Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

നബിദിനാഘോഷം സംശയങ്ങള്‍ക്ക് മറുപടി

ഇല്‍യാസ് മൗലവി

മുഹമ്മദ് നബി(സ)യെ പ്രശംസിക്കുന്നതും അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്നതും പുണ്യകര്‍മമല്ലേ? പിന്നെന്തിനാണ് അത്തരം പരിപാടികളെ എതിര്‍ക്കുന്നത്?

 

ഈ ചോദ്യത്തിന് ഉത്തരം താഴെക്കൊടുക്കുന്ന ഹദീസുകളില്‍നിന്ന് ഗ്രഹിക്കാം:

റുബയ്യിഉ ബിന്‍ത് മുഅവ്വദ് പറഞ്ഞു: ''എന്റെ കല്യാണം കഴിഞ്ഞ് വീട്ടില്‍ കൂടിയ ദിവസം രാവിലെ നബി(സ) എന്റെ അടുത്ത് വരികയുണ്ടായി. അദ്ദേഹം എന്റെ സമീപം വന്ന് ഇരുന്നു. ആ സമയത്ത്, ഏതാനും ദാസിമാര്‍, ബദ്‌റില്‍ രക്തസാക്ഷികളായ എന്റെ പിതൃക്കളുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് ദഫ് മുട്ടി പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരുത്തി പാടി: 'ഞങ്ങളുടെ കൂട്ടത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ടല്ലോ.' ഇതു കേട്ട പ്രവാചകന്‍ പറഞ്ഞു: ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങള്‍ ചൊല്ലരുത്, നേരത്തേ ചൊല്ലിയിരുന്നത് ചൊല്ലിക്കോളൂ'' (ബുഖാരി: 4001).

ഈ ഹദീസിന്റെ താഴെ ഇമാം ഇബ്‌നു ഹജരില്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തി: ''ഒരാളില്‍ ഇല്ലാത്തത് പറയാതിരിക്കുവോളം അയാളുടെ മുന്നില്‍ വെച്ച് തന്നെ അയാളെ പ്രശംസിക്കുന്നത് അനുവദനീയമാണെന്നതിന് ഇതില്‍ തെളിവുണ്ട്...... സംഭവത്തിന്റെ പശ്ചാത്തലം ദ്യോതിപ്പിക്കുന്നത് അവര്‍ വിലാപകാവ്യം തുടരുകയായിരുന്നുവെങ്കില്‍ റസൂല്‍ അവരെ തടയുമായിരുന്നില്ല എന്നാണ്....... അല്ലാഹുവിന്റെ മാത്രം പ്രത്യേക ഗുണവിശേഷമായ അദൃശ്യജ്ഞാനം പ്രവാചകന് ചാര്‍ത്തിയതിനെയാണ് അവിടുന്ന് എതിര്‍ത്തത്''(ഫത്ഹുല്‍ ബാരി: 4750).

പ്രവാചകശിഷ്യനും കവിയുമായിരുന്ന ഹസ്സാനുബ്‌നു സാബിത് നബിയെ വാഴ്ത്തിക്കൊണ്ട് തിരുസന്നിധിയില്‍ വെച്ച് തന്നെ കവിത ആലപിച്ചതും, നബി അതിനെ പ്രശംസിച്ചതുമെല്ലാം  ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ആഇശ (റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ ഹസ്സാ(റ)നോട് പറയുന്നത് ഞാന്‍ കേട്ടു: താങ്കള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പ്രതിരോധിക്കുന്ന കാലത്തോളം  പരിശുദ്ധാത്മാവ് ജിബ്‌രീല്‍ താങ്കളെ സഹായിച്ചുകൊണ്ടേയിരിക്കും (മുസ്‌ലിം 6550). ശേഷം ഹസ്സാന്റെ കവിത ഇമാം മുസ്ലിം പൂര്‍ണമായി ഉദ്ധരിക്കുകയും ചെയ്യുന്നു.

ഹസ്സാന്‍ (റ) നടത്തിയ പ്രവാചക കീര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരധ്യായം തന്നെ ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ഇങ്ങനെ: ഹസ്സാന്‍ (റ) പള്ളിയില്‍ വെച്ച് കവിത ആലപിച്ചുകൊണ്ടിരിക്കെ, അതിലൂടെ കടന്നുപോയ ഉമര്‍ (റ) അദ്ദേഹത്തെ ഒന്നു ശ്രദ്ധിച്ചു നോക്കുകയുണ്ടായി. അപ്പോള്‍ ഹസ്സാന്‍ പറഞ്ഞു: താങ്കളേക്കാള്‍ ഉത്തമരായവര്‍ ഉണ്ടായിരിക്കെ ഞാന്‍ ഇവിടെ വെച്ച് കവിത ആലപിക്കാറുണ്ടായിരുന്നു. എന്നിട്ട് അബൂഹുറയ്‌റയുടെ നേരെ തിരിഞ്ഞ് ഹസ്സാന്‍ ഇങ്ങനെ പറഞ്ഞു: ''എനിക്ക് വേണ്ടി മറുപടി പറഞ്ഞാലും, 'അല്ലാഹുവേ, പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സാനെ സഹായിച്ചാലും' എന്ന് അല്ലാഹുവിന്റെ റസൂല്‍ പറയുന്നത് താങ്കള്‍ കേട്ടതല്ലേ?'' 'അല്ലാഹുവാണ, തീര്‍ച്ചയായും അതേ' അബൂഹുറയ്‌റ പറഞ്ഞു (മുസ്‌ലിം 6539).

ഇതിന്റെ വിശദീകരണത്തില്‍ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി: പള്ളിയില്‍ വെച്ച് അനുവദനീയമായ കവിതകള്‍ ആലപിക്കാമെന്നതിന് ഇതില്‍ തെളിവുണ്ട്. ഇസ്‌ലാമിനെയും അതിന്റെ ആളുകളെയും പുകഴ്ത്തല്‍, സത്യനിഷേധികളെയും ധിക്കാരികളെയും വിമര്‍ശിക്കല്‍, അല്ലെങ്കില്‍ ശത്രുക്കള്‍ക്കെതിരെയുള്ള പ്രത്യാക്രമണത്തിന് പ്രേരണ നല്‍കല്‍, ശത്രുക്കളെ  ഇകഴ്ത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണെങ്കില്‍ അത് അഭികാമ്യമായ പുണ്യകര്‍മം കൂടിയായിരിക്കും. ഹസ്സാന്റെ കവിത ഈ ഗണത്തില്‍ പെട്ടതായിരുന്നു (ശറഹു മുസ്ലിം: 45).

ഇത്രയും പറഞ്ഞതില്‍നിന്ന് പ്രവാചകനെ വാഴ്ത്തുന്നതും അവിടുത്തെ അപദാനങ്ങള്‍ പാടുന്നതുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമായ കാര്യമാണെന്ന് മനസ്സിലാക്കാം.

 

റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രവാചകനെ വാഴ്ത്തുന്നതും അവിടുത്തെ അപദാനങ്ങള്‍ പാടുന്നതുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമായ കാര്യമാണെന്നിരിക്കെ, അതൊക്കെ ബിദ്അത്താണെന്നു  പറയുന്നത്  എന്തുകൊണ്ടാണ്? 

ചെയ്യുന്ന കര്‍മം മാത്രമല്ല പ്രശ്‌നം. അതുമാത്രം വിലയിരുത്തി ഒരു വിധി പ്രസ്താവിക്കുന്നതും ശരിയല്ല. പ്രത്യുത ആ സംഗതി ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താണോ അല്ലേ എന്നൊക്കെ  പറയുക.

ഒരു കാര്യം ബിദ്അത്താവുന്നത് സ്വന്തം നിലക്ക് അക്കാര്യം മോശമോ തിന്മയോ ആയതുകൊണ്ട് മാത്രമായിക്കൊള്ളണമെന്നുമില്ല. കാരണം സ്വന്തം നിലക്ക് വളരെ ഉത്തമവും പുണ്യകരവുമായ കാര്യങ്ങള്‍ പോലും ചിലപ്പോള്‍ കുറ്റകരവും ശിക്ഷാര്‍ഹവും ആയിത്തീരാം. ഉദാഹരണത്തിന്, നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ശ്രേഷ്ഠത ആര്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ടതില്ലല്ലോ. എന്നാല്‍ ജനാബത്തുകാരന്നും ഋതുമതിക്കും ഈ അനുഷ്ഠാനങ്ങള്‍ ശുദ്ധിയാവുന്നതുവരെ നിഷിദ്ധമാണ്. നമസ്‌കാരവും നോമ്പും സ്വീകാര്യമാവാനുള്ള ഉപാധികള്‍ പാലിച്ചില്ല എന്നതാണിവിടെ ആ കര്‍മം കുറ്റകരമാവാനുള്ള കാരണം.

ഇതുപോലെ നബിയുടെ പേരിലുള്ള സ്വലാത്ത് മഹദ്് കര്‍മമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചില പ്രത്യേക വിശ്വാസത്തോടെയാണെങ്കില്‍ അത് നിഷിദ്ധവും തടയപ്പെടേണ്ടതുമാണെന്നാണ്  ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. മറ്റൊരുദാഹരണമാണ്, തറാവീഹ് നമസ്‌കാരം. ഇത് നിര്‍വഹിക്കുമ്പോള്‍  ഈരണ്ട് റക്അത്തുകള്‍ കഴിഞ്ഞ് സലാം വീട്ടുന്ന ഇടവേളകളില്‍ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി നല്‍കിയ മറുപടി കാണുക:

''ഈ സ്ഥലത്ത് പ്രത്യേകമായി സ്വലാത്ത് ചൊല്ലുക എന്നത് സുന്നത്തില്‍ ഉള്ളതായോ നമ്മുടെ മദ്ഹബിന്റെ ഇമാമുകള്‍ ആരെങ്കിലും പറഞ്ഞതായോ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അങ്ങനെ ചെയ്യുന്നത് തടയപ്പെടേണ്ട ബിദ്അത്താകുന്നു. ഇപ്പറഞ്ഞത്, ഈ സ്ഥലത്ത് അങ്ങനെ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്നവരെ സംബന്ധിച്ചാണ്, അല്ലാതെ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നത് ഏത് സമയത്തും പൊതുവെ സുന്നത്താണല്ലോ എന്ന് വിചാരിച്ച് ചെയ്യുന്നവരെപ്പറ്റിയല്ല'' (അല്‍ ഫതാവല്‍ ഫിഖ്ഹിയ്യല്‍ കുബ്‌റാ: 1/186).

സമാനമായ  മറ്റൊരു കാര്യം ചില പള്ളികളില്‍ നമസ്‌കാരശേഷം കണ്ടു വരാറുണ്ട്. എല്ലാവരും മൂന്നു പ്രാവശ്യം ഒരുമിച്ച് നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്ന സമ്പ്രദായമാണത്. അതേപ്പറ്റി ചോദിച്ചപ്പോള്‍ സമസ്ത പണ്ഡിതനായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ ഉദ്ധരിച്ചുകൊണ്ട് നല്‍കിയ മറുപടിയില്‍ കാണാം.

(അമ്പലക്കടവിനോട് ചോദിച്ച ചോദ്യവും അതിനദ്ദേഹം നല്‍കിയ മറുപടിയും താഴെ)

ചോദ്യം: നമസ്‌കാരത്തിന്റെ ദുആക്കു ശേഷം ഒരു സ്വലാത്ത് ചൊല്ലുന്നുണ്ടല്ലോ. ഇപ്പോള്‍ എന്താണ് അതിന്റെ നിയമം?  

ഉത്തരം: നമ്മളൊന്നും ചെറുപ്പകാലത്ത് അങ്ങനെയൊന്നും സ്വലാത്ത് കണ്ടിട്ടില്ല. ഇപ്പോള്‍  ചില സ്ഥലങ്ങളിലൊക്കെ നമസ്‌കാരം കഴിഞ്ഞാല്‍ മൂന്ന് സ്വലാത്തൊക്കെയുണ്ട്, എ.പി ക്കാരാണ് തുടങ്ങിയതെന്ന് തോന്നുന്നു. സ്വലാത്ത് നല്ല കാര്യമാണെന്നതില്‍ തര്‍ക്കമില്ല. എ.പിക്കാര് മൂന്നാക്കിയപ്പോ നമ്മുടെ ചില ആള്‍ക്കാര് അത് പത്താക്കിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ നടന്നുവരുന്നുണ്ട് . 

എന്തായാലും സ്വലാത്ത് എപ്പോഴും ചൊല്ലാം. പ്രത്യേകിച്ച് നമസ്‌കാരം കഴിഞ്ഞ് ദുആക്ക് മുമ്പും സ്വലാത്ത് ചൊല്ലാം, ശേഷവും സ്വലാത്ത് ചൊല്ലാം. അത് രണ്ടും മൂന്നും അഞ്ചും പത്തുമൊക്കെ ചൊല്ലാം. 

എന്നാലത് പള്ളിയില്‍ നമസ്‌കരിക്കുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ പാടില്ല. അതൊരു പ്രധാന വിഷയമാണ്. മാത്രമല്ല, ആ ഒരു സ്ഥലത്ത് സ്വലാത്ത് മൂന്നുവട്ടം പ്രത്യേകമാക്കിയാല്‍ അത് ബിദ്അത്തായി. ഇസ്‌ലാമിലെ മസ്‌ലഹത്ത് അങ്ങനെയാണ്. നിസ്‌കാരത്തിനു ശേഷം അല്ലെങ്കില്‍ ദുആക്കു ശേഷം പ്രത്യേകം സുന്നത്താണെന്ന് കരുതി മൂന്ന് സ്വലാത്ത് ചൊല്ലിയാല്‍ അത് തെറ്റാണ്, അനാചാരമാണ്, ഒഴിവാക്കപ്പെടേണ്ടതുമാണ്.

മറ്റു ദോഷവശങ്ങളൊന്നുമില്ലാതെ മൂന്നോ അഞ്ചോ പത്തോ നൂറോ ഇരുനൂറോ സ്വലാത്തൊക്കെ ആര്‍ക്കും ചൊല്ലാം, സ്വലാത്തിന്റെ പുണ്യം കിട്ടുകയും ചെയ്യും. ഇതാണ് ഇതിന്റെ പൊതുവായ സമീപനം. 

ഒരിക്കല്‍, നമുക്ക് വിശ്വസയോഗ്യനായ ഒരാള്‍ ഒരു പരിപാടിയില്‍ പറയുകയുണ്ടായി - ശംസുല്‍ ഉലമാ ഇ.കെ ഉസ്താദ് ഒരു പള്ളി ഉദ്ഘാടനത്തിനു വേണ്ടി പോകുമ്പോള്‍, പെരിങ്ങത്തൂര് ഭാഗത്ത് അസ്വ്ര്‍ നമസ്‌കരിക്കാന്‍ ഒരു പള്ളിയില്‍ കയറി. ആ പള്ളിയില്‍ ദുആക്കു ശേഷം മൂന്ന് സ്വലാത്ത് ചൊല്ലുകയുണ്ടായി. സ്വലാത്ത് കഴിഞ്ഞപ്പോള്‍ ഉസ്താദ് സ്വലാത്ത് ചൊല്ലിയ ആളെ വിളിച്ച് എന്താണാ സ്വലാത്തെന്നും നിങ്ങള്‍ക്കെവിടുന്ന് കിട്ടി ഈ സ്വലാത്തെന്നും പറഞ്ഞ് ചോദ്യം ചെയ്ത സംഭവത്തിന് സാക്ഷിയായ ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഇവിടെ പ്രത്യേകം സുന്നത്താണെന്ന് വിചാരിച്ചാല്‍ തെറ്റാണ്. അല്ലെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. ഇതാണ് ഈ വിഷയത്തിലുള്ള സമീപനം (വീഡിയോ ക്ലിപ്പില്‍നിന്ന് പകര്‍ത്തിയത്).

ചുരുക്കത്തില്‍, റബീഉല്‍ അവ്വല്‍ മാസം ഇങ്ങനെ പ്രവാചക അനുസ്മരണവും, ആ മാസത്തില്‍ നബിയുടെ മദ്ഹ് പാടുന്നതും തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുമെല്ലാം, മറ്റേതൊരു മാസത്തേക്കാളും  സവിശേഷം പുണ്യമുള്ള കാര്യമാണ് എന്ന് കരുതിക്കൊണ്ടുള്ള നബിദിന സ്മരണയും മറ്റും ബിദ്അത്താണെന്ന് ഇത്രയും വിശദീകരിച്ചതില്‍നിന്ന് മനസ്സിലാക്കാം.

റബീഉല്‍ അവ്വല്‍ മാസം പൊതുവെയും പന്ത്രണ്ടാം ദിവസം വിശേഷിച്ചും ഒരു ചടങ്ങും നടത്താന്‍ പാടില്ല എന്നല്ല പറയുന്നത്. അന്ന് വല്ല പരിപാടിയും നടത്തുന്നതോ സംഘടിപ്പിക്കുന്നതോ ആരും എതിര്‍ക്കുന്നുമില്ല. എന്നാല്‍ നബി (സ) ജനിച്ച മാസമാണ്, ദിവസമാണ്, രാവാണ്, പകലാണ് അതിനാല്‍ ഇതൊക്കെ അന്ന് നടത്തുന്നത് മറ്റു ദിവസങ്ങള്‍ പോലെയല്ല, പുണ്യവും ശ്രേഷ്ഠവുമാണ്, മറ്റു സന്ദര്‍ഭങ്ങളില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ പ്രതിഫലാര്‍ഹമാണ് എന്നൊക്കെയുള്ള വിശ്വാസമാണ് അതിന്റെ പ്രേരണയെങ്കില്‍ അത് അല്ലാഹുവിന്റെ ദീനില്‍ കൂട്ടിച്ചേര്‍ക്കല്‍/ബിദ്അത്ത് ആണ്. നബി തന്നെ ഒഴിവാക്കണമെന്ന് താക്കീത് ചെയ്ത കാര്യം.

നബി (സ)  പറഞ്ഞു: ''നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാണ്''(ബുഖാരി 2697, മുസ്‌ലിം 4589). ''നമ്മുടെ നിര്‍ദേശമില്ലാതെ ആരെങ്കിലും ഒരു അമല്‍ ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്'' (മുസ്‌ലിം 4590). ''ഏറ്റവും നല്ല വാക്കുകള്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ് നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്'' (മുസ്‌ലിം 2042). ''നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്ന കാര്യങ്ങളെ സൂക്ഷിക്കണേ. കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാണ്; വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്''(മുസ്‌ലിം 2042, അവസാന ഭാഗം. അബൂദാവൂദ്: 4609).

 

സ്വന്തം നിലക്ക് പുണ്യകരമായ ഒരു കാര്യം ബിദ്അത്തുമാവാം എന്ന് ഒരു ക്ലാസ്സില്‍ പറയുന്നത്ത് കേള്‍ക്കുകയുണ്ടായി. ഒന്ന് വിശദീകരിക്കാമോ?

ഒരാള്‍ തന്റെ ഒഴിവുവേളയും സൗകര്യവും നോക്കി ആഴ്ചയില്‍ ഒരു ദിവസം പ്രത്യേകം നീക്കിവെക്കുന്നു. മറ്റൊരാള്‍ തന്റെ ജോലിത്തിരക്ക്, യാത്ര, മറ്റു ഔദ്യോഗിക പരിപാടികള്‍ തുടങ്ങിയ കാരണങ്ങളാല്‍ മറ്റൊരു ദിവസം നീക്കിവെക്കുന്നു. അതാവട്ടെ ഒരിക്കലും തന്നെ ആ ദിവസത്തിനോ മുഹൂര്‍ത്തത്തിനോ പ്രത്യേകിച്ച് പുണ്യമോ പവിത്രതയോ കല്‍പ്പിച്ചു കൊണ്ടല്ലതാനും. സ്‌കൂളുകളും മദ്‌റസകളും മറ്റു ദീനീവിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം ഖുര്‍ആന്‍ പഠിക്കാന്‍ ഒരു ദിവസം, ഹദീസ് പഠിക്കാന്‍ ഒരു ദിവസം, ഫിഖ്ഹ് പഠിക്കാന്‍ ഒരു ദിവസം എന്നിങ്ങനെ ടൈംടേബ്ള്‍ ഉണ്ടാക്കാറുണ്ടല്ലോ. ഇങ്ങനെയുള്ള സംഗതികളും വര്‍ഷത്തില്‍ ഏതെങ്കിലുമൊരു ദിവസം - ഉദാഹരണത്തിന് റജബ് 27, പ്രസ്തുത ദിവസത്തിന്റെ പ്രത്യേക പുണ്യമോ പവിത്രതയോ ഉണ്ടെന്നും, കാരണം അത് നബി ചരിത്രത്തിലെ നിര്‍ണായക സംഭവമായ ഇസ്രാഉം മിഅ്‌റാജും സംഭവിച്ച ദിവസമാണെന്നും അതുകൊണ്ടുതന്നെ അന്നേ ദിവസം അല്ലെങ്കില്‍ ആ രാവ് പ്രത്യേകിച്ച് പുണ്യരാവാണ് എന്നെല്ലാം വിശ്വസിച്ചുകൊണ്ട് ഏതെങ്കിലും കര്‍മങ്ങള്‍, അത് സാധാരണഗതിയില്‍ സല്‍ക്കര്‍മങ്ങള്‍ തന്നെയാണെന്ന് വെക്കുക - ചെയ്യുന്നതിന്റെ വിധിയും രണ്ടാണ്. ഈയൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉള്ളതായി അറിയില്ല. ഒരു പ്രത്യേക ദിവസമോ സന്ദര്‍ഭമോ നിശ്ചയിക്കുന്നതോ തെരഞ്ഞെടുക്കുന്നതോ അല്ല ഇവിടെ പ്രശ്‌നം; പ്രത്യുത, അങ്ങനെ ചെയ്യുന്നതിന്റെ ചേതോവികാരം എന്ത് എന്നതാണ്. കൂടുതല്‍ വ്യക്തതക്ക് രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം:

ആഴ്ചയിലൊരു ദിവസം വെള്ളിയാഴ്ച  ഖുത്വ്ബക്കായി (ഉദ്‌ബോധനം) ഇസ്ലാം നിശ്ചയിച്ചിട്ടുണ്ടല്ലോ. വര്‍ഷത്തില്‍ രണ്ട് പെരുന്നാളുകള്‍ക്കായി ഓരോന്നിനും ഖുത്വ്ബ നിശ്ചയിച്ചിരിക്കുന്നു. ഇവയെല്ലാംതന്നെ നിശ്ചിത ദിവസം  നിശ്ചിത സമയത്തുതന്നെ നടത്തേണ്ടതാണ്. അങ്ങനെ നടത്താനേ പാടുള്ളൂ. നീട്ടിവെക്കാനോ മാറ്റിവെക്കാനോ നിര്‍വാഹമില്ല. അതുപോലെത്തന്നെയാണ് മഴക്കുവേണ്ടിയും ഗ്രഹണവേളയിലുമുള്ള നമസ്‌കാരത്തോടൊപ്പമുള്ള ഖുത്വ്ബ.

ഇനി ഒരാള്‍ വന്നുകൊണ്ട് ഇങ്ങനെ ചോദിച്ചെന്നിരിക്കട്ടെ: ഒരു പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കാതെ ഞാന്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കാനായി ഒരു ഖുത്വ്ബ (ഉദ്‌ബോധനം) നിര്‍വഹിച്ചുകൊള്ളട്ടെ? ഒരു കുഴപ്പവുമില്ലെന്ന് നാം മറുപടി പറയും. മറ്റൊരാള്‍ വന്നു കൊണ്ട്, എനിക്ക് ഞായറാഴ്ച മാത്രമേ ഒഴിവുള്ളൂ, മാത്രമല്ല, അന്ന് ആളുകള്‍ക്ക് വരാനും കേള്‍ക്കാനും സൗകര്യപ്പെടുകയുമുള്ളൂ. അന്നേ ദിവസം ഞാനൊരു ഉദ്‌ബോധന ക്ലാസ്സ് സംഘടിപ്പിച്ചു കൊള്ളട്ടെ? യാതൊരു കുഴപ്പവുമില്ലെന്ന് നാം പറയും. ഇനി മൂന്നാമതൊരാള്‍ വന്ന് ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ: എല്ലാ തിങ്കളാഴ്ചയും ഒരു വാരാന്ത പ്രഭാഷണം സംഘടിപ്പിക്കട്ടെ? തിങ്കളാഴ്ച തന്നെ വെക്കാന്‍ കാരണം, തിങ്കളാഴ്ച വളരെ പ്രധാനപ്പെട്ടതും, നബിതിരുമേനിയുടെ ജനനം കൊണ്ട് അനുഗൃഹീതമായതുമായ ദിവസമാണല്ലോ അത്. തിങ്കളാഴ്ച പുണ്യ ദിവസമാണെന്നും അതില്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ദൈവസാമീപ്യം ലഭിക്കാന്‍ കാരണമാകാമെന്നും വിശ്വസിച്ചുകൊണ്ട് പ്രഭാഷണം സംഘടിപ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ബിദ്അത്താണ് എന്നു പറയുന്നത്.  

അതുപോലെത്തന്നെ, ഒരു മുസ്‌ലിമിന് നിബന്ധനകള്‍ പാലിച്ച്, വിലക്കപ്പെട്ട സമയങ്ങള്‍ ഒഴിവാക്കി ഏതു സമയത്തും സുന്നത്ത് നമസ്‌കരിക്കാവുന്നതാണ്. ഒരാള്‍ തനിക്കൊഴിവുവേള ലഭിക്കുന്ന സമയത്ത് ആഴ്ചയിലൊരിക്കല്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് ളുഹാ നമസ്‌കരിക്കുന്നു എന്ന് വെക്കുക. ആഴ്ചയിലൊരിക്കല്‍ അപ്പോള്‍ മാത്രമേ അദ്ദേഹത്തിനൊഴിവ് ലഭിക്കുകയുള്ളൂ. അതിനാല്‍ എല്ലാ ആഴ്ചയും അദ്ദേഹമത് നിര്‍വഹിക്കുന്നു. അതിനു വല്ല വിരോധവും ഉണ്ടോ എന്ന് ചോദിച്ചാല്‍ നാം പറയും തീര്‍ച്ചയായും ഇല്ല എന്ന്. എന്നാല്‍ ഒരാള്‍ പറയുകയാണ് തിങ്കളാഴ്ച തിരുമേനി(സ) ജനിച്ച ദിവസമാണ്, പുണ്യ ദിവസമാണ്, അതു വെച്ചാണ് ഞാന്‍ ളുഹാ നമസ്‌കരിക്കാന്‍ തിങ്കളാഴ്ച തന്നെ തെരഞ്ഞെടുക്കാന്‍ കാരണം എന്ന് പറഞ്ഞാല്‍ അത് ബിദ്അത്താണെന്ന് തന്നെയായിരിക്കും നമ്മുടെ മറുപടി.

എന്നാല്‍ തിങ്കളാഴ്ച ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിന്റെ ന്യായമാണ് അദ്ദേഹം ഈ അവതരിപ്പിച്ചതെങ്കില്‍, അതായത് തിങ്കളാഴ്ച നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്, അതേദിവസം തന്നെയാണല്ലോ പ്രവാചകന്‍ ജനിച്ചതും, അതിനാലാണ് താനാ ദിവസം തന്നെ തെരഞ്ഞെടുത്തിട്ടുള്ളത് എന്നു പറഞ്ഞാല്‍ അതിന് പ്രശ്‌നമൊന്നുമില്ല എന്നു നാം പറയും. അത് സുന്നത്താണെന്ന് തിങ്കളാഴ്ച ദിവസത്തില്‍ തിരുമേനി നോമ്പ് അനുഷ്ഠിച്ചു കാണിച്ചുതന്നതുമാണ്. താന്‍ ജനിച്ച ദിവസമാണെന്ന് കൂടി ആ സന്ദര്‍ഭത്തില്‍ അവിടുന്ന് വ്യക്തമാക്കുന്നുമുണ്ടല്ലോ.

ഇവിടെ വ്യത്യാസം വളരെ വ്യക്തമാണ്. ഇവ്വിഷയകമായി പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങളും ഫത്‌വകളും പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ശഅ്ബാന്‍ പതിനഞ്ചാം രാവിലെ പ്രത്യേക നമസ്‌കാരത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഇമാം ഇബ്‌നു ഹജരില്‍ ഹൈത്തമി അത് ആക്ഷേപാര്‍ഹമായ അനാചാരം (ബിദ്അത്തുല്‍ ഖബീഹ മദ്മൂമ) എന്നാണ് പറഞ്ഞത്. അത് ചെയ്യുന്നവര്‍ തടയപ്പെടേണ്ടതാണ്. ശാമുകാരായ ചില താബിഈ പണ്ഡിതന്മാര്‍ ആ രാവിനെ മഹത്വപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ പ്രത്യേക ആരാധനാകര്‍മങ്ങള്‍ ചെയ്തുകൊണ്ട് രാവ് സജീവമാക്കുന്ന രീതി വന്നുചേര്‍ന്നിട്ടുണ്ടെങ്കിലും ശരി, തടയപ്പെടേണ്ട ബിദ്അത്തുതന്നെയാണത് എന്നും അദ്ദേഹം തുടര്‍ന്നുപറയുന്നു (അല്‍ ഫതാവാ അല്‍ കുബ്‌റാ).

തഹജ്ജുദ് നമസ്‌കാരം ഒരാള്‍ക്ക് ഏതു രാത്രിയിലും നമസ്‌കരിക്കാം. സ്വുബ്ഹ് ആകുന്നതു വരെയും നമസ്‌കരിക്കാം. അതിനെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളുമുള്ളതുതന്നെയാണ് തെളിവ്. അതു പക്ഷേ ഒരു പ്രത്യേക രാത്രിക്ക് മാത്രം ബാധകമല്ല. അങ്ങനെയൊരാള്‍ ഇരുപത്തിയേഴാം രാവില്‍ നിര്‍വഹിച്ചു എന്ന് കരുതി അത് ബിദ്അത്താവുകയുമില്ല. എന്നാല്‍ പൊതുവായ തെളിവുകള്‍ വെച്ച് റജബ് 27-ന് മാത്രം പുണ്യവും ശ്രേഷ്ഠതയും കല്‍പ്പിക്കുമ്പോഴാണ് പ്രശ്‌നം. അപ്പോഴത് ബിദ്അത്തായിത്തീരും.

എല്ലാ നമസ്‌കാര ശേഷവും ഇമാം തിരിഞ്ഞിരുന്ന് ഒരു ഹദീസ് വായിച്ചു കേള്‍പ്പിക്കുന്ന പതിവ് ചില നാടുകളില്‍ വിശിഷ്യാ ഗള്‍ഫില്‍ കാണാറുണ്ട്. അതാരും ബിദ്അത്തായി കാണാറില്ല. നമസ്‌കാരശേഷം സുന്നത്തായ കാര്യങ്ങളില്‍ അവരാരും അതിനെ എണ്ണുന്നുമില്ല. നമസ്‌കാരശേഷം സാധാരണ നാം ചൊല്ലാറുള്ള തസ്ബീഹ് 33 പ്രാവശ്യം വീതം ഉള്ള ദിക്‌റുകള്‍ പോലെ ഇങ്ങനെ ഒരു ഹദീസ് വായിച്ച് കേള്‍പ്പിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ച് പുണ്യമുള്ള കാര്യമാണെന്ന് ഇനി ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അത് ബിദ്അത്തായി.

ചുരുക്കത്തില്‍, ചെയ്യുന്ന കര്‍മം മാത്രമല്ല പ്രശ്‌നം. അതുമാത്രം വിലയിരുത്തി ഒരു വിധി പ്രസ്താവിക്കാനും പറ്റില്ല. ഒരു കാര്യം ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താകുന്നതും അല്ലാതാവുന്നതും.

ഇമാമുമാര്‍ ഇത്തരം ഫത്വകള്‍ നല്‍കുമ്പോള്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഒരു അടിസ്ഥാന തത്ത്വമുണ്ട്. ഒരു ദിവസത്തിനോ രാവിനോ പകലിനോ സ്ഥലത്തിനോ വല്ല പ്രത്യേകതയും പവിത്രതയും ശ്രേഷ്ഠതയും പുണ്യവുമൊക്കെ കല്‍പ്പിച്ചു നല്‍കണമെങ്കില്‍ തല്‍സംബന്ധമായി ഏറ്റവും സ്വീകാര്യമായ തെളിവുകള്‍ തന്നെ വേണമെന്നാണത്. ഇബ്‌നുമാജ ഉദ്ധരിച്ച 'ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ നിങ്ങള്‍ നിന്ന് നമസ്‌കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക' എന്ന ഹദീസ് ഉണ്ടായിട്ടു പോലും അത് ദുര്‍ബല ഹദീസാണെന്ന ഒറ്റക്കാരണത്താല്‍ അതുവെച്ച് അന്നേദിവസം രാവും പകലും നമസ്‌കാരവും നോമ്പും സുന്നത്താണെന്ന് ഒരിക്കലും മനസ്സിലാക്കാവതല്ല എന്ന് ഇമാമുകള്‍ സ്പഷ്ടമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

 

നബിദിനാഘോഷം ബിദ്അത്താണെന്നു പറയുന്നവര്‍ വാര്‍ഷികങ്ങളും സമ്മേളനങ്ങളും കെങ്കേമമായി ആഘോഷിക്കുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്? ഒന്ന് പ്രതിഫലാര്‍ഹമായ പുണ്യകര്‍മവും മറ്റേത് ആക്ഷേപാര്‍ഹമായ ബിദ്അത്തുമാവുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല. ഒന്ന് വിശദീകരിക്കാമോ?

ഒരു കാര്യം ബിദ്അത്ത് ആകുന്നതും അല്ലാതായിത്തീരുന്നതും എപ്പോഴാണ്? മയ്യിത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതും മയ്യിത്തിന് ഗുണം ലഭിക്കാനായി ദാനധര്‍മങ്ങള്‍ ചെയ്യുന്നതും സുന്നത്താണെന്നും പറഞ്ഞ് ചാവടിയന്തിരം ഒരാള്‍ സുന്നത്താക്കിയാല്‍? നബിയെ സ്മരിക്കലല്ല, പ്രത്യുത നബിദിനം കൊണ്ടാടലാണ് ഇവിടെ തര്‍ക്കമുള്ള കാര്യം. 

ഇവിടെ നബിയെ സ്മരിക്കുന്നതോ, നബിയുടെ സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുന്നതോ, നബിയെ സംബന്ധിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നതോ ആരും എതിര്‍ക്കുന്നില്ല. അത് ഏതു മാസത്തിലാവാം, മുഹര്‍റത്തിലായാലും റമദാനിലായാലും എല്ലാം ഒരുപോലെത്തന്നെ. ഇനി റബീഉല്‍ അവ്വലില്‍ ആയാലും തരക്കേടൊന്നുമില്ല. റബീഉല്‍ അവ്വല്‍ നബി(സ) ജനിച്ച മാസമാണ്, 12-ാം തീയതി തിങ്കളാഴ്ച്ച നബി(സ) ജനിച്ച ദിവസമാണ്, അക്കാരണത്താല്‍ ആ മാസത്തിനും ദിവസത്തിനും പവിത്രതയും ശ്രേഷ്ഠതയും ഉണ്ട്, അതില്‍ തിരുനബി സ്മരണയും മറ്റു ചടങ്ങുകളും പുണ്യമുള്ള കാര്യമാണ് എന്നെല്ലാമുള്ള വിശ്വാസമനുസരിച്ച് കര്‍മങ്ങള്‍ ചെയ്യുന്നതിന്റെ വിധി എന്താണ്? ഇതാണ് പ്രശ്നം. 

കേവലം ഒരു സ്ഥാപനത്തിന്റെ വാര്‍ഷികമോ ജൂബിലിയോ സംഘടിപ്പിക്കുന്നതുപോലെയാണോ ഇത്? ഇങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഏതെങ്കിലും ഒരു തീയതി നിശ്ചയിക്കുമ്പോള്‍ അതിന്റെ മാനദണ്ഡം, പ്രസ്തുത പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും വിജയത്തിനും ഏറ്റവും പറ്റിയ ഒരു സമയത്താവുക എന്നതു മാത്രമാണ്. അതുമായി ബന്ധപ്പെട്ടവരുടെയും അതിന്റെ ഗുണഭോക്താക്കളുടെയും സൗകര്യവും പരിഗണിക്കും. മറ്റു പ്രായോഗിക തടസ്സങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലാതിരിക്കുക എന്നതും തീയതി നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്.

എന്നാല്‍, റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കലും, ആ മാസം പ്രത്യേകമായി ദിക്റ്-പ്രാര്‍ഥനകള്‍ നടത്തലും പ്രവാചകന്റെ സ്തുതി കീര്‍ത്തനങ്ങള്‍ ആലപിക്കലുമൊക്കെ നേരത്തേ പറഞ്ഞ അര്‍ഥത്തിലാണോ? അതോ ആ മാസത്തിനും ദിവസത്തിനും പവിത്രതയും ശ്രേഷ്ഠതയും കല്‍പ്പിച്ചുകൊണ്ടാണോ? ആണെങ്കില്‍ അതാണ് ബിദ്അത്താവുക. 

ശഅ്ബാന്‍ 15-ാം രാവില്‍ പ്രത്യേക നമസ്‌കാരവും പകല്‍ സമയത്ത് പ്രത്യേക നോമ്പും ബിദ്അത്താണെന്ന് സമര്‍ഥിക്കവെ ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്നു ഹജരില്‍ ഹൈത്തമി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ആരെങ്കിലും ഒരു സംഗതി ഒരു പ്രത്യേക കാലവുമായോ സ്ഥലവുമായോ ബന്ധപ്പെടുത്തിയാല്‍ അത് ബിദ്അത്തിന്റെ ഗണത്തില്‍പെട്ടു'' (അല്‍ ഫതാവല്‍ കുബ്റാ, നോമ്പിന്റെ അധ്യായം).

 

ബിദ്അത്തുകള്‍ നല്ലതും ചീത്തയും ഉണ്ടെന്ന് ഇമാം ശാഫിഈയെപ്പോലുള്ള മഹാന്മാര്‍ വ്യക്തമാക്കിയിരിക്കേ, നബിദിനാഘോഷത്തെ നല്ല ബിദ്അത്തില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കുന്നതിനു പകരം അതിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന്റെ ന്യായമെന്ത്?

ബിദ്അത്ത് എന്നത് ഇസ്ലാമിക പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ച ചെയ്ത ഒരു സാങ്കേതിക പദമാണ്. അതൊരു സാങ്കേതിക സംജ്ഞയാവാന്‍ കാരണം നബി(സ) അതു സംബന്ധമായി ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട് എന്നതുതന്നെ. ''നിങ്ങള്‍ പുതുനിര്‍മിതികളും സൂക്ഷിക്കുക, എല്ലാ പുതുനിര്‍മിതികളും ബിദ്അത്താണ്, എല്ലാ ബിദ്അത്തും വഴികേടാണ്.'' മറ്റൊരു റിപ്പോര്‍ട്ടില്‍ 'എല്ലാ വഴികേടും നരകത്തിലും' എന്നു കൂടി കാണാം. ഇവിടെ 'കുല്ലു ബിദ്അത്തിന്‍ ളലാല' എന്ന പ്രയോഗത്തിലൂടെ എല്ലാ ബിദ്അത്തും വഴികേടാണ് എന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അഥവാ ഇസ്ലാമിന്റെ സാങ്കേതിക സംജ്ഞയനുസരിച്ച് ബിദ്അത്തിന്റെ നല്ല ഇനം എന്നൊന്നില്ല എന്നര്‍ഥം. നബി തിരുമേനി ഇങ്ങനെ വ്യക്തമാക്കിയ സ്ഥിതിക്ക് ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ആരുടെ വാക്കിനാണ് വിലകല്‍പ്പിക്കേണ്ടത്? നബിയുടെ വാക്കിനോ അതോ മറ്റുള്ളവരുടെ വാക്കിനോ?

ഇമാം ശാഫിഈയുടേതായി കുറിപ്പുകാരന്‍ രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിലും കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഇമാം ബൈഹഖിയും ഇമാം അബൂ നഈമും അത് ഉദ്ധരിച്ചിരിക്കുന്നു. അതിലുള്ള നിവേദകന്മാരെപ്പറ്റി ചിലതു പറയാനുണ്ടെങ്കിലും അത് മാറ്റിവെച്ചുകൊണ്ട് ഇമാം ശാഫിഈ ഇനി അങ്ങനെ പറഞ്ഞു എന്ന് സമ്മതിച്ചാല്‍ തന്നെ അതിന്റെ താല്‍പര്യം എന്താണ്? അതിനെ മഹാന്മാരായ ഇമാമുകള്‍ എങ്ങനെയാണ് മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ളത്? നമുക്ക് നോക്കാം. അവിടെ ഇമാം ശാഫിഈ ഇപ്പറഞ്ഞത് ബിദ്അത്തിന്റെ ഭാഷാര്‍ഥം പരിഗണിച്ചുകൊണ്ടാണ് എന്ന് ഇമാം ഇബ്നു റജബിനെപ്പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട് (ജാമിഉല്‍ ഉലൂമി വല്‍ഹികം 28). അങ്ങനെ വെക്കാനേ നിര്‍വാഹമുള്ളൂ. കാരണം നബി(സ) 'സര്‍വ ബിദ്അത്തുകളും വഴികേടാണ്' എന്ന് ഖണ്ഡിതമായി പ്രസ്താവിച്ച സ്ഥിതിക്ക് മറ്റൊരു വ്യാഖ്യാനത്തിന് പഴുതില്ല. ഇമാം ശാഫിഈ തന്നെ പറഞ്ഞത് എന്റെ വീക്ഷണത്തിനെതിരെ ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്നാണല്ലോ. അതിലുമപ്പുറം 'ഞാന്‍ പറഞ്ഞതിന് എതിരായിക്കൊണ്ട് ഹദീസ് സ്വഹീഹായി വന്നാല്‍ ഞാന്‍ എന്റെ അഭിപ്രായത്തില്‍നിന്ന് മടങ്ങിയവനാണ്, അത് ഞാന്‍ ജീവിച്ചിരിക്കുമ്പോഴാവട്ടെ മരിച്ചാലാവട്ടെ' എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് (അബൂ നഈം, ഹാകിം, നവവി).

അപ്പോള്‍ പിന്നെ തറാവീഹ് നമസ്‌കാരത്തിന്റെ വിഷയത്തില്‍ 'ഇത് നല്ലൊരു ബിദ്അത്താണല്ലോ' എന്ന അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)ന്റെ പ്രസ്താവനയുടെ ധ്വനിയെന്താണ് എന്ന ചോദ്യം വരാം. ഇതിന്റെ ഉത്തരം ഇമാമുമാര്‍ വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. അതായത് 'പുതിയ കാര്യം' എന്നര്‍ഥമുള്ള ബിദ്അത്ത് ഭാഷാര്‍ഥത്തിലാണ് ഉമര്‍(റ) പ്രയോഗിച്ചത്.  'ഇതെന്തൊരു നല്ല പുതുമ!' എന്ന് നാം പറയാറുള്ള പോലെ പറഞ്ഞതാണെന്നര്‍ഥം. ഉദാഹരണമായി, 'ഞാന്‍ ഇന്ന നടന്റെ ആരാധകനാണ്' എന്ന് ഒരുത്തന്‍ പറഞ്ഞാല്‍ അവിടെ അദ്ദേഹം ആ നടന് ഇബാദത്ത് ചെയ്തുവെന്ന സാങ്കേതികാര്‍ഥമല്ലല്ലോ ഉദ്ദേശിക്കുന്നത്.

ലേഖകന്‍ ഉദ്ധരിച്ച ഇമാം ഇബ്നു ഹജരില്‍ ഹൈത്തമി തന്നെ പറയട്ടെ: ''തറാവീഹിന്റെ വിഷയത്തില്‍ 'എത്ര നല്ല ബിദ്അത്ത്'എന്നതിലെ 'ബിദ്അത്ത്' കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മാതൃകയില്ലാതെ പ്രവര്‍ത്തിച്ചത് എന്ന ഭാഷാപരമായ അര്‍ഥമാണ്. 'ഞാന്‍ ദൂതന്മാരില്‍ ഒരു പുതിയ പ്രവണതയൊന്നുമല്ല' എന്ന് അല്ലാഹു പറഞ്ഞ പോലെ, ശര്‍ഇയായ അര്‍ഥത്തിലുള്ള ബിദ്അത്തല്ല ഇവിടെ ഉദ്ദേശ്യം. കാരണം ശര്‍ഇല്‍ ബിദ്അത്ത് നബി(സ) പറഞ്ഞപോലെ വഴികേട് (ളലാലത്ത്) തന്നെയാണ്. അഞ്ച് നേരത്തെ നമസ്‌കാരത്തിനല്ലാതെ പെരുന്നാള്‍ നമസ്‌കാരം പോലുള്ളവക്കായി ബാങ്ക് വിളിക്കുക എന്നത് വിലക്കൊന്നുമില്ലാതിരുന്നിട്ടും സ്വഹാബിമാരാരും ചെയ്യാന്‍ തുനിഞ്ഞില്ല. അവരെ നല്ല നിലയില്‍ പിന്‍പറ്റിയ താബിഉകളും അങ്ങനെയൊന്ന് അംഗീകരിച്ചിട്ടില്ല. അതുപോലെ ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്വദ് മുത്തുന്നതു പോലെ കഅ്ബയുടെ വടക്കേ ദിശയിലുള്ള മൂലകള്‍ മുത്തുന്നതും (അഭിവാദ്യം) ത്വവാഫിന്റെ ശേഷം നിര്‍വഹിക്കുന്ന രണ്ട് റക്അത്ത് നമസ്‌കാരത്തോട് ഖിയാസാക്കി സ്വഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തശേഷവും നമസ്‌കരിക്കുന്നതുമൊന്നും അവര്‍ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ചെയ്യാനുള്ള എല്ലാ ന്യായവുമുണ്ടായിട്ടും തിരുമേനി ഉപേക്ഷിച്ച കാര്യങ്ങളും; അത്തരം സാഹചര്യങ്ങളില്‍ അതുപേക്ഷിക്കുക എന്നതും സുന്നത്ത് തന്നെ. അത് ചെയ്യുന്നതാകട്ടെ ആക്ഷേപകരമായ ബിദ്അത്തും'' (അല്‍ ഫതാവ അല്‍ കുബ്റാ 1/655).

 

നബി (സ) ചെയ്യാത്തതെല്ലാം പിന്നീട് ചെയ്യുന്നത് ബിദ്അത്തിന്റെ ഗണത്തില്‍ പെടുമെങ്കില്‍ ഖുര്‍ആന്‍ ക്രോഡീകരണം, ഹിജ്റ കലണ്ടര്‍, വെള്ളിയാഴ്ച ജുമുഅക്ക് മുമ്പുള്ള രണ്ടാം ബാങ്ക് തുടങ്ങിയവ ബിദ്അത്താവേണ്ടതല്ലേ?

ഖുര്‍ആന്‍ ക്രോഡീകരണ വിഷയം പരിശോധിച്ചാല്‍, അത് പ്രവാചകന്‍ ആദ്യമേ ചെയ്യാതിരുന്നത് ചില തടസ്സങ്ങളുണ്ടായിരുന്നതിനാലായിരുന്നുവെന്ന് കാണാം. അതില്‍ പ്രധാനപ്പെട്ട ഒരു പ്രതിബന്ധം ഖുര്‍ആന്റെ അവതരണം തുടര്‍ന്നുകൊണ്ടേയിരുന്നു എന്നതാണ്. അത്തരം ഒരു സാഹചര്യത്തില്‍ തിരുമേനിക്ക് ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാര്യമായ തടസ്സമുണ്ടായിരുന്നു. എന്നാല്‍ അവിടുത്തെ വേര്‍പാടിനു ശേഷം അങ്ങനെയൊരു തടസ്സം നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് വന്ന ഖലീഫമാര്‍ അത് ചെയ്തപ്പോള്‍ സ്വഹാബിമാര്‍ അംഗീകരിച്ചു. തറാവീഹിന്റെ കാര്യത്തില്‍ 'നിങ്ങള്‍ക്കത് നിര്‍ബന്ധമാക്കപ്പെട്ടേക്കുമോ എന്ന് ഞാന്‍ ആശങ്കിച്ചു' എന്ന് നബി(സ) പറഞ്ഞിട്ടു്. അപ്പോള്‍ അതായിരുന്നു കാരണം. എന്നാല്‍ തിരുമേനിയുടെ ദേഹവിയോഗത്തിനു ശേഷം ഫര്‍ദാക്കപ്പെടുമെന്ന ആശങ്ക ഇല്ലാതായി. കാരണം മറ്റാര്‍ക്കും ഒരു കാര്യം ഫര്‍ദാക്കാനോ ഹറാമാക്കാനോ അനുവാദമില്ല എന്നതുതന്നെ. ഇവിടെയെല്ലാം ഖുലഫാഉര്‍റാശിദുകള്‍ ഉള്‍പ്പെടെയുള്ള സ്വഹാബിമാര്‍ യോജിക്കുകയും ചെയ്തു. അവരുടെ അഭിപ്രായ സമന്വയം ദീനിന്റെ പ്രമാണം തന്നെയാണ്. 

വെള്ളിയാഴ്ച ബാങ്കാണ് മറ്റൊരുദാഹരണം. അതിനും വളരെ വ്യക്തമായ ചില ശര്‍ഈ അടിസ്ഥാനങ്ങളുണ്ട്. തന്റെ സുന്നത്ത് പിന്‍പറ്റുക എന്ന ആഹ്വാനത്തോടൊപ്പം, ഖുലഫാഉര്‍റാശിദുകളുടെ മാതൃക നിങ്ങള്‍ പിന്‍പറ്റേണ്ടതാണെന്ന് നബി തിരുമേനി തന്നെ പഠിപ്പിച്ചു. അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കണമെന്നുവരെ അരുളുകയുണ്ടായി. മഹാനായ ഉസ്മാന്‍ (റ) ഖുലഫാഉര്‍റാശിദുകളില്‍പെട്ട സ്ഥിതിക്ക് ഇനി മറ്റൊരു തെളിവ് ആവശ്യമില്ല. തിരുമേനിയുടെ സന്തത സഹചാരികളായിരുന്ന ഉത്തമ നൂറ്റാണ്ടിലെ (ഖൈറുല്‍ ഖുറൂന്‍) സ്വഹാബത്ത് അക്കാര്യം ഏകസ്വരത്തില്‍ അംഗീകരിച്ചു. 'ഇജ്മാഅ്' ആയി എന്നര്‍ഥം. ഇജ്മാഅ് ഇസ്ലാമില്‍ അടിസ്ഥാന പ്രമാണം ആണെന്നാണ് സര്‍വാംഗീകൃത തത്ത്വം. ഇതുപോലെയുള്ള പല അസ്വ്ലുകളും പ്രസ്തുത ബാങ്കിന് ഇമാമുകള്‍ എടുത്തുകാട്ടിയിട്ടുണ്ട്. അതിനാല്‍ അത് സാങ്കേതികാര്‍ഥത്തിലുള്ള ബിദ്അത്താവുന്ന പ്രശ്നമില്ല; ഭാഷാര്‍ഥത്തില്‍ ഒരുവേള അങ്ങനെ പറയാമെങ്കിലും.

തിരുമേനിയുടെ ജീവിതകാലത്ത് നിരവധി റബീഉല്‍ അവ്വലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അപ്പോഴൊന്നുംതന്നെ ഏതെങ്കിലും ഒരു വര്‍ഷം തന്റെ ജന്മദിനം (മൗലിദ്) അനുസ്മരിച്ചുകളയാം എന്ന് തിരുമേനിക്ക് തോന്നിയില്ല. അങ്ങനെ ചെയ്യുന്നതിന് ധാരാളം സാധ്യതകളും അനുകൂല ഘടകങ്ങളും ഒട്ടും കുറയാതെ നിലനിന്നിരുന്നു. തിരുമേനിക്കോ സ്വഹാബത്തിനോ അതിന് പറയത്തക്ക യാതൊരു തടസ്സമോ പ്രതിബന്ധമോ ഉണ്ടായിരുന്നുമില്ല. സ്വഹാബത്ത് അതേപ്പറ്റി തിരുമേനിയുടെ ജീവിതകാലത്തോ ശേഷമോ ആലോചിച്ചത് പോലുമില്ല. അതിനുശേഷം നൂറ്റാണ്ടുകളോളം മദ്ഹബിന്റെ ഇമാമുമാരാരും അത്തരം ഒരു നല്ല ബിദ്അത്തിനെപ്പറ്റി അഭിപ്രായം പറഞ്ഞതുപോലുമില്ല. അവരുടെയൊക്കെ പ്രവാചക സ്നേഹവും കൂറുമാണോ നമ്മുടെ മാതൃക, അതല്ല പിന്നീട് വന്നവര്‍ തട്ടിക്കൂട്ടിയതോ?

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍