Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

പണ്ഡിതന്മാരും മത സംഘടനകളും വിശാലതയിലേക്ക് വളരണം

ഉസ്താദ് വി.എം മൂസാ മൗലവി /സദ്‌റുദ്ദീന്‍ വാഴക്കാട്‌

ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളത്തോട് തൊട്ടു കിടക്കുന്ന വടുതല വലിയ മുസ്ലിം പാരമ്പര്യമുള്ള പ്രദേശമാണല്ലോ. ഈ പ്രദേശത്തിന്റെ സവിശേഷമായ പൈത്യകം എങ്ങനെയാണ് താങ്കളിലെ ഇസ്‌ലാമിക പണ്ഡിതനെയും നേതാവിനെയും രൂപപ്പെടുത്തിയത്?

ദീനും സമ്പത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായിരുന്നു വടുതലയിലെ പഴയകാല മുസ്ലിംകള്‍. തെങ്ങും നെല്ലും ഉള്‍പ്പെടെയുള്ള കൃഷികളില്‍നിന്നും മറ്റുമുള്ള വരുമാനവും പാരമ്പര്യ സ്വത്തുമൊക്കെയാണ് അവരെ സമ്പന്നരാക്കിയത്. വലിയ ഭൂസ്വത്തുള്ള കുടുംബങ്ങളുണ്ടായിരുന്നു ഇവിടെ. കച്ചവടം കാര്യമായി ഉണ്ടായിരുന്നില്ല. ദീനീ വിജ്ഞാന പാരമ്പര്യമുള്ള കുടുംബങ്ങളും പണ്ഡിത വ്യക്തിത്വങ്ങളും ഇവിടെ ഉണ്ടായിരുന്നു. യമനില്‍നിന്ന് കായല്‍പട്ടണം വഴി കൊച്ചിയിലെത്തിയവരിലാണ് എന്റെ കുടുംബ പാരമ്പര്യം ചെന്നു ചേരുന്നത്. അഹ്മദുല്‍ യമനിയും മുഹമ്മദ് അബ്ദുല്‍ ഖാദര്‍ നൈനല്‍  ഖാഹിരിയുമാണ് ആ പരമ്പരയുടെ അറിയാവുന്ന അങ്ങേയറ്റത്തെ കണ്ണി. വലിയ സ്വാധീനമാണ് യമനീ താവഴിയിലുള്ള പണ്ഡിതന്മാര്‍ക്ക് ഇവിടെ ഉണ്ടായിരുന്നത്. അവര്‍ക്ക് പള്ളി സ്ഥാപിക്കാന്‍ ഇവിടെ സ്ഥലം കൊടുത്തത് നായര്‍ കുടുംബങ്ങളാണ്. പള്ളി നടത്തിപ്പ് ക്രമേണ പൂര്‍ണമായും തങ്ങള്‍ കുടുംബത്തിന്റെ കൈയിലായി. നാട്ടുകാരും തങ്ങള്‍ കുടുംബവും തമ്മില്‍ പിന്നീട് പള്ളി ഭരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും കേസുമൊക്കെ ഉണ്ടായി. കേസ് നാട്ടുകാര്‍ക്ക് അനുകൂലമായാണ് വിധിയായത്. ഇല്ലെങ്കില്‍ മയ്യിത്ത് അടക്കാന്‍ പോലും തങ്ങന്മാരുടെ അനുവാദം വേണ്ടിയിരുന്നു. വര്‍ഷത്തില്‍ ഒരു തവണ ചന്ദനക്കുടം നടത്താന്‍ രണ്ടു ദിവസം തങ്ങള്‍ കുടുംബത്തിന് അനുവാദം നല്‍കിക്കൊണ്ടാണ് കേസ് വിധിയായത്. ഇപ്പോഴും അവര്‍ ചന്ദനക്കുടം നടത്തുന്നുണ്ട്. അപ്പോള്‍, ഞങ്ങളെയൊന്നും അവിടേക്ക് പ്രവേശിപ്പിക്കില്ല.

ചന്ദനക്കുടം നേര്‍ച്ച അവസാനിപ്പിക്കാന്‍ ഞാന്‍ പല രീതിയില്‍ ശ്രമിച്ചുനോക്കി, നടന്നില്ല. ചന്ദനക്കുടം പലയിടത്തും പല രീതിയിലാണ്. മലബാറില്‍ ഉറൂസാണ്. ഇവിടെ ചന്ദനക്കുടത്തിന് ആനയും ചെണ്ടമുട്ടുമൊക്കെ ഉണ്ടാകും. ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളായിരിക്കും. എല്ലാരും കൂടിക്കലര്‍ന്ന്.... ഒന്നും പറയേണ്ട. മകരമാസത്തിലാണ് ചന്ദനക്കുടം നടക്കുക. ചില ചെറുപ്പക്കാര്‍ എന്തെങ്കിലും വൃത്തികേട് കാണിച്ചാല്‍ അത് 'മകരക്കുഞ്ഞുങ്ങളാണെന്ന്' പറയും! മകരമാസത്തില്‍ നേര്‍ച്ച സ്ഥലത്ത് കൂടിക്കലരലുകള്‍ നടന്ന് ഉണ്ടായ കുട്ടികളാണെന്നര്‍ഥം! ഇങ്ങനെ പല പ്രശ്‌നങ്ങളുമുണ്ട്. സിയാറത്ത് മാത്രമാണെങ്കില്‍ സാരമില്ലായിരുന്നു. ഒരുപാട് ദോഷങ്ങള്‍ ചന്ദനകുടം നേര്‍ച്ചയുടെ പിന്നില്‍ ഉള്ളതുകൊണ്ടാണ് അത് ഞാന്‍ നിര്‍ത്താന്‍ ശ്രമിച്ചത്. ഞാന്‍ മാത്രമല്ല, എന്റെ മുന്‍ഗാമികളായ മഹാന്മാരും ഇതിനെതിരായിരുന്നു. മൂസ മുസ്‌ലിയാര്‍ ഉദാഹരണം. അദ്ദേഹത്തിന്റെ മകന്‍ ഹാമിദ് മുസ്‌ലിയാര്‍ ചന്ദനക്കുടത്തിന് പോയപ്പോള്‍, ഇനി പോകരുതെന്നു പറഞ്ഞ് നല്ല തല്ല് കൊടുക്കുകയുണ്ടായി. മൂസ മുസ്‌ലിയാര്‍ ഇവിടെ മുദര്‍രിസായിരുന്ന കാലത്ത് ചന്ദനക്കുടം നടക്കുന്ന രണ്ട് ദിവസങ്ങളില്‍  അദ്ദേഹം ഇവിടെ നിന്ന് മാറിപ്പോയ്ക്കളയലായിരുന്നു പതിവ്. 

 

വടുതല മഹല്ല് മാതൃകപരമാണ്. സംഘടനാവല്‍ക്കരണം സൃഷ്ടിക്കുന്ന ഭിന്നതയും പ്രശ്‌നങ്ങളും പല മഹല്ലു ജമാത്തത്തുകളിലും രൂക്ഷമാണ്. മഹല്ലുകളില്‍ പല നന്മകള്‍ക്കും വിഘാതമായി നില്‍ക്കുന്നത് ശത്രുതാപരമായ കക്ഷി മാത്സര്യങ്ങളാണ്. എന്നാല്‍, വടുതല മഹല്ല് ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളിലെ പ്രവര്‍ത്തകര്‍ ഒരുമിച്ചുനിന്നാണ് മഹല്ല് പരിപാലനത്തിന് നേതൃത്വം നല്‍കുന്നുത്... ഈ മാതൃക മറ്റു മഹല്ലുകള്‍ക്കും സ്വീകരിക്കാവുന്നതാണല്ലോ!?

വടുതല മഹല്ലിന്റെ ഭരണഘടനയനുസരിച്ച് ഇവിടത്തെ മുസ്‌ലിംകളെല്ലാം മഹല്ലിലെ അംഗങ്ങളാണ്. ആ അംഗങ്ങളില്‍ ആരെയും മഹല്ല് മാറ്റിനിര്‍ത്താന്‍ പാടില്ല. പ്രദേശത്തെ ബഹുഭൂരിപക്ഷം ആളുകളും ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായതിനാല്‍ പ്രസ്തുത മദ്ഹബ് അനുസരിച്ചാകും ദീനീ കാര്യങ്ങള്‍ നടക്കുകയെന്നും ഭരണഘടനയിലുണ്ട്. ഇതില്‍ ആര്‍ക്കും അഭിപ്രായഭിന്നതയില്ല. നീ അതാണ്, ഇതാണ് എന്ന് സംഘടനകളുടെ പേരുപറഞ്ഞ് ആരെയും മഹല്ലില്‍നിന്ന് മാറ്റിനിര്‍ത്തുകയില്ല. ശഹാദത്ത് അംഗീകരിച്ച് ഞാന്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിച്ചവരെല്ലാം മുസ്‌ലിമാണ്. അവരെല്ലാം മഹല്ലിലെ അംഗങ്ങളുമാണ്. നമ്മള്‍ ആരെയും പുറത്താക്കില്ല. മഹല്ലില്‍നിന്ന് ഒരാളെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ഞാന്‍ അംഗമല്ലെന്നു പറഞ്ഞ് ഒരാള്‍ക്ക് സ്വയം മാറിനില്‍ക്കാം. എല്ലാവരും ഒന്നിച്ചു നിന്നാല്‍ മഹല്ലിന്റെ കാര്യങ്ങള്‍ ഭംഗിയായി നടക്കും. മഹല്ല് ഭരണത്തില്‍ എല്ലാവരും പങ്കാളികളായാല്‍ വേറെ പ്രശ്‌നങ്ങളുണ്ടാകില്ല. പിന്നെ, മനുഷ്യരെന്ന നിലക്ക് അഭിപ്രായ ഭിന്നതകളുണ്ടാകും. സ്വഭാവത്തിലും പ്രകൃതത്തിലും നിലപാടുകളിലും മറ്റും വ്യത്യാസങ്ങളുണ്ടാകും. അതൊക്കെ സ്വാഭാവികമാണ്. ഇതൊന്നും മഹല്ലു നടത്തിപ്പിനെ ബാധിക്കാന്‍ പാടില്ല. ഇവിടെ ഞങ്ങള്‍ ഒന്നായിട്ടാണ് മുന്നോട്ടു പോകുന്നത്. ഈ മാതൃക എല്ലാവരും സ്വീകരിച്ചാല്‍ നല്ലതാണ്.

 

ഒറ്റപ്പെട്ടാണെങ്കിലും ചില മഹല്ലുകളില്‍ ഊരുവിലക്കും ബഹിഷ്‌കരണവുമൊക്കെ ഇടക്ക് സംഭവിക്കാറുണ്ട്. ഇതിന്റെ ഇസ്‌ലാമിക വിധി എന്താണ്?

മഹല്ല് ബഹിഷ്‌കരണം വലിയ ആപത്താണ്. അത്തരം മഹല്ലുകളില്‍ എപ്പോഴും അടിപിടിയും പ്രശ്‌നങ്ങളുമായിരിക്കും. ദീനിനും ചീത്തപ്പേരാണ്. അതുണ്ടാകാന്‍ പാടില്ല.

 

അഹ്‌ലുസ്സുന്നത്തിന്റെ വീക്ഷണമനുസരിച്ച് ദീനില്‍ പല വിഷയങ്ങളിലും അഭിപ്രായ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതാണല്ലോ. ഭിന്നവിരുദ്ധ വീക്ഷണങ്ങളുള്ള നാല് പ്രധാന മദ്ഹബുകളും അഹ്‌ലുസ്സുന്നത്തിന്റെ അകത്തു തന്നെയാണല്ലോ. ഇമാമുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍കാല പണ്ഡിതന്മാര്‍ കാണിച്ച വിശാല നിലപാട് മാതൃകയാക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ടോ?

കര്‍മശാസത്ര വിഷയങ്ങളിലെ അഭിപ്രായ വൈവിധ്യതകള്‍ മുഴുവന്‍ നാം അംഗീകരിക്കണം. ഫിഖ്ഹിലെ അഭിപ്രായ ഭിന്നതകള്‍ നാല് മദ്ഹബിന്റെയും മഹാന്മാരായ ഇമാമീങ്ങളില്‍നിന്നു തന്നെ ഉണ്ടായിട്ടുള്ളതാണ്. അവര്‍ ഖുര്‍ആനും സുന്നത്തും പഠിച്ച് വിശദീകരിച്ചപ്പോള്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ളതാണ് ഭിന്നവീക്ഷണങ്ങള്‍. ചില അഭിപ്രായ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ നമസ്‌കാരത്തില്‍ പരസ്പരം തുടര്‍ന്നാല്‍ ശരിയാകാത്ത അവസ്ഥ വരെയുണ്ട്. ശാഫിഈ മദ്ഹബനുസരിച്ച് നമസ്‌കാരത്തില്‍ മഅ്മൂം ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. ഹനഫീ മദ്ഹബില്‍ അങ്ങനെയല്ല. എന്നിട്ടും ഈ മദ്ഹബുകളില്‍ ഏതും പിന്തുടരാമെന്ന് ലോക മുസലിംകള്‍ അംഗീകരിച്ചിട്ടുള്ളതാണ്. അപ്പോള്‍ പിന്നെ ഇത്തരം അഭിപ്രായ ഭിന്നതകളുടെ പേരില്‍ തമ്മിലടിക്കുന്നതില്‍ അര്‍ഥമില്ല.

നാല് ഇമാമീങ്ങളും വലിയവരാണ്. അവരുടെ അഭിപ്രായങ്ങളാണ് മദ്ഹബുകള്‍, ദീനീ വിധികളാണ് അവ. ലോക മുസ്‌ലിംകളിലെ മുന്നില്‍ രണ്ട് ഭാഗവും ഹനഫീ മദ്ഹബ് പിന്തുടരുന്നവരാണ്. ബാക്കി ഒരു ഭാഗം മാത്രമാണ് മൂന്ന് മദ്ഹബുകളിലും കൂടിയുള്ളത്.

കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, തൊടുപുഴ, എരുമേലി തുടങ്ങിയ മേഖലകളില്‍ ഹനഫീ മദ്ഹബാണ് പിന്തുടരുന്നത്. അതിന് വിഘാതം വരുമ്പോള്‍ അവിടെ പ്രയാസങ്ങളുണ്ടാകും. ഈരാറ്റുപേട്ടയില്‍ ഹനഫികളും ശാഫികളുമുണ്ട്. തങ്ങളുടെ വീക്ഷണമനുസരിച്ച് ഇരുവിഭാഗവും മുന്നോട്ടു പോകുന്നു. അതിന്റെ പേരില്‍ വഴക്കും കുഴപ്പവുമുണ്ടാകാന്‍ പാടില്ല. മുസ്‌ലിം സമൂഹം ഇത്തരം വിഷയങ്ങളില്‍ വിശാലമായ നിലപാട് സ്വീകരിക്കണം.

ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ മുദര്‍രിസായിരുന്ന കാലത്ത് ഇടക്ക് സ്വുബ്ഹിന് ഇമാമത്ത് നില്‍ക്കുമ്പോള്‍ ഖുനൂത്ത് ഓതുമായിരുന്നു. അത് ഹനഫി മദ്ഹബില്‍ പെട്ടവര്‍ക്ക് പ്രയാസമായി. 'ഞാന്‍ ശാഫിഈയാണ്, അതുകൊണ്ടാണ് ഖുനൂത്വ് ഓതുന്നത്. ഹനഫീ മദ്ഹബില്‍ പെട്ടവര്‍ ഇമാമായാല്‍ ഞാന്‍ തുടര്‍ന്ന് നമസ്‌കരിക്കാം' -ഞാന്‍ അവരോട്  പറഞ്ഞു. 21 വര്‍ഷം ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ താമസിച്ചപ്പോള്‍, ഹനഫീ ഇമാമിനെ പിന്തുടര്‍ന്ന് സ്വുബഹിന് ഖുനൂത്ത് ഓതാതെയാണ് നമസ്‌കരിച്ചത്. അതുകൊണ്ട് അവിടെ കുഴപ്പമൊന്നും ഉണ്ടായില്ല. മദ്ഹബിന്റെ പേരില്‍ അവിടെ പ്രശ്‌നമുണ്ടാകാന്‍ ഞാന്‍ സമ്മതിച്ചില്ല. കാഞ്ഞിരപ്പള്ളിയില്‍ എത്തിയ ശേഷമാണ് ഞാന്‍ ഹനഫീ മദ്ഹബ് പഠിച്ചത്. അതുകൊണ്ട് എനിക്ക് കുറേ വിശാലത കിട്ടി. ഹനഫീ മദ്ഹബില്‍ കുറേ വിഷയങ്ങള്‍ മനസ്സിലാക്കാനുണ്ട്. ശാഫിഈകള്‍ ഹനഫീ മദ്ഹബും പഠിക്കണം. ഈയടുത്ത്  ഒരു യോഗത്തില്‍ ഹനഫി മദ്ഹബ് പിന്തുടരുന്ന കുറച്ച് കുട്ടികളെയും നമുക്ക് വേണമെന്ന് ഞാന്‍ പറയുകയുണ്ടായി. വടുതലയിലെ നമ്മുടെ അബ്‌റാര്‍ കോളേജില്‍ ഹനഫീ മദ്ഹബും പഠിപ്പിക്കുന്നുണ്ട്. ഇമാം അബൂഹനീഫ വലിയ മഹാനാണ്. മദീനയില്‍ ചെന്നാല്‍ ഇമാം മാലികി(റ)ന്റെ ഇരിപ്പിടത്തില്‍ കയറി ഇരിക്കുന്ന ഒരേ ഒരാള്‍ ഇമാം അബു ഹനീഫ (റ) ആയിരുന്നു. മറ്റാര്‍ക്കും അതിന് അനുവാദം ഉണ്ടായിരുന്നില്ലത്രെ. 'ഇമാമു ദാറില്‍ ഹിജ്‌റ' എന്ന് വിശേഷിപ്പിക്കപ്പെട്ട പണ്ഡിതനാണ് ഇമാം മാലിക് (റ) എന്നോര്‍ക്കണം.

 

താങ്കളെ കൂടുതല്‍ സ്വാധീനിച്ച ഗുരുനാഥന്‍ ആരാണ്? ആകര്‍ഷിച്ച ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ്?

മഹാന്മാരായ കുറേ ഗുരുനാഥന്മാരുടെ ശിഷ്യനായിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പണ്ഡിതനും അറബിയിലെ നിമിഷ കവിയുമായിരുന്ന വടുതല മൂസ ഉസ്താദാണ് എന്റെ ആദ്യഗുരു. കരീം ഉസ്താദിന്റെ അടുത്തും ഞാന്‍ കുറച്ചുകാലം ഓതി. പിന്നെ, ആറാട്ടുപുഴയില്‍ പോയി, മലബാറുകാരനായ കുട്ടി ഹസന്‍ ഉസ്താദിന്റെ അടുത്ത് രണ്ട് വര്‍ഷം താമസിച്ചു. സാഹചര്യം പ്രതികൂലമായതിനാല്‍ അവിടം വിട്ടു. അന്നെനിക്ക് കുറച്ച് കോണ്‍ഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു. അവിടത്തെ മുസ്‌ലിം ചെറുപ്പക്കാര്‍ പൊതുവെ കമ്യൂണിസ്റ്റുകാരായിരുന്നു അന്ന്. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയ സംവാദമൊക്കെ നടന്നപ്പോള്‍ എനിക്ക് ഓത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നു. അങ്ങനെയാണ്, തിരൂരിനടുത്ത തലക്കടത്തൂരില്‍ അസ്ഹരി തങ്ങളുടെ ദര്‍സില്‍ ഓതാന്‍ പോയത്. അവിടെ പഠിച്ച രണ്ട് വര്‍ഷം രാപ്പകല്‍ അറിയാതെയാണ് കടന്നുപോയത്. ദയൂബന്ദില്‍നിന്ന് മികച്ച രീതിയില്‍ പഠിച്ചിറങ്ങിയ പണ്ഡിതനായിരുന്നു കുന്ദംകുളത്തിനടുത്ത പന്നിത്തടം സ്വദേശിയായ അസ്ഹരി തങ്ങള്‍. എന്നെ ഏറെ സ്വാധീനിച്ചത് അദ്ദേഹമാണ്. പ്രസംഗത്തിന് പോകുമ്പോഴും മറ്റും എന്നെ കൂടെക്കൊണ്ട് പോകും. 'കഠിനാധ്വാനം' അദ്ദേഹത്തിന്റെ മുദ്രാവാക്യമായിരുന്നു. ഞങ്ങളെ അത് ഉപദേശിക്കുക മാത്രമല്ല, ജീവിതത്തില്‍ കഠിനാധ്വാനിയാവുകയും ചെയ്തു അദ്ദേഹം. പാതിരാത്രി വരെ കിതാബുകളുടെ മുന്നിലിരിക്കും. രാത്രി 12 മണിക്കൊക്കെയായിരുന്നു ഞങ്ങള്‍ക്ക് സ്വഹീഹ് മുസ്ലിം പഠിപ്പിച്ചിരുന്നത്. ആ രണ്ട് വര്‍ഷങ്ങള്‍ ഗംഭീരമായിരുന്നു. ശേഷം ഞങ്ങളെ ബാഖിയാത്തിലേക്ക് അയച്ച് അദ്ദേഹം ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് പോയി. അല്‍ അസ്ഹറിലെ പഠനശേഷം അദ്ദേഹം സുഊദിയിലെ ഖുലൈസാനില്‍ 25 വര്‍ഷത്തോളം അധ്യാപന ജീവിതം നയിച്ചു. ഈജിപ്തില്‍ പോയ ശേഷവും എനിക്ക് കത്തുകള്‍ എഴുതുമായിരുന്നു, അറബിയില്‍. ഒരിക്കല്‍ പതിനൊന്ന് പേജുള്ള ഒരു കത്ത് എനിക്ക് എഴുതുകയുണ്ടായി. 'തമത്തഅ മിന്‍ ശമീമി അറാറി നജ്ദീ ഫമാ ബഅ്ദല്‍ അശിയ്യത്തി മിന്‍ അറാറീ' എന്നായിരുന്നു തുടക്കം. ഇത് അബ്‌റാറില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ കല്യാണത്തിന് അറബിയില്‍ ഒരു ആശംസാ കവിത എഴുതി അയക്കുകയുണ്ടായി. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ ഒരു അനുശോചന കാവ്യവും ഓര്‍ക്കുന്നു. ശൈഖ് ആദം ഹസ്‌റത്തിന്റെ വേര്‍പാടിനെ കുറിച്ച് എഴുതിയ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്; വമല്‍ ബാഖിയാത്തുല്‍ യൗമ ഇല്ലാ ക റബ്‌വത്തിന്‍, മളാ ഇസ്സുഹല്‍ ഗള്ളുത്വരിയ്യ ലാ യഊദു... (ബാഖിയാത്ത് ഇന്നൊരു കുന്ന് പോലെയാണ്, തിരിച്ചു വരാത്ത വിധം അതിന്റെ പ്രതാപം നഷ്ടെപ്പട്ടുപോയിരിക്കുന്നു). രണ്ട് ഗ്രന്ഥങ്ങള്‍ അറബിയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്; അല്‍ അറബു വല്‍ അറബിയ്യ, മിന്‍ നവാബീഗി ഉലമാഇ മലൈബാര്‍. 

 

വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ അനുഭവങ്ങള്‍ എങ്ങനെയാണ് താങ്കളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്?

ശൈഖ് ആദം ഹസ്‌റത്ത് (പ്രിന്‍സിപ്പല്‍), ശൈഖ് ഹസന്‍ ഹസ്‌റത്ത്, ശൈഖ് അബൂബക്കര്‍ ഹസ്‌റത്ത്, ശൈഖ് അബ്ദുല്‍ അസീസ് ഹസ്‌റത് എന്നീ നാല് മഹാപണ്ഡിതന്മാരുടെ നായകത്വമാണ് അന്ന് ബാഖിയാത്തിനെ സമ്പന്നമാക്കിയത്. അറിവിന്റെ ഖനികളായിരുന്നു അവര്‍. ശൈഖ് ഹസന്‍ ഹസ്‌റത്ത് ഇല്‍മിന്റെ ഒരു കടലായിരുന്നു. അദ്ദേഹത്തിന്റെ ബുഖാരി ക്ലാസ്സൊക്കെ വല്ലാത്ത അനുഭവമാണ്. ഒരു ഹദീസ് വിശദീകരിക്കുമ്പോള്‍ നാല് മദ്ഹബ് വീക്ഷണങ്ങളും തെളിവുകള്‍ സഹിതം അവതരിപ്പിക്കും. ശേഷം, സ്വന്തം മദ്ഹബിന്റെ, ഹനഫീ മദ്ഹബിന്റെ നിലപാട് സ്ഥാപിക്കും. വിഷയത്തില്‍ എന്താണ് ശാഫിഈ മദ്ഹബിന്റെ വീക്ഷണമെന്ന് ഞങ്ങളോട് സമര്‍ഥിക്കാന്‍ പറയും. ബാഖിയാത്തില്‍ ദീനീ കാര്യങ്ങള്‍ ഹനഫീ മദ്ഹബ് അനുസരിച്ചാണ് നടന്നിരുന്നത്. ഞങ്ങളും അതാണവിടെ പിന്തുടര്‍ന്നിരുന്നത്. ഇത്തരം അനുഭവങ്ങള്‍ വിദ്യാര്‍ഥി ജീവിതകാലത്ത് ലഭിക്കുന്നത് വിശാലവീക്ഷണം രുപപ്പെടാന്‍ കാരണമാകും. ബാഖിയാത്തിന്റെ വിശാലതയൊന്നും ഇവിടെ ഉണ്ടാകില്ല!

പഠനത്തിന്റെ കാര്യത്തില്‍ കര്‍ക്കശ സമീപനമായിരുന്നു ബാഖിയാത്തില്‍. പഠനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇപ്പോള്‍ കോളേജുകളില്‍ ബുഖാരിയിലെയും മറ്റും നിശ്ചിത ഭാഗങ്ങളാണ് സിലബസിലുണ്ടാവുക, പരീക്ഷക്ക് നിശ്ചിത പേജുകളും. ഞങ്ങള്‍ക്ക് സ്വിഹാഹുസ്സിത്ത മുഴുവന്‍ പഠിക്കേണ്ടിയിരുന്നു. പരീക്ഷയില്‍ തോറ്റാല്‍ പിന്നെ അങ്ങോട്ട് കയറാനൊക്കില്ല. 

 

പ്രമുഖ മതപണ്ഡിതന്മാരുടെ ശിഷ്യനായിരുന്ന താങ്കള്‍ നീണ്ട 60 വര്‍ഷക്കാലമായി  അധ്യാപകനുമാണ്. പഴയ കാലവുമായി തുലനം ചെയ്യുമ്പോള്‍ എന്താണ് നമ്മുടെ ദീനീ വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ അവസ്ഥ?

ഇല്‍മ് ആഴത്തില്‍ പഠിക്കുന്നില്ല എന്നതാണ് ഇന്ന് ദീനീ വിദ്യാഭ്യാസ രംഗത്തെ ദയനീയാവസ്ഥ. ദീനീ വിജ്ഞാനങ്ങള്‍ വളരെ ഗൗരവപ്പെട്ടതാണ്. ശൈഖ് ഹസന്‍ ഹസ്‌റത്ത് ഫിഖ്ഹീ മസ്അലകളെ കുറിച്ച് പറയുമായിരുന്നു; ഫുഖഹാക്കള്‍ക്കല്ലാതെ ഇങ്ങനെയൊന്നും നിയമങ്ങള്‍ പറയാന്‍ കഴിയില്ല. അവരുടെ ബുദ്ധിയുടെയത്ര ഹുകമാഇന്റെ ബുദ്ധി എത്തുകയില്ല. ബുദ്ധി രണ്ട് വിധമാണ്, പ്രകൃതിപരവും ആര്‍ജിതവും (ത്വബഇയ്യ്, കസ്ബിയ്യ്). പ്രകൃതിപരമായി ലഭിക്കുന്ന ബുദ്ധിശക്തിയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ചിലര്‍ക്ക് വലിയ ബുദ്ധി, ചിലര്‍ക്ക് ചെറിയത്. ബുദ്ധി ശക്തി വളര്‍ത്തിയെടുക്കണം. ഇത് ഇത്തിരി അധ്വാനമുള്ള കാര്യമാണ്. ഭൗതിക താല്‍പര്യങ്ങളുടെ പുറകെയാണ് പലരും. ഉള്ള ബുദ്ധി അതിനുപയോഗിക്കും. ദീനീ വിജ്ഞാനീയങ്ങള്‍ അതു കഴിഞ്ഞേ ഉള്ളൂ. ഇതും ഇന്ന് ദീനീ വിദ്യാഭ്യാസ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്.

ഇബാദാത്ത് (ആരാധനകള്‍), മുആമലാത്ത് (ഇടപാടുകള്‍), മുനാകഹാത്ത് (വൈവാഹികം), ജിനായാത്ത് (കുറ്റവും ശിക്ഷയും) എന്നിങ്ങനെ നാല് വിധത്തിലാണ് ഇസ്ലാമിക നിയമങ്ങള്‍. ജിനായാത്ത്, മുആമലാത്ത് എന്നിവയിലെ നിയമങ്ങള്‍ കണ്ടെത്താന്‍ വലിയ ബൗദ്ധിക ശേഷി ആവശ്യമണ്. മുന്‍കാല പണ്ഡിതന്മാര്‍ അതിന് കഠിനാധ്വാനം ചെയ്തിരുന്നു. ഇമാം സുയൂത്വിയെപ്പോലുള്ള പണ്ഡിതന്മാര്‍ രാപ്പകലില്ലാതെ അധ്വാനിച്ചു. അവരുടെ ഊണും ഉറക്കും ഇല്‍മായിരുന്നു. ഹനഫീ മദ്ഹബിലെ ശറഹുല്‍ വിഖായ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇമാം സുയുത്വിയുടെ ഒരു ബൈത്തുണ്ട്. ദീനീ വിദ്യാര്‍ഥികള്‍ അത് വായിച്ചുനോക്കണം. ദയൂബന്ദ് ദാറുല്‍ ഉലുമില്‍ ഹുസൈന്‍ അഹ്മദ് മദനി (അല്ലാഹു അദ്ദേഹത്തിന്റെ ഖബ്‌റിടം പ്രകാശപൂരിതമാക്കട്ടെ) എന്ന വലിയ പണ്ഡിതനുണ്ടായിരുന്നു. ശൈഖ് ഹസന്‍ ഹസ്‌റത്തിന്റെ ഉസ്താദായിരുന്നു മഹാന്‍. അധ്യാപകരുടെ സംശയം തീര്‍ക്കാന്‍ രാത്രി 12 മണിക്കാണ് അദ്ദേഹം സമയം കൊടുക്കുക. രാത്രി ഉറക്കമിളച്ചിരുന്നാണ് അദ്ദേഹം വൈജ്ഞാനിക സേവനം ചെയ്തിരുന്നത്. മൗലാനാ ഇഅ്‌സാസ് അലി സാഹിബ് വലിയ പണ്ഡിതനായിരുന്നു. അദ്ദേഹം പോലും സംശയം തീര്‍ത്തിരുന്നത് ഹുസൈന്‍ അഹ്മദ് മദനിയില്‍നിന്നാണ്. 12 മണിയാണ് സമയം നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ അധ്യാപകര്‍ 11.50-നു തന്നെ അഹ്മദ് മദനിയുടെ റൂമിനു പുറത്ത് ചെന്നു നില്‍ക്കും. 12-ന് അകത്ത് കയറും. അതായിരുന്നു കൃത്യനിഷ്ഠ. നമ്മുടെ കാലത്തുള്ള പണ്ഡിതന്മാരുടെ അവസ്ഥയാണിത്. അവര്‍ക്ക് ഇല്‍മായിരുന്നു ജീവിതം. നമുക്കോ?

മഹാന്മാരായ ഇമാം ശാഫിഈയും അബൂയൂസുഫും മറ്റും ഇല്‍മ് നേടിയ രീതികള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ മനസ്സിലാക്കണം, പകര്‍ത്തണം. ഒരു കിതാബ് തുടക്കം മുതല്‍ ഒടുക്കം വരെ പഠിക്കണം. നമുക്ക് ഒരു കിതാബിലെ കുറച്ച് പേജുകള്‍ നോക്കിയാല്‍ തന്നെ മതിയാകുന്നു! മക്കക്കാരനായ ഇമാം ശാഫിഈ അറബി ഭാഷ പഠിക്കാനായി ഓരോ ഗോത്രക്കാരുടെയും ഇടയില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഓരോ പദവും ഓരോ ഗോത്രക്കാരും വ്യത്യസ്ത രീതിയിലാകാം ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അദ്ദേഹം അവര്‍ക്കിടയില്‍ ജീവിച്ചത്! നമ്മുടെ ദീനീ വിദ്യാഭ്യാസത്തിന്റെ അവസ്ഥയോ? എന്താണ് ഈ സാധനമെന്ന് നമുക്ക് അറിയില്ല! ഇമാം സുയൂത്വി ആണെന്ന് ഓര്‍ക്കുന്നു, ഒരു സ്ഥലത്ത് വെച്ച് കൈയിലെ പണം തീര്‍ന്നപ്പോള്‍ ഒരു കല്ല് ശിഷ്യന്റെ കൈയില്‍ കൊടുത്ത് വില്‍ക്കാന്‍ പറഞ്ഞു. വാങ്ങാന്‍ ആളെക്കിട്ടിയാല്‍, വില്‍ക്കും മുമ്പ് തന്നെ അറിയിക്കണം എന്നും നിര്‍ദേശിച്ചു. ശിഷ്യന്‍ കല്ലുമായി പുറത്തിറങ്ങി, ആദ്യം കണ്ട അലക്കുകാരനോട് കല്ല് വേണോ എന്ന് ചോദിച്ചു. തനിക്കെന്തിനാണിത്? അയാള്‍ കല്ല് വേണ്ടെന്ന് പറഞ്ഞു. പിന്നെ, ഒരു ക്ഷുരകനെ കണ്ടു അയാള്‍ക്ക് കത്തിയണക്കാന്‍ ഈ കല്ല് പറ്റുമെന്ന് കരുതി ശിഷ്യന്‍ ഇത് വാങ്ങുമോ എന്ന് ചോദിച്ചു. തനിക്കിതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന് പറഞ്ഞ് അയാളും നിരസിച്ചു. പിന്നെ ശിഷ്യന്‍ ഒരു കടയില്‍ കയറി. കടക്കാരന്‍ ആ കല്ലിന് വലിയ വില പറഞ്ഞതു കണ്ട്, ശിഷ്യന്‍ അമ്പരന്നു. തനിക്ക് ഉടമസ്ഥനോട് ചോദിക്കണമെന്നായി ശിഷ്യന്‍. ആരാണ് ഉടമസ്ഥന്‍? കടക്കാരന്‍ ചോദിച്ചു. തന്റെ ഉസ്താദാണെന്ന് പേരുസഹിതം പരിചയപ്പെടുത്തി. കച്ചവടക്കാരന്‍ ഉടനെ കടയടച്ച് അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടു. ഇമാം സുയൂത്വിയുടെ പഴയ വിദ്യാര്‍ഥിയായിരുന്നു ആ കച്ചവടക്കാരന്‍. വില കൂടിയ രത്‌നക്കല്ലാണ് തന്നെ വില്‍ക്കാനേല്‍പിച്ചതെന്ന് പിന്നീടാണ് ശിഷ്യന് മനസ്സിലായത്! ഇതു പോലെ, കൈയിലുള്ള ഇല്‍മിന്റെ വിലയറിയാത്തവരാണ്  ഇന്ന് പലരും. 

ഖുര്‍ആനും സുന്നത്തും നിസ്സാരമല്ല. ഓരോ ആയത്തില്‍നിന്നും ഹദീസില്‍നിന്നും ശര്‍ഈ വിധികള്‍ എങ്ങനെയാണ് ഉരുത്തിരിച്ചെടുക്കുന്നതെന്ന് നല്ല ധാരണയുണ്ടാകണം പണ്ഡിതന്മാര്‍ക്ക്. വിധികള്‍ വരുന്ന വഴികള്‍ ദീനീ വിദ്യാര്‍ഥികള്‍ നന്നായി മനസ്സിലാക്കിയെടുക്കണം. നമസ്‌കാരത്തിന് 14 ഫര്‍ദുകള്‍ എന്ന് പറയുന്നു. എങ്ങനെയാണ് ഈ 14 ഫര്‍ദുകള്‍ ഉരുത്തിരിച്ചെടുത്തതെന്ന് മനസ്സിലാക്കുക പ്രധാനമാണ്. ഇമാം ശാഫിഈ ഒരു ഹദീസില്‍ നിന്ന് 100 വിധികള്‍ വരെ നിര്‍ധാരണം ചെയ്‌തെടുത്തിരുന്നു. ഇന്ന് നൂറ് ഹദീസ് കിട്ടിയാല്‍ ഒരു വിധിപോലും നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കുമുള്ളത്. ബാഖിയാത്തില്‍ ഒരു പരീക്ഷക്ക് സ്വഹീഹു മുസ്‌ലിം എന്ന ഹദീസ് സമാഹാരത്തിലെ ബരീറ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍നിന്ന് മസ്അലകള്‍ ഉരുത്തിരിച്ചെടുക്കാനുള്ള ചോദ്യമുണ്ടായിരുന്നു. ഇമാം നവവി പ്രസ്തുത ഹദീസിന് നല്‍കിയ വിശദീകരണം വായിച്ചിരുന്നതിനാല്‍ കുറേ മസ്അലകള്‍ എഴുതാന്‍ സാധിച്ചു.

ഇല്‍മിന്റെ വിലയറിയാതിരുന്നാല്‍ വലിയ ആപത്താണ്. കാലാന്തരത്തില്‍ പലതും മറന്നുപോകും. ഇമാം ഇബ്‌നു ഹസം (റ), ഒന്നാമത്തെ നവോത്ഥാന നായകനായ ഉമറുബ്‌നു അബ്ദില്‍ അസീസിന് (റ) അയച്ച ഒരു കത്തില്‍ ഇല്‍മ് നഷ്ടപ്പെടുന്നതിനെ കുറിച്ചും ഹദീസുകള്‍ ശേഖരിച്ച് സമാഹരിക്കേണ്ടതിനെ സംബന്ധിച്ചും ഗൗരവത്തില്‍ ഉണര്‍ത്തുകയുണ്ടായി. തുടര്‍ന്നാണ് ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) ഹദീസ് സമാഹരിക്കാന്‍ നടപടി സ്വീകരിച്ചത്. ദീനീ വിജ്ഞാനീയങ്ങളുടെ സംരക്ഷണത്തിനുള്ള ജാഗ്രതയായിരുന്നു അത്. 

 

താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ്?

ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ (തഫ്‌സീര്‍) ബൈളാവിയും ജലാലൈനിയുമാണ് എനിക്കിഷ്ടം. തഫ്‌സീര്‍ കബീറിന്റെയും ജലാലൈനിയുടെയും മധ്യേയുള്ള കിതാബാണ് ബൈളാവി. ജലാലൈനി മികച്ച തഫ്‌സീറാണ്. അത് മനസ്സിലാക്കുന്നവര്‍ക്ക് മാത്രമേ ആ മഹത്വം തിരിച്ചറിയാനാകൂ. ഖുര്‍ആനേക്കാള്‍ ഏതാനും ഹര്‍ഫുകള്‍ മാത്രമേ ജലാലൈനിയില്‍ കൂടുതലുള്ളൂ. ഉസ്വൂലും ഫുസൂലും ജംഅ് ചെയ്ത കിതാബാണത്.   ഹദീസില്‍ ഫത്ഹുല്‍ ബാരി, സ്വഹീഹ് മുസ്‌ലിം എന്നിവയാണ് എന്നെ ആകര്‍ഷിച്ചിട്ടുള്ളത്. ഫിഖ്ഹില്‍ തുഹ്ഫ. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരിയില്‍ ഹദീസുകള്‍ക്ക് നല്‍കപ്പെട്ട വിശദീകരണം വളരെ നല്ലതാണ്.

പഴയ കിതാബുകളെയും പണ്ഡിതാഭിപ്രായങ്ങളെയും ആധാരമാക്കിയാണ് പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പുതുതായി വരുന്ന ചില കിതാബുകള്‍ അപകടം നിറഞ്ഞതാണ്. പഴയ ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചു (നഖ്ല്‍) കൊണ്ടാണ് ഇന്നും നാം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. തഖ്‌ലീദ് വേണ്ടെന്നു പറയുന്നത് തെറ്റാണ്. മദ്ഹബുകളെ, ഇമാമുമാരെ തഖ്‌ലീദ് ചെയ്യണം എന്ന നിലപാടാണ് എനിക്കുള്ളത്. എങ്കില്‍ നമ്മള്‍ വഴി തെറ്റിപ്പോവുകയില്ല. ദീനീ വിധികള്‍ നല്‍കുന്നതിലും സ്വീകരിക്കുന്നതിലും നല്ല സൂക്ഷ്മത വേണം. 'ഒരു കാലത്ത് കള്ളവാദികളായ ദജ്ജാലുകള്‍ രംഗത്തു വരും, നിങ്ങളും നിങ്ങളുടെ പ്രപിതാക്കളും കേട്ടിട്ടില്ലാത്ത വര്‍ത്തമാനങ്ങളുമായി അവര്‍ നിങ്ങളെ സമീപിക്കും. അവരെ നിങ്ങള്‍ സൂക്ഷിക്കണം' എന്ന് നബി പറഞ്ഞിട്ടുണ്ട്. ഖുര്‍ആനല്ലാത്തത് ഖുര്‍ആനാണെന്നു പറഞ്ഞ് അവതരിപ്പിക്കുന്ന കാലമാണിത്. സ്വഹീഹു മുസ്‌ലിമിന്റെ ആമുഖത്തില്‍ ഇതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട്. അതുകൊണ്ട്, സൂക്ഷ്മതയോടെ ഇസ്‌ലാമിനെ മുറുകെ പിടിക്കണം. 

മുസ്‌ലിം സമൂഹം ഒരുമയോടെ നില്‍ക്കണം. എങ്കിലേ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനൊക്കൂ. രാഷ്ട്രീയമായും സാമ്പത്തികമായും നല്ല നിലയിലുള്ള മുസ്‌ലിംകളില്‍ പലരും ദീനീ കാര്യങ്ങള്‍ രണ്ടാമതായാണ് കാണുന്നത്. മുമ്പ്, ദീന്‍ കഴിഞ്ഞിട്ടേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവസ്ഥ മാറി. കോടികളുടെ സമ്പത്തും രാഷ്ട്രീയ സ്വാധീനവുമൊക്കെയുള്ള മുസ്‌ലിംകള്‍ ഉണ്ടായിട്ടും അവര്‍ക്ക് ദീനീ കാര്യങ്ങള്‍ രണ്ടാം തരമാണ്. അവര്‍ കാര്യമായി ശബ്ദിക്കുന്നില്ല. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് ഇസ്സത്ത് കുറഞ്ഞു. നമ്മുടെ കേരളത്തിലെപ്പോലെയല്ല മറ്റു പ്രദേശങ്ങളില്‍. വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളുടെ ദയനീയാവസ്ഥക്ക് മുസ്‌ലിം രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും നിലപാടാണ് ഒരു പ്രധാന കാരണം. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അബുല്‍ കലാം ആസാദിനെപ്പോലെയുള്ള പണ്ഡിത നേതാക്കള്‍ ദീനിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. ഇപ്പോള്‍ ആ അവസ്ഥയില്ലെങ്കിലും അത്തരം നേതാക്കളുള്ള നല്ല കാലം തിരിച്ചുവരും. അത് നബിതങ്ങള്‍ (സ) പറഞ്ഞിട്ടുണ്ട്. 'എതിര്‍പ്പുകളൊന്നും വകവെക്കാതെ സത്യത്തിനു വേണ്ടി പോരാടുന്നവര്‍ എന്നും എന്റെ സമുദായത്തിലുണ്ടാകും' എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറും. ദീന്‍ അല്ലാഹു നിലനിര്‍ത്തും. ദീനിനെ മനസ്സിലാക്കി ഉള്‍ക്കൊള്ളാത്തവര്‍ നശിക്കും. ഒരു കാലത്ത് വടുതല വലിയ ദീനീ കേന്ദ്രമായിരുന്നു. ഇന്ന് അത് മാറി, മറ്റു കാര്യങ്ങള്‍ കഴിഞ്ഞേ ദീനുള്ളൂ എന്നായി. ഇങ്ങനെയായാല്‍ അല്ലാഹു കൈയൊഴിയും.  ഒരിക്കല്‍ ഹുസൈന്‍ അഹ്മദ് മദനി (അല്ലാഹു അദ്ദേഹത്തിന്റെ ഖബ്‌റിടം പ്രകാശപൂരിതമാക്കട്ടെ) ഒരു പ്രഭാഷണം നടത്തി. ദീന്‍ കൈയൊഴിഞ്ഞതുകൊണ്ട് തകര്‍ന്നുപോയ പ്രദേശങ്ങളെല്ലാം അദ്ദേഹം ഉദാഹരണ സഹിതം എണ്ണിപ്പറഞ്ഞു. ഇത് നമുക്ക് വലിയ പാഠമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍