Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

അത്രമേല്‍ പ്രസ്ഥാനത്തെ പരിണയിച്ചുകൊണ്ടാണ്ആ ചെറുപ്പം നാഥനിലേക്ക് യാത്രയായത്...

കെ.എസ് നിസാര്‍

നന്മയുടെ പൂമരങ്ങള്‍ക്ക് കായും കനിയുമുണ്ടാകുന്നതിന് ആയുസ്സിന്റെ  വലിയ അക്കങ്ങളല്ല, കര്‍മപഥത്തിലെ വിയര്‍പ്പുതുള്ളികളാണ് പ്രധാനമെന്ന്  ബോധ്യപ്പെടുത്തിയാണ് എസ്.ഐ.ഒ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ആസിഫ് റിയാസ് അല്ലാഹുവിലേക്ക് യാത്രയായത്. ഇരുപത്തൊന്നാണ്ടിന്റെ കര്‍മപുസ്തകത്തില്‍ അമ്പതാണ്ടിന്റെ നന്മകള്‍ രേഖപ്പെടുത്തിയാണ് അവന്‍ യാത്രയായതെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. ആ ഞായറാഴ്ചയുടെ പ്രഭാതത്തില്‍ കാഞ്ഞാര്‍ പുഴയുടെ അടിയൊഴുക്കില്‍  ആണ്ടുപോകുമ്പോഴും ദൈവമാര്‍ഗത്തിലെ പോരാളിയുടെ വിയര്‍പ്പുതുള്ളികള്‍ ആ നെറ്റിത്തടങ്ങളെ പ്രകാശപൂരിതമാക്കിയിരുന്നു. ദൈവമാര്‍ഗത്തില്‍ ആരും കൊതിക്കുന്ന വിടവാങ്ങല്‍. താന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രസ്ഥാന നേതാക്കള്‍ക്കൊപ്പം ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച്, അവര്‍ക്കൊപ്പം അന്തിയുറങ്ങി, അവരോട് തമാശകള്‍ പറഞ്ഞ്, ഒടുവില്‍ അവരുടെ ഹൃദയങ്ങളില്‍ ഇടിത്തീ വീഴ്ത്തിയാണ് ആസിഫ് പോയ്മറഞ്ഞത്. പടച്ചവന്റെ വിധിയെ തോല്‍പിക്കാന്‍ പടപ്പുകള്‍ക്കാവില്ലെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുകയായിരുന്നു ആ മരണം.

ഫ്രറ്റേണിറ്റിയുടെ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ആസിഫ്. നവംബര്‍ പതിനൊന്നാം തീയതി ശനിയാഴ്ച തൃശൂരില്‍ നടക്കുന്ന, അവന്‍ കൂടി പങ്കെടുക്കേണ്ട ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഈയുള്ളവന്‍ വിളിച്ചപ്പോള്‍, കാഞ്ഞാറില്‍ നടക്കുന്ന എസ്.ഐ.ഒ ക്യാമ്പായിരുന്നു അവന്റെ മനസ്സില്‍ മുഴുവന്‍. ഇസ്‌ലാമിക പ്രസ്ഥാന ചരിത്രത്തില്‍ ഇടുക്കി ജില്ലയില്‍ നടന്ന സംസ്ഥാന പരിപാടികളുടെ എണ്ണം തുലോം കുറവാണ്. അതിന് പരിഹാരമെന്നോണമാകണം എസ്.ഐ.ഒ നേതൃത്വം ദക്ഷിണ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പഠന സഹവാസം പുതുതായി നിര്‍മിക്കപ്പെട്ട കാഞ്ഞാറിലെ ഇസ്‌ലാമിക് സെന്ററില്‍ നടത്താന്‍ തീരുമാനിച്ചത്. അപൂര്‍വമായി വിരുന്നെത്തുന്ന തങ്ങളുടെ നേതാക്കളെയും സഹപ്രവര്‍ത്തകരെയും സ്വീകരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആസിഫടക്കമുള്ള ജില്ലയിലെ പ്രവര്‍ത്തകര്‍. അതിന്റെ സംഘാടനത്തില്‍ പോരായ്മകളുണ്ടാകരുതെന്ന അതിയായ ആഗ്രഹവും നിര്‍ബന്ധവും ഉണ്ടായിരുന്നതുകൊണ്ട് തൃശൂരിലെ യോഗത്തില്‍ എത്താന്‍ കഴിയില്ലെന്നവന്‍ അറിയിച്ചിരുന്നു. പക്ഷേ, അതൊരു അവസാന അവധി പറച്ചിലാകുമെന്ന് പ്രതീക്ഷിച്ചില്ല. 

പ്രവര്‍ത്തനമാര്‍ഗത്തിലെ തളരാത്ത പോരാളിയായിരുന്നു ആസിഫ്. ഏഴാം വയസ്സില്‍ പരിണയിച്ചു തുടങ്ങിയതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ. അവസാന ശ്വാസം വരെ ജീവിച്ചതും പ്രസ്ഥാന മാര്‍ഗത്തില്‍ അല്ലാഹുവിനു വേണ്ടി മാത്രം. മുട്ടം പോളിടെക്‌നിക് കോളേജില്‍ നീതിയുടെ രാഷ്ട്രീയത്തിനു വേണ്ടി എഴുന്നേറ്റുനിന്നതിന്റെ പേരില്‍ എസ്.എഫ്.ഐക്കാരുടെ അടികൊണ്ട പാടുകളുണ്ട് അവന്റെ ദേഹത്ത്.  മഹ്ശറില്‍ തിളങ്ങുന്ന അടയാളങ്ങളായി  അവ കൂടെയുണ്ടെന്നിരിക്കെ മരണത്തെ പുല്‍കാന്‍ ആര്‍ക്കാണ് ഭയമുണ്ടാവുക!

നിരന്തരം മര്‍ദനങ്ങള്‍ക്ക് വിധേയമായപ്പോഴും ആദര്‍ശമാര്‍ഗത്തില്‍നിന്ന് തെല്ലും വ്യതിചലിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ അവന്‍ നിലയുറപ്പിച്ചു. തുടര്‍ച്ചയായി രണ്ട് വര്‍ഷവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കൂടെയുള്ളവരെ മത്സരിപ്പിക്കാനും അവന്‍ നടത്തിയ ശ്രമങ്ങളും ത്യാഗവും സ്മരണീയമാണ്. പ്രസ്ഥാനവും അതിന്റെ വിജയവും ഒരു വികാരമായി കൊണ്ടുനടന്നവന്റെ എല്ലാ ആവേശങ്ങളും അവന്റെ ജീവിതത്തില്‍ പ്രകടമായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ എല്ലാ പിന്തുണയും നല്‍കിയ പിതാവും മാതാവും ഏക സഹോദരനും ഏറെ ആശ്വസിക്കുന്നു. 

പ്രവര്‍ത്തനങ്ങള്‍ അധികമാവുമ്പോള്‍, ഒന്ന് സ്‌നേഹിക്കാന്‍ അരികില്‍ കിട്ടാതാവുമ്പോള്‍ പരിഭവം പ്രകടിപ്പിക്കുന്ന ഉമ്മയോട് കലഹിക്കുന്ന മകനെ കുറിച്ചുള്ള ഓര്‍മകളില്‍ മാതാവ് റംല വിതുമ്പുന്നു. മകന്റെ വിയോഗം ഒരു നഷ്ടമല്ലെന്നും സ്വര്‍ഗത്തില്‍ അവനെ കണ്ടുമുട്ടാമെന്നുമുള്ള ആശ്വാസത്തില്‍ ധീരയായ മാതാവ് രക്ഷിതാവില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുകയാണ്.

അല്ലാഹുവിന്റെ പരീക്ഷണത്തിനു മുന്നില്‍ പതറാതെ സഹനമവലംബിക്കുന്ന ആസിഫിന്റെ പിതാവ് പറയുന്നതിങ്ങനെ: 'പടച്ചവന്റെ പിടുത്തം നമ്മുടെ ഇഷ്ടങ്ങളില്‍ ആയിരിക്കുമെന്നതിന് പാഠമാണ് ഈ മരണം. അഹങ്കരിക്കാവുന്ന സമ്പത്ത് എന്റെ കൈയിലില്ല. ചുറുചുറുക്കുള്ള രണ്ട് മക്കളായിരുന്നു എന്റെ സമ്പത്ത്. എന്റെ ഇഷ്ടവും അഹങ്കാരവും അവര്‍ തന്നെയായിരുന്നു. ആ ഇഷ്ടത്തില്‍ തന്നെയാണല്ലോ രക്ഷിതാവ് നേരത്തേ കൊണ്ടുപോയതും.'

'അനിയന്‍ പുള്ളി' എന്നാണ് ജ്യേഷ്ഠന്‍ അമീന്‍ അവനെ പരിചയപ്പെടുത്താറുള്ളത്. സഹോദരനാണോ കൂട്ടുകാരനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള ആത്മബന്ധമായിരുന്നു അവര്‍ക്കിടയില്‍. തന്റെ പ്രസ്ഥാന തിരക്കുകള്‍ക്കിടയിലും വീടിന്റെ ആശ്വാസം ആസിഫായിരുന്നെന്ന് അമീന്‍ ഇടക്കിടെ പറയാറുണ്ട്. ഉമ്മയുടെ കൂട്ടുകാരനായി അവന്‍ വീട്ടിലുണ്ടെന്ന ആശ്വാസം കൂടിയാണ് ഈ വിയോഗത്തിലൂടെ അമീന് നഷ്ടമാകുന്നത്. 

ആസിഫിന്റെ പിതാവ് റിയാസ് സാഹിബ് ജമാഅത്ത് കാര്‍കുനും ഉടുമ്പന്നൂര്‍ ഹല്‍ഖാ നാസിമുമാണ്. മാതാവ് റംല സജീവ പ്രവര്‍ത്തകയാണ്. സഹോദരന്‍ അമീന്‍ റിയാസ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ്.ഐ.ഒ മെമ്പറുമാണ്.

 

 

കെ.പി.ഒ അബൂബക്കര്‍ കുട്ടി മാസ്റ്റര്‍

പറവണ്ണ ജനതാ ബസാര്‍, മുറിവഴിക്കല്‍ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു കെ.പി.ഒ അബൂബക്കര്‍ കുട്ടി മാസ്റ്റര്‍ (71). ജമാഅത്തെ ഇസ്‌ലാമി ജനതാ ബസാര്‍ ഹല്‍ഖാ നാസിം, പലിശരഹിത നിധി പ്രസിഡന്റ്, സകാത്ത് കമ്മിറ്റി പ്രസിഡന്റ്, മസ്ജിദുത്തഹ്‌രീര്‍ പ്രസിഡന്റ്, പച്ചാട്ടിരി കള്‍ച്ചറല്‍ ട്രസ്റ്റ് അംഗം, പറവണ്ണ ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമിതി അംഗം, വള്ളിക്കാഞ്ഞിരം ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി സ്ഥാപകാംഗം എന്നിങ്ങനെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. മാതൃകാ അധ്യാപകന്‍ എന്ന വിശേഷണവും ഇദ്ദേഹത്തിന് ശിഷ്യന്മാര്‍ നല്‍കിയിട്ടുണ്ട്. ഫാറൂഖ് ട്രെയ്‌നിംഗ് സെന്ററില്‍നിന്നും ബി.എഡ് പൂര്‍ത്തിയാക്കിയ ശേഷം വിവിധ ഹൈസ്‌കൂളുകളില്‍ സയന്‍സ് അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പറവണ്ണ ഗവ. ഹൈസ്‌കൂള്‍, തിരൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍, കാട്ടിലങ്ങാടി പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം സ്തുത്യര്‍ഹമായ രീതിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാവാതെ അടങ്ങിയിരിക്കാത്ത സ്വഭാവമായിരുന്നു മാസ്റ്റര്‍ക്കുണ്ടായിരുന്നത്. ജനതാ ബസാര്‍ സകാത്ത് കമ്മിറ്റിയുടെ കീഴില്‍ ധാരാളം പേര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാന്‍ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. കുടുംബത്തിലെയും നാട്ടിലെയും ദരിദ്രരെ കണ്ടെത്തി സഹായിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എന്നും മുന്നില്‍ നിന്നിരുന്നു. നിശ്ശബ്ദമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു പ്രകൃതം.

ജനതാ ബസാറില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വന്തമായി പള്ളിയുണ്ടാവുക എന്ന സ്വപ്‌നം പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരേക്കാളും മുന്‍പന്തിയില്‍നിന്ന് അബൂബക്കര്‍ കുട്ടി പ്രവര്‍ത്തിച്ചിരുന്നു. അടുത്ത ബന്ധുവായ ഡോ. കെ.പി.ഒ സുലൈമാനില്‍നിന്ന് പള്ളിക്കായി സ്ഥലം ലഭിക്കുന്നതിന് അദ്ദേഹം കാര്യമായി ശ്രമിക്കുകയും അത് സാധിക്കുകയും ചെയ്തു. അതിനുശേഷം മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു മസ്ജിദുത്തഹ്‌രീറിന്റെ പ്രസിഡന്റ്. പള്ളിക്കടുത്ത് വില കൊടുത്തു വാങ്ങിയ സ്ഥലം പള്ളിക്ക് വഖ്ഫ് ചെയ്യാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ അലുംനിയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളായിരുന്നു അദ്ദേഹം. 

സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്ന അദ്ദേഹം സൗമ്യനും ശാന്തനും അനുകരണീയ സ്വഭാവങ്ങളുടെ ഉടമയുമായിരുന്നു. ദേഷ്യത്തോടെ ആരോടും പെരുമാറിയിരുന്നില്ല. അന്വേഷണങ്ങള്‍ക്ക് പക്വതയോടെ മറുപടി പറയും. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യം ധാരാളം പേരെ ഇസ്‌ലാമിക പ്രസ്ഥാനവുമായി അടുപ്പിച്ചിരുന്നു.  ഇടപാടുകളിലെ കണിശത താനുള്‍പ്പെട്ട എല്ലാ കമ്മിറ്റികളുടെയും ട്രഷറര്‍ സ്ഥാനം വഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ഇടപഴകിയ ആര്‍ക്കും നല്ല അനുഭവങ്ങള്‍ മാത്രമാണ് അദ്ദേഹത്തില്‍നിന്നും ഉണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും നന്മ ചെയ്യുകയെന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. സാമൂഹിക സേവനം ദൈവാരാധനയെന്ന രൂപത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ വലിയ താല്‍പര്യമാണ് കാണിച്ചിരുന്നത്. നാട്ടിലെ പാവപ്പെട്ടവര്‍ക്ക് പള്ളിക്കമ്മിറ്റി ഫണ്ടില്‍നിന്ന് പലിശരഹിത വായ്പകളും നല്‍കിയിരുന്നു. ഇരുകൈ അറിയാതെ ധാരാളം പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ അദ്ദേഹം മുന്നിട്ടുനിന്നു.

ഭാര്യയെയും മക്കളെയുമെല്ലാം പ്രസ്ഥാന വഴിയില്‍ നടത്താനും അദ്ദേഹത്തിനു സാധിച്ചു. കെ.പി.ഒ കുടുംബത്തിലെ ഈ കാരണവര്‍ക്ക് തന്നെയായിരുന്നു കുടുംബ സംഗമത്തിലെ നേതൃത്വവും. കുറ്റവും കുറവും ഉള്ളവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു. ചെറിയവരോടും വലിയവരോടും ഒരുപോലെ ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാസ്റ്റര്‍ എന്നും സമയം കണ്ടെത്തിയിരുന്നു.  

കെ.പി.ഒ റഹ്മത്തുല്ല

 

 

സി.പി സൈനബ

ശാരീരിക പ്രയാസങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചപ്പോള്‍ വീട്ടിനകത്തു തന്നെ സംഘടനാ പ്രവര്‍ത്തനവും റിലീഫ് പ്രവര്‍ത്തനങ്ങളും സജീവമായി നടത്തി മാതൃക സൃഷ്ടിച്ച മഹതിയാണ് നമ്മോടു വിടപറഞ്ഞ വളപട്ടണം വനിതാ ഘടകത്തിലെ സി.പി സൈനബ (83). 1995-1999-ല്‍ മുത്തഫിഖ് ഹല്‍ഖയുടെയും 2001 മുതല്‍ 2007 വരെ കാര്‍കുന്‍ ഹല്‍ഖയുടെയും നാസിമത്തായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നടക്കാന്‍ പ്രയാസപ്പെടുന്ന അവസരങ്ങളില്‍ പോലും പ്രസ്ഥാനത്തിന്റെ പൊതുപരിപാടികളില്‍നിന്ന് മാറിനിന്നില്ല.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയ കാലത്ത് പ്രസ്ഥാനത്തിന്റെ ഓഫീസില്‍ കയറാന്‍ മടിച്ചുനിന്നവര്‍ക്കു വേണ്ടി സ്വന്തം വീട്ടില്‍ ഒരധ്യാപികയെ ഏര്‍പ്പെടുത്തി വര്‍ഷങ്ങളോളം ഖുര്‍ആന്‍ പഠനത്തിന് സൗകര്യം ചെയ്തുകൊടുത്തിരുന്നു. പ്രയാസങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക്, സ്വദേശത്തും വിദേശത്തുമുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. സൈനീത്ത എന്ന സൈനബ പാവങ്ങള്‍ക്ക് അത്താണിയായിരുന്നു.

നിരന്തരം വായിക്കുമായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് വരെയുള്ള സംഭവങ്ങള്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

വി.കെ മുസ്ത്വഫ, വളപട്ടണം

 

****അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍***

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍