Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

ഇസ്‌ലാമിക വിദ്യാഭ്യാസത്തെ പുനര്‍വായിക്കുമ്പോള്‍

ജഅ്ഫര്‍ പറമ്പൂര്‍

ഇസ്‌ലാമികം (Islamic)  എന്ന നാമവിശേഷണം ഇന്ന് ഏറ്റവുമധികം വിപണന സാധ്യതയുള്ള പദമാണെന്ന് സമകാലിക പ്രതിഭാസങ്ങളെപ്പറ്റി ശരാശരി ബോധ്യമുള്ള ആരും സമ്മതിച്ചു തരും. ഈ പദം ഋണാത്മകവും ധനാത്മകവുമായി കൊണ്ടാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിന്റെ ഒന്നാമത്തെ തെളിവ് നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ തന്നെയാണ്. സമൂഹം, സംസ്‌കാരം, സമ്പത്ത്, തത്ത്വശാസ്ത്രം, ലോക വീക്ഷണം, വിദ്യാഭ്യാസം തുടങ്ങി സകലതിനോടൊപ്പവും 'ഇസ്‌ലാമികം' എന്ന സംജ്ഞ ചേരുമ്പോള്‍ അതിന്റെ അര്‍ഥി വ്യാഖ്യാന വൈവിധ്യങ്ങള്‍ അനുവാചകരില്‍ ചിലരെ ഉള്‍പ്പുളകം കൊള്ളിക്കുകയും മറ്റു ചിലരെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. തന്നിമിത്തം ഇസ്‌ലാമിക ലേബലിലുള്ള എന്തും എപ്പോഴും ഒരു പ്രഘോഷണോപാധിയായി മാറിക്കൊണ്ടേയിരിക്കുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ കാര്യവും തഥൈവ.

വിദ്യാഭ്യാസം മുച്ചൂടും വാദ, വിവാദ നിബിഢമായിരിക്കെ, 'ഇസ്‌ലാമിക വിദ്യാഭാസം' എന്ന ഒരു കേവല പരിപ്രേക്ഷ്യത്തെ കാലിക പ്രവണതകളെ മുന്‍നിര്‍ത്തി  അപഗ്രഥനം ചെയ്യുന്നതിലെ യുക്തിയെന്താണ്? മറുപടി ലളിതമാണ്. അറിവ് ദൈവികവും അനുഭവം മാനുഷികവുമായി നിലനില്‍ക്കുന്ന കാലത്തോളം ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പ്രഥമ ബിന്ദുവായ ജ്ഞാനാന്വേഷണം ചര്‍ച്ചകള്‍ക്കും നവീകരണ പ്രക്രിയകള്‍ക്കും  എന്നുമെന്നും വിധേയമാവേണ്ടതുണ്ട്. വിദ്യാഭ്യാസം ഒരു ലോകക്രമവും സംസ്‌കൃതിയുമായി എങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ അങ്ങനെയെല്ലാം ഇസ്‌ലാമിക വിദ്യാഭ്യാസവും നിരന്തര വ്യാഖ്യാനങ്ങള്‍ക്കും  ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ക്കും വിഷയീഭവിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക മാനത്തെ യഥാവിധി നിര്‍വചിക്കുമ്പോഴേ ഇവ്വിഷയകമായ ചര്‍ച്ച പൂര്‍ണതയിലെത്തൂ. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലെ 'തര്‍ബിയത്തും' 'തഅ്ദീബും', ഇസ്‌ലാമേതര ദര്‍ശനങ്ങളിലെ 'എജുക്കേഷനും' വേര്‍തിരിച്ചറിയുകയും ഇസ്‌ലാമിക വിദ്യാഭ്യാസത്തോടുള്ള ഇവയുടെ ബന്ധം ഗ്രഹിക്കുകയുമാണ് ഈ അപഗ്രഥനത്തിന്റെ പ്രഥമ പടി. രാഷ്ട്ര സേവകനായ നല്ല പൗരനെ വാര്‍ത്തെടുക്കല്‍ എന്നതാണ് വിദ്യാഭ്യാസത്തിന് പൊതുവെ കല്‍പിച്ചുവരുന്ന വിവക്ഷകളിലൊന്ന്. അഥവാ രാഷ്ട്രസേവനമെന്ന മനുഷ്യനിര്‍മിത ലക്ഷ്യത്തിനു വേണ്ടി ഒരു കുട്ടി പരിശീലിപ്പിക്കപ്പെടുന്ന സമ്പ്രദായമാണ് ഈ നിര്‍വചനപ്രകാരം വിദ്യാഭ്യാസം. സ്വവ്യക്തിത്വത്തിന്റെ ആന്തരികമോ ബാഹ്യമോ ആയ പരിപോഷണമേതുമില്ലാതെ രാജ്യത്തിന്റെ ഭരണഘടനക്കനുസൃതമായി ഇവന്‍ ജീവിച്ചുവെന്നിരിക്കട്ടെ; ഇവനെ സംബന്ധിച്ച് മേല്‍ നിര്‍വചനപ്രകാരം വിദ്യാഭ്യാസം സാര്‍ഥകമായി. 

എന്നാല്‍, ഇങ്ങനെയുള്ള ഒരു കേവല പരിപോഷണ പ്രക്രിയയല്ല ഇസ്‌ലാമിക വീക്ഷണത്തിലെ 'തര്‍ബിയ', 'തഅ്‌ലീം' എന്നീ രണ്ടു സംജ്ഞകള്‍ ഉള്‍ച്ചേര്‍ന്ന 'തഅ്ദീബ്.' നഖീബുല്‍ അത്ത്വാസിന്റെ  വീക്ഷണത്തില്‍ വിദ്യാഭ്യാസമെന്നാല്‍ തഅ്ദീബ് എന്നാണ്. അഥവാ, പരിപോഷണവും (Nurturing -തര്‍ബിയ) പാഠനവും (Teaching-തഅ്‌ലീം) സന്ധിക്കുന്ന ശിക്ഷണം ('അദബി'ല്‍നിന്നാണല്ലോ തഅ്ദീബ്.). തഅ്ദീബിലൂടെ സൃഷ്ടിക്കപ്പെടേണ്ടത് നല്ലൊരു രാജ്യ പൗരനല്ല, മറിച്ച് ഒരു മനുഷ്യന്‍ (അല്‍ഇന്‍സാന്‍) ആണെന്ന് അത്വാസ് സമര്‍ഥിക്കുന്നു. കാരണം അവിടെ മാത്രമേ വ്യക്തിയുടെ ബൗദ്ധികവും ആത്മികവുമായ സ്വത്വത്തിന് മാനുഷികതയെ (ഇന്‍സാനിയ്യ) വ്യാഖ്യാനിക്കാനാകൂ. ആര്‍ജിച്ച അറിവിനെ വിവേകത്തിന്റെ ഭാഷയില്‍ ഉപയോഗിക്കുകയും തന്റെ ബൗദ്ധികവും ആത്മികവുമായ ചലനങ്ങളെ പ്രാപഞ്ചിക വ്യവസ്ഥിതി (ശരീഅ)ക്കനുസൃതമായി വാര്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ വിദ്യാസമ്പന്നനാവുന്നത്. അല്ലാത്ത പക്ഷം ജ്ഞാനം (Knowledge) വെറും വസ്തുതകളോ (Tacts) കേവല വൃത്താന്തങ്ങളോ (Information) ആയി പരിമിതപ്പെടുകയും വിവേക(Wisdom) പൂര്‍ണമായ ഇടപെടലിന്റെ അസാന്നിധ്യം ശരിയായ സദാചാര ധര്‍മത്തെ (അദബ്) സൃഷ്ടിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ 'വിദ്യാഭ്യാസം' കേവലം തര്‍ബിയ്യയോ തഅ്‌ലീമോ ആയി ചുരുങ്ങുകയും ചെയ്യുന്നു. 

ഇനി, ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ വിവക്ഷയിലേക്ക് കടക്കാം. ഈ പദം സന്ദര്‍ഭോചിതമായി വിവിധാര്‍ഥങ്ങളില്‍ ഉപയോഗിച്ചുവരുന്നുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനും (Education of Muslims) മുസ്‌ലിംകള്‍ക്കുള്ള വിദ്യാഭ്യാസത്തിനും (Education for Muslims), മുസ്‌ലിമേതരര്‍ക്ക്  നല്‍കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കുമൊക്കെ ഈ പദം പൊതുവായി ഉപയോഗിക്കാറുണ്ട്. കൂടാതെ ഇസ്‌ലാമികമായ പാരമ്പര്യവും ആത്മാവും കൂടിച്ചേര്‍ന്ന് ഒരു സമ്പ്രദായത്തില്‍ നല്‍കുന്ന അധ്യാപനങ്ങള്‍ക്കും  ഇസ്‌ലാമിക വിദ്യാഭ്യാസം എന്ന് പ്രയോഗിച്ചുവരുന്നു. 

മേല്‍പറഞ്ഞ അര്‍ഥാന്തരങ്ങള്‍ക്ക്  പുറമെ, ഇസ്‌ലാമിക വിദ്യാഭാസ സംരംഭങ്ങളുടെ പ്രായോഗിക വശങ്ങള്‍ക്കുമുണ്ട് വിവിധാര്‍ഥങ്ങള്‍. ഉദാഹരണമായി, മതകീയ വിദ്യാഭ്യാസം, മതത്തെക്കുറിച്ചുള്ള അധ്യാപനം, മതാധ്യാപനം തുടങ്ങിയ സൂക്ഷ്മ വിശകലനങ്ങളിലേക്കായിരിക്കും ഈ വഴി പോയാല്‍ നാമെത്തിച്ചേരുക. മതകീയ വിദ്യാഭ്യാസമെന്നാല്‍, പഠിതാവിനെ മതത്തിലേക്കടുപ്പിക്കുകയും മതാനുഷ്ഠാനാനുസൃതം ജീവിക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം. ഇസ്‌ലാമുള്‍പ്പെടെയുള്ള മതങ്ങളെപ്പറ്റി നല്‍കുന്ന അധ്യാപനങ്ങളാണ് മതത്തെ കുറിച്ചുള്ള വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മതാധ്യാപനമെന്നാല്‍, പഠിതാവിന്റെ വ്യക്തി ജീവിതത്തിനാവശ്യമായ മതപാഠനങ്ങള്‍. ചുരുക്കത്തില്‍, ഇസ്‌ലാമിക വിദ്യാഭ്യാസമെന്ന പദപ്രയോഗം നിരവധി വ്യാഖ്യാനങ്ങളിലേക്ക് ഗവേഷകനെ കൂട്ടിക്കൊണ്ടുപോകും.

 

ഇസ്‌ലാമികതയും പുതിയ പ്രവണതകളും

ചലനം, മാറ്റം തുടങ്ങിയവയാണല്ലോ ലോക ക്രമത്തിന്റെ പൊരുള്‍. ലോകമെന്ന പുതുമ വീണ്ടും വീണ്ടും പുതുതായിക്കൊണ്ടിരിക്കുകയും മാറ്റങ്ങള്‍  മാത്രം മാറ്റമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. മതങ്ങളും ഇസങ്ങളും ആദര്‍ശങ്ങളും തത്ത്വങ്ങളുമെന്നു വേണ്ട നമ്മുടെ നിത്യജീവിതത്തിലെ കേവല പദപ്രയോഗങ്ങള്‍ വരെ പുതുമയാര്‍ന്ന  വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കനുസൃതമായി ചിന്തകള്‍ക്കും പദങ്ങള്‍ക്കും  അര്‍ഥാന്തരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗതകാല പ്രതാപത്തിന്റെ നൈരന്തര്യത്തില്‍ ഇസ്‌ലാമികത ഒരുകാലത്ത്, സംസ്‌കാരത്തിന്റെ സുവര്‍ണ  ഗോപുരങ്ങളെ അപ്പാടെ അടയാളപ്പെടുത്തിയിരുന്ന ഒരു പദമായിരുന്നു. 'ഇസ്‌ലാമും' 'ഇസ്‌ലാമികത'യുമെന്നാല്‍ പഠന സംസ്‌കൃതിയെ (Culture of Learning)  ഉദ്‌ഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്ത രണ്ടു സമുച്ചയങ്ങളായി ദീര്‍ഘ  കാലം ലോകം മനസ്സിലാക്കിയിരുന്നു. അക്കാലത്തെ പ്രവണത അങ്ങനെയായിരുന്നു. അന്ന് ആഗോള വിദ്യാഭ്യാസത്തിന്റെ തലസ്ഥാന നഗരികളില്‍ മാത്രമല്ല, മുസ്‌ലിം രാഷ്ട്രീയാധീനതയിലുള്ള ചെറു പട്ടണങ്ങളില്‍ വരെ മിനിമം ഒരു ഗ്രന്ഥശാല തലയുയര്‍ത്തിനിന്നിരുന്നുവെന്നത് ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളില്‍ ഒന്നാണ്. വായനയും വിവര്‍ത്തനവും എഴുത്തും ഇസ്‌ലാമികതയുടെ പ്രോജ്ജ്വല ബിംബങ്ങളായി വാണ മനോഹര കാലം. ഇസ്‌ലാമിക റിപ്പബ്ലിക്കെന്നാല്‍ ജ്ഞാനത്തിന്റെയും ഉന്നത സംസ്‌കാരത്തിന്റെയും തിരിച്ചറിയല്‍ കേന്ദ്രങ്ങളായിരുന്നു അന്ന്. 

എന്നാല്‍, രാഷ്ട്രീയ-സാമ്പത്തിക-വൈജ്ഞാനിക ക്രമീകരണത്തില്‍ മുസ്‌ലിം നേതൃത്വത്തിന് വന്ന പാകപ്പിഴകളുടെ അനിവാര്യതയെന്നോണം  ഇസ്‌ലാമികതക്കും നഷ്ടങ്ങള്‍ സംഭവിച്ചു. അതിഗുരുതരമായിരുന്ന ആ നഷ്ടത്തിന്റെ ശേഷത്തുടിപ്പുകളാണ് പലപ്പോഴും നമുക്ക് മുന്നിലെ ലോകം അടയാളപ്പെടുത്തിത്തരുന്നത്. ഇന്ന്, സംസ്‌കാരത്തെയോ രാഷ്ട്രീയ-വിദ്യാഭ്യാസ മണ്ഡലങ്ങളെയോ ഇസ്‌ലാമികതയോടു ചേര്‍ത്തിപ്പറയുമ്പോള്‍ പലപ്പോഴും ഉയരുന്നത് എന്തു കൊണ്ടോ സുഖകരമായ പ്രതിഫലനങ്ങളല്ലെന്നു നാമെങ്ങനെ പറയാതിരിക്കും? ഇസ്‌ലാമിക വിദ്യാഭ്യാസമെന്ന ലോക പ്രതിഭാസത്തിന് ഇടര്‍ച്ച വന്നപ്പോള്‍ അത് കേവലം ചില സംഭവങ്ങളായി (Events) ചുരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഓണ്‍ലൈന്‍ യുഗത്തിലെ വിദ്യാഭ്യാസബന്ധിയായ പുതു പ്രവണതകളിലൊന്ന്. ഇതൊന്നും വെറുതെ സംഭവിച്ചുപോയതല്ല താനും. ജ്ഞാന മേഖലയിലെ തൃഷ്ണയില്ലായ്മയും ഗവേഷണ കാര്യങ്ങളിലെ അശാസ്ത്രീയതയും അനാവശ്യമായ അക്ഷരാടിമത്തവും അനഭിലഷണീയമായ മതാന്ധതയും (മതാഭിനിവേശമല്ല!)  നമ്മെ നമുക്ക് മാത്രം സ്വന്തമായിരുന്ന കലയുടെയും ശാസ്ത്രത്തിന്റെയും പ്രഭാപൂരിത വഴികളില്‍നിന്ന് പുറകോട്ടു വലിച്ചിട്ടുണ്ടെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. ഇവയുടെയൊക്കെ പ്രതിഫലനമെന്നോണം പലയിടങ്ങളിലും നാമിന്ന് ഉപയോഗിക്കുന്ന ഇസ്‌ലാമികത (Islamicity), സാമൂഹികമായ ഇടപെടലുകളും ക്രിയാത്മകമായ അനക്കങ്ങളും സൃഷ്ടിക്കുന്ന ജീവസ്സുറ്റ ഇസ്‌ലാമിനു പകരം ഒരു പ്രതിരോധാത്മക ഇസ്‌ലാമിനെയാണ് പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ എല്ലാവരുടെയും ഇസ്‌ലാമെന്ന പേരില്‍ അറിയപ്പെടേണ്ട ലോക ഇസ്‌ലാമിന്,  അഥവാ ഒരു യൂനിവേഴ്‌സല്‍ ഇസ്‌ലാമിന് നാം പോലുമറിയാതെ വേലിക്കെട്ടുകള്‍ നിര്‍മിതമാവുകയും ചെയ്യുന്നു. 

ഇനി, ഇസ്‌ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സ്വഭാവവും ഇതേ വ്യവസ്ഥയുടെ ശ്രേണിയും നമുക്കൊന്ന് പരിശോധിക്കാം. ഇസ്‌ലാമിക ദര്‍ശനത്തിലെ വിദ്യാഭ്യാസം ഔപചാരികം, അനൗപചാരികം എന്നീ തരംതിരിവുകള്‍ക്ക് അതീതവും അതിനാല്‍തന്നെ ഒരു സ്‌കൂള്‍ ഘടനയിലേക്ക് ചുരുങ്ങിക്കൂടാത്തതുമാണ്. ഒരു കുട്ടിയുടെ പഠനാരംഭം സ്‌കൂള്‍ കേന്ദ്രീകൃതമോ സ്ഥാപന ബന്ധിതമോ അല്ല. അവന്റെ പഠനാന്ത്യം ഏതെങ്കിലും ഒരു ജോലിയില്‍ അധിഷ്ഠിതവും അല്ല. അതുകൊണ്ടാണ് ഈ വിദ്യാഭ്യാസ ഘടന ഒരു തുടര്‍ച്ചാഭാവം കൈക്കൊള്ളുന്നത്. ഈ പ്രത്യേക വിദ്യാഭ്യാസ ശ്രേണിയില്‍ വ്യക്തിക്കും സമൂഹത്തിനും ചുറ്റുപാടിനും സ്ഥാപനങ്ങള്‍ക്കുമെല്ലാം തങ്ങളുടേതായ പങ്ക് യഥാവിധി നിര്‍വഹിക്കാനുണ്ട്. ഇവ തമ്മിലുള്ള പരസ്പരബന്ധങ്ങള്‍ വഴി രൂപപ്പെടേണ്ട ഇസ്‌ലാമിക വിദ്യാഭ്യാസരീതിയെ ശരിയാംവിധം ഗ്രഹിക്കാന്‍ ആ ശ്രേണിയെ നമുക്ക് വരച്ചിടാം (പട്ടിക 1).

മൗദൂദുര്‍റഹ്മാന്‍ എന്ന ഗവേഷകന്‍ രൂപകല്‍പന ചെയ്ത ഈ ശ്രേണിയാണ് ഇസ്‌ലാമിക വിദ്യാഭ്യാസ ചരിത്രത്തില്‍ നാം കണ്ടു പരിചയിച്ച രീതി. ഇവയിലെ ഓരോന്നും പരസ്പരബന്ധിതവും പൂരകങ്ങളുമാണ്. നമ്മുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാള്‍വഴികള്‍ എടുത്തു പരിശോധിച്ചാല്‍ ഇവയോരോന്നും നിര്‍വഹിച്ചുകൊണ്ടിരുന്ന ക്രിയാത്മകമായ പങ്ക് എത്രത്തോളമായിരുന്നുവെന്ന് സുതരാം വ്യക്തമാകും. എന്നാല്‍ ചരിത്രം വിട്ട് വര്‍ത്തമാനത്തിലെത്തുമ്പോള്‍ ഇവയോരോന്നും തമ്മിലുള്ള ഇഴയടുപ്പം അകന്നകന്നില്ലാതാവുന്നത് നാം തിരിച്ചറിയുന്നു. ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ പട്ടികയില്‍ 'കുടുംബം' എന്ന സ്വത്വത്തെയും 'പള്ളി' എന്ന മറ്റൊരു സ്വത്വത്തെയും തമ്മില്‍ ചേര്‍ക്കാന്‍ ചില മരണാനന്തര കര്‍മങ്ങള്‍ക്കോ വിവാഹാനുഷ്ഠാനങ്ങള്‍ക്കോ മാത്രമാണ് കഴിയുന്നത്. പള്ളികളും നമ്മുടെ ഔപചാരിക ജ്ഞാന കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധവും തഥൈവ. പള്ളിയിലെ സദാചാര മൂല്യങ്ങള്‍ അറിവിന്റെ ഉന്നത കേന്ദ്രങ്ങളായ സര്‍വകലാശാലകളിലേക്കോ അവിടങ്ങളിലെ ജ്ഞാനസമ്പാദന സംസ്‌കാരം തിരിച്ച് പള്ളിയിലേക്കോ കൈമാറ്റം ചെയ്യപ്പെടാതായിരിക്കുന്നുവെന്നതാണ് ഇസ്‌ലാമിക വിദ്യാഭ്യാസ പ്രക്രിയയിലെ മറ്റൊരു പുതിയ പ്രവണതയായി വിമര്‍ശനബുദ്ധ്യാ വിലയിരുത്തുമ്പോള്‍ നാം കാണുന്നത്.

 

ന്യൂ ജെന്‍ കാലത്തെ  അധ്യാപന വൃത്താന്തങ്ങള്‍

അറിവിന്റെ നിഖില മേഖലകളിലും ഭാഷദേശ വൈജാത്യമന്യേ പുരോഗമനവും പരിഷ്‌കരണവും നടന്നുവരുന്നത് ക്ഷണവേഗത്തിലാണ്. അറിവ് പഴയതെങ്കിലും അതിന്റെ ദാതാവും സ്വീകര്‍ത്താവും പുതിയതാകുന്ന കാലത്തോളം അറിവിന്റെ സ്വഭാവം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയപ്പെടേണ്ടതു തന്നെയാണ്. ഇല്ലെങ്കില്‍ ഖുര്‍ആനും തിരുവചനങ്ങളുമൊന്നും ഇക്കാലത്തും അറിവിന്റെ ആധികാരിക സ്രോതസ്സുകളായി ഇസ്‌ലാമിക ലോക വീക്ഷണത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയില്ലല്ലോ. അറിവിന്റെ സ്വഭാവമാറ്റം നാം കാണുന്നത് അതിന്റെ കൈമാറ്റക്കാരനായ അധ്യാപകനിലൂടെയാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിക വിദ്യാഭ്യാസ പരിപ്രേക്ഷ്യത്തില്‍ 'സ്വാത്വികബന്ധിയായ പിതാവ്' എന്ന് ഇമാം ഗസാലി വിശേഷിപ്പിച്ച അധ്യാപകന്‍, ഈ കൈമാറ്റ പ്രക്രിയയെ പുതിയ കാലത്തിനനുസൃതമായി പരിഷ്‌കരിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം അറിവ് തിരിച്ചറിയപ്പെടാതിരിക്കുകയും അതിന്റെ ആത്മാവ് നഷ്ടമാവുകയും ചെയ്യും. 

കൈമാറ്റത്തിന്റെ പ്രഥമ മാധ്യമമാണല്ലോ ആശയ വിനിമയം. അധ്യാപകന്‍ നിര്‍വഹിക്കുന്ന വിനിമയം വിദ്യാര്‍ഥിയായ സ്വീകര്‍ത്താവിന് സുഗ്രാഹ്യമാകണമെങ്കില്‍ ഇരുവരും ഈ വിനിമയ പ്രക്രിയയിലെ ഒരു ബിന്ദുവില്‍ ഒന്നിക്കേണ്ടതുണ്ട്. ഈ ബിന്ദുവിനെയാണ് നാമിവിടെ പരിഷ്‌കരണം (Update) എന്ന് വിളിക്കുന്നത്. ദിവസം എട്ടു മണിക്കൂറിലധികം അതി നൂതന വിനിമയോപാധികള്‍ ഉപയോഗിക്കുകയും ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളുമില്ലാതെ ജീവിതം അസാധ്യമെന്ന് കരുതുകയും ചെയ്യുന്ന ഒരു വിദ്യാര്‍ഥിയെ, അധ്യാപകന്റെ സ്വരശുദ്ധി ഒട്ടുമില്ലാതെയുള്ള ഖുര്‍ആന്‍ പാരായണം അലോസരപ്പെടുത്തുമെന്നു മാത്രമല്ല, ഒരുപക്ഷേ ഖുര്‍ആന്റെ സംഗീതാത്മകതയെ അവന്‍ വിപരീത ദിശയില്‍ മനസ്സിലാക്കാനിട വരും. പ്രത്യുത, ഒരു വിരല്‍ത്തുമ്പിലൂടെ ഞൊടിയിടയില്‍ ലഭിക്കാവുന്ന ലോകോത്തര ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ ശ്രവണമനോഹരമായ പാരായണ വൈവിധ്യങ്ങള്‍ തന്റെ ടച്ച് സ്‌ക്രീനില്‍ തെളിഞ്ഞു വരുമ്പോള്‍ വെള്ളച്ചോക്കിനും കറുത്ത ബോര്‍ഡിനും കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ അവിടെ നടന്നേക്കാം. ഖേദകരമെന്നു പറയട്ടെ, ഈ വഴിക്ക് ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത, മാറ്റങ്ങളോട് അകാരണമായ വിമുഖതയുള്ള ഒരു അധ്യാപകവൃന്ദം നമ്മുടെ മത സ്ഥാപനങ്ങളില്‍ ഇന്നുമുണ്ടെന്നത് വാസ്തവമാണ്. വിനിമയ കാര്യങ്ങളിലെ നവീകരണത്തില്‍ വരുന്ന അപാകതകള്‍ മൂലം അധ്യാപക-വിദ്യാര്‍ഥികള്‍ക്കിടയില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട പരസ്പര ധാരണ ഇല്ലാതെ പോകുന്നത് ആപല്‍ക്കരമാണ്. ഈ പ്രവണത മാറണമെങ്കില്‍ ഗുരു എപ്പോഴും ഒരു ഗിരിപ്രഭാഷകനും ശിഷ്യന്‍ എപ്പോഴും ഒരു ശ്രോതാവുമെന്ന സങ്കല്‍പം കലാലയങ്ങളില്‍നിന്നും തൂത്തുകളയേണ്ടതുണ്ട്. ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങളിലെ ഉന്നത ഇസ്‌ലാമിക പാഠശാലകളില്‍ ഈ രംഗത്ത് കണ്ടുവരുന്ന മാറ്റം ആശാവഹമാണ്. എന്നാല്‍, പ്രാഥമിക മതപഠന കേന്ദ്രങ്ങളിലെ അതിപുരാതനവും അരോചകമാം വിധം ശബ്ദമുഖരിതവുമായ അധ്യാപന ശൈലി വികസിത-വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളിലും കുവരുവെന്നത് സങ്കടകരവും. 

 

ജീവിക്കാനറിയാത്ത ജ്ഞാന കേന്ദ്രങ്ങള്‍ 

അറിവിന്റെ സ്ഥാപന കേന്ദ്രീകരണം പുതിയ ദിശകളിലേക്ക് പ്രയാണം തുടങ്ങിയിട്ട് ഒരു ശതകമാവുന്നതേയുള്ളൂ. വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയാസൂത്രണങ്ങളും (Scientific Planning of Education) വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് സ്ഥാപനങ്ങളുടെ ബഹുമുഖ ഗുണനിലവാര പരിശോധനയും അധ്യാപന രീതിശാസ്ത്രങ്ങളുടെ താത്ത്വികവും പ്രായോഗികവുമായ പരിണാമങ്ങളുമെല്ലാം ഇന്ന് നിരവധി സെമിനാറുകള്‍ക്കുള്ള ഗഹന വിഷയങ്ങളാണ്. ലോകോത്തര സര്‍വകലാശാലകളിലൊക്കെയും മേല്‍പ്പറഞ്ഞ വിഷയങ്ങളെ അധികരിച്ചുള്ള നിരന്തര സംവാദങ്ങളും സിമ്പോസിയങ്ങളും നടന്നുവരുന്നു. ഇതിനു ചുവടു പിടിച്ച്, നമ്മുടെ നിലവിലുള്ള ഉന്നത മത-ഭൗതിക വിദ്യാഭ്യാസ കേന്ദ്രങ്ങളും നീങ്ങുന്നുണ്ടെന്ന വാര്‍ത്ത നമ്മെ ആവേശം കൊള്ളിക്കുന്നുവെന്നു മാത്രമല്ല, നാം കൈവിട്ടുപോയേക്കുമെന്നാശങ്കപ്പെട്ട പഠന സംസ്‌കൃതി(Culture of Learning) യുടെ പുനരാവിഷ്‌കാരം ഇസ്‌ലാമിക വിദ്യാഭ്യാസ വിശാരദരെ ഊര്‍ജസ്വലരാക്കുക കൂടി ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പുനരാവിഷ്‌കരണങ്ങളും ആസൂത്രണങ്ങളും രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നുമുണ്ട്. വികസ്വര-വികസിത രാജ്യങ്ങളിലെല്ലാം നടന്നുവരുന്ന ഈ വിദ്യാഭ്യാസ വിപ്ലവം 'അറിവിന്റെ ഏകീകരണം' (Integration), 'ഇസ്‌ലാമീകരണം' (Islamization), പുനരുദ്ധാരണം (Revivification) തുടങ്ങി പല പേരുകളില്‍ അറിയപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 

ജ്ഞാന നിര്‍മിതിയില്‍ ദിവ്യ വെളിപാടിനും ആത്മാവിനുമുള്ള അനിഷേധ്യമായ പങ്കിനെ പ്രഘോഷിക്കുന്ന ഇസ്‌ലാമിക ജ്ഞാനസമ്പ്രദായം മുസ്‌ലിം-മുസ്‌ലിമേതര രാജ്യങ്ങളില്‍ വളര്‍ന്നുവരുന്നു. ഉദാഹരണത്തിന്, യൂറോപ്പിലെയും യു. എസ്സിലെയും ഇസ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ച് Jenny Berglund എന്ന സ്വീഡിഷ് ഗവേഷക പ്രസിദ്ധീകരിച്ച ഒരു അവലോകന പ്രബന്ധത്തില്‍ ജര്‍മനിയിലെയും ഓസ്ട്രിയയിലെയും പൊതു വിദ്യാലയങ്ങളില്‍ മുസ്‌ലിം കുട്ടികള്‍ക്കായി പ്രത്യേകം ഇസ്‌ലാമിക പാഠ്യപദ്ധതി തയാറാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇവിടങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളില്‍ ഇസ്‌ലാം മത വിദ്യാഭ്യാസ വിഷയങ്ങളില്‍ അധ്യാപന പരിശീലനങ്ങളും നടന്നുവരുന്നുവത്രെ. യു.കെ യിലെയും സ്വീഡനിലെയും പൊതു വിദ്യാലയങ്ങളില്‍ മതഭേദമന്യേ സകല വിദ്യാര്‍ഥികള്‍ക്കും ഇസ്‌ലാമികാധ്യാപനങ്ങള്‍ നല്‍കുന്നുവെന്നു മാത്രമല്ല, സര്‍വകലാശാലകളിലെ മത താരതമ്യ കോഴ്‌സുകളിലൂടെ അവിടങ്ങളിലെ അധ്യാപകരെ ഉദ്ബുദ്ധരാക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷക പറയുന്നു. മേല്‍പ്പറഞ്ഞ രണ്ടു രാഷ്ട്രങ്ങളിലെയും ഇസ്‌ലാമിക വിദ്യാലയങ്ങള്‍ക്ക്, ക്രിസ്ത്യന്‍ സ്‌കൂളുകള്‍ സ്വീകരിക്കുന്ന അതേ കണക്കില്‍ സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൗരസ്ത്യ-പാശ്ചാത്യ വിദ്യാഭ്യാസ മേഖലകളില്‍ ഇസ്‌ലാമിക വിദ്യാഭ്യാസം പലവിധേനയും പ്രോത്സാഹിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പ്രാഥമികവും ഉന്നതങ്ങളുമായ മത കലാലയങ്ങളില്‍ പലതും ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എടുപ്പുകള്‍ മാത്രമായി അവശേഷിക്കുന്നുവെന്നത് ഒരു നഗ്ന സത്യമാണ്. ഇത് ആത്മീയതയിലൂന്നിയ കോഴ്‌സുകളുടെ പോരായ്മയല്ല. ഇത്തരം അറിവുകളെ വൈയക്തികവും സാമൂഹികവുമായ ചുറ്റുപാടുകളില്‍ പ്രയോഗിച്ച് ശീലിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇല്ലാതായിപ്പോകുന്നതിന്റെ നേര്‍പ്രതിഫലനമാണിത്. ഈയൊരവസ്ഥാ വിശേഷത്തിന്റെ ഉത്തരവാദിത്തം പേറുന്നവരില്‍ സ്ഥാപന നേതൃത്വം മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളുമുണ്ട്. ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ആണിക്കല്ലുകളില്‍ പ്രഥമഗണനീയമാണ് 'അദബി'ല്‍ അധിഷ്ഠിതമായ ഒരു സംസ്‌കാരം. ഈ സംസ്‌കാരമാണ് ഏതൊരു സ്ഥാപനത്തിന്റെയും ആത്മാവ്. ഒരു വിദ്യാര്‍ഥിയില്‍ അദബ് ആദ്യമായി ജനിക്കേണ്ടത് ഹൃദയത്തിലാണ്. വേഷഭൂഷാദികളിലെ അദബ് പിന്നീടുള്ള കാര്യമാണ്. ഹൃദയത്തിലേക്കുള്ള അദബിന്റെ പ്രവേശനത്തെ എളുപ്പമാക്കുന്നത് അവന്റെ മനോഭാവമാണ്. അതിനാല്‍ ഇസ്‌ലാമിക ജ്ഞാന സമ്പാദനത്തിനായി സ്ഥാപനങ്ങളിലേക്ക് വരുന്ന ഒരു വിദ്യാര്‍ഥിയുടെ മനോഭാവത്തെയാണ് അധ്യാപകന്‍ ആദ്യമായി ശ്രദ്ധിക്കേണ്ടതും ശുശ്രൂഷിക്കേണ്ടതും. നിരന്തര നിരീക്ഷണങ്ങളിലൂടെയും ശിക്ഷണത്തിലൂടെയും മനോഭാവത്തെ ശരിപ്പെടുത്താനായാല്‍ 'തഅ്ദീബ്' സാര്‍ഥകമാവുന്നു. അല്ലാത്തപക്ഷം, നാമിന്ന് കാണുന്ന പോലെ സദാചാരം, ധര്‍മം എന്നിവയുടെ അര്‍ഥം പോലുമറിയാത്ത കേവല വസ്തുതകള്‍ (Facts) നിക്ഷേപിക്കപ്പെട്ട ചില പാത്രങ്ങളായി നമ്മുടെ കുട്ടികള്‍ മാറുകയും അവരെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളായി നമ്മുടെ സ്ഥാപനങ്ങള്‍ പരിമിതപ്പെടുകയും ചെയ്യും. 

ഇത്തരത്തിലുള്ള അധഃപതനങ്ങളുടെ കഥകള്‍ പറയാന്‍ എമ്പാടുമുണ്ട്. ലോക റാങ്കിംഗില്‍ എന്നും ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നില്‍ ഇടം പിടിക്കാറുള്ള സാക്ഷാല്‍ ഹാര്‍വ്ഡിലെ ചിരപ്രതിഷ്ഠനായിരുന്ന സാരഥി ഹാരി ല്യൂയിസിന്റെ അനുഭവ പാഠങ്ങള്‍ ഇതിന്റെ നേര്‍സാക്ഷ്യങ്ങളാണ്. തന്റെ "Excellence without a Soul: Does Liberal Education have a Future?'  എന്ന ഗ്രന്ഥത്തില്‍ ലോക വിദ്യാഭ്യാസ ഭൂപടത്തില്‍ അറിവിന്റെ സര്‍വാംഗീകൃത സ്വത്വമായി വാഴുന്ന ഹാര്‍വ്ഡ്, ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ എങ്ങനെയെല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും 'ഹാര്‍വ്ഡ്' കേവലമൊരു ബ്രാന്റ് നെയിമായി ഇതിനകം എങ്ങനെ ചുരുങ്ങിയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 1995 മുതല്‍ 2003 വരെ ഹാര്‍വ്ഡ് കോളേജ് ഡീന്‍ ആയിരുന്ന ഇദ്ദേഹം ബിരുദ വിദ്യാര്‍ഥികളെയും അധ്യാപകരെയും നിരീക്ഷിച്ച് അപഗ്രഥനം നടത്തിയ ശേഷം പ്രസ്തുത സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥാ വിശേഷം വികാരാധീനനായാണ് അവതരിപ്പിച്ചിട്ടുള്ളത്. മാനുഷിക ചിന്താ വ്യവഹാരങ്ങളെയോ നൈതിക മൂല്യങ്ങളെയോ അധികരിച്ച് അശേഷം നിലപാടില്ലാത്ത കുറേ യന്ത്രമനുഷ്യരുടെ തൊഴുത്തായി പല ഫാക്കല്‍റ്റികളും പരിണമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിലപിക്കുന്നു. വിദ്യാര്‍ഥികളുടെ ഹൃദയത്തെയും ആത്മാവിനെയും ശുശ്രൂഷിക്കാത്ത കൗണ്‍സലിംഗ് സെന്ററുകളും സ്വയം സന്നദ്ധതാ മനോഭാവത്തെ വളര്‍ത്താതെ അധികാര ഭാവങ്ങളെ മാത്രം പുഷ്ടിപ്പെടുത്തുന്ന കെട്ടിടങ്ങളുമാണ് പ്രസ്തുത സ്ഥാപനത്തിലുള്ളതെന്ന് അദ്ദേഹം പരിതപിക്കുന്നു.

 

പ്രത്യാശയിലാണ് ഊര്‍ജം

ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകള്‍ സമകാലിക പരിപ്രേക്ഷ്യത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് ഇതുവരെ ചെയ്തത്. മനുഷ്യന്‍ ജിജ്ഞാസുവാകുന്ന കാലത്തോളം അറിവിന്റെയും അക്ഷരത്തിന്റെയും ആദാനപ്രദാനങ്ങള്‍ നടക്കുകയും തദനുബന്ധമായ വാദവിവാദങ്ങള്‍ ഉടലെത്തുകൊണ്ടിരിക്കുകയും ചെയ്യും. ഇതിനിടയില്‍ നമ്മുടെ സ്വത്വരൂപീകരണത്തിന്റെ ആത്യന്തിക സ്രോതസ്സുകളായ മത-ധാര്‍മിക വിദ്യാഭ്യാസ മേഖലയില്‍ നവീകരണത്തിന്റെ ചുക്കാന്‍ പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. നമ്മുടെ ആശങ്കകള്‍ കേവലം അലമുറകളായി അവശേഷിക്കാതെ, വരണ്ടുണങ്ങിയ സാമ്പ്രദായികതയോട് ക്രിയാത്മകമായി കലഹിക്കുകയും ജ്ഞാനാര്‍ജനത്തില്‍ മാത്രമുള്ള നിപുണതയില്‍ ഊറ്റം കൊള്ളാതെ ജ്ഞാന പ്രസരണത്തിനുള്ള ധനാത്മക മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയും വേണം.  അറിവിലൂടെ ആത്മ വിമര്‍ശനത്തിനു സമയം കണ്ടെത്താന്‍ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയുന്നുണ്ടെങ്കില്‍ നമുക്കിനിയും പ്രതീക്ഷിക്കാന്‍ വകയുണ്ട്. മതം വൈകാരികാവേശത്തിനുള്ള ഉപാധിയായി മാറാതെ, സമൂഹ നിര്‍മിതിയില്‍ വിവേകപൂര്‍ണമായി ഇടപെടാനുള്ള താങ്ങായി നിലകൊള്ളാന്‍ എല്ലാവരും ബദ്ധശ്രദ്ധരാവണം. നമുക്ക് വഴങ്ങാത്തവരെ പുറന്തള്ളാന്‍ മതത്തിലൂന്നിയ അറിവു വേണമെന്നില്ല. അറിവും കൂടെ വിവേകവും വേണ്ടത് വഴക്കാളിയെ ആത്മമിത്രമാക്കാനും (ഖുര്‍ആന്‍ 41: 34) അസഹിഷ്ണുവിനെ സഹവര്‍ത്തിയാക്കാനുമാണ്. അതിനാല്‍ തന്നെ, നമ്മുടെ ജ്ഞാന സമ്പാദന രീതികള്‍ Exclusive ആകാതെ Exclusive ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍