Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

അല്‍ മഅ്ഹദുദ്ദീനിയിലെ ദിനങ്ങളും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും

എ. മുഹമ്മദലി ആലത്തൂര്‍

അറിവു തേടി കടല്‍ കടക്കുന്നു-2

ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ അറബിഭാഷ, തഫ്‌സീര്‍, ഹദീസ് തുടങ്ങിയ വിഷയങ്ങളുടെ ക്ലാസുകളിലെല്ലാം സജീവമായ ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. തഫ്‌സീറില്‍ ഓരോ വര്‍ഷത്തേക്കും നിര്‍ണയിച്ച അധ്യായങ്ങളും തെരഞ്ഞെടുത്ത ഹദീസുകളും ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ പാഠപുസ്തകങ്ങളുായിരുന്നു. ഫിഖ്ഹില്‍ അവിടെ പ്രചാരത്തിലുള്ള ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ 'മനാഹിലുല്‍ ഇര്‍ഫാന്‍' ആണ് പഠിപ്പിച്ചിരുന്നത്. അറബിഭാഷയില്‍ ഗദ്യങ്ങളും പദ്യങ്ങളുമുള്‍പ്പെട്ട 'അല്‍ അദബു വന്നുസ്വൂസ്വ്' ആയിരുന്നു പാഠപുസ്തകം. ഹയര്‍സെക്കന്ററി ക്ലാസുകളാണെങ്കിലും വിദ്യാര്‍ഥികളുടെ ഇംഗ്ലീഷിലെ നിലവാരം പ്രായേണ കുറവായിരുന്നു. നേരത്തേ ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യ നിലവാരമുണ്ടായിരുന്ന ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ക്ലാസുകള്‍ അനായാസകരമായി. ഇംഗ്ലീഷ് കോമ്പോസിഷനില്‍ ഞാനെഴുതിയ ഒന്നു രണ്ടു വിഷയങ്ങളെ ഇംഗ്ലീഷധ്യാപകന്‍ ഹസന്‍ അബ്ബാസി  പ്രശംസിക്കുകയുണ്ടായി. ഫൈനല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഇംഗ്ലീഷ് ചുമര്‍പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതുന്ന ചുമതല ഒരിക്കല്‍ എന്നെ ഏല്‍പിച്ചു.

പ്രസിദ്ധ സ്വഹാബി ഉസാമതുബ്‌നു സൈദിന്റെ പേരിലുള്ളതും ഉസ്താദ് അബ്ദുല്ലത്വീഫ് സായിദ് മാര്‍ഗദര്‍ശനം നല്‍കുന്നതുമായ ഉസാമ ഉസ്‌റ(ഉസാമ ഹൗസ്) യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞങ്ങളില്‍ രണ്ടുമൂന്ന് പേര്‍ക്ക് മോണിംഗ് അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചിരുന്നു. സതീര്‍ഥ്യന്‍ മുഹമ്മദ് സലീം നടത്തിയ പ്രസംഗം എല്ലാവരുടെയും പ്രശംസ നേടി. എന്റെ പ്രസംഗത്തില്‍, ഇസ്‌ലാമിക ഭരണകൂടം സ്ഥാപിതമായാല്‍ ഭരണനിര്‍വഹണത്തില്‍ സ്വീകരിക്കേണ്ട നയനിലപാടുകളെക്കുറിച്ചാണ് വിശദീകരിച്ചത്. സോഷ്യോളജി അധ്യാപകന്‍ സുലൈമാന്‍ അസ്സിത്താവി ഞാന്‍ എഴുതി വായിച്ച പ്രസംഗത്തിന്റെ ഒരു കോപ്പി ആവശ്യപ്പെടുകയുണ്ടായി.

മഅ്ഹദുദ്ദീനി മുദീര്‍ സ്ഥാനം വഹിച്ചിരുന്ന ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് ഞങ്ങളുടെ ക്ലാസില്‍ പീരീഡുണ്ടായിരുന്നില്ലെങ്കിലും ഏതെങ്കിലും അധ്യാപകര്‍ ലീവാകുമ്പോള്‍ ക്ലാസില്‍ വന്ന് അദ്ദേഹം ഖുര്‍ആനോ മറ്റോ പഠിപ്പിക്കുന്നത് വിദ്യാര്‍ഥികള്‍ക്കെല്ലാം സന്തോഷകരമായിരുന്നു.

മഅ്ഹദുദ്ദീനിയില്‍ മുന്‍വര്‍ഷങ്ങളില്‍ ക്ലാസ്പരീക്ഷകളിലെല്ലാം മുന്‍പന്തിയില്‍ നിന്നിരുന്ന നാട്ടുകാരായ വിദ്യാര്‍ഥികള്‍ ഞങ്ങള്‍ എത്തിയതോടെ ഞങ്ങള്‍ക്കു ശേഷമുള്ള സ്ഥാനങ്ങളിലായിത്തീര്‍ന്നു. പരീക്ഷകളില്‍ മിക്ക വിഷയങ്ങളിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് എം.വി മുഹമ്മദ് സലീമിനായിരുന്നു. രണ്ടാം സ്ഥാനത്ത് ഞാനും.

ഞങ്ങള്‍ എത്തിയതിന്റെ അടുത്ത വര്‍ഷം, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍നിന്നുള്ള അഞ്ചു പേരും മഅ്ഹദുദ്ദീനിയില്‍ വന്നുചേര്‍ന്നു. ഒ. അബ്ദുല്ല, ഒ. അബ്ദുര്‍റഹ്മാന്‍, കെ.കെ മുഹമ്മദ്, ടി.പി അബ്ദുല്ല, ഇ.വി അബ്ദു എന്നിവരാണ് എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍. അവരും ഖിസ്മുദ്ദാഖിലിയില്‍ ഞങ്ങളോടൊപ്പമായിരുന്നു താമസം. തുടര്‍ വര്‍ഷങ്ങളിലും ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കുറ്റിയാടി, തിരൂര്‍ക്കാട് തുടങ്ങിയ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിച്ച വളരെയധികം വിദ്യാര്‍ഥികള്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനാര്‍ഥം ഖത്തറിലെത്തുകയുണ്ടായി.

മഅ്ഹദുദ്ദീനിയില്‍ പഠിക്കുന്ന കാലത്ത് ഖത്തറിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ഒരു സാഹിത്യ രചനാമത്സരത്തിന് ഞാനയച്ചുകൊടുത്ത അറബി ചെറുകഥക്ക് രണ്ടാം സമ്മാനം ലഭിക്കുകയുണ്ടായി. ചെറുകഥ, കവിത, ഒരു ചരിത്രപുരുഷന്റെ ജീവിതത്തെ അധികരിച്ചുള്ള ലേഖനം എന്നിങ്ങനെ മൂന്നിനങ്ങളിലായിരുന്നു മത്സരം. അതില്‍ ലേഖനത്തിന് സതീര്‍ഥ്യന്‍ മുഹമ്മദ് സലീമിന് ഒന്നാം സ്ഥാനം ലഭിച്ചു. ആയിടക്കുതന്നെ, കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി വാരിക അല്‍ മുജ്തമഇലേക്ക് ഞാനയച്ചുകൊടുത്ത ഒരു ഗദ്യ കവിത പ്രസിദ്ധീകരിച്ചുവരികയുണ്ടായി.

ശാന്തപുരത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രബോധനം വാരികയിലും മാസികയിലും ഞാനെഴുതിയ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. ശാന്തപുരത്ത് ഫൈനല്‍ ക്ലാസില്‍ പഠിക്കുന്ന കാലത്ത്, ദല്‍ഹിയില്‍നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് വാരിക റേഡിയന്‍സ് വ്യൂസ് വീക്‌ലിയിലും ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. 

1973 ജൂണില്‍ നടന്ന ഫൈനല്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാംസ്ഥാനം ലഭിച്ചു. പൊതുപരീക്ഷാ ഫലപ്രഖ്യാപനം ഖത്തര്‍ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുകയായിരുന്നു പതിവ്. ഫലപ്രഖ്യാപനം വരുമെന്നറിയിച്ച ദിവസം രാവിലെ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ റേഡിയോ തുറന്നുവെച്ച് കാത്തിരുന്നത് ഓര്‍ക്കുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ രണ്ടു വാള്യങ്ങളിലുള്ള പ്രമുഖ ഗ്രന്ഥം 'ഫിഖ്ഹുസ്സകാത്ത്', ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ 'അല്‍ അദാലതുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്‌ലാം' എന്നിവയടക്കം ചില അറബി ഗ്രന്ഥങ്ങളാണ് ഉപഹാരമായി ലഭിച്ചത്.

വിദേശ രാജ്യങ്ങളില്‍നിന്ന് ഖത്തര്‍ സന്ദര്‍ശനത്തിനെത്തുന്ന പണ്ഡിതപ്രമുഖര്‍ക്ക് മഅ്ഹദില്‍ നല്‍കുന്ന സ്വീകരണങ്ങള്‍ പ്രത്യേകം അനുസ്മരണീയമാണ്. പാക് ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ചൗധരി റഹ്മത്ത് ഇലാഹിക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം നടത്തിയ പ്രൗഢമായ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷിലും അറബിയിലും പരിണിതപ്രജ്ഞനായ, സിറിയന്‍ വംശജനായ ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകന്‍ ഹസന്‍ അബ്ബാസി മനോഹരമായി അറബിയിലേക്ക് തര്‍ജമ ചെയ്യുകയുണ്ടായി. കുവൈത്തില്‍ മതപ്രബോധനരംഗത്ത് സജീവസാന്നിധ്യമായിരുന്ന സുഡാനീസ് പണ്ഡിതന്‍ ശൈഖ് ഹസന്‍ ത്വഹ്‌നൂനിന്റേതായിരുന്നു ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരു പ്രഭാഷണം.

ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനത്തിലൂടെ സാമാന്യം നന്നായി അറബി സാഹിത്യ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കിലും, സംസാര ഭാഷയുമായും പഠനമാധ്യമമായ ആധുനിക അറബിയുമായുമുള്ള പരിചയം സ്വായത്തമാക്കാന്‍ കഴിഞ്ഞത് ഖത്തറിലെ പഠനം കൊണ്ടാണ്. ഖത്തര്‍ റേഡിയോയിലെ വാര്‍ത്താ പ്രക്ഷേപണങ്ങളും മറ്റു പരിപാടികളും ദിവസേനയെന്നോണം ശ്രദ്ധിച്ചിരുന്നതിനാല്‍ സ്ഫുടമായ അറബി സംസാരവും ഉച്ചാരണ രീതിയും വശമാക്കാനും കഴിഞ്ഞു. ടെലിവിഷന്‍ പ്രചാരത്തിലായതോടെ അതിലൂടെയുള്ള വാര്‍ത്താ ബുള്ളറ്റിനുകള്‍ കേള്‍ക്കാനും ചരിത്രപ്രധാനവും മറ്റുമായ സീരിയലുകളും സിനിമകളും കാണാനും എല്ലാവരും തല്‍പരരായിരുന്നു. ഞങ്ങള്‍ക്ക് ഫൈനല്‍ ക്ലാസില്‍ അറബി ഉപപാഠപുസ്തകമായിരുന്ന 'വാ ഇസ്‌ലാമാഹ്' (ഈജിപ്തിലെ ഭരണാധികാരിയായിരുന്ന സുല്‍ത്വാന്‍ ഖുത്വ്‌സിന്റെ നേതൃത്വത്തില്‍ താര്‍ത്താരി സൈന്യവുമായി ഐന്‍ ജാലൂത്തില്‍ നടന്ന പോരാട്ടത്തെയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും ആധാരമാക്കി പ്രസിദ്ധ അറബ് സാഹിത്യകാരന്‍ അഹ്മദ് കശക് രചിച്ച നോവല്‍) അതേപേരില്‍ സിനിമയാക്കിയത് ദോഹയിലെ അന്നത്തെ രണ്ടു സിനിമാ തിയേറ്ററുകളിലൊന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞങ്ങള്‍ അഞ്ചുപേരും കാണാന്‍ പോയിരുന്നു.

 

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍

1974-'75 കാലത്താണ്, കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധമുണ്ടണ്ടായിരുന്ന ഖത്തറിലെ പ്രവാസികള്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ രൂപവത്കരിക്കുന്നത്. നേരത്തേ അബുല്‍ ജലാല്‍ മൗലവി ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ ദീനീതല്‍പരരായ മലയാളി സഹോദരങ്ങള്‍ക്കായി ഖുര്‍ആന്‍ ക്ലാസുകള്‍ നടത്താറുണ്ടായിരുന്നു. ഖത്തറിലെ മലയാളികള്‍ക്കിടയില്‍ ആദ്യമായി നടന്ന ബോധവല്‍ക്കരണ പരിപാടിയായിരിക്കണം അത്. ഞങ്ങള്‍ അഞ്ചുപേര്‍ മഅ്ഹദുദ്ദീനിയിലെത്തിയ ശേഷം മലയാളി സഹോദരങ്ങള്‍ക്കായി ആഴ്ചതോറും പഠനക്ലാസ് ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. അങ്ങനെ പഠനക്ലാസ് തുടങ്ങി. ഞങ്ങള്‍ അഞ്ചുപേരും ഊഴമിട്ട് ഖുര്‍ആന്‍ ദര്‍സോ സ്റ്റഡി ക്ലാസോ നടത്തിവന്നു.

മഅ്ഹദുദ്ദീനിയില്‍ പഠനം പൂര്‍ത്തിയാക്കി ഞങ്ങളോരോരുത്തരും ജോലിയില്‍ കയറിയ ശേഷം മലയാളി സഹോദരങ്ങള്‍ക്കിടയില്‍ സംഘടിത ദീനീപ്രവര്‍ത്തനത്തിനായി ഒരു സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചനകളാരംഭിച്ചു. അങ്ങനെ അടുത്ത് പരിചയമുള്ള ഏതാനും സുഹൃത്തുക്കള്‍ ദോഹയിലെ ബിദാ ഏരിയയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ മുകള്‍തട്ടില്‍ ഒത്തുചേര്‍ന്ന്, ഖത്തറിലെ മലയാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം, ഇസ്‌ലാമിക പ്രബോധനം, സാമൂഹിക സേവനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ഒരു സംഘടന ആരംഭിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശനത്തിലായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. 'ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍' എന്ന പേരാണ് നിര്‍ദേശിക്കപ്പെട്ടത്. അന്ന് ഖത്തറില്‍ താമസമുണ്ടായിരുന്ന പണ്ഡിതന്‍ കെ.എ ഖാസിം മൗലവിയെ ആദ്യപ്രസിഡന്റായി തെരഞ്ഞെടുത്തു.

ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പൂര്‍വവിദ്യാര്‍ഥിയും ഖത്തര്‍ വാട്ടര്‍ ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായിരുന്ന കൂളിമുട്ടം സ്വദേശി പി.കെ മുഹമ്മദലി, ഗുരുവായൂര്‍ സ്വദേശി കാരക്കാടന്‍ മുഹമ്മദുണ്ണി ഹാജി, വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍തന്നെ ജോലി ചെയ്തിരുന്ന പാവറട്ടി സ്വദേശി ഈസക്കുട്ടി ഹാജി, ഒരുമനയൂര്‍ സ്വദേശി ആര്‍.എം മുഹമ്മദലി, കേളോത്ത് അബ്ദുല്ല ഹാജി, ദോഹയിലെ സൂഖ് വാഖിഫില്‍ സ്വിസ് ടൈം ഹൗസ് എന്ന പേരില്‍ വാച്ച് കട നടത്തിയിരുന്ന എ.വി അബ്ദുല്‍ മജീദ് തുടങ്ങി പത്തുമുപ്പതുപേര്‍ ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ബിദ കേന്ദ്രമാക്കി തുടങ്ങിയ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലാളുകള്‍ സഹകരിച്ചു തുടങ്ങിയതോടെ ബിദ, ശാരിഅ് മുശൈരിബ്, ശാരിഉല്‍ ഖലീജ്, ഫരീഖ് അബ്ദുല്ലാ ബിന്‍ ഥാനി തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. 

അസോസിയേഷന്‍ പ്രവര്‍ത്തന രൂപരേഖ/നിയമാവലി തയാറാക്കുന്ന ചുമതല ഒ. അബ്ദുല്ലയും ഒ. അബ്ദുര്‍റഹ്മാനും ഈയുള്ളവനും അടങ്ങിയ സമിതിയെയാണ് ഏല്‍പിച്ചത്.

ഇസ്‌ലാമിക പ്രസ്ഥാനം നാട്ടില്‍ പതിവാക്കിയിരുന്നതുപോലെ പ്രാദേശിക ഘടകങ്ങളുടെ പ്രതിവാര കൂടിച്ചേരലുകള്‍, ഖുര്‍ആന്‍/ഹദീസ് ദര്‍സുകള്‍, പഠന ക്ലാസുകള്‍, മലയാളികള്‍ അധികമായി ജുമുഅക്കെത്തുന്ന പ്രധാന പള്ളികളില്‍ ജുമുഅക്കു ശേഷമുള്ള ഖുത്വ്ബ പരിഭാഷ അഥവാ പ്രഭാഷണം, നാട്ടില്‍നിന്ന് പണ്ഡിതന്മാരോ നേതാക്കളോ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ എന്നിവയൊക്കെയാണ് സാധാരണ നടന്നിരുന്നത്. നാട്ടിലെ വിദ്യാഭ്യാസ-തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ക്കും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സഹായമര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്കും വേണ്ടി സംഭാവനകള്‍ ശേഖരിച്ച് എത്തിക്കാറുമുണ്ടായിരുന്നു.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അംഗീകരിച്ച നിയമാവലി അനുസരിച്ച് വിവിധ ഘടകങ്ങളുടെ പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമടങ്ങുന്ന ഒരു വര്‍ക്കിംഗ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഖത്തര്‍ മലയാളികള്‍ക്കിടയില്‍ അസോസിയേഷന്‍ വ്യാപകമായ ജനസമ്മതി നേടി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ബോധവല്‍ക്കരണ-പ്രബോധന-ജനസേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും അസോസിയേഷന്‍ അംഗത്വം സ്വീകരിച്ച് പ്രാദേശിക ഘടകങ്ങളില്‍ അണിനിരക്കുകയും ചെയ്തു.

കേരളത്തിലെ വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിച്ചവരും ഖത്തറിലെ മഅ്ഹദുദ്ദീനിയിലും പില്‍ക്കാലത്ത് നിലവില്‍ വന്ന ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലും ഉപരിപഠനം നിര്‍വഹിച്ചവരുമായ യുവപണ്ഡിതന്മാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. 1983-'85 കാലത്ത് അസോസിയേഷന്‍ പ്രസിഡന്റായി ഈയുള്ളവന്‍ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. 1997 അവസാനത്തില്‍ ഖത്തര്‍ വാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നതുവരെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിക്കാന്‍ സാധിച്ചു.

 

മജ്‌ലിസുല്‍ ബുഹൂസ്

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ് ദോഹയിലെ 'മജ്‌ലിസുല്‍ ബുഹൂസില്‍ ഇസ്‌ലാമി' എന്ന പഠനവേദി. കേരളത്തിലെ വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിച്ച ശേഷം ഖത്തറിലെത്തിച്ചേര്‍ന്ന യുവപണ്ഡിതന്മാര്‍ക്ക് തുടര്‍പഠനത്തിനും വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും ഒരു വേദി ഉണ്ടാവുന്നത് നന്നായിരിക്കുമെന്ന ആലോചനയില്‍നിന്നാണ് ഈ പഠനവേദിക്ക് തുടക്കം കുറിച്ചത്. മലയാളത്തില്‍ അന്ന് വേണ്ടത്ര പ്രകാശനം ലഭിച്ചിട്ടില്ലാത്ത 'ഇസ്‌ലാമിലെ സാമ്പത്തിക ക്രമം' പോലുള്ള വിഷയങ്ങളിലെ ചര്‍ച്ചകളും പ്രബന്ധങ്ങളും ക്രോഡീകരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ വേദി തീരുമാനിച്ചിരുന്നു. മറ്റു ചില വിഷയങ്ങളിലേക്ക് അടിയന്തര ശ്രദ്ധ തിരിഞ്ഞതിനാല്‍ ചര്‍ച്ചകളുടെ ക്രോഡീകരണമോ പുസ്തക പ്രസാധനമോ നടക്കുകയുണ്ടായില്ല.

കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ വിംഗായി പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയില്‍ അഫിലിയേറ്റ് ചെയ്ത് വിവിധ പ്രദേശങ്ങളില്‍ നടന്നുവന്നിരുന്ന പ്രാഥമിക മദ്‌റസകളുടെ പാഠ്യപദ്ധതി പരിഷ്‌കരണമായിരുന്നു അടിയന്തര വിഷയങ്ങളിലൊന്ന്. മദ്‌റസകളില്‍ അതുവരെ നടപ്പിലാക്കിയിരുന്ന പാഠ്യപദ്ധതിയുടെ പകര്‍പ്പ് മുന്നില്‍ വെച്ച് വിഷയം മജ്‌ലിസുല്‍ ബുഹൂസ് ചര്‍ച്ച ചെയ്തു. മുസ്‌ലിം വിദ്യാര്‍ഥികളെ ഇസ്‌ലാമിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്ന അടിസ്ഥാന ശിക്ഷണശീലനം നല്‍കുകയും ഉന്നത ഇസ്‌ലാമികപഠനം തുടരാനുദ്ദേശിക്കുന്നവര്‍ക്ക് അതിനാവശ്യമായ വൈജ്ഞാനിക അടിത്തറ സജ്ജമാക്കുകയും ചെയ്യുന്നവിധം മദ്‌റസാ പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്ന് ചര്‍ച്ചയില്‍ വ്യക്തമായി. മജ്‌ലിസുല്‍ ബുഹൂസ് നിശ്ചയിച്ച ഒരു സബ്കമ്മിറ്റി വിശദമായ പഠനത്തിനും ആലോചനകള്‍ക്കും ശേഷം, പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ കരട് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിക്ക് അയച്ചുകൊടുത്തു. അടുത്ത ഒരവസരത്തില്‍ ഞങ്ങളില്‍ കുറേപേര്‍ ഒരേസമയം നാട്ടിലെത്തിയപ്പോള്‍, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയുമായി ബന്ധമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ കൂടി പങ്കെടുത്ത സംയുക്തയോഗത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പാഠ്യപദ്ധതിയുടെ കരട് അംഗീകരിച്ചു. പ്രാഥമിക മദ്‌റസാ പഠനം ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന വിധത്തിലാണ് പാഠ്യപദ്ധതി സംവിധാനിച്ചിരുന്നത്. പ്രാഥമിക മതപഠനം കാര്യക്ഷമമാക്കാന്‍ അറബിഭാഷയൊഴിച്ചുള്ള വിഷയങ്ങളുടെ പഠനമാധ്യമം കേരളത്തിലെ വിദ്യാര്‍ഥികളുടെ മാതൃഭാഷയായ മലയാളമായിരിക്കണമെന്നും നിശ്ചയിച്ചിരുന്നു.

പുതിയ പാഠപുസ്തകങ്ങള്‍ തയാറാക്കാന്‍ ആളുകളെ ചുമതലപ്പെടുത്തി.  പാഠ്യപദ്ധതി നവീകരണം നടപ്പില്‍വന്ന് രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കകം മിക്കവാറുമെല്ലാ പാഠപുസ്തകങ്ങളുടെയും രചനയും പരിശോധനകളും പൂര്‍ത്തിയാക്കി മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയുടെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. കൂടുതല്‍ ശ്രമവും ശ്രദ്ധയും ആവശ്യമുണ്ടായിരുന്ന അറബി ഭാഷാ പുസ്തകങ്ങള്‍ ഓരോ വര്‍ഷവും ഒന്നെന്ന തോതില്‍ ആറേഴുവര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. പില്‍ക്കാലത്ത് മാറിവന്ന സാഹചര്യങ്ങളും ബോധനരീതിയിലെ മാറ്റങ്ങളും കണക്കിലെടുത്ത് രണ്ടു മൂന്നു തവണ പരിഷ്‌കരണങ്ങള്‍ വരുത്തിയ മജ്‌ലിസ് പാഠപുസ്തകങ്ങള്‍ കേരളത്തിലെ വിവിധ മതവിദ്യാഭ്യാസ ബോര്‍ഡുകള്‍ പ്രസിദ്ധീകരിച്ച മദ്‌റസാ പാഠപുസ്തക പരമ്പരകളില്‍ മികച്ച നിലവാരമുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

(എഴുതിവരുന്ന ഓര്‍മക്കുറിപ്പുകളില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍)

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍