Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

'ബര്‍കത്ത്' സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍

ഇബ്‌റാഹീം ശംനാട്

മലയാളികളെ സംബന്ധിച്ചേടത്തോളം നിത്യ ജീവിതത്തിലെ ഉപയോഗം കൊണ്ട് ഏറെ സുപരിചിതമായ പദമാണ് ബര്‍കത്ത്. പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചെടുക്കാന്‍ കഴിയാത്തവിധം അലിഞ്ഞുചേര്‍ന്ന ഒരു പ്രയോഗമാണിത്. അളവറ്റ സമൃദ്ധി എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വാക്കിന്റെ വിവിധ സന്ദര്‍ഭങ്ങളിലുള്ള ഉപയോഗമനുസരിച്ച് അതിന് നേരിയ അര്‍ഥ വ്യതിയാനം സംഭവിക്കാറുണ്ട്. ഉദാഹരണമായി, കുടുംബത്തില്‍ ബര്‍കത്ത് ഉണ്ടാവേണമേ എന്ന് പറയുമ്പോള്‍ കുടുംബ വളര്‍ച്ചയുടെ സമൃദ്ധിയും വികാസവും തലമുറകളുടെ നൈരന്തര്യവും ഉണ്ടാവേണമേ എന്നാണ് അര്‍ഥം. നമ്മുടെ സല്‍ക്കര്‍മങ്ങളില്‍ ബര്‍കത്ത് ഉണ്ടാവേണമേ എന്ന് പറയുമ്പോള്‍ കര്‍മങ്ങള്‍ക്ക് മികച്ച സ്വീകാര്യതയും അതിലേറെ പ്രതിഫലവും ലഭ്യമാക്കേണമേ എന്നും.

ഏതൊരു ദര്‍ശനത്തിലും അതിന്റെ മൗലിക ആശയങ്ങളും കര്‍മങ്ങളും വ്യക്തമാക്കുന്ന സാങ്കേതിക പദങ്ങള്‍ ഉണ്ടാകും. അത്തരം നിരവധി സാങ്കേതിക പദങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഇസ്‌ലാം. എന്നാല്‍ സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യവും സമാനവുമായ പദങ്ങള്‍ മറ്റു ഭാഷകളില്‍ കെണ്ടത്തുന്നതിന് ചില പരിമിതികളുണ്ട്.  ഈ പരിമിതികളെ മറികടക്കാന്‍ അത്തരം പദങ്ങള്‍ അതേ രൂപത്തില്‍ ഉപയോഗിക്കുക എന്നതാണ് പ്രതിവിധി. 'ബറക' എന്ന ധാതുവില്‍നിന്ന് നിഷ്പന്നമായ അറബി പദമാണ് 'ബര്‍കത്ത്'. ആരോഗ്യം, സമ്പത്ത്  തുടങ്ങി എല്ലാ കാര്യങ്ങങ്ങളിലും അതിന്റെ ആധിക്യത്തേക്കാളുപരി അവയില്‍ ജഗന്നിയന്താവായ സ്രഷ്ടാവിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിക്കാന്‍ സത്യവിശ്വാസികള്‍ ഉപയോഗിക്കുന്ന ഒറ്റ വാക്കാണ് ബര്‍കത്ത്. 

ഒരാള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ സമ്പാദ്യമായി ലഭിച്ചു എന്ന് കരുതുക. അതോടൊപ്പം പലവിധ അധികാരങ്ങളും അയാള്‍ക്ക് കൈവരും. എങ്കിലും അയാളുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നു കാണാം. എത്ര ലഭിച്ചാലും മതിവരാത്ത അവസ്ഥ. വീണ്ടും വീണ്ടും അയാളുടെ പ്രശ്‌നങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. ഇവിടെ അയാള്‍ക്ക് സന്താനങ്ങളുടെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ കുറവില്ല. പക്ഷേ, എന്തോ ഒന്ന് ഇല്ലാത്തതുപോലെ. അതില്‍ ബര്‍കത്തിന്റെ കുറവ് എന്നാണ് നാം അത്തരം മാനസികാവസ്ഥകള്‍ക്ക് പറയുക.

വന്‍ സമ്പത്ത് കൈവശം ലഭിച്ചിട്ടും എവിടെ, എങ്ങനെ ആ പണം തീര്‍ന്നുവെന്ന് സങ്കടപ്പെടുന്നവരുണ്ട്. സമയത്തിന്റെയും ആരോഗ്യത്തിന്റെയും സ്ഥിതിയും അങ്ങനെത്തന്നെ. ഒഴിവുവേളകള്‍ വേണ്ടത്ര ലഭ്യമായിട്ടും കാര്യമാത്രപ്രസക്തമായ യാതൊന്നും ചെയ്യാന്‍ കഴിയാതെ സങ്കടപ്പെടുന്നവരെയും കാണാം. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യമുണ്ടായിരുന്നിട്ടും ആ പണം കൊണ്ട് അയാള്‍ക്കോ സമൂഹത്തിനോ കാര്യമായ ഒരു പ്രയോജനവും നല്‍കാനാവാതെ ജീവിതം തള്ളിനീക്കുന്നവരും ധാരാളം. അവിടെയാണ് ബര്‍കത്തിന്റെ പ്രസക്തിയും അത് വര്‍ധിപ്പിച്ചുതരാന്‍ വേിയുള്ള പ്രാര്‍ഥനയുടെ ആവശ്യകതയും  ബോധ്യമാവുക.

 

ബര്‍കത്ത് ലഭിക്കാനുള്ള വഴികള്‍

1. മഹത്തായ അനുഗ്രഹമുടയവനാണ് അല്ലാഹു എന്ന് ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും വന്നിട്ടു്. ''ദൈവത്തിന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്'' (25:1).  ആ അനുഗ്രഹങ്ങളുടെ ഉടയവനായ അല്ലാഹുവിനോട് അടുക്കലാണ് അവന്റെ ബര്‍കത്ത് ലഭിക്കാനുള്ള ഏറ്റവും നല്ല വഴി. അവന്റെ കല്‍പനകള്‍ അനുസരിക്കുകയും അവന്‍ നിരോധിച്ചതില്‍നിന്ന് വിട്ടുനില്‍ക്കുകയുമാണ് അവന്റെ സാമീപ്യം ലഭിക്കാനുള്ള മാര്‍ഗം. നബിചര്യ പിന്‍പറ്റുന്നത് അതിന് കൂടുതല്‍ സഹായകമാണ്.

2. ജീവിതത്തിലുടനീളം ബര്‍കത്ത് ലഭിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ഖുര്‍ആന്‍.  ഖുര്‍ആന്‍ ബര്‍കത്താണെന്നും (38:27) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിന് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ നല്‍കിയ വിവരണം ഇങ്ങനെ:  ''ബര്‍കത്തിന്റെ ഭാഷാര്‍ഥം 'സുഖസൗഭാഗ്യ പോഷണം' എന്നാണ്. ഖുര്‍ആനെ ബര്‍കത്തുടയ (അനുഗൃഹീത) വേദം എന്നു പറയുന്നതിന്റെ താല്‍പര്യം ഇതാണ്: ഇത് മനുഷ്യന് ഏറ്റവും പ്രയോജനകരമായ വേദമാണ്. ഇത് ജീവിതം സംസ്‌കരിക്കുന്നതിനു വേണ്ട വിശിഷ്ടമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുന്നു. അവയെ പിന്‍പറ്റുകമൂലം മനുഷ്യന് ഉത്തരോത്തരം മെച്ചമാണുണ്ടാവുക. ഒരു നഷ്ടവുമുണ്ടാകുമെന്നു പേടിക്കേണ്ടതുമില്ല.''

3. തഖ്‌വയോടെയുള്ള ജീവിതം നയിക്കുകയാണ് ജീവിതത്തില്‍ ബര്‍കത്ത് ലഭിക്കാനുള്ള മറ്റൊരു വഴി. ജീവിതത്തിന്റെ നിഖില മേഖലകളിലും സ്രഷ്ടാവിന്റെ നിയമവ്യവസ്ഥകളെ പിന്‍പറ്റലും നിരോധിച്ചതില്‍നിന്ന് വിട്ടുനില്‍ക്കലുമാണ് തഖ്‌വ. ഖുര്‍ആന്‍ ഒരു ജനവിഭാഗത്തെക്കുറിച്ച് പറയുന്നു: ''അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍, അവര്‍ നിഷേധിച്ചു തള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി'' (7:96).

4. അല്ലാഹുവിനോട് നന്ദി കാണിക്കുന്നവര്‍ക്ക് അവന്‍ സമൃദ്ധി വര്‍ധിപ്പിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്: ''നിങ്ങള്‍ നന്ദിയുള്ളവരായാല്‍ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് -അനുഗ്രഹങ്ങള്‍ - വര്‍ധിപ്പിച്ചുതരുന്നതാണ്. നിങ്ങള്‍ നന്ദികേടു കാണിച്ചാല്‍ കഠിനമായിരിക്കും എന്റെ ശിക്ഷ എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ഓര്‍ക്കുക'' (14:7). അല്ലാഹുവും അവന്റെ ദൂതനും കല്‍പിച്ച കാര്യങ്ങള്‍ നടപ്പിലാക്കലും നിരോധിച്ചതില്‍നിന്ന് വിട്ടുനില്‍ക്കലുമാണ് അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിക്കല്‍.

5. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ബര്‍കത്തിന് കാരണമാവുമെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ നബിയോട് ചിലര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ. ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് സംതൃപ്തി തോന്നുന്നില്ല. എന്തായിരിക്കാം കാരണം?'' അവിടുന്ന് പറഞ്ഞു: ''നിങ്ങള്‍ വേറിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. അവര്‍ പറഞ്ഞു: ''അതേ.'' നബി (സ) അരുളി: ''എന്നാല്‍ നിങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു നോക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ബര്‍കത്ത് നല്‍കപ്പെടുന്നതാണ്'' (അബൂദാവൂദ്). ഇന്ന് നാം അഭിമുഖീകരിക്കുന്ന കുടുംബപ്രശ്‌നങ്ങള്‍ക്കുള്ള ഒരു ലളിതമായ പരിഹാരം നബി (സ) നമ്മെ പഠിപ്പിക്കുകയാണ്. ഇതുവഴി കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഇണക്കവും വര്‍ധിക്കും.

6. ലക്ഷക്കണക്കിന് സമ്പത്ത് കൈവശം ലഭിച്ചിട്ടും എവിടെ, എങ്ങനെ ആ പണം ചെലവഴിക്കും എന്ന് സങ്കടപ്പെടുന്നവരുണ്ട്. ആരോഗ്യത്തിന്റെയും സമയത്തിന്റെയും സമ്പത്തിന്റെയും സ്ഥിതിയും ഇങ്ങനെത്തന്നെ. അവിടെയാണ് ബര്‍കത്ത്  വര്‍ധിപ്പിക്കാനുള്ള പ്രാര്‍ഥനയുടെ പ്രസക്തി. എല്ലാറ്റിലും ബര്‍കത്ത് ചൊരിയേണമേ എന്നത് വിശ്വാസികളുടെ സുപ്രധാന പ്രാര്‍ഥനകളില്‍ ഒന്നാണ്. സന്ദര്‍ഭാനുസരണം അത്തരം പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നത് അല്ലാഹുവിന്റെ ബര്‍കത്ത് ലഭിക്കാന്‍ സഹായകമാണ്.

7. സല്‍പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം ചെയ്യുന്നത്. ഇബ്‌നു മര്‍ദവൈഹി യസീദുര്‍റഖാശിയില്‍നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ നബി(സ)യോട് ചോദിച്ചു: 'ഞങ്ങള്‍ യശസ്സിനുവേണ്ടി ധനം ദാനം ചെയ്യാറുണ്ട്. ഇതിന് ഞങ്ങള്‍ക്ക് പാരത്രിക പ്രതിഫലം വല്ലതു ലഭിക്കുമോ?' തിരുമേനി പറഞ്ഞു: 'ഇല്ല.' അയാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രതിഫലവും ഐഹിക യശസ്സും, രണ്ടും ഉദ്ദേശ്യമാകാമോ?' തിരുമേനി പറഞ്ഞു: 'തനിക്ക് മാത്രമായിട്ടുള്ള കര്‍മമല്ലാതെ അല്ലാഹു സ്വീകരിക്കുന്നതല്ല.' 

8. ബര്‍കത്ത് ലഭിക്കാനുളള മറ്റൊരു വഴിയാണ് ഹലാലായ മാര്‍ഗത്തിലൂടെയുള്ള ധനസമ്പാദനം.  ഹറാമായ ഭക്ഷണം കഴിക്കുന്നവരുടെയും ഹറാമായ വസ്ത്രം ധരിക്കുന്നവരുടെയും പ്രാര്‍ഥനകള്‍ സ്വീകരിക്കുകയില്ലെന്ന്‌ന നബി ഖണ്ഡിതമായി പറഞ്ഞിട്ടു്. 

9. അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് ഉത്തമ നാമങ്ങളുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി. പ്രസ്തുത നാമങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രാര്‍ഥിക്കുക, ജീവിതത്തിലുടനീളം സത്യസന്ധനാവുക, നീതി പാലിക്കുക, കച്ചവടത്തിലും മറ്റു ഇടപാടുകളിലും സൂക്ഷ്മത പുലര്‍ത്തുക. എങ്കില്‍ അല്ലാഹുവിന്റെ ബര്‍കത്ത് നമുക്ക് ലഭിച്ചുകൊണ്ടേയിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം