Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

ബി.ജെ.പിയുടെ മുസ്‌ലിം വക്താവിന് ചെയ്യാനാവുന്നത്

ബന്ന

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് വര്‍ഷം പിന്നിട്ട ശേഷം ആദ്യമായിട്ടാണ് മുസ്‌ലിമായ ഒരു ബി.ജെ.പി വക്താവ് ദല്‍ഹിയിലെ മുസ്‌ലിം മാധ്യമ പ്രവര്‍ത്തകരെ പ്രത്യേകമായി കാണണമെന്നു പറഞ്ഞ് ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലേക്ക് ഉച്ചവിരുന്നിന് ക്ഷണിച്ചത്. ഉര്‍ദു മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍  മുഖ്യധാരാ മാധ്യമങ്ങളിലെ  മുസ്‌ലിം റിപ്പോര്‍ട്ടര്‍മാര്‍ക്കായിരുന്നു സയ്യിദ് സഫര്‍ ഇസ്‌ലാം എന്ന ബി.ജെ.പി നേതാവിന്റെ ഈ ക്ഷണം. എങ്കിലും ഉര്‍ദു മാധ്യമ രംഗത്ത് സജീവമായ ചിലര്‍ ഈ ആശയവിനിമയത്തിനെത്തിയിരുന്നു. ക്ഷണിക്കപ്പെട്ട ഈ മാധ്യമപ്രവര്‍ത്തകരെല്ലാം കൂടി  രണ്ട് ഡസന്‍ തികച്ചില്ല.

ബാങ്കറായിരുന്ന താന്‍ അഞ്ചു വര്‍ഷം മുമ്പാണ് ബി.ജെ.പിയിലെത്തിയതെന്നു പറഞ്ഞ് ആമുഖമിട്ട് സംസാരിച്ച സയ്യിദ് സഫര്‍ ഇസ്‌ലാം മുസ്‌ലിം സമുദായത്തില്‍നിന്നുള്ള ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെന്ന നിലക്ക് ബി.ജെ.പിയെ കുറിച്ചും സര്‍ക്കാറിനെ കുറിച്ചുമുള്ള സ്വതന്ത്രമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിനും മോദി സര്‍ക്കാറിനുമിടയില്‍ ഒരു വിടവുണ്ട് എന്ന് അംഗീകരിക്കുകയാണെന്നും ആ വിടവ് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനു പകരം കൂടുകയാണെന്നും അത് കുറക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് പാര്‍ട്ടി തന്നോട് ചോദിച്ചിരിക്കുന്നതെന്നും സഫര്‍ ഇസ്‌ലാം വിളിച്ചുകൂട്ടിയതിനു പിന്നിലുള്ള ഉദ്ദേശ്യവും തുറന്നു പറഞ്ഞു. തുടര്‍ന്ന് കുടുതല്‍ ഉര്‍ദു മാധ്യമ പ്രവര്‍ത്തകരെ വിളിക്കാത്തതിന്റെ കാരണവും സഫര്‍ തുറന്നു പറഞ്ഞു. 

പല ഉര്‍ദു മാധ്യമങ്ങളും പേരിന് പ്രവര്‍ത്തിക്കുന്നതും വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രം നടത്തുന്നവയുമാണ്. പലരും സമീപിക്കുമ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ നേടുന്നതിനാണ് മുന്‍ഗണന നല്‍കാറുള്ളത്. മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായവര്‍ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമീപിക്കാറില്ല. അതുകൊണ്ടാണ് അവരെ വിളിക്കാന്‍ പറഞ്ഞത്. ആമുഖം അവസാനിപ്പിക്കും മുമ്പ് സമുദായത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി വല്ല അഭിപ്രായങ്ങളും ആവശ്യങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധയില്‍പെടുത്താമെന്നും എന്നാല്‍ അവയൊരിക്കലും വ്യക്തിപരമായിരിക്കരുതെന്നും സഫര്‍ ആവശ്യപ്പെട്ടു. വളരെ പ്രസക്തമായ വിഷയങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തന്നെയും ശ്രദ്ധയില്‍പെടുത്താന്‍ താന്‍ തയാറാണെന്നും സഫര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓരോരുത്തര്‍ക്കും പറയാന്‍ അവസരം നല്‍കിയതോടെ ആദ്യം തന്നെ സംസാരിച്ചത് അത്ര പരിചിതമല്ലാത്ത ഒരു ഉര്‍ദുപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളായിരുന്നു. പൊതുവായ വിഷയം എന്ന നിലയിലാണ് അദ്ദേഹം അവതരിപ്പിച്ചതെങ്കിലും അത് വ്യക്തിപരമാണെന്നു പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാത്തതുമൂലം ഉര്‍ദു പത്രങ്ങള്‍ അകാല ചരമമടയുന്നതിനെ കുറിച്ച് പറഞ്ഞ് തന്റെ പ്രസിദ്ധീകരണമടക്കമുള്ളവയുടെ കാര്യങ്ങള്‍ക്ക് ആരെയെങ്കിലും കാണാന്‍ സഹായിക്കണമെന്നായിരുന്നു അപേക്ഷ. അത് വ്യക്തിപരമല്ലേ എന്ന് പറഞ്ഞ് സഫര്‍ തന്നെ ഇടപെട്ടതോടെ വിഷയം മര്‍മത്തിലേക്ക് വന്നു.

പ്രധാനമന്ത്രി ഇടപെട്ട് സംസാരിച്ചിട്ടും മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്ത് തുടരുന്നത് ഓര്‍മിപ്പിച്ച 'ടെലഗ്രാഫി'ലെ ഇംറാന്‍ അഹ്മദ് സിദ്ദീഖി അത് തടയുന്നതിന് ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയിലോ സര്‍ക്കാറിലോ ആഭ്യന്തര മന്ത്രാലയത്തിലോ സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെടുകയും സ്വന്തം ജീവന്‍ സംരക്ഷിക്കാനുള്ള നീക്കത്തിലെങ്കിലും മുസ്‌ലിം പക്ഷത്ത് നില്‍ക്കാന്‍ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു. ഇംറാന്റെ ചോദ്യത്തിന് പിറകെ മുസ്‌ലിംകളുടെ അസ്തിത്വ പ്രതിസന്ധിയും ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുസ്‌ലിം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഓരോന്നോരോന്നായി മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തി തുടങ്ങി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി മാത്രം മുസ്‌ലിംകളെ തമ്മിലടിപ്പിക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്്ട്രീയം അവസാനിപ്പിക്കാന്‍ വല്ലതും ചെയ്താല്‍ തന്നെ മുസ്‌ലിംകള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുമെന്ന് ചിലര്‍ പറഞ്ഞു. ഒരു മുസ്‌ലിം ബി.ജെ.പി വക്താവിന്റെ എല്ലാ നിസ്സഹായാവസ്ഥയും പ്രകടമായ സന്ദര്‍ഭമായിരുന്നു അത്. 

കണ്ണടച്ച് ഇരുട്ടാക്കുന്ന പതിവ് തന്ത്രത്തിലൂടെ ബി.ജെ.പിയുടെ വികസന വാദം പുറത്തെടുക്കാന്‍ നോക്കിയായിരുന്നു സഫര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ആരോടും പ്രീണനമില്ലാതെ എല്ലാവരോടും തുല്യത എന്നതാണ് മോദി സര്‍ക്കാറിന്റെ നയമെന്നും  സൗജന്യ ഗ്യാസ് കണക്ഷന്‍ അനുവദിച്ചപ്പോഴും ജന്‍ധന്‍ പദ്ധതി തുടങ്ങിയപ്പോഴും മുസ്‌ലിംകള്‍ക്കും അര്‍ഹിക്കുന്ന പ്രയോജനവും ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് കാട് കയറിയ ഘട്ടത്തില്‍ രാഷ്്ട്രീയമായ തര്‍ക്കുത്തരമല്ല, ആദ്യം പറഞ്ഞ പോലെ ആത്മാര്‍ഥമായ വല്ല നടപടിയുമാണ് പ്രതീക്ഷിക്കുന്നതെന്ന് എല്ലാവരും പ്രതിഷേധം അറിയിച്ചു. ഒടുവില്‍ പുറപ്പെടുവിച്ച ഹജ്ജ് നയത്തിലെ അഴിമതിയുടെ ലാഞ്ഛന ചൂണ്ടിക്കാട്ടി മോദി സര്‍ക്കാറിന്റെ സുതാര്യതാ വാദവും അവരൊടിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്താന്‍ ധൃതി കാണിച്ച സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളുടെ ഹജ്ജ് ഓപ്പറേഷന്‍ ക്രമേണ നിര്‍ത്തി അതും സര്‍ക്കാര്‍ ക്വാട്ടയാക്കി മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്ന് മാത്രമല്ല, അവരുടെ സമ്മര്‍ദത്തിനും താല്‍പര്യങ്ങള്‍ക്കും വഴങ്ങി സ്വകാര്യ ക്വാട്ട 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തിയെന്നും ചൂണ്ടിക്കാട്ടിയപ്പോഴും കൃത്യമായ മറുപടി നല്‍കാന്‍ സഫറിനായില്ല.   

സമുദായത്തിന്റെ അതിപ്രധാന വിഷയങ്ങളില്‍ കൃത്യമായ ഉറപ്പോ മറുപടിയോ നല്‍കാന്‍ കഴിയാതെ കുഴങ്ങിയ ഘട്ടത്തില്‍ 'ശരിക്കും സഫറിന് തന്നെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നം അറിയാമെന്നിരിക്കെ ഇത്തരമൊരു യോഗം വിളിച്ചുകൂട്ടിയത് എന്തിനാണ്' എന്ന് കൂടി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത് പരിപാടി പാതി വഴിയില്‍ പിരിയുമെന്ന പ്രതീതിയുണ്ടാക്കി.

'ഡി.എന്‍.എ' പത്രത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇഫ്തിഖാര്‍ ഗീലാനി ആ ഘട്ടത്തില്‍ നടത്തിയ ഇടപെടലാണ് വഴിത്തിരിവായത്. സഫറിനെ പോലെ ബി.ജെ.പിയുടെ ഒരു മുസ്‌ലിം വക്താവിനുള്ള സാധ്യതയും പരിമിതിയും എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത ബി.ജെ.പിയുടെ നയപരമായ കാര്യങ്ങളിലും അജണ്ടകളിലും അതിനനുസൃതമായ പ്രവര്‍ത്തന പരിപാടികളിലുമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സമയം കളയേണ്ട കാര്യമില്ലെന്ന് ഇഫ്തിഖാര്‍ ഗീലാനി പറഞ്ഞു. മറിച്ച് അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിംകളായതുകൊണ്ടു മാത്രം ഏതെങ്കിലും വിഷയത്തില്‍ വാര്‍ത്തയോ പ്രതികരണമോ പ്രസ്താവനയോ ലഭിക്കാന്‍ മന്ത്രാലയങ്ങളെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാന്‍ കഴിയാതെ പോകാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായോ പ്രധാനമന്ത്രിയുടെ ഓഫീസുമായോ ഇപ്പോള്‍ നടത്തിയതുപോലുള്ള ആശയവിനിമയത്തിന് മുന്‍കൈ എടുക്കാന്‍ താങ്കള്‍ക്ക് കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമായിരിക്കുമെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു. ഗീലാനിയുടെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകരേക്കാള്‍ ആശ്വാസമേകിയത് സഫര്‍ ഇസ്‌ലാമിനായിരുന്നുവെന്ന് അദ്ദേഹം ആ നിര്‍ദേശം അപ്പടി അംഗീകരിച്ചതില്‍നിന്നുതന്നെ വ്യക്തമായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍