Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

ബംഗ്ലാദേശ് നീതിനിഷേധം, റോഹിങ്ക്യകള്‍ക്കു വേണ്ടി കള്ളക്കണ്ണീര്‍

അബൂസ്വാലിഹ

ബംഗ്ലാദേശിലെ ഹസീനാ വാജിദ് ഭരണകൂടം നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ പൊതുവെ നമ്മുടെ മീഡിയ മൂടിവെക്കുകയാണ് പതിവ്. അന്താരാഷ്ട്ര സഹായം ലഭിക്കാനായി ആ ഭരണകൂടം പുറത്തെടുക്കുന്ന രാഷ്ട്രീയ അഭ്യാസങ്ങളെ മീഡിയ നന്നായി കൊണ്ടാടുകയും ചെയ്യും. ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് ഭരണകൂടം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്ന മട്ടില്‍ ഈയടുത്ത കാലത്ത് വന്ന വാര്‍ത്താ പ്രളയം ഓര്‍ക്കുക. സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ ബംഗ്ലാ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹയെ ചവിട്ടിപ്പുറത്താക്കിയ നടപടിക്കു പോലും അതിനിടയില്‍ വാര്‍ത്താ പ്രാധാന്യം കിട്ടാതെ പോയി.

ജനാധിപത്യ സംവിധാനങ്ങളെ മുഴുവന്‍ അട്ടിമറിച്ച ഹസീന ഗവണ്‍മെന്റ് ഇപ്പോഴും പ്രതിപക്ഷങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അത്തരം സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു പോലുമില്ല. പ്രധാന പ്രതിപക്ഷം ബംഗ്ലാ നാഷ്‌നലിസ്റ്റ് പാര്‍ട്ടിയാണെങ്കിലും കൂടുതല്‍ സംഘടിത സ്വഭാവമുള്ള ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമീ ഛാത്ര ശിബ്‌റിനെയുമാണ് ഭരണകൂടം കാര്യമായും ഉന്നം വെക്കുന്നത്. കള്ളക്കേസുകളുണ്ടാക്കിയും കംഗാരു കോടതികള്‍ തട്ടിക്കൂട്ടിയും ജമാഅത്തിന്റെ നേതൃനിരയെ ഏതാണ്ട് മുഴുവനായിത്തന്നെ ഈ ഏകാധിപത്യ ഭരണകൂടം കശാപ്പു ചെയ്തുകഴിഞ്ഞു. ബംഗ്ലാ ജമാഅത്തിന്റെ അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമി, സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഖമറുസ്സമാന്‍ ഖാന്‍, അസി. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മുല്ല, കേന്ദ്ര കമ്മിറ്റി അംഗം മീര്‍ ഖാസിം അലി എന്നിവരെയാണ് ഭരണകൂടം കള്ളക്കേസുകള്‍ ചുമത്തി തൂക്കിലേറ്റിയത്. മുതിര്‍ന്ന ബംഗ്ലാ നാഷ്‌നലിസ്റ്റ് പാര്‍ട്ടി നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരിക്കും വധശിക്ഷ നല്‍കിയിരുന്നു. ബംഗ്ലാ ജമാഅത്തിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവ് പ്രഫസര്‍ ഗുലാം അഅ്‌സമും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകരും ജയിലില്‍ വെച്ച് മതിയായ ചികിത്സയോ പരിരക്ഷയോ ലഭിക്കാതെ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

ഈ പട്ടികയില്‍ മൂന്നു പേര്‍ കൂടി വധശിക്ഷ കാത്തു കഴിയുന്നുണ്ട്. മൂന്നു പേരും ജമാഅത്ത് നേതാക്കള്‍; എ.ടി.എം അള്ഹറുല്‍ ഇസ്‌ലാം, സയ്യിദ് മുഹമ്മദ് ഖൈസര്‍, അബ്ദുസ്സുബ്ഹാന്‍ എന്നിവര്‍. വിധിക്കെതിരെ അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കിലും തങ്ങളുടെ അതൃപ്തിക്ക് പാത്രമായി എന്ന ഒറ്റക്കാരണത്താല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ തൂക്കിയെടുത്ത് പുറത്തെറിഞ്ഞ ഒരു ഭരണകൂടത്തില്‍നിന്ന് നീതിയും ന്യായവും ആരും പ്രതീക്ഷിക്കുന്നില്ല. ചീഫ് ജസ്റ്റിസിനെ പുറത്താക്കിയ ശേഷമുണ്ടായ സംഭവങ്ങള്‍, അവിടത്തെ കോടതികള്‍ ഭരണകൂടത്തിന്റെ വെറും ചട്ടുകങ്ങള്‍ മാത്രമാണെന്നതിന് ഒന്നുകൂടി അടിവരയിടുന്നുണ്ട്. അതേക്കുറിച്ച് പിന്നീട്.

കഴിഞ്ഞ ഒക്‌ടോബര്‍ ഒമ്പതിനാണ് ഇപ്പോഴത്തെ ബംഗ്ലാ ജമാഅത്ത് അമീര്‍ മഖ്ബൂല്‍ അഹ്മദ്, അസി. അമീറും മുന്‍ പാര്‍ലമെന്റ് അംഗവുമായ മിയാന്‍ ഗുലാം പര്‍വാര്‍, സെക്രട്ടറി ജനറല്‍ ഡോ. ശഫീഖുര്‍റഹ്മാന്‍, ചിറ്റഗോംഗ് അമീര്‍ മുഹമ്മദ് ഷാജഹാന്‍, നദ്‌റുല്‍ ഇസ്‌ലാം, സൈഫുല്‍ ഇസ്‌ലാം, ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയ നേതാക്കളെ ഹസീന ഭരണകൂടം അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജമാഅത്ത് - ഛാത്ര ശിബ്ര്‍ അംഗങ്ങള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. 'ധാക്കയിലെ ഒരു വീട് കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തി' എന്നതാണത്രെ കുറ്റം! പരസ്യമായി സംഘടിപ്പിക്കപ്പെട്ട ഒരു പൊതുപരിപാടിയെക്കുറിച്ചാണ് ഇപ്പറയുന്നത്. അഞ്ച് പ്രമുഖ നേതാക്കളെ കള്ളക്കേസുകള്‍ ചുമത്തിയും മറ്റു നേതാക്കളെ ജയിലിലടച്ച് ചികിത്സ നിഷേധിച്ചും സമാധാനപരമായി പ്രതിഷേധിച്ച അണികളെ വെടിയുണ്ടകള്‍ക്കിരയാക്കിയും കൂട്ടക്കൊല നടത്തിയിട്ടും ജനാധിപത്യപരമായ പ്രവര്‍ത്തന വഴികളില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ജമാഅത്തിന്റെ പേരിലാണ് ഭരണകൂടം നിരന്തരം ഭീകരത ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഭീകരത ആരോപിച്ചും 'ഭരണഘടനയും സാഹിത്യങ്ങളും സെക്യുലര്‍ അല്ലാത്തതിനാലും' 2013-ല്‍ ജമാഅത്തിനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു.

ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ പ്രതികാര നടപടികള്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 12-ന് ജമാഅത്ത് രാജ്യവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു. ബംഗ്ലാ നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയും ഹര്‍ത്താലിന് ലഭിച്ചു. ജമാഅത്തിന്റെ നിരവധി പ്രാദേശിക നേതാക്കള്‍ ഹര്‍ത്താലിനോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവര്‍ ഇപ്പോഴും ജയിലിലാണ്. ഇപ്പോഴത്തെ ജമാഅത്ത് അമീര്‍ മഖ്ബൂല്‍ അഹ്മദ് എണ്‍പത് വയസ്സ് കഴിഞ്ഞയാളാണ്. പലവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ജയിലില്‍ വെച്ച് മതിയായ ചികിത്സ ലഭിക്കുന്നില്ല. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത സ്ഥിതിയില്‍ അദ്ദേഹത്തിന് ദിവസവും ഫിസിയോ തെറാപ്പി ആവശ്യമുണ്ടെങ്കിലും അതിനുള്ള സംവിധാനങ്ങളൊന്നും ജയിലില്‍ ഒരുക്കിയിട്ടില്ല. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനും ജയിലധികൃതര്‍ തയാറാകുന്നില്ല. കഴിഞ്ഞ ഒക്‌ടോബര്‍ 18-നാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥിനി വിഭാഗമായ ഇസ്‌ലാമീ ഛാത്ര ശങ്ക്ഹസ്തയുടെ 21 വിദ്യാര്‍ഥിനികളെ ഖുര്‍ആന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പോലീസ് പിടിച്ചുകൊണ്ടുപോയത്. ഇവരിലധികവും മെഡിസിന്‍, എഞ്ചിനീയറിംഗ് പോലുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരാണ്. രണ്ടു ദിവസം റിമാന്‍ഡില്‍ വെച്ച ശേഷം ധാക്ക ഹൈകോര്‍ട്ട് ഇവരെ ഇപ്പോള്‍ ജയിലിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ്. രാജധാനി യൂനിവേഴ്‌സിറ്റിയില്‍ ഛാത്ര ശിബ്‌റിന്റെ എട്ട് പ്രവര്‍ത്തകരെയാണ് ഭീകരക്കുറ്റം ചുമത്തി പിടിച്ചുകൊണ്ടുപോയത്.

ജമാഅത്ത് നേതാക്കളെയും മറ്റു രാഷ്ട്രീയ പ്രതിയോഗികളെയും വകവരുത്താനായി മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ 'ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണല്‍' എന്ന കംഗാരു കോടതിയുടെ എല്ലാ കള്ളക്കേസുകള്‍ക്കും മേലൊപ്പ് ചാര്‍ത്തി ചീഫ് ജസ്റ്റിസ് സ്ഥാനം നേടിയെടുത്തയാളാണ് ഇപ്പോള്‍ അപമാനിതനായി പുറത്തു പോകേണ്ടി വന്ന സുരേന്ദ്രകുമാര്‍ സിന്‍ഹ. ഒരു കാവ്യനീതി കൂടി പുലരുന്നു. ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് നല്‍കുന്ന ഭരണഘടനാ ഭേദഗതി സുരേന്ദ്രകുമാര്‍ അടങ്ങുന്ന ഏഴംഗ ബെഞ്ച് തള്ളിയതാണ് ഭരണകക്ഷിയെ പ്രകോപിപ്പിച്ചത്. 799 പേജ് വരുന്ന വിധിന്യായത്തില്‍, നവാസ് ശരീഫിനെ പുറത്താക്കിയ പാക് സുപ്രീം കോടതിയുടെ വിധിയെപ്പറ്റി പറഞ്ഞതും, 1971-ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പരാമര്‍ശിക്കവെ ശൈഖ് മുജീബുര്‍റഹ്മാനെ പേരെടുത്തു പറയാതെ 'ഇതൊന്നും ഒരാളുടെ പ്രയത്‌നം കൊണ്ടുണ്ടായതല്ല, ജനത മുഴുവന്‍ അതില്‍ ഭാഗഭാക്കായിട്ടുണ്ട്.' എന്ന് സൂചിപ്പിച്ചതും പിടിവള്ളിയാക്കി ഭരണകക്ഷിയായ അവാമി ലീഗ് ചീഫ് ജസ്റ്റിസിനെതിരെ തിരിഞ്ഞു. പ്രശ്‌നം ജനം തെരുവില്‍ കൈകാര്യം ചെയ്യും എന്ന രീതിയിലാണ് ഹസീന വാജിദ് സംസാരിച്ചത്: 'അദ്ദേഹം ബംഗ്ലാദേശിനെ പാകിസ്താനുമായി താരതമ്യപ്പെടുത്തി. അതിനാല്‍ സുപ്രീം കോടതിയുടെ പടിയിറങ്ങുന്നതാണ് നല്ലത്... ജനങ്ങളുടെ കോടതിയാണ് ഏറ്റവും വലിയ കോടതി എന്ന് അദ്ദേഹം മനസ്സിലാക്കണം. ജനങ്ങളുടെ കോടതിയെ അവഗണിച്ചതിനാല്‍, ജനങ്ങളുടെ കോടതി തന്നെ വിധികല്‍പ്പിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗം നേതാവ് മോത്തിയ ചൗധരി ഭീഷണി മുഴക്കി: 'ചീഫ് ജസ്റ്റിസ് ഒന്നുകില്‍ നാടു വിടണം; അല്ലെങ്കില്‍ മനോരോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരും.' മനോരോഗമോ ഹൃദ്രോഗമോ ഒന്നും ഇല്ലാതിരുന്ന ഈ ചീഫ് ജസ്റ്റിസ് രായ്ക്കുരാമാനം ആസ്‌ത്രേലിയയിലേക്ക് വിട്ടു.

പുതുതായി ചീഫ് ജസ്റ്റിസായി ചാര്‍ജെടുത്തിരിക്കുന്നത് അബ്ദുല്‍ വഹാബ് മിയാന്‍ എന്നൊരാളാണ്. ചുമതലയേറ്റ് ഇരുപത്തിനാല് മണിക്കൂറിനകം തന്നെ (മുന്‍) ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുപ്രീം കോടതിയിലെ 25 ഉയര്‍ന്ന ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു. പുതുതായി ചുമതലയേറ്റയാള്‍ക്ക് എന്ത് തീരുമാനവുമെടുക്കാനുള്ള അവകാശമുണ്ടെന്ന് നിയമ മന്ത്രിയും അറ്റോര്‍ണി ജനറലും വ്യക്തമാക്കുകയും ചെയ്തു. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ചീഫ് ജസ്റ്റിസിന് നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, രാഷ്ട്രീയ പ്രതിയോഗികള്‍ ഇത്തരം കോടതികളില്‍നിന്ന് എങ്ങനെ നീതി പ്രീക്ഷിക്കാനാണ്!

ഇതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിക്കാനാണ് ഹസീന വാജിദ് റോഹിങ്ക്യകളുടെ രക്ഷകയായി വേഷം കെട്ടുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് കടുത്ത നിലപാടാണ് ഹസീന ഭരണകൂടം സ്വീകരിച്ചിരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ബോട്ടുകളില്‍ വരുന്ന അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ കരപറ്റാനാകാതെ കടലില്‍ മുങ്ങിമരിച്ച സംഭവങ്ങള്‍ നിരവധി. ആഭ്യന്തരവും വൈദേശികവുമായ സമ്മര്‍ദമാണ് ഇതിനൊരു പ്രധാന കാരണം. പ്രതിഛായ നന്നാക്കുക എന്ന ലക്ഷ്യവുമുണ്ട്. ജമാഅത്തെ ഇസ് ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും വലിയ ജനകീയ പിന്തുണ അതിന് ലഭിക്കുകയും ചെയ്തതോടെ മാറിച്ചിന്തിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി. റോഹിങ്ക്യകളില്‍ ഭീകരന്മാരുണ്ടെന്നും അതുകൊണ്ട് അവര്‍ക്ക് അഭയം നല്‍കാന്‍ പാടില്ലെന്നുമായിരുന്നു ഹസീന വാജിദിന്റെ യഥാര്‍ഥ നിലപാട്. മോദി ഗവണ്‍മെന്റിനും അതേ നിലപാട് ആയിരുന്നല്ലോ. റോഹിങ്ക്യകള്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കിക്കൊണ്ടിരുന്ന അതേ സമയത്തു തന്നെയാണ് ഹസീന ഗവണ്‍മെന്റ്, റോഹിങ്ക്യകളുടെ പുനരധിവാസത്തിന് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന മുസ്‌ലിം എയ്ഡ് ബംഗ്ലാദേശ്, ഇസ്‌ലാമിക് റിലീഫ്, അല്ലാമ ഫദ്‌ലുല്ല ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതും. സംസാരത്തിലെങ്കിലും നിലപാട് മാറ്റിയാല്‍ വിദേശരാജ്യങ്ങളില്‍നിന്ന് ധനസഹായം ഒഴുകുമെന്നും ഭരണകൂടം കണക്കുകൂട്ടുന്നുണ്ടാവണം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍