Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

പുനത്തില്‍ കുഞ്ഞബ്ദുല്ല: എഴുത്തിലെ മതവും മതവിരുദ്ധതയും

എ.പി ഷംസീര്‍

വൈക്കം മുഹമ്മദ് ബഷീറിനും എന്‍.പി മുഹമ്മദിനും ശേഷം മലയാള സാഹിത്യത്തില്‍ മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിന്റെ അടരുകളെ സൂക്ഷ്മമായി ആവിഷ്‌കരിച്ച കഥാകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുല്ല. മലയാള സാഹിത്യത്തില്‍ തലയെടുപ്പുള്ള നോവലിസ്റ്റുകളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എം. മുകുന്ദന്‍, സക്കറിയ, സേതു, എന്‍.എസ് മാധവന്‍, കമലാ സുറയ്യ തുടങ്ങി എഴുത്തില്‍ ആധുനികതയെ സന്നിവേശിപ്പിച്ച എഴുത്തുകാരുടെ ശ്രേണിയിലാണ് പുനത്തില്‍ എണ്ണപ്പെടുന്നത്. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ മലയാള നോവല്‍ സാഹിത്യത്തില്‍ അന്നേ വരെ പിന്തുടര്‍ന്നുവന്നിരുന്ന കീഴ്‌വഴക്കങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരുന്നു. ഖസാക്കിനു ശേഷം മലയാള ഭാഷയുടെ ഭാവുകത്വത്തെ കോരിത്തരിപ്പിക്കുന്ന ഒരു ആവിഷ്‌കാരത്തിന്റെ സംഭവ്യതയെക്കുറിച്ച് പലര്‍ക്കും സന്ദേഹങ്ങളുണ്ടായിരുന്നു. ആ സംശയങ്ങള്‍ക്ക് ഒരു പരിധി വരെ മാറ്റം വന്നത് ഖസാക്ക് ഇറങ്ങി ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പുനത്തിലിന്റെ സ്മാരക ശിലകള്‍ പുറത്തിറങ്ങിയതോടെയാണെന്ന് പല നിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. സ്മാരകശിലകള്‍ മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ്. അതീവ ലളിതമായ ഭാഷയില്‍ മനുഷ്യ ജീവിതത്തിന്റെ അതിസങ്കീര്‍ണമായ ആന്തരിക വ്യവഹാരങ്ങളെ പുനത്തില്‍ കൈയടക്കത്തോടെ ആവിഷ്‌കരിക്കുകയായിരുന്നു അതില്‍. ഒരഭിമുഖത്തില്‍ സ്മാരക ശിലകള്‍ മാത്രമാണ് തന്റെ യഥാര്‍ഥ രചനയെന്നും ബാക്കിയെല്ലാം അതിന്റെ തുടര്‍ച്ചകളോ ആവര്‍ത്തനങ്ങളോ ആണെന്നും പുനത്തില്‍ പറയുന്നുണ്ട്. ചെറുകഥകളിലൂടെയാണ് പുനത്തില്‍ മലയാള സാഹിത്യത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചത്. അനുവാചകരുടെ ബോധതലത്തെ തീ പിടിപ്പിക്കുന്ന ആ ശൈലി മലയാള സാഹിത്യത്തില്‍ അധികമാര്‍ക്കും ലഭിച്ചിട്ടില്ല. മലയാള ഭാഷക്കും സാഹിത്യത്തിനും പുനത്തില്‍ തന്റെ രചനകളിലൂടെ അര്‍പ്പിച്ചിട്ടുള്ള സേവനങ്ങള്‍ മഹത്തരമാണ്. 

പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ പുനത്തില്‍ ചെറുകഥകള്‍ എഴുതിത്തുടങ്ങിയിരുന്നു. 1959-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പുനത്തില്‍ എഴുതിയ രണ്ട് ചെറുകഥകള്‍ അദ്ദേഹത്തിലെ എഴുത്തുകാരന്റെ ദിശയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പുതിയ മാതൃഭൂമി പുനത്തില്‍ പതിപ്പില്‍ അവ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെറുകഥയുടെ ക്രാഫ്റ്റിന്റെ ശക്തിസൗന്ദര്യം ആ കഥകളില്‍ അനുഭവിച്ചറിയാനാകും. എന്നാല്‍ പ്രമേയപരമായി താന്‍ കൂടി അംഗമായ മുസ്‌ലിം കുടുംബ സാംസ്‌കാരിക പശ്ചാത്തലമാണ് ഈ കഥകളിലെല്ലാം അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നത്. താന്‍ ജനിച്ചു വളര്‍ന്ന, അനുഭവിച്ചറിഞ്ഞ മതാത്മക ജീവിതത്തോടുള്ള നിരന്തര കലഹം ഈ കഥകളിലെല്ലാം കാണാനാകും. 

'തല നോമ്പ്' എന്നാണ് ഒരു കഥയുടെ പേര്. വ്രതമാസമായ റമദാന്‍ വന്നെത്തുമ്പോള്‍ മുസ്‌ലിം വീടുകളില്‍ ഉണ്ടാകാറുള്ള ഉത്സാഹവും ഉന്മേഷവുമെല്ലാം വിവരിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. കഥയിലെ പ്രധാന കഥാപാത്രമായ എട്ടു വയസ്സുകാരന്‍ അബ്ദു വ്രതമാസം കൊണ്ടുവരുന്ന 'ആഘോഷത്തിന്റെ' ആഹ്ലാദങ്ങളെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എട്ടു വയസ്സ് പൂര്‍ത്തിയായ കുട്ടികളെല്ലാം നിര്‍ബന്ധമായും റമദാനിലെ 30 നോമ്പു മുഴുവനായും നോല്‍ക്കണമെന്ന കര്‍ക്കശക്കാരനായ ബാപ്പയുടെ ശാസന ഭീതിയുടെ നിഴല്‍ പോലെ അബ്ദുവിനെ പിന്തുടരുന്നുമുണ്ട്. ദീനുല്‍ ഇസ്‌ലാമിന്റെ പേരിലാണ് ബാപ്പ ആ കാര്‍ക്കശ്യങ്ങള്‍ വീട്ടില്‍ നടപ്പാക്കുന്നത്. ഒരു ദിവസം അബ്ദു നോമ്പെടുക്കാതെ സ്‌കൂളില്‍ പോകാന്‍ തീരുമാനിക്കുന്നു. പക്ഷേ ഭക്ഷണമെവിടന്നു കിട്ടും? അബ്ദുവിനെ വീട്ടിലെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ നോമ്പിന്റെ കാര്യത്തില്‍ കള്ളത്തരം കാണിക്കാന്‍ ആരും കൂട്ടുനില്‍ക്കില്ല. പോരാത്തതിന് കര്‍ക്കശക്കാരനായ അബ്ദുവിന്റെ ബാപ്പയെ എല്ലാവര്‍ക്കും ഭയമാണ്. ഒടുവില്‍ അബ്ദു ഉമ്മയില്‍ മാത്രമാണ് അലിവിന്റെ ഉറവ കണ്ടെത്തുന്നത്. 'തിന്ന് കാഫറേ' എന്നു പറഞ്ഞ് ഭയത്തോടും വാത്സല്യത്തോടും ഉമ്മ തലേന്നത്തെ നോമ്പുതുറയുടെ പലഹാരങ്ങള്‍ അബ്ദുവിന്റെ മുന്നില്‍ വെച്ചു കൊടുക്കുന്നു. ഉമ്മയുടെ ആര്‍ദ്രത പകര്‍ന്ന ധൈര്യം ബാപ്പയുടെ ആണധികാര കാര്‍ക്കശ്യത്തെക്കുറിച്ച സങ്കല്‍പനത്തില്‍ ചോര്‍ന്നില്ലാതായി. പ്രതീക്ഷിച്ചതു സംഭവിച്ചു. നോമ്പുകാരനായ അബ്ദുവിന്റെ ബാപ്പ അവിചാരിതമായി വീട്ടിലേക്ക് കടന്നു വന്നു. നോമ്പുകാലത്തെ പകലില്‍ പലഹാരം കഴിക്കുന്ന എട്ടു വയസ്സുള്ള അബ്ദുവിനെ കണ്ട് അയാള്‍ക്ക് കലിയിളകി. ഉമ്മയെ ചീത്ത വിളിച്ചു. അബ്ദുവിനെ പൊതിരെ തല്ലി. പാത്രങ്ങള്‍ വലിച്ചെറിഞ്ഞു. 1959-ല്‍ സ്‌കൂള്‍ പ്രായത്തില്‍ എഴുതിയ ഈ കഥയെ പുനത്തിലിന്റെ അരാജക ജീവിതത്തെയും പല കാര്യങ്ങളിലും ഇസ്‌ലാമിക ദര്‍ശനത്തോട് അദ്ദേഹത്തിനുള്ള തെറ്റായ നിലപാടുകളെയും മാറ്റിനിര്‍ത്തി വേണം പരിശോധിക്കാന്‍. കുഞ്ഞുങ്ങളോട് അലിവും ആര്‍ദ്രതയുമില്ലാത്ത അബ്ദുവിന്റെ ബാപ്പയുടെ ആകാരം പൂണ്ടിരിക്കുകയാണു തല നോമ്പ് എന്ന കഥയില്‍ അല്ലാഹു. നോമ്പ് ആത്യന്തികമായി ഒരു മനുഷ്യനില്‍ ഉല്‍പാദിപ്പിക്കുന്ന ക്ഷമയും വിട്ടുവീഴ്ചയും കാരുണ്യവുമൊന്നും അബ്ദുവിന്റെ ബാപ്പയുടെ അരികത്തു കൂടി കടന്നുപോയിട്ടില്ല. അയാളിലെ പരുക്കനെ ദീനുല്‍ ഇസ്‌ലാമിന്റെ പേരിലാണ് സ്വയം അവതരിപ്പിക്കുന്നത്. ഒരുപക്ഷേ പുനത്തിലിലെ നിഷേധിയെയും ധിക്കാരിയെയും രൂപപ്പെടുത്തുന്നതില്‍ അയാളുടെ ജീവിത പരിസരങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണം. 

സമത്വത്തിന്റെയും സഹാനുഭൂതിയുടെയും ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ട മദ്‌റസയിലെ ഉസ്താദില്‍നിന്ന് നേരിട്ട വിവേചനത്തിന്റെ ഒരിക്കലും  ഉണങ്ങാത്ത മുറിവുകളാണ് 'കൈയെഴുത്ത്' എന്ന കഥയില്‍ പുനത്തില്‍ ആവിഷ്‌കരിക്കുന്നത്. മദ്‌റസയില്‍ കൈയിലെഴുത്ത് നടക്കുന്ന ദിവസം. ഉസ്താദ് കടുക്ക മഷി കൊണ്ട് കൈയിലെഴുതണമെങ്കില്‍ നാലണയെങ്കിലും വേണം. പക്ഷേ ഉമ്മാന്റെ കോന്തലയില്‍ രണ്ടണ മാത്രമേയുള്ളൂ. എല്ലാവരും പുതുവസ്ത്രമിട്ട് വരും. പക്ഷേ അബ്ദുവിന് പറങ്കിമാങ്ങയുടെ കറയൊക്കെ വീണ പഴയ കുപ്പായമേ ഉള്ളൂ. നാലണ കൊടുക്കാനില്ലാത്തതിന്റെ വേദന അബ്ദുവിന്റെ ഉമ്മയുടെ കണ്ണീരായി പുറത്തുവന്നു. ഉമ്മ ഒരു വാത്സല്യമായും സ്‌നേഹമായും വേദനയായും  നീറ്റലായും ഈ കഥകളില്‍ കടന്നുവരുന്നുണ്ട്. മുഷിഞ്ഞ് പഴകി ദ്രവിച്ച ഉടുപ്പുമായി മദ്‌റസയിലെത്തിയ അബ്ദുവിനെ ആദ്യം എതിരേല്‍ക്കുന്നത് വലിയ തറവാടിയും സമ്പന്ന കുടുംബത്തിലെ അംഗവുമായ പൂക്കോയ തങ്ങളാണ്. പണത്തിന്റെയും തറവാടിത്തത്തിന്റെയും അഹന്തയുള്ള ശരീരഭാഷയാണ് പൂക്കോയക്ക്. പുതുവസ്ത്രമണിയാതെ വന്ന അബ്ദുവിന്റെ ദാരിദ്ര്യത്തിന്റെ പഴുപ്പില്‍ പരിഹാസച്ചുവയുള്ള വാക്കുകളുടെ മുള്ളുകള്‍ കൊണ്ട് കുത്തിനോവിപ്പിച്ച്  സ്വയം ആനന്ദിക്കുന്നുണ്ട് പൂക്കോയ. സ്മാരക ശിലകളിലും പുനത്തില്‍ 'പൂക്കോയ തങ്ങള്‍' എന്ന കഥാപാത്രത്തെ തന്നെയാണ് മാടമ്പിയായി അവതരിപ്പിക്കുന്നത്. കൈയെഴുത്ത് എന്ന കഥയില്‍ അവസാനത്തില്‍ 'തങ്ങള്‍' കുടുംബത്തിലെ പൂക്കോയ ഒരുറുപ്പിക നല്‍കിയപ്പോള്‍ ഉസ്താദ് നിറയെ എഴുതിക്കൊടുത്തു. ബാക്കിയെല്ലാവരും നാലണയോ അതിലുമേറെയോ കൊടുത്ത് എഴുതിച്ചു. രണ്ടണ മാത്രമുള്ള അബ്ദു പേടിച്ചു പേടിച്ച് ഉസ്താദിനു നേരെ കൈ നീട്ടി. കോപാകുലനായ ഉസ്താദ്  അബ്ദുവിന്റെ ദാരിദ്ര്യത്തിനു നേരെ കാറിത്തുപ്പിയ പോലെ പറയുന്നുണ്ട്. 'രണ്ടണക്ക് മൂസ മുസ്ല്യാര് എഴുതൂല. അതിന് ആള് ബേറെ...' 

മതം പഠിപ്പിക്കുന്ന യഥാര്‍ഥ മനുഷ്യത്വവും ദയയും കാരുണ്യവും ആര്‍ദ്രതയുമെല്ലാം അന്യം നില്‍ക്കുകയും പകരം വിചിത്രമായ അന്ധവിശ്വാസങ്ങളിലും ആചാരങ്ങളിലും ആഴത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന മുസ്‌ലിം ജീവിതങ്ങളെ നിശിതമായി വിചാരണ ചെയ്യുന്നുണ്ട് ഇതുപോലുള്ള പല കഥകളും. പല്ലിയെ കൊന്നാല്‍ ഒരു പള്ളി പണിത കൂലി കിട്ടുമെന്ന വിശ്വാസത്തില്‍ ചെറുപ്പത്തില്‍ ഒരുപാട് പല്ലികളെ കൊന്ന കാര്യം ഒരു കഥാപാത്രം പറയുന്നുണ്ട്. പുനത്തിലിന്റെ മാസ്റ്റര്‍ പീസായ സ്മാരക ശിലകള്‍ മുസ്‌ലിം കഥാപാത്രങ്ങള്‍ക്ക് ചുറ്റുമാണ് കറങ്ങിത്തിരിയുന്നത്. അതില്‍ പൂക്കായയെ പോലെ ഫ്യൂഡല്‍ മാടമ്പിത്തരമുള്ള ദുഷ്ട കഥാപാത്രങ്ങളെയും പൂക്കുഞ്ഞിബിയെ പോലെ നന്മയുള്ളവരെയും കാണാനാകും.

മുസ്ലിംകളുടെ സാംസ്‌കാരികവും മതാത്മകവുമായ ജീവിതത്തിലെ ജീര്‍ണതകളെയും 'യുക്തിരാഹിത്യങ്ങളെ'യും ആവിഷ്‌കരിക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ളവര്‍ അതിഭാവുകത്വങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു. പുനത്തിലിന്റെ മുസ്‌ലിം കഥാപാത്രങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ന്ന കാല്‍പനിക ബിംബങ്ങളായി പരിണമിക്കുകയുണ്ടായി. വിവാഹേതര ബന്ധങ്ങള്‍ സ്വകാര്യമായി കൊണ്ടുനടക്കുന്ന, അമിതമായ ലൈംഗികാസക്തിയുള്ള, ഫ്യുഡല്‍ മാടമ്പിത്തരം ഏറെയുള്ള മുസ്‌ലിം കഥാപാത്രങ്ങളെ പലയിടങ്ങളിലും പൊലിപ്പിച്ചെടുക്കുക വഴി അറബ്-മുസ്‌ലിം വംശജരെക്കുറിച്ച് യൂറോപ്പ് സൃഷ്ടിച്ച വംശീയമായ വാര്‍പ്പുമാതൃകകളെ അപ്പടി പിന്തുടരുക മാത്രമാണ് പലയിടത്തും പുനത്തില്‍ ചെയ്യുന്നത്.

ഈയടുത്ത് അന്തരിച്ച അമേരിക്കയിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനുമായ ജാക്ക് ഷഹീന്‍  ഏര്‍പ്പെട്ടിരുന്ന പഠന ഗവേഷണ മേഖല ഇതായിരുന്നു. അമേരിക്കന്‍ സിനിമകളിലും നാടകങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം അറബ്-മുസ്‌ലിം വംശജരെക്കുറിച്ച് ബോധപൂര്‍വം നിര്‍മിച്ചെടുക്കപ്പെട്ടിട്ടുള്ള വാര്‍പ്പുമാതൃകകളെ അദ്ദേഹം പൊളിച്ചെഴുതുന്നുണ്ട്. 

യൂറോപ്യന്‍ വംശീയബോധത്തെയോ അള്‍ട്രാ സെക്യുലര്‍ കാഴ്ചപ്പാടുള്ളവരെയോ തൃപ്തിപ്പെടുത്തുന്ന ഇസ്‌ലാം വിമര്‍ശനത്തിന് ആഗോളതലത്തില്‍ തന്നെ ലഭിക്കുന്ന മികച്ച സ്വീകാര്യതയെയും വാണിജ്യപരമായ സാധ്യതകളെയും കുറിച്ച് ജാക്ക് ഷഹീന്‍ നിരീക്ഷിക്കുന്നുണ്ട്. സല്‍മാന്‍ റുഷ്ദിയും തസ്‌ലീമാ നസ്‌റീനും അയാന്‍ ഹിര്‍സി അലിയുമെല്ലാം തുടക്കത്തില്‍ തങ്ങളുടെ മുസ്‌ലിം സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെ മതാത്മകമായ 'നീതികേടു'കളെയും 'അയുക്തി'കളെയും ചോദ്യം ചെയ്യുന്നവരും മാറ്റത്തിന് മുറവിളി കൂട്ടുന്നവരുമായാണ് രംഗ പ്രവേശം ചെയ്യുന്നത്. എന്നാല്‍ ഇസ്‌ലാമിക സ്വത്വമുള്ള ഇസ്‌ലാം വിമര്‍ശകനായ ഒരാള്‍ക്ക് പൊതു ഇടത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും മാര്‍ക്കറ്റും തിരിച്ചറിഞ്ഞ് അതൊരു സാധ്യതയായി തെരഞ്ഞെടുക്കുകയായിരുന്നു അവരില്‍ പലരും. 

ഒരു ഘട്ടത്തില്‍ പുനത്തിലും തന്റെ കഥകളിലും നോവലുകളിലും സംസാരങ്ങളിലും അത്തരം പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന അത്യുക്തികളെയും ഇസ്‌ലാം വിരുദ്ധതയെയും എഴുന്നള്ളിക്കുന്നുണ്ട്. സവര്‍ണ പൊതുബോധം മാത്രമല്ല അള്‍ട്രാ സെക്യുലരിസ്റ്റുകളും അതിനെയെല്ലാം വലിയ തോതില്‍ ആഘോഷിച്ചിരുന്നു. മലയാളികളുടെ പൊതുബോധം ആഘോഷിക്കുകയും കൈയടിക്കുകയും ചെയ്യുന്ന രചനകള്‍ ഇസ്‌ലാമിനെക്കുറിച്ച വ്യാജ നിര്‍മിതിയിലൂടെ ആവിഷ്‌കരിക്കേണ്ടിവരുന്ന തരത്തില്‍ ഇത്തരക്കാര്‍ക്ക് ഇതൊരു ബാധ്യതയും ഭാരവുമായിത്തീരാറുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് നല്ലതെന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്താല്‍ നഷ്ടപ്പെടുന്ന മതേതര പുരോഗമന കിരീടം അന്ധമായ ഇസ്‌ലാം വിമര്‍ശനത്തിലേക്ക് പലപ്പോഴും ഇവരെ എടുത്തെറിയുകയായിരുന്നു. പുനത്തിലിന്റെ കാര്യത്തില്‍ അതേറക്കുറെ സത്യമായിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ മാത്രമല്ല ജീവിതത്തിലും അത്തരം പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഇസ്‌ലാംവിരുദ്ധത ഏറിയ തോതില്‍ ഒരഭിമാനമായിത്തന്നെ അദ്ദേഹം കൊണ്ടുനടന്നിരുന്നു. പല ചാനല്‍ അഭിമുഖങ്ങളിലും അതിരുകള്‍ ലംഘിക്കുകയും ചെയ്തിരുന്നു. 

ഒരുപക്ഷേ ചില ഘട്ടങ്ങളില്‍ ബഷീറിനേക്കാള്‍ പുനത്തിലിനെ മലയാളിയുടെ പൊതുബോധം ആഘോഷിച്ചു. പുനത്തില്‍ തൊടുത്തുവിട്ട അയുക്തിക ഇസ്‌ലാമിനെ ആഘോഷിച്ചവര്‍ പക്ഷേ അതേ ഇസ്‌ലാമിനെ വാരിപ്പുണര്‍ന്ന കമലാ സുറയ്യയോട് കടുത്ത അസഹിഷ്ണുത കാണിച്ചു. ഏറ്റവും അവസാനം സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിവാദമായ പത്രപ്രസ്താവനയില്‍ മുസ്‌ലിംകളെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ അപരിഷ്‌കൃതരുടെ മാനസിക നിലയുള്ളവര്‍ എന്ന കടുത്ത വംശീയ പരാമര്‍ശങ്ങളെ പോലും ഉല്‍പാദിപ്പിക്കുന്നതില്‍ ഇത്തരം മുന്‍വിധികള്‍ സൃഷ്ടിച്ച രചനകള്‍ക്കുള്ള പങ്ക് ഏറെയാണ്.

പുനത്തിലിനെയും മലാലയെയും തസ്‌ലീമാ നസ്‌റിനെയും ഖദീജാ മുംതാസിനെയുമെല്ലാം ആഘോഷിച്ചവര്‍ തന്നെ പൊതുബോധത്തിനു വേണ്ടി സൃഷ്ടിച്ചെടുത്ത 'വ്യാജ' ഇസ്‌ലാമിനെ മാധവിക്കുട്ടി സ്വീകരിച്ചപ്പോള്‍ തൊടുത്തുവിട്ട പരിഹാസങ്ങളും ആരോപണങ്ങളുമെല്ലാം കേരളത്തിലെ സെക്യുലര്‍ സവര്‍ണ പൊതുബോധത്തിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ്. എഴുത്തില്‍ ചിലപ്പോഴെങ്കിലും പുനത്തിലിനേക്കാള്‍ സമൂഹം കല്‍പിച്ചുനല്‍കിയ വിലക്കുകളെ പൊട്ടിച്ചെറിഞ്ഞ കമലാ സുറയ്യ ഇസ്‌ലാമില്‍ കണ്ടെത്തിയ വെളിച്ചത്തിന്റെ ഇത്തിരിവെട്ടം പോലും പുനത്തില്‍ കണ്ടതുപോലുമില്ല. എന്നാല്‍ അവസാന കാലത്ത് അദ്ദേഹത്തിന് ഇസ്‌ലാം പ്രസരിപ്പിക്കുന്ന ആത്മചൈതന്യത്തെക്കുറിച്ച ബോധോദയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെക്കുന്നുമുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍