Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

പൊള്ളിക്കുന്ന പുസ്തകം

എന്‍.പി മുനീര്‍

ഒരു വെടിയുണ്ട കുരുന്നു സിറാജിന്റെ നെറുകയില്‍ ഉമ്മ വെച്ച് ഓടി മറഞ്ഞിരുന്നു. ഗസ്സയിലെ ഒരു ചെറിയ ആശുപത്രിയില്‍ അവനെത്തുമ്പോള്‍ വിളറിയിരുന്നെങ്കിലും ആ കുഞ്ഞു മുഖത്ത് ജീവന്റെ പ്രസന്നതയുണ്ടായിരുന്നു.ഡോക്ടര്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് മുഖത്തെ ചോരപ്പാടുകള്‍ തുടച്ചുകൊണ്ടിരുന്നു. അവനൊന്നും സംഭവിച്ചിട്ടില്ല. പൊടുന്നനെ അയാള്‍ കണ്ടു. അവന്റെ തലയുടെ പിന്നാമ്പുറം വെറും ആവരണം മാത്രമായിരുന്നു. തലച്ചോറ് മുഴുവനും നഷ്ടപ്പെട്ട ഒരു കൊച്ചു ഗുഹ. ഇരുപത് വര്‍ഷങ്ങളോളമുള്ള തന്റെ ഭിഷഗ്വര ജീവിതത്തില്‍, ഹൃദയഭേദകമായ ഇത്തരമൊരു രംഗം, ഹൃദയമിടിപ്പ് നിശ്ചലമാകുന്ന അനുഭവം...

ഡോക്ടര്‍ തരിച്ചിരുന്നുപോയി...

സബീറാ ഉമ്മ...പൂന്തോട്ടത്തില്‍ തുടുത്തു വിരിഞ്ഞ് നില്‍ക്കുന്ന കടും ചുവപ്പും തൂവെള്ളയും കുങ്കുമനിറവുമൊക്കെയുള്ള പൂക്കള്‍ അലങ്കരിച്ച് നില്‍ക്കുന്ന കുഞ്ഞു ചെടികള്‍ക്കു വേണ്ടി ജീവിതം പാകപ്പെടുത്തിയ സബീറാ ഉമ്മ.

അന്നും അരുമ മകള്‍, കടുംമഞ്ഞ ഫ്രോക്കിട്ട നാദിറ ഒരു മഞ്ഞ പൂമ്പാറ്റ പോലെ ഒപ്പമുണ്ടായിരുന്നു. പച്ചമുളക് ചെടികളുടെ ഇടയില്‍ ഒരു കൗതുക വസ്തു വീണുകിടക്കുന്നത് നാദിറയുടെ കണ്ണില്‍പെട്ടു. ആകര്‍ഷകമായ ഒരു കളിപ്പാട്ടം. അവള്‍ അതെടുത്തു. അടഞ്ഞു കിടന്ന ആ ചെറിയ കളിപ്പാട്ടത്തിന്റെ അടപ്പ് ശക്തിയോടെ വലിച്ചെടുത്ത് തുറക്കാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

നാദിറയുടെ അലര്‍ച്ച കേട്ടാണ് സബീറാ ഉമ്മ ഓടിയെത്തുന്നത്. ബോധമറ്റു കിടക്കുന്ന നാദിറയെയുമെടുത്ത് ആശുപത്രിയിലേക്കോടി. മൂന്ന് ദിവസം അതേ കിടപ്പ് കിടന്നു. ഒടുവില്‍ നാദിറയെന്ന മഞ്ഞപ്പൂമ്പാറ്റ കളിപ്പാട്ടങ്ങളില്ലാത്ത ലോകത്തേക്ക് ചിറകടിച്ചുപോയി.

വായനക്കാരെ കണ്ണീരണിയിക്കുന്ന ഹൃദയഭേദകമായ ഒരു പാട് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രേമന്‍ ഇല്ലത്ത് 'പുറത്താക്കപ്പെട്ടവരുടെ പുസ്തകം' എന്ന തന്റെ ആദ്യ നോവല്‍ എഴുതിയിരിക്കുന്നത്. തലശ്ശേരിക്കടുത്ത് മൊകേരി സ്വദേശിയും ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസക്കാരനും കുവൈത്ത് പ്രവാസിയുമായ പ്രേമന്‍ ഇല്ലത്ത് 'അധിനിവേശകാലത്തെ പ്രണയം' എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിച്ചിരിക്കുന്ന നോവലാണ്  'പുറത്താക്കപ്പെട്ടവരുടെ പുസ്തകം.' മലയാളത്തിലെ ആദ്യത്തെ ഫലസ്ത്വീന്‍ നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമായ ഈ കൃതി വായനക്കാരെ പിടിച്ചിരുത്തുന്നു. ഒഴുക്കുള്ള വായന സമ്മാനിക്കുന്നതോടൊപ്പം തന്നെ ഭാഷയുടെ സൗന്ദര്യവും ലാളിത്യവും വിളിച്ചോതുന്നു് നോവല്‍. 'പുറത്താക്കപ്പെട്ടവരുടെ  പുസ്തക'ത്തിന്റെ ആമുഖത്തില്‍ 'ഇതിലെ കഥയും കഥാപാത്രങ്ങളുമെല്ലാം തികച്ചും സാങ്കല്‍പ്പികങ്ങളാണ്' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടെങ്കിലും അതിശയോക്തിയോ അവിശ്വസനീയതയോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കാനുള്ള പ്രധാന കാരണം ഫലസ്ത്വീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരന്തങ്ങളുടെയും നേര്‍ചിത്രം നിരന്തരമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്. മരണം മൂടിനില്‍ക്കുന്ന ഫലസ്ത്വീന്‍ ജീവിതങ്ങളുടെ മനഃസംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി ചിത്രീകരിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് വിലയിരുത്താനാകും. ഇസ്രയേല്‍, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, തുര്‍ക്കി, ലബ്‌നാന്‍, അമേരിക്ക, ഇറാഖ്, കുവൈത്ത്, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കൂടി അതിജീവന സ്വപ്‌നത്തിന്റെ, പുറത്താക്കപ്പെടലുകളുടെ കഥകള്‍ കൂടി നിറഞ്ഞതാണെങ്കിലും തൂലിക ഫലസ്ത്വീന്റെ ചുടുചോര മണക്കുന്ന മണ്ണിലേക്കെത്തുമ്പോള്‍ തീവ്രവും തീക്ഷ്ണവുമായ വായനാനുഭവം നല്‍കുന്നുണ്ട്.

ഉഗ്രസ്‌ഫോടനങ്ങളുടെ പ്രകമ്പനം അലയടിക്കുന്ന ഗസ്സയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ സാദ് അബ്ദുല്ലക്കും ലൈലക്കും ദൈവം കനിഞ്ഞുനല്‍കിയ പെണ്‍കുഞ്ഞിന്റെ കരച്ചിലോടെയാണ് നോവല്‍ ആരംഭിക്കുനത്. സന്തോഷം കൊണ്ട് മതിമറക്കേണ്ട ആ സുന്ദര മുഹൂര്‍ത്തത്തില്‍ പോലും ഗസ്സയിലെ കൊച്ചുവീട്ടില്‍നിന്ന് ഉയരുന്നത് കൂട്ടക്കരച്ചിലുകളായിരുന്നു. ആകാശത്തുനിന്ന് ഏതു നിമിഷവും പൊട്ടിവീഴാന്‍ സാധ്യതയുള്ള ഷെല്ലുകളും ബോംബുകളും ദുരന്ത ചിന്തകള്‍ ഉണര്‍ത്തുമ്പോള്‍ എങ്ങനെയാണ് കണ്ണീര്‍മഴയില്‍ കുതിരാതിരിക്കുക!

തന്റെ കുരുന്നു സുന്ദരിയെ സുരക്ഷിതമായി വളര്‍ത്താന്‍ റാമല്ലയിലുള്ള അമ്മാവന്‍ ഖലീദ് മെഹ്‌റാന്റെ വീട്ടിലേക്ക് പലായനം ചെയ്യുകയാണ് സാദും കുടുംബവും. മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തിനിടയില്‍ അമ്പരന്നു നില്‍ക്കുന്ന ഫലസ്ത്വീനികളുടെ പ്രതിസന്ധി നോവലില്‍ പലയിടങ്ങളിലായി അടയാളപ്പെടുത്തുന്നു. 'സുബ്ഹി നിസ്‌കാരത്തിന്റെ ബാങ്ക് വിളിയുടെ അലയൊലികള്‍ വിദൂരതയിലെ മിനാരങ്ങളില്‍നിന്നും ഒഴുകിയെത്തിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു.' രാവാണോ പകലാണോ എന്ന് തിരിച്ചറിയാന്‍ പോലും മറന്നുപോകുന്നത്ര മനോവേദനകള്‍ കീഴടക്കുന്ന ചിന്തകള്‍ അതിന് തെളിവ് നല്‍കുന്നുണ്ട്. യാത്രക്കിടയില്‍ സാദിന്റെ ചിന്തകളിലും പ്രതിസന്ധിയുടെ ആഴം നിഴലിക്കുന്നുണ്ട്. 'ഫലസ്ത്വീനിക്ക് ജീവിതം ഒരവകാശമല്ല, അതൊരു സ്വപ്നമാണ്.'

ഖലീദ് മെഹ്‌റാന്റെ കഴുത്തിന്റെ പിന്നിലുള്ള വെടിയേറ്റ അടയാളത്തെക്കുറിച്ച് പറയുമ്പോള്‍ വീണ്ടും ഫലസ്ത്വീന്‍ ജീവിതങ്ങളുടെ സമാനത കുറിച്ചിടുന്നുണ്ട് നോവലിസ്റ്റ്. 'പോരാട്ടത്തിന്റെ ഒരടയാളമെങ്കിലും ശരീരത്തില്‍ പേറാത്ത ആണുങ്ങള്‍ ഈ ഭൂപ്രദേശത്തുണ്ടാവില്ല. കാരണം അവര്‍ക്ക് ജീവിതം പോരാട്ടവും പോരാട്ടം ജീവിതവുമാണ്.'

വ്യത്യസ്ത കഥാപാത്രങ്ങളുടെ ചിന്തകളിലൂടെ ആഖ്യാനം നടത്തുന്നുണ്ടെങ്കിലും എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാത്ത ശൈലി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് വായനക്കാര്‍ക്ക് ഓരോ കഥാപാത്രത്തെയും രംഗത്തെയും എളുപ്പത്തില്‍ മനസ്സില്‍ കുറിച്ചിടാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ സാദ് അബ്ദുല്ലയുടെ മകള്‍ നൗഷീന്റെ ജീവിതയാത്ര യോടൊപ്പം തന്നെ ദുരന്തങ്ങളില്‍ ചിതറിത്തെറിക്കുന്ന ഓരോ മനുഷ്യ ജീവിതത്തിന്റെയും ചെറിയ കഥകള്‍ക്കു പോലും പ്രാധാന്യം ലഭിക്കുന്നുണ്ട്.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന അഫൈന ചെടിയോട് സ്വകാര്യം പറയുന്ന കുഞ്ഞു നൗഷീന്റെ ജീവിത സ്വപ്‌നങ്ങള്‍ കാല്‍പനിക സൗന്ദര്യം തുളുമ്പുന്ന വരികള്‍ കൊണ്ട് മനോഹരമായി വര്‍ണിക്കുന്നുണ്ട്.

'സുന്ദരിയായ നിന്നില്‍ മരുഭൂമിയുടെ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മധ്യധരണ്യാഴിയുടെ നീലിമയും സ്‌ട്രോബറിയുടെ ശോണിമയും നിനക്ക് തന്ന ദൈവത്തോട് നീ പറയുക; യന്ത്രത്തോക്കുകളുടെ പേടിപ്പിക്കുന്ന ശബ്ദങ്ങളില്ലാത്ത, പെട്രോള്‍ ബോംബുകളുടെ അഗ്നിച്ചിറകുകള്‍ പറന്നുവരാത്ത, ഷെല്ലുകള്‍ ആകാശവര്‍ഷം നടത്താത്ത ഒരു തുണ്ട് ഭൂമി ഞങ്ങള്‍ക്കായും നിര്‍മിച്ചുതരിക എന്ന്.'

'ഒറ്റത്തണ്ടില്‍ ഏകാകിയായി നിന്ന ആ ചെടി പൊടുന്നനെ നീലിച്ച പച്ചയിലകള്‍ നീട്ടി തളിര്‍ക്കുകയും, അനേകം പൂക്കുലകള്‍ വിരിയിച്ച് ഒറ്റ നിമിഷത്തില്‍ സര്‍വാഭരണ വിഭൂഷിതയാവുകയും ചെയ്തു.'

മകള്‍ക്കു വേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടം നിശ്ചയദാര്‍ഢ്യത്തിന്റെ കനല്‍ വഴികളിലൂടെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സമരവീര്യത്തിന്റെ കരുത്ത് പിന്നീട്  ഇസ്രയേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതകള്‍ക്ക് നേരെയുള്ള ജീവിതപ്പോരാട്ടമാക്കി മാറ്റിയ അമേരിക്കയില്‍ ജനിച്ച തെരേസ, നോവിന്റെ ഇന്നലെകള്‍ തളര്‍ത്തിയ ജീവിതം അടിതെറ്റാതിരിക്കാന്‍ ബര്‍ജിസ് കളിയിലെ വിജയങ്ങള്‍ കൊണ്ട് ആശ്വാസം കണ്ടെത്തുന്ന തമീമ അന്‍വര്‍, അപ്രതീക്ഷിത ദുരന്തം വിഴുങ്ങിയ ജീവിതത്തില്‍ നിരാശയാകാതെ അനാഥരാകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ഡോ. മര്‍യം അബ്ബാസ്.... ഫലസ്ത്വീന്റെ മണ്ണില്‍ പുരുഷന്മാരില്ലാതാകുന്ന സാഹചര്യവും സ്ത്രീകളുടെ അതിജീവനവും നോവലിന്റെ മുന്നോട്ടുള്ള സഞ്ചാരത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഫലസ്ത്വീന്‍ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും ഇസ്രയേല്‍ സൈന്യത്തിന്റെ കൊടും ക്രൂരതകളും വിവിധ കഥാസന്ദര്‍ഭങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നുണ്ട്.

'പട്ടാളത്തിന്റെ പിടിയിലായാല്‍ പ്രാപ്പിടിയന്റെ കാല്‍നഖങ്ങള്‍ക്കിടയില്‍ കുരുങ്ങിയ പക്ഷിക്കുഞ്ഞിന്റെ ഗതിയാണ്. ഇരകള്‍ അന്തര്‍ധാനം ചെയ്യപ്പെടുന്നത് നിഗൂഢമായ മരുന്ന് പരീക്ഷണ ശാലകളിലോ കൂട്ടക്കുഴിമാടങ്ങളിലോ ആണ്.'

'റവ്ദ' എന്നൊരു ഗ്രാമം. ആ ഗ്രാമത്തിന്റെ പ്രത്യേകത ആരെയും അമ്പരപ്പിക്കും. കാരണം അവിടെ പുരുഷന്മാരായി ആരുമില്ല. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പട്ടാളം പിടിച്ചുകൊണ്ടുപോകുന്ന ചെറുപ്പക്കാര്‍ പിന്നീട് പുറം ലോകം കാണില്ല. ചെറുപ്പക്കാരായ തടവുകാര്‍ക്ക് മസ്തിഷ്‌ക മാന്ദ്യത്തിനുള്ള മരുന്ന് ഭക്ഷണത്തില്‍ ചേര്‍ത്തുകൊടുക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ജയില്‍ അധികൃതര്‍ പുറത്തുവിടുന്ന ലിസ്റ്റില്‍ പേരില്ലെങ്കില്‍ ഉറപ്പിക്കാം, രോഗബാധിതരായി മരണപ്പെട്ടവരുടെ ലിസ്റ്റില്‍ അവരുടെ പേരുണ്ടാകും.

മരണത്തിനും തോല്‍പ്പിക്കാനാവാത്ത ഫലസ്ത്വീന്‍ ജനതയുടെ പോരാട്ടവീര്യത്തെ ജ്വലിക്കുന്ന വാക്കുകളിലൂടെ, നിരീക്ഷണങ്ങളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ടണ്ട്. 'പ്രതിഷേധത്തില്‍ ഇരമ്പിയാര്‍ത്ത യുവരക്തം കുങ്കുമപ്പുഴകളായി ഒഴുകി.'

ഫലസ്ത്വീനിക്ക് ദുഃഖവും ദുരന്തവുമെല്ലാം കൂടപ്പിറപ്പാണ്. ഖബ്‌റിലെത്തുന്നതുവരെ അതിന്റെ കരിനിഴല്‍ അവനെ അനുധാവനം ചെയ്തുകൊണ്ടിരിക്കും.

കലാപങ്ങളുടെ ഇടവേളകളില്‍ വീണുകിട്ടുന്ന ജീവിതം അതിവേഗം അവര്‍ ജീവിച്ചെടുക്കും. അതുകൊണ്ടാണ് ഓരോ കലാപത്തിനു് ശേഷവും നൂറുകണക്കിന് മനുഷ്യര്‍ പിടഞ്ഞു വീണാലും ധ്രുതഗതിയില്‍ ഗ്രാമവും നഗരവും സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നത്.

ഗസ്സയില്‍ 'ബുറൈജ്' എന്ന പേരുള്ള ഒരു ശ്മശാനത്തെക്കുറിച്ച്  പറയുന്നുണ്ട്. കുട്ടികള്‍ക്ക് മാത്രമുള്ള ശ്മശാനം. കുട്ടികള്‍ പോലും ഏത് സമയവും മരിക്കാന്‍ തയാറായി നില്‍ക്കുന്ന പ്രദേശം ലോകത്ത് വേറെ എവിടെ കാണാനാവും? വലിയ കുട്ടികള്‍ പ്രതീകാത്മകമായി കൂട്ടുകാരന്റെ ശവമഞ്ചം ചുമലിലേറ്റി 'ജനാസ കളി'യില്‍ വ്യാപൃതരാകുന്നു. കുട്ടികളുടെ കളിയെ പോലും മരണം സ്വാധീനിക്കുന്നു.

ക്രിക്കറ്റ് കളിക്കിടെ സിക്‌സറടിച്ച പന്ത്  ഉയര്‍ന്നു പോയി പോലീസ് ക്യാമ്പില്‍ ചെന്ന് വീണുവെന്ന ഒറ്റക്കാരണത്തിന് ഇസ്രയേല്‍ പോലീസ് പിടിച്ചുകൊണ്ടുപോയ സഹപാഠിക്കു വേണ്ടി പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങുന്ന കുട്ടികള്‍. കല്ലും സോഡാകുപ്പികളുമായി ഇസ്രയേല്‍ പട്ടാളവുമായി ഏറ്റുമുട്ടാന്‍ ഇറങ്ങുന്ന കുട്ടികളെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ നോക്കുന്ന ലൈല ടീച്ചറുടെ വിഫല ശ്രമത്തെ പറ്റി പറയവെ, ഫലസ്ത്വീന്‍ കൗമാരത്തിന്റെ പോരാട്ടവീര്യത്തെ ഒറ്റവാചകത്തില്‍ കൊളുത്തിവിടുന്നുണ്ട്. 'ഉപദേശങ്ങളുടെ വഴിയില്‍ തിരിഞ്ഞൊഴുകുന്നതല്ല ഫലസ്ത്വീന്‍ ചോരയുടെ കുത്തൊഴുക്ക്.'

മസ്ജിദുല്‍ അഖ്‌സ്വായിലേക്കുള്ള നൗഷീന്റെ യാത്രയില്‍ ജറൂസലമിന്റെ തെരുവുകളെക്കുറിച്ചും അറബ് മണ്ണിലെ ഇതിഹാസ നായകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വീര ചരിത്രത്തെക്കുറിച്ചും വര്‍ണിക്കുന്നുണ്ട്. സര്‍വായുധഭൂഷിതരായ കുരിശുപടയെ തൗഹീദിന്റെ ഊര്‍ജം കൊണ്ട് നേരിട്ട ഇതിഹാസ നായകനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പേരില്‍ ചരിത്ര സ്മാരകമായി സ്വലാഹുദ്ദീന്‍ തെരുവ് തന്നെ ജറൂസലമില്‍ ഉ്.

ചരിത്ര പശ്ചാത്തലങ്ങളിലൂടെയുള്ള നോവലിന്റെ സഞ്ചാരം കാമ്പുള്ള വായന സമ്മാനിക്കുന്നുണ്ട്. പ്രേമന്‍ ഇല്ലത്തിലെ ചരിത്രാന്വേഷകന്‍ സങ്കീര്‍ണമായ ചരിത്ര വസ്തുതകള്‍ പോലും സംഭാഷണ രൂപത്തില്‍ വായനക്കാരിലേക്കെത്തിച്ച് വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്നു.

കഅ്ബ മിനാരത്തെ ആക്രമിക്കാന്‍ വന്ന പരദേശി സൈന്യത്തെ എങ്ങുനിന്നോ പറന്നുവന്ന പക്ഷികള്‍ വര്‍ഷിച്ച കല്ലുകള്‍ പരാജയപ്പെടുത്തിയ അത്ഭുതം  വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുകൊണ്ടാണ്  ഫലസ്ത്വീന്‍ ജനത പോര്‍മുഖങ്ങളില്‍ കല്ല് പ്രധാന ആയുധമാക്കുന്നതെന്ന് ഗ്രന്ഥകാരന്‍ കുറിച്ചിടുന്നു.

വെടിയൊച്ചകളും രക്തപ്പുഴകളും അശാന്തമാക്കിയ ഫലസ്ത്വീനില്‍നിന്ന് കുവൈത്തിന്റെ സമൃദ്ധിയിലേക്ക് നോവല്‍ പറിച്ചുനടുമ്പോള്‍ വരണ്ടുണങ്ങിയ വേനലില്‍ പുതുമഴ പെയ്യിക്കാന്‍ നോവലിസ്റ്റ് ശ്രമം നടത്തുന്നുണ്ട്. രാജീവ് മേനോനെന്ന മലയാളി ബിസിനസ്സുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ലബനാന്‍ സ്വദേശി ജാക്‌ലിനും ശ്രീലങ്കക്കാരി നസ്രിയയും ഇരുള്‍ മൂടിയ ഭൂതകാലചരിത്രവുമായി രംഗത്തെത്തുന്നുണ്ട്. 

സദ്ദാം ഹുസൈന്റെ പട്ടാളം കുവൈത്ത് കീഴടക്കിയ കാലത്തെ ഭീതിജനകമായ രംഗങ്ങളും ഇരുപതു ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങളും നോവലില്‍ വിശദമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സദ്ദാം കുവൈത്തില്‍ അധിനിവേശം നടത്തിയതിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് നോവലിസ്റ്റ്. നിരപരാധികളായ കുവൈത്ത് ജനതയുടെ നെഞ്ചില്‍ ബൂട്ടുകളമര്‍ത്തിനിന്ന്, ഫലസ്ത്വീനില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന ഗീര്‍വാണം നടത്തുന്ന സദ്ദാമിന്റെ ഇരട്ടത്താപ്പും വിമര്‍ശിക്കപ്പെടുന്നു. അതേസമയം അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയ കാലഘട്ടത്തിലും സദ്ദാം വിമര്‍ശനം അവസാനിപ്പിക്കാത്തത് ചരിത്രത്തോട് ചെയ്ത അനീതിയായിപ്പോയി. സാമ്രാജ്യത്വത്തിനെതിരെ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന 'അവികസിത' ചെറുത്തുനില്‍പ്പിനെ, അതൊരു പരാജയമായിരിക്കുമ്പോഴും എഴുതിത്തള്ളാനാവില്ലെന്നും തോല്‍വികള്‍ കൊണ്ടും വീഴ്ചകള്‍ കൊണ്ടും ഒരു ചെറുത്തുനില്‍പ്പും ചരിത്രത്തില്‍നിന്ന് തിരസ്‌കൃതമാവുന്നില്ലെന്നും അവതാരികയില്‍ കെ.ഇ.എന്‍ സൂചിപ്പിക്കുന്നുണ്ട്. കെ.ഇ.എന്‍ നോവലിന്റെ ശക്തികേന്ദ്രമായി സ്ത്രീനേതൃത്വത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും ചില പുരുഷ കഥാപാത്രങ്ങളും നൊമ്പരങ്ങളും വേദനകളും വായനക്കാരില്‍ കോറിയിട്ട് കടന്നുപോകുന്നുണ്ട്. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 140 രൂപ.

 

*********************************************

 

 

ചരിത്ര പുരുഷനെക്കുറിച്ച് യുഗപുരുഷന്റെ നിരീക്ഷണങ്ങള്‍

-മുഹമ്മദ് ബാബു-


ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 'ഇമാം മൗദൂദി: ചിന്തകന്‍, പരിഷ്‌കര്‍ത്താവ്' എന്ന ചെറുകൃതി നൂറ്റാണ്ടിന്റെ നവോത്ഥാന നായകനെക്കുറിച്ച് കാലഘട്ടത്തിന്റെ പരിഷ്‌കര്‍ത്താവ് നല്‍കുന്ന വശ്യസുന്ദരമായ ഒരു വായനാനുഭവമാണ്. ആത്മാര്‍ഥ സ്‌നേഹവും ആദര്‍ശബന്ധവും വഴിഞ്ഞൊഴുകുന്ന മാതൃകാരചന. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളെയും പരിഷ്‌കരണപ്രബോധന പ്രവര്‍ത്തനങ്ങളെയും ആസ്പദിച്ച് രചിച്ച 'നള്‌റാത്തുന്‍ ഫീ ഫിക്‌രില്‍ ഇമാം അല്‍ മൗദൂദി' എന്ന അറബി കൃതിയുടെ മലയാള പരിഭാഷ തയാറാക്കിയിരിക്കുന്നത് ഹുസൈന്‍ കടന്നമണ്ണയാണ്.

മൗദൂദിയുടെ എഴുത്തുകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ ചിന്തകളെ കണ്ടെടുക്കാനുള്ള ശ്രമമാണ് ഖറദാവി നടത്തുന്നത്. മൗദൂദിയുമായി അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ ഖറദാവി നേരില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. മൗദൂദി മരണപ്പെട്ടപ്പോള്‍ പാകിസ്താനില്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ഖറദാവി ആയിരുന്നു.

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വളരെ സൂക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷമായി തന്റെ യോജിപ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തുകയാണ് ഈ കൃതിയില്‍. മൂന്ന് ശീര്‍ഷകങ്ങളിലാണ് കൃതി ക്രോഡീകരിച്ചിരിക്കുന്നത്. ചിന്തകനായ മൗദൂദി, പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ മൗദൂദി, മൗദൂദി വിമര്‍ശകര്‍. ഒന്നാം ശീര്‍ഷകമായ 'ചിന്തകനായ മൗദൂദി' ഖറദാവി ആരംഭിക്കുന്നത് കിടയറ്റ ഒരു ആഗോള ഇസ്‌ലാമിക ചിന്തകനെ മുസ്‌ലിം ലോകത്തിന് നഷ്ടമായതിലുള്ള നൊമ്പരങ്ങള്‍ അയവിറക്കിക്കൊണ്ടാണ്.

ഖറദാവി എഴുതുന്നു: ''ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍, വിവിധ ലോക-പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്; ആ ഗ്രന്ഥങ്ങള്‍ ദേശാന്തരങ്ങളെ പ്രകാശപൂരിതമാക്കി; കിഴക്കും പടിഞ്ഞാറുമുള്ള ദശലക്ഷങ്ങളായ മുസ്‌ലിംകളും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരും അവ പ്രയോജനപ്പെടുത്തി; ആശയസമരത്തില്‍ പുറത്തും അകത്തുമുള്ള ശത്രുക്കളെ നേരിടുന്നതില്‍ അവരുടെ വജ്രായുധമായിരുന്നു അവ. തങ്ങളുടെ പ്രാസ്ഥാനിക ജീവിതത്തില്‍ വഴികാണിക്കുന്ന വിളക്കുമാടങ്ങളായും അവ നിലകൊണ്ടു.''

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ രണ്ടാം ഘട്ടത്തില്‍ സമകാലികരായ പ്രതിയോഗികളെ സയുക്തികം നേരിട്ട മൗദൂദി ഏഴു ചിന്താധാരകളെയാണ് മുഖ്യമായും എതിരിട്ടതെന്ന് ഖറദാവി പറയുന്നു. യാഥാസ്ഥിതിക ചിന്ത, അന്ധവിശ്വാസ ചിന്ത, പാശ്ചാത്യദാസ്യചിന്ത, അപകര്‍ഷ ചിന്ത, ക്ഷമാപണ ശൈലി, സുന്നത്ത്‌നിഷേധ ചിന്ത, ഖാദിയാനി ചിന്ത എന്നിവയെ. തുടര്‍ന്ന് ഇസ്‌ലാമിനെ അല്ലാഹു അവതരിപ്പിച്ച അതേപടി അദ്ദേഹം സമര്‍പ്പിച്ചു. മൂന്ന് സവിശേഷതകളായിരുന്നു മൗദൂദിയില്‍ സമ്മേളിച്ചത്. സമ്പൂര്‍ണ ഇസ്‌ലാമിനോടുള്ള പ്രതിബദ്ധത, കാലോചിതമായ ശൈലി, എന്തിനെയും അഭിമുഖീകരിക്കാനുള്ള ആര്‍ജവം.

താന്‍ വിശ്വസിച്ച് അംഗീകരിക്കുന്ന ജീവിത വ്യവസ്ഥയായ ഇസ്‌ലാമില്‍ അദ്ദേഹം അങ്ങേയറ്റം അഭിമാനം കൊണ്ടു. പാശ്ചാത്യ നാഗരികതയുടെ ന്യൂനതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പര്‍ദ എന്ന കൃതി പടിഞ്ഞാറന്‍ നാഗരികതയുടെ സാമൂഹികവശത്തെ നിശിതമായി നിരൂപണം ചെയ്തു. പലിശയെക്കുറിച്ച് എഴുതിയ  കൃതിയിലും മുതലാളിത്ത പാശ്ചാത്യ സംസ്‌കാരത്തിന്റെ സാമ്പത്തിക നിലപാടുകളെ അദ്ദേഹം രൂക്ഷവിമര്‍ശനത്തിനു വിധേയമാക്കി. 'പരിഷ്‌കര്‍ത്താവായ മൗദൂദി' എന്ന ശീര്‍ഷകത്തില്‍ ഖറദാവി, സാമൂഹിക ഭിഷഗ്വരന്റെ ദൗത്യം എങ്ങനെ മൗദൂദി നിര്‍വഹിച്ചു എന്നാണ് വിശദീകരിക്കുന്നത്.

മൗദൂദി സ്ഥാപിച്ച സംഘടനക്കും പ്രവര്‍ത്തകര്‍ക്കും ആത്മീയത കുറവാണെന്ന തെറ്റിദ്ധാരണയെയും ഖറദാവി തിരുത്തുന്നുണ്ട്. സത്യത്തില്‍ മൗദൂദി പ്രസ്ഥാനത്തിനും അതിലെ അംഗങ്ങളുടെ ശിക്ഷണത്തിനും ആത്മീയ വശത്തിനുള്ള പ്രാധാന്യം അവഗണിച്ചിട്ടില്ല. 'തദ്കിറത്തുദുആത്തില്‍ ഇസ്‌ലാം' എന്ന ശീര്‍ഷകത്തില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥത്തിലെ 'ഇസ്‌ലാമിക പ്രവര്‍ത്തകരുടെ അനിവാര്യ ഗുണങ്ങള്‍' എന്ന ഉപശീര്‍ഷകത്തിനു കീഴെ ചില ഖണ്ഡികകള്‍ എടുത്തുദ്ധരിച്ച് ഖറദാവി ഈ വശം വിശദീകരിക്കുന്നുണ്ട്. 'മൗദൂദി വിമര്‍ശകര്‍' എന്ന ശീര്‍ഷകത്തില്‍ ഖറദാവി വളരെ ശക്തമായിത്തന്നെ മൗദൂദി വിമര്‍ശകരുടെ വാദങ്ങളുടെ മുനയൊടിക്കുന്നതോടൊപ്പം, തന്റെ ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നുണ്ട്:

ഒരു പരിഷ്‌കര്‍ത്താവായാണ് ഖറദാവി മൗദൂദിയെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നത്. തജ്ദീദിന്റെ ചില വശങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 'ഇസ്വ്‌ലാഹ്' സഹായകമാകുമെങ്കിലും ഇസ്വ്‌ലാഹും തജ്ദീദും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. മൗദൂദിയെ 'മുജദ്ദിദ്' എന്ന് വിശേഷിപ്പിക്കാമോ? ഈ വിഷയത്തില്‍ മൗദൂദിയെ സംബന്ധിച്ച് പഠനാര്‍ഹമായ പുസ്തകമാണ് അറബിയില്‍ രചിക്കപ്പെട്ട 'മന്‍ഹജിയ്യ അത്തജ്ദീദ് ഇന്‍ത അബീ അല്‍ അഅ്‌ലാ അല്‍ മൗദൂദി' സിറിയന്‍ ഗവേഷകയായ സുഹൈല അലാവ ഉസൈമി 2008-ല്‍ രചിച്ചതാണ്. മൗദൂദിയിലെ നവോത്ഥാന നായകനെയാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍