Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഘടനാമാറ്റവും കര്‍തൃത്വ പരിണാമങ്ങളും മുസ്‌ലിംകളുടെ ധര്‍മ സങ്കടങ്ങള്‍

സി.കെ അബ്ദുല്‍ അസീസ്

ബാബരിയാനന്തര ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവനവും ശാക്തീകരണവും

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിയന്തരാവസ്ഥാനന്തരം, ബാബരിയാനന്തരം എന്നൊക്കെയുള്ള പ്രത്യേക കാലഗണനാ രീതിയുപയോഗിച്ച് വിശകലനം ചെയ്യുന്നത്, ഒരുപക്ഷേ, പ്രസ്തുത സംഭവങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം ഊന്നിപ്പറയുന്നതിന് കൂടുതല്‍ സൗകര്യപ്രദമായിരിക്കാം. പ്രത്യക്ഷത്തില്‍ ഇതില്‍ ശരികേടൊന്നും കാണുന്നില്ലെങ്കിലും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ മൗലിക ഘടനയിലും സ്വഭാവത്തിലും സംഭവിച്ച മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു ഈ സംഭവങ്ങള്‍ എന്ന വസ്തുതയെ അപ്രധാനമാക്കുന്ന തരത്തില്‍, ഈ ഊന്നലുകളെ രാഷ്ട്രീയ വിശകലനങ്ങളുടെ കേന്ദ്രസ്ഥാനത്തിരുത്തുന്നത് വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ കൃത്യമായി അപഗ്രഥിക്കുന്നതിന് ഒട്ടും തന്നെ സഹായകരമാവില്ല എന്നാണെന്റെ പക്ഷം. നിര്‍ഭാഗ്യവശാല്‍, നമ്മുടെ അക്കാദമിക രംഗത്തും രാഷ്ട്രീയ ധൈഷണിക രംഗത്തും അങ്ങനെയൊരു പ്രവണത നിലനില്‍ക്കുന്നുണ്ട്. ഈ പ്രവണതയുടെ സ്വാധീനഫലമായി, 1975-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരണഘടനാദത്തമായ അധികാരമുപയോഗിച്ച് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഫലമായിട്ടാണ് ദേശീയ രാഷ്ട്രീയത്തിലും ഭരണരംഗത്തും ഫാഷിസ്റ്റ്ശക്തികള്‍ പിടിമുറുക്കിത്തുടങ്ങിയത് എന്ന നിഗമനം വളരെ ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. രണ്ടു തരം വാദമുഖങ്ങളാണ് ഇക്കാര്യത്തില്‍ മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ളത്. ഒന്ന്, അടിയന്തരാവസ്ഥയുടെ കാരണമായി കരുതിപ്പോരുന്ന ഇന്ദിരാഗന്ധിയുടെ ഏകാധിപത്യവാസനയില്‍ കേന്ദ്രീകരിച്ചുള്ളതും രണ്ടാമത്തേത്, അതിന്റെ അനന്തരഫലമായി രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തുമുണ്ടായ ഫാഷിസ്റ്റ്‌വല്‍ക്കരണത്തില്‍ കേന്ദ്രീകരിച്ചുള്ളതുമാണ്. ''ജനാധിപത്യ സംവിധാനത്തെ കാത്തുരക്ഷിക്കുന്നതിന് അനിവാര്യമായ നടപടിയാണ് അടിയന്തരാവസ്ഥയെന്ന ആഖ്യാനമാണ് ഇന്ദിരാഗാന്ധി അവലംബിച്ചത്. വലതുപക്ഷ അട്ടിമറിയെ പറ്റിയുള്ള ഭീഷണിയും മുന്‍കരുതലും ദേശരാഷ്ട്ര സ്വത്വത്തിന്റെ അവിഭാജ്യഘടകമായി ഇന്ദിരാ ഗാന്ധി അവതരിപ്പിക്കുകയായിരുന്നു. സര്‍ക്കാറിനെതിരായ പ്രക്ഷോഭണത്തെ ദേശവിരുദ്ധതയുമായി തുല്യം ചാര്‍ത്തിയ ശ്രീമതി ഗാന്ധിയുടെ ഈ തന്ത്രം പില്‍ക്കാലത്ത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഖമുദ്രയായി മാറുകയും അടിയന്താരാവസ്ഥയുടെ നൈരന്തര്യമായി നമ്മെ ഇപ്പോഴും വലയം ചെയ്യുകയും ചെയ്യുന്നു. പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടത്തിന്റെ ആശയാടിത്തറയുടെ ആണിക്കല്ലായി മാറിയ ദേശഭക്തി രൂപാന്തരപ്രാപ്തി നേടിയെന്നതാണ് രാഷ്ട്രീയ ചരിത്രത്തില്‍ അടിയന്തരാവസ്ഥയെ വ്യതിരിക്തമാക്കുന്ന ഒരു ഘടകം.'' (കാക്കി കക്കയം, കെ.പി സേതുനാഥ്. ഡി.സി ബുക്‌സ് പേജ് 59).

അടിയന്താരവസ്ഥാ വിശകലനങ്ങളുടെ പുതിയ രീതിക്കൊരു ഉദാഹരണമാണിത്. വിധ്വംസകാത്മക ദേശഭക്തി അടിയന്തരാവസ്ഥയുടെ ഉല്‍പന്നമാണെന്നു വന്നാല്‍, അടിയന്തരാവസ്ഥക്ക് ശേഷമുണ്ടായ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും ബാബരി ധ്വംസനത്തെയും തുടര്‍ന്നുണ്ടായ സംഘ്പരിവാറിന്റെ മുന്നേറ്റങ്ങളെയുമെല്ലാം അതുമായി കൂട്ടിക്കെട്ടാനാവും. 

ദേശഭക്തിയുടെ വിധ്വംസകാത്മക രൂപം ചരിത്രത്തില്‍ വെളിവാക്കപ്പെട്ടത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ നടന്ന രണ്ട് ലോക യുദ്ധങ്ങളിലൂടെയാണ്. ഭരണകൂടഭക്തിയില്‍നിന്നും ഭരണവര്‍ഗഭക്തിയില്‍നിന്നും വേര്‍പ്പെടുത്തി ദേശഭക്തിയെന്ന പ്രതിഭാസത്തെ നിര്‍വചിക്കുകയെന്നതുതന്നെ അസാധ്യമാണ്.

ദേശീയതയാണ് ദേശഭക്തിയുടെ പൊക്കിള്‍കൊടി. മുതലാളിത്ത കമ്പോളങ്ങളുടെ രാജ്യാന്തര വികാസമാണ് ദേശീയതയെ ചരിത്രപരമായി അനിവാര്യമാക്കിയത്. കമ്പോളങ്ങള്‍ക്ക് വേണ്ടിയുള്ള കിടമത്സരവും സാമ്രാജ്യത്വ മൂലധന താല്‍പര്യങ്ങളും മുതലാളി വര്‍ഗത്തെ ദേശാതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ വിഘടിപ്പിച്ചു. ഈ കിടമത്സരത്തില്‍ ഭരണവര്‍ഗങ്ങള്‍ക്ക് സാമാന്യ ജനതയുടെ പിന്തുണ നേടാനും വര്‍ഗമേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാനുമുള്ള ആശയപരമായ ഉപകരണമായിട്ടാണ് ദേശീയത രംഗപ്രവേശം നടത്തുന്നത്. ദേശഭക്തി (Patriotism) എന്നത്, ഈയര്‍ഥത്തില്‍, പ്രധാനമായും മുതലാളി വര്‍ഗത്തിന്റെ കമ്പോളയുക്തികളുടെയും താല്‍പര്യങ്ങളുടെയും വ്യാജനിര്‍മിതിയായിട്ടാണ്  Prof. Harold J. Laski യെപ്പോലുള്ളവര്‍ നിര്‍വചിക്കുന്നത്.  (A Grammer of Politics - H J Laski). Earnest Gellmer, Eric Hobswarmer    തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ധൈഷണികര്‍ ദേശീയതയുടെയും ദേശഭക്തിയുടെയും ഭരണവര്‍ഗങ്ങളുമായുള്ള കെട്ടുബന്ധങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഭരണ വര്‍ഗങ്ങളുടെ കമ്പോളതാല്‍പര്യങ്ങളില്‍നിന്നും വ്യത്യസ്തമായി, ചിലപ്പോള്‍ അതിന് വിരുദ്ധമായി, ദേശസ്‌നേഹത്തിന്റെ ഒരു ജനപക്ഷം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന ചിന്താഗതി രണ്ടാംലോക മഹായുദ്ധാനന്തരം ജര്‍മനിയിലെ ധൈഷണികര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരികയുണ്ടായി.  Constitutional Patriotsim (ഭരണഘടനാധിഷ്ഠിത ദേശസ്‌നേഹം) എന്ന് നിര്‍വചിക്കപ്പെടുന്ന ഈ ചിന്താഗതിയെ പില്‍ക്കാലത്ത് ഹേയ്ബര്‍മാസ് സൈദ്ധാന്തികമായി വികസിപ്പിക്കുകയുണ്ടായി എന്നതും സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. ചുരുക്കത്തില്‍, വിധ്വംസകാത്മക ദേശഭക്തി, കമ്പോള മത്സരത്തിന്റെ വിധ്വംസകാത്മക സ്വഭാവവുമായി ബന്ധപ്പെട്ട് ആവിര്‍ഭവിക്കുകയും വളരുകയും ചെയ്യുന്ന പ്രതിഭാസമാണ്. ഇന്ത്യയുടെ ആഭ്യന്തര കമ്പോളത്തിന്റെ വിധ്വംസകാത്മക സ്വഭാവം പ്രകടമാവുന്നത് സാമ്പത്തിക ഉദാരീകരണ കാലഘട്ടം മുതലാണ്. വിധ്വംസകാത്മക ദേശഭക്തിയും ബാബരി ധ്വംസന കാലഘട്ടവും തമ്മിലാണ് കൂടുതല്‍ അടുപ്പം എന്നാണിത് സൂചിപ്പിക്കുന്നത്.

ദേശഭക്തി ഒരു നൂതന പ്രതിഭാസമല്ല. ദേശീയതയാണ് ദേശഭക്തിയുടെ പൊക്കിള്‍കൊടി. ഭരണകൂട ഭക്തി ആവിര്‍ഭവിച്ചത് ഭരണവര്‍ഗ ഭക്തി, ദേശ ഭക്തി എന്നൊക്കെയുള്ള രൂപങ്ങളിലാണ്. വാസ്തവത്തില്‍ ദേശഭക്തിയെന്ന സങ്കേതം സ്വയംഭൂവല്ല, ഭരണവര്‍ഗങ്ങള്‍ സന്ദിഗ്ധാവസ്ഥ നേരിടുമ്പോള്‍ ഭരിക്കപ്പെടുന്നവരില്‍ അടിച്ചേല്‍പിച്ചതാണെന്ന് യൂറോപ്യന്‍ ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കോളനിവിരുദ്ധ സമരത്തിലൂടെ രൂപീകൃതമായ ഇന്ത്യന്‍ ദേശീയതയുടെ സമ്മതിയും ഉള്‍ക്കൊള്ളല്‍ സ്വഭാവവും സ്വാതന്ത്ര്യത്തിനു ശേഷം ദേശീയ ഭരണകൂടം സ്ഥാപിക്കപ്പെട്ടതോടെ താരതമ്യേന ദുര്‍ബലമായി. ഇത് സ്വാഭാവികമാണ്. ഭരണ വര്‍ഗങ്ങള്‍ ഭരണകൂടമായി പരിണമിക്കുമ്പോഴുണ്ടാവുന്ന ഈ മാറ്റമൊഴിച്ചാല്‍, ദേശഭക്തിക്ക് ഒരു പോസ്റ്റ്-കൊളോണിയല്‍ പ്രത്യേകത്വം കല്‍പിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും ഭരണ വര്‍ഗങ്ങള്‍ക്കിടയിലെ അധികാര കിടമത്സരങ്ങള്‍ ഉപയുക്തമാക്കപ്പെടുന്ന സാമ്പത്തിക-സാംസ്‌കാരിക ചേരുവകളുടെ പ്രത്യേക സ്വഭാവമനുസരിച്ച് ദേശഭക്തിയുടെ രാഷ്ട്രീയമായ ഉപയോഗ്യതയുടെയും വിനിമയത്തിന്റെയും വിനിയോഗത്തിന്റെയും മൂല്യത്തിലും രീതിയിലുമെല്ലാം മാറ്റം വന്നിട്ടുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ക്ക് തന്നെ പശു, ദേശഭക്തിയുടെ രാഷ്ട്രീയ ചിഹ്നമായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളിലും പശുവെന്ന സാംസ്‌കാരിക ചിഹ്നത്തിന് രാഷ്ട്രീയ മൂല്യം കൈവരികയുണ്ടായി. അതുകൊണ്ടാണല്ലോ മതേതര ഭരണഘടനയില്‍ ഗോവധ നിരോധനം ഒരു വിഷയമായിത്തീര്‍ന്നത്. ബാബരി മസ്ജിദ് പ്രശ്‌നവല്‍ക്കരിക്കപ്പെട്ടു തുടങ്ങിയത് 1949 ഡിസംബര്‍ മുതലാണെങ്കിലും ശ്രീരാമന്‍ എന്ന ഹൈന്ദവ അവതാരസങ്കല്‍പത്തിന് രാഷ്ട്രീയ പരിവേഷം ചാര്‍ത്തപ്പെട്ടത് അടിയന്തരാവസ്ഥക്കു ശേഷമാണ്. എന്നാല്‍, അടിയന്തരാവസ്ഥയുടെ അനന്തരഫലമായിട്ടാണ് ഇത് സംഭവിച്ചത് എന്ന് കരുതുന്നത് യുക്തിസഹമല്ല.

1976-നു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അലകും പിടിയും നിര്‍മിച്ചത് ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് എന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. അതിനുമുമ്പുതന്നെ രാഷ്ട്രീയ ഘടനയില്‍ അന്തര്‍ഭവിച്ചുകഴിഞ്ഞിരുന്ന മാറ്റത്തിന്റെ അനുരണനങ്ങളാണ് ഇത്തരത്തിലുള്ള ഒരു അസാധാരണ ഭരണനടപടിയിലൂടെ വെളിച്ചത്തു വന്നത്. ഇക്കാര്യത്തില്‍ ഇന്ദിരാ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിന്റെ പങ്കാളിത്തം നിഷേധിച്ചുകൊണ്ട് ഈ പ്രശ്‌നത്തെ സമീപിക്കാനുമാവില്ല.

പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉത്ഥാന കാലമായിട്ടാണ് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ഡോ. രജനി കൊത്താരിയെപ്പോലെയുള്ള രാഷ്ട്രമീമാംസകര്‍ വിലയിരുത്തുന്നത്. ഒരര്‍ഥത്തില്‍ ഇത് ശരിയാണ്. ആദര്‍ശ രാഷ്ട്രീയത്തിന്റെ അസ്തമന കാലത്താണ് ഇന്ദിരാ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവും ഭരണാധികാരിയും ഉദിച്ചുയരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമെന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ ഘടന ആദര്‍ശാത്മക രാഷ്ട്രീയത്തില്‍ അടിയുറച്ചതായിരുന്നു. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം മുന്നോട്ടുവെച്ച മതേതര ബോധത്തിന്റെയും (Seculartiy) ഭരണഘടനാ ജനാധിപത്യത്തിന്റെയും (Constitutional Democracy) കറകളഞ്ഞ പൊതുപ്രവര്‍ത്തനത്തിന്റെയുമെല്ലാം വ്യവസ്ഥാപിത രൂപമെന്ന നിലക്കാണ് ഭരണവും രാഷ്ട്രീയവും പരിരക്ഷിക്കപ്പെട്ടത്. ധാര്‍മിക മൂല്യങ്ങളും ആദര്‍ശശുദ്ധിയുമെല്ലാം പൊതുരംഗത്ത് അവശ്യം അനുഷ്ഠിക്കപ്പെടേണ്ടതാണെന്ന സാമാന്യധാരണ രൂഢമൂലമായിരുന്നു; അപവാദങ്ങള്‍ കണ്ടേക്കാമെങ്കിലും. മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പം ധാര്‍മിക മൂല്യങ്ങള്‍ക്കും ജനങ്ങള്‍ വലിയ വില കല്‍പിച്ചിരുന്നുവെന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഘടനയില്‍ നിര്‍ണായക സ്ഥാനം വഹിച്ച ഒന്നാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം ഭരണവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുവെങ്കിലും ഭരണകൂടം ഭരണവര്‍ഗങ്ങളുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണവര്‍ഗ ഏജന്റ് എന്ന നിലയിലായിരുന്നില്ല. ഭരണവര്‍ഗങ്ങളേക്കാള്‍ ശക്തമായിരുന്നു ഭരണകൂടം. അഥവാ, ഭരണവര്‍ഗങ്ങള്‍ ഏകാത്മകമായ ഒരു വര്‍ഗശക്തിയായി ഭരണകൂടത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന ഒരു അവസ്ഥയിലേക്ക് വളര്‍ന്നിരുന്നില്ല. ഭരണകൂടാധികാരവുമായി താരതമ്യം ചെയ്യുമ്പോള്‍, ബൂര്‍ഷ്വാസിയും ഭൂപ്രഭുത്വവും താരതമ്യേന ദുര്‍ബലവും ശിഥിലവുമായിരുന്നുവെന്ന് 50-കളിലെയും 60-കളിലെയും 70-കളുടെ ആദ്യവര്‍ഷങ്ങളിലെയും അവസ്ഥയെക്കുറിച്ച് ഡോ. രജനി കോത്താരി അഭിപ്രായപ്പെടുന്നുണ്ട് (Rethinking Democracy: Rajani Kothari pp 56). മറ്റൊരുതരത്തില്‍ വിലയിരുത്തുമ്പോള്‍, ഭരണകൂടവും (ടമേലേ) ഗവണ്‍മെന്റും ഏറക്കുറെ ഉദ്ഗ്രഥിതാവസ്ഥയിലായിരുന്നു, അവക്കിടയില്‍ ഒരു ബലാബല ബന്ധം രൂപപ്പെട്ടിരുന്നില്ല എന്നനുമാനിക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ, ഭരണകൂടത്തെ സംരക്ഷകനായി കാണുന്ന ഒരുതരം Protectionism ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരുന്നു. അതേപോലെതന്നെ, ഭരണാധികാരികള്‍ക്കിടയിലും ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന ബോധം സക്രിയമായി നിലനിന്നിരുന്നു. ഈ ബോധപരിസരത്തില്‍നിന്നാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ഘടന രൂപമെടുക്കുന്നത്. ഇതിന് മാറ്റം വരുന്നത് ഇന്ത്യന്‍ മുതലാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിധത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ വ്യവസായവല്‍ക്കരണം ത്വരിത ഗതിയാര്‍ജിച്ചതോടെയാണ്. അത്, അതുവരെയുണ്ടായിരുന്ന ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗ സഖ്യത്തിന്റെ ബലതന്ത്രത്തിലും മാറ്റം വരുത്തി. മൂന്നാം പഞ്ചവത്സരപദ്ധതി മുന്നോട്ടുവെച്ച ത്വരിതഗതിയിലുള്ള വ്യവസായവല്‍ക്കരണം, സാമ്പത്തിക വിഭവ സമാഹരണത്തോടൊപ്പം മുതലാളി വര്‍ഗത്തിന് പ്രതിസന്ധികളും പ്രദാനം ചെയ്തു. മുതലാളിത്തത്തിന്റെ നവോര്‍ജിത മൂലധന സമാഹരണശേഷി അതിനെ കൂടുതല്‍ വികസ്വരമാക്കിത്തീര്‍ത്തു. അതേസമയം, മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പരിമിതികള്‍ അതിന് പ്രതിബന്ധമായി ഭവിക്കുകയും ചെയ്തു. ഭരണകൂടാധികാരവും മുതലാളിവര്‍ഗ താല്‍പര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യത്തെ സമ്പദ് വ്യവസ്ഥയിലൊരുക്കൂട്ടിയ മുരടിപ്പും മാന്ദ്യവും കൂടുതല്‍ മൂര്‍ഛിപ്പിക്കുന്ന സാഹചര്യമാണ് 70-കളുടെ മധ്യത്തോടെ സംജാതമായത്. ഭരണകൂടം നിര്‍വഹിച്ചുവന്ന ദൗത്യം മുതലാളി വര്‍ഗത്തിന് സഹായകരമായിരുന്നെങ്കിലും നയരൂപീകരണവും മുന്‍ഗണനകളും നിശ്ചയിക്കാനുള്ള അധികാരം ഭരണകൂടത്തിനായിരുന്നു. അതേസമയം, ആഭ്യന്തര കമ്പോളത്തിന്റെ വികാസത്തിനും ജനതയുടെ ഉപഭോഗശേഷിയുടെയും വാങ്ങല്‍ശേഷിയുടെയും വര്‍ധനവിനും ഭരണകൂടം അപ്രാപ്തമാവുന്ന ഘട്ടത്തില്‍ സമ്പദ്‌വ്യവസ്ഥയിലെ ഭരണകൂട നിയന്ത്രണങ്ങള്‍ മുതലാളി വര്‍ഗ താല്‍പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന അവസ്ഥ വന്നു. ഈ സാഹചര്യത്തെ മറികടക്കാന്‍ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയെയും ആശ്രയിക്കാനും സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ വാങ്ങല്‍ ശേഷി, പണമൂലധനത്തിന്റെ ഇറക്കുമതിയിലൂടെ സാധ്യമാക്കാനും ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുകയെന്നത് 70-കളിലെ ഇന്ത്യന്‍ മുതലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ അജണ്ടയായി മാറി. ഇന്ത്യയുടെ ഗര്‍ഭപാത്രം വിദേശമൂലധനത്തിനായി തുറന്നിടണമെന്ന വാദം കോണ്‍ഗ്രസിനുള്ളിലും പുറത്തും ശക്തിയാര്‍ജിച്ചത് ഈ കാലത്താണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കാനുള്ള സമ്മര്‍ദങ്ങള്‍ അടിയന്തരാവസ്ഥക്കു മുമ്പു തന്നെ തുടങ്ങിയിരുന്നു. അതോടൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉദാരവല്‍ക്കരണവും സമാരംഭിച്ചുകഴിഞ്ഞിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ (Real Politicking)  പ്രയോക്താവായിരുന്നു ശ്രീമതി ഗാന്ധിയെന്ന് വിലയിരുത്തുന്നവരുണ്ട്. ഒരു പരിധി വരെ അത് ശരിയാണ്. പക്ഷേ, ആദര്‍ശ രാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷ കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി ഇതിനിടയില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്നു വേണം അനുമാനിക്കാന്‍. ഈ സന്തുലിതാവസ്ഥയുടെ തകര്‍ച്ചയായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്ന നിഗമനത്തിലെത്തുന്നതില്‍ തെറ്റില്ല. കാരണം, സമ്പദ്ഘടനയിലും രാഷ്ട്രീയ ഘടനയിലും സംഭവിച്ചുകൊണ്ടിരുന്ന പരിവര്‍ത്തനങ്ങളില്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും തമ്മില്‍ അതുവരെയുണ്ടായിരുന്ന മേല്‍-കീഴ് ബന്ധങ്ങളിലും മൗലികമായ മാറ്റം അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു സന്ദിഗ്ധതയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്കെത്തിച്ചതെങ്കില്‍, ഇന്ദിരാ ഗാന്ധി, ഭരണകൂടത്തിന്റെ സ്വയാധികാരത്തിനൊപ്പം നില്‍ക്കുകയും ഭരണവര്‍ഗങ്ങളുടെ കലാപത്തെ ഭരണഘടനാദത്തമായ അധികാരശക്തി കൊണ്ട് നേരിടുകയും ചെയ്തുവെന്ന നിഗമനത്തിലെത്താവുന്നതാണ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു ശേഷം പാര്‍ലമെന്റിന് മുമ്പാകെ ഇന്ദിരാ ഗാന്ധി സമര്‍പ്പിച്ച ധവളപത്രം പറയുന്നത്, വലതുപക്ഷ അട്ടിമറി ആഭ്യന്തര സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചതിനെക്കുറിച്ചാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടന്ന് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

അടിയന്തരാവസ്ഥക്കു ശേഷമുള്ള രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയം അനുക്രമം വലതുപക്ഷ അട്ടിമറിക്ക് വിധേയമായി എന്നത് നിസ്തര്‍ക്കമാണ്. 1973-ല്‍ ഗുജറാത്തിലെ എ.ബി.വി.പിക്കാര്‍ കാന്റീന്‍ ഭക്ഷണ വിലവര്‍ധനവിനെതിരെ തുടങ്ങിവെച്ച സമരമാണ് പിന്നീട് ബിഹാറിലേക്കും മറ്റിടങ്ങളിലേക്കും വ്യാപിച്ച് വന്‍ജനകീയ പ്രക്ഷോഭമായി മാറിയത്. ജയപ്രകാശ് നാരായണന്റെ രംഗപ്രവേശവും ഇന്ദിരാ ഗാന്ധിക്കെതിരെയുള്ള കോടതി വിധിയും അടിയന്തര കാരണങ്ങളായി കണക്കാക്കാവുന്നതാണ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു ശേഷം ഈ സമരപ്രക്ഷോഭങ്ങളില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയോര്‍ജവും ചോര്‍ന്നൊലിക്കുകയാണുണ്ടായത്. എന്തുകൊണ്ട് എന്ന ഒരു ചോദ്യം ഇപ്പോഴും ബാക്കിയുണ്ട്. എന്തുകൊണ്ടാണ് ദേശവ്യാപകമായി അടിയന്തരാവസ്ഥക്കെതിരെ ഒരു ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരാതിരുന്നത്? ജനകീയ പ്രക്ഷോഭങ്ങളുടെ അഭാവത്തിലും ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസും വന്‍തോതിലുള്ള തെരഞ്ഞെടുപ്പു പരാജയം നേരിടേണ്ടിവന്നതെങ്ങനെ? ഷാ കമീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍, അടിയന്തരാവസ്ഥയില്‍ ജനങ്ങള്‍ക്കെതിരെ ബ്യൂറോക്രസി അഴിച്ചുവിട്ട അതിക്രമങ്ങളുടെ ഒരു നീണ്ട നിരതന്നെ നമുക്ക് കാണാന്‍ സാധിക്കും. ഇതില്‍ ഭൂരിപക്ഷവും നടന്നത് മുസ്‌ലിംകള്‍ക്കെതിരെയാണ്. നിര്‍ബന്ധിത വന്ധ്യംകരണമുള്‍പ്പെടെ, ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ വന്‍തോതില്‍ വേട്ടയാടപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥക്കു മുമ്പും മുസ്‌ലിംകള്‍ അതിക്രമങ്ങള്‍ നേരിട്ടുണ്ട്. പക്ഷേ, അതില്‍ ഭരണകൂടം നേരിട്ടു നടത്തിയവ എണ്ണത്തില്‍ വളരെ കുറവാണ്. വര്‍ഗീയ കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിംവേട്ടകളാണ് അതില്‍ മിക്കതും. എന്നാല്‍ അടിയന്തരാവസ്ഥയില്‍, ഭരണകൂടം നേരിട്ട് മുസ്‌ലിം വേട്ടക്കിറങ്ങി. മൗലികാവകാശ ധ്വംസനങ്ങളും പത്രമാരണ നിയമങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവുമാണ് അടിയന്തരാവസ്ഥയെ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ദുഃസ്വപ്‌നമാക്കി മാറ്റിയത്. പണിമുടക്കുകള്‍ നിരോധിക്കുകയും തൊഴിലാളിവര്‍ഗ സമരങ്ങള്‍ക്ക് മൂക്കുകയറിടുകയും ചെയ്തുകൊണ്ട് സാമ്പത്തികോല്‍പാദന രംഗത്ത് ഇന്ദിരാ ഗാന്ധി സോവിയറ്റ് മോഡല്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചതിനെ സി.പി.ഐ ഒഴികെയുള്ള ഇടതുപക്ഷ കക്ഷികള്‍ അര്‍ധ ഫാഷിസമെന്ന് വിളിച്ചു. ഇതെല്ലാം ഇന്ദിരാ ഗാന്ധിയുടെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായിരുന്നു. അതേസമയം, മുസ്‌ലിംകള്‍ക്കെതിരെ പോലീസ് ബ്യൂറോക്രസി കെട്ടഴിച്ചുവിട്ട അതിക്രമങ്ങള്‍ അടിയന്തരാവസ്ഥയുടെ പ്രഖ്യാപിത പരിപാടിയായിരുന്നില്ല. മുസ്‌ലിംകളുടെ ഭാഗത്തുനിന്നും അടിയന്തരാവസ്ഥക്കെതിരെയോ അക്കാലത്തു നടന്ന അതിക്രമങ്ങള്‍ക്കെതിരെയോ ഒരു പ്രക്ഷോഭവും ആഹ്വാനം ചെയ്യപ്പെട്ടില്ലെന്നു ഓര്‍ക്കേണ്ടതുണ്ട്. ആരാണിതിന് നേതൃത്വം വഹിച്ചതെന്ന് അന്വേഷിച്ചാല്‍ ഭരണനിര്‍വഹണ രംഗത്ത് നിറഞ്ഞുനിന്ന മുസ്‌ലിം വിരുദ്ധ ബ്യൂറോക്രസിയുടെ തനി സ്വഭാവമെന്താണെന്ന് വ്യക്തമാകുന്നു. 1981-'82 ലെ ഇന്ദിരാ ഗാന്ധി ഗവണ്‍മെന്റ് നിയോഗിച്ച ന്യൂനപക്ഷ കമീഷന്‍, ഈ മുസ്‌ലിം വിരുദ്ധ ബ്യൂറോക്രസി എങ്ങനെയാണ് ഉല്‍പാദന സംരംഭങ്ങളില്‍ മുസ്‌ലിം നിക്ഷേപകരുടെ കുതികാല്‍ വെട്ടിയതെന്ന് തുറന്നെഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെ തുറന്ന പ്രക്ഷോഭങ്ങളൊന്നും സംഘടിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും തൊട്ടുമുമ്പുണ്ടായിരുന്ന സംഘ്പരിവാര്‍ പ്രക്ഷോഭങ്ങളുടെ മറ്റൊരു പതിപ്പ് മുസ്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ദൃശ്യമാണ്. ജനാധിപത്യ ഭരണകൂടവും ബൂര്‍ഷ്വാ ഭരണവര്‍ഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍, ഇന്ദിരാ ഗാന്ധി ഭരണഘടനാദത്തമായ അധികാര ശക്തിയെയാണ് ആശ്രയിച്ചതെങ്കില്‍ നരസിംഹറാവു നേര്‍വിപരീതമായി നവലിബറല്‍ മൂലധന ശക്തികളുടെ ആശ്രിതനായി മാറി. ബാബരി ധ്വംസനത്തിന് ഭരണാധികാര ശക്തി കൂട്ടുനില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്, ഉള്ളടക്കത്തില്‍ ഭരണകൂടത്തിന്റെയും സര്‍ക്കാറിന്റെയും രാഷ്ട്രീയത്തിന്റെയും കര്‍തൃത്വങ്ങളിലുണ്ടായ മാറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ മാറ്റമാണ് വാസ്തവത്തില്‍ ബാബരിയാനന്തര ജനാധിപത്യ രാഷ്ട്രീയത്തെ ആസകലം ബാധിച്ചിട്ടുള്ളത്. നരസിംഹറാവുവിന്റെ തൊട്ടുമുമ്പ് കോണ്‍ഗ്രസിനെ നയിച്ച രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പുള്ള സംഭവങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇത് മനസ്സിലാക്കാനെളുപ്പമുണ്ട്. വി.പി സിംഗ് സര്‍ക്കാറിന്റെ പതനത്തിന് ശേഷം അധികാരത്തില്‍ വന്ന ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ ഗവണ്‍മെന്റിനെ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് താങ്ങിനിര്‍ത്തി. എന്നാല്‍, ചന്ദ്രശേഖര്‍ സര്‍ക്കാര്‍ രാജ്യത്തെ ലോകബാങ്കിന് നിരുപാധികം തീറെഴുതിക്കൊടുക്കാന്‍ പരിപാടിയിട്ടപ്പോള്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം അധികാരത്തില്‍ വന്ന നരസിംഹറാവു സര്‍ക്കാര്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ പരിപാടികളെ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇങ്ങനെ രാഷ്ട്രീയ ഘടനയിലുണ്ടായ പരിണാമങ്ങള്‍ ഭരണകൂടത്തെയും രാഷ്ട്രീയ ചിന്തയെയും പ്രവര്‍ത്തനത്തെയുമെല്ലാം എപ്രകാരം സ്വാധീനിക്കുന്നുവെന്നും, അത് ഏത് വിധത്തിലാണ് ജനാധിപത്യ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ പുനഃസംഘടിപ്പിക്കുന്നതെന്നും സുവ്യക്തമാക്കുന്ന സംഭവങ്ങളാണ് അടിയന്തരാവസ്ഥയും ബാബരിധ്വംസനവും.

ഇവ രണ്ടും ഒരു താരതമ്യപഠനത്തിന് വിധേയമാക്കുമ്പോള്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് വരുന്നത് ഭരണകൂടത്തിന് സംഭവിച്ച കര്‍തൃത്വ പരിണാമമാണ്. ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്കും ഭരണകൂടത്തിന്റെ സ്വയാധികാരത്തിനും ഇടയിലെ അധികാര ബന്ധത്തെയും അവക്കിടയിലെ സംഘര്‍ഷങ്ങളെയും ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്തത് പ്രധാനമായും ഭരണകൂടം എന്ന അധികാര ശക്തിയെ ആശ്രയിച്ചാണ്. ആദര്‍ശാത്മക രാഷ്ട്രീയത്തിനും പ്രായോഗിക രാഷ്ട്രീയത്തിനും ഇടയില്‍ സമവായം സാധ്യമല്ലാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ തന്നെ വലിയ വൈരുധ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ കൂടി ലക്ഷണങ്ങള്‍ ഇന്ദിരയുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ നിഴലിച്ചുകാണാവുന്നതാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വയാധികാരം നിലനിര്‍ത്തിക്കൊണ്ട് ഭരണവര്‍ഗങ്ങളിലൊരു വിഭാഗത്തിന്റെ പ്രകോപനങ്ങളെ ചെറുക്കാനാണ് ഇന്ദിര ഒരുമ്പെട്ടത്. വലതുപക്ഷ ഫാഷിസ്റ്റ്ശക്തികള്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്ദിരയുടെ വാദം തെറ്റോ ശരിയോ ആവട്ടെ. അങ്ങനെയൊരു സാഹചര്യം ഉയര്‍ന്നുവരുമ്പോള്‍, ജനാധിപത്യ ഭരണകൂടം അടിയന്തരാവസ്ഥ എന്ന ഭരണഘടനാദത്തമായ മാര്‍ഗത്തിലൂടെയല്ലാതെ അതിനെ എങ്ങനെ ചെറുക്കും? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍