Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

സുന്നത്തും വഹ്‌യല്ലേ?

ഇല്‍യാസ് മൗലവി

ഇസ്ലാമിന്റെ പ്രമാണങ്ങള്‍ യഥാക്രമം ഖുര്‍ആനും സുന്നത്തുമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നതില്‍ സംശയലേശമില്ല. അത് തികച്ചും ദിവ്യ വെളിപാടിലൂടെ (വഹ്‌യ്)  നബിക്ക് ലഭിച്ചതും, അദ്ദേഹം മുഖേന താവഴിതാവഴിയായി നമ്മിലേക്ക് എത്തിയതുമാണ്.

എന്നാല്‍ സുന്നത്തിനെ പറ്റി നിരുപാധികം ഇങ്ങനെ പറയാന്‍ നിര്‍വാഹമില്ല. കാരണം സുന്നത്തിനെ നിര്‍വചിക്കുന്നതില്‍ തന്നെ ആദ്യം കൃത്യത വരുത്താതെ ഇങ്ങനെ പറയുന്നതില്‍  പ്രശ്‌നങ്ങളുണ്ട്.

രണ്ടാം പ്രമാണം എന്ന അടിസ്ഥാനത്തില്‍  പരിഗണിക്കപ്പെടുന്ന സുന്നത്ത്, ദിവ്യ വെളിപാടനുസരിച്ചാണെന്നും അതുകൊണ്ടുതന്നെ അതിന്റേതായ ഗൗരവവും പദവിയും അതിന് കൈവരുമെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ പ്രവാചകനില്‍നിന്നുള്ളതാണെന്ന് സ്ഥിരപ്പെട്ട എല്ലാം കാര്യങ്ങളും പ്രമാണം എന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന സുന്നത്താണോ? ഇത് വിശദീകരണം അര്‍ഹിക്കുന്നതാണ്.

പ്രവാചക മൊഴികളുടെ മൗലിക സ്വഭാവം വഹ്‌യ് തന്നെയാണ് എന്നതാണ്. ഇതാണ് ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്.

അബൂഹുറയ്റ(റ)യില്‍നിന്ന്  നിവേദനം: റസൂലിനോട് ഒരാള്‍ ചോദിച്ചു. അങ്ങ് ഞങ്ങളെ തമാശയാക്കുകയാണോ? അപ്പോള്‍ നബി(സ) പറഞ്ഞു: ഞാന്‍ സത്യമല്ലാതെ പറയുകയില്ല (മുസ്നദ് അഹ്മദ് 8723).

അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വില്‍നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരം കാണാം:  ''ഞാന്‍ റസൂലില്‍നിന്ന് കേള്‍ക്കുന്നതെല്ലാം ഹൃദിസ്ഥമാക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിവെക്കാറുണ്ടായിരുന്നു. അപ്പോള്‍ ഖുറൈശികള്‍ എന്നെ  തടഞ്ഞുകൊണ്ട് പറഞ്ഞു: 'താങ്കള്‍ എല്ലാം എഴുതിവെക്കുന്നു. എന്നാല്‍, റസൂല്‍ (സ) ഒരു മനുഷ്യനാണല്ലോ. ചിലപ്പോള്‍ ദേഷ്യത്തിലായിരിക്കും മറ്റു ചിലപ്പോള്‍ സന്തോഷത്തിലായിരിക്കും, അപ്പോഴൊക്കെ വല്ലതും പറയും.' അതോടെ ഞാന്‍ എഴുത്തു നിര്‍ത്തി. പിന്നീട് ഞാനിക്കാര്യം നബി(സ)യോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'താങ്കള്‍ എഴുതിവെച്ചുകൊള്ളുക. എന്റെ ആത്മാവ് ആരുടെ ഹസ്തത്തിലാണോ, അവനാണ, എന്നില്‍നിന്ന് സത്യമല്ലാതെ പുറപ്പെടുകയില്ല'' (മുസ്നദ് അഹ്മദ്: 6510).

ഇമാം ശാഫിഈ പറഞ്ഞു: ''വഹ്‌യനുസരിച്ചല്ലാതെ, അല്ലാഹുവിന്റെ റസൂല്‍ ഒന്നും തന്നെ നിയമമാക്കിയിട്ടില്ല, വഹ്‌യില്‍ ഓതുന്നതുണ്ട്, അതുപോലെ തന്നെ സുന്നത്തിന്റെ രൂപത്തില്‍ റസൂലിനു ലഭിച്ചതും  വഹ്‌യില്‍ ഉണ്ട്. അപ്പോള്‍ അതനുസരിക്കലും നിയമമാകുന്നു'' (ഉമ്മ്: 7/299). ഖുര്‍ആന്‍ അവതരിച്ചിരുന്നതു പോലെ തന്നെ, സുന്നത്തും  അദ്ദേഹത്തിന് അവതരിച്ചിരുന്നത് വഹ്‌യ് മുഖേനയായിരുന്നു, പക്ഷേ, ഖുര്‍ആന്‍ ഓതാറുള്ളതുപോലെ അത് ഓതാറില്ല എന്ന് മാത്രം. ഇമാം ശാഫിഈയുടെ ഈ പ്രസ്താവന ഇബ്‌നു തൈമിയ്യയും ഇമാം ഇബ്‌നു കസീറും  ഉദ്ധരിച്ചിരിക്കുന്നു (മജ്മൂഉല്‍ ഫതാവാ: 13/364, ഇബ്‌നു കസീറിന്റെ മുഖവുര കാണുക).

നബി (സ)യുടെ വിധിവിലക്കുകള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പോലെ തന്നെയാണെന്ന് നബി (സ) തന്നെ വ്യക്തമാക്കുന്നത് കാണുക: മിഖ്ദാമുബ്‌നു മഅദീ കരിബില്‍ കിന്തി നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ''അറിഞ്ഞു കൊള്ളുക, എനിക്ക് ഖുര്‍ആനും  അതിന്റെകൂടെ തന്നെ അതുപോലുള്ളത് വേറെയും നല്‍കപ്പെട്ടിരിക്കുന്നു. ഒരുത്തന്‍ വയറും നിറച്ചുകൊണ്ട് സോഫയില്‍ ചാരിയിരുന്ന് ഇങ്ങനെ പറയുന്ന കാലം വരാറായിരിക്കുന്നു. നിങ്ങള്‍ക്ക് ഖുര്‍ആന്‍ മതി, അതില്‍ അനുവദനീയമായിട്ട് നിങ്ങള്‍  കാണുന്നത് അനുവദനീയമാണെന്നും, അതില്‍ നിങ്ങള്‍  നിഷിദ്ധമായിക്കാണുന്നത് നിഷിദ്ധമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക, എന്ന് പറയുന്ന ഒരു കാലം വരാനിരിക്കുന്നു..............'' (അഹ്മദ്: 17174, ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത് ഇത് സ്വഹീഹായ ഹദീസാെണന്ന് പറയുന്നു).

മറ്റൊരു നിവേദനത്തില്‍ ഇത്ര കൂടി കാണാം: ''എന്നാല്‍ അറിഞ്ഞുകൊള്ളുക. അല്ലാഹുവിന്റെ ദൂതന്‍ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയത് പോലെ തന്നെയാകുന്നു'' (അഹ്മദ്: 17194). ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത് പറയുന്നു: ഇത് സ്വഹീഹായ ഹദീസാണ്. തിര്‍മിദി: 2876, ഇബ്‌നുമാജ: 12. അല്‍ബാനി ഇത് സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു.

ഈ ഹദീസില്‍നിന്ന് ഖുര്‍ആന്‍ പോലെതന്നെയുള്ള മറ്റൊന്ന് കൂടെ തനിക്കു നല്‍കപ്പെട്ടിരിക്കുന്നു എന്ന് നബി (സ) വ്യക്തമായി പറഞ്ഞിരിക്കുന്നു. അത് സുന്നത്തല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. ഇറക്കപ്പെട്ടു എന്നത് കൊണ്ട് ഖുര്‍ആന്‍ അദ്ദേഹത്തിന് ഇറക്കപ്പെട്ടതു പോലെതന്നെ സുന്നത്തും ഇറക്കപ്പെട്ടത് തന്നെയാണ് എന്നാണ് ഈ ഹദീസില്‍നിന്ന് മനസ്സിലാവുന്നത്. പ്രവാചക വചനങ്ങളുടെ മൗലിക സ്വഭാവം അത് പൂര്‍ണമായും മുസ്‌ലിം സമൂദായത്തിന് നിയമമാണ് എന്നതാണ്. യഥാര്‍ഥത്തില്‍, പ്രവാചകനില്‍നിന്ന് ഉത്ഭൂതമാകുന്ന  എല്ലാ സംഗതികളും മുസ്‌ലിം ഉമ്മത്തിന് നിയമമാണ്. 

മനുഷ്യനെന്ന നിലയില്‍ പ്രവാചകന്‍ പറയുന്ന ചില കാര്യങ്ങള്‍ വഹ്‌യിന്റെ അടിസ്ഥാനത്തിലല്ല എന്ന് സാമാന്യവല്‍ക്കരണം ഒരിക്കലും സുന്നത്തിന്റെ പ്രാധാന്യം ഇടിച്ചുതാഴ്ത്തുന്നിടത്തോളം എത്തിക്കൂടാ. കാരണം, അല്ലാഹു പ്രവാചകനെ പാപസുരക്ഷിതനാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍നിന്ന് സത്യമല്ലാതെ പുറത്തുവരികയില്ലെന്നു മാത്രമല്ല, പ്രവാചകന്റെ  ഇജ്തിഹാദ് പോലും തെറ്റ് സംഭവിക്കുന്നതില്‍നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ശരി. അതുകൊണ്ട് തന്നെ  പ്രവാചക വചനങ്ങളെല്ലാം തെറ്റു പറ്റാത്തവണ്ണം സുരക്ഷിതമാണെന്ന വിശ്വാസം അനിവാര്യമായിത്തീരുന്നു. 

ശരിയാണ്, റസൂല്‍ (സ) ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ നിയമമെന്ന അര്‍ഥത്തിലായിരിക്കുകയില്ല. പക്ഷേ, അങ്ങനെയല്ല എന്നു തീര്‍ത്തു പറയാന്‍ നബി തന്നെ സ്വന്തം നിലക്ക് വ്യക്തമാക്കാതെ വേറെ യാതൊരു മാര്‍ഗവും ഇല്ല.

നബിക്കു ശേഷം മറ്റാര്‍ക്കും തന്നെ തിരു മൊഴികളെപ്പറ്റി അതില്‍ ഇന്നത് ശരീഅത്താണ്, ഇത് ശരീഅത്തല്ല എന്ന് ഉറപ്പിച്ചു പറയാന്‍ ഒരധികാരവും അല്ലാഹുവോ, റസൂലോ നല്‍കിയിട്ടുമില്ല. ഇനിയാരെങ്കിലും ഏതെങ്കിലും വിഷയത്തെപ്പറ്റി അത് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതല്ല എന്ന് പറഞ്ഞാല്‍ അതിന് ദീനില്‍ യാതൊരു വിലയുമില്ല. ആകെക്കൂടി പറയാവുന്നത് അത് ഇന്നിന്ന കാരണങ്ങളാല്‍, എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ല എന്നു മാത്രമാണ്. അതിന് വ്യക്തമായ തെളിവുകളും വേണ്ടതുണ്ട്.

ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട് അവിടുന്ന് പറഞ്ഞത് സ്വഹാബികള്‍ പൂര്‍ണ വിശ്വാസത്തോടെ സ്വീകരിച്ചത് പ്രവാചകന്‍ പറഞ്ഞതല്ലേ എന്ന പരിഗണനയിലാണ്. പിറ്റേ വര്‍ഷം വിളവ് കുറഞ്ഞതുകൊണ്ടല്ല അവര്‍ വീണ്ടും പണ്ടത്തെ പോലെ ചെയ്യാന്‍ തുടങ്ങിയത്. നിങ്ങള്‍ എടുത്തുകൊള്ളൂ, എന്തെന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ പേരില്‍ വസ്തുതാ വിരുദ്ധമായതൊന്നും ഒരിക്കലും പറയില്ല എന്നു കൂടി പറഞ്ഞത് ശ്രദ്ധേയമാണ്. അതേസമയം അവിടുന്നെങ്ങാനും അങ്ങനെ വ്യക്തമാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ അതിന് പ്രവാചകന്റെ സുന്നത്തിന്റെ പരിവേഷം നിലനില്‍ക്കുക തന്നെ ചെയ്യുമായിരുന്നു. ചുരുക്കത്തില്‍ പ്രവാചകന്റെ വാചിക സുന്നത്ത് വഹ്‌യാണെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

സുന്നത്ത് ചര്‍ച്ചകളില്‍ പ്രധാനമാണ് സൂറത്തുന്നജ്മിലെ 3-ഉം 4-ഉം ആയത്തുകള്‍. പ്രവാചകന്‍ സ്വേഛാനുസാരം ഒന്നും മൊഴിയുകയില്ല, അത് തനിക്ക് ലഭിക്കുന്ന ദിവ്യ ബോധനമനുസരിച്ചു മാത്രമായിരിക്കും (അന്നജ്മ് 3, 4). ഇതാണ് വചനത്തിന്റെ സാരം.

ഈ ആയത്തുകളില്‍ വഹ്‌യ് കൊണ്ടുള്ള ഉദ്ദേശ്യം ഖുര്‍ആനാണ് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഖുര്‍ആന്‍ തന്നെയാണ്, മറ്റൊന്നുമല്ല, സുന്നത്ത് വഹ്‌യല്ല എന്നൊക്കെ പറയാന്‍ മാത്രം ഇതില്‍ തെളിവൊന്നുമില്ല. കാരണം അതിന്റെ മുമ്പും പിമ്പുമുള്ള ആയത്തുകളില്‍ ഖുര്‍ആനാണ് എന്ന് വ്യക്തമായി പറയുന്നേ ഇല്ല. അറബി ഭാഷാ നിയമപ്രകാരം ഇവിടെയുള്ള സര്‍വ നാമം, തൊട്ടു മുമ്പ് പരാമര്‍ശിക്കപ്പെട്ടതിലേക്ക് മടങ്ങുമെന്നാണ് നിയമം. അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴിച്ച് പൊതുവെ ഇതാണ് നിയമം. ഇവിടെയാകട്ടെ എങ്ങനെ മടക്കിയാലും തൊട്ടുമുമ്പ് പരാമര്‍ശിക്കപ്പെട്ടത് ഖുര്‍ആന്‍ ആണെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. ഇവിടെ പറയപ്പെട്ട നക്ഷത്രം ഖുര്‍ആനാണെന്ന് വ്യാഖ്യാനിച്ചവരുണ്ടെന്നത് ശരിയാണ്. പക്ഷേ അതുപോലും അവരുടെ വ്യാഖ്യാനം മാത്രമാണ്, നബി(സ) വചനമൊന്നുമല്ല. അല്ലെന്നു വ്യാഖ്യാനിച്ചവരുമുണ്ട്, അവരൊന്നും നിസ്സാരക്കാരല്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഈ വ്യാഖ്യാനവും  കേവലം നിഗമനമായി അവശേഷിക്കും. പിന്നെയുള്ളത് 'അദ്ദേഹം മൊഴിയുകയില്ല' എന്ന പ്രയോഗമാണ്. അതാകട്ടെ  വാചിക സുന്നത്തിനെക്കൂടി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. കാരണം പ്രവാചകന്റെ വാക്കുകള്‍ക്കാണല്ലോ വാചിക സുന്നത്ത് എന്ന് പറയുന്നത്. ആ നിലക്ക്  പ്രവാചകന്‍ മൊഴിയുന്നത്  എന്ന പ്രയോഗത്തില്‍ ഖൗലിയായ/വാചികമായ സുന്നത്തുകള്‍ കൂടി പെടുമെന്ന വാദത്തിനാണ് ഇവിടെ കൂടുതല്‍ തെളിവ്. പ്രവാചകന്‍ മൊഴിയുന്നത്  എന്ന പ്രയോഗത്തില്‍ വാചിക സുന്നത്ത് പെടില്ല എന്നു പറഞ്ഞു മാറ്റിനിര്‍ത്താനാണ് തെളിവ് വേണ്ടത് എന്നു ചുരുക്കം.

പറഞ്ഞു വരുന്നത് ഈ ആയത്തില്‍ ഖുര്‍ആന്‍ മാത്രമേ ഉദ്ദേശ്യമുള്ളൂ എന്നു പറഞ്ഞാല്‍ അതു ആധികാരികമായ വാദമല്ല എന്നാണ്. അങ്ങനെയും ഒരു വ്യാഖ്യാനം ഉണ്ടെന്നു പറയാനേ ഏറിവന്നാല്‍ സാധിക്കുകയുള്ളൂ. 

ഇനി പ്രസ്തുത ആയത്തിന് അങ്ങനെയൊരര്‍ഥം ഉണ്ടോ, ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ, പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാവുമോ എന്നതും പരിശോധിക്കാം. അതിനു മുമ്പ് ഖുര്‍ആനിലും സുന്നത്തിലും പൊതുവായി ഒരു കാര്യം പറഞ്ഞാല്‍, അതിന് അപവാദങ്ങള്‍ ഉണ്ടാവാന്‍ പാടില്ല എന്ന് മനസ്സിലാക്കാന്‍ പാടില്ല.

മൗലാനാ മൗദൂദി ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക: 'അദ്ദേഹം സ്വേഛാനുസാരം സംസാരിക്കുന്നില്ല. അദ്ദേഹം സംസാരിക്കുന്നതാവട്ടെ, അദ്ദേഹത്തിനിറങ്ങിയ ദിവ്യബോധനമാകുന്നു' എന്ന പ്രസ്താവന തിരുമേനിയില്‍നിന്നുണ്ടാകുന്ന ഏതെല്ലാം സംസാരങ്ങളെ സംബന്ധിച്ചാണ്? 

തിരുമേനിയുടെ എല്ലാ സംസാരങ്ങള്‍ക്കും ഇത് ബാധകമാണോ? അതോ ചിലതിനു ബാധകവും മറ്റു ചിലത് അതില്‍നിന്ന് ഒഴിവുമാണോ? 

മറുപടി ഇതാണ്: അത് പ്രാഥമികമായി ബാധകമാകുന്നത്, വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട കാര്യങ്ങളിലാകുന്നു. ഖുര്‍ആന്‍ അല്ലാത്ത മറ്റു കാര്യങ്ങളെ സംബന്ധിച്ചേടത്തോളം തിരുവായില്‍നിന്നുള്ള കാര്യങ്ങളെ മൂന്നായി തരംതിരിക്കാം: 

ഒന്ന്: ആളുകളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കാനും ദീനീപ്രചാരണത്തിനും വേണ്ടി അവിടുന്ന് സംസാരിച്ചത്. അല്ലെങ്കില്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും വിധിവിലക്കുകളുടെയും വിശദീകരണമായി അരുളിയത്. അല്ലെങ്കില്‍ ഖുര്‍ആനിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ജനങ്ങള്‍ക്കു നല്‍കിയ ഉപദേശ നിര്‍ദേശങ്ങളും പാഠങ്ങളും. ഇത്തരം കാര്യങ്ങള്‍-മആദല്ലാഹ്-അവിടുന്ന് സ്വന്തം വകയായി കെട്ടിച്ചമച്ചു എന്ന് സംശയിക്കാനേ പഴുതില്ല. ഇത്തരം കാര്യങ്ങളില്‍ ഖുര്‍ആനിന്റെ ആധികാരിക ഭാഷ്യകാരനും അല്ലാഹുവിന്റെ പ്രതിനിധിയും എന്ന നിലപാടേ തിരുമേനിക്കുള്ളൂ. ഈ കാര്യങ്ങള്‍ ഖുര്‍ആന്‍പോലെ പദാനുപദം ദിവ്യബോധനമായി ഇറങ്ങിയതല്ലെങ്കിലും ആ ജ്ഞാനം അടിസ്ഥാനപരമായി ദിവ്യബോധനത്തിലൂടെ ലഭിച്ചതായിരിക്കുക അനിവാര്യമാകുന്നു. അവയും ഖുര്‍ആനും തമ്മിലുള്ള അന്തരം ഇതു മാത്രമാണ്: ഖുര്‍ആനിലെ പദങ്ങളും ആശയങ്ങളും സമ്പൂര്‍ണമായി അല്ലാഹുവിങ്കല്‍നിന്നുള്ളതാകുന്നു. മറ്റു കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ആശയങ്ങളും താല്‍പര്യങ്ങളും അല്ലാഹുവിങ്കല്‍നിന്നുള്ളതാണെങ്കിലും അവ അവതരിപ്പിച്ചിട്ടുള്ളത് തിരുമേനിയുടെ വാക്കുകളിലാണ്. ഈ അന്തരത്തെ ആധാരമാക്കി ആദ്യത്തേത് പ്രത്യക്ഷ വെളിപാട് എന്നും രണ്ടാമത്തേത് പരോക്ഷ വെളിപാട് എന്നും വിളിക്കപ്പെടുന്നു. 

രണ്ട്: ദൈവിക വചനത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളിലായും ഇഖാമതുദ്ദീനിനുവേണ്ടിയുള്ള സേവനങ്ങളിലായും തിരുമേനി നടത്തിയിരുന്ന സംസാരങ്ങളാണ് പ്രവാചക ഭാഷണത്തിന്റെ രണ്ടാമത്തെ ഇനം. മുസ്ലിം സമൂഹത്തിന്റെ നായകനും മാര്‍ഗദര്‍ശകനും എന്ന നിലക്ക് ഈ രംഗത്ത് അദ്ദേഹത്തിന് എണ്ണമറ്റ പലതരം ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. ഈ രംഗത്ത് പലപ്പോഴും അവിടുന്ന് അനുയായികളുമായി കൂടിയാലോചന നടത്തുകയും സ്വാഭിപ്രായം വെടിഞ്ഞ് അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ സ്വഭാവത്തെക്കുറിച്ച് ശിഷ്യന്മാര്‍ അന്വേഷിക്കുമ്പോള്‍ അത് ദൈവകല്‍പനയല്ലെന്നും സ്വന്തം നിലക്ക് എത്തിച്ചേര്‍ന്ന അഭിപ്രായമാണെന്നും അവിടുന്ന് വ്യക്തമാക്കാറുണ്ടായിരുന്നു. 

അദ്ദേഹം സ്വയം ചിന്തിച്ച് ഒരു നിലപാട് സ്വീകരിക്കുകയും പിന്നീട് അതിനെതിരായി അല്ലാഹുവിങ്കല്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുകയും ചെയ്യുക എന്നതും പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഈ ഇനത്തിലും അവിടുന്ന് നടത്തിയ സംസാരങ്ങളില്‍ ഒന്നുംതന്നെ ദേഹേഛകളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നില്ല. 

എന്നാല്‍, അവയെല്ലാം ദിവ്യബോധനത്തെ ആസ്പദിച്ച് ആയിരുന്നുവോ എന്നു ചോദിച്ചാല്‍ അതിന്റെ മറുപടി ഇതാണ്: ഇത് അല്ലാഹുവിന്റെ വിധിയല്ല എന്ന് തിരുമേനി സ്വയം വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍, അവിടുന്ന് ശിഷ്യന്മാരുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തത്, തിരുമേനിയില്‍നിന്ന് ഒരു പ്രവൃത്തിയോ വാക്കോ ഉണ്ടായ ശേഷം അല്ലാഹു അതിനെതിരായി മാര്‍ഗദര്‍ശനം നല്‍കിയത് എന്നിങ്ങനെയുള്ളവ ഒഴിച്ച് ബാക്കിയെല്ലാം ഒന്നാം ഇനത്തിലെ ഭാഷണങ്ങള്‍പോലെത്തന്നെ പരോക്ഷ വെളിപാടിനെ (അല്‍വഹ്യുല്‍ ഖഫിയ്യ്) ആസ്പദിച്ചുള്ളതാകുന്നു. കാരണം, ഇസ്ലാമിക പ്രബോധനത്തിന്റെ നേതാവ്, മാര്‍ഗദര്‍ശകന്‍, വിശ്വാസിസമാജത്തിന്റെ നായകന്‍, ഇസ്ലാമിക ഗവണ്‍മെന്റിന്റെ അധിപന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിനു ലഭിച്ച സ്ഥാനം അദ്ദേഹം സ്വയം തരപ്പെടുത്തിയതോ, ആളുകള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ചതോ അല്ല. പിന്നെയോ, ആ സ്ഥാനങ്ങളിലേക്ക് അല്ലാഹുവിങ്കല്‍നിന്ന് അദ്ദേഹം നിയുക്തനാവുകയായിരുന്നു. ഈ സ്ഥാനങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി അദ്ദേഹം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാത്തിലും അദ്ദേഹത്തിന്റെ നിലപാട് ദൈവപ്രീതിയുടെ പ്രാതിനിധ്യം എന്നതായിരുന്നു. ഈ രംഗത്ത് സ്വന്തം ഗവേഷണമനുസരിച്ച് അദ്ദേഹം ചെയ്ത കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഗവേഷണം അല്ലാഹുവിന്റെ ഇഷ്ടമായിരുന്നു. അല്ലാഹു അദ്ദേഹത്തിനു നല്‍കിയ ജ്ഞാനത്തില്‍നിന്നാണ് അതിനദ്ദേഹം വെളിച്ചം സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗവേഷണം എവിടെയെങ്കിലും അല്ലാഹുവിന്റെ തൃപ്തിയില്‍നിന്ന് അല്‍പം തെറ്റിപ്പോയാല്‍ ഉടനെ പ്രത്യക്ഷ ദിവ്യബോധനത്താല്‍ (അല്‍വഹ്യുല്‍ ജലിയ്യ്) അത് നേരെയാക്കപ്പെട്ടിരുന്നത്. തിരുമേനിയുടെ ചില ഗവേഷണങ്ങളിലുണ്ടായ ഈ സംസ്‌കരണം തന്നെ മറ്റു ഗവേഷണങ്ങളെല്ലാം തികച്ചും ദൈവപ്രീതിക്കനുസൃതമാണെന്നതിനു തെളിവാകുന്നു. 

മൂന്ന്: ഒരു മനുഷ്യന്‍ എന്ന നിലക്ക് അദ്ദേഹം ജീവിതത്തിന്റെ പൊതു ഇടപാടുകളില്‍ നടത്തിയിരുന്ന സംസാരങ്ങള്‍ പ്രവാചകത്വത്തിന്റെ ചുമതലകളുമായി അതിനു ബന്ധമുണ്ടായിരുന്നില്ല. പ്രവാചകത്വലബ്ധിക്കു മുമ്പും അതിനുശേഷവും അത്തരം സംസാരങ്ങള്‍ നടന്നിരുന്നു. ഈ ഇനത്തില്‍പെട്ട കാര്യങ്ങളെ സംബന്ധിച്ച് പ്രഥമമായി മനസ്സിലാക്കിയിരിക്കേണ്ടത് അവ സംബന്ധിച്ച് അവിശ്വാസികള്‍ക്ക് ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല എന്നതാണ്. അവയുടെ പേരില്‍ അവരദ്ദേഹത്തെ ധിക്കാരിയെന്നോ ദുര്‍മാര്‍ഗിയെന്നോ ആരോപിച്ചിരുന്നില്ല. എന്നാല്‍, നേരത്തേ പറഞ്ഞ രണ്ടിനം കാര്യങ്ങളുടെ പേരിലും അവരദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊക്കെ ആരോപണമുന്നയിച്ചിരുന്നു. 

ഈ മൂന്നാമത്തെ ഇനത്തില്‍പെട്ട കാര്യങ്ങള്‍ ഈ ദൈവികവചനം അവതരിക്കുമ്പോള്‍ ചര്‍ച്ചാവിഷയമായിരുന്നില്ല. അതിനാല്‍, ഈ ഇനം കാര്യങ്ങളെക്കുറിച്ചാണീ സൂക്തമെന്നു കരുതുന്നത് സംഗതമല്ല. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അവ ചര്‍ച്ചക്ക് പുറത്താണ് എന്നതോടൊപ്പം മറ്റൊരു സംഗതികൂടി അനുസ്മരിക്കേണ്ടതുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ സ്വകാര്യവശങ്ങളില്‍പോലും അവിടുത്തെ തിരുവായില്‍നിന്ന് സത്യവിരുദ്ധമായി ഒന്നും പുറത്തുവന്നിരുന്നില്ല എന്നുള്ളതാണത്. ഏതു സന്ദര്‍ഭത്തിലും പ്രവാചകത്വപരവും ഭക്തിമയവുമായ ജീവിതത്തിന് അല്ലാഹു നിശ്ചയിച്ചുകൊടുത്ത പരിധികള്‍ക്കകത്ത് ഉള്‍ക്കൊള്ളുന്നതായിരുന്നു അവിടുത്തെ വാക്കും പ്രവൃത്തിയും. അതിനാല്‍, ദിവ്യബോധനത്തിന്റെ ചൈതന്യം അതിലും പ്രവര്‍ത്തിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം ചില സ്വഹീഹായ ഹദീസുകളിലൂടെ തിരുമേനി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ് (തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറത്തുന്നജ്മിലെ നാലാം ആയത്തിന്റെ വ്യാഖ്യാനം).

 

എന്താണ് സുന്നത്ത്?

യഥാര്‍ഥത്തില്‍ സുന്നത്ത് വഹ്‌യാണോ, അല്ലേ എന്ന തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കണമെങ്കില്‍ സുന്നത്ത് എന്താണ് എന്നതില്‍ ആദ്യം തീര്‍പ്പുണ്ടാവണം. പ്രവാചകന്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്റെ മനുഷ്യപ്രകൃതിയുടെ ഭാഗമായി വന്നിട്ടുള്ള സംസാരം, പെരുമാറ്റം, ജീവിത ശൈലി, ഭക്ഷണക്രമം തുടങ്ങിയവക്ക് സുന്നത്ത് എന്ന് പ്രയോഗിക്കാറുണ്ട്. അല്ലാഹുവിന്റെ സന്ദേശവാഹകന്‍ (റസൂല്‍) എന്ന അര്‍ഥത്തില്‍ നബിയില്‍ നിന്നുണ്ടായിട്ടുള്ള കാര്യങ്ങള്‍ക്കും സുന്നത്ത് എന്ന് പറയാറുണ്ട്. ഇസ്‌ലാമിലെ മൗലിക പ്രമാണങ്ങളില്‍ രണ്ടാമത്തേതായിട്ടാണ് ഈ സുന്നത്ത് വരിക. ഖുര്‍ആനും സുന്നത്തും എന്ന് പറയുമ്പോള്‍ ഉദ്ദേശ്യം അതാണ്. ഈയര്‍ഥത്തില്‍ തന്നെ സുന്നത്ത് എന്ന പദം ധാരാളമായി വന്നിട്ടുണ്ട്. എന്നല്ല, അങ്ങനെയേ വന്നിട്ടുള്ളൂ എന്ന് പറയാവുന്നത്രയും തവണ ഈ പദം വന്നിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക. 

നബി(സ) പറഞ്ഞു: ''എനിക്കുശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ സുന്നത്തും (ചര്യയും), സദ്വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവിന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്'' (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്നുമാജ: 42).

തന്റെ മരണത്തിന് കുറച്ചു ദിവസം മുമ്പ് പ്രവാചകന്‍ വിശ്വാസികളോട് പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്കു വേണ്ടി രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചുപോവുകയാണ്. അവ രണ്ടും മുറുകെപ്പിടിക്കുന്നേടത്തോളം കാലം നിങ്ങളിലാരും വഴിപിഴച്ചുപോവുകയില്ല. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ സുന്നത്തുമാണത്'' (ഇമാം മാലിക് മുവത്വയില്‍ ഉദ്ധരിച്ചത്: 1628,  അല്‍ബാനി ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്).

ഇവിടെയെല്ലാം സുന്നത്ത് പ്രയോഗിച്ചിരിക്കുന്നത് വഹ്‌യ് എന്ന അര്‍ഥത്തില്‍ തന്നെയാണ്. പ്രവാചകനില്‍നിന്നുള്ളതാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവയുടെ സ്ഥാനം പ്രമാണം തന്നെയായി. എന്നുവെച്ചാല്‍ അത്തരം സുന്നത്ത് വഴി സ്ഥിരപ്പെട്ട ഒരു വിധിയും സാക്ഷാല്‍ ഖുര്‍ആന്‍ വഴി സ്ഥിരപ്പെട്ട വിധിയും തമ്മില്‍ യാതൊരന്തരവും ഇല്ല. ഉദാഹരണമായി  സഹോദരിമാരെ ഒരുമിച്ച്  വിവാഹം കഴിക്കല്‍ ഹറാമാണ്. ഇത് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട വിധിയാണ്. ഇതുപോലെ ഒരു സ്ത്രീയെയും അവളുടെ അമ്മായിയെയും ഒരുമിച്ച് വിവാഹം ചെയ്യലും ഹറാം തന്നെ. എന്നാല്‍ ഈ വിധി സ്ഥിരപ്പെട്ടിട്ടുള്ളത് സുന്നത്തിലൂടെയാണ്. ഇത് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ല.

പരാമര്‍ശം വന്നത് ഹദീസില്‍ ആയിപ്പോയി എന്നതുകൊ് നിഷിദ്ധതയുടെ ഗൗരവം ഒട്ടും കുറയുന്നില്ല. കാരണം അല്ലാഹു വിന്റെ വിധി തന്നെയാണ് റസൂലും നമ്മോട് വിശദീകരിക്കുന്നത്. അല്ലാഹു പ്രവാചകനെ നിയോഗിച്ചതിന്റെ ലക്ഷ്യവും അതു തന്നെയാണ്. ഇക്കാര്യം അല്ലാഹു തന്നെ വ്യക്തമാക്കിയത് കാണുക: ''താങ്കള്‍ക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നത് താങ്കള്‍ ജനങ്ങള്‍ക്കത് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടിയാകുന്നു'' (അന്നഹ്ല്‍ 44). സൂറത്തുന്നിസാഇലെ 113-ാം ആയത്തില്‍ പറയുന്നു: ''അല്ലാഹു താങ്കള്‍ക്ക് ഗ്രന്ഥവും ഹിക്മത്തും അവതരിപ്പിച്ചുതരികയും താങ്കള്‍ക്കറിവില്ലാത്തത് പഠിപ്പിച്ചുതരികയും ചെയ്തു. അല്ലാഹു താങ്കള്‍ക്ക് നല്‍കിയ അനുഗ്രഹം വളരെ വലുതാണ്.'' ആയത്തില്‍ പരാമര്‍ശിച്ച ഹിക്മത്ത് കൊണ്ടുള്ള വിവക്ഷ നബി(സ)യുടെ സുന്നത്താണെന്നും സുന്നത്ത് അംഗീകരിക്കാതെ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുക ക്ഷിപ്രസാധ്യമല്ലെന്നും അതുകൊണ്ടുതന്നെ അതിനെ അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്നും നിരവധി തെളിവുകളുടെ വെളിച്ചത്തില്‍ ഇമാം ശാഫിഈ(റ) സമര്‍ഥിക്കുന്നു്.

കൂടാതെ, ഖുര്‍ആനില്‍ പലയിടത്തും വേദത്തെപ്പറ്റി പറഞ്ഞതിനുശേഷം ഹിക്മത്തിനെ പരാമര്‍ശിച്ചതായി അല്‍ബഖറ 231, ആലുഇംറാന്‍ 164, സൂറത്തുല്‍ ജുമുഅഃ 3, അഹ്സാബ് 34 തുടങ്ങിയ സൂക്തങ്ങളിലും കാണാന്‍ കഴിയും. ധാരാളം തിരുവചനങ്ങളിലും ഈ പരാമര്‍ശം കാണാം. ''അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും'' (ആലു ഇംറാന്‍:48). ഇവിടെ അല്ലാഹു പ്രവാചകന്  അവതരിപ്പിച്ച ഹിക്മത്ത് (യുക്തിജ്ഞാനം) കൊണ്ട് ഉദ്ദേശ്യം സുന്നത്താണ് എന്ന് അധികാരിക തഫ്‌സീറുകളില്‍ കാണാം. 

ഇമാം ഇബ്‌നു ജരീര്‍ അത്ത്വബരി ഖതാദയില്‍ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഹിക്മത്ത് എന്നാല്‍ സുന്നത്താണ് (തഫ്‌സീറുത്തബരി: 7119).

ഇമാം ഖുര്‍ത്വുബി പറയുന്നു: ഹിക്മത്ത് എന്നാല്‍ സുന്നത്താണ്. വിധിവിലക്കുകളുടെയും നിയമനിര്‍ദേശങ്ങളുടെയും  വിശദീകരണം. അദ്ദേഹം പറഞ്ഞു: (175/3) ഖുര്‍ആനില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം നബി(സ)യുടെ നാവിലൂടെ വിശദീകരിക്കപ്പെട്ട സുന്നത്താണത്. അദ്ദേഹം പറഞ്ഞു: (5/328) ഹിക്മത്ത് എന്നാല്‍ വഹ്‌യ് അനുസരിച്ച് വിധിക്കലാണ് (തഫ്‌സീറുല്‍ ഖുര്‍ത്വ്ബി: 2/130).

ഇമാം ഇബ്‌നു കസീര്‍ പറഞ്ഞു: അബൂമാലിക് പറഞ്ഞു: ഹിക്മത്ത് എന്നാല്‍ സുന്നത്താണ് (തഫ്‌സീര്‍ ഇബ്‌നു കസീര്‍). മാത്രമല്ല, ഇതേ കാര്യം റസൂലും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ''എനിക്ക് ഖുര്‍ആനും (അതിന്റെ വിവരണമായി) അത്രതന്നെ വേറെയും നല്‍കപ്പെട്ടു'' (അബൂദാവൂദ്, ഇബ്നുമാജ).

ഇവിടെ ചര്‍ച്ചക്ക് ഇടയായ ആയത്തിനെപ്പറ്റി പറയുകയാണെങ്കില്‍, അതുകൊണ്ട് ഖുര്‍ആന്‍ മാത്രമേ ഉദ്ദേശ്യമുള്ളൂ എന്നു പറഞ്ഞാല്‍ അതും ശരിയല്ല. കാരണം ഒരു വിഭാഗം  അങ്ങനെയൊരു വ്യാഖ്യാനം നല്‍കിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതു മാത്രമാണ് ശരി എന്നത് നിലനില്‍ക്കില്ല.

പ്രസ്തുത ആയത്തിന്റെ വിശദീകരണത്തില്‍ മുഫസ്സിറുകള്‍ പറഞ്ഞത് കാണുക. ഇമാം റാസി പറയുന്നു: 'എനിക്ക് ദിവ്യബോധനമായി ലഭിക്കുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല' എന്ന ആയത്തിന്റെ ബാഹ്യാര്‍ഥമനുസരിച്ച് നബി വഹ്‌യനുസരിച്ചല്ലാതെ ഒന്നും ചെയ്യുകയില്ല എന്നാണ്. ഇത് രണ്ട് കാര്യങ്ങളിലേക്ക് വഴിതെളിയിക്കുന്നു. ഒന്ന്: നബി(സ) ഒരു വിധിയിലും സ്വന്തം നിലക്ക് വിധി കല്‍പ്പിച്ചിരുന്നില്ല, അതുപോലെ സ്വന്തം നിലക്ക് ഇജ്തിഹാദും നടത്തിയിരുന്നില്ല, മറിച്ച് അവിടുത്ത സര്‍വവിധികളും വഹ്‌യിന്റെ അടിസ്ഥാനത്തില്‍ ഉള്ളവയായിരുന്നു എന്ന ആയത്ത് മുഖേന ഇത് കൂടുതല്‍  ബലപ്പെടുകയും ചെയ്യുന്നു (തഫ്‌സീറുര്‍റാസി: സൂറ: അല്‍ അന്‍ആം).

ഇമാം ബഗവി തന്റെ തഫ്‌സീറില്‍ ഈ സൂക്തങ്ങള്‍ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു: (ഇന്‍ഹുവ) അതല്ല എന്നു പറഞ്ഞതിന്റെ താല്‍പര്യം, മതപരമായി തിരുമേനി സംസാരിച്ചതിനെ പറ്റിയാണ്, ഖുര്‍ആനിനെപ്പറ്റിയാണെന്നും അഭിപ്രായമുണ്ട് (മആലിമുത്തന്‍സീല്‍: സൂറത്തുന്നജ്മ്).

ഇമാം ഖുര്‍ത്വുബി പറഞ്ഞു: കര്‍മാനുഷ്ഠാനത്തില്‍ അവതീര്‍ണമായ വഹ്‌യ് പോലെത്തന്നെയാണ് സുന്നത്തുമെന്ന് ഈ ആയത്തില്‍ തെളിവുണ്ട് (തഫ്‌സീര്‍ ഖുര്‍ത്വുബി, സൂറത്തുന്നജ്മ്).

ഇമാം ശൗകാനി പറഞ്ഞു: ''പ്രവാചകന്‍ സ്വേഛാനുസാരം ഒന്നും മൊഴിയുകയില്ല എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മൊഴികളൊന്നും ഇഛക്കനുസരിച്ച്  പുറപ്പെടുന്നതല്ല, അത് ഖുര്‍ആനാകട്ടെ, അല്ലാത്തതാകട്ടെ'' (ഫത്ഹുല്‍ ഖദീര്‍).

ശൈഖ് സര്‍ഖാനി, ഉലൂമുല്‍ ഖുര്‍ആനില്‍ വിരചിതമായ ലോകപ്രശസ്ത ഗ്രന്ഥത്തില്‍ പറയുന്നു: ഖുര്‍ആനും സുന്നത്തും രണ്ടും ജിബ്‌രീല്‍ വഴി അവതരിച്ച വഹ്‌യാണ്. പ്രവാചകന്‍ സ്വേഛാനുസാരം ഒന്നും മൊഴിയുകയില്ല, അത് തനിക്ക് ലഭിക്കുന്ന ദിവ്യബോധനമനുസരിച്ചു മാത്രമായിരിക്കും എന്ന അല്ലാഹുവിന്റെ വചനമാണതിന് തെളിവ്. അതിനാല്‍ ജിബ്‌രീല്‍ വഴി അവതീര്‍ണമായത് ഖുര്‍ആന്‍ മാത്രമാണെന്ന ജല്‍പനം അബദ്ധമാണ് (മനാഹിലുല്‍ ഇര്‍ഫാന്‍).

ഖുര്‍ആനും സുന്നത്തും നേര്‍ക്കുനേരെ വായിച്ച് നിഗമനത്തിലെത്തുന്നതിലെ അപകടം മുന്‍കൂട്ടി കണ്ട് പണ്ഡിതന്മാര്‍ അതിന് കൃത്യമായ ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഈ പറഞ്ഞ തത്ത്വം. പൊതുവായ പ്രയോഗങ്ങള്‍ വന്നതുകൊണ്ട് അവക്ക് അപവാദമില്ല എന്ന തീര്‍പ്പിലെത്തിക്കൂടാ എന്നര്‍ഥം.

ഇനി ഫുഖഹാക്കള്‍ പറഞ്ഞതു കൂടി കാണുക: ഇമാം ഗസാലി പറയുന്നു: മൗലിക പ്രമാണങ്ങളില്‍ രണ്ടാമത്തേത് അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്താണ്. റസൂലിന്റെ വാക്കുകള്‍ പ്രമാണമാണെന്ന കാര്യം, അദ്ദേഹത്തിന്റെ സത്യസന്ധത ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിഞ്ഞതിനാലും അദ്ദേഹത്തെ അനുധാവനം ചെയ്യണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെട്ടതിനാലും പ്രവാചകന്‍ സ്വേഛാനുസാരം ഒന്നും മൊഴിയുകയില്ല എന്നതിനാലും അത് തനിക്ക് ലഭിക്കുന്ന ദിവ്യബോധനമനുസരിച്ചു മാത്രമായിരിക്കുമെന്നതിനാലും (അന്നജ്മ്: 3, 4) തെളിഞ്ഞ കാര്യമാണ്. എന്നാല്‍ വഹ്‌യില്‍ ചിലത് പാരായണം ചെയ്യപ്പെടുന്നു. അതാണ് കിതാബ് എന്നറിയപ്പെടുന്നത്. മറ്റു ചിലത് പാരായണം ചെയ്യപ്പെടുന്നതല്ല, അതത്രെ സുന്നത്ത് (അല്‍ മുസ്തസ്ഫാ: 1/103).

ഇമാം ഇബ്‌നു ഹസം  പറയുന്നു: നിയമ വ്യവസ്ഥയുടെ അടിസ്ഥാന സ്രോതസ്സ് ഖുര്‍ആനാണെന്ന് നാം വ്യക്തമാക്കിയപ്പോള്‍ നാം പരിശോധിക്കുകയുണ്ടായി. അപ്പോള്‍ പ്രവാചകന്റെ ആജ്ഞാ നിര്‍ദേശങ്ങളെ അനുസരിക്കേണ്ടത് അനിവാര്യമാണെന്ന് അതിലുള്ളതായി നാം കണ്ടു. അതുപോലെ  പ്രവാചകനെപ്പറ്റി  അദ്ദേഹം 'സംസാരിക്കുന്നത് സ്വന്തം ഇഛയനുസരിച്ചല്ല. പ്രത്യുത  തനിക്കു നല്‍കപ്പെട്ട ദിവ്യബോധനമനുസരിച്ചു മാത്രമാണ്' എന്നു വിശേഷിപ്പിച്ചതും  അതിലുള്ളതായി നാം കാണുകയുണ്ടായി. അപ്പോള്‍ റസൂലി(സ)ന് അല്ലാഹുവില്‍നിന്ന്  ലഭിച്ച വഹ്‌യ് (ദിവ്യബോധനം) രണ്ട് വിധത്തില്‍ ഉണ്ടെന്ന് വ്യക്തമാകുന്നു.

ഒന്ന്: പാരായണം ചെയ്യപ്പെടുന്നതും, രേഖപ്പെടുത്തപ്പെട്ടതും, അമാനുഷിക ദൃഷ്ടാന്തവുമായ വഹ്‌യ്, അതാണ് ഖുര്‍ആന്‍.

രണ്ട്: നിവേദനം ചെയ്യപ്പെടുന്നതും ഉദ്ധരിക്കപ്പെട്ടതുമായ വഹ്‌യ്. അവ രേഖപ്പെടുത്തപ്പെട്ടതോ അമാനുഷികമോ ഓതുന്നതോ അല്ല. എന്നാല്‍ അത്  വായിക്കപ്പെടുന്നതാണ്. അതാണ് പ്രവാചകനില്‍നിന്ന് സ്ഥിരപ്പെട്ട  സുന്നത്ത്. നമ്മുടെ കൂട്ടത്തില്‍ അല്ലാഹു എന്താണുദ്ദേശിക്കുന്നതെന്ന്  വിശദീകരിക്കുന്നത് അദ്ദേഹമാണ്. 'ജനങ്ങള്‍ക്കായി അവതീര്‍ണമായത് താങ്കള്‍ അവര്‍ക്ക്  വിശദീകരിച്ച് കൊടുക്കാന്‍ വേണ്ടി' (അന്നഹ്ല്‍-44) എന്നാണ് അല്ലാഹു പറയുന്നത്. ആദ്യ വിഭാഗത്തില്‍  പറഞ്ഞ വിശുദ്ധ ഖുര്‍ആനിനെ പിന്‍പറ്റല്‍ നിര്‍ബന്ധമാക്കിയതുപോലെ ഈ പറഞ്ഞ ദിവ്യബോധനത്തെയും പിന്‍പറ്റല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അവക്കിടയില്‍ യാതൊരു വ്യത്യാസവും ഇല്ല. അല്ലാഹു പറയുന്നു: ''വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം'' (അന്നിസാഅ് 59).

ഇമാം ഇബ്‌നു ഹസം പറയുന്നു: പ്രവാചകന്റെ കല്‍പനകളെ നാം അനുധാവനം ചെയ്യുന്നത് അവയെല്ലാം അല്ലാഹുവിന്റെ അടുക്കല്‍നിന്നുള്ളതാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹം ഒരിക്കലും തന്നിഷ്ടപ്രകാരം സംസാരിക്കുക സംഭവ്യമല്ല. അല്ലാഹു പറയുന്നു: 'അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല. ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യബോധനം മാത്രമാണ്' (അന്നജ്മ് 3,4). (അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം- 1/94)

അദ്ദേഹം തുടരുന്നു: ഖുര്‍ആനും സ്വഹീഹായ ഹദീസും പരസ്പരപൂരകങ്ങളാണ്. ഇവ രണ്ടും അല്ലാഹുവിങ്കല്‍നിന്നുള്ളതാണ് എന്ന വസ്തുത പരിഗണിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ രണ്ടും രണ്ടല്ല, മറിച്ച് ഒന്നു തന്നെയാണ്. നിര്‍ബന്ധമായും അനുധാവനം ചെയ്യപ്പെടേണ്ടവയാണ് ഇവ രണ്ടും എന്ന കാര്യവും ഇങ്ങനെ തന്നെയാണ് കാണാന്‍ കഴിയുക (അതേ പുസ്തകം- 1/97).

ഇമാം സുയൂത്വി പറഞ്ഞു: വഹ്‌യ് രണ്ട് തരത്തിലുണ്ട്, എഴുതി രേഖപ്പെടുത്താനും, ആരാധനാകര്‍മം എന്ന നിലയില്‍ ഓതി പ്രതിഫലം നേടാനും നാം നിര്‍ദേശിക്കപ്പെട്ട ഇനം. അതാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍ അങ്ങനെ എഴുതിസൂക്ഷിക്കാനോ, ആരാധനാകര്‍മം എന്നര്‍ഥത്തില്‍ ഓതാനോ നാം നിര്‍ദേശിക്കപ്പെടാത്ത മറ്റൊരിനം വഹ്‌യുണ്ട്, അതാണ് സുന്നത്ത് (അദ്വാഉല്‍ ബയാന്‍: 8/37).

ചുരുക്കത്തില്‍ ഈ ആയത്തിന്റെ വിവക്ഷയില്‍ സുന്നത്ത് കൂടി ഉള്‍പ്പെടുമെന്ന് പറഞ്ഞത് നിസ്സരക്കാരല്ല എന്നും അതും പരിഗണനീയമായ വീക്ഷണമാണെന്നും തന്നെയാണ് ബോധ്യമാകുന്നത്. അതേപോലെ മുഹമ്മദ് നബിയാകുന്ന മനുഷ്യനില്‍ നിന്ന് മനുഷ്യപ്രകൃതിയുടെ ഭാഗമായി ഉാകാവുന്ന ജീവിതശൈലി, സ്വഭാവം, ശീലം, നടപ്പ് തുടങ്ങി എല്ലാം ചേര്‍ന്നതാണ് ചര്യ എന്നതുകൊ് ഉദ്ദേശ്യമെങ്കില്‍ അതില്‍ വഹ്‌യല്ലാത്തതും ഉണ്ട്. എന്നതാണ് വസ്തുത. ഇവ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്നത് വിശദീകരണം അര്‍ഹിക്കുന്നതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍