Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

ഉറക്കിനെക്കുറിച്ച് ചില ഉണര്‍ത്തലുകള്‍

അസ്‌ലം വാണിമേല്‍

നമ്മുടെ മനസ്സും ശരീരവും പൂര്‍ണമായും വിശ്രമാവസ്ഥയിലേക്ക് നീങ്ങുകയും പരിസരം മറന്ന് വ്യക്തി അചേഷ്ടനാവുകയും ചെയ്യുന്ന ഒരു ദൈനംദിന പ്രക്രിയയാണ് ഉറക്കം. ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം നാമിതിനായി നീക്കിവെക്കുന്നു. ശരിയായ സമയത്തും മതിയായ അളവിലുമുള്ള ഉറക്കം വെള്ളവും ഭക്ഷണവും പോലെത്തന്നെ നമ്മുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്. ജന്തുലോകത്തിലെ സസ്തനികള്‍, പക്ഷികള്‍, ഉരകങ്ങള്‍, മത്സ്യങ്ങള്‍ ഇവയെല്ലാം തന്നെ ഉറങ്ങാറുണ്ട്. മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്കും ശ്രദ്ധ, ഓര്‍മ എന്നിവ ശരിയായ രീതിയില്‍ നിലനിര്‍ത്താനും ഉണര്‍ച്ചയില്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനും ശരിയായ ഉറക്കം കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന്റെ പോഷണം, പ്രതിരോധ സംവിധാനം, മനോനില, അവയവങ്ങളുടെ പ്രവര്‍ത്തനം എന്നിവയെയെല്ലാം ഉറക്കം വലിയ തോതില്‍ സ്വാധീനിക്കുന്നു.

 

ഉറക്കം ലഭിക്കുന്നതെങ്ങനെ?

വളരെ സങ്കീര്‍ണമായ ചില ശാരീരിക-മാനസിക-പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നമുക്ക് ഉറക്കം  ലഭിക്കുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തമായാണ് ഉറക്കത്തെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: ''രാപ്പകലുകളില്‍ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്. കേട്ട് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ വളരെ തെളിവുകളുണ്ട്'' (3:23).

നമ്മുടെ ഉറക്കം, ഉണര്‍ച്ച, വിശപ്പ്, വിവിധയിനം ഹോര്‍മോണുകളുടെ ഉല്‍പാദനം, മനോഭാവങ്ങള്‍ എന്നിവയെല്ലാംതന്നെ സമയബന്ധിതമായി നിയന്ത്രിക്കുന്നത് 24 മണിക്കൂറും നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജൈവ ഘടികാര(Biological Clock)മാണ്. മസ്തിഷ്‌കത്തിലെ പിനിയല്‍ ഗ്ലാന്റ് ഉല്‍പാദിപ്പിക്കുന്ന മെലറ്റോനിന്‍(Melatonin)  എന്ന ഹോര്‍മോണ്‍ ആണ് നമുക്ക് ഉറക്കമുണ്ടാക്കുന്നത്. കണ്ണില്‍നിന്നും വരുന്ന ഓപ്റ്റിക്കല്‍ നര്‍വിന്റെ തൊട്ടു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്ലാന്റ് കണ്ണില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മെലറ്റോനിന്‍ ഉല്‍പാദനം നടക്കണമെങ്കില്‍ ഇരുട്ട് അത്യാവശ്യമാണ്. അതിനാല്‍ നേരം ഇരുട്ടുന്നതോടെ കണ്ണിന്റെ റെറ്റിനയില്‍ ഇരുട്ട് പരക്കുകയും ആ വിവരം ഓപ്റ്റിക് നര്‍വ് വഴി പിനിയല്‍ ഗ്ലാന്റിലെത്തുകയും അപ്പോള്‍ മെലറ്റോനിന്‍ ഉല്‍പാദനം ആരംഭിക്കുകയും ചെയ്യും. ഉല്‍പാദനം തുടങ്ങി രണ്ട് മണിക്കൂറിനകം രക്തത്തില്‍ എത്തുകയും നമുക്ക് ഉറക്കം അനുഭവപ്പെടുകയും ചെയ്യും. നമ്മുടെ ഓരോരുത്തരുടെയും ഉറക്കത്തിന്റെ സമയം തിരിച്ചറിയുന്നത് നമുക്കുള്ളിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനഫലമായാണ്. പ്രഭാതമാകുന്നതോടെ വെളിച്ചം വ്യാപിക്കുകയും മെലറ്റോനിന്‍ ഉല്‍പാദനം നിലക്കുകയും നാം ഉണരുകയും ചെയ്യും. നമ്മുടെ ഉറക്കിന്റെ ശരിയായ സമയം രാത്രിയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. എന്നാല്‍ ആധുനിക മനുഷ്യന് ജോലിയുടെയും മറ്റും കാരണത്താല്‍ രാത്രി ഉറങ്ങാന്‍ കഴിയാതിരിക്കുകയും പകല്‍ ഉറങ്ങേണ്ടതായും വരുന്നു. മുകളില്‍ സൂചിപ്പിച്ച അര്‍റും അധ്യായത്തിലെ 23-ാം സൂക്തത്തില്‍ അല്ലാഹു 'രാപ്പകല്‍ ഉറക്കം' എന്നാണ് പരാമര്‍ശിച്ചത്. ഏറ്റവും ആധുനികനായ മനുഷ്യരുടെ ജീവിതശൈലി പോലും മുന്‍കൂട്ടി കാണുകയാണ് ഖുര്‍ആന്‍ എന്നും നമുക്ക് പറയാമല്ലോ. രാത്രിയാണ് ഉറക്കിന്റെ സമയമെങ്കിലും പകല്‍ ഉറങ്ങേണ്ടിവരുന്നവര്‍ക്കും അനുകൂലമായ രീതിയിലാണ് നമ്മുടെ ശരീരഘടനയും പ്രവര്‍ത്തനങ്ങളും കരുണാവാരിധിയായ അല്ലാഹു ക്രമീകരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ പകലിനെ (Actual Day) നമ്മുടെ ജൈവഘടികാരം ജൈവിക രാത്രി(Biological Night) ആയി പരിഗണിക്കുന്നു. അപ്പോഴും മെലറ്റോനിന്‍ ഉല്‍പാദനത്തിന് ഇരുട്ട് ആവശ്യമാണ്. നമ്മുടെ ചുറ്റും കൃത്രിമമായി ഇരുട്ട് ഉണ്ടാകുമ്പോള്‍ ആ വിവരം റെറ്റിനയില്‍നിന്ന് പിനിയല്‍ ഗ്ലാന്റിലെത്തുകയും മെലറ്റോനിന്‍ ഉല്‍പാദിപ്പിച്ച് പകല്‍ സമയത്തും നമുക്ക് ഉറങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു.

 

ഉറക്കം ഒരു വിശ്രമം

ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ ഭക്ഷണത്തോടൊപ്പം വിശ്രമവും അത്യാവശ്യമാണ്. എന്നാല്‍ ശരീരം മാത്രം വിശ്രമിക്കുന്നതിലൂടെ നമുക്ക് പൂര്‍ണമായ വിശ്രമം ലഭിക്കുന്നില്ല. ശരീരത്തോടൊപ്പം മസ്തിഷ്‌കത്തിനും ചിന്തകള്‍ക്കും നാമറിയാതെ ശരീരത്തില്‍ നടക്കുന്ന ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വിശ്രമം ലഭിക്കുമ്പോഴാണ് വിശ്രമം പൂര്‍ണമാകുന്നത്. ഇതുപോലെയുള്ള ഒരു വിശ്രമം ഉറക്കില്‍ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. മാത്രവുമല്ല യന്ത്രങ്ങളും വാഹനങ്ങളും നിര്‍ത്തിയിട്ട് നാം ആവശ്യമായ റിപ്പയറിംഗും മെയിന്റനന്‍സ് ജോലിയും ചെയ്യുന്നതുപോലെ, നമ്മുടെ മസ്തിഷ്‌കവും ശരീരവും ആവശ്യമായ റിപ്പയറിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നത് ഉറക്ക സമയത്താണ്. ഉണര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെയും ഉന്മേഷത്തോടെയും പ്രവര്‍ത്തിക്കാന്‍ ഇത് നമുക്ക് കരുത്തേകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ കാര്യം നമ്മെ ഉണര്‍ത്തുന്നു: ''നിങ്ങളുടെ ഉറക്കിനെ നാം വിശ്രമമാക്കി'' (78:9). നാം ഉറങ്ങുമ്പോള്‍ മസ്തിഷ്‌കം ഓണ്‍ലൈനില്‍നിന്ന് ഓഫ് ലൈനിലേക്ക് പോവുകയും 50 ശതമാനം മസ്തിഷ്‌ക തരംഗങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യുന്നു. ഭാഗികമായി ജോലി ചെയ്യുന്ന മസ്തിഷ്‌കം, അതില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുക, നശിച്ച കോശങ്ങളെ പുനഃസൃഷ്ടിക്കുക, ഉണര്‍ച്ചയില്‍ നമുക്ക് ലഭിക്കുന്ന ആയിരക്കണക്കിന് വിവരങ്ങള്‍ ക്രോഡീകരിച്ച് വര്‍ഗീകരിക്കുക തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. മാത്രമല്ല, ദീര്‍ഘകാല ഓര്‍മകള്‍, ഹ്രസ്വകാല ഓര്‍മകള്‍ എന്നിങ്ങനെ വിവിധ തരംതിരിവുകള്‍ നടത്തുന്നു. ഇത് നമ്മുടെ ഓര്‍മയും പഠനവുമെല്ലാം ക്രമപ്പെടുത്താന്‍ പ്രയോജനപ്പെടുന്നു. കൂടാതെ രക്തസമ്മര്‍ദം, ശരീര ഊഷ്മാവ് മുതലായവയും ക്രമപ്പെടുത്തുന്നു. മസ്തിഷ്‌കത്തിലെ രക്തപ്രവാഹം കുറയുന്നതിനാല്‍ മസിലുകളിലേക്ക് കൂടുതല്‍ രക്തപ്രവാഹമുണ്ടാവുകയും പേശികള്‍ക്ക് കരുത്ത് കൂടുകയും ചെയ്യുന്നു.

പരിശുദ്ധ ഖുര്‍ആന്‍ ഉറക്കിനെ പൊതുവെ 'നൗം' എന്ന പദം കൊണ്ടാണ് പരാമര്‍ശിച്ചത്. ഒമ്പത് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഈ പദം ഉപയോഗിച്ചപ്പോള്‍, രണ്ടിടങ്ങളില്‍ സ്വപ്‌നം എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചത്. ഉറക്കം എന്ന അര്‍ഥം വരുന്ന മറ്റു വാക്കുകളും പ്രയോഗിച്ചിട്ടുണ്ട്.

 

ഉറക്കമെന്ന ചാക്രിക പ്രതിഭാസം

ഒരു രാത്രിയിലെ നമ്മുടെ ഉറക്കം നിരവധി തവണ ആവര്‍ത്തിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ഉറക്ക ചക്ര(Sleep Cycle)ത്തിലും നാലു ഘട്ടങ്ങള്‍ വീതമുണ്ട്. ഇതില്‍ മൂന്നെണ്ണം ദ്രുത ദൃഷ്ടിചലനരഹിതം (Non Rapid Eye Movements-NREM) എന്നും നാലാമത്തേത് ദ്രുത ദൃഷ്ടിചലനഘട്ടം (Rapid Eye Movement- REM) എന്നും തരംതിരിക്കാം. ഒരു തവണ ഈ നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 90 മുതല്‍ 110 മിനിറ്റുവരെ എടുക്കും. ഇങ്ങനെ ഒരു വ്യക്തി ശരിയായ അളവില്‍ ഉറങ്ങുമ്പോള്‍ നാലു മുതല്‍ അഞ്ചു തവണ വരെ ഈ ചക്രം ആവര്‍ത്തിച്ചു സംഭവിക്കുന്നു. ഇതില്‍ ഓരോ ഘട്ടത്തിനും അതിന്റേതായ പ്രാധാന്യവും സവിശേഷതയുമുണ്ട്. മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ കുറിച്ച് നടന്ന പഠനങ്ങളുടെ (EEG-Electro Encephalography) അടിസ്ഥാനത്തില്‍ ഈ നാലു ഘട്ടങ്ങളെ ലോല നിദ്ര, ഗാഢ നിദ്ര എന്നിങ്ങനെയും വേര്‍തിരിച്ചിട്ടുണ്ട്. നിദ്രയുടെ നാലു സവിശേഷ ഘട്ടങ്ങള്‍ വിശുദ്ധ ഖുര്‍ആനും വളരെ ഭംഗിയായി പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ ഇവയെ സിന, നുആസ്, റുഖൂദ്, സുബാത്ത് എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു.

ഒന്നാം ഘട്ടം: നിദ്രയുടെ ആമുഖം എന്ന് വിളിക്കുന്ന ഒന്നാം ഘട്ടം പൂര്‍ണമായും ഉറങ്ങാത്തതും എന്നാല്‍ പൂര്‍ണമായും ഉണരാത്തതുമായ ഒരു ഘട്ടമാണ്. ഇത് പൊതുവെ മയക്കം എന്നറിയപ്പെടുന്നു. ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും ഇടക്കുള്ള ഒന്നാമത്തെ ഘട്ടം അഞ്ച് മുതല്‍ 10 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. ഹൃദയമിടിപ്പ്, ശ്വാസഗതി, കണ്ണിന്റെ ചലനം എന്നിവ മന്ദഗതിയിലാവുന്നു. മസ്തിഷ്‌ക തരംഗങ്ങളും മന്ദഗതിയിലാകാന്‍ തുടങ്ങുന്നു. വിശുദ്ധ ഖുര്‍ആന്‍ 'സിന' എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്: 'അല്ലാഹു അവനല്ലാതെ ദൈവമില്ല, അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കില്ല' (2:255). ഉറക്കത്തിനു മുമ്പ് വരുന്നതാണ് മയക്കം.

രണ്ടാം ഘട്ടം: യഥാര്‍ഥ നിദ്ര ആരംഭിക്കുന്ന ഘട്ടമാണിത്. കണ്ണിന്റെ ചലനം പൂര്‍ണമായി നിലക്കുകയും ശ്വാസോഛ്വാസവും ഹൃദയമിടിപ്പും കൂടുതല്‍ മന്ദഗതിയിലാവുകയും ചെയ്യും. ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ കുറയുന്നതിനാല്‍ ശരീരം കൂടുതല്‍ വിശ്രമാവസ്ഥയിലേക്ക് നീങ്ങുന്നു. മസ്തിഷ്‌ക തരംഗങ്ങള്‍ വളരെ മന്ദഗതിയിലാവുന്നു. മനസ്സും ശരീരവും ഒരുപോലെ ശാന്തമാകുന്ന ഈ ഘട്ടം 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടമാണ്. വിശുദ്ധ ഖുര്‍ആന്‍ 'നുആസ്' എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്.

ബദ്ര്‍ യുദ്ധ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് ശത്രുക്കള്‍ക്ക് നേരെയുള്ള ഭയം നീക്കാനും മനസ്സമാധാനവും ശാന്തിയും ലഭിക്കാനും അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമായി ഇതിനെ വിശേഷിപ്പിക്കുന്നു. ''തന്റെ പക്കല്‍നിന്നുള്ള ശാന്തിയായി അല്ലാഹു നിങ്ങളെ ഒരു നിദ്രാ മയക്കം കൊണ്ട് മൂടുകയുണ്ടായി''.

ഉഹുദ് യുദ്ധ സമയത്തും വിശ്വാസികള്‍ക്ക് പലവിധ ദുഃഖങ്ങളും ഉണ്ടായപ്പോള്‍ അതില്‍നിന്നും മോചനമായി അല്ലാഹു അവര്‍ക്ക് 'നുആസ്' എന്ന് വിശേഷിപ്പിച്ച ഉറക്കം നല്‍കുകയുണ്ടായി. ''പിന്നീട് ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങി ഉറങ്ങാവുന്ന ശാന്തി നല്‍കി'' (3:154).

മൂന്നാം ഘട്ടം: ഗാഢനിദ്രയുടെ ഘട്ടമാണിത്. ഹൃദയമിടിപ്പും ശ്വാസഗതിയും ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുന്നു. മസിലുകളെല്ലാം തന്നെ വിശ്രമാവസ്ഥയിലായതിനാല്‍ എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള ഘട്ടമാണിത്. പുറംലോകത്ത് നടക്കുന്നതൊന്നും തന്നെ നാം ഈ ഘട്ടത്തില്‍ അറിയുന്നില്ല. കൂര്‍ക്കം വലിക്കുക, സ്വയം സംസാരിക്കുക തുടങ്ങിയവ ഈ ഘട്ടത്തില്‍ സംഭവിക്കാം. വിശുദ്ധ ഖുര്‍ആന്‍ 'റുഖൂദ്' എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിച്ചത്. ഗുഹാവാസികളായ വിശ്വാസികളുടെ ഉറക്കത്തെ കുറിച്ച് അല്ലാഹു വിശദീകരിക്കുന്നു: ''അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്ക് തോന്നാം. യഥാര്‍ഥത്തില്‍ അവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചു കിടത്തിക്കൊണ്ടിരിക്കുന്നു'' (18:18).

നാലാം ഘട്ടം: ഉറക്കം ആരംഭിച്ച് ഏകദേശം 90 മിനിറ്റിനു ശേഷം സംഭവിക്കുന്ന ഈ വേള നിദ്രയിലെ പ്രധാന ഘട്ടമാണ്. നമുക്ക് പകല്‍ സമയങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള മാനസിക, ശാരീരിക ആരോഗ്യവും കരുത്തും ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്. മസ്തിഷ്‌കത്തിന്റെ റിപ്പയറിംഗും മെയിന്റനന്‍സും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ ഘട്ടത്തിലാണ്. നമ്മുടെ ശാരീരിക അവയവങ്ങളെല്ലാം മരവിച്ച അവസ്ഥയിലായിരിക്കുന്നത് ഈ ഘട്ടത്തിലാണ് കാണുന്നത്. സ്വപ്‌നത്തിനോട് നാം പ്രതികരിക്കുന്നത് തടയാനാണ് ഈ ഘട്ടത്തില്‍ അവയവങ്ങള്‍ നിശ്ചലമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കണ്ണുകള്‍ ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരിക്കും. യഥാര്‍ഥ ലോകത്തുനിന്നും പൂര്‍ണമായും നാം വേര്‍പ്പെട്ട് സ്വപ്‌നലോകത്ത് എത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ 'സുബാത്ത്' എന്ന് വിശേഷിപ്പിച്ച ഘട്ടമാണിത്. സുബാത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ഥം പറയാറുള്ളതെങ്കിലും അതില്‍ കൂടുതലായി ബോധക്ഷയം, അനക്കമില്ലാത്ത അവസ്ഥ  (Coma Stage)  എന്ന അര്‍ഥങ്ങളാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. കാരണം ശരീരം പൂര്‍ണമായും മരവിച്ച് അനക്കമില്ലാത്ത അവസ്ഥയിലും, മസ്തിഷ്‌കം യഥാര്‍ഥ ലോകത്തുനിന്ന് വിട്ട് സ്വപ്‌നലോകത്തും എത്തുന്നു.

 

ഉറക്കവും മരണവും

''മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണം വിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (39:42).

മരണത്തെയും ഉറക്കിനെയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ അല്ലാഹു വിശദീകരിക്കുകയാണിവിടെ. രണ്ട് സന്ദര്‍ഭങ്ങളിലും നമ്മുടെ ആത്മാവിനെ അല്ലാഹു പിടിച്ചെടുക്കുകയാണ്. ഓരോ ഉറക്കിലും നാം മരിച്ചു ജീവിക്കുകയാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. പക്ഷേ ആത്മാവ് വേര്‍പ്പെടുമ്പോഴും നമുക്ക് ശരീരത്തില്‍ ജീവന്‍ ഉണ്ടാവുന്നു. എന്നാല്‍ അല്ലാഹുവിന്റെ അവധി എത്തിയ ഒരാളുടെ ശരീരത്തിന്റെ ജീവന്‍ പോവുകയും ആത്മാവിന് തിരിച്ചുകയറാന്‍ കഴിയാത്തവിധം തകര്‍ന്ന വീടുപോലെ ആയിത്തീരുകയും ചെയ്യുന്നു. അത്തരം ആളുകള്‍ പുനരുത്ഥാന ദിനം വരെ ദീര്‍ഘമായ നിദ്രയിലാവുകയും പുനരുത്ഥാന ദിനം ജീവന്‍ നല്‍കപ്പെട്ട് ആത്മാവ് അതിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹുവിന്റെ അവധി എത്താത്ത വ്യക്തിയുടെ ശരീരത്തിലേക്ക് ഓരോ ദിവസവും ഉറക്കമുണരുന്ന സമയം ആത്മാവ് തിരിച്ചു നല്‍കപ്പെടുന്നു. താല്‍ക്കാലിക മരണ സമയത്തും ആത്മാവ് പ്രവേശിക്കുന്നതിനു മുമ്പായി നമ്മുടെ ശരീരത്തില്‍ ചില പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. യഥാര്‍ഥ മരണത്തിനു ശേഷവും പുനഃരുത്ഥാന നാളില്‍ പുനസൃഷ്ടിക്കപ്പെട്ട ശരീരത്തിലേക്കാണ് ആത്മാവ് പ്രവേശിക്കപ്പെടുന്നത്.

നേരത്തേ ഉറങ്ങി നേരത്തേ എഴുന്നേല്‍ക്കുക എന്നതാണ് ഉറക്കിന്റെ പ്രാഥമിക പാഠം. നബി(സ) ഇശാഇനു ശേഷം വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ സംസാരിച്ചിരിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. അതേപോലെ പ്രഭാതസമയത്ത് ഉറങ്ങുന്നതും. ഈ നിര്‍ദേശങ്ങള്‍ രണ്ടും തികച്ചും ശാസ്ത്രീയമാണ്. ഉറക്കിനെ സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോനിന്‍ സൂര്യനസ്തമിച്ചതു മുതല്‍ ഉല്‍പാദനം ആരംഭിക്കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് രക്തത്തിലെത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ രാത്രി 10 മണിക്കുള്ളില്‍തന്നെ ശരീരം ഉറക്കിനായി സജ്ജമാകുന്നു. രാത്രി ഏഴു മണിക്കൂറോളം ഉറങ്ങുന്നത് തലച്ചോറിന്റെ വാര്‍ധക്യം തടയുമെന്നും ഒമ്പത് മണിക്കൂറില്‍ കൂടുതലും അഞ്ച് മണിക്കൂറില്‍ കുറവും ഉറങ്ങുന്നത് ഓര്‍മ, ശ്രദ്ധ എന്നിവ കുറയാന്‍ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രി 10 മണി മുതല്‍ നാലു മണിവരെ ഉറങ്ങുന്ന ഒരു വ്യക്തിക്ക് ആരോഗ്യപ്രദമായ ഉറക്കം ലഭിക്കുന്നു.

വുദൂവെടുക്കുക, വലതു ഭാഗം ചെരിഞ്ഞ് കിടക്കുക, വിരിപ്പ് തട്ടി വൃത്തിയാക്കുക, ലൈറ്റണക്കുക, മനസ്സ് ശാന്തമാകാന്‍ പ്രാര്‍ഥിക്കുക മുതലായവ ഉറക്ക മര്യാദകളായി നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

 

ഉറക്കം നഷ്ടപ്പെട്ട പുതുതലമുറ

ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമായ ഉറക്കം ഇന്ന് ഏറ്റവും നഷ്ടപ്പെടുന്നത് ന്യൂജനറേഷന്‍ എന്ന് നാം വിളിക്കുന്ന പുതുതലമുറക്കാണ്. ശരിയായ സമയത്തും മതിയായ അളവിലുമല്ലാത്ത ഉറക്കം നിരവധി ശാരീരിക-മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. 18 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ ചുരുങ്ങിയത് 7 മണിക്കൂറും 14 മുതല്‍ 17 വരെയുള്ളവര്‍ എട്ട് മണിക്കൂറും ഉറങ്ങണമെന്നാണ് ശാസ്ത്രമതം. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ശരീര ഭാരം വര്‍ധിക്കുക മുതലായ ശാരീരിക പ്രശ്‌നങ്ങളും വിഷാദം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, ഉന്മേഷമില്ലായ്മ മുതലായ മാനസിക പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയുടെ ഫലങ്ങളാണ്. രാത്രി വൈകിയും വീടണയാതെ പുറത്ത് കഴിച്ചുകൂട്ടുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, അപകടകരമായ മൊബൈല്‍ ഗെയ്മുകള്‍ ഉറക്കമൊഴിച്ച് കളിക്കുക, രാത്രി ഉറക്കമൊഴിച്ച് വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍ പെടുക തുടങ്ങിയവയെല്ലാം ശരിയായ സമയത്ത് ഉറങ്ങാത്തതിന്റെ പ്രശ്‌നങ്ങളാണ്. പുതുതലമുറക്ക് ദിശാബോധം നല്‍കാനുള്ള ഒരുവഴി അവരുടെ ഉറക്കും ഉണര്‍ച്ചയും ശാസ്ത്രീയവും ഇസ്‌ലാമികവുമാക്കി മാറ്റുക എന്നതാണ്. 

 

 

വിവരങ്ങള്‍ക്ക് കടപ്പാട്

1. National Sleep Foundation The sleep wake cycle. www.sleepfoundation.org

2. www. centreforsoundsleep.com

3. National Institute of Neurological Disorder and Stroke. www.ninds.inh.org

4. Sleep in the Quran and Health Sceince Mohammed Reza Heidari, University of Tehran.

5. Sleep- by Ibrahim B, Syed, Ph.d, President, Islamic Research Foundation Intl, Louisville-USA

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍