Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

സന്തുലിതത്വം, മുസ്‌ലിം ഉമ്മത്ത് മഖാസ്വിദുശ്ശരീഅ: ഒരു ചരിത്ര വിശകലനം

മുനീര്‍ മുഹമ്മദ് റഫീഖ്

'ത്വബീഅതുല്‍ ഇന്‍സാന്‍ മയ്‌ലാനും ഇലാ ശെയ്അ്.' ഏതെങ്കിലും ഒരു കാര്യത്തിലേക്കുള്ള ചായ്‌വ് മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണെന്നു സാരം. ചില ഇഷ്ടങ്ങള്‍, സ്വഭാവങ്ങള്‍, അഭിരുചികള്‍ തുടങ്ങി ചില കാര്യങ്ങളിലേക്കുള്ള ഒരു ചായ്‌വ് മനുഷ്യസഹജമാണ്. ഈ ചായ്‌വില്‍ ചിലത് അനുപേക്ഷണീയവും മറ്റു ചിലവ അഭിശപ്തവുമാണ്. ഈ ചായ്‌വ് പരിധി വിടുമ്പോള്‍ സ്വപ്രകൃതിയില്‍നിന്നുള്ള വ്യതിചലനമായിത്തീരും. നന്മയേക്കാള്‍ തിന്മയോടാണ് മനുഷ്യന്റെ ചായ്‌വെന്ന മാക്യവല്ലിയുടെ (ക്രി. 1469-1527) നിരീക്ഷണം ആ അര്‍ഥത്തില്‍ പ്രസക്തമാണ്. ആത്മീയതയും ഭൗതികതയും വികാരവും വിചാരവും പദാര്‍ഥവും റൂഹും ആത്മാവും ശരീരവും ദീനും ദുന്‍യാവും വ്യക്തിയും സമൂഹവും എല്ലാം കൃത്യമായ അളവില്‍ ഒരാളില്‍ സമ്മേളിക്കുക അത്യപൂര്‍വമോ അസാധ്യമോ ആണ്. അഥവാ പ്രകൃതിയില്‍ മനുഷ്യന്‍ അസന്തലുതിനാണെന്ന് സാരം (4:28). നിരവധി സവിശേഷതകളും പ്രത്യേകതകളും നിറഞ്ഞതാണ് മനുഷ്യന്‍. എന്നാല്‍ അവയൊക്കെയും അവന്റെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ജീവിതവീക്ഷണത്തിലും സന്തുലിതമായി സമ്മേളിക്കുക അസാധ്യമാണ്. ഏതൊരു മനുഷ്യനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പക്ഷം അസന്തുലിതമാണ് അവനിലെ വിവിധ ഗുണങ്ങള്‍ എന്നു കാണാന്‍ സാധിക്കും. ഏതെങ്കിലും ചില ഗുണങ്ങള്‍ അവനില്‍ കൂടുതലാണെങ്കില്‍ മറ്റു പലതിന്റെ അഭാവവും അവനിലുണ്ട്.  വ്യക്തിതലത്തില്‍നിന്ന് സമൂഹഗാത്രത്തില്‍ പടര്‍ന്നുകയറിയ അസന്തുലിതമായ പ്രവണതകള ശരിപ്പെടുത്തുക കൂടിയായിരുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആഗമനം തീവ്ര സമീപനത്തിന്റെയും അലംഭാവത്തിന്റെയും ഇടയിലുള്ള (സ്വിറാതുന്‍ മുസ്തഖിം) മധ്യമ വഴിയുമായിട്ടായിരുന്നു. 

സന്തുലിതത്വത്തിന്റെയും നീതിയുടെയും മധ്യമ സമീപനത്തിന്റെയും മതമാണ് ഇസ്‌ലാം. അതിതീവ്രതക്കും അമിതത്വത്തിനും മധ്യേയാണ് എന്നും ഇസ്‌ലാമിന്റെ സ്ഥാനം. മധ്യമ സമൂഹം (ഉമ്മതന്‍ വസത്വന്‍) എന്ന സവിശേഷ പദവി അലങ്കരിക്കുന്ന ഇസ്‌ലാമിക സമൂഹത്തിന് ചരിത്രപരമായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതിതീവ്രതയോ ഉപേക്ഷയോ മൂലം ഋജുമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിയ മുന്‍കാല സമൂഹങ്ങള്‍ക്ക് നീതിയുടെയും സന്തുലിത്വത്തിന്റെയും മധ്യമമാര്‍ഗവുമായാണ് പ്രവാചകന്റെ ആഗമനം. നമസ്‌കാരങ്ങളിലും അല്ലാതെയും ഒരു മുസ്‌ലിം സദാ പ്രാര്‍ഥിക്കുന്ന ഫാതിഹ രണ്ട് തീവ്ര സമീപനങ്ങള്‍ക്കിടയിലെ മുസ്തഖീമായ സന്തുലിത പാതയില്‍ സ്ഥിരപ്പെടുേത്തണമേ എന്ന പ്രാര്‍ഥനയാണ്. വക്രതയില്ലാത്ത ഋജുവായ പാതയില്‍ (സ്വിറാത്വുന്‍ മുസ്തഖീം) നയിക്കേണമേ എന്നാണ് സദാ സമയവും ഒരു വിശ്വാസി അല്ലാഹുവിനോട് തേടുന്നത് (ഖുര്‍ആന്‍ 1:6). അതിന്റെ വിശദീകരണമെന്നോണം, 'ദൈവാനുഗ്രഹത്തിന് പാത്രമായവരുടെ ഋജുമാര്‍ഗത്തില്‍' എന്ന കൃത്യമായ പരാമര്‍ശവുമുണ്ട്. തീവ്രതയുടെയും അലംഭാവത്തിന്റെയും അസന്തുലിത മാര്‍ഗത്തിലല്ല എന്നുള്ള തുടര്‍ വിശദീകരണം ഇങ്ങനെയാണ്: 'ദൈവകോപത്തിന് അര്‍ഹരായവരുടെ മാര്‍ഗത്തിലല്ല, വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല' (ഖുര്‍ആന്‍ 1: 7). ഒരു വിശ്വാസി ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ഥന ഋജുമാര്‍ഗത്തിലെ മാര്‍ഗദര്‍ശനത്തിന് വേണ്ടിയുള്ളതാണെന്നുള്ളത് ഇസ്‌ലാമിന്റെ സന്തുലിതസമീപനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. 

 

എന്താണ് സന്തുലിതത്വം? 

വസ്ത്വ് എന്ന അറബി പദത്തില്‍നിന്ന് നിഷ്പന്നമാണ് വസ്ത്വിയ്യ അഥവാ സന്തുലിതത്വം, മിതത്വം, മധ്യമനിലപാട്. ഒരു വസ്തു അതിന്റെ എല്ലാ വശങ്ങളില്‍നിന്നും മധ്യത്തിലേക്ക് തുല്യദൂരമായിരിക്കും. ഒരു വൃത്തത്തിന്റെ മധ്യസ്ഥാനം പോലെ. ഈ മധ്യഭാഗത്തിനാണ് ഭാഷയില്‍ വസ്ത്വ് എന്നു പറയുക. വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം ഉമ്മതിനെ മധ്യമ സമൂഹമായി വിശേഷിപ്പിക്കുന്നു: ''ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും'' (2:143). അബൂ സഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്ന ഒരു ഹദീസ് പ്രകാരം, വസ്ത്വിന് നബി (സ) തന്നെ 'നീതി' എന്ന അര്‍ഥം നല്‍കിയിരിക്കുന്നു.  

പ്രസ്തുത സൂക്തത്തെ വിശദീകരിച്ചുകൊണ്ട് മുഹമ്മദ് അസദ് (1900-92) എഴുതുന്നു: ''രണ്ട് തീവ്രതകള്‍ക്കിടയില്‍ കൃത്യമായ സന്തുലനം സ്വീകരിക്കുന്ന സമൂഹമാണത്. സന്യാസത്തെയും താന്തോന്നിത്തത്തെയും മാറ്റിനിര്‍ത്തി മനുഷ്യപ്രകൃതിയെയും അവന്റെ സാധ്യതകളെയും യാഥാര്‍ഥ്യബോധ്യത്തോടെ ഉള്‍ക്കൊള്ളുന്ന സമൂഹമാണ് ഉമ്മതുന്‍ വസ്ത്വ്. ജീവിതത്തിന്റെ സകല മേഖലകളിലും മധ്യമസമീപനം സ്വീകരിക്കുന്ന സമൂഹം.'' 

മുസ്‌ലിം ഉമ്മത്തിനെ ഈ വിശേഷണത്തിന് അര്‍ഹമാക്കുന്ന ഏറ്റവും സുപ്രധാന ഗുണം നീതിയാണ്. മാനവരാശിക്ക് സാക്ഷിയാവാന്‍ വേണ്ടി എന്ന തുടര്‍ വിശേഷണത്തോട് ഉമ്മതുന്‍ വസ്വ്ത്വ് കൂടുതല്‍ യോജിക്കുക അപ്പോഴാണ്. അല്ലാഹുവിനോടുള്ള നീതിയും, ഏകദൈവത്വത്തില്‍ അധിഷ്ഠിതമായ ഈ മതത്തിനോടുള്ള നീതിയും, സഹമനുഷ്യരോടും ജീവജാലങ്ങളോടും പ്രകൃതിയോടും സ്വന്തത്തോടും തന്നെയുമുള്ള നീതിപൂര്‍വകമായ സമീപനവും അതില്‍പെടും. സമഗ്രമായ ഈ നീതിസങ്കല്‍പ്പം ഉള്‍ക്കൊണ്ട ഒരു സമൂഹത്തിനല്ലാതെ ലോകജനതക്ക് സാക്ഷിയാവുക സാധ്യമല്ല. 

അറബി ഭാഷയില്‍ അദ്ല്‍ (നീതി) എന്നാല്‍ മധ്യം എന്നാണര്‍ഥം. രണ്ടോ അതിലധികമോ ഉള്ള വശങ്ങളിലേക്ക് ചായാതെ മധ്യസ്ഥാനം സ്വീകരിക്കുന്നതാണ് നീതി. പക്ഷപാതിത്വം കൊണ്ടോ വികാരങ്ങള്‍ക്കടിപ്പെട്ടോ, ആനുകൂല്യം നല്‍കിയോ ഏതെങ്കിലും ഒരു വശത്തേക്ക് ചായ്‌വ് ഇല്ലാത്ത മധ്യമമാര്‍ഗമാണ് വസത്വിയ്യ. ഈ അര്‍ഥത്തില്‍ നീതി, സന്തുലിതത്വം, ശ്രേഷ്ഠത തുടങ്ങിയ സവിശേഷ ഗുണങ്ങളോടെ ലോകജനതക്ക് സാക്ഷിയാകേണ്ട സാര്‍വദേശീയ ഇസ്‌ലാമിക സമൂഹമാണ് ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ ഉമ്മതുന്‍ വസത്വ്.

 

സന്തുലിതത്വവും മനുഷ്യപ്രകൃതവും

നീതി എന്ന മൂല്യത്തോടാണ് സന്തുലിതത്വം ചേര്‍ന്നുനില്‍ക്കുന്നത്. മുമ്പ് സൂചിപ്പിച്ചപോലെ, രണ്ടാശയങ്ങളും പരസ്പരബന്ധിതമാണ്. അയീെഹൗലേ ഖൗേെശരല (സമ്പൂര്‍ണ നീതി) ഭൗതികലോകത്ത് ഒരുവേള അപ്രാപ്യമാണ് എന്ന പോലെ, സമ്പൂര്‍ണമായും സന്തുലിതനാവുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം അസാധ്യമാണ്. എന്നാല്‍ ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് വിശ്വാസിയുടെ കടമ. സമ്പൂര്‍ണ നീതി നടപ്പാക്കാന്‍ കഴിയില്ലെങ്കിലും, നീതിയുടെ സാക്ഷാത്കാരത്തിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കണം. ദൈവത്തിന്റെ സവിശേഷനാമങ്ങളില്‍ ഒന്നായ നീതിമാനിലാണ് നീതിയുടെ സമ്പൂര്‍ണ സാക്ഷാത്കാരം. ഭൗതിക ലോകത്ത് വിശ്വാസി നീതിയുടെ സാക്ഷാത്കാരത്തിന് പരമാവധി പ്രയത്‌നിക്കാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു (ഖുര്‍ആന്‍ 4:135, 5:8). എന്നാല്‍ അവന്റെ ജ്ഞാനപരിമിതിയും സഹജ ദൗര്‍ബല്യങ്ങളും നീതിയുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിന് അവനെ പ്രാപ്തനാക്കുന്നില്ല. അത് പൂര്‍ത്തീകരിക്കപ്പെടുക ദൈവത്തിന്റെ അടുക്കല്‍ മാത്രമാണ്. സന്തുലിതത്വവും ഇതുപോലെയാണ്. മനുഷ്യനെ അതിതീവ്രതക്കും ഉദാസീനതക്കും മധ്യേ സന്തുലിതത്വത്തിലേക്കു നയിക്കുക എന്നതാണ് മതങ്ങളും പ്രവാചകന്മാരും നിര്‍വഹിച്ച റോള്‍. മനുഷ്യന്റെ സഹജപ്രകൃതിയിലെ സ്വഭാവസവിശേഷതകളെ കൃത്യമായ അനുപാതത്തില്‍ വേണ്ടവിധം ശരിപ്പെടുത്തുക കൂടിയായിരുന്നു മുഹമ്മദ് നബി(സ)യുടെ ദൗത്യങ്ങളില്‍ ഒന്ന്. വിശിഷ്ട സ്വഭാവഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് താന്‍ നിയോഗിക്കപ്പെട്ടത് എന്ന് അവിടുന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആവശ്യമായ ഗുണങ്ങള്‍ വേണ്ട അളവില്‍ സമ്മിശ്രമായി സമ്മേളിച്ച സന്തുലനത്തിന്റെ പൂര്‍ണാവിഷ്‌കാരമാണ് മുഹമ്മദ് നബി (സ). അതിനാല്‍, മനുഷ്യന്‍ എന്ന സ്വത്വത്തിന്റെ പ്രാപഞ്ചിക ആവിഷ്‌കാരത്തിന്റെ മൂര്‍ത്തരൂപം മുഹമ്മദ് നബിയിലാണ് ദര്‍ശിക്കാന്‍ കഴിയുക. ജീവിതത്തിന്റെ വിവിധ തുറകളില്‍ (ആരാധനകള്‍, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഇടപാടുകള്‍, കുടുംബജീവിതം, പെരുമാറ്റമര്യാദകള്‍) സന്തുലിതത്വത്തിന്റെ സമ്പൂര്‍ണാവിഷ്‌കാരം പ്രവാചകനിലുടെ മാത്രമേ സാക്ഷാത്കരിക്കപ്പെട്ടിട്ടുള്ളൂ. മാനുഷിക ഗുണങ്ങളുടെ സമഞ്ജസമായ സമ്മേളനവും അതുല്യമായ അനുകരണ മാതൃകയും ആ വ്യക്തിത്വത്തിലേ കാണാനാവൂ. താങ്കള്‍ ഉത്കൃഷ്ട സ്വഭാവത്തിനുടമയാണെന്നും (ഖുര്‍ആന്‍ 68:4), പ്രവാചകനില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ടെന്നുമുള്ള ഖുര്‍ആന്റെ പ്രഖ്യാപനങ്ങള്‍ (ഖുര്‍ആന്‍ 33:21)) അതാണ് സൂചിപ്പിക്കുന്നത്. 

വിവിധ പ്രകൃതവും സ്വഭാവവും അഭിരുചികളുമുള്ള ഒരു സമൂഹത്തെ സന്തുലിതമായ ഒരു സമൂഹമാക്കി മാറ്റുക കൂടിയായിരുന്നു പ്രവാചകന്‍. കാരണം, മനുഷ്യപ്രകൃതം എന്ന നിലയില്‍ ഏതെങ്കിലും പ്രത്യേക മാനുഷിക ഗുണങ്ങളിലേക്ക് കുടുതല്‍ ചായ്‌വുള്ളവരായിരുന്നു സ്വഹാബികളും. മനുഷ്യന്‍ എന്ന സ്വത്വത്തിന്റെ മുഴുവന്‍ സവിശേഷതകളും പ്രവാചകനിലേതുപോലെ സന്തുലിതമായി അവരില്‍ സമ്മേളിച്ചിരുന്നില്ല. ചില ഗുണങ്ങള്‍ കുറഞ്ഞോ ചിലവ കൂടിയോ ആയിരുന്നു അവരില്‍. നീതിബോധവും ഭരണസുതാര്യതയുമായിരുന്നു ഉമറില്‍ ഏറ്റവും കൂടുതല്‍ സമ്മേളിച്ചിരുന്നതെങ്കില്‍, ആത്മീയതയുടെയും ഭൗതികവിരക്തിയുടെയും അംശങ്ങളായിരുന്നു അബൂദര്‍റുല്‍ ഗിഫാരിയിലും ബിലാലിലും കൂടുതല്‍ അന്തര്‍ലീനമായിരുന്നത്. സഹനത്തിന്റെയും ഇഛാശക്തിയുടെയും പ്രതീകമായിരുന്നു അബൂബക്‌റെങ്കില്‍, ലജ്ജയുടെയും വിനയത്തിന്റെയും ഗുണങ്ങളായിരുന്നു ഉസ്മാനില്‍ കൂടുതലും. കച്ചവടത്തിലെ സത്യസന്ധതയുടെയും സുതാര്യതയുടെയും പ്രതീകമായിരുന്നു അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് എങ്കില്‍, ജ്ഞാന സമ്പാദനത്തിലും വിജ്ഞാനകൈമാറ്റത്തിലും ദൈവപ്രീതി തേടിയ സ്വഹാബിയായിരുന്നു ഇബ്‌നു അബ്ബാസ്. എല്ലാ സദ്ഗുണങ്ങളും കൃത്യമായ അളവില്‍ സമ്മേളിച്ചവരായിരുന്നില്ല ഓരോ സ്വഹാബിയും. ഉന്നതസ്വഭാവങ്ങളിലും മാനുഷികമൂല്യങ്ങളിലും അവരില്‍ ഏറ്റക്കുറച്ചിലുണ്ടായിരുന്നു. അതേസമയം, ഇവരെല്ലാം ചേര്‍ന്ന ആ സമൂഹമായിരുന്നു സന്തുലിതം. വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം എന്ന വ്യക്തിയെ അല്ല, മുസ്‌ലിംകള്‍ എന്ന സമുദായത്തെയാണ് 'ഉമ്മതുന്‍ വസത്വ്'  (2:143), ഖൈറു ഉമ്മത്ത് (3:110) എന്നൊക്കെ വിശേഷിപ്പിക്കുന്നത് (അല്ലാല്‍ അല്‍ ഫാസി, മഖാസ്വിദുശ്ശരീഅ വ മകാരിമുഹാ, ബെയ്‌റൂത്ത്: ദാറുല്‍ ഗറബ് അല്‍ ഇസ്‌ലാമി, പേജ് 48). വ്യക്തി എന്ന നിലയില്‍ സന്തുലിതത്വം സാധ്യമല്ല എന്നതിനാലാണ് ഖുര്‍ആന്‍ മുസ്‌ലിം ഉമ്മത്തിന് പൊതുവായി ഈ വിശേഷണം നല്‍കുന്നത്. 

അസന്തുലിതത്വത്തിന്റെ മറ്റൊരു തലം മതത്തോടുള്ള സമീപനത്തിന്റേതാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുന്നറിയിപ്പു നല്‍കുന്ന അപകടകരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന തലമാണത്. മുന്‍കാല സമൂഹങ്ങള്‍ പിഴച്ചുപോകാന്‍ കാരണമായ, ദൈവകോപത്തിന് കാരണമാകുന്ന, വഴികേടിലേക്ക് നയിക്കുന്ന തീവ്ര സമീപനമാണത്. സന്തുലനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്  തീവ്രതയിലേക്ക് പോകാനുള്ള ചില അനുചരന്മാരുടെ പ്രവണതകളെ പ്രവാചകന്‍ സദാ മിതസമീപനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. കേവല ആത്മീയതകളില്‍, പ്രാര്‍ഥനകളില്‍ മാത്രം മുഴുകിയിരിക്കാന്‍ കൊതിച്ചവരെ, ജീവിതത്തിന്റെ ഓരോരോ മേഖലക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും, അവ പൂര്‍ത്തീകരിക്കല്‍ ദൈവാരാധനയുടെ ഭാഗമാണെന്നും പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. നമസ്‌കാരം ദീര്‍ഘിപ്പിച്ച് ആത്മീയത കൂട്ടാന്‍ ശ്രമിച്ച മുആദിനോട് അങ്ങനെ ചെയ്യരുതെന്നും മിതത്വം വേണമെന്നും നിര്‍ദേശിച്ചു. നോമ്പുമുറിക്കാതെ തുടര്‍ച്ചയായി രണ്ട് ദിവസം നോമ്പെടുക്കാന്‍ ശ്രമിച്ചവരെ അവിടുന്ന് വിലക്കി. ഭൗതികതയില്‍ അഭിരമിക്കാന്‍ ശ്രമിക്കുന്നവരെ ആത്മീയതയിലേക്കു കൈപിടിച്ചാനയിച്ച്, അവിടെയും ഒരു മധ്യമസമീപനം അവരെ പരിശീലിപ്പിച്ചു. ദാനം മഹത്തായ ഒരു പുണ്യമായിട്ടും സ്വയം നശിക്കുംവിധം ദാനം ചെയ്ത് പാപ്പരാവുന്നതിനെ അവിടുന്ന് വിലക്കി. പിശുക്കിനും ധൂര്‍ത്തിനുമിടയിലെ ദാനധര്‍മത്തെയാണ് ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നത് (ഖുര്‍ആന്‍ 17:29, 25:67). അങ്ങനെ ആ സമൂഹം പ്രവാചകശിക്ഷണത്തില്‍ സന്തുലിതമായി. ഈ സന്തുലിത സ്വഭാവത്തെക്കുറിച്ചാണ് അലി (റ) ഇങ്ങനെ പറഞ്ഞത്: ''നിങ്ങള്‍ സമ്മര്‍ദത്തിലാകുവോളം കാര്യങ്ങളെ ലളിതവല്‍ക്കരിക്കരുത്. അവയെ തകര്‍ത്തുകളയും വിധം കണിശതയും അരുത്.'' 

വിഗ്രഹാരാധനയില്‍ മുഴുകിയ മക്കയിലെ ബഹുദൈവാരാധകരില്‍ ഭയം ജനിപ്പിക്കുന്ന നരകശിക്ഷയെക്കുറിച്ചുള്ള സൂക്തങ്ങള്‍ തുടരെത്തുടരെ അവതരിച്ച കാലത്ത്, സ്വഹാബികളെയും ആ ഭയം വല്ലാതെ പിടികൂടിയിരുന്നു. അല്ലാഹുവിനെയും അവന്റെ കാരുണ്യത്തെയും കുറിച്ചുള്ള ശുഭപ്രതീക്ഷയെ കവച്ചുവെക്കുംവിധം അവരില്‍ ഭീതിവളര്‍ന്നപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗത്തിന്റെ സുവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള സൂക്തങ്ങള്‍ ധാരാളം അവതരിപ്പിച്ചു. എന്നിട്ടും സ്വഹാബികളില്‍ ഭയം തുടര്‍ന്ന സാഹചര്യത്തില്‍ നബി അവരെ സന്തുലിത സമീപനത്തിലേക്കു കൊണ്ടുവരാന്‍ ജീവിതത്തിലും അല്‍പം സുഖസൗകര്യങ്ങളെടുക്കാന്‍ പ്രോത്സാഹിപ്പിച്ചതായി പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. അതില്‍പെട്ടതാണ് ശുദ്ധമായ വസ്തുക്കളുടെ ഉപയോഗവും ആസ്വാദനവും, നിര്‍ദോഷമായ തമാശകളും വിനോദങ്ങളും. ഇസ്‌ലാമിക ജീവിതത്തിന്റെ സന്തുലിതസമീപനത്തിന്റെ നിദര്‍ശനമാണ് അവയെന്ന് അബൂ ആദം ഗാന്‍ജീവ് വിലയിരുത്തുന്നു (അല്‍ മുവാസനതു ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി).

 

വ്യതിചലന-തീവ്ര പ്രവണതകളും സന്തുലിതസമീപനവും 

ഈ മതത്തിന്റെ മൗലികഗുണമായ സന്തുലിത-മിത-മധ്യമ സമീപനം വിട്ട് ഏതെങ്കിലും തീവ്രതകളിലേക്ക് ചായുന്ന പ്രവണത ഇസ്‌ലാമിക ചരിത്രത്തിലുടനീളം ദൃശ്യമായിട്ടുണ്ട്. സ്വഹാബികളില്‍ ചിലരുടെ ഇത്തരം ചായ്‌വുകളെ നബി അപ്പഴേ തിരുത്തുകയും ശരിപ്പെടുത്തുകയും ചെയ്തുവെങ്കില്‍, പില്‍ക്കാലത്ത് ഇത്തരം ചില സമീപനങ്ങള്‍ ഇസ്‌ലാമിക സമൂഹഗാത്രത്തില്‍ ചെറുതല്ലാത്ത പരിക്കുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിരുകവിച്ചിലിന്റെയും (ഇഫ്‌റാത്വ്) അലംഭാവത്തിന്റെയും (തഫ്‌രീത്വ്) വഴികള്‍ ഉപേക്ഷിച്ച് സമുദായത്തെ സന്തുലിതവും മിതവുമായ സമീപനത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു ചരിത്രത്തിലെ എല്ലാ നവോത്ഥാന നായകരും നിര്‍വഹിച്ച ദൗത്യം. 

ഇസ്‌ലാമിക സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ തീവ്രചിന്താഗതിയായിരുന്നു ഖവാരിജുകളുടേത്. മധ്യമമാര്‍ഗത്തില്‍നിന്ന് വിട്ടുമാറി തീവ്രനിലപാടുകളിലേക്കു ചുവടുമാറിയ ഈ ന്യൂനപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം പ്രത്യക്ഷത്തില്‍ ശരിയായിരുന്നു. എന്നാല്‍ അതിനു പിന്നിലെ തത്ത്വസംഹിത തീവ്രവും അപകടകരവുമായിരുന്നു. ഇസ്‌ലാമിന്റെ സന്തുലിത സമീപനത്തില്‍നിന്ന് തെന്നിമാറി തീവ്രസമീപനം സ്വീകരിച്ച അവര്‍, തങ്ങളല്ലാത്തവരെല്ലാം മതഭ്രഷ്ടരാണെന്ന് മുദ്രകുത്തി അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആ തീവ്രത തന്നെയായിരുന്നു കുറഞ്ഞ കാലത്തിനു ശേഷം ഇക്കൂട്ടരെ നാശത്തിലേക്കു നയിച്ചതും. 

 

ഇമാം ശാഫിഈ (ഹി.150-204)

പ്രവാചകന്നും ഖുലഫാഉര്‍റാശിദുകള്‍ക്കും ശേഷം, പുതുതായുണ്ടാകുന്ന പ്രശ്‌നങ്ങളിലെ വിധികള്‍ക്ക് പ്രധാന അവലംബമായി യുക്തി (റഅ്‌യ്) പ്രതിഷ്ഠിക്കപ്പെട്ടു. ആദ്യം ദൈവശാസ്ത്രരംഗത്ത് പ്രത്യക്ഷപ്പെട്ട ഈ പ്രവണത ക്രമേണ ഇതര മേഖലകളിലും മേല്‍ക്കോയ്മ നേടിത്തുടങ്ങി. മറുഭാഗത്ത് യുക്തി(അഖ്ല്‍)യെ നിരാകരിച്ച് നഖ്‌ലുകളെ (നിവേദനങ്ങളെ) മാത്രം ആശ്രയിക്കുന്ന മറ്റൊരു സമൂഹവും (അഹ്‌ലുല്‍ ഹദീസ്) രൂപപ്പെടുന്നുണ്ടായിരുന്നു. ഒരു വിഭാഗം അഖ്‌ലില്‍ തീവ്രത പുലര്‍ത്തിയപ്പോള്‍ മറുവിഭാഗം നഖ്‌ലില്‍ തീവ്ര സമീപനം കൈക്കൊണ്ടു. ഇരു വിഭാഗങ്ങളും ചിന്താപരമായി പുതിയൊരു വിജ്ഞാനവിസ്‌ഫോടനത്തിന് അടിത്തറയിടുകയാണുണ്ടായത്. ഫിഖ്ഹിലും ഈ രണ്ട് ധാരകള്‍ ഉണ്ടായിരുന്നു. കൂഫ കേന്ദ്രമായി റഅ്‌യിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന ഇമാം അബൂ ഹനീഫയുടെ (ഹി. 80-150) ഫിഖ്ഹും മദീന കേന്ദ്രമായി ഹദീസുകള്‍ക്കും മദീനാനിവാസികളുടെ സമ്പ്രദായങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഇമാം മാലികിന്റെ (ഹി. 93-179) ശൈലിയും. ഇവ രണ്ടിനെയും സന്തുലിതമായ അനുപാതത്തില്‍ ഫിഖ്ഹില്‍ പ്രതിഷ്ഠിക്കുകയായിരുന്നു ഇമാം ശാഫിഈയുടെ ചരിത്രപരമായ ദൗത്യങ്ങളിലൊന്ന്. വഹ്‌യിനു മാത്രമല്ല ബുദ്ധിക്കും ഫിഖ്ഹീനിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുള്ളതായി ഇമാം ശാഫിഈ സമര്‍ഥിച്ചു. രണ്ടാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായി മുസ്‌ലിം ലോകം കരുതിപ്പോരുന്ന ഇമാം ശാഫിഈ ഉസ്വൂലുല്‍ ഫിഖ്ഹിന് അടിത്തറ പാകുക മാത്രമായിരുന്നില്ല. സുന്നത്തിനെയും റഅ്‌യിനെയും അതിന്റെ കൃത്യമായ അനുപാതത്തില്‍ ഉദ്ഗ്രഥനം ചെയ്യുക കൂടിയായിരുന്നു (Great Synthesizer of Reason & Revelation). അഥവാ തീവ്രതയിലേക്കോ തെറ്റായ ദിശയിലേക്കോ ഗതിമാറിപ്പോയ ഫിഖ്ഹീ രീതിയില്‍ സന്തുലിത സമീപനം കൊണ്ടുവരികയായിരുന്നു ഇമാം ശാഫിഈ. ദൈവശാസ്ത്ര രംഗത്ത് ബുദ്ധിക്ക് അമിതപ്രാധാന്യം നല്‍കിയുള്ള ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് പ്രമാണങ്ങള്‍കൊണ്ട് ആദ്യപ്രതിരോധം തീര്‍ത്തത് ഇമാം അബുല്‍ ഹസന്‍ അശ്അരിയായിരുന്നു (874-936).  

 

ഇമാം ഗസാലി (1058-1111)

യവന-റോമന്‍ ചിന്തകളുടെ സ്വാധീനം ശക്തിപ്പെട്ട നാല് അഞ്ച് നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ സന്തുലിതത്വത്തിന് വിഘാതം സംഭവിച്ച ഒരു ഘട്ടത്തിലാണ് ഇമാം ഗസാലിയുടെ രംഗപ്രവേശം. മതത്തില്‍ യുക്തിയുടെ ഇടം കൃത്യമായി അവതരിപ്പിക്കുകയായിരുന്നു ഇമാം ഗസാലി. ഇമാം ശാഫിഈയുടേതിന് സമാനമാണ് അദ്ദേഹത്തിന്റെയും നവോത്ഥാന യത്‌നം. യവന-റോമാ തത്ത്വചിന്തകള്‍ തീര്‍ത്ത വൈജ്ഞാനികമണ്ഡലത്തില്‍ അഭിരമിക്കുന്ന ക്ഷമാപണ മനഃസ്ഥിതിക്കാരായ പണ്ഡിതന്മാര്‍ക്കും ഫിഖ്ഹിലും ഹദീസിലുമായി മതവിജ്ഞാനത്തെ പരിമിതപ്പെടുത്തിയ പാരമ്പര്യപണ്ഡിതര്‍ക്കും മധ്യേ ഒരു മധ്യമമാര്‍ഗമാണ് ഇമാം ഗസാലി സ്വീകരിച്ചത്. തത്ത്വചിന്ത ഉണ്ടാക്കിയ വൈജ്ഞാനിക ഉണര്‍വിന്റെ എല്ലാ നന്മകളും സ്വാംശീകരിച്ച ഗസാലി നഖ്‌ലും അഖ്‌ലും (Revelation & Reason) സംയോജിപ്പിച്ച ഒരു മധ്യമ മാര്‍ഗം ഇസ്‌ലാമിന്റെ വൈജ്ഞാനികാടിത്തറയായി സ്വീകരിച്ചു. നവോത്ഥാന നായകരില്‍ ഗസാലി ഒരുപക്ഷേ മറ്റാരേക്കാളും മുന്നിലായിരുന്നുവെന്ന് പറയേണ്ടിവരും.  ഇസ്‌ലാമിനെ ചിലര്‍ കര്‍മശാസ്ത്ര (Jurisprudence)  നിയമവശങ്ങളില്‍ മാത്രം ഒതുക്കിയപ്പോള്‍ മറ്റു ചിലര്‍ ആത്മീയ (Spiritual) മണ്ഡലങ്ങളില്‍ പരിമിതപ്പെടുത്തി. മറ്റു ചിലരാകട്ടെ, യുക്തി ചിന്തയിലൂടെ (Logic) മാത്രം പ്രപഞ്ചത്തെയും മനുഷ്യനെയും നോക്കിക്കാണാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടര്‍ ദൈവശാസ്ത്ര മേഖലയില്‍ ഇസ്‌ലാമിക ചിന്തകളെ തളച്ചിടാന്‍ ശ്രമിച്ചു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ സന്തുലിതമായി സമീപിക്കുന്ന കാര്യത്തില്‍ ഗസാലിയന്‍ മാതൃക പ്രസക്തമാകുന്നത് അവിടെയാണ്. ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ദൈവശാസ്ത്രം, സൂഫിസം, തത്ത്വശാസ്ത്രം, പില്‍ക്കാലത്ത് സ്വതന്ത്ര വിജ്ഞാന ശാഖയായി ഉയര്‍ന്നുവന്ന മഖാസ്വിദുശ്ശരീഅ തുടങ്ങി എല്ലാ വിജ്ഞാനീയങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇമാം ഗസാലിക്കായി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ സന്തുലിതമായ ഏകീകരണമാണ് ഇമാം ഗസാലിയുടെ വൈജ്ഞാനിക സപര്യയില്‍ കാണാനാവുക. ഇസ്‌ലാം ഏതെങ്കിലും ഒരു മേഖലയിലേക്കു മാത്രം പരിമിതപ്പെടുത്തപ്പെടുകയും അതുവഴി അസന്തുലിതമായ മത-ജീവിതവീക്ഷണം സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇമാം ഗസാലി എല്ലാ വൈജ്ഞാനികശാഖകളെയും ചേര്‍ത്ത് സന്തുലിത സമീപനം സ്വീകരിക്കുന്നത്.  

 

ഇമാം ഇബ്‌നുതൈമിയ്യ (1263-1328)

വിശ്വാസരംഗത്ത് സംഭവിച്ച ജീര്‍ണതകളെ കഴുകി സന്തുലിതമായ ദൈവികവീക്ഷണം പുനഃപ്രതിഷ്ഠിക്കുകയായിരുന്നു ഇമാം ഇബ്‌നുതൈമിയ്യ. അല്ലാഹുവിന് മാത്രമുള്ള ഇബാദത്ത്, ആത്മീയ-രാഷ്ട്രീയ രംഗങ്ങളില്‍ മനുഷ്യന് വകവെച്ചുകൊടുത്ത്, ഇസ്‌ലാമിന്റെ തൗഹീദീസങ്കല്‍പ്പത്തിന് കനത്ത ആഘാതം സൃഷ്ടിക്കപ്പെട്ട ഒരു ഘട്ടത്തിലാണ് ഇബ്‌നുതൈമിയ്യയുടെ വിശ്വാസരംഗത്തെ വൈജ്ഞാനിക സംഭാവനകള്‍. സൂഫിസത്തിന്റെ പല ദുഷ്പ്രവണതകളും സമൂഹത്തില്‍ വ്യാപകമായ ഘട്ടം കൂടിയാണത്. ഇസ്‌ലാമികമായ ആത്മീയതയുടെ പരിധികള്‍ ലംഘിക്കപ്പെടുകയും ഇസ്‌ലാമിന്റെ പേരില്‍ അനാചാരങ്ങള്‍ കൊടികുത്തി വാഴുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ശരീഅത്തിന്റെ മധ്യമമാര്‍ഗത്തിലേക്ക് ഇബ്‌നുതൈമിയ്യ ഇസ്‌ലാമിക സമൂഹത്തെ കൈപിടിച്ചാനയിച്ചത്. അല്ലാഹുവിന് മാത്രമുള്ള ആരാധന പരിധി വിട്ടാണ് മറ്റുള്ളവര്‍ക്കുള്ള ആരാധനയായി മാറുന്നത്. ഇസ്‌ലാമിന്റെ മധ്യമസമീപനത്തെ സൂഫിസം ആത്മീയ തീവ്രതയിലേക്ക് കൊണ്ടുപോയ ഘട്ടത്തില്‍ അതിനെതിരെ അദ്ദേഹത്തിന് ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടിവന്നു.

 

ഇമാം ശാത്വിബി (മ. 1388)

ഇമാം ശാത്വിബി അന്തലുസില്‍ നേരിട്ട അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ജീവിതത്തെ കര്‍ക്കശവും കുടുസ്സുമാക്കിയ സൂഫികള്‍ക്കും, ശരീഅത്തിനെ അതിലാഘവത്വത്തിലും ഉപേക്ഷയിലും കണ്ട കര്‍മശാസ്ത്രപടുക്കള്‍ക്കുമിടയില്‍ ശരീഅത്തിന്റെ മധ്യമ മാര്‍ഗമാണ് തന്റെ വിഖ്യാത ഗ്രന്ഥമായ അല്‍ മുവാഫഖാത്തിലൂടെ ഇമാം ശാത്വിബി വരച്ചുകാണിക്കുന്നത്. തന്റെ ജീവിതകാലത്ത് ഒരാളാലും ഗൗനിക്കപ്പെടാതെ പോയ ഇമാം എന്നാല്‍ ഇസ്‌ലാമിക വൈജ്ഞാനികരംഗത്ത് നല്‍കിയ സംഭാവന അതുല്യമാണെന്ന് പറയാതെ വയ്യ. ഇസ്‌ലാമിക സമൂഹത്തിനു മേല്‍ മംഗോള്‍ ആക്രമണം തീര്‍ത്ത മുറിവ് ഉണങ്ങി വലിയൊരു മാറ്റം ദൃശ്യമാകുന്ന ഘട്ടത്തിലാണ് ശാത്വിബിയുടെ രംഗപ്രവേശം. പൊതുവെ സമാധാനപരമായിരുന്ന സ്‌പെയിനില്‍ എന്നാല്‍ സൂഫികളും ഫുഖഹാക്കളും തമ്മില്‍ ബൗദ്ധികതലത്തില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇമാം ഗസാലിയുടെ വിഖ്യാത കൃതി 'ഇഹ്‌യാ ഉലൂമിദ്ദീന്‍' പൊതുജനമധ്യത്തില്‍ കത്തിച്ച് സൂഫിസത്തെ പ്രതിരോധിക്കാന്‍ ഫുഖഹാക്കള്‍ ശ്രമിച്ച കാലം കൂടിയായിരുന്നു അത്. സൂഫികള്‍ മനുഷ്യന്റെ സ്വഭാവവൈശിഷ്ട്യത്തിന് ഊന്നല്‍ നല്‍കി ശരീഅ നിയമങ്ങളെ അവഗണിച്ചപ്പോള്‍ കര്‍മശാസ്ത്രപടുക്കള്‍ ദീനീകാര്യങ്ങളെ നിയമത്തിന്റെ കണ്ണില്‍കൂടി മാത്രം വീക്ഷിച്ചു. ഇവ രണ്ടിനുമിടയിലാണ് ഇമാം ശാത്വിബി ശരീഅത്തിന്റെ ഒരു മധ്യസരണി വെട്ടിത്തുറക്കുന്നത്. (ഫുഖഹാക്കളുടെ) വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും (സൂഫികളുടെ) മതവിഷയങ്ങളിലെ അതിരുകവിച്ചിലിനും മധ്യേ ശരീഅത്തിന്റെ മധ്യമവഴി പുനഃസ്ഥാപിക്കുകയായിരുന്നു ഇമാം ശാത്വിബി എന്ന് വാഇല്‍ ബി ഹല്ലാഖ് നിരീക്ഷിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ അല്‍ മുവാഫഖാത്തില്‍ പല ആവൃത്തി അദ്ദേഹം സമര്‍ഥിക്കുന്ന കാര്യം, ശരീഅത്ത് എന്നാല്‍ അനാവശ്യമായ പ്രയാസങ്ങള്‍ക്കും അങ്ങേയറ്റത്തെ എളുപ്പത്തിനും മധ്യേയുള്ള സരണിയാണ് (Middle of the Road Position) എന്നാണ്.   

 

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (1703-1776)

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ചരിത്രദൗത്യവും ശരീഅത്തിനെ സന്തുലിതമായി സമീപിക്കുക എന്നതായിരുന്നു. ശരീഅത്തിന്റെ സുഗമമായ അനുധാവനത്തിനു വേണ്ടി രൂപംകൊണ്ട മദ്ഹബുകള്‍ പക്ഷപാതിത്വത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും ഇടങ്ങളായി പരിണമിച്ചപ്പോഴാണ് ഇമാം ശാഹ് വലിയുല്ലാഹ് മദ്ഹബുകള്‍ക്കിടയിലെ യോജിപ്പിനായി പ്രയത്‌നിച്ചത്. തങ്ങളുടെ മദ്ഹബ് മാത്രം ശരി എന്ന പക്ഷപാതപരമായ നിലപാടില്‍നിന്ന് എല്ലാ മദ്ഹബുകളെയും സമന്വയിപ്പിക്കുന്ന വിശാലമായ ഒരു പ്ലാറ്റ്‌ഫോം അദ്ദേഹം മുന്നോട്ടുവെച്ചു. മദ്ഹബിന്റെ ഇമാമുകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളുടെ വിശാലമായ സാധ്യതയും അതിന്റെ ഗുണവശങ്ങളും അദ്ദേഹം പൊതു സമൂഹത്തിനു മുമ്പില്‍ തുറന്നുവെച്ചു. കര്‍മശാസ്ത്രവും ദൈവശാസ്ത്രവും ഹദീസ് പഠനവും സൂഫിസവുമടങ്ങുന്ന ഇസ്‌ലാമിന്റെ വൈജ്ഞാനികമണ്ഡലങ്ങളെയെല്ലാം സമന്വയിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹം കൈക്കൊണ്ടത്. ഏതെങ്കിലും ഒരു രംഗത്തേക്കു മാത്രം ചായുന്നതിനു പകരം ശരീഅത്തിന്റെ എല്ലാ വശങ്ങളെയും അദ്ദേഹം ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു. ദൈവശാസ്ത്രം, ഫിഖ്ഹ്, സൂഫിസം, ശരീഅത്ത്, ഹദീസ് തുടങ്ങി എല്ലാ വൈജ്ഞാനിക ശാഖകളിലും അദ്ദേഹം വ്യുല്‍പ്പത്തി നേടി. ഇന്ത്യയില്‍ ഇന്ന് വ്യത്യസ്ത ധാരകളെ പ്രതിനിധാനം ചെയ്യുന്ന എല്ലാ മുസ്‌ലിം സംഘങ്ങളും തങ്ങളുടെ പാരമ്പര്യം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയിലേക്കു ചേര്‍ത്തു പറയുന്നതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ സന്തുലിതസമീപനം വ്യക്തമാണ്. ഇന്ത്യയില്‍ അദ്ദേഹം തുടക്കം കുറിച്ച ഹദീസുകളെക്കുറിച്ചുള്ള ഗവേഷണപഠനം നിമിത്തം, ഉത്തരേന്ത്യയിലെ അഹ്‌ലെ ഹദീസുകാര്‍ ദഹ്‌ലവിയിലേക്കാണ് തങ്ങളുടെ പാരമ്പര്യം ചേര്‍ത്തു പറയുന്നത്. അദ്ദേഹത്തിന്റെ ഫിഖ്ഹീപാരമ്പര്യം ഉള്‍ക്കൊള്ളുന്നവരാണ് തങ്ങളെന്ന് ദയൂബന്ദികളും ദഹ്‌ലവിയുടെ സൂഫീപാരമ്പര്യമാണ് തങ്ങളുടേതെന്ന് ബറേല്‍വികളും അവകാശപ്പെടുന്നു. ദഹ്‌ലവിയുടെ രാഷ്ട്രീയ ചിന്തകള്‍ മൗലാനാ മൗദൂദിയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

 

മൗലാനാ മൗദൂദി (1903-1979)

പൊതുരംഗത്ത് ശരീഅത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും പകരം മനുഷ്യനിര്‍മിത സിദ്ധാന്തങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത ഘട്ടത്തിലാണ് മൗലാനാ മൗദൂദിയുടെ രംഗപ്രവേശം. പൊതുജീവിതത്തില്‍ അവഗണിക്കപ്പെട്ട ദീനീതത്ത്വങ്ങളെ അരക്കിട്ടുറപ്പിച്ച് ശരീഅത്തിന്റെ സമ്പൂര്‍ണമായ പുനരുജ്ജീവനം സ്വപ്‌നം കണ്ടാണ് അദ്ദേഹം തന്റെ തൂലിക പടവാളാക്കിയത്. മതത്തെ വ്യക്തിജീവിതത്തില്‍ മാത്രം പരിമിതപ്പെടുത്തണമെന്ന ആധുനികതയുടെ അതിവാദത്തെ ഇസ്‌ലാമിന്റെ സമഗ്രവും സന്തുലിതവുമായ ജീവിതവ്യവസ്ഥയെ യുക്തിഭദ്രമായി കാലത്തിന്റെ ഭാഷയില്‍ അവതരിപ്പിച്ച് അദ്ദേഹം പ്രതിരോധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ലോകജനതയെ സാരമായി സ്വാധീനിച്ച രണ്ട് തീവ്ര രാഷ്ട്രീയ സിദ്ധാന്തങ്ങളായ കമ്യൂണിസത്തിനും മുതലാളിത്തത്തിനും മധ്യേ ഇസ്‌ലാമിന്റെ സന്തുലിതമായ ജീവിത രീതിയെ പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. തീവ്ര ദേശഭക്തിയെ പ്രതിനിധാനം ചെയ്യുന്ന ദേശീയതക്കും മനുഷ്യന് സര്‍വ സ്വാതന്ത്ര്യം നല്‍കുന്ന മതേതര-ലിബറല്‍ ചിന്തകള്‍ക്കും മധ്യേ ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വൈയക്തിക ജീവിത വ്യവസ്ഥയെ അദ്ദേഹം അതിസമര്‍ഥമായി അവതരിപ്പിച്ചു. അവഗണിക്കപ്പെട്ട ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ അതിന്റെ ഘടനയില്‍ പുനഃപ്രതിഷ്ഠിച്ച് സന്തുലിത ജീവിതവ്യവസ്ഥയായി ആധുനികകാലത്ത് അവതരിപ്പിക്കുകയായിരുന്നു സയ്യിദ് മൗദൂദി. ഇടതും വലതുമല്ലാത്ത ഋജുവായ ഇസ്‌ലാമിന്റെ ജീവിതവീക്ഷണം, അത് അങ്ങേയറ്റം അവഗണിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍, ഭംഗിയായി പുനഃപ്രതിഷ്ഠിക്കാന്‍ മുന്നിട്ടിറങ്ങി എന്നതാണ് മൗലാനാ മൗദൂദിയുടെ ചരിത്രനിയോഗം.   

 

സന്തുലിതത്വവും മഖാസ്വിദുശ്ശരീഅയും 

സന്തുലിതത്വം ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ പ്രഥമഗണനീയവും ഉന്നതമൂല്യങ്ങളില്‍ സുപ്രധാനവുമാണെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ശരീഅത്തിന്റെ അടിസ്ഥാനപരവും ഘടനാപരവുമായ മൂല്യങ്ങളാണ് തത്ത്വങ്ങള്‍ (Principles). ഒരു വ്യവസ്ഥയെ (ഇവിടെ ശരീഅത്ത്) അതേപോലെ നിലനിര്‍ത്തുന്ന അടിസ്ഥാനഗുണങ്ങളാണവ. ഉന്നത ലക്ഷ്യങ്ങള്‍ (Higher Objectives / Intents) അവ മൂലം എത്തിച്ചേരേണ്ടതും ആര്‍ജിക്കേണ്ടതുമായ നന്മകളാണ്. നിയമം എന്തിനു വേണ്ടിയാണോ അതാണ് മഖ്‌സ്വദ്. അഥവാ ശരീഅത്ത് ഒരു നിയമം വിധിക്കുമ്പോഴോ ഒരു കാര്യം ചെയ്യാന്‍ കല്‍പ്പിക്കുമ്പോഴോ അതുമൂലം നേടിയെടുക്കേണ്ട നന്മകളും ഗുണങ്ങളുമാണ് മഖാസ്വിദ് (ഉന്നത ലക്ഷ്യങ്ങള്‍). ഇസ്‌ലാമിക ശരീഅതിന്റെ പൊതുവായ ലക്ഷ്യം മസ്വ്‌ലഹത്താണ്. ശരീഅത്തിന്റെ എല്ലാ നിയമങ്ങളിലും വിധികളിലും മനുഷ്യന്റെ ഇഹപരലോക നന്മയാണ് ലക്ഷ്യമാക്കുന്നത്. ആ അര്‍ഥത്തില്‍ ശരീഅത്തിന്റെ അടിസ്ഥാനപരമായ മൂല്യവും അതിന്റെ നിയമങ്ങളിലൂടെ നേടിയെടുക്കണമെന്ന് അല്ലാഹു ഇഛിക്കുന്ന ലക്ഷ്യങ്ങളിലൊന്നുമാണ് വസത്വിയ്യ- സന്തുലിതത്വം. ശരീഅത്തിന്റെ എല്ലാ നിയമങ്ങളിലും നിര്‍ദേശങ്ങളിലും ഈ സന്തുലിതത്വം കാണാന്‍ സാധിക്കും. 

ക്ലാസിക്കല്‍ പണ്ഡിതന്മാര്‍ ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അഞ്ച് അടിസ്ഥാനങ്ങളില്‍ (മതം, ജീവന്‍, സ്വത്ത്, ബുദ്ധി, സന്താനങ്ങള്‍ എന്നിവയുടെ സംരക്ഷണം) പരിമിതപ്പെടുത്തിയപ്പോള്‍, ആധുനിക പണ്ഡിതര്‍ ശരീഅത്തിന് പുതിയ മാനങ്ങളും അര്‍ഥതലങ്ങളും സാമൂഹിക പ്രസക്തിയും കാണുന്നു. മേല്‍സൂചിപ്പിച്ച അഞ്ച് അടിസ്ഥാനങ്ങളുടെ സംരക്ഷണം വ്യക്തിതലത്തില്‍ മാത്രമായിരുന്നു പൂര്‍വകാല പണ്ഡിതന്മാര്‍ കണ്ടിരുന്നതെങ്കില്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ സാമൂഹികമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ശൈഖ് യൂസുഫുല്‍ ഖറദാവി, ജാസിര്‍ ഔദ പോലുള്ള പണ്ഡിതന്മാര്‍ സമര്‍ഥിക്കുന്നു. നീതി, സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ആശയങ്ങളും ശരീഅത്തിന്റെ ഉന്നതമായ മൂല്യങ്ങളായി ആധുനിക പണ്ഡിതര്‍ എണ്ണുന്നു. അപ്രകാരം ജീവിതത്തിലും ദീനിലും നിലപാടുകളിലും ആരാധനകളിലും സന്തുലിതസമീപനം ആവശ്യപ്പെടുന്നു ഇസ്‌ലാമിക ശരീഅത്ത്. 

ഇമാം ഇസ്സുബ്ന്‍ അബ്ദിസ്സലാം വസ്ത്വിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: രണ്ട് കേന്ദ്രങ്ങള്‍ക്കിടയിലുള്ള കേന്ദ്രത്തിനാണ് മധ്യം എന്നു പറയുന്നത്. അല്ലെങ്കില്‍ രണ്ട് അളവുകള്‍ക്കിടയിലുള്ള അളവാണത്. ഒന്നാമത്തെ വശം; നന്മ എന്താണോ അതിനെ ഉപേക്ഷിക്കലും രണ്ടാമത്തെ വശം നന്മയില്‍ അതിരുകവിയലുമാണ്. ഇവക്ക് രണ്ടിനുമിടയിലെ മധ്യസ്ഥാനം എന്താണോ അതാണ് നന്മ. ഇസ്‌ലാമിക ശരീഅത്ത് അതിന്റെ സന്തുലിത നിലപാട് എല്ലാ രംഗത്തും വ്യക്തമായി മനുഷ്യരെ പഠിപ്പിക്കുന്നു. ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കരുതെന്നും പിശുക്കു കാട്ടരുതെന്നും (25:67), അല്ലാഹു അനുവദിച്ചു തന്ന കാര്യങ്ങളെ സ്വയം നിഷിദ്ധമാക്കരുതെന്നും (5:87), ആവശ്യത്തിന് തിന്നുകയും കുടിക്കുകയും ചെയ്യാമെന്നും എന്നാല്‍ അമിതമാകരുതെന്നുമുള്ള കല്‍പ്പനകള്‍ (7:31) ശരീഅത്തിന്റെ നിയമങ്ങളിലെ സന്തുലിത ഭാവമാണ് പ്രകടമാക്കുന്നത്. 

ഇമാം ശാത്വിബിയുടെ വീക്ഷണത്തില്‍, ഇസ്‌ലാമിക ശരീഅത്ത് എല്ലാ കാര്യങ്ങളിലും മധ്യമരീതിയാണ് അവലംബിക്കുന്നത്. രണ്ട് വിരുദ്ധ തീവ്രധ്രുവങ്ങളിലേക്ക് നീങ്ങാതെ സ്വീകരിക്കുന്ന മധ്യവഴിയാണ് ശരീഅത്ത്. ഇസ്‌ലാമിക ശരീഅത്ത് സ്ഥാപിതമായിരിക്കുന്നത് ഒരു സന്തുലിതാവസ്ഥയിലാണ് (Equilibrium). നാം ഓരോരുത്തരില്‍നിന്നും അത് ആവശ്യപ്പെടുന്നത് സമ്പൂര്‍ണ സന്തുലിതാവസ്ഥയിലേക്കുള്ള പ്രയാണമാണ്' (ഇമാം ശാത്വിബി, അല്‍ മുവാഫഖാത്ത്).  

പ്രധാനപ്പെട്ട മറ്റൊരു കാര്യംകൂടി സ്മരിക്കേണ്ടതുണ്ട്. കഴിഞ്ഞുപോയ നവോത്ഥാന നായകരില്‍ ചിലര്‍ ചില വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതായി പ്രത്യക്ഷത്തില്‍ തന്നെ ബോധ്യമാകുന്നു. അവര്‍ ശരീഅത്തിനെ സന്തുലിതമായ രീതിയിലല്ല കാണാന്‍ ശ്രമിച്ചത്; മറിച്ച് ശരീഅത്തിന്റെ ഏതെങ്കിലും ഒരു വശത്തില്‍ കൂടുതല്‍ ഊന്നുകയോ തീവ്രത പുലര്‍ത്തുകയോ ചെയ്തു. അപ്പോള്‍ അവര്‍ ദീനിനെ സന്തുലിതമായല്ല സമീപിച്ചത് എന്നുവരില്ലേ?  

ഈ ചോദ്യത്തിനുള്ള മറുപടി ഇതാണ്. ഇക്കാര്യത്തില്‍ അവര്‍ ചെയ്ത സമീപനം തന്നെയാണ് തീര്‍ച്ചയായും ശരി. തങ്ങളുടെ കാലത്ത് ദീനിന്റെ ഏതൊരു വശമാണോ അവഗണിക്കപ്പെട്ടത്, അല്ലെങ്കില്‍ തീവ്രതമൂലം വ്യതിചലനത്തിലെത്തിപ്പെട്ടത് ആ ഭാഗത്തെ ശരിപ്പെടുത്താന്‍ വേണ്ടിയായിരുന്നു അവര്‍ ചില കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയത്. ഉദാഹരണത്തിന് ഇമാം ഇബ്‌നുതൈമിയ്യ സൂഫിസത്തെ നിഷേധാത്മകമായാണ് സമീപിച്ചത്. സൂഫിസത്തിന്റെ ഒരു നന്മയും കാണാതെ അന്ധമായ വിമര്‍ശനമാണ് അദ്ദേഹം നടത്തുന്നത് എന്നു തോന്നിയേക്കാം. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് സൂഫിസം അതിന്റെ ഏറ്റവും മോശപ്പെട്ട രൂപം (ഇഫ്‌റാത്വ്) പ്രതിനിധാനം ചെയ്ത കാലമായിരുന്നു. അപ്പോള്‍ അതിനെ ശരിപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇപ്രകാരം തന്നെയാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനത്തെ ശക്തിപ്പെടുത്തുംവിധമുള്ള രചനകളും. അദ്ദേഹം ജീവിച്ച കാലഘട്ടത്തില്‍ ഇസ്‌ലാമിക സമൂഹത്തില്‍ വല്ലാതെ അവഗണിക്കപ്പെട്ടുപോയ (തഫ്‌രീത്വ്) മേഖലയായിരുന്നു എന്നതിനാല്‍ അദ്ദേഹത്തിന് ആ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിവന്നു. ഇസ്‌ലാമിക ശരീഅത്തില്‍ രാഷ്ട്രീയത്തെ അതിന്റെ യഥാര്‍ഥ സ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായിരുന്നു ആ ശ്രമങ്ങള്‍. 

ഇമാം ശാത്വിബി ഇക്കാര്യം ഉദാഹരണസഹിതം വിശദീകരിക്കുന്നുണ്ട്. ഒരു രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍ രോഗിയുടെ രോഗം കണ്ടെത്തി മരുന്ന് കുറിക്കുമ്പോള്‍ ചില കാര്യങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ സേവിക്കാന്‍ കല്‍പ്പിക്കും. ചിലവ പൂര്‍ണമായും ഉപേക്ഷിക്കണമെന്നും രോഗിയോടു കല്‍പ്പിച്ചേക്കാം.  ഈ പഥ്യം എന്നാല്‍ രോഗം മാറും വരെ മാത്രമാണ്. അയാള്‍ ആരോഗ്യം വീണ്ടെടുത്താല്‍ സന്തുലിതമായ ജീവിതരീതിയിലേക്കു തന്നെ അയാള്‍ തിരിച്ചുപോരേണ്ടതാണ്. സന്തുലിതമായ സമീപനം സ്വീകരിക്കപ്പെട്ട ശേഷവും, തീവ്രസമീപനം തുടരുന്നതിനെ മര്‍യം ജമീല വിശേഷിപ്പിച്ചത് കഠിനമായി പനിക്കുന്ന രോഗിയോട് വെള്ളം കുടിക്കരുതെന്ന് കല്‍പ്പിക്കുന്ന ഡോക്ടറുടെ ഉപദേശം ചെവിക്കൊണ്ട രോഗിയെ പോലെയാണ്. പനി മാറിയ ശേഷവും അയാള്‍ വെള്ളം കുടിക്കാതെ തുടരുകയാണ് ചെയ്യുന്നതെങ്കില്‍ അയാളെക്കുറിച്ച് എന്തുപറയാന്‍! നവോത്ഥാനശില്‍പികള്‍ അവരുടെ കാലത്ത് നടത്തിയ നവോത്ഥാനശ്രമങ്ങള്‍ ആ കാലഘട്ടത്തിലെ രോഗത്തിനുള്ള ചികിത്സാരീതികളായിരുന്നു. ആ രോഗം മാറിയ ശേഷവും ആ ചികിത്സാരീതികള്‍ തുടരുന്നത് ശരിയല്ല.    

ചുരുക്കത്തില്‍, ഇസ്‌ലാമിക ശരീഅത്തിന്റെ ഉന്നതമായ മൂല്യങ്ങളില്‍ ഒന്നാണ് അതിന്റെ സന്തുലിതത്വം. ശരീഅത്തിന്റെ ഏറ്റവും പ്രകടമായ ഒരു സവിശേഷതയായും ശരീഅത്ത് അനുധാവനം ചെയ്യുന്ന വ്യക്തികള്‍ ആ ലക്ഷ്യം മുന്‍നിര്‍ത്തിയുമാണ് പ്രവര്‍ത്തിക്കേണ്ടത്. ദീനീകല്‍പ്പനകള്‍ അവഗണിക്കുന്നതുപോലെത്തന്നെ അവ ചെയ്യുന്നതിലെ അതിരുകവിച്ചിലും വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും വ്യതിചലനത്തിലേക്കും വഴികേടിലേക്കും നയിക്കും. പൂര്‍വകാല സമൂഹങ്ങളുടെ പരാജയത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠമതാണ്. 

 

References: 

Attia, Gamal Eldin (2007). Towards Realization of the Higher Intents of Islamic Law. London: International Institute of Islamic Thought. 

Hallaq, Wael B. (2005). A History of Islamic Legal Theories: An Introduction to Sunni Usul al-Fiqh. Cambridge: Cambridge University Press.  

Hallaq, ________ (2009). An Introduction to Islamic Law. Cambridge: Cambridge University Press. 

Hallaq, ________ (2009). Shariah: Theory, Practice and Transformations. Cambridge: Cambridge University Press. 

Hassan, M. Kamal. (2015). The Concept of Al-Wastiyyah and the Place of Islamic Moderation in Applications of Wastiyyah in the Contemperary Muslim World, Edited by Ahmad F, Yousif, (Kuala Lumpur: IIUM Press. 

Ibn Ashur, Muhammad Al-Tahir. (2006). Ibn Ahsur Treatise on Maqasid al-Shariah, Trans. by Mohammed El-Tahir El-Mesawi. London: International Institute of Islamic Thought. 

Sherman A. Jackson, Jihad and the Modern World in The Journal of Islamic Law and Culture, 7:1 (2002), 1-26. 

Weiss, Bernad G. (1992). The Search for God's law Islamic Jurisprudence in the Writings of Sayf al-DÊn al-ÓmidÊ. Salt Lake City: University of Utah Press. 

Yusuf al-Qaradawi. (2006). Islamic Awakening between Rejection and Extremism, Trans. Nancy Roberts. London: International Institute of Islamic Thought. 

 

 

Arabic Books

 

أبو آدم سلطان عانيجيف, الموازنة في التشريع الإسلامي بين المرونة والحرم. بيروت: دار الكتب العلمية

الدكتور محمد مصطفى الزحيلي، الإعتدال في التدين فكرا و سلوكا ومنهجا، طرابلس: منشورات جمعية الدعوة الإسلامية. 

علي محمد الصلابي: الوسطية في القرآن الكريم، القاهرة: مؤسسة اقرأ

علال الفاسي، مقاصد الشريعة و الإسلامية و مكارمها، البيروت: دار الغرب الإسلامي

عبد المجيد النجار، مقاصد الشريعة بأبعاد جديدة، البيروت: دار الغرب الإسلامي

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍