Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

പുതുയുഗപ്പിറവി

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-35)

ഹിജ്‌റ ഒമ്പതാം വര്‍ഷം ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത്  'പ്രതിനിധിസംഘങ്ങളുടെ വര്‍ഷം' എന്ന പേരിലാണ. അറേബ്യയുടെ എല്ലാ മുക്കുമൂലകളില്‍നിന്നും അതിനപ്പുറത്ത് നിന്നും (സിറയയിലെ ഗസ്സാനികളെപ്പോലെ) നിരവധി സംഘങ്ങള്‍, തങ്ങളുടെ ജനത ഇസ്‌ലാം ആശ്ലേഷിച്ചിരിക്കുന്നുവെന്നും മദീനയിലെ പുതിയ ഭരണ സംവിധാനത്തെ തങ്ങള്‍ പിന്തുണക്കുന്നുവെന്നും അറിയിക്കാനായി മദീനയില്‍ എത്തിച്ചേര്‍ന്ന വര്‍ഷമായത് കൊണ്ടാണിത്. അതിനാല്‍ നിലവിലുള്ള ഭരണ സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും പുതുക്കി നിശ്ചയിക്കാനും പ്രവാചകന്‍ തീരുമാനിക്കുക സ്വാഭാവികം. ഉദാഹരണത്തിന്, സകാത്തിന് ഗവണ്‍മെന്റ് നികുതിയുടെ പൊതു സ്വഭാവം-നിരക്കുകള്‍ നിശ്ചിതമായിരിക്കുക പോലുള്ളവ- കൈവന്നു. വിളവെടുപ്പ് വേളയില്‍ അത് കൃത്യമായി നല്‍കിയിരിക്കണം. സ്വര്‍ണത്തിനും വെള്ളിക്കും കന്നുകാലികള്‍ക്കും നിശ്ചിത തോതില്‍ സകാത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. പ്രവാചകന്‍ നിശ്ചയിച്ച ഉദ്യോഗസ്ഥന്മാര്‍ മുഖേനയാണ് ഈ തുക പൗരന്മാര്‍ നല്‍കേണ്ടത്. പ്രത്യക്ഷത്തിലിത് നികുതി സംവിധാനമായി തോന്നുമെങ്കിലും, അത് നമസ്‌കാരം പോലെ, നോമ്പ് പോലെ ഇസ്‌ലാമിലെ സുപ്രധാനമായ ഒരു ആരാധനയും അനുഷ്ഠാനവുമാണ്. ഇതിന്റെ ഫലം എന്താണെന്ന് ചോദിച്ചാല്‍, അന്വേഷിക്കാനോ പിരിച്ചെടുക്കാനോ ഭരണകൂടം ആരെയും അയച്ചില്ലെങ്കില്‍ പോലും ഒരു വിശ്വാസി ധനപരമായ ഈ ബാധ്യത നിര്‍വഹിച്ചിരിക്കും എന്നതാണ്. മറ്റൊരു നിയമ നിര്‍മാണം കൂടി ഇതുമായി ബന്ധപ്പെട്ട് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഇങ്ങനെ നികുതിപോലെ സംഭരിക്കപ്പെടുന്ന ഈ ധനത്തില്‍ പ്രവാചകന്നോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ പിന്‍ഗാമികള്‍ക്കോ ഒരു അവകാശവും ഉണ്ടായിരിക്കുകയില്ല എന്നതാണത്. രാഷ്ട്രത്തിന്റെ വരുമാനം ഭരണാധികാരിയുടെ സ്വകാര്യ സ്വത്തല്ലെന്ന് പഠിപ്പിക്കുക മാത്രമല്ല, അതില്‍നിന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ ബന്ധുക്കളോ എന്തെങ്കിലും അനുഭവിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കുക കൂടിയാണ്. പ്രവാചകന്റെ അത്യുന്നത പദവിക്ക് ഒട്ടും ചേര്‍ന്നതല്ല അത്.

അതേവര്‍ഷം തന്നെയാണ് (ഹിജ്‌റ 9), ബഹുദൈവ പൂജകര്‍ കഅ്ബയിലേക്ക് വരരുതെന്ന ഖുര്‍ആന്‍ ശാസന വരുന്നതും.1  ഇനി ആ മന്ദിരം ഏക ദൈവവിശ്വാസികള്‍ക്ക് മാത്രമുള്ളതാണ്. കാരണം കഅ്ബയുടെ നിര്‍മാതാക്കളായ അബ്രഹാമും ഇസ്മാഈലും അതിന് വേണ്ടിയാണല്ലോ അത് പണിതുയര്‍ത്തിയിരുന്നത്. കഅ്ബയിലേക്കുള്ള തീര്‍ഥാടനം വിശ്വാസിയുടെ വ്യക്തിപരമായ ബാധ്യതയാണ്. എല്ലാ മതങ്ങളും സാര്‍വലൗകികതയെക്കുറിച്ച് പറയാറുണ്ടല്ലോ. കഅ്ബയെ കേന്ദ്രത്തില്‍ നിര്‍ത്തി ഒരു മതകീയാനുഷ്ഠാനമായി ഈ സാര്‍വലൗകിക മാനവികതയെ സ്ഥാപിച്ചെടുക്കുന്നത് ഇസ്‌ലാം മാത്രമാണ്. എല്ലാ മനുഷ്യരെയും കഅ്ബ ഒരേ ബിന്ദുവിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയാണ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്‌ലിമും അവന്റെ ഓരോ നമസ്‌കാര വേളയിലും കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നു. ജീവിത കാലത്തിലൊരിക്കലെങ്കിലും സാധ്യമാവുമെങ്കില്‍ ഒരു വിശ്വാസി കഅ്ബയില്‍ എത്തിച്ചേരമമെന്നും ഇസ്‌ലാം നിര്‍ദേശിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തന്റെ സഹോദരന്മാരുമായി ഇടപഴകുന്നതിനും കൂടിയിരിക്കുന്നതിനും വേണ്ടിയാണിത്.

ആ വര്‍ഷം ധാരാളം പേര്‍ മദീനയില്‍ നിന്ന് മക്കയിലേക്ക് പോയിരുന്നു. പ്രവാചകന്‍ മദീനയില്‍ തന്നെ തങ്ങി. അതിന് നിരവധി കാരണങ്ങളുണ്ടായിരുന്നു. തീര്‍ഥാടനത്തിന് മേല്‍നോട്ടം വഹിക്കാനായി അബൂബക്‌റിനെ പറഞ്ഞയക്കുകയാണ് അദ്ദേഹം ചെയ്തത്. നേരത്തേ ഗോത്രങ്ങളുമായുണ്ടാക്കിയ സഖ്യങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞെന്ന് പ്രഖ്യാപിക്കാനും അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. കാരണം അത്തരം സഖ്യങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ആ ഗോത്രങ്ങളില്‍ ഏതാണ്ട് എല്ലാം തന്നെ ഇസ്‌ലാം ആശ്ലേഷിച്ച് കഴിഞ്ഞിരുന്നുവല്ലോ.

അടുത്ത വര്‍ഷം (ഹിജ്‌റ 10) ഭരണം കുറേകൂടി വ്യവസ്ഥാപിതമായി. യമനിലും മറ്റും നിരവധി കലാലയങ്ങള്‍ തുറന്നു. മക്കയെക്കുറിച്ചാണെങ്കില്‍, ആ വര്‍ഷം ഒടുവില്‍ ഹജ്ജിനായി പ്രവാചകന്‍ അവിടെ എത്തുകയാണ്. പ്രവാചകന്‍ വരുന്നുണ്ടെന്നറിഞ്ഞ് ആ ഹജ്ജിന് ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം! അറഫയിലെ ജബലുര്‍റഹ്മയില്‍ കയറി പ്രവാചകന്‍ നടത്തിയ ആ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം അവര്‍ സാകൂതം കേട്ടു. അതൊരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. ഓരോ വിശ്വാസിയെയും അവന്റെ/അവളുടെ ബാധ്യതകളും കടമകളും ഓര്‍മിപ്പിക്കുന്നതുമായിരുന്നു പ്രവാചകന്റെ യഥാര്‍ഥ വസ്വിയ്യത്ത് തന്നെ. കാരണം മൂന്ന് മാസം കഴിഞ്ഞ് അദ്ദേഹം ഇഹലോകത്തോട് വിടവാങ്ങുകയാണ്. ആ പ്രഭാഷണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

''അല്ലാഹുവിന് സ്തുതി. നാമവനെ പ്രകീര്‍ത്തിക്കുന്നു, അവനോട് മാത്രം സഹായം തേടുന്നു. നാം പൊറുക്കലിനെ തേടുന്നത് അവനോടാണ്. അവനിലേക്കാണ് നാം തിരിച്ച് ചെല്ലേണ്ടതും. നമ്മുടെ മനസ്സില്‍നിന്ന് ഉത്ഭൂതമാവുന്ന തിന്മകള്‍, നമ്മുടെ പ്രവൃത്തികളുടെ തിന്മ നിറഞ്ഞ പ്രത്യാഘാതങ്ങള്‍-എല്ലാറ്റില്‍നിന്നും, അല്ലാഹുവേ, നിന്നില്‍ ഞങ്ങള്‍ ശരണം തേടുന്നു. അല്ലാഹു ആരെ ശരിയായി വഴിനടത്തിയോ, അവനെ വഴിതെറ്റിക്കാന്‍ ആര്‍ക്കുമാവില്ല. ആരെ തെറ്റായ വഴിയില്‍ നടത്തിയോ അവനെ നേരെയാക്കാനും ആര്‍ക്കും സാധ്യമല്ല. അല്ലാഹു ഏകനെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന് യാതൊരുവിധ പങ്കാളികളുമില്ല. മുഹമ്മദ് ദൈവത്തിന്റെ അടിമയും പ്രവാചകനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

ദൈവത്തിന്റെ അടിയാറുകളേ, നിങ്ങള്‍ അവനെ സൂക്ഷിച്ച് ജീവിക്കുക. അവനെ അനുസരിക്കണമെന്നും ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു. ഏറ്റവും നന്മ നിറഞ്ഞതെന്തോ അതുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.

ജനങ്ങളേ, ഞാന്‍ വിശദീകരിക്കുന്നത് നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. കാരണം എനിക്കറിയില്ല, ഈ വര്‍ഷത്തിനു ശേഷം എനിക്ക് ഇവിടെ വെച്ച് നിങ്ങളെ ഇനി അഭിമുഖീകരിക്കാകന്‍ കഴിയുമോ എന്ന്.

ജനങ്ങളേ, നിങ്ങളുടെ രക്തം, അഭിമാനം, സ്വത്ത് ഇതൊക്കെയും പവിത്രമാണ്, കൈയേറ്റം ചെയ്യപ്പെട്ടു കൂടാത്തതാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുവോളം ഈ നിലപാടിലായിരിക്കണം. നിങ്ങളുടെ ഈ ദിവസം പോലെ, ഈ മാസം പോലെ, ഈ നാട് പോലെ പവിത്രമാണ് അവയെല്ലാം. ഞാനീ സന്ദേശം എത്തിച്ചില്ലേ? അല്ലാഹുവേ, നീ സാക്ഷി.

അറിഞ്ഞുകൊള്ളുക, അനിസ്‌ലാമികത്വത്തിന്റേതായ പലിശ ഇടപാട് മുഴുവന്‍ റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടേതായ മൂലധനം നിങ്ങള്‍ക്കുണ്ടായിരിക്കും; നിങ്ങളാരും മര്‍ദിതരോ മര്‍ദകരോ ആവാതെ. പലിശ ഇടപാടൊന്നും വേണ്ടെന്ന് അല്ലാഹു കണിശമായി തീരുമാനിച്ചിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാന്‍ റദ്ദുചെയ്യുന്നത് എന്റെ പിതൃവ്യനായ അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബിന്റെ പലിശയാണ്. അറിഞ്ഞുകൊള്ളുക, അനിസ്‌ലാമികത്വത്തിന്റേതായ എല്ലാ രക്തപ്പകയും പ്രതികാര നടപടിയും റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാന്‍ റദ്ദുചെയ്യുന്നത് ഹാരിസുബ്‌നു അബ്ദില്‍ മുത്ത്വലിബിന്റെ മകന്‍ റബീഅത്തിന്റെ പുത്രനായ ആമിറിന്റെ (എന്റെ പിതൃവ്യ പൗത്രന്റെ) രക്തപ്പകയാണ്. ബനൂലൈസ് ഗോത്രത്തില്‍ മുലകുടിച്ചു വര്‍ത്തിച്ചിരിക്കവേ ആമിറിനെ ഹുദൈല്‍ ഗോത്രം കൊന്നുകളഞ്ഞുവല്ലോ. അറിഞ്ഞുകൊള്ളുക, അനിസ്‌ലാമികത്വത്തിന്റേതായ സകല ചിഹ്നങ്ങളെയും ആചാരോപചാരങ്ങളെയും ഞാനിതാ എന്റെ പാദങ്ങള്‍ക്കടിയില്‍ റദ്ദുചെയ്യുന്നു. എന്നാല്‍ കഅ്ബാ പരിപാലനവും ഹാജിമാര്‍ക്കുള്ള ജലദാനവും ഇക്കൂട്ടത്തില്‍നിന്ന് വ്യത്യസ്തങ്ങളത്രെ. 

കല്‍പിച്ചുകൂട്ടിയുള്ള കൊലപാതകത്തില്‍ പകരത്തിനു പകരമുണ്ട്. എന്നാല്‍ വല്ല വടിയോ കല്ലോ പ്രയോഗിക്കുക നിമിത്തം അബദ്ധത്തില്‍ മരണം സംഭവിച്ചാല്‍ നൂറൊട്ടകമത്രെ നഷ്ടപരിഹാരം. അതില്‍ കവിഞ്ഞ നഷ്ടപരിഹാരം ആവശ്യപ്പെടല്‍ അനിസ്‌ലാമികമാണ്. 

ജനങ്ങളേ! പിശാച് ഈ മണ്ണില്‍ വെച്ച് അവന്‍ ഇബാദത്ത് ചെയ്യപ്പെടുന്നതില്‍ നിന്ന് ഇഛാഭംഗപ്പെട്ടിട്ടുണ്ട്. പക്ഷേ നിങ്ങള്‍ നിസ്സാരമായി കരുതുന്ന നിങ്ങളുടെ കര്‍മങ്ങളില്‍ അവന്‍ അനുസരിക്കപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും അവന്‍ സംതൃപ്തിയടയും. അതുകൊണ്ട് സ്വന്തം ദീനിന്റെ കാര്യത്തില്‍ സദാ ജാഗരൂകരായിരിക്കുക. 

ജനങ്ങളേ! അവിശ്വാസത്തില്‍ ഒരു ആധിക്യം തന്നെയാണ്, യുദ്ധം നിരോധിച്ച മാസങ്ങളെ മാറ്റി നിശ്ചയിക്കല്‍. അവിശ്വസിച്ചവര്‍ അതുവഴി കൂടുതല്‍ വ്യതിചലിക്കുകയാണ്. അവര്‍ ഒരേ മാസത്തെ ഒരു വര്‍ഷം ഹലാലും മറു വര്‍ഷം ഹറാമുമാക്കി വെക്കുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളോട് എണ്ണമൊപ്പിക്കാന്‍ വേണ്ടി. അങ്ങനെ അവര്‍ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുന്നു; അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്യുന്നു. യാഥാര്‍ഥ്യമാകട്ടെ ആകാശഭൂമികളെ അല്ലാഹു സംവിധാനിച്ച അന്നത്തെപ്പോലെത്തന്നെയാണ് കാലചക്രം കറങ്ങിപ്പോന്നിട്ടുള്ളത്. ആകാശ ഭൂമികളെ അല്ലാഹു സംവിധാനിച്ച അന്ന് മാസങ്ങളുടെ എണ്ണം ദൈവഗ്രന്ഥത്തില്‍ പന്ത്രണ്ടുതന്നെയാണ്. കൂട്ടത്തില്‍ നാലെണ്ണം - ദുല്‍ഖഅ്ദ്ഃ, ദുല്‍ഹജ്ജ്ഃ, മുഹര്‍റം, റജബ് - യുദ്ധനിഷിദ്ധമാസങ്ങളത്രെ.

ജനങ്ങളേ! നിങ്ങളെ സംബന്ധിച്ച് നിങ്ങളുടെ പത്‌നിമാര്‍ക്കൊരു കര്‍ത്തവ്യമുള്ളതുപോലെ, അവരെ സംബന്ധിച്ച് നിങ്ങള്‍ക്കുമൊരു കര്‍ത്തവ്യമുണ്ട്. അവര്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പുകളില്‍  ചവിട്ടിക്കരുത്. നിങ്ങളുടെ സമ്മതമില്ലാതെ വീട്ടില്‍ പ്രവേശിപ്പിക്കുകയുമരുത്. ഇതാകുന്നു അവരുടെ കര്‍ത്തവ്യം. സ്പഷ്ടമായ നീചവൃത്തി ചെയ്യാതിരിക്കലും അവരുടെ കടമയാകുന്നു. അങ്ങനെ ചെയ്യുന്നപക്ഷം അവരോട് ശയ്യകളില്‍  വേറിട്ടുനില്‍ക്കാനും പോരെങ്കില്‍ അപായകരമല്ലാത്ത അടി കൊടുക്കാനും നിങ്ങളെ അല്ലാഹു അനുവദിച്ചിരിക്കുന്നു. അങ്ങനെ അവര്‍ അതില്‍നിന്ന് പിന്മാറിയാല്‍ മാനമര്യാദയനുസരിച്ച് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. സ്ത്രീകള്‍ നിങ്ങളുടെ പക്കല്‍ നിബദ്ധരാണ്. അവര്‍ക്ക് സ്വന്തമായി യാതൊന്നുമില്ല. അല്ലാഹുവിന്റെ അനാമത്തായാണ് അവരെ നിങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. അവന്റെ തിരുമൊഴി പ്രകാരമാണ് അവരുമായുള്ള സംഭോഗം നിങ്ങള്‍ക്കനുവദനീയമാക്കിയിരിക്കുന്നത്. അതിനാല്‍ ജനങ്ങളേ, എന്റെ വാക്ക് ശരിക്കും ശ്രവിക്കുവിന്‍.

ജനങ്ങളേ! നിങ്ങളുടെ മുമ്പില്‍ ഒരു സംഗതി വിട്ടുവെച്ചാണ് ഞാന്‍ പോവുന്നത്. അതിനെ മുറുകെ പിടിക്കുന്നതായാല്‍ എന്റെ ശേഷം നിങ്ങള്‍ ഒരിക്കലും  പിഴച്ചുപോവുന്നതല്ല. അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലിന്റെ ചര്യയുമത്രെ അത്.

ജനങ്ങളേ! ഓരോ മുസ്‌ലിമും ഇതര മുസ്‌ലിമിന്റെ സഹോദരനാകുന്നു. മുസ്‌ലിംകള്‍ പരസ്പരം സഹോദരന്മാര്‍ തന്നെ. അതിനാല്‍ മനസ്സംതൃപ്തിയോടെ സഹോദരന്‍ നല്‍കുന്ന ധനമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ സ്വയം ദ്രോഹിക്കരുത്. എനിക്കു ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് അവിശ്വാസികളായിത്തീരരുത്.

മാനവസമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്. നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍നിന്നുണ്ടായതാണ്. ആദമോ, മണ്ണില്‍നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അറബിയല്ലാത്തവനേക്കാളോ അനറബിക്ക് അറബിയേക്കാളോ തഖ്‌വ കൊണ്ടല്ലാതെ യാതൊരു മഹത്വവുമില്ല.

മുസ്‌ലിംകളേ! എനിക്കു ശേഷം ഒരു പ്രവാചകനില്ല. നിങ്ങള്‍ക്കു ശേഷം ഒരു സമുദായവുമില്ല. നിങ്ങളുടെ നാഥന് ഇബാദത്ത് ചെയ്യുക, അഞ്ചുനേരം നമസ്‌കരിക്കുക, മനസ്സന്തുഷ്ടിയോടെ സകാത്ത് കൊടുക്കുക, റമദാനില്‍ വ്രതമനുഷ്ഠിക്കുക, നിങ്ങളുടെ നാഥന്റെ മന്ദിരം വന്ന് സന്ദര്‍ശിക്കുക, നിങ്ങളുടെ കൂട്ടത്തിലുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാം.

അല്ലയോ ജനങ്ങളേ! നിങ്ങളോട് എന്നെക്കുറിച്ച് ചോദ്യമുണ്ടാവും. എന്തായിരിക്കും നിങ്ങളുടെ മറുപടി?

'അങ്ങ് പ്രബോധനകര്‍ത്തവ്യം നിര്‍വഹിക്കുകയും സദുപദേശം നല്‍കുകയും ചെയ്തുെവന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും'- ജനാവലി ഉച്ചത്തില്‍ ഘോഷിച്ചു. തദനന്തരം തിരുനബി ആകാശത്തിന്റെ നേരെ വിരല്‍ചൂണ്ടി മൂന്നു തവണ ആവര്‍ത്തിച്ചു: 'അല്ലാഹുവേ! നീ സാക്ഷി!'

അറിഞ്ഞുകൊള്ളുക, ഇവിടെ സന്നിഹിതരായവര്‍ അസന്നിഹിതര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടതാണ്.''2

തന്റെ പ്രഭാഷണം കൂടിയിരിക്കുന്ന ആ മഹാ സദസ്സിലെ എല്ലാവര്‍ക്കും കേള്‍ക്കാനുള്ള സൗകര്യം പ്രവാചകന്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രവാചകന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ അതേപടി ഉച്ചത്തില്‍ ഉച്ചരിക്കുന്ന മനുഷ്യ 'ഉച്ചഭാഷിണികളെ' ഇടക്കിടെ നിര്‍ത്തിയായിരുന്നു ഇത് സാധിച്ചത്. പ്രത്യക്ഷത്തില്‍ ഈ പ്രഭാഷണത്തിന് ഒരു രാഷ്ട്രീയമുഖമില്ല. അതേസമയം സകല വംശീയതകള്‍ക്കും അതീതമായ ഒരു ഭരണ സംവിധാനത്തിന് വേണ്ടി മുസ്‌ലിംകളെ സജ്ജരാക്കുകയും അതിനു പ്രേരണ നല്‍കുകയും പ്രഭാഷണത്തിന്റെ ഉദ്ദേശ്യമായിരുന്നു എന്നു കണ്ടെത്താന്‍ കഴിയും. അറബിക്ക് അനറബിയേക്കാള്‍ മേല്‍ക്കോയ്മയോ മേധാവിത്തമോ ഇല്ല എന്നത് ഒരു വിപ്ലവ പ്രഖ്യാപനം തന്നെയല്ലേ. ഒരു കറുത്ത അടിമയാണ് നിങ്ങളുടെ നേതൃത്വത്തില്‍ വരുന്നതെങ്കില്‍ പോലും അയാളെ നിങ്ങള്‍ അുസരിക്കണമെന്ന് വരെ അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ടല്ലോ.

ദുല്‍ഹിജ്ജ ഒമ്പത് വെള്ളിയാഴ്ച അറഫാ മൈതാനത്ത് വെച്ചായിരുന്നു ഈ പ്രഭാഷണം. അന്നേ ദിവസം അവതരിച്ച ഒരു ഖുര്‍ആന്‍ സൂക്തം പ്രവാചക ദൗത്യം പൂര്‍ത്തിയായതായി അറിയിക്കുകയും ചെയ്യുന്നു: ''ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത വ്യവസ്ഥ ഞാന്‍ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു; എന്റെ അനുഗ്രഹം നിങ്ങളില്‍ ചൊരിഞ്ഞിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിത വ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.''3

ഈ മഹത്തായ ദിവസത്തിന്റെ ഓര്‍മക്കായി മുസ്‌ലിംകള്‍, ആ ദിവസത്തിന്റെ പിറ്റേന്ന് 'വലിയ പെരുന്നാള്‍' (അല്‍ ഈദുല്‍ കബീര്‍) ആഘോഷിക്കുന്നു. ആ ദിവസമാണ്, അഥവാ ദുല്‍ഹജ്ജ് പത്തിനാണ് ഹാജിമാര്‍ ബലിയറുക്കുന്നതും ഇഹ്‌റാമില്‍നിന്ന് വിരമിക്കുന്നതും. അറുത്ത ഉരുവിന്റെ കുറച്ച് മാംസം ഹാജിമാര്‍ കഴിക്കുന്നു, ബാക്കിയുള്ളത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. നബി ഹജ്ജ് നിര്‍വഹിച്ച ആ വര്‍ഷം, അദ്ദേഹം തന്നോടൊപ്പം നിരവധി ഒട്ടകങ്ങളെ ബലിയറുക്കാനായി മദീനയില്‍ നിന്ന് കൊണ്ടുവന്നിരുന്നു; പാവങ്ങള്‍ക്ക് അവയുടെ മാംസം നല്‍കുന്നതിനായി. ഇത് മക്കയില്‍ വളരെ മുമ്പ് തന്നെ തുടര്‍ന്നുവരുന്ന ഒരു രീതിയാണ്. ഒരു ഒട്ടകത്തെ അറുത്താല്‍ ഒരു ദിവസം നൂറ് പേര്‍ക്ക് ഭക്ഷണമൊരുക്കാം. തൊട്ട് മുമ്പ് ഒരു ദൗത്യവുമായി അലി  യമനിലേക്ക് പോയിരുന്നു. കഴിയുന്നത്ര ഒട്ടകങ്ങളുമായി ഹജ്ജ് ദിവസങ്ങളില്‍ തിരിച്ചെത്താന്‍ നബി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി മനസ്സിലാക്കാം. ബൈഹഖിയുടെയും ദിയാര്‍ബക്‌രിയുടെയും വിവരണമനുസരിച്ച്, പ്രവാചകന്റെ അടുത്ത് നൂറ് ഒട്ടകങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നു. ഇതില്‍ 63 എണ്ണത്തെ അറുത്തത് പ്രവാചകന്‍ തന്നെയാണ്. ബാക്കിയുള്ളതിനെ അറുക്കാന്‍ അലിയെ ചുമതലപ്പെടുത്തി. അന്നേ ദിവസം പ്രവാചകന്‍ തന്റെ 63 അടിമകളെ സ്വതന്ത്രരാക്കി എന്നും ചില രേഖകളില്‍ കാണാം. 'ആ മഹദ് ജീവിതത്തിലെ ഓരോ വര്‍ഷത്തിനും ഒരു ഒട്ടകവും ഒരു അടിമയും' എന്ന മട്ടിലുള്ള പരാമര്‍ശങ്ങളും കാണാം. മുസ്‌ലിം, അബൂദാവൂദ് തുടങ്ങിയവരുടെ വിവരണങ്ങളില്‍ ഒരു അത്ഭുതസംഭവം നടന്നതായും പറയുന്നുണ്ട്. പ്രവാചകന്‍ ഒട്ടകങ്ങളെ അറുത്തുകൊണ്ടിരുന്നപ്പോള്‍, എന്നെ ആദ്യം, എന്നെ ആദ്യം എന്ന മട്ടില്‍ ഒട്ടകങ്ങള്‍ തിക്കിത്തിരക്കി മുന്നോട്ടു വന്നിരുന്നുവത്രെ.

അബൂദാവൂദിന്റെ വീക്ഷണത്തില്‍ (12/14) ഹജ്ജത്തുല്‍ വിദാഇല്‍ വെച്ചാണ് നബി മുത്അ വിവാഹം (നിശ്ചിത കാലത്തേക്ക് മാത്രമുള്ള വിവാഹം) നിരോധിച്ചത്. ഹുനൈന്‍ യുദ്ധവേളയിലായിരുന്നു ഇത് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ഏതാനും ദിവസം കഴിഞ്ഞ് പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് തിരിച്ചുപോയി. വഴിയില്‍ വെച്ചുണ്ടായ ഒരു സംഭവം പിന്നീട് ഒരു തെറ്റിദ്ധാരണക്ക് കാരണമാവുന്നുണ്ട്. റാബിഗ് തുറമുഖത്തിനടുത്തുള്ള ഖൂം എന്ന വെള്ള സംഭരണി ഉള്ള ഒരു സ്ഥലത്ത് യാത്രക്കിടെ നബി തമ്പടിച്ചപ്പോള്‍ തന്റെ മരുമകന്‍ അലിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് അതിന് നിമിത്തം. പ്രവാചകന്‍ പറഞ്ഞു: ''ആര്‍ എന്റെ സുഹൃത്താണോ അവന്‍ അലിയുടെ സുഹൃത്താണ്. അദ്ദേഹത്തിന്റെ സുഹൃത്താരാണോ അയാളുടെ സുഹൃത്താവുക, അദ്ദേഹത്തിന്റെ ശത്രുവാരാണോ അയാളുടെ ശത്രുവാകുക.'' ഇതൊരു സാധാരണ സംഭവം. പക്ഷേ, ശീഈ ചരിത്രത്തില്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിക്കപ്പെട്ടു. താന്‍ തന്റെ പിന്‍ഗാമിയായി അലിയെ നിശ്ചയിച്ചു എന്നാണ് ഈ വാക്കുകളുടെ അര്‍ഥമെന്ന് ശീഈ വിഭാഗം വാദിക്കുന്നു. മറ്റൊരാളും ഇതില്‍ എന്തെങ്കിലും രാഷ്ട്രീയ സൂചനകള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. അലി പോലും ഈ പരാമര്‍ശത്തെ അങ്ങനെ നോക്കിക്കണ്ടിട്ടുമില്ല. അക്കാര്യം നാം പിന്നീട് വിശദീകരിക്കുന്നുണ്ട്.

മക്കയില്‍നിന്ന് മദീനയിലേക്ക് തിരിച്ചുപോകാനുള്ള നബിയുടെ തീരുമാനം, ആത്മീയ കേന്ദ്രവും രാഷ്ട്രീയ തലസ്ഥാനവും രണ്ടായിത്തന്നെ നിലനില്‍ക്കട്ടെ എന്ന ആശയത്തില്‍നിന്ന് ഉടലെടുത്തതാവാം. ഇസ്‌ലാമിന്റെ ആധ്യാത്മിക കേന്ദ്രം എന്നും മക്ക തന്നെയാണ്. എന്നാല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ സന്ദര്‍ഭമനുസരിച്ച് മാറിക്കൊണ്ടിരിക്കും. നാനാത്വത്തില്‍ ഏകത്വം എന്ന ഖുര്‍ആനിക വിഭാവന സാക്ഷാത്കരിക്കുന്നതിന് അത് ആവശ്യമായേക്കും. പ്രവാചകാധ്യാപനത്തിന്റെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒരു വശമാണിത്.

 (തുടരും)

 

കുറിപ്പുകള്‍

1. ഖുര്‍ആന്‍ 2:28

2. പ്രഭാഷണത്തിന്റെ പൂര്‍ണ രൂപം എന്റെ 'വസാഇഖില്‍' ചേര്‍ത്തിട്ടുണ്ട്. സുഹൈലി II, 278, ബലാദുരി I, 763 എന്നിവയും കാണുക.

3. ഖുര്‍ആന്‍ 5:3

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍