Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

മൗലിദ് ആരാധനയോ, കലയോ?

ടി. മുഹമ്മദ് വേളം

ഇസ്‌ലാമികമായി വിഷയത്തെ വിശകലനം ചെയ്യുമ്പോള്‍ ഈ ചോദ്യം പ്രധാനമാണ്. കാരണം ഇസ്‌ലാം മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമായി ആരാധനയെയും കലയെയും കൃത്യമായി വേര്‍തിരിക്കുന്നുണ്ട്. ആരാധനാ കര്‍മങ്ങളില്‍ കലാംശമില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. പക്ഷേ അതുകൊണ്ട് അത് കലാരൂപങ്ങളാവില്ല. ഇസ്‌ലാം കലാരൂപങ്ങള്‍ക്ക് എതിരല്ല. കവിതയെയും പാട്ടിനെയും അന്നു പ്രചാരത്തിലുള്ള ചില വാദ്യങ്ങളെയുമൊക്കെ പ്രവാചകന്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ അവയൊന്നും ഇസ്‌ലാമിന്റെ ആരാധനാക്രമത്തിന്റെ ഭാഗമല്ല. 

ദിവ്യബോധനത്തെയും കവിതയെയും ഖുര്‍ആന്‍ കൃത്യമായി തന്നെ വേര്‍തിരിച്ചു: ''നാം അദ്ദേഹത്തെ കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് ഉചിതവുമല്ല'' (യാസീന്‍ 29). ഖുര്‍ആന്‍ കവിതയാണെന്നത് ശത്രുക്കളുടെ ആരോപണമായിരുന്നു. അല്ലെന്നത് ഖുര്‍ആന്റെ നിരന്തര സമര്‍ഥനവും. ഖുര്‍ആന്‍ പാരായണത്തിന് ഗദ്യവും പദ്യവുമല്ലാത്ത ഒരു ദിവ്യ താളമുണ്ട്.  പക്ഷേ അത് പാട്ടല്ല. ഖുര്‍ആന്‍ പാരായണത്തെ പാട്ടാക്കരുതെന്ന് പ്രവാചകന്‍ കാര്‍ക്കശ്യത്തോടെ പഠിപ്പിക്കുന്നുണ്ട്. കവിതയും പാട്ടും മനുഷ്യവ്യവഹാരങ്ങളാണ്. ഖുര്‍ആനെ കവിതയോ പാട്ടോ ആക്കി മാറ്റുന്നത് അതിനെ മനുഷ്യവത്കരിക്കലാണ്.

നമസ്‌കാരം നൃത്തമല്ല. മനുഷ്യന്റെ കലാ-സാഹിത്യ വര്‍ഗീകരണങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത ദിവ്യമായ ആരാധനയാണ്. കലക്കും ആരാധനക്കുമിടയിലെ ഈ വേര്‍തിരിവ് നഷ്ടപ്പെട്ടതാണ് മറ്റു മതങ്ങള്‍ വികലമാവാനുള്ള പ്രധാന കാരണം. പാട്ടു തന്നെ ആരാധനയായി, മതം തന്നെ കഥയായി, നാടകമായി, ഐതിഹ്യമായി. കഥയേത്, വിശ്വാസമേത്, പാട്ടേത്, ആരാധനയേത് എന്നു വേര്‍തിരിക്കാന്‍ കഴിയാത്ത പരുവത്തിലുമായി. 

ക്രൈസ്തവ പള്ളികളുടെയും ഹൈന്ദവ ക്ഷേത്രങ്ങളുടെയും ഭാഗമായി ഗായക സംഘങ്ങളും മറ്റു കലാസംഘങ്ങളും പ്രവര്‍ത്തിച്ചുപോരുന്നു. അവിടെ പാട്ടും നാടകവുമൊക്കെ ആരാധനയുടെ ഭാഗമാണ്. എന്നാല്‍ ലോകത്തെവിടെയും മുസ്‌ലിം പള്ളികളോട് ചേര്‍ന്ന് ഗായകസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. നാട്യസംഘങ്ങളില്ല. അപവാദമായുള്ളത് ദര്‍ഗകളാണ്. ദര്‍ഗകളിലെ ഖവാലികള്‍ പാട്ടു മാത്രമല്ല ആരാധനകള്‍ കൂടിയാണ്. ഇത് ഇസ്‌ലാമിന്റെ തനതു പാരമ്പര്യത്തില്‍ ഇല്ലാത്തതാണ്; ഇസ്‌ലാമിന്റെ ഹൈന്ദവ-ക്രൈസ്തവവത്കരണമാണ്. അഥവാ ബഹുദൈവത്വവത്കരണമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മതേതരവത്കരണമാണ്. ബഹുദൈവാംശമുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ദര്‍ഗകള്‍ പ്രവര്‍ത്തിക്കുന്നത്. ബഹുദൈവത്വത്തിന്റെ സ്വാഭാവിക ഉല്‍പന്നമാണ് ആരാധനയാകുന്ന പാട്ടുകള്‍. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് ഖാദി മുഹമ്മദ് എഴുതിയ മുഹ്‌യിദ്ദീന്‍ മാല എന്ന കാവ്യ സമാഹാരം ഖുര്‍ആന്‍ പാരായണം പോലെ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് പാരായണം ചെയ്യുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. ഇസ്‌ലാമിലെ എല്ലാ ആരാധനകളും പാട്ടോ സംഗീതമോ നാടകമോ മറ്റു കലാരൂപങ്ങളോ ആയി വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തവയാണ്. ആരെങ്കിലും അവയെ തെറ്റായി മനസ്സിലാക്കിയാല്‍ തന്നെ അങ്ങനെ ഉപയോഗിക്കാന്‍ കഴിയില്ല. സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ തന്റെ ഇസ്‌ലാം ചരിത്രവും നാഗരികതയും എന്ന ഗ്രന്ഥത്തില്‍  ഇസ്‌ലാമിലെ ആരാധനാ ക്രമങ്ങളെ പ്രതിപാദിക്കവെ എഴുതുന്നു: ''മുകളില്‍ പറഞ്ഞ അനുഷ്ഠാനങ്ങള്‍ എല്ലാ മുസ്‌ലിംകളും നിര്‍വഹിക്കുന്നവയാണ്. അവക്കു പുറമെ ശീഈകള്‍ക്ക് ചില പ്രത്യേകമായ അനുഷ്ഠാനങ്ങളും ആരാധനകളുമുണ്ട്. പ്രവാചക പൗത്രനായ ഹുസൈനുബ്‌നു അലിയെ ഇറാഖിലെ കര്‍ബലയില്‍ വെച്ച് ഉമവീ ഖലീഫയായ യസീദിന്റെ സൈന്യം കൊലപ്പെടുത്തുകയുണ്ടായി. ശീഈകള്‍ ഈ രക്തസാക്ഷ്യത്തിന്റെ പേരില്‍ നടത്തിപ്പോരുന്ന വിലാപം അവയിലൊന്നാണ്. അറുന്നൂറ്റി എഴുപതാം വര്‍ഷം മുഹര്‍റത്തിലാണ് പ്രസ്തുത സംഭവം നടന്നത്. ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റത്തിലെ ആദ്യ ദിവസം മുതല്‍ അമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ ആരംഭിക്കുന്നു. ഇമാം ഹുസൈന്‍ ചരമദിനമായ പത്താം ദിവസം വിലാപം  അതിന്റെ പാരമ്യത്തിലെത്തുന്നു. മുഹര്‍റത്തില്‍ വലിയ മത ഘോഷയാത്രകളുണ്ടാകുന്നു. ഈ ഘോഷയാത്രകളില്‍ ചിലപ്പോള്‍ ആളുകള്‍ ആര്‍ത്തു വിലപിച്ചുകൊണ്ട് സ്വയം നെഞ്ചത്തടിക്കുന്നു (സീനെ ബാത്ത്- സാനി). കര്‍ബലാ ദുരന്തം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലുണ്ടാകും (റൗള/ ബാര്‍ കാനി). വികാരസാന്ദ്രമായ നാടകാവിഷ്‌കാരങ്ങളുണ്ടാകും (തഅ്‌സിയ). ഇസ്‌ലാമിക ലോകത്തെ ഒരേയൊരു നാടകമാണിത്'' (പേജ് 90-91).

ആരാധന നാടകമാവുന്ന, നാടകം ആരാധനയാകുന്ന അനുഭവം. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള കുത്തുറാത്തീബ് സുന്നികള്‍ക്കിടയില്‍ തന്നെയുള്ള സമാനമായ ആരാധനാ രൂപമാണ്. ഇത്തരത്തിലുള്ളവയല്ലാതെ നാടകമോ പാട്ടോ ഒന്നും തനത് ഇസ്‌ലാമിക പാരമ്പര്യത്തില്‍ ആരാധനകളായിട്ടില്ല. 

സവര്‍ണവും അവര്‍ണവുമായ ഹൈന്ദവ സമൂഹത്തില്‍ രണ്ടു തരം കലാരൂപങ്ങള്‍ ഉണ്ട്. ഒന്ന് ക്ലാസ്സിക്കല്‍ കലാരൂപങ്ങള്‍. ഉദാ: കഥകളി, തുള്ളല്‍, കൂടിയാട്ടം മുതലായവ. രണ്ട്, ഫോക്‌ലോര്‍. ഉദാ: തെയ്യം, പടയണി മുതലായവ. ഇതില്‍ ക്ലാസിക്കല്‍ കലകള്‍ തനി കലകള്‍ തന്നെയാണ്. അതിന്റെ ഇതിവൃത്തം മിക്കപ്പോഴും മതപരമായിരിക്കാം. അത് അവതരിപ്പിക്കപ്പെടുന്നത് ക്ഷേത്രപരിസരത്തും ക്ഷേത്രോത്സവങ്ങളുടെ ഭാഗമായിട്ടും ആയിരിക്കാം. പക്ഷേ ഒരു രൂപം എന്ന നിലക്ക് അത് മതത്തില്‍നിന്ന് സ്വതന്ത്രമാണ്. പക്ഷേ, ഫോക്‌ലോര്‍ കലകള്‍ യഥാര്‍ഥത്തില്‍ കലകളല്ല. അവ ആരാധനകളാണ്. പക്ഷേ, അവ മനുഷ്യനിര്‍മിതികളായതുകൊണ്ടും അമിതമായി ലാവണ്യവത്കരിക്കപ്പെട്ട ആരാധനകളായതുകൊണ്ടും അവ കലാരൂപങ്ങളായി മാറി. തെയ്യം ആരാധനയുടെ ഭാഗമായല്ലാതെ പൊതു സദസ്സുകളില്‍ കേവല കലകളായി അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന തെയ്യം കലാകാര•ാര്‍ അല്ലെങ്കില്‍ അനുഷ്ഠാനക്കാര്‍ വടക്കന്‍ കേരളത്തില്‍ ആ സമൂഹങ്ങള്‍ക്കിടയിലുണ്ട്.  അത്തരം പ്രതിരോധങ്ങളെയെല്ലാം അപ്രസക്തമാക്കി അവ കലകളായി ആടിത്തിമര്‍ക്കുകയാണ്. എന്നാല്‍ ഇസ്‌ലാമിലെ ആരാധനകള്‍ക്ക് അവയെ കലാരൂപമാക്കുന്നതില്‍നിന്ന് തടയുന്ന ദിവ്യമായ ചില പ്രതിരോധ ഘടകങ്ങളുണ്ട്. അവയുടെ ദൈവികമായ രൂപകല്‍പ്പനയില്‍തന്നെ മനുഷ്യന്റെ കലാവ്യവഹാരങ്ങളില്‍നിന്ന് അതിനെ വേര്‍തിരിക്കുന്ന, വ്യത്യസ്തമാക്കുന്ന ദിവ്യമായ അംശങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 

യഥാര്‍ഥത്തില്‍ മൗലിദ് ഇസ്‌ലാമിലെ ആരാധനയല്ല, കവിതയും കലയുമാണ്. അതിനെ അനുഷ്ഠാനമാക്കി മാറ്റുമ്പോഴാണ് അത് അബദ്ധമായിത്തീരുന്നത്. എന്നാല്‍ ആരാധനാ സ്വഭാവത്തില്‍നിന്ന് സ്വതന്ത്രമാക്കി അതിനെ സാഹിത്യവും കലയുമാക്കി മാറ്റിയാല്‍ അതിന് ഇസ്‌ലാമിക സംസ്‌കാരത്തിനകത്തു തന്നെ ഒരുപാട് സാധ്യതകളുണ്ട്.  ആയിരത്തിനാനൂറ് വര്‍ഷത്തെ ഇസ്‌ലാമിക സാഹിത്യ പാരമ്പര്യത്തിന്റെ പ്രധാന ഇതിവൃത്തങ്ങളിലൊന്ന് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ തന്നെയാണ്.

മുസ്‌ലിം സമൂഹത്തിന്റെ വലിയ സാംസ്‌കാരിക മൂലധനങ്ങളാണവ. കവിതയും കലയും ആലങ്കാരികമാണ്. യഥാതഥമല്ല, വ്യംഗ്യഭംഗിപ്രധാനമാണ്. പ്രവാചക കീര്‍ത്തന കാവ്യങ്ങളെയും കവിതയായാണ് കാണേണ്ടത്. ആലങ്കാരികതയുടെ ആനുകൂല്യവും നല്‍കാനാവാത്ത അവയിലെ വിശ്വാസപരമായ വഴിപിഴക്കലുകള്‍ തിരുത്തപ്പെടേണ്ടവയാണ്. നൂതനാചാരങ്ങള്‍ക്ക് എതിരായ ബോധവല്‍ക്കരണങ്ങളോടൊപ്പം പ്രവാചക കീര്‍ത്തന കാവ്യങ്ങളായ മൗലിദുകളെ കലയും കവിതയുമെന്ന നിലക്ക് കലാ വേദികളിലും സദസ്സുകളിലും ധാരാളമായി കൊണ്ടു വന്നും പ്രവാചക പ്രശംസയുടെ പുതിയ കാവ്യങ്ങള്‍ മാതൃഭാഷയിലടക്കം രചിച്ചും അവതരിപ്പിച്ചുമാണ് കലതന്നെ ആരാധനയാകുന്ന അപകടത്തെ, അപഭ്രംശത്തെ പ്രതിരോധിക്കേണ്ടത്. ഇസ്‌ലാമിക സംസ്‌കാരത്തിലെ ആരാധനയെ ആരാധനയായും കലയെ കലയായും വേര്‍തിരിക്കുക തന്നെയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം; ഇസ്‌ലാമിന്റെ തനിമ നിലനിര്‍ത്താനുള്ള വഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍