Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

മരുപ്പച്ച (കവിത)

സി.കെ മുനവ്വിര്‍ ഇരിക്കൂര്‍

സ്വപ്‌നങ്ങള്‍ നനച്ച്

പ്രതീക്ഷകള്‍ മുളപ്പിച്ച്

മരുപ്പറമ്പില്‍ മോഹപ്പക്ഷികളെ

പറക്കാന്‍ വിട്ട്

ഏഴാം നൂറ്റാണ്ട് വീണ്ടും

മനോമുകുരത്തില്‍മിന്നിമറയുന്നു.

 

മൊട്ടക്കുന്നില്‍നിന്ന്

മരുപ്പച്ച കാണാന്‍ വിട്ടതിന്

ആരോടൊക്കെയാണ്

നന്ദി പറയേണ്ടത്?

സഖാക്കളോടോ,

സഖാക്കള്‍ക്കതിന്

വഴിമരുന്നിട്ട പോരാളികളോടോ.

 

ക്ഷേമം

കൊതിക്കുന്നോരൊക്കെയും

ആത്മാവിന്റെ പുസ്തകത്തില്‍

സന്തോഷപുളകിത

ആനന്ദതുന്ദില

വര്‍ധിതോന്മേഷ

ജീവിതപ്പച്ചയെന്ന്

സ്വര്‍ണ ലിപികളില്‍ തൊട്ട

നാളുകളുടെ തിലകക്കുറി-

ഏഴാം നൂറ്റാണ്ട്.

 

നന്ദിയുണ്ടെത്രയോ 

സഖാക്കളേ നിങ്ങള്‍ക്ക്;

ചത്ത ചിന്തയെ തൊട്ടുണര്‍ത്തിയതിന്

സാന്ത്വനത്തിന്റെ താരാട്ട്

കാലങ്ങള്‍ക്കിപ്പുറം

ഇളം തെന്നലായിപ്പെയ്യിച്ച്

വരണ്ട മസ്തിഷ്‌കങ്ങളെ

മുളപൊട്ടിയ വിത്തിട്ട്

തേവി നനച്ചതിന്.

 

മദീനയിലെ ഈത്തപ്പഴം

ചുമന്നുള്ള കുതിരക്കുളമ്പടി

കേരളത്തിന്റെ ഗ്രാമച്ചുവപ്പില്‍

നവംനവങ്ങളായ

ചോദ്യങ്ങളുന്നയിക്കാനിനി

കാത്തിടത്തോളം 

കാക്കേണ്ടതില്ലന്ന്

ഉറക്കെപ്പറഞ്ഞത്

സഖാക്കളുടെ ഉറക്കച്ചടവിന്റെ

പിച്ചും പേയുമല്ലെന്നത് തീര്‍ച്ച.

 

മുലകുടിക്കുന്ന കുട്ടിയും

പെന്‍ഷന്‍ കാശിന്റെ

വലുപ്പം കണ്ട്

കരച്ചില്‍ നിര്‍ത്തിയൊരു നല്ല കാലം,

കുപ്പായ വലുപ്പത്തിന്റെ 

കണക്ക് ചോദിച്ച്

രാജാവിനെ സ്തംഭിപ്പിക്കാന്‍

ആണ്‍പെണ്‍ ഭേദമന്യേ

പ്രജകള്‍ക്ക് സ്വാതന്ത്ര്യം

കിട്ടിയിരുന്നൊരുന്നത കാലം,

ആട്ടിന്‍കുട്ടിയുടെ പട്ടിണി

ഭരണാധികാരിയുടെ

ഉറക്കം കെടുത്തിയൊരു

സുവര്‍ണ കാലം,

തടസ്സങ്ങളില്ലാതെ

കുട്ടിതന്‍ നാക്കിന്‍തുമ്പിലും

നിര്‍ഗളിക്കുന്ന

കണക്കു വെച്ചു തുടങ്ങിയതു

മുതലുള്ള 

കാലങ്ങളിലെ വസന്തകാലം.

ഏഴാം നൂറ്റാണ്ടിന്റെ 

സന്തുഷ്ട കാലം

യുഗങ്ങള്‍ക്കിപ്പുറം

തിരിച്ചുവരവിന്റെ വിളംബരം

ചെണ്ട കൊട്ടിയറിയിക്കപ്പെട്ടിരിക്കുന്നു.

നാക്കിന്‍ തുമ്പത്ര പിഴച്ചെങ്കിലും

വാക്കിന്‍ മുനയില്‍

നേരിന്‍ നനവുതിരുന്നുണ്ട്.

മുളക്കാത്ത വിത്തെന്നും

ജനിക്കാത്ത കുഞ്ഞെന്നും

കളിയാക്കിപ്പറഞ്ഞവരുടെ

നാക്കിന്‍ തരിപ്പില്‍നിന്നും

മദീന പുലര്‍ച്ചയുടെ

വിളിയാളങ്ങള്‍ കേട്ടുതുടങ്ങുന്നു,

ഗ്രന്ഥത്താളുകള്‍ 

സ്വയം സംസാരിക്കുന്നു.

മദീനയിലെ അക്ഷരങ്ങള്‍

കേരളത്തെരുവുകളില്‍

ദാഹാര്‍ത്തന് കുടിവെള്ളമായും

വിശക്കുന്നവനന്നമായും

കിടന്നുറങ്ങാന്‍ കൂരയായും 

പുനര്‍ജനിക്കുന്നതു കണ്ട്

പകച്ചുപോയിട്ടുണ്ട്

കമ്യൂണിസം പലവുരു

തെരുവുകളില്‍ നീതിക്കുള്ളലര്‍ച്ചയായി

ആര്‍ത്തിരമ്പിവരുന്ന

ജനസാഗരത്തിന്റെ 

കൈയുറപ്പും കരളുറപ്പും കണ്ട്

പകച്ചുപോയ പുലര്‍ച്ചയില്‍

പടിയിറക്കത്തിന്റെ

തുടക്കമായി കമ്യൂണിസ്റ്റുകള്‍

കൂവിത്തുടങ്ങിയിരിക്കുന്നു;

ഏഴാം നൂറ്റാണ്ട് വരുന്നേ,

ഏഴാം നൂറ്റാണ്ട് വരുന്നേ.

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍