Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

നമ്മുടെ രാജ്യത്തോടുള്ള വലിയ ചോദ്യമാണ് അഫ്‌റാസുല്‍ ഖാന്‍

പി.എം സാലിഹ്

കൊല്‍ക്കത്തയില്‍നിന്ന് മുര്‍ശിദാബാദ് വഴി 9 മണിക്കൂറിലധികം റോഡ് മാര്‍ഗം യാത്ര ചെയ്താണ് ഞങ്ങള്‍ മാള്‍ഡയിലെത്തിയത്. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരും ജമാഅത്തെ ഇസ്‌ലാമി ബംഗാള്‍ സെക്രട്ടറി ജര്‍ജിസ് സാലിമും സുഹൃത്തും ബംഗാള്‍ സ്വദേശിയും എസ്.ഐ.ഒ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന സര്‍വര്‍ ഹസനും കൂടെയുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക്  സ്വാധീനമുള്ള പ്രദേശമായ ഖാലിയചെക് ഈ വഴിയിലാണ്. സമയം രാത്രിയായെങ്കിലും വൃദ്ധരും കുട്ടികളുമടങ്ങുന്ന സംഘം അവിടെ ഞങ്ങളെ കാത്തിരുന്നു. 

മാള്‍ഡയില്‍നിന്ന് കോണ്‍ക്രീറ്റ് ചെയ്തതും ചെയ്യാത്തതുമായ ഇടുങ്ങിയ നിരത്തുകള്‍ വഴിയാണ് രാജസ്ഥാനില്‍ വെച്ച് 'ലൗ ജിഹാദ്' ആരോപിച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട അഫ്‌റാസുല്‍ ഖാന്റെ വീട് ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നത്. അഫ്‌റാസുലിന്റെ കുടുംബവീട് സ്ഥിതിചെയ്യുന്ന സൈദ്പൂരില്‍ ഞങ്ങളെത്തിച്ചേര്‍ന്നു. ചുമരുകള്‍ തേക്കാത്ത കൊച്ചുകൊച്ചു വീടുകള്‍ അടുത്തടുത്ത്. അവക്കിടയിലൂടെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം നടക്കാവുന്ന ഇടുങ്ങിയ വഴികള്‍. ദാരിദ്ര്യവും പ്രയാസങ്ങളും വിളിച്ചറിയിക്കുന്ന പരിസരങ്ങള്‍. 

വളഞ്ഞു തിരിഞ്ഞ് ഞങ്ങള്‍ അവസാനം ഒരു ചെറിയ വീട്ടിലെത്തി. അവിടെയാണ് അഫ്‌റാസുല്‍ ഖാന്റെയും സഹോദരങ്ങളുടെയും കുടുംബങ്ങള്‍ പാര്‍ക്കുന്നത്. രാത്രി 10 മണിക്കു ശേഷമാണ് വീടിനടുത്തെത്താന്‍ സാധിച്ചത്. വീട്ടുകാരെ വിളിച്ച് ഞങ്ങള്‍ ആ സമയത്ത് എത്തുന്നത് ബുദ്ധിമുട്ടാകുമോ എന്ന് അന്വേഷിച്ചു. എന്തായാലും വരണമെന്നും ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്നും അറിയിച്ചപ്പോഴാണ് ഞങ്ങള്‍ വീട്ടിലേക്ക് ചെന്നത്. ദുഃഖം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ തുടക്കത്തില്‍ ഞങ്ങളിലാര്‍ക്കും ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല. അഫ്‌റാസുല്‍ ഖാന്റെ പത്‌നി ഗുല്‍ബഹറും മൂന്ന് പെണ്‍മക്കളും കുടുംബത്തിലെ മറ്റു ചില സ്ത്രീകളും ഇരിക്കുന്നുണ്ട്. ഹബീബ, റജീന, ജോഷ്നാര എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. അവരും ഒന്നും സംസാരിക്കാനാകാതെ തലതാഴ്ത്തി ദുഃഖത്തോടെ ഇരിക്കുന്നു. കുടുംബവീട്ടിലുണ്ടായിരുന്ന മൂത്ത സഹോദരന്‍ മുഹമ്മദ് തഫസ്സുല്‍ ഹുസൈന്‍ ഖാനും ഇളയ സഹോദരന്‍ റൂം ഖാനുമാണ് വിതുമ്പലുകളൊതുക്കി കുറച്ചെങ്കിലും സംസാരിച്ചത്. 

ജനിച്ച നാട്ടില്‍ ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വലിയ പ്രയാസമായപ്പോഴാണ് അഫ്‌റാസുല്‍ ഖാന്‍ കൂലിവേല ചെയ്യാന്‍ രാജസ്ഥാനിലേക്ക് പോകുന്നത്. പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം വീട്ടിലെ അവസ്ഥകള്‍ കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്നതാണ് അദ്ദേഹത്തിന്. പിന്നെ 14 വയസ്സ് മുതല്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി രാജസ്ഥാനിലും മറ്റുമായി കഠിനാധ്വാനത്തിലായിരുന്നു. കിട്ടുന്ന പണം കുറച്ചുമാത്രം ചെലവഴിച്ച് ബാക്കി മുഴുവന്‍ കുടുംബത്തിനായി ശേഖരിക്കുകയായിരുന്നു അദ്ദേഹം. അന്തിയുറങ്ങാനും വിശ്രമിക്കാനും വരെ വലിയ സൗകര്യങ്ങളില്ലായിരുന്നു അവിടെ. അതിനിടയിലാണ് ക്രൂരമായ അക്രമത്തിനും കൊലക്കും അഫ്‌റാസുല്‍ ഖാന്‍ ഇരയാകുന്നത്.

അഫ്‌റാസുലിന്റെ പത്‌നി ഗുല്‍ബഹര്‍ ഒന്നും സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. ദുഃഖവും ആശങ്കകളും കാരണം അവര്‍ തളര്‍ന്നിരിക്കുന്നു. മക്കളും കാര്യമായൊന്നും സംസാരിച്ചില്ല. ലൗ ജിഹാദോ മറ്റ് രാഷ്ട്രീയ വാക്യങ്ങളോ അറിയാത്ത അവര്‍ക്ക് അറിയാവുന്ന കാര്യം മകള്‍ റജീന പറഞ്ഞു: 'ഞങ്ങളുടെ ഉപ്പ ഞങ്ങളെ പോറ്റാനും ഞങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും കുടുംബത്തിന് ജീവിതമാര്‍ഗം കണ്ടെത്താനുമാണ് നാടുപേക്ഷിച്ച് രാജസ്ഥാനില്‍ പോയത്.' അത് പറഞ്ഞപ്പോഴേക്കും വിതുമ്പിക്കൊണ്ട് അവര്‍ തലതാഴ്ത്തി ഇരുന്നു.

തുടര്‍ന്ന് ഞങ്ങള്‍ അഫ്‌റാസുല്‍ ഖാന്റെ സഹോദരങ്ങളോടും മറ്റ് കുടുംബാംഗങ്ങളോടും സംസാരിച്ചു. സോളിഡാരിറ്റിക്ക് എന്താണ് ഈ കുടുംബത്തിനായി ചെയ്യാനാവുകയെന്ന് അറിയാനായിരുന്നു ഞങ്ങള്‍ അന്വേഷിച്ചത്. ഒന്നിനും സൗകര്യമില്ലാത്ത ചെറിയ കുടുംബ വീട്ടിലാണ് അവരെല്ലാവരും താമസിക്കുന്നത്. സഹോദരങ്ങളുടെ കുടുംബങ്ങളും മക്കളുമടക്കം കുറേ പേരുണ്ട് ആ ചെറിയ വീട്ടില്‍. ഉള്ളതില്‍ സൗകര്യങ്ങളുള്ള മുറിയിലാണ് ഞങ്ങളെ സ്വീകരിച്ചത്. അതിന്റെ തന്നെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അഫ്‌റാസുല്‍ ഖാന്റെ പത്‌നിക്കും പെണ്‍മക്കള്‍ക്കും താമസിക്കാവുന്ന ചെറിയൊരു വീടിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അത് സാധ്യമാകുമെന്ന് അവര്‍ക്ക് പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാക്കി വിവരങ്ങള്‍ കൂടി ശേഖരിച്ചപ്പോള്‍ വളരെ വലുതല്ലാത്ത സംഖ്യയുണ്ടെങ്കില്‍ അവര്‍ക്ക് വീടും സൗകര്യങ്ങളും ഒരുക്കാമെന്ന് ബോധ്യമായി. അങ്ങനെ വീടിന്റെ പണികള്‍ തുടങ്ങാന്‍ ആദ്യഗഡു എന്ന നിലയില്‍ 3 ലക്ഷത്തിന്റെ ചെക്ക് നല്‍കാന്‍ തീരുമാനിച്ചു. വാഗ്ദാനം മാത്രം നല്‍കാനാണെന്ന് കരുതിയ കുടുംബങ്ങളും മറ്റും ചെക്ക് ലഭിച്ചപ്പോള്‍ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന് മനസ്സിലാക്കി. അത് അവരുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. വീടിന്റെ പണികള്‍ തുടങ്ങാനും അത് മുന്നോട്ടു കൊണ്ടുപോകാനും കൂടെയുണ്ടായിരുന്ന ജമാഅത്ത് നേതാക്കള്‍ ആളുകളെ ഉത്തരവാദപ്പെടുത്തി. ജമാഅത്തിനും പോഷകസംഘങ്ങള്‍ക്കും സ്വാധീനമുള്ള മേഖലയില്‍ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജമാഅത്തിനു കീഴില്‍ മാള്‍ഡ മൈനോറിറ്റി ഡെവലപ്മെന്റ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്‌റാസുല്‍ ഖാന്റെ വീടിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ട്രസ്റ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ചെലവുകള്‍ സോളിഡാരിറ്റി വഹിക്കും. 

കുടുംബവുമായി സംസാരിച്ചപ്പോള്‍ ഗവണ്‍മെന്റ് നിലപാടുകളും ചര്‍ച്ചയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രധാനമന്ത്രിയടക്കം വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ല. എന്നാല്‍ വെസ്റ്റ് ബംഗാളിലെ മമതാ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും നേരിട്ട് കുടുംബത്തെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാന്‍ മന്ത്രിമാരെയടക്കം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

മാള്‍ഡയുടെ പ്രാന്തപ്രദേശത്തുള്ള ആ കൊച്ചു വീട്ടിലെ ഹ്രസ്വസന്ദര്‍ശനം രാജ്യത്തെ കുറിച്ചും അതിലെ നിലവിലെ അവസ്ഥകളെ കുറിച്ചും ഏറെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അഖ്‌ലാഖ്, പഹ്‌ലു ഖാന്‍, നജീബ് തുടങ്ങി വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും മുസ്‌ലിമായതിനാല്‍ ഇരയാക്കപ്പെട്ടവര്‍, ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് കൊല്ലപ്പെട്ട ഗൗരി, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവര്‍, ഇവരെല്ലാമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകങ്ങള്‍. അഫ്‌റാസുല്‍ ഖാന്‍ സംഭവത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ പൊതുസമൂഹമോ കാര്യമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇതൊക്കെ സാധാരണ സംഭവമായി (Normalisation of Violence)  ഇന്ത്യയിലെ ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയെന്നാണ് അത് സൂചിപ്പിക്കുന്നത്. ഇവിടെ അഫ്‌റാസുല്‍ ഖാനെ പോലുള്ള രക്തസാക്ഷികളെ കുറിച്ച് നിരന്തരം ഓര്‍മിച്ചും ഓര്‍മിപ്പിച്ചും പുതിയ സമരങ്ങളും കൂട്ടായ്മകളും ഉയര്‍ത്തിക്കൊണ്ടുവരണം. ഈ രക്തസാക്ഷികളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയെന്ന് ഉറക്കെ പറയാനാവണം. പൗരന്‍, പൗരാവകാശം, സമൂഹം, ഭരണകൂടം, ഇസ്‌ലാമോഫോബിയ എന്നിവയെ കുറിച്ച ചിന്തകളും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

രാത്രി 11 മണിയായതിനാല്‍ അഫ്‌റാസുല്‍ ഖാന്റെ ഖബ്‌റിടം കാണാനായില്ല. തന്റെ കുടുംബത്തിനുവേണ്ടിയുള്ള അധ്വാനത്തിനിടയില്‍ ജീവന്‍ ത്യജിച്ച അഫ്‌റാസുല്‍ ഖാന് അല്ലാഹുവിങ്കലുള്ള പ്രതിഫലവും അനുഗ്രഹങ്ങളും മാത്രമാണ് ആശ്വാസവാക്കായി കുടുംബത്തിന് കൈമാറാനുണ്ടായിരുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍