രിസ്ത്വബ്ദം 864, ഹിജ്‌റ 250) എഴുതുന്നു: ''ഇന്ത്യയില്‍ 42 തരം മതങ്ങള്‍ നിലവിലുണ്ട്. ചിലത് ദൈവത്തിലും ദൈവദൂതന്മാരിലും വിശ്വസിക്കുന്നു. ചിലത് ഒന്നിലും വിശ്വസിക്കുന്നില്ല. ചിലത് രണ്ടില്‍ ഒന്നിനെ മാത്രം അംഗീകരിക്കുന്നു. ചിലത് ഒന്നിലും വിശ്വസിക്കുന്നില്ല. ഇവര്‍ക്ക് ഇവരുടെ ജാലവിദ്യ ജ്യോതിഷത്തിലും തന്ത്ര-മന്ത്രങ്ങളിലും വലിയ അഭിമാനമാണ്'' (പുറം: 7, ഉദ്ധരണം: കയശറ പുറം: 45).

 

ഗുരുതരമായ വ്യതിയാനങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച പല പൂര്‍വ പ്രവാചകന്മാരെപ്പറ്റിയും ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ധാരണകള്‍ പരമാബദ്ധങ്ങളാണ്. ബൈബിള്‍ പഴയ നിയമത്തില്‍ നൂഹ് നബിയെയും ലൂത്വ് നബിയെയും ദാവൂദ് നബിയെയുമൊക്കെ സംബന്ധിച്ച് അവരുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളും വ്യാജ കഥകളും ധാരാളമുണ്ട്.

ഇന്ത്യയിലെ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍ എന്നിവരെ കുറിച്ചൊക്കെ ഇതുപോലെ പലതരം കഥകളും പ്രചരിച്ചിരിക്കാനാണ് സാധ്യത. ഈ കഥകളുടെ വെളിച്ചത്തില്‍ അവരെ വിലയിരുത്താനോ പ്രവാചകന്മാരായിരുന്നോ അല്ലേ എന്ന് തീര്‍പ്പു കല്‍പിക്കാനോ സാധ്യമല്ല. അതിനാല്‍ ബൈബിള്‍ കഥകളുടെ പേരില്‍ നൂഹ് നബിയെയും ലൂത്വ് നബിയെയും ദാവൂദ് നബിയെയും പരിഹസിക്കാനും ആക്ഷേപിക്കാനും പാടില്ലാത്തപോലെത്തന്നെ, ഇവിടെ നിലനില്‍ക്കുന്ന ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ശ്രീബുദ്ധനെയുമൊന്നും വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ആക്ഷേപിക്കുകയോ പരിഹസിക്കുകയോ അരുത്. ഇന്ത്യയില്‍ ദൈവദൂതന്മാര്‍ നിയോഗിതരായിരിക്കുമെന്ന കാര്യം സംശയാതീതവും അവര്‍ ആരൊക്കെയായിരുന്നുവെന്നത് അജ്ഞാതവുമായിരിക്കെ ഇക്കാര്യത്തില്‍ തികഞ്ഞ സൂക്ഷ്മതയും നല്ല ജാഗ്രതയും പുലര്‍ത്താന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.

വ്യാജകഥകളും വികല വിശ്വാസങ്ങളും ബഹുദൈവത്വവാദങ്ങളും ബൈബിളിന്റെ വിശുദ്ധിയും തനിമയും നഷ്ടപ്പെടുത്തിയപോലെത്തന്നെയായിരിക്കാം ഹൈന്ദവ വേദങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും സംഭവിച്ചത്.

അറിയപ്പെടുന്ന ചരിത്രകാലത്ത് ജീവിച്ച മൂസാ നബിയെയും ഈസാ നബിയെയും കുറിച്ചു തന്നെ വളരെയേറെ കല്‍പ്പിത കഥകള്‍ പ്രചരിക്കുന്നുവെങ്കില്‍, സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നിയോഗിതരായ ഇന്ത്യയിലെ പ്രവാചകന്മാരുടെ കാര്യത്തിലും അക്കാലത്ത് അവതീര്‍ണമായ ദിവ്യസന്ദേശങ്ങളിലും എന്തൊക്കെ മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വെട്ടിക്കുറക്കലുകളും സംഭവിച്ചിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ നാട്ടിലെ ഹൈന്ദവ സമൂഹത്തില്‍ നിലനില്‍ക്കുന്ന ബഹുദൈവാരാധനയും പുനര്‍ജന്മവിശ്വാസവും അവതാരസങ്കല്‍പവും ജാതിവിവേചനവും ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ ദൈവിക മതത്തിനും പ്രവാചക സന്ദേശത്തിനും സംഭവിച്ച വ്യതിയാനങ്ങള്‍ ആകാനേ തരമുള്ളൂ. അതുകൊണ്ടുതന്നെ സയണിസത്തെ യഹൂദമതത്തില്‍നിന്ന് വേര്‍തിരിച്ചു കാണുന്നതുപോലെ, സംഘ്പരിവാര്‍ വര്‍ഗീയ ഫാഷിസത്തെ ഹിന്ദുമതത്തില്‍നിന്ന് വേര്‍തിരിച്ചുകാണുക തന്നെ വേണം. സയണിസ്റ്റുകള്‍ യഹൂദമതത്തെയും കുരിശുയുദ്ധക്കാര്‍ ക്രൈസ്തവതയെയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതുപോലെത്തന്നെയാണ് സംഘ്പരിവാര്‍ ഹിന്ദുമതത്തെ തങ്ങളുടെ കുടിലതാല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.

അതിനാല്‍ സംഘ്പരിവാറിനോടുള്ള വിരോധം ഹിന്ദുമതത്തോടും ഹൈന്ദവ സമൂഹത്തോടുമുള്ള വിരോധമായി മാറാതിരിക്കാനും അകല്‍ച്ചക്കിടവരുത്താതിരിക്കാനും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ പ്രബോധനപരമായ താല്‍പര്യമാണ്;  അവരുടെ ഇസ്‌ലാമികവും മാനുഷികവുമായ ബാധ്യതയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍