Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

ബംഗ്ലാദേശില്‍ കോടതിയും പാര്‍ലമെന്റും ഏറ്റുമുട്ടുമ്പോള്‍

അഡ്വ. സി. അഹ്മദ് ഫായിസ്

ബംഗ്ലാദേശില്‍ ചീഫ് ജസ്റ്റിസും പാര്‍ലമെന്റും തമ്മില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നടക്കുന്ന വടംവലികള്‍ക്കൊടുവില്‍ ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹ രാജിവെച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ലീവെടുത്ത് ആസ്‌ത്രേലിയയിലായിരുന്ന അദ്ദേഹം നവംബര്‍ 11-നാണ് രാജിവെച്ചത്. 2015 ജനുവരി പതിനേഴിന് അധികാരം ഏറ്റെടുത്ത സിന്‍ഹക്ക് 2018 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു

സുരേന്ദ്ര കുമാര്‍ സിന്‍ഹ ബംഗ്ലാദേശ് ഗവണ്‍മെന്റുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ലീവെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് അര്‍ബുദ സംബന്ധമായ ചികിത്സക്കു വേണ്ടി ബംഗ്ലാദേശ് പ്രസിഡന്റിനു സമര്‍പ്പിച്ച  ലീവ് അപേക്ഷ ബംഗ്ലാദേശ് നിയമ മന്ത്രി പരസ്യമാക്കിയതോടെയാണ് വിവാദത്തിനു അന്താരാഷ്ട്ര മാധ്യമശ്രദ്ധ ലഭിക്കുന്നത്. പ്രസ്താവനയെ നിരാകരിച്ചുകൊണ്ട് കഴിഞ്ഞ ഒക്‌ടോബര്‍ 13-ന്  ബംഗ്ലാദേശ് വിടും മുമ്പ് എയര്‍പോര്‍ട്ടില്‍ വെച്ച് സിന്‍ഹ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. താന്‍ രോഗബാധിതനായതുകൊണ്ടല്ല പോകുന്നതെന്നും മന്ത്രിമാരടക്കമുള്ള ചില രാഷ്ട്രീയ കേന്ദ്രങ്ങളും, നിയമജ്ഞരും ബംഗ്ലാദേശ് പ്രധാനമന്ത്രി പോലും തന്നെ വ്യക്തിപരമായി വിമര്‍ശിക്കുന്നുവെന്നുമാണ് സിന്‍ഹ പ്രസ്താവിച്ചത്. ബംഗ്ലാദേശില്‍ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ്, പദവിയിലിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെടുകയും പൊതുചര്‍ച്ചയുടെ ഭാഗമാവുകയും ചെയ്യുന്നത്.

കഴിഞ്ഞ ജൂലൈയില്‍ സുരേന്ദ്ര കുമാര്‍ അടങ്ങുന്ന ഏഴംഗ ബെഞ്ച് ബംഗ്ലാദേശ് പാര്‍ലമെന്റായ  'ജാതീയ സംസദ്' കൊണ്ടുവന്ന പതിനാറാം ഭരണഘടനാ ഭേദഗതി റദ്ദാക്കിയിരുന്നു. അഴിമതിയും മറ്റു ക്രമക്കേടുകളും നടത്തിയതായി തെളിഞ്ഞാല്‍ പാര്‍ലമെന്റിനു സുപ്രീം കോടതി ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള അധികാരം നല്‍കുന്നതായിരുന്നു പ്രസ്തുത ഭേദഗതി. 2014-ല്‍ ഈ ഭേദഗതി പാസ്സാകും വരെയും ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ടു ജഡ്ജിമാരും അടങ്ങുന്ന സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനായിരുന്നു ജഡ്ജിമാരെ നീക്കാനുള്ള അധികാരം ഉണ്ടായിരുന്നത്.

ബംഗ്ലാദേശിന്റെ ആദ്യ ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിനു ജഡ്ജിമാരെ നീക്കാന്‍ പ്രസിഡന്റിനോട് ശിപാര്‍ശ ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നു. എന്നാല്‍ 1978-ല്‍ സിയാവുര്‍റഹ്മാന്റെ നേതൃത്വത്തില്‍ സൈന്യം ഭരിച്ചു കൊണ്ടിരുന്ന കാലത്ത് പ്രസ്തുത അധികാരം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുകളയുകയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ 2014-ലെ ഭേദഗതി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ എടുത്തുകളഞ്ഞ് ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം പുനഃസ്ഥാപിച്ചു.  

എന്നാല്‍ ഇത്തരമൊരു ഭേദഗതി ബംഗ്ലാദേശ് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കുമെന്നായിരുന്നു സുരേന്ദ്ര കുമാര്‍ നേതൃത്വം നല്‍കിയ ബെഞ്ചിന്റെ അഭിപ്രായം. ഭരണഘടനാ ഭേദഗതി റദ്ദ് ചെയ്ത ബെഞ്ചിന്റെ നടപടി ഹസീന സര്‍ക്കാറിന് രുചിച്ചില്ല. രാഷ്ട്രീയക്കാര്‍ക്കെതിരെ ചീഫ് ജസ്റ്റിസ് നടത്തിയ ചില പരാമര്‍ശങ്ങളും ഭരണകൂടത്തെ ചൊടിപ്പിച്ചു. ഒരു ഹിയറിംഗിനിടെ പാകിസ്താന്‍ സുപ്രീം കോടതി പ്രധാനമന്ത്രി നവാസ് ശരീഫിനെ നീക്കിയതിനെ കുറിച്ചെല്ലാം ചീഫ് ജസ്റ്റിസ് പരാമര്‍ശിക്കുകയുണ്ടായി. ഇതൊക്കെ നിലവിലെ ഗവണ്‍മെന്റിനെതിരായ ഭീഷണിയായി കണക്കാക്കിയ പ്രധാനമന്ത്രി ശൈഖ് ഹസീന ചീഫ് ജസ്റ്റിസിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റിന്റെ ഭരണഘടനാ ഭേദഗതി റദ്ദ് ചെയ്തുകൊണ്ട് നടത്തിയ വിധിപ്രസ്താവത്തില്‍ ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ശൈഖ് മുജീബുര്‍റഹ്മാനെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുണ്ട്. വിധിയില്‍ ഒരിടത്ത് ബംഗ്ലാദേശ് ഭരണഘടനയുടെ ആമുഖത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ 'ഒരു ദേശവും ഒരു രാഷ്ട്രവും ഒരാളിലൂടെ മാത്രം ഉണ്ടായതല്ല' എന്ന് നിരീക്ഷിക്കുന്നുണ്ട്. ഈ പ്രസ്താവന ബംഗ്ലാദേശ് അറ്റോര്‍ണി ജനറല്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി രാഷ്ട്രപിതാവായ ശൈഖ് മുജീബുര്‍റഹ്മാന് ബംഗ്ലാദേശിന്റെ രൂപീകരണത്തില്‍ യാതൊരു പങ്കുമില്ല എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത് എന്ന് ദുര്‍വ്യാഖ്യാനം ചെയ്തു. ഇത് ബംഗ്ലാദേശില്‍ ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ശൈഖ് മുജീബുര്‍റഹ്മാന്റെ  ഘാതകര്‍ക്കു മേല്‍ കുറ്റം ചുമത്തിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് സിന്‍ഹയായിരുന്നു എന്നു കൂടി ഈ ഒരു സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

 

അഴിമതിയാരോപണങ്ങള്‍

കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസിനെതിരെ അഴിമതിയാരോപണങ്ങളുയര്‍ന്നു. ചീഫ് ജസ്റ്റിസ് ആ പദവിയില്‍ തുടരുന്നതു സംബന്ധിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ തന്നെ ഭിന്നത രൂപപ്പെട്ടു. ചില മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചില്‍ ഇരിക്കാന്‍ വിസമ്മതിച്ചു. സിന്‍ഹ ലീവില്‍ പ്രവേശിക്കുന്നതിനു കുറച്ചുമുമ്പ്, സെപ്റ്റംബര്‍ 30-ന് മുതിര്‍ന്ന അഞ്ച് സുപ്രീം കോടതി ജഡ്ജിമാരെ പ്രസിഡന്റ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ചീഫ് ജസ്റ്റിസിനെതിരെയുള്ള പതിനൊന്നു ആരോപണങ്ങളുടെ തെളിവുകള്‍ അടങ്ങുന്ന  രേഖകള്‍ പ്രസിഡന്റ് ജഡ്ജിമാര്‍ക്ക് കൈമാറി. പിന്നീട് ഈ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു കണ്ടെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടുവെന്നും ചീഫ് ജസ്റ്റിസ് താന്‍ രാജിവെക്കുമെന്ന് മേല്‍പറഞ്ഞ ജഡ്ജിമാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നുവെന്നും ഒക്‌ടോബര്‍ രണ്ടിന് തീരുമാനം അറിയിക്കാമെന്നും പറഞ്ഞിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷിതമായി ലീവില്‍ പ്രവേശിച്ച അദ്ദേഹം ഒക്‌ടോബര്‍ 13-ന് ആസ്‌ത്രേലിയയിലേക്ക് പോവുകയായിരുന്നു.

വിദേശ രാജ്യത്തില്‍ വെച്ച് ചീഫ് ജസ്റ്റിസ് രാജിക്കത്തയച്ചത് ലജ്ജാകരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു അസാധാരണ രാജിയിലൂടെ ബംഗ്ലാദേശ് സുപ്രീം കോടതിയെ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസ് പടിയിറങ്ങിയത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍