Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

ഭാവനാസമ്പുഷ്ടമായ കവിതകള്‍

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

പ്രബോധനം വാരികയില്‍ ഈയിടെയായി വെളിച്ചം കാണുന്ന കവിതകള്‍ വാച്യാര്‍ഥത്തിനപ്പുറം വ്യംഗ്യാര്‍ഥങ്ങളാല്‍ ഭാവനാസമ്പുഷ്ടമായ വായനാനുഭവങ്ങള്‍ പകരുന്നതാണ്. സ്വന്തം അനുഭവങ്ങളെയും വികാര വിചാരങ്ങളെയും മറ്റുള്ളവരുടെ ഹൃദയത്തില്‍ മുദ്രണം ചെയ്യത്തക്ക വിധം ആഖ്യാനം നടത്തുന്ന ഇത്തരം പ്രതിഭകളുടെ സര്‍ഗശേഷിയെ വെള്ളവും വളവും നല്‍കി വളര്‍ത്താനും ഫലപ്രദമായ ആദര്‍ശസുന്ദരമായ ഒരു നവലോക സൃഷ്ടിക്കായുള്ള പ്രക്രിയയുടെ പ്രതിനിധാനങ്ങളായി ഉപയോഗപ്പെടുത്താനും സാധിക്കുന്നുണ്ടോ? സമകാലിക ജീവിതാവസ്ഥകളുടെ ആഖ്യാനം വ്യത്യസ്ത രീതികളില്‍ നിര്‍വഹിക്കാനുള്ള മനുഷ്യന്റെ സഹജമായ ത്വരയെ നാം വേണ്ടവിധം പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ആശയപ്രകാശനങ്ങളുടെ സാമ്പ്രദായിക രീതികളായ വാമൊഴികളുടെയും വരമൊഴികളുടെയും നിര്‍മിത ചട്ടക്കൂടില്‍നിന്നും നാം ഇനിയും പുറത്തുകടക്കേണ്ടതില്ലേ?

മുന്‍കാലങ്ങളില്‍ ഗ്രാമീണ സംസ്‌കൃതിയിലൂന്നിയ ജൈവ ബന്ധത്തില്‍നിന്ന് വികാസം പ്രാപിച്ച, ശരിക്കും നാടിന്റെ 'അക'ങ്ങളെ പ്രതിഫലിപ്പിച്ച നാടകസംഘങ്ങളുടെയും മറ്റും സര്‍ഗാത്മക മിന്നലാട്ടങ്ങള്‍ ഇന്നത്തെ കൈരളിയുടെ പുരോഗമനാത്മകമായ വളര്‍ച്ചക്ക് എങ്ങനെ അടിത്തറ പാകിയെന്നത് നാം വിസ്മരിക്കരുത്. സ്വന്തം ഭാവനകളെയും ആശയങ്ങളെയും വാക്കുകളിലൂടെ, ശബ്ദങ്ങളിലൂടെ, ചലനങ്ങളിലൂടെ, വരകളിലൂടെ മറ്റുള്ളവരിലേക്ക് സാര്‍ഥകമായി വിനിമയം ചെയ്യാന്‍ സാധിക്കുന്നവരെ കണ്ടെത്തി  ആവിഷ്‌കാരങ്ങളുടെ ചാലകസ്രോതസ്സായി മാറ്റാനുതകുംവിധമുള്ള പ്രഫഷണല്‍ സംഘത്തെ വാര്‍ത്തെടുക്കാന്‍ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക - സര്‍ഗധാര കൈകാര്യം ചെയ്യുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്. അഭിരുചികളില്‍ വലിയ വ്യത്യാസം വരുന്ന ഈ കാലത്ത് സര്‍ഗശേഷികളുടെ വ്യത്യസ്ത ധാരകള്‍ ആസ്വദിക്കുക എന്നതിനപ്പുറം അവ ഗതകാല സ്മരണകളുടെ ഉണര്‍ത്തുപാട്ടായും ഇന്നിന്റെ  ഉത്തേജനമായും തീരേണ്ടതുണ്ട്. ഗഹനമായ  പ്രമേയങ്ങള്‍ ലളിതരീതിയില്‍ പ്രകാശിപ്പിക്കാന്‍ രംഗാവിഷ്‌കാരങ്ങള്‍ക്കുള്ള  ശക്തി മനസ്സിലാക്കി അത്ഭുതകരമായ ഭാവനകള്‍ വിടര്‍ത്തുന്ന ഇന്നിന്റെ തുടിപ്പുകളായ ബാല - കൗമാരങ്ങളുടെ ശേഷികള്‍ ഉപയോഗിച്ച് പൊതുധാരയിലേക്ക് കലാവിരുതോടെ കടന്നുകയറാന്‍ ഇനിയും നാം അമാന്തിച്ചുകൂടാ.

 

 

ചരിത്ര പണ്ഡിതന്മാര്‍ സാക്ഷി

23-ാം ലക്കത്തിലെ ലൈക്ക് പേജാണ് (ഡാന്യുബ് സാക്ഷി) ഈ കുറിപ്പിനാധാരം. അതില്‍ പറഞ്ഞതത്രയും സത്യവും ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം സങ്കടകരവുമാണ്. ഇതൊക്കെ ഇസ്‌ലാമിക ചരിത്രം പഠിച്ച പണ്ഡിതന്മാര്‍ക്കറിയാവുന്ന കാര്യം തന്നെ. പക്ഷേ ഇതൊക്കെ വെളിച്ചം കാണാന്‍ ഡാന്യൂബ് നദി സാക്ഷിയാവേണ്ടിവന്നു എന്നതാണ് ഏറെ സങ്കടം. ആള്‍ജിബ്രയുടെ പിതാവായ മുഹമ്മദ് അല്‍ ഖവാരിസ്മി, കെമിസ്ട്രിയുടെ പിതാവെന്നറിയപ്പെടുന്ന അബൂ ജാബിര്‍, വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം, കെമിസ്ട്രി എന്നീ മേഖലകളില്‍ അഗാധ പണ്ഡിതനായിരുന്ന സകരിയ്യ അല്‍ റാസി, സാമൂഹിക ശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും നിരവധി സംഭാവനകളര്‍പ്പിച്ച അബൂറയ്ഹാന്‍ അല്‍ബറൂനി, മോഡേണ്‍ ഓപ്റ്റിക്‌സിന്റെ പിതാവെന്നറിയപ്പെടുന്ന ഇബ്‌നുല്‍ ഹയ്തം, ഇന്ത്യന്‍ അക്കങ്ങളെ ഇസ്‌ലാമിക ലോകത്തിനും ക്രൈസ്തവ ലോകത്തിനും പരിചയപ്പെടുത്തിക്കൊടുത്ത അല്‍ കിന്ദി, വൈദ്യശാസ്ത്രത്തിനു നിരവധി അമൂല്യ സംഭാവനകളര്‍പ്പിച്ച കാനന്‍ ഓഫ് മെഡിസിന്‍ എന്നറിയപ്പെടുന്ന ഖാനൂന്‍ ഫിത്ത്വിബ്ബിന്റെ കര്‍ത്താവായ അവിസെന്ന എന്നറിയപ്പെടുന്ന ഇബ്‌നുസീന തുടങ്ങി എത്രയെത്ര ശാസ്ത്ര പ്രതിഭകള്‍! സാമ്രാജ്യത്വ, കൊളോണിയല്‍ ശക്തികള്‍ക്കെതിരില്‍ അതിശക്തമായ ചെറുത്തുനില്‍പും പോരാട്ടങ്ങളും കാഴ്ചവെച്ച ഉമര്‍ മുഖ്താര്‍, സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍, ഇവരോടൊക്കെ മുസ്‌ലിം എഴുത്തുകാരും ചിന്തകരും നീതി കാണിച്ചുവോ? ലോക ചരിത്രത്തില്‍ കഴിഞ്ഞുപോയ ആ സുവര്‍ണ കാലഘട്ടത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ മുസ്‌ലിം പ്രസാധകര്‍ ആര്‍ജവം കാണിക്കേണ്ടതുണ്ട്.

എ. സത്താര്‍ ഓമശ്ശേരി

 

 

അത് ഉചിതമാണോ?

നവംബര്‍ 24-ലെ (ലക്കം 25) പ്രബോധനം വാരികയുടെ മുഖചിത്രം അത്രക്ക് ഉചിതമായെന്ന് തോന്നുന്നില്ല. പൊതുവെ പ്രബോധനത്തില്‍ വ്യക്തികളുടെ ചിത്രങ്ങള്‍ മുഖചിത്രമായി കൊടുക്കാറില്ലല്ലോ. മുമ്പൊരിക്കല്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വരച്ച ചിത്രം മുഖച്ചിത്രമായി വന്നപ്പോള്‍ ചിലര്‍ പരാതി പറഞ്ഞതായി ഓര്‍ക്കുന്നു. കഴിയുന്നതും വ്യക്തികളുടെ ഫോട്ടോകളും വരച്ച ചിത്രങ്ങളും ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഉള്‍പ്പേജുകളില്‍ കൊടുക്കാമല്ലോ. ചിരിയെക്കുറിച്ച് പ്രസംഗിച്ചാല്‍ പോരാ എന്ന കുറിപ്പിനോട് യോജിക്കുന്നു. പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ അത്തരം ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കുമ്പോള്‍ അതിന് മാറ്റു കൂടും. പ്രവര്‍ത്തിക്കാത്തത് പറയല്‍ ദൈവത്തിങ്കല്‍ ക്രോധകരമാണല്ലോ.

ശറഫുദ്ദീന്‍ അബ്ദുല്ല, നോര്‍ത്ത് പറവൂര്‍

 


ഇന്ത്യന്‍ മുസ്‌ലിം ചരിത്രം മദ്‌റസാ പഠനത്തിന്റെ ഭാഗമാകണം

ടി.കെ.എം ഇഖ്ബാലിന്റെ 'മുസ്‌ലിം അപരന്‍ നിര്‍മിക്കപ്പെടുന്ന വിധം' എന്ന ലേഖനം വായിച്ചു. ഇന്ത്യാ ചരിത്രത്തിലെ മുസ്‌ലിംകളെക്കുറിച്ച് അവഗാഹമുള്ളവര്‍ സമുദായത്തിനകത്ത് എത്രയുണ്ടെന്ന ചോദ്യം തികച്ചും ന്യായമാണ്. കൃത്യമായ പഠനം ഈ രംഗത്ത് മുസ്‌ലിംകള്‍ക്ക് വേണ്ടതല്ലേ? വായിക്കാനും പഠിക്കാനും നിരവധി സോഴ്‌സുകള്‍ ഉണ്ടെങ്കിലും അവ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ കുറച്ച് പേര്‍ മാത്രം. വളച്ചൊടിച്ച ചരിത്രപാഠ പുസ്തകങ്ങള്‍ കലാലയങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യം മനസ്സിലാക്കി വളരുന്ന ഒരു തലമുറ നമുക്ക് ഉണ്ടാകണം. മുഹമ്മദന്‍ മതമെന്ന് പഠിപ്പിക്കപ്പെടുമ്പോള്‍ അങ്ങനെയല്ലായെന്ന് എഴുന്നേറ്റു നിന്ന് പറയാന്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ വളര്‍ന്നുവരണം. ഇസ്‌ലാം കൂടുതല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ രാജ്യത്ത് മുസ്‌ലിംകള്‍ തീവ്രവാദികളായി ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, രാഷ്ട്രീയമായും മറ്റും അപരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക് പദാവലികളെക്കുറിച്ച് തലമുറ അജ്ഞരാണെങ്കില്‍ എങ്ങനെ നമുക്ക് സത്യത്തിനു വേണ്ടി പൊരുതാന്‍ സാധിക്കും? മദ്‌റസകള്‍ കേന്ദ്രീകരിച്ച് ദീന്‍ പഠിപ്പിക്കുന്നതോടൊപ്പം ഇന്ത്യയിലെ മുസ്‌ലിം ചരിത്രവും പഠിപ്പിക്കേണ്ടതാണ്.

ഉബൈദത്ത് എടനാപറമ്പില്‍, പെരുമ്പാവൂര്‍

 

 

സോളിഡാരിറ്റിയെക്കുറിച്ച്

'വിശ്വാസത്തിന് കരുത്തേകി അധീശത്വത്തെ ചെറുക്കുക' പി.എം സാലിഹുമായി ജുമൈല്‍ കൊടിഞ്ഞി നടത്തിയ അഭിമുഖം(പ്രബോധനം 8 നവംബര്‍ 2017) വായിച്ചു.

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സമൂഹത്തെ ഒറ്റക്കെട്ടായി കാണാന്‍ സോളിഡാരിറ്റിക്കു സാധിക്കണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും മതസമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ എങ്ങനെ സോളിഡാരിറ്റിക്ക് ഒരേ ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് ആലോചിക്കണം. ഇസ്‌ലാമോഫോബിയയെ സംബന്ധിച്ച് സോളിഡാരിറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തണം. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ക്രിമിനലുകളെ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്യുന്നതിനെ പ്രതിരോധിക്കാനാകണം. ദീന്‍ എല്ലാവര്‍ക്കുമുള്ളതാണ്. ഓരോ വിശ്വാസിയും താന്‍ ഒറ്റക്കല്ല എന്ന് മനസ്സിലാക്കുകയും സഹോദരനോടുള്ള ഗുണകാംക്ഷ എപ്പോഴും അവനില്‍ നിറഞ്ഞുനില്‍ക്കുകയും വേണം. ദീന്‍ ഗുണകാംക്ഷയാണെന്ന് പഠിപ്പിച്ച പ്രവാചകനെ ഇന്ന് എങ്ങനെ പ്രയോഗവല്‍ക്കരിക്കാനാകും എന്ന് ഗൗരവത്തില്‍ ചിന്തിക്കണം.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

 

എന്നിട്ടും ഈ സമുദായം എന്തേ ഇങ്ങനെ....!

കൊലപാതകം നിഷിദ്ധമാണ്. അകാരണമായി ഒരാളെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിന് സമമാണ്. അത് സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ സാമൂഹികദ്രോഹമാണ്, തെറ്റാണ്. വ്യഭിചാരം നിഷിദ്ധമാണ്. സാമൂഹികദ്രോഹമാണ്. പലിശ കൊടുക്കലും വാങ്ങലും നിഷിദ്ധമാണ്. ഇസ്‌ലാമില്‍ പണമിടപാട് ഗുണകാംക്ഷാപരമാണ്. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണം. കടം കൊടുക്കണം. കടം വീട്ടാന്‍ കഴിവില്ലാത്തവന് വിട്ടുകൊടുക്കണം. അതുകൊണ്ടുതന്നെ പലിശ സാമൂഹികദ്രോഹമാണ്. മദ്യപാനം നിഷിദ്ധമാണ്. കാരണം അത് സാമൂഹികദുരന്തം സൃഷ്ടിക്കും. ഇങ്ങനെയെണ്ണിയെണ്ണി പറഞ്ഞാല്‍ സമൂഹത്തിന് ദോഷം ചെയ്യുന്ന എല്ലാം ഇസ്‌ലാം കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മത വിദ്യാഭ്യാസം ഏറ്റവും ചെറുപ്രായം മുതല്‍ നല്‍കപ്പെടുന്ന സമുദായമാണ് മുസ്‌ലിം സമുദായം. മറ്റൊരു സമുദായത്തിലും അങ്ങനെയൊരു സമ്പ്രദായമില്ല. ഒരുപാട് പണ്ഡിതസഭകളുള്ളൊരു സമുദായം കൂടിയാണ് മുസ്‌ലിം സമൂഹം. ജംഇയ്യത്തുല്‍ ഉലമകള്‍!

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി വിഭാഗം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. ഇത്രയും പറഞ്ഞത് ആധികാരിക പണ്ഡിത സഭകളെക്കുറിച്ചാണ്. കൂടാതെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് മുസ്‌ലിം കൂട്ടായ്മകള്‍ വേറെയും.

പക്ഷേ, കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും. ദിവസവും നമ്മുടെ കൈകളിലെത്തുന്ന പത്രങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ തിന്മകളുടെയും നിഷിദ്ധ കാര്യങ്ങളുടെയും മുന്‍പന്തിയില്‍ മുസ്‌ലിം നാമധാരികളാണെന്ന് തോന്നിപ്പോവുന്നു. കള്ളക്കടത്ത്, മയക്കുമരുന്ന് വില്‍പന, പെണ്‍വാണിഭം, കള്ളനോട്ട്, കുഴല്‍പണമിടപാട് എന്നു വേണ്ട എല്ലാതരം തിന്മകളും അതിന്റെ മുന്നില്‍ മുസ്‌ലിം പേരുകള്‍ ധാരാളം. നമ്മള്‍ അവരെ മുസ്‌ലിം നാമധാരികള്‍ എന്ന് പറയുമ്പോള്‍ മറ്റു മതസ്ഥര്‍ക്ക് അവര്‍ മുസ്‌ലിംകള്‍ തന്നെ. കാരണം അവരുടെ പേരുകള്‍ നല്ല തനിമയുള്ള മുസ്‌ലിം പേരുകളാണ്. ഈയിടെയായി ഇതൊന്നും പോരാഞ്ഞ് ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തെയും പിടികൂടിയിരിക്കുന്നു. മൊത്തം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഈ പറയപ്പെടുന്ന സംഘടനകള്‍ക്കും പണ്ഡിത സഭകള്‍ക്കും ഒന്നും ചെയ്യാനില്ലേ?

റബീഉല്‍ അവ്വല്‍ ആഗതമായിരിക്കുന്നു. ഈയൊരു മാസം ഇവിടെ നടക്കാനിരിക്കുന്ന കോലാഹലങ്ങളുടെ തുടക്കം കുറിച്ചു തുടങ്ങി. എന്റെ അടുത്ത മദ്‌റസയിലെ കുട്ടികളുടെ പാട്ടും ബൈത്തും പഠിക്കുന്ന ബഹളം കേട്ടു. ഞാന്‍ ഉസ്താദിനോട് ചോദിച്ചു: ഉസ്താദേ ഇത് റിഹേഴ്‌സലല്ലേ, ഇതിനെന്തിനാണ് മൈക്ക് ഉപയോഗിക്കുന്നത്? അദ്ദേഹം കൈമലര്‍ത്തുന്നു: ഞാന്‍ നിസ്സഹായനാണ്. എനിക്കിതില്‍ ഒരു വോയ്‌സുമില്ല. മാസം കണ്ടു എന്നറിഞ്ഞ മാത്രയില്‍ കുട്ടികള്‍ മര്‍ഹബ ചൊല്ലി ജാഥ നടത്തുന്നു.  ഈ സമുദായത്തെ നയിക്കുന്നവര്‍ ഒരുപാടുണ്ട്. നേതാക്കന്മാരുടെ പട തന്നെയുണ്ട്. പക്ഷേ, ബുദ്ധിയുള്ള, ചിന്തിക്കുന്ന, തിരിച്ചറിവുള്ള എത്ര നേതാക്കള്‍ നമുക്കുണ്ട്. ഇനിയും മാറിയില്ലെങ്കില്‍ നാം വല്ലാതെ ദുഃഖിക്കേണ്ടിവരും.

സി.കെ ഹംസ, ഗ്രാമത്തി പള്ളൂര്‍

 

 

യുവാക്കളെ വഴിനടത്താന്‍  മതനേതൃത്വത്തിന് കഴിയണം

നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ കൗമാരപ്രായക്കാര്‍ മുതല്‍ യുവാക്കള്‍ വരെയുള്ളവര്‍ കൂടിവരുന്നതും പിടിക്കപ്പെടുന്നതും  ഇന്ന് സര്‍വസാധാരണമായിരിക്കുകയാണ്. നിസ്സാരമായ പോക്കറ്റടി മുതല്‍ മാല തട്ടിപ്പറിക്കല്‍, വീട് കയറി മോഷണം, പിടിച്ചുപറി, ബാങ്ക് കൊള്ളയടി, ജ്വല്ലറി കവര്‍ച്ച, വാഹന മോഷണം, സ്വര്‍ണ കള്ളക്കടത്ത്, കള്ളനോട്ടടി, കുഴല്‍പണ കടത്ത്, മയക്കുമരുന്ന് കേസുകള്‍, സ്ത്രീ പീഡനം എന്നിങ്ങനെയുള്ള കേസുകളില്‍ അകപ്പെടുന്നത് നല്ലൊരു ശതമാനം ചെറുപ്പക്കാരാണ്.  പതിനഞ്ചിനും ഇരുപത്തിയഞ്ചിനുമിടയില്‍ പ്രായമുള്ള സാമാന്യവിദ്യാഭ്യാസവുമുള്ളവരും പിടിക്കപ്പെടുന്നവരില്‍ ഏറെയുണ്ട്.

എന്തുകൊണ്ട് നമ്മുടെ വിദ്യാര്‍ഥി-യുവജനങ്ങളില്‍ ക്രിമിനലിസം വളരുന്നു?  കുറ്റം യുവാക്കളുടെയും കൗമാരക്കാരുടെയും മേല്‍ മാത്രം ചുമത്തുന്നതില്‍ അപാകതയില്ലേ? പ്രത്യേകിച്ച് ഇത്തരം കേസുകളിലകപ്പെടുന്നതില്‍ മുസ്‌ലിം സമുദായത്തിന്റെ ശതമാനം ജനസംഖ്യാനുപാതത്തില്‍ കൂടുതലാണ്. യുവാക്കളുടെ കുറ്റവാസനകള്‍ക്കെതിരെ  മതനേതൃത്വങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ ഒന്നും ചെയ്യാനില്ലേ? പത്രത്താളുകളില്‍ ദിവസേന വരുന്ന ക്രിമിനല്‍ വാര്‍ത്തകളോടൊപ്പം കുട്ടികളുടെ ഫോട്ടോകളും  കണ്ട് ഒരു മതപണ്ഡിതന്  പോലുമെന്തേ ആത്മനിന്ദയോ നാണക്കേടോ തോന്നാത്തത്? ഒരുവേള രക്ഷിതാക്കളാണ് ഇതിന് ഉത്തരവാദികളെങ്കിലും അവരുടെയും  നിയന്ത്രണത്തില്‍നിന്ന്  കുട്ടികളും ചെറുപ്പക്കാരും വഴുതിമാറുമ്പോള്‍ അത് സമൂഹത്തിന് ശാപവും ശല്യമാവുമ്പോള്‍, അതാവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കേത് സമൂഹത്തിന്റെ കൂടെ ബാധ്യതയല്ലേ? കുറ്റകൃത്യങ്ങളില്‍ യുവാക്കളുടെ പങ്ക് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോഴും പൊതു സമൂഹവും സര്‍ക്കാറുകളും  എന്ത് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുളളത്? പോലീസും കോടതിയും മാധ്യമങ്ങളും അവരവരുടെ ധര്‍മം കൃത്യമായി നിറവേറ്റുന്നതുകൊണ്ടാണ് ഇത്തരക്കാര്‍ അകത്താവുന്നതും വാര്‍ത്തകള്‍  പുറത്തുവരുന്നതും. ഇത് തടയാനും ബോധവത്കരണം നടത്താനും മുന്നിട്ടിറങ്ങുന്നതിനു പകരം യുവാക്കളെ ലഹരിയില്‍ മയക്കിക്കിടത്താനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തന്നെ നല്‍കുന്നു. മുക്കിന് മുക്കിന് മദ്യശാലകള്‍ യഥേഷ്ടമുള്ള നമ്മുടെ നാട്ടില്‍  മദ്യസേവ ഇനി ഹോട്ടലുകളിലുമാവാമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. പിന്നെയെങ്ങനെ ചെറുപ്പക്കാര്‍ നന്നാവും?  വിലകൂടിയ മൊബൈലും ഫാഷന്‍ വസ്ത്രങ്ങളും ആഡംബര വാഹനങ്ങളും സ്വന്തമാക്കാന്‍ കൊതിക്കുന്നതാണ് ഇന്ന് ഏത് 'ഫ്രീക്കന്‍'മാരുടെയും സ്വപ്‌നം. ഒപ്പം സുഹൃത്തുക്കളോടൊപ്പം നാട് ചുറ്റി സഞ്ചരിക്കാനും വേണം പണം.  ഹെല്‍മെറ്റില്ലാതെ മൂന്ന്  പേരെയും  കയറ്റി ഇരുചക്രവാഹനത്തില്‍ 'മോട്ടോര്‍ റൈസിംഗി'നെ  അനുസ്മരിപ്പിക്കുംവിധം റോഡിലൂടെ ചീറിപ്പാഞ്ഞ് അപകടം വരുത്തിവെക്കുന്നതും ഇതേ 'ന്യൂജന്‍' തന്നെ. അതിരുകടക്കുന്ന ഇത്തരം സ്വപ്‌നസാക്ഷാല്‍ക്കാരങ്ങള്‍ക്കായി  ആശ്രയിക്കാനുള്ള പോംവഴിയായാണ് കുഴല്‍പ്പണക്കടത്തും മയക്കുമരുന്ന് കച്ചവടവുമായി പരിണമിക്കുന്നത്. അധികം അധ്വാനിക്കാതെ കുറുക്കുവഴിയില്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കുകയെന്ന ചിന്തയില്‍നിന്നാണ് ഒരു ക്രിമിനല്‍ ജനിക്കുന്നത്. ഒരു തവണ പിടിക്കപ്പെടുന്നതോടെ അത് 

'ലൈസന്‍സായി' മാറുകയും പിന്നീട് എല്ലാവിധ കുറ്റക്യത്യങ്ങളുടെയും മാസ്റ്റര്‍ ബ്രെയ്‌നായി അവന്‍ മാറുകയും ചെയ്യുന്നു. 

കൗമാരക്കാരിലും ചെറുപ്പക്കാരിലും ധാര്‍മിക സദാചാര ബോധമുണര്‍ത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവര്‍ത്തകരും മതനേതൃത്വങ്ങളുമാണ്. ബോധന രീതികളും ഈ അര്‍ഥത്തില്‍ മാറ്റിപ്പണിയേണ്ടതുണ്ട്. നാണം കുണുങ്ങികളായും  അപകര്‍ഷബോധമുള്ളവരായും വളരുന്ന നല്ലൊരു ശതമാനം  പുതുതലമുറക്ക് ഇന്ന് വായന പോലും ഇല്ലാതായിരിക്കുകയാണ്. ദിനപത്രങ്ങള്‍ പതിവായി വായിക്കുന്ന എത്ര ചെറുപ്പക്കാരുണ്ടെന്ന കണക്കെടുത്താല്‍ മനസ്സിലാവും അവരുടെ പൊതുബോധം എത്രത്തോളമെന്ന്. എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്വപ്‌നങ്ങളുമായി  മാറുന്ന ലോകത്തിന്റെ ജീവിതക്രമത്തോടൊപ്പം സഞ്ചരിക്കാനുള്ള വ്യഗ്രതയാണ് കവര്‍ച്ചയിലേക്കും കള്ളക്കടത്തിലേക്കും മറ്റും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത് എന്നിരിക്കെ, അതിനുള്ള 'പ്രതിരോധ കുത്തിവെപ്പാണ്' വൈകിയെങ്കിലും തുടങ്ങേണ്ടത്.

ടി.എ. ജുനൈദ് പയ്യോളി, കോഴിക്കോട്  

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍