Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

പരമത വിദ്വേഷമാണ് ഇന്ത്യയില്‍ ഫാഷിസത്തിന്റെ ഇന്ധനം

രാം പുനിയാനി / യാസര്‍ ഖുത്തുബ്

മനുഷ്യാവകാശങ്ങള്‍ വര്‍ധിതമായ തോതില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക ലോകത്തെക്കുറിച്ച് എന്ത് പറയുന്നു?

മനുഷ്യാവകാശ ലംഘനം ഭരണകൂടവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.  പലപ്പോഴും ഗവണ്‍മെന്റ് സംവിധാനങ്ങളാണ്  അവകാശ ലംഘനത്തിന് ഉപകരണങ്ങളായി വര്‍ത്തിക്കുന്നത്. അത് ലോക രാജ്യങ്ങളില്‍ ആയാലും  ഇന്ത്യയിലായാലും ഒരുപോലെത്തന്നെ. ഇനി നമ്മുടെ രാജ്യത്തേക്ക് വന്നാല്‍ ഭരണഘടനയുടെ കാവല്‍ക്കാരായ നമ്മുടെ ഭരണപക്ഷം-  അവര്‍ ആരാണ്, അവരുടെ ചരിത്രം എന്ത്, അവര്‍ ഈ രാജ്യത്തെ ആദിമനിവാസികളോടും ദലിതുകളോടും ന്യൂനപക്ഷങ്ങളോടും തുടര്‍ന്ന  നയസമീപനങ്ങള്‍ എന്തായിരുന്നു തുടങ്ങിയ വിഷയങ്ങളെല്ലാം മനുഷ്യാവകാശ ലംഘനങ്ങളുടെ വര്‍ത്തമാനങ്ങളുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ടുകിടക്കുന്നു.

ഉദാഹരണമായി ഇന്ത്യ ഭരിക്കുന്നത് ഇപ്പോള്‍ ബി.ജെ.പി ആണല്ലോ. ബി.ജെ.പി ഒരു രാഷ്ട്രീയ ആവരണം മാത്രമാണ്. ബി.ജെ.പിയുടേത് വ്യത്യസ്ത സംഘ് പരിവാര്‍ കൂട്ടങ്ങള്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ്. ആര്‍.എസ്.എസാണ് ബി.ജെ.പിയുടെ ജീവവായു.  ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിനെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ആദ്യം  മുതല്‍  തന്നെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പിന്നീട് ബാബരി മസ്ജിദ് തകര്‍ച്ചയോടെ അവരുടെ ബീഭത്സമുഖം കൂടുതല്‍ വ്യക്തമായി. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയവ ഒന്നുംതന്നെ ഹിന്ദുത്വ  രാഷ്ട്രീയം അംഗീകരിക്കുന്നില്ല. അവര്‍ സാംസ്‌കാരിക നാഗരികതകള്‍ക്ക് എതിരു നില്‍ക്കുന്നവരാണ്. അതിനാല്‍ മനുഷ്യകുലത്തിനു തന്നെ ഭീഷണിയായിത്തീരും ഇത്തരം ഫാഷിസ്റ്റ് പ്രവണതകള്‍. 

 

സംഘ്പരിവാര്‍ പുലര്‍ത്തുന്ന ഫാഷിസ്റ്റ് സമീപനങ്ങള്‍ ഏതൊക്കെ വിധത്തിലാണ് ഇന്ന് അനുഭവപ്പെടുന്നത്?

ചരിത്രത്തില്‍ ജര്‍മനിയിലും  ഇറ്റലിയിലും ഉണ്ടായിരുന്ന ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളോട്  സമാനത പുലര്‍ത്തുന്ന ഇന്ത്യയിലെ ഏക സംഘടന ആര്‍.എസ്.എസ് നയിക്കുന്ന ഹിന്ദുത്വ പരിവാര്‍ ആണ്. ആവരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം ചില രൂപ സാദൃശ്യങ്ങള്‍  ഉണ്ടാകും. 

ഒന്ന്, അവരുടെ ആശയങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും പുരോഗമനമെന്നു തോന്നിപ്പിക്കുന്നതും, അതേസമയം അവ ആധ്യാത്മിക പുരാണ വാദങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒരു സങ്കരവും ആയിരിക്കും. സോഷ്യലിസം, ലിബറലിസം തുടങ്ങിയ ആശയങ്ങളെ എതിര്‍ക്കും. രണ്ട്, ചോദ്യം ചെയ്യപ്പെടാത്ത ഒരു തലവന്‍ അവര്‍ക്ക് ഉണ്ടായിരിക്കും. മൂന്ന്, അവര്‍ പലപ്പോഴും അര്‍ധ സൈനിക രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. നാല്, ആക്രമണോത്സുകത പ്രോത്സാഹിപ്പിക്കും. അഞ്ച്, വാഴ്ത്തപ്പെടുന്ന ഈ പൗരാണികതയെ സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ പ്രതിഷ്ഠിക്കാന്‍ കഠിനമായി ശ്രമിക്കും. ആറ്, ഉള്ളുപൊള്ളയായ വികസനത്തെ ഉയര്‍ത്തിക്കാണിക്കും. ഏഴ്, സ്ത്രീക്ക് സ്വാതന്ത്ര്യം  നിഷേധിച്ച്, അവളെ പാരമ്പര്യത്തില്‍ തളച്ചിടും. എട്ട്, വന്‍ വ്യവസായികളും ഭൂപ്രഭുക്കളും ആയിരിക്കും നേതൃത്വത്തിന്റെ  കൂട്ടാളികളും സാമ്പത്തിക സ്രോതസ്സും; അതേസമയം അവരുടെ അണികളും വോട്ടര്‍മാരും സാധാരണക്കാരും പാവപ്പെട്ടവരും ആയിരിക്കും. ഒമ്പത്, സമൂഹത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ഇവരാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടി ഒരു ശത്രുവിനെ അപനിര്‍മിച്ച് പ്രതിഷ്ഠിക്കും;  ശത്രുവിനെതിരെ വിദ്വേഷമിളക്കിവിട്ട് അപരവല്‍ക്കരണം നടത്തും.

മുകളില്‍ പറഞ്ഞ എല്ലാ പൊതു സ്വഭാവങ്ങളും ഒത്തിണങ്ങിയ ഇന്ത്യയിലെ ഏക പാര്‍ട്ടി ആര്‍.എസ്.എസ്സാണ്.  ഈ വിഷയങ്ങള്‍ തന്നെയാണ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്നതില്‍നിന്ന് ബി.ജെ.പി എന്താണെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം.

സംഘ് പരിവാറിനെ മൊത്തത്തില്‍ നയിക്കുന്ന പിന്നണി ഇന്നും ആര്‍.എസ്.എസ് ആണ്. ഇന്ത്യയില്‍ മുഗള്‍ സ്വാധീനം എത്താത്ത ഒരു മേഖലയായിരുന്നു മഹാരാഷ്ട്ര. അവിടെയാണ് ബ്രാഹ്മണ മേധാവിത്വത്തിനെതിരെ  ആദ്യമായി പിന്നാക്ക സമുദായക്കാര്‍ കടുത്ത പ്രക്ഷോഭങ്ങള്‍ നടത്തിയത്. തങ്ങളുടെ ആധിപത്യം  നഷ്ടപ്പെടുകയാണെന്ന് ബ്രാഹ്മണര്‍ക്ക് മനസ്സിലായി. അതുപോലെ, ഗാന്ധിജിയുടെ ദേശീയ പ്രസ്ഥാനത്തോട് സഹകരിക്കാത്ത ചിലരും ഉണ്ടായിരുന്നു. ഇവരെല്ലാവരും കൂടിച്ചേര്‍ന്ന് മറ്റൊരു പ്രസ്ഥാനത്തെക്കുറിച്ച് ആലോചിച്ചു. അങ്ങനെ സവര്‍ണ പുരുഷ മേധാവിത്വമുള്ള, ഏകശാസനയില്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു രൂപം  നല്‍കി. അതാണ് രാഷ്ട്രീയ സ്വയം സേവക സംഘം. മുസ്സോളിനി ഉള്‍പ്പെടെയുള്ള ഇറ്റലിയിലെ ഫാഷിസ്റ്റ് നേതാക്കളുമായി മഹാരാഷ്ട്രയിലെ ഈ ഹിന്ദു ദേശീയവാദികള്‍ക്ക് ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്.   

 

എങ്ങനെയാണ് സംഘ്പരിവാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ഉല്‍പ്പാദിപ്പിക്കുന്നത്?

ആര്‍.എസ്.എസും മറ്റു സംഘ് പരിവാര്‍ സംഘടനകളും കെട്ടിപ്പടുത്തതുതന്നെ ഈ അപരഹത്യയിലാണ്. പരമതവിദ്വേഷവും നിന്ദയും ഇല്ലെങ്കില്‍ അവര്‍ക്ക് നിലനില്‍പില്ല. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും എതിരെ കടുത്ത നിലപാടുകളുമായാണ് അവ രൂപീകരിക്കപ്പെട്ടിട്ടുള്ളതുതന്നെ. ആദ്യകാലം മുതല്‍ തന്നെ, മുസ്‌ലിം ഭരണാധികാരികളുടെ ഭീകര വാഴ്ചയെക്കുറിച്ചും  അതില്‍നിന്നും രാജ്യത്തെ രക്ഷിച്ച ബ്രിട്ടീഷുകാരെ കുറിച്ചുമായിരുന്നു അവര്‍ വാതോരാതെ സംസാരിച്ചിരുന്നത്. ഹിന്ദു മഹാസഭയുടെയും ആര്‍.എസ്.എസിന്റെയും വീക്ഷണപ്രകാരം ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്,  ഹിന്ദുക്കള്‍ക്ക് വഴങ്ങി മുസ്‌ലിംകള്‍ ജീവിക്കണം. ഇന്ത്യന്‍ ദേശീയതയില്‍ പോലും അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. 'ഹൈന്ദവ  ദേശീയതക്ക്' വേണ്ടിയാണവര്‍  സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ നിലകൊണ്ടത്.  സവര്‍ക്കര്‍ 1923-ല്‍,  പ്രസിദ്ധീകരിച്ച 'ആരാണ് ഹിന്ദു' എന്ന മാര്‍ഗരേഖ പ്രകാരം ബ്രിട്ടീഷുകാരല്ല, മുസ്ലിംകളാണ് ഹിന്ദുത്വത്തിന്റെ ശത്രു എന്ന് വ്യക്തമാക്കുന്നുണ്ട്. 

 

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു തങ്ങളെന്ന് സംഘ് പരിവാര്‍ ഇക്കാലത്ത് അവകാശവാദം ഉന്നയിക്കുന്നുല്ലോ?

നുണകള്‍ ആവര്‍ത്തിച്ചു പറഞ്ഞ് അത് സത്യമാക്കുക എന്നതാണ് ഇവരുടെ പൊതുരീതി. ആ ഗണത്തില്‍ പെടുന്നതാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിത്തമുണ്ടായിരുന്നു എന്ന വാദവും. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സില്‍,   മൃദു ഹിന്ദുത്വ വാദികള്‍ ഉണ്ടായിരുന്നെങ്കിലും, അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രധാന ആശയം 'മതനിരപേക്ഷ  ജനാധിപത്യം' ആയിരുന്നു.  അതേസമയം ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഉയര്‍ത്തിപ്പിടിച്ചത് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയവും. സവര്‍ക്കര്‍ 1923-ന് ഹിന്ദു മഹാസഭയുമായി ബന്ധപ്പെടുന്നതിന് മുമ്പ് , ബ്രിട്ടനില്‍ വെച്ച്  'ഫ്രീ ഇന്ത്യ സൊസൈറ്റി'  എന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സംഘത്തിലെ ഒരംഗം ഒരു ബ്രിട്ടീഷ്  ഉദ്യോഗസ്ഥനെ  വധിച്ചതിനാല്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ കൊലക്കേസില്‍ പ്രതികളാക്കി ജീവപര്യന്തത്തിന് ശിക്ഷിച്ചു.  ഇംഗ്ലണ്ടില്‍നിന്നും അവരെ നാടുകടത്തി. യാത്രാ മധ്യേ, കപ്പല്‍ മാര്‍സിലസില്‍ എത്തിയപ്പോള്‍ കടലില്‍ ചാടി രക്ഷപ്പെട്ട സവര്‍ക്കര്‍, ഫ്രാന്‍സില്‍ അഭയം തേടി.  പക്ഷേ അവിടെ നിന്നും പിടികൂടപ്പെട്ട് പിന്നെ അന്തമാനിലേക്ക്  നാടുകടത്തി. താന്‍ ബ്രിട്ടീഷ് നിയമങ്ങള്‍ പരമാവധി അനുസരിക്കുമെന്ന് മാപ്പ് എഴുതിക്കൊടുത്തതിനെ തുടര്‍ന്ന്  അദ്ദേഹം ജയില്‍മോചിതനായി. ഇതാണ് അവരുടെ ചരിത്രം.  

കുറച്ചുകാലം സ്വാതന്ത്ര്യസമര രംഗത്തുണ്ടായിരുന്ന ഹെഡ്‌ഗേവാര്‍ 1931-ല്‍ പിന്മാറുകയാണുണ്ടായത്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭം 'പിന്തിരിപ്പന്‍' നടപടിയാണെന്ന് അദ്ദേഹം എഴുതി.  ആര്‍.എസ്.എസ് നിരോധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, അതിന്റെ വളര്‍ച്ച ഉറപ്പിക്കുക എന്നീ കാര്യങ്ങളിലായിരുന്നു ഹെഡ്‌ഗേവാറിന്റെ ശ്രദ്ധ. 

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ താന്‍ പങ്കെടുത്തു എന്ന് പറയുന്ന  അടല്‍ ബിഹാരി വാജ്‌പേയിയുടെ അവകാശവാദവും ഇത്തരത്തിലുള്ളതാണ്. പരിപാടി കാണാന്‍ പോയതിന്റെ പേരില്‍ അറസ്റ്റിലായ അദ്ദേഹം, ഞാന്‍ സമരക്കാരന്‍  അല്ല എന്ന് പറഞ്ഞതിനാല്‍ വിട്ടയച്ചു. അന്ന് ആര്‍.എസ്.എസ്സുകാരനായ വാജ്‌പേയിയുടെ 'ദേശീയ പ്രക്ഷോഭ കഥ'  ഫ്രണ്ട്‌ലൈന്‍  അന്വേഷണാത്മക റിപ്പോര്‍ട്ടായി  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തെയും മുസ്ലിം രാജാക്കന്മാരെയും ഒന്നും തന്നെ ഒരിക്കലും ആര്‍.എസ്.എസ്സിനോ ബി.ജെ.പിക്കോ ആത്മാര്‍ഥമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മുഗളര്‍ മുതല്‍ ടിപ്പു സുല്‍ത്താന്‍ വരെ അത് നീളുന്നു, അതേ നയം അവര്‍  ഇന്നും തുടരുകയുമാണ്. 


സാന്ദര്‍ഭികമായി ചോദിക്കട്ടെ, ടിപ്പു സുല്‍ത്താനെ കുറിച്ച് ഇന്നും വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണല്ലോ, പ്രത്യേകിച്ചും കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്ന വേളയില്‍. എന്തു പറയുന്നു?

വിവാദങ്ങളും കിംവദന്തികളുമുണ്ടാക്കി യഥാര്‍ഥ വസ്തുതകള്‍ മൂടിവെക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുക എന്നത് ഹിന്ദുത്വത്തിന്റെ പ്രധാന പ്രചാരണ പരിപാടിയാണ്. കളവുകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോള്‍ പലരും അവ സത്യമാണെന്ന് ധരിക്കുന്നു. ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൊരുതി വീരമൃത്യു വരിച്ച രാജാവ് കൂടിയാണ്. സാമൂഹിക നീതി, നികുതി തുടങ്ങിയ പല കാര്യങ്ങളിലും അദ്ദേഹം  വന്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മറ്റു രാജാക്കന്മാരെപ്പോലെ കലയെ മാത്രമല്ല  ശാസ്ത്രത്തെയും കൂടി ഉപാസിച്ച  വ്യക്തിത്വമായിരുന്നു. അതിനാലാണ് നാസയില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഇന്ത്യയില്‍നിന്നുള്ള ഏക നാട്ടുരാജാവും അദ്ദേഹം ആയത്. പൂര്‍ണയ്യ എന്ന ബ്രാഹ്മണന്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രി. അതേസമയം ഭൂരിപക്ഷം ഹിന്ദു രാജാക്കന്മാരും ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുത്തു വാണരുളിയവരായിരുന്നു എന്നതും ഒരു ചരിത്ര വസ്തുതയാണ്.

 

മുസ്‌ലിം രാജാക്കന്മാരെ കുറിച്ചും സമൂഹത്തെക്കുറിച്ചും ഇത്രയധികം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണ്? ആഗോളതലത്തില്‍തന്നെ ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണ്. താങ്കള്‍ ഇതിനെ എങ്ങനെ വായിക്കുന്നു?

ചരിത്രപരവും രാഷ്ട്രീയപരവും ആണ് അതിനുള്ള കാരണങ്ങള്‍. സാമൂഹിക ഘടനയില്‍ വളരെ പിന്നാക്കമായതിനാല്‍  പല അവസരങ്ങളും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് ഭരണകൂടം മുസ്‌ലിംകളോട് ഒട്ടും തത്ത്വദീക്ഷയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.  അക്കാലത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലം ലഭിച്ചത് ഹിന്ദുക്കള്‍ക്കായിരുന്നു. ഗുമസ്തന്മാരും ഓഫീസര്‍മാരും ഹിന്ദു വിഭാഗത്തില്‍നിന്ന് ധാരാളമായി  ഉയര്‍ന്നുവന്നു. പിന്നീടുണ്ടായ ചരിത്രത്തിന്റെ വളച്ചൊടിക്കലില്‍ പല സത്യങ്ങളും കീഴ്‌മേല്‍ മറിഞ്ഞു. അങ്ങനെ പല മിഥ്യകളും സത്യമാണെന്ന് സമൂഹം തെറ്റിദ്ധരിച്ചുതുടങ്ങി.  ഇത് ആഗോളരംഗത്തു  തന്നെ സംഭവിച്ചിട്ടുണ്ട്. പാകിസ്താന്‍ എന്ന രാഷ്ട്രത്തിന്റെ ഉത്ഭവവും 'ഹിന്ദു രാജ്' എന്ന ആശയത്തിന്  ആക്കം കൂട്ടി.  ഹിന്ദുത്വ ശക്തികളാണെങ്കില്‍ നുണകളും  വിദ്വേഷങ്ങളും  കിംവദന്തികളും ആവര്‍ത്തിച്ചു  പ്രചരിപ്പിച്ച് അതിനെ 'സത്യമാക്കി' മാറ്റി  എടുത്തു. സ്‌നേഹത്തിന് പകരം വെറുപ്പ് ഒരു ആശയ സംഹിതയായി. ആഗോള തലത്തില്‍ യുദ്ധ വ്യാപാരത്തിനു അവര്‍ക്കും ഒരു പൊതുശത്രുവിനെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ 'മുസ്ലിം ടെററിസ്റ്റുകള്‍'  ധാരാളമുണ്ടായി. സമ്പത്തും അധികാരവുമായിരുന്നു മിക്ക വംശീയ ഫോബിയകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത്. അറബ് രാജ്യങ്ങളിലെ പെട്രോ ഡോളര്‍ ആണ് അവിടത്തെ പ്രശ്‌നങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും 'ഭീകരവാദത്തിനും' എല്ലാമുള്ള ഒരു പ്രധാന  കാരണം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ലോകത്ത് എല്ലായിടത്തും മുസ്‌ലിംകള്‍ പ്രശ്‌നക്കാരും ഭീകരവാദികളുമാണ് എന്നു പറയുമ്പോള്‍ അറിയേണ്ട ഒരു കാര്യമുണ്ട്, ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള ഇന്തോനേഷ്യയില്‍ ഭീകരര്‍ ഇല്ല (അവിടെ പെട്രോ ഡോളറും ഇല്ല). അപ്പോള്‍ പ്രശ്‌നം മുസ്‌ലിംകളുടേതല്ല,  അവിടം കൈയടക്കാനെത്തുന്ന പുറത്തുള്ളവര്‍ കൂടി അതില്‍ പങ്കാളികളാണ് എന്നതാണ്.

 

താങ്കളുടെ അഭിപ്രായത്തില്‍ ഇസ്ലാം ഫോബിയയെ ചെറുക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്?

ഇന്ത്യയില്‍ സംഘ്പരിവാറിന്റെ ആശയങ്ങള്‍ പലതും ജനസമ്മതി നേടിയിരിക്കുന്നു. 'ശത്രു' അഥവാ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഇപ്പോള്‍  ഫലം കണ്ടുതുടങ്ങി. പലപ്പോഴും ചരിത്രത്തെ  ഇതിനു വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. യഥാര്‍ഥ വസ്തുതകള്‍ ശരിയായ ചരിത്രം വിശദീകരിച്ചുകൊണ്ട് പുറത്തുകൊണ്ടുവരണം. തെറ്റുകള്‍ തിരുത്തണം. അത് വളരെ പ്രയാസകരം കൂടിയാണ്. കാരണം അത്രമാത്രം അസത്യങ്ങളും മുന്‍ധാരണകളും പടര്‍ന്നു പന്തലിച്ചുനില്‍ക്കുകയാണ്. മാത്രമല്ല, ഗവണ്‍മെന്റ് സംവിധാനങ്ങളിലെല്ലാം സംഘ് പരിവാര്‍ പിടിമുറുക്കിയിട്ടുമുണ്ട്. 1977-ല്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ജനസംഘവും അതിന്റെ ഭാഗമായിരുന്നല്ലോ. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മീഡിയ, ജുഡീഷ്യറി, പോലീസ് തുടങ്ങിയ എല്ലാ മേഖലകളിലും തങ്ങളുടെ ആളുകളെ കൊണ്ടുവരാന്‍ അന്നേ ശ്രമം ആരംഭിച്ചിരുന്നു. കൂടാതെ സാംസ്‌കാരിക സംഘടനകള്‍ എന്ന  പേരുകളില്‍ രാജ്യത്ത്  വ്യത്യസ്ത സംഘടനകള്‍ ഉണ്ടാക്കി. ആര്‍.എസ്.എസ്സിനു തന്നെയും ധാരാളം ഉപവിഭാഗങ്ങളുമുണ്ട്. ഇവയെ മുന്നില്‍ നിര്‍ത്തിയാണ് മുസ്‌ലിംകള്‍ കൈയറ്റക്കാരും പടയോട്ടക്കാരുമാണെന്നു നിരന്തരം പ്രചരിപ്പിക്കുന്നത്.  ഇന്ത്യ എന്ന ഒരു സങ്കല്‍പം തന്നെ ഇവര്‍ക്കില്ല. സെക്യുലരിസത്തിലോ ജനാധിപത്യത്തിലോ വിശ്വസിക്കാത്ത ഇവരുടെ സങ്കല്‍പത്തിലുള്ളത് ഹിന്ദുത്വ രാഷ്ട്രം ആണ്.  ബ്രാഹ്മണിക മൂല്യങ്ങളുടെ സംസ്ഥാപനമാണ്   അതിലൂടെ ലക്ഷ്യമിടുന്നത്.  മതത്തിന്റെ പേരിലും സംസ്‌കാര സംരക്ഷണം എന്ന പേരിലും പുരോഗമനവാദങ്ങളെ തടഞ്ഞുനിര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളും ആധുനിക വിദ്യാഭ്യാസവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഈ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയും. ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും പരസ്പരം മനസ്സിലാക്കലുമാണ് ഫോബിയകളെ മറികടക്കാനുള്ള വഴി. 

 

സമീപകാല ചര്‍ച്ചകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പ്രയോഗമാണ് 'ലൗ ജിഹാദ്.'  മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. ഇതേക്കുറിച്ച് താങ്കളുടെ നിലപാട്?

ചില വാക്കുകളെ  പോലും എങ്ങനെ അശ്ലീലമാക്കാം എന്നതിന്റെ  ഉദാഹരണമാണ് ലൗ ജിഹാദ്. ഹിന്ദുത്വം നിര്‍മിച്ച ഈ പദം കോടതികള്‍ പോലും ഉപയോഗിക്കുന്നു. കേരളത്തില്‍ ഹാദിയ എന്ന പെണ്‍കുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് ദേശീയ സുരക്ഷ കമീഷന്‍ അന്വേഷിക്കുന്നു എന്നതില്‍നിന്നുതന്നെ ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാകുന്നുണ്ട്. 1981-ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ആ ഗ്രാമത്തിലുള്ള കുറച്ചു ദലിതര്‍ ഇസ്‌ലാംമതം തെരഞ്ഞെടുത്തതിനെതിരെ ദേശീയതലത്തില്‍ തന്നെ ബി.ജെ.പി വന്‍ കോലാഹലങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഹിന്ദുത്വ ശക്തികള്‍ ഒരിക്കലും മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.  ചില സമയങ്ങളില്‍ വിശ്വാസമാറ്റം എന്നതിലുപരി, അധഃകൃത ജനവിഭാഗങ്ങള്‍, തങ്ങള്‍ നേരിടുന്ന പീഡനത്തിന് അറുതിവരുത്താനും സാമൂഹിക മോചനത്തിന് വഴി കണ്ടെത്താനുള്ള അവസരമായി കൂടിയായാണ് മതം മാറുന്നത്. ലൗ ജിഹാദിന്റെ പേരില്‍ എത്ര കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇരകളാക്കി എന്നതിന്റെ യഥാര്‍ഥ കണക്ക് പരിശോധിച്ചാല്‍ ഇതിന്റെ നിജഃസ്ഥിതി അറിയാന്‍ സാധിക്കും. ആര്‍ഷഭാരത സംസ്‌കാരം, പഴമയിലേക്കും പൗരാണികതയിലേക്കുമുള്ള തിരിച്ചുപോക്ക്, ഘര്‍വാപസി തുടങ്ങിയ മായാവിലാസങ്ങളുപയോഗിച്ച് ദലിത്, പിന്നാക്ക വിഭാഗങ്ങളിലുണ്ടാകുന്ന  സാമൂഹിക മാറ്റങ്ങളെ  തടഞ്ഞുനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. അങ്ങനെ വര്‍ണാശ്രമ വ്യവസ്ഥ മാറ്റമില്ലാതെ നിലനിര്‍ത്തപ്പെടുന്നു. 

 

ജനസംഖ്യാ വര്‍ധനവുമായും ഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായി ഇന്ത്യ ഭരിക്കാനുള്ള ശ്രമമാണ്  ഇത്തരം പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ എന്നാണ് ആരോപണം. 

മനുഷ്യര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാതെ പലതരം വിവാദങ്ങളുണ്ടാക്കി മുഖ്യ പ്രശ്‌നങ്ങളില്‍നിന്ന് ആളുകളുടെ ശ്രദ്ധ വഴിതിരിച്ചുവിടുക എന്നത് ഹിന്ദുത്വത്തിന്റെ രീതിശാസ്ത്രമാണ്. അതില്‍ പെട്ട ഒന്നാണ്  ഇത്തരം  കാമ്പയിനുകള്‍.  വൈകാരികതയും മതവിദ്വേഷവും ഇളക്കിവിട്ടും നുണ പ്രചാരണങ്ങള്‍ നടത്തിയും  സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കുന്നു. മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചു ഹിന്ദുക്കള്‍ രണ്ടാം സ്ഥാനത്താവും എന്ന ആരോപണത്തിന്റെ സത്യസ്ഥിതി പരിശോധിച്ചാല്‍, ജനസംഖ്യാ വര്‍ധനവ് മുസ്‌ലിം ജനതയിലും  മറ്റു മതസ്ഥരെ പോലെ ദേശീയ അനുപാതത്തിന് അനുസൃതമായി മാത്രമാണ്  നടക്കുന്നത് എന്ന് കണ്ടെത്താനാവും. മുസ്‌ലിംകളിലും, മറ്റു ജനവിഭാഗങ്ങളെപോലെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും  ജനസംഖ്യാ വര്‍ധനവിന്റെ തോതില്‍ വ്യത്യാസമുണ്ട്. ഇനി ഇവര്‍ ചൂണ്ടിക്കാണിക്കുന്ന സെന്‍സസ് പ്രകാരമുള്ള ഈ ചെറിയ ശതമാന (0.2 ശതമാനം) വര്‍ധനവ്  ഉണ്ടായാല്‍ തന്നെ, ഇരുനൂറ്  വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്‌ലിംകള്‍ ഇവിടെ ഭൂരിപക്ഷമാകാന്‍ പോകുന്നില്ല. രാജ്യ ജനസംഖ്യയുടെ 82 ശതമാനവും  ഹിന്ദുക്കളാണ്.  

മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്നതും വ്യാജാരോപണങ്ങള്‍ മാത്രമാണെന്ന് രാജ്യത്തെ  ജോലി അനുപാതങ്ങളുടെ കണക്കു നോക്കിയാല്‍ മനസ്സിലാകും. രാജ്യത്തെ ഏറ്റവും മുകളിലുള്ള 10 വ്യവസായ സംരംഭങ്ങളുടെ കണക്കെടുത്താലും  അതില്‍ ഒരു മുസ്ലിമിനെയും നമുക്ക്  കാണാന്‍ സാധിക്കില്ല. അസഹിഷ്ണുതയും അസംതൃപ്തിയും  വളര്‍ത്തി  കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഓരോ കലാപത്തിനു ശേഷവും ബി.ജെ.പി അവരുടെ  അടിത്തറ വിപുലപ്പെടുത്തി എന്നതും  ഒരു വസ്തുതയാണ്. അങ്ങനെയാണ് മോഡി ഭരണത്തില്‍ എത്തുന്നത്. ഗുജറാത്ത്,  ഇന്ത്യന്‍ ഫാഷിസത്തിന്റെ പരീക്ഷണ ശാലയാണ്.

 

ദലിതുകളാണ്  സ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മറ്റൊരു വലിയ ഇര. ഇതിന്റെ കാരണങ്ങള്‍...?

ഹിന്ദു സാമൂഹിക ഘടന തന്നെയാണ് പ്രശ്‌നങ്ങളുടെ മൂല കാരണം. ഡോക്ടര്‍ അംബേദ്കറുടെ അഭിപ്രായത്തില്‍ ഹിന്ദുമതം ജാതിയില്‍ അധിഷ്ഠിതമാണ്. ജാതി ക്ഷയിച്ചാല്‍ ഹിന്ദുധര്‍മവും ഇല്ല. അത് നിലകൊള്ളുന്നത് ബ്രാഹ്മണിക്കല്‍ മൂല്യങ്ങളുടെ ശ്രേണീവ്യവസ്ഥയിലാണ്. മോദിയും ആര്‍.എസ്.എസുമെല്ലാം ഇപ്പോള്‍ ഡോക്ടര്‍ അംബേദ്കറുടെ പൈതൃകം ഏറ്റെടുക്കാന്‍ മത്സരിക്കുന്നുണ്ടെങ്കിലും  യഥാര്‍ഥത്തില്‍ അവര്‍ നിലകൊള്ളുന്നത് ഈ ബ്രാഹ്മണിക്കല്‍ വ്യവസ്ഥയിലാണ്. അവര്‍ ജാതികള്‍ക്കിടയിലുള്ള മൈത്രിയെ കുറിച്ചാണ് സംസാരിക്കുന്നത്. അംബേദ്കര്‍  ബ്രാഹ്മണിക്കല്‍  ഹിന്ദുയിസത്തിന്റെ കടുത്ത വിമര്‍ശകനും ആയിരുന്നു. ഇന്ത്യന്‍ ദേശീയത,  മതേതരത്വം, സാമൂഹികനീതി എന്നിവയുടെ വക്താവായിരുന്ന അദ്ദേഹം നിലകൊണ്ടത്  ജാതി ഉന്മൂലനത്തിന് വേണ്ടിയായിരുന്നു. 

 

അംബേദ്കര്‍ക്ക് ഇന്ന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. ഗൗരവതരമായ പുനര്‍ വായനകളെക്കുറിച്ച്....?

സ്വാതന്ത്ര്യസമര കാലത്ത് തന്നെ അംബേദ്കര്‍  ധൈഷണിക ചിന്തകളാല്‍ സമുന്നതനായിരുന്നു. പലരും അദ്ദേഹത്തെ ഒരു പിന്നാക്ക നേതാവ് എന്ന രീതിയിലാണ് പരിചയപ്പെടുത്തിയിരുന്നുതെങ്കിലും. ദേശീയ പ്രസ്ഥാനത്തിനു സാമൂഹിക പരിവര്‍ത്തനത്തിന്റെ ഒരു തലംകൂടി നല്‍കിയത് അംബേദ്കര്‍ ആണ്. അദ്ദേഹത്തെ അന്ന് തന്നെ തിരിച്ചറിഞ്ഞ നേതാവാണ്  ജവഹര്‍ലാല്‍ നെഹ്‌റു. ഭരണഘടന രൂപീകരണ കമ്മിറ്റിക്ക്  നേതൃത്വം വഹിക്കാന്‍ ഏറ്റവും അര്‍ഹത അംബേദ്കര്‍ക്കാണെന്ന് നെഹ്‌റുവിനു ഉറച്ച ബോധ്യമുണ്ടായിരുന്നു. സാമൂഹികഘടനയില്‍ നിലനിന്നിരുന്ന ദലിത് അസമത്വങ്ങള്‍ക്കെതിരെ അംബേദ്കര്‍ എല്ലാ വിധത്തിലും പൊരുതി. ഭരണഘടനയില്‍ അതിനാവശ്യമായ പ്രമാണങ്ങള്‍ ഉറപ്പുവരുത്തി.

 

ഹിന്ദുയിസത്തെ 'ബ്രാഹ്മണിക്  ദൈവശാസ്ത്രം' എന്നു വിളിച്ച അദ്ദേഹത്തിന്റെ വിമര്‍ശങ്ങള്‍ പരുഷമായിരുന്നു. ഇതിന്റെ ബഹിര്‍സ്ഫുരണം ആയിരുന്നോ താന്‍ ഹിന്ദുവായി മരിക്കുകയില്ലെന്ന പ്രഖ്യാപനവും മതംമാറ്റവും?

ഹിന്ദുയിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ  പഠനം വളരെ ഗഹനമായിരുന്നു.  1936-ല്‍ അദ്ദേഹം  'ജാതി ഉന്മൂലനം'  എന്ന വിഖ്യാത ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആ എഴുത്തുകളുടെ പര്യവസാനം ആയിരുന്നു ഹിന്ദുയിസത്തെ ഉപേക്ഷിക്കല്‍. തൊട്ടുകൂടായ്മയില്‍നിന്നുള്ള മോചനം എന്നാണ് അതിനെക്കുറിച്ച് എഴുതിയത്. ഹിന്ദുമതത്തില്‍ സമഭാവന അഥവാ തുല്യത എന്ന ഗുണം ഇല്ല അദ്ദേഹം പറഞ്ഞു.


ജാതി സംവരണം ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.  ഇന്നും രാഷ്ട്രീയത്തില്‍ സംവരണം ഒരു വിവാദമാണ്.  ചിലര്‍ സാമ്പത്തിക സംവരണം എന്ന വാദം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍, ജാതി സംവരണത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യയില്‍ ജാതി എന്നത് ഒരു വലിയ സാമൂഹിക യാഥാര്‍ഥ്യമായിരുന്നു. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. ജാതിയെന്നാല്‍ വെറും തൊഴിലധിഷ്ഠിത വിഭജനമല്ലെന്നും തൊഴിലാളികള്‍ തമ്മിലുള്ള വിഭജനം കൂടിയാണെന്നും അംബേദ്കര്‍  ഉറക്കെ പ്രഖ്യാപിച്ചു.  സാമൂഹിക ശ്രേണിയിലെ ഘടനാപരമായ അസമത്വമാണത്. മനുസ്മൃതി അനുസരിച്ചുള്ള ഈ വര്‍ണ വ്യവസ്ഥയെ അദ്ദേഹം നിരാകരിച്ചു. ഗോവണിപ്പടികള്‍ ഇല്ലാത്ത നാലു നില കെട്ടിടത്തോടാണ് അദ്ദേഹം ഹിന്ദുമതത്തെ ഉപമിച്ചത്. നാലാം നിലയിലുള്ള ആള്‍ എല്ലാ കാലത്തും അവിടെ അങ്ങനെ തന്നെ നില്‍ക്കും. താഴത്തെ നിലയിലുള്ള ഒരാള്‍ക്ക് ഒരിക്കലും നാലാം നിലയില്‍  എത്തിച്ചേരാന്‍ സാധ്യവുമല്ല. അത്രയും കണിശതയും കാര്‍ക്കശ്യവുമുണ്ട് ബ്രാഹ്മണിക്കല്‍ പൗരോഹിത്യ മേല്‍ക്കൈ ഉള്ള നിയമങ്ങള്‍ക്ക്. ജന്മം കൊണ്ട് ബ്രാഹ്മണര്‍ അല്ലാത്തവര്‍,  എത്ര ശാസ്ത്രങ്ങള്‍ പഠിച്ചാലും സാമൂഹിക പരിഗണന ലഭിക്കുന്നില്ല. അതിനാല്‍ അധികാര പങ്കാളിത്തത്തിലൂടെ  സാമൂഹിക പദവി ഉയര്‍ത്താനാണ് അംബേദ്കര്‍ വിഭാവനം ചെയ്തത്.  കാലക്രമത്തില്‍ ജാതിയെ തന്നെ പൂര്‍ണമായും  നിര്‍മാര്‍ജനം ചെയ്തു സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 'ജാതികള്‍ തമ്മിലുള്ള മൈത്രി' എന്ന നവ ഹിന്ദുത്വ മുദ്രാവാക്യം വഴി സംഭവിക്കുന്നത്,  സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ അതേപടി നിലനിര്‍ത്തപ്പെടും എന്നതാണ്. സാമ്പത്തിക സംവരണം അത്തരമൊരു ലക്ഷ്യമാണ് ഉന്നം വെക്കുന്നത്. മാത്രമല്ല ദലിത് സമൂഹത്തെ കാലാകാലം പീഡനത്തിന്റെ ഈ ആലയില്‍ തളച്ചിടുക എന്ന അജണ്ട കൂടി ഇതിനു പിന്നിലുണ്ട്. 

ഈ വിഷയത്തില്‍ ബി.ജെ.പിയുടേത് സമര്‍ഥമായ കളിയാണ്. ദലിതരെ പരസ്യമായി ആക്ഷേപിക്കില്ല. എന്നാല്‍ ദലിത് സമൂഹം സാമൂഹിക നീതിക്കു വേണ്ടിയും സംവരണത്തിനു വേണ്ടിയും പോരാടിയാല്‍ മെറിറ്റ് അടിസ്ഥാനം മതി എന്നും പറഞ്ഞു ബി.ജെ.പി രംഗത്തെത്തും. ഇത് അവരുടെ സാമൂഹികമായ അസഹിഷ്ണുതയാണ്, സമത്വം അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന നിലപാട്. അവര്‍ പരസ്യമായി സംവരണ വിരുദ്ധ ആശയവുമായി രംഗത്ത് വരാറില്ലെങ്കിലും, സവര്‍ണ ജാതിക്കാരായ വിദ്യാര്‍ഥികളെയും മറ്റും സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍  അവര്‍ തെരുവിലിറക്കും.  ആ സമരങ്ങള്‍ക്ക് ഇവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെ വന്‍ കവറേജും നല്‍കുന്നു.

 

അവകാശ നിഷേധങ്ങള്‍ ഇല്ലാത്ത,  സാമൂഹിക നീതി പുലരുന്ന പുതിയ ഇന്ത്യയുടെ നിര്‍മിതിക്കു ഗാന്ധിജി, അംബേദ്കര്‍ എന്നിവരില്‍ ആരുടെ ചിന്തകളാണ് സമകാലിക ഇന്ത്യയില്‍ കൂടുതല്‍ പ്രസക്തവും പ്രായോഗികവും?

ഗാന്ധിജിയും അംബേദ്കറും വ്യത്യസ്ത ധാരകള്‍ ആയിരുന്നു. രണ്ടു പേരെയും ഹിന്ദുത്വവാദികള്‍ എതിര്‍ത്തിരുന്നു എന്നതാണ് അവര്‍ക്കിരുവര്‍ക്കുമുള്ള സമാനത. ഹിന്ദുത്വം ഗാന്ധിജിയെ തന്നെ വധിച്ചുകളഞ്ഞപ്പോള്‍, അംബേദ്കറുടെ ആശയങ്ങളെയാണ് ഹിന്ദുയിസം ഭയപ്പെട്ടത്. ഗാന്ധിജി  പ്രായോഗിക രീതികളായിരുന്നു അവലംബിച്ചിരുന്നത്. അംബേദ്കര്‍  ആശയപരമായും മൗലികമായും ആണ് കാര്യങ്ങളെ സമീപിച്ചിരുന്നത്. ദേശീയ പ്രസ്ഥാനത്തില്‍  ധാരാളം സവര്‍ണരും ഭാഗഭാക്കായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൊണ്ടു പോവുക എന്ന പ്രായോഗിക രീതിയായിരുന്നു മഹാത്മാ ഗാന്ധിയുടേത്. എന്നാല്‍ അംബേദ്കര്‍ കര്‍മരംഗങ്ങളില്‍ സജീവമായി ഇടപെടാതെ,  ദേശീയ പ്രസ്ഥാനത്തിന് സാമൂഹിക നവോത്ഥാനത്തിന് ഒരു ധൈഷണിക തലം കൂടി സംഭാവന ചെയ്യുകയായിരുന്നു. ഗാന്ധിജി ഇന്ത്യയിലെ  മത സൗഹാര്‍ദത്തിനും ജാതി മൈത്രിക്കും വന്‍ സംഭാവനകള്‍ നല്‍കി. തൊട്ടുകൂടായ്മയെ(അയിത്തം) എതിര്‍ത്തു. പക്ഷേ, വര്‍ണാശ്രമ വ്യവസ്ഥയെ എതിര്‍ത്തില്ല. ഗാന്ധിജിയുടെ 'രാമരാജ്യം', പൗരാണികതയുടെ ഗൃഹാതുരത നിറഞ്ഞ ഗ്രാമങ്ങള്‍ ആയിരുന്നു. സാമ്പ്രദായിക മൂല്യങ്ങളിലും ദൈവത്തിലും ഗാന്ധി വിശ്വസിച്ചു. 'സനാതന ഹിന്ദു' എന്ന് സ്വയം വിളിച്ചു.

സമഭാവന നിറഞ്ഞ, പീഡനങ്ങളോ ഹൈന്ദവ പൗരോഹിത്യമോ ഇല്ലാത്ത  നഗരങ്ങളായിരുന്നു അംബേദ്കറുടെ സ്വപ്‌നം. അദ്ദേഹത്തിന്റെ വികസന, വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ ആധുനികതയുടെ സൃഷ്ടിയും ആയിരുന്നു (ഇന്ന്, ഇത്തരം  വികസന സങ്കല്‍പ്പങ്ങളുടെ പേരില്‍ ഇരകളാക്കപ്പെടുന്നവരില്‍ കൂടുതല്‍ ദലിതുകളാണ്  എന്നത് മറ്റൊരു യാഥാര്‍ഥ്യം). 'ധര്‍മത്തിന്റെ ഉദ്ദേശ്യം ലോകത്തെ പുതുക്കിപ്പണിയലാണ്' എന്ന് അദ്ദേഹം വിശ്വസിച്ചു. ചാതുര്‍വര്‍ണ്യം ഇല്ലാത്ത ഒരു ലോകം. അതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. 

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  എന്നിവ പൂര്‍ണാര്‍ഥത്തില്‍ പുലര്‍ന്നാല്‍ ഇവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാവുമെന്നും അദ്ദേഹം കരുതി. 

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍