Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

പ്രതിബദ്ധതാരാഹിത്യം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പ്രസ്ഥാന പ്രവര്‍ത്തകനെ ബാധിക്കുന്ന വിപത്താണ് പ്രതിബദ്ധതാരാഹിത്യം. വിശ്വസിക്കുന്ന ആദര്‍ശത്തോടും ജീവിതരീതിയോടും ആരാധനകളോടും അനുഷ്ഠാനങ്ങളോടും കൂറുപുലര്‍ത്തുകയും പ്രതിബദ്ധതയോടെ ജീവിക്കുകയുമാണ് മുസ്‌ലിം വേണ്ടത്. അല്ലാഹുവിനെ രക്ഷിതാവായും മുഹമ്മദ് നബി (സ)യെ മാര്‍ഗദര്‍ശിയായും ഇസ്‌ലാമിനെ ദീനായും തൃപ്തിപ്പെട്ട വിശ്വാസിയുടെ ജീവിതത്തില്‍ തെളിഞ്ഞുകാണേണ്ട വിശിഷ്ട ഗുണമാണ് പ്രതിബദ്ധത.

പ്രതിബദ്ധതയില്ലായ്മയുടെ ചില അടയാളങ്ങള്‍ പറയാം:

സംസാരത്തിലെ സൂക്ഷ്മതക്കുറവ്, സമയനിഷ്ഠ പുലര്‍ത്തുന്നതില്‍ വീഴ്ച, സ്ഥിരീകരണവും വ്യക്തതയും വരുത്താതെ ഉത്തരവുകള്‍ ഇറക്കുക, തര്‍ക്കങ്ങളില്‍ ഇടപെട്ട് വിയോജിപ്പിന്റെ മര്യാദകള്‍ ലംഘിക്കുക, കിംവദന്തികള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കാതോര്‍ക്കുക, തന്റെ ഹിതങ്ങളോടും ഇഛകളോടും ഇണങ്ങാത്തത് അനുസരിക്കാതിരിക്കുക, കുടുംബത്തെയും വീടിനെയും ഉദ്ദിഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്താതിരിക്കുക, സാമൂഹിക മര്യാദകളും പെരുമാറ്റനിഷ്ഠയും പുലര്‍ത്താതിരിക്കുക, സമ്പത്തും ശരീരവും ഹൃദയവും ആദര്‍ശത്തിന് അര്‍പ്പിക്കാനുള്ള വിമുഖത, ആത്മസംസ്‌കരണത്തില്‍ അലംഭാവം, അവധാനതയും പക്വതയും ഇല്ലാതെ ധൃതികൂട്ടി തീരുമാനമെടുക്കുക, ഗവേഷണത്തിന് ഇടമില്ലാത്ത വിഷയങ്ങളില്‍ ഗവേഷണം നടത്തുക, പരീക്ഷണങ്ങളുടെയും വെല്ലുവിളികളുടെയും മുന്നില്‍ പതറുകയും സ്ഥൈര്യം നഷ്ടപ്പെടുകയും ചെയ്യുക, സാഹോദര്യത്തിന്റെ കടമകളും കടപ്പാടുകളും അവഗണിച്ചുതള്ളുക, ആവശ്യമില്ലാത്തിടത്ത് ഇടപെടുക.

പ്രതിബദ്ധത ഇല്ലാതായിപ്പോവുന്നതിന് ചില കാരണങ്ങളുണ്ട്. പ്രതിബദ്ധത വിനഷ്ടമാകുന്നതോടെ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച ബോധവും ധാരണയും ഇല്ലാതിരിക്കുക, കൂറോ പ്രതിബദ്ധതയോ ഇല്ലാത്ത വ്യക്തികളുമായും കൂട്ടായ്മകളുമായും സ്ഥിരബന്ധം ഉണ്ടാവുക, അത്തരം വ്യക്തികളെ അനുകരിക്കാനും അനുധാവനം ചെയ്യാനുമുള്ള ത്വര വര്‍ധിക്കുക.

സമൂഹത്തില്‍ മാതൃകാ യോഗ്യരായി അറിയപ്പെടുകയോ വാഴ്ത്തപ്പെടുകയോ ചെയ്യുന്നവര്‍ക്കുണ്ടാവേണ്ട കരുതലും സൂക്ഷ്മതയും എത്രത്തോളം വേണമെന്ന് വ്യക്തമാക്കുന്ന ഉമറി(റ)ന്റെ ഒരു ഇടപെടല്‍ ശ്രദ്ധിക്കുക: ഇഹ്‌റാമില്‍ പ്രവേശിച്ച ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാ ചായം മുക്കിയ വസ്ത്രം ധരിച്ചത് ശ്രദ്ധയില്‍പെട്ട ഉമര്‍: 'ത്വല്‍ഹത്ത്, എന്താണ് ഈ ചായം മുക്കിയ വസ്ത്രമണിഞ്ഞത്?' ത്വല്‍ഹത്ത്: 'അമീറുല്‍ മുഅ്മിനീന്‍, അത് ചണനാരു കൊണ്ടാണല്ലോ?'

ഉമര്‍(റ): ''കൂട്ടരേ, നിങ്ങള്‍ ജനങ്ങള്‍ നിരീക്ഷിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന നേതാക്കളാണ്. ഒരു വിവരം കെട്ടവന്‍ നിങ്ങള്‍ ധരിച്ച ഈ വസ്ത്രം കണ്ടെന്നിരിക്കട്ടെ അയാള്‍ പറയും: 'ത്വല്‍ഹത്തുബ്‌നു ഉബൈദില്ല ഇഹ്‌റാമില്‍ വര്‍ണ വസ്ത്രം അണിഞ്ഞിരുന്നു.' അതിനാല്‍ എന്റെ പ്രിയ സ്‌നേഹിതാ, നിങ്ങള്‍ ഇഹ്‌റാമില്‍ ചായം മുക്കിയ വസ്ത്രം ധരിക്കരുത്'' (മാലിക്).

വിശ്വാസ ദൗര്‍ബല്യമാവാം മറ്റൊരു കാരണം. പ്രതിബദ്ധത വളര്‍ത്തുന്നത് വിശ്വാസമാണ്. വിശ്വാസമാണ് കരുത്തു പകരുന്നത്. വീഴ്ചയില്‍നിന്നും വൈകല്യത്തില്‍നിന്നും മനുഷ്യരെ രക്ഷിക്കുന്ന കവചമാണ് ഈമാന്‍. 'അങ്ങ് രാപ്പകല്‍ഭേദമില്ലാതെ തുടരെത്തുടരെ വ്രതമനുഷ്ഠിക്കുന്നുവല്ലോ' എന്ന ചോദ്യത്തിന് നബി(സ) നല്‍കിയ മറുപടി: 'നിങ്ങള്‍ ആരാണ് എന്നെപ്പോലെ? എന്റെ രക്ഷിതാവ് തന്ന ആഹാരം കഴിച്ചും വെള്ളം കുടിച്ചുമാണ് ഞാന്‍ രാപ്പാര്‍ക്കുന്നത്' (ബുഖാരി). ഇമാം ഇബ്‌നു ഹജര്‍(റ) ഈ പ്രവാചക വചനത്തിന് നല്‍കിയ വ്യാഖ്യാനം: 'അല്ലാഹുവിന്റെ അപാരമായ കഴിവുകളും അവന്റെ മഹത്വവും കണ്ട് എനിക്ക് ഓര്‍ക്കാനേറെ. അവനെ അറിയുകയാണെന്റെ ആഹാരം. അവനോടുള്ള സ്‌നേഹമാണെന്റെ കണ്‍കുളിര്‍മ. അവനുമായുള്ള ആത്മഭാഷണവും സ്‌നേഹവും - അതിനേക്കാള്‍ കവിഞ്ഞ് എനിക്ക് മറ്റെന്തുള്ളൂ!'

ഒരു നിമിഷമെങ്കിലും വിശ്വാസം ഹൃദയത്തില്‍നിന്ന് കുടിയൊഴിഞ്ഞുപോകുന്നത് കരുതിയിരിക്കണമെന്നാണ് നബി(സ) യുടെ താക്കീത്. 'വസ്ത്രത്തിന്റെ നിറം മങ്ങുന്ന പോലെ നിങ്ങളുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ നിറവും മങ്ങും. നിങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ നവീകരിച്ചു നല്‍കാന്‍ അല്ലാഹുവിനോട് ചോദിച്ചുകൊണ്ടേയിരിക്കുക' (ത്വബറാനി).

ഇഹലോകം വര്‍ണശബളമായി മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണഞ്ചിപ്പോകും. പ്രതിബദ്ധതക്ക് തളര്‍ച്ചയുണ്ടാകും. 'ഒരാളുടെയും ഉള്ളില്‍ രണ്ട് ഹൃദയം അല്ലാഹു ഉണ്ടാക്കിവെച്ചിട്ടില്ല' (അഹ്‌സാബ് 4). വിശ്വാസം ഹൃദയത്തില്‍നിന്ന് തിരോഭവിക്കുന്നതോടെ പ്രതിബദ്ധതയും കുടിയൊഴിയും. നബി(സ) ഉണര്‍ത്തി: 'അല്ലാഹുവാണ സത്യം. നിങ്ങളുടെ വിഷയത്തില്‍ ഞാന്‍ ഭയപ്പെടുന്നത് ദാരിദ്ര്യമല്ല. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നത് നിങ്ങളുടെ പൂര്‍വികര്‍ക്ക് ഐഹിക സുഖാഢംബരങ്ങളുടെ വാതില്‍ തുറന്നതു പോലെ നിങ്ങളുടെ മുന്നിലും തുറക്കപ്പെടുമോ എന്നതാണ്. അവ നേടാന്‍ നിങ്ങള്‍ പരസ്പരം മത്സരിക്കും. ആ മത്സരം അവരെ നശിപ്പിച്ചതു പോലെ നിങ്ങളെയും നശിപ്പിക്കും' (ബുഖാരി).

മറ്റൊരിക്കല്‍, ഐഹിക ജീവിതാസക്തിമൂലം വ്യക്തിയിലും സമൂഹത്തിലും വിനഷ്ടമാകുന്ന മൂല്യങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കവെ നബി(സ) പ്രസ്താവിച്ചു: 'ഐഹിക ജീവിതം മധുരോദാരവും വര്‍ണശബളവുമാണ്. നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നറിയാന്‍ അല്ലാഹു നിങ്ങളെ ഈ ലോകത്ത് അവ ഏല്‍പിച്ചിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ ഇഹലോകത്തെയും സ്ത്രീകളെയും സൂക്ഷിക്കണം. കാരണം ഇസ്രാഈല്‍ മക്കളിലുണ്ടായ ആദ്യ പരീക്ഷണവും വിപത്തും സ്ത്രീകളെ ചൊല്ലിയായിരുന്നു' (മുസ്‌ലിം).

താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്കകത്ത് നിന്നോ പുറത്തുനിന്നോ ഉള്ള തിക്താനുഭവങ്ങളോ പരീക്ഷണങ്ങളോ ആവാം ഒരുവേള പ്രതിബദ്ധതയില്ലായ്മയിലേക്ക് നയിക്കുന്നത്. കയ്പുറ്റ അനുഭവങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യരെ പിടിച്ചുലക്കും. അല്ലാഹുവിന്റെ തിരുനോട്ടം പതിയാത്തവര്‍ വീണുപോകും. അത്തരം ഘട്ടങ്ങളില്‍, നബി(സ) പറഞ്ഞു: 'അല്ലാഹു വിപത്തുകള്‍ കൊണ്ട് നിങ്ങളെ പരീക്ഷിച്ചറിയും. അല്ലാഹുവിനറിയാം, നിങ്ങള്‍ ആരാണെന്ന്. സ്വര്‍ണം തീയിലിട്ട് സ്ഫുടം ചെയ്‌തെടുക്കുംപോലുള്ള പരീക്ഷണം. ഊതിക്കാച്ചിയ മേത്തരം സ്വര്‍ണമായി അത് പുറത്തു വരുന്നുണ്ടാവും. വ്യാജ സ്വര്‍ണമായും പുറത്തുവരുന്നുണ്ടാവും. അവരാണ് പരീക്ഷണങ്ങളില്‍ പരാജയമടഞ്ഞവര്‍' (ഹാകിം).

വ്യക്തിയുടെ കഴിവിന്നതീതമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെട്ടാലും പ്രതിബദ്ധത നഷ്ടപ്പെടാം. ദുഷ്‌കരമായ വഴികളിലൂടെ ദീര്‍ഘയാത്രകള്‍ ആര്‍ക്കും ഭാരമായി അനുഭവപ്പെടും. ആ യാത്രകള്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പേ തന്നെ യാത്രികന്‍ ക്ഷീണിച്ചു പരവശനാകും. ഇസ്‌ലാം അനുശാസിക്കുന്ന സുദൃഢ സാഹോദര്യബന്ധത്തിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറാനൊക്കൂ.

മക്കളുടെ പ്രതിബദ്ധത ഇല്ലാതാക്കുന്നതില്‍ ചില ഘട്ടങ്ങളില്‍ മാതാപിതാക്കളും പങ്കു വഹിക്കാറുണ്ട്. മതനിഷ്ഠയോടെയുള്ള ജീവിതം പോലും തുറുങ്കും തൂക്കുമരവും സമ്മാനിക്കുന്ന കെട്ട കാലത്ത് മക്കളോട് അനുകമ്പയും അലിവും സ്‌നേഹവും ഉള്ള മാതാപിതാക്കള്‍ 'ഏടാകൂടങ്ങളില്‍ ചെന്നു ചാടേണ്ട' എന്ന മട്ടില്‍ മക്കള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ ചെവിക്കൊള്ളുന്ന സന്തതികള്‍ മെല്ലെ പ്രസ്ഥാനപാതയില്‍നിന്ന് അകന്നുമാറാനാണ് തുനിയുക.

പൈശാചിക ദുര്‍ബോധനങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രതിബദ്ധതക്ക് മങ്ങലേല്‍പ്പിക്കും. പിശാചിന്റെ ദുഷ്‌പ്രേരണകള്‍ കരുതിയിരിക്കാന്‍ ഖുര്‍ആന്‍ അടിക്കടി നല്‍കുന്ന നിര്‍ദേശം ഈ അടിസ്ഥാനത്തിലാണ്. ''ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍നിന്ന് പുറത്താക്കിയതുപോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കാനായി അവന്‍ അവരില്‍നിന്ന് അവരുടെ വസ്ത്രം എടുത്തുമാറ്റുകയായിരുന്നു'' (അല്‍അഅ്‌റാഫ്: 27).

''വിശ്വസിച്ചവരേ, നിങ്ങള്‍ ഇസ്‌ലാമില്‍ പൂര്‍ണമായി പ്രവേശിക്കുക, പിശാചിന്റെ ചവിട്ടടികള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അവന്‍ നിങ്ങള്‍ക്ക് തെളിഞ്ഞ ശത്രുവാണ്'' (അല്‍ബഖറ: 208).

''പറയുക: മനുഷ്യരുടെ രക്ഷിതാവും മനുഷ്യരുടെ രാജാവും മനുഷ്യരുടെ ദൈവവുമായിട്ടുള്ളവനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരെക്കൊണ്ടുള്ള കെടുതിയില്‍നിന്ന്'' (നാസ്: 1-6). 

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍