Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

ഷാജഹാന്റെ താജും അമിത്ഷാ പുത്രന്റെ കച്ചവടവും

എ. റശീദുദ്ദീന്‍

താജ്മഹലിനെ കുറിച്ച് ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത് ഷാജഹാന്റെ സഹോദര ഭാര്യയായിരുന്നു മുംതാസ് മഹല്‍ എന്നാണ്. സഹോദരനെ വധിച്ചാണത്രെ ഷാജഹാന്‍ മുംതാസിനെ പട്ടമഹിഷിയാക്കിയത്. താജ്മഹലിന്റെ പേരില്‍ മാത്രമല്ല മറ്റൊന്നിനെ ചൊല്ലിയും ഷാജഹാനെ പ്രകീര്‍ത്തിക്കേണ്ട കാര്യമില്ലെന്നും സ്വന്തം പിതാവിനെ തടവിലിട്ടാണ് അദ്ദേഹം സിംഹാസനം പിടിച്ചടക്കിയതെന്നും ജയിലില്‍ പിതാവിന് ഭക്ഷണമായി കൊടുത്തത് ഒട്ടകത്തിന്റെ ബാക്കിവന്ന കാടിവെള്ളമായിരുന്നുവെന്നും സംഘ് പരിവാരം ഗ്രൂപ്പു ഗ്രൂപ്പാന്തരം ആഘോഷിച്ച ഈ സന്ദേശം പറയുന്നു. ചരിത്രം ആര്‍.എസ്.എസിന്റെ കൈയില്‍ കുരങ്ങനു കിട്ടുന്ന പൂമാലയാകുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ സംഭവം. താജ്മഹല്‍ എന്ന വിശ്വോത്തര ചരി്രത സ്മാരകം തേജോ മഹാലയ എന്ന ഹിന്ദു ക്ഷേ്രതമായിരുന്നുവെന്ന് അവകാശപ്പെട്ട് ബി.ജെ.പിയുടെ സര്‍ധാന നിയോജക മണ്ഡലം എം.എല്‍.എയും വിവാദ മാട്ടിറച്ചി കയറ്റുമതി വ്യവസായിയുമായ സംഗീത് സോം രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ വാട്ട്‌സ്ആപ്പ് സന്ദേശം രാജ്യമൊട്ടുക്കും ്രപചരിച്ചത്. പിതാവിനെ തടവിലിട്ട ചക്രവര്‍ത്തി ഔറംഗസീബിനെയാണ് ഇദ്ദേഹം ഷാജഹാനെന്നു തെറ്റിദ്ധരിച്ചത്. മകന്റെ തടവില്‍ കിടന്നു മരിച്ച ചക്രവര്‍ത്തിയായിരുന്നു യഥാര്‍ഥത്തില്‍ ഷാജഹാന്‍ (ഔറംഗസീബിന്റെ ഈ ്രപവൃത്തിയെ പോലും ഇന്ത്യയുടെ നിലനില്‍പ്പുമായും ഷാജഹാന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുമായും ചേര്‍ത്തുവായിച്ച ചരി്രതകാരന്മാര്‍ ഉണ്ടെന്നതും ആനുഷംഗികമായി ചൂണ്ടിക്കാണിക്കട്ടെ). പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെന്നും ഇല്ലെന്നും പറയപ്പെടുന്ന  സംഗീത് സോമിന്റെ പ്രസംഗം പിന്നീട് ബി.ജെ.പി നിഷേധിച്ചെങ്കിലും അമിത് ഷായുടെ മകന്റെ അഴിമതിക്കഥ മാധ്യമങ്ങളില്‍നിന്നും അ്രപത്യക്ഷമാകുന്നതുവരെ ഈ വിവാദത്തിന്റെ ചൂടുപറ്റി മിണ്ടാതിരിക്കുകയായിരുന്നു പാര്‍ട്ടി. 

ഇന്ത്യയിലെ ്രപധാനപ്പെട്ട ചരി്രതസ്മാരകങ്ങളുടെ മുമ്പില്‍ ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യുന്ന ഏതാണ്ടെല്ലാവരും വി.എച്ച്.പി നിയോഗിച്ച കൂലിത്തൊഴിലാളികളാണെന്ന ആരോപണം വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇക്കൂട്ടരുടെ പൊതു മാനസിക ൈവകൃതത്തിന്റെ ഭാഗമായി മുസ്‌ലിം രാജാക്കന്മാര്‍ പണിത സ്മാരകങ്ങളുടെ വിശദാംശങ്ങളിലെല്ലാം ഏതെങ്കിലുമൊരു ഹിന്ദു രാജാവിന്റെയോ ദൈവത്തിന്റെയോ പേരില്‍ കള്ളക്കഥയുമുണ്ടാകും. കുത്ബ് മീനാര്‍ ഏതോ ഹിന്ദു രാജാവിന്റെ വാന നിരീക്ഷണ കേന്ദ്രമായിരുന്നുവെന്നും വെസ്റ്റ് മിനിസ്റ്റര്‍ ആബി ശിവക്ഷേ്രതമായിരുന്നുവെന്നും ഇറ്റലി ഹിന്ദു രാജ്യമായിരുന്നുവെന്നും അറേബ്യന്‍ ഉപഭൂഖണ്ഡം വി്രകമാദിത്യ രാജാവ് ഭരിച്ചിരുന്നുവെന്നും കഅ്ബ ഹൈന്ദവ ദേവാലയമായിരുന്നുവെന്നും ്രകിസ്തുമതം യഥാര്‍ഥത്തില്‍ കൃഷ്ണനീതിയാണെന്നും മറ്റും എഴുതിപ്പിടിപ്പിച്ച് പുസ്തകമെഴുതിയ പുരുഷോത്തം നാഗേഷ് ഓഖ് 1989-ല്‍ താജ്മഹലിന്റെ 'ചരി്രതം' ്രപസിദ്ധീകരിക്കുന്നതുവരെ ഇങ്ങനെയൊരു തേജോമഹാലയ കഥ ഇന്ത്യക്കാരന്‍ കേട്ടിരുന്നില്ല. ഇത്തരം അബദ്ധ പഞ്ചാംഗങ്ങളാണ് പുതിയ കാലത്ത് ഹിന്ദുത്വ ദേശീയവാദത്തിന്റെ കര്‍ണാമൃതങ്ങളായി മാറുന്നത്. ആര്‍.എസ്.എസിന്റെ ചരിത്ര സംഘടനയായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയും സംഗീത് സോമും ഓഖും ഒരുവേള ബി.ജെ.പി തന്നെയും എന്തൊക്കെ ്രപചരിപ്പിച്ചാലും ഷാജഹാന്റെ പിതാവ് മിര്‍സാ നൂറുദ്ദീന്‍ ബേഗ് മുഹമ്മദ് ഖാന്‍ സലീം എന്ന ജഹാംഗീര്‍ ശ്രീനഗറില്‍നിന്നും ലാഹോറിലേക്കുള്ള യാത്രാമധ്യേ ഇന്നത്തെ പാക് അധീന കശ്മീരിലുള്ള സരായി സാദാബാദില്‍ 1627 ഒക്‌ടോബര്‍ 28-ന് അന്തരിച്ചതായാണ് ലോക ചരിത്രം അടയാളപ്പെടുത്തുന്നത്. മുസഫറാബാദിനു സമീപം ബാഗ്‌സര്‍ കോട്ടയില്‍ താല്‍ക്കാലികമായി അടക്കം ചെയ്ത മൃതദേഹം പിന്നീട് ലാഹോറിലെത്തിച്ച് ശാഹ്ദര പൂന്തോട്ടത്തിലെ ശവകുടീരത്തില്‍ അന്തിമമായി സംസ്‌കരിക്കുകയാണുണ്ടായത്. വാട്ട്‌സ് ആപ്പിലുടെ 'ഇതിഹാസം' അയച്ചുകിട്ടിയവര്‍ക്കോ പ്രചരിപ്പിച്ചവര്‍ക്കോ ഒന്നും ചരിത്രബോധം ലവലേശം ആവശ്യമില്ലാത്തതുകൊണ്ടും അവരുടെ ലക്ഷ്യം വേറെ പലതുമായതുകൊണ്ടും പുല്ലിന്റെ നിറത്തെ കുറിച്ച് കഴുതയോട് തര്‍ക്കിക്കാന്‍ പോയ കടുവക്ക് സിംഹരാജാവ് ശിക്ഷ വിധിച്ച പഴയ കുട്ടിക്കഥ ഓര്‍മിപ്പിച്ച് വിഷയത്തിലേക്കു മടങ്ങാം. 

മുസ്‌ലിം ചക്രവര്‍ത്തിമാരെ വെട്ടിമാറ്റാനാവാത്ത ഇന്ത്യയുടെ സമകാലീന ചരിത്രത്തെ തമസ്‌കരിക്കുകയോ അപ്രധാനമാക്കുകയോ ചെയ്യുന്ന പുതിയൊരു സംഘ്പരിവാര്‍ രീതിശാസ്്രതമാണ് ഇപ്പോഴത്തെ ഈ നീക്കങ്ങള്‍ക്കു പിന്നിലുള്ളത്. ഇന്ത്യ കാണാനെത്തുന്ന 95 ശതമാനം വിദേശികളും ആദ്യം പോകുന്നത് താജിലേക്കാണെന്നത് അതു പണിത രാജാവ് 'ദേശദ്രോഹി'യാണെന്നു പറയുന്ന ബി.ജെ.പിയുടെ രാഷ്്രടീയത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പൂറമായിരുന്നു. രാമായണത്തിലെ പുഷ്പക വിമാനവും ഗാന്ധാരിയുടെ ടെസ്റ്റ്ട്യൂബ് ശിശുക്കളും പരമശിവന്റെ അവയവമാറ്റ ശസ്ത്രക്രിയയും അതുപോലുള്ള പുരാണകഥകളുമൊക്കെ ചരിത്ര വസ്തുതകളായി എറ്റുപിടിച്ച് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഒരു ഭാഗത്ത് ഇന്ത്യയെ വിദേശ രാജ്യങ്ങളുടെ മുമ്പില്‍ പരിഹാസ്യമാക്കുമ്പോഴും അണികളുടെ ആത്മവീര്യം ജ്വലിപ്പിച്ചുനിര്‍ത്താന്‍ ആര്‍.എസ്.എസ് എത്രയോ കാലമായി ഉപയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രങ്ങളായിരുന്നു അവ. കുത്ബ് മിനാര്‍, ചെങ്കോട്ട, ചാര്‍മിനാര്‍, ജന്തര്‍മന്തര്‍ തുടങ്ങി  ഇതര രാജ്യക്കാര്‍ കാണാന്‍ വരുന്ന ചരിത്രസ്മാരകങ്ങളത്രയും ഹിന്ദു മഹാരാജാക്കന്മാരുടെ നിര്‍മിതികളാണെന്ന് വെറുതെ വീമ്പു പറയുക മാത്രമല്ല അതിനനുസരിച്ച് ചരിത്രം മാറ്റിയെഴുതുന്ന പണിയും ഒരു ഭാഗത്ത് നടന്നു വരുന്നുണ്ട്. രജപുത്ര രാജാവായ മഹാറാണാ പ്രതാപ്, അക്ബര്‍ ചക്രവര്‍ത്തിയെ തോല്‍പ്പിച്ചുവെന്ന് രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റി പാഠഭാഗം തയാറാക്കിയത് ഉദാഹരണം. യഥാര്‍ഥത്തില്‍ റാണാ പ്രതാപ് തോറ്റോടുകയാണുണ്ടായത്. ഇക്കണക്കിന് മുഹമ്മദ് ഗോറിയെ പൃഥ്വിരാജ് ചൗഹാന്‍ തോല്‍പ്പിക്കുകയായിരുന്നു, മറിച്ചല്ല സംഭവിച്ചതെന്നും ആസന്ന ഭാവിയില്‍ പഠിക്കേണ്ടിവരുമെന്നായിരുന്നു ജെ.എന്‍.യു അധ്യാപകന്‍ ഹര്‍ഭന്‍സ് മുഖിയ ദ വയര്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ പൈലറ്റ് ശ്രീരാമനാണെന്ന് മുഖ്യമന്ത്രിയായിരിക്കവെ ഗുജറാത്തിലെ പാഠപുസ്തകത്തിന് മുഖവുരയെഴുതിയ ആളാണല്ലോ സാക്ഷാല്‍ മോദി തന്നെയും. രാജ്യത്തേക്ക് ഏറ്റവുമധികം വിദേശ സഞ്ചാരികളെത്തുന്ന താജ് മഹലിനു നേര്‍ക്ക് ഈ ആരോപണം  ഉന്നയിച്ചപ്പോഴൊക്കെയും കോടതികളും പൗരസമൂഹവുമാണ് സംഘ് പരിവാറിനെ അടക്കിയിരുത്തിയത്. ആഗ്രാ കോടതിയിലെ ആറ് അഭിഭാഷകര്‍ താജ്മഹലിന്റെ പേരു മാറ്റി തേജോ മഹാലയം എന്നാക്കണമെന്നും അതിനകത്തെ ഖബ്‌റുകള്‍ എടുത്തുമാറ്റി പൂജ നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഏറ്റവുമൊടുവില്‍ 2015-ല്‍ കോടതി തള്ളിയിരുന്നു. ബി.ജെ.പി അധികാരമേറ്റ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. രാജാ പരാമര്‍ധി ദേവ് എന്നൊരാള്‍ 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച തേജോ മഹാലയം പില്‍ക്കാലത്ത് ജയ്പൂര്‍ രാജാക്കളായ രാജാ മാന്‍സിംഗിന്റെ കൈയിലും പിന്നീട് രാജാ ജയ് സിംഗിന്റെ കൈയിലും എത്തിപ്പെട്ടുവെന്നും അവരില്‍നിന്നാണ് ഷാജഹാന്‍ ഇത് കൈയടക്കിയതെന്നുമാണ് അഭിഭാഷകര്‍ വാദിച്ചത്. മോദി കാലത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കു പോലും ഈ വാദങ്ങളെ നിഷേധിക്കേണ്ടിവന്നു. 

സ്‌റ്റെം സെല്‍ ടെക്‌നോളജി മുതല്‍ ശ്രീരാമന്റെ ഹെലികോപ്റ്ററും ഗാന്ധാരിയുടെ ടെസ്റ്റ്ട്യൂബ് ശിശുക്കളുമൊക്കെയായി ഇറ്റലിയും ലണ്ടനിലുമൊക്കെ വ്യാപിച്ചിട്ടും ജന്മനാടായ ഇന്ത്യയില്‍ സ്വന്തമായി എടുത്തുകാണിക്കാന്‍ ഒന്നുമില്ലാത്ത, മറ്റുള്ളവര്‍ ഉണ്ടാക്കിയതിന്റെ ചുവടു മാന്താന്‍ പോകുന്ന ഗതികേടാണ് മറ്റൊരു നിലക്ക് വിലയിരുത്തുമ്പോള്‍ സംഘ് പരിവാറിന്റേത്.  താജ്മഹല്‍ ഏതെങ്കിലും ക്ഷേത്രം തകര്‍ത്തു നിര്‍മിച്ചതാണെന്നല്ല സംഘ് പരിവാര്‍ ചരിത്രകാരന്മാര്‍ വാദിക്കുന്നത്. മറിച്ച് ഷാജഹാന്‍ കൈയേറുകയാണ് ചെയ്തതെന്നാണ്. ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥാനവും മുഖപ്പും നിര്‍മാണ കലയുമൊക്കെ പരിശോധിച്ചാല്‍ അങ്ങനെയൊരു നിര്‍മിതി ഷാജഹാനു മുമ്പോ ശേഷമോ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രത്തിന് ഉണ്ടായിരുന്നതായി കാണാനാവില്ല. ബൈസാന്റിയന്‍ രാജാക്കന്മാര്‍ തുടക്കമിട്ട് മുഗളരിലൂടെ പൂര്‍ണതയിലെത്തിയ ഇന്തോ- സാരസന്‍ നിര്‍മാണ കലയുടെ ക്ലാസിക്കല്‍ ഉദാഹരണമായാണ് താജ്മഹല്‍ അറിയപ്പെടുന്നതുതന്നെ. എന്നാല്‍ രാധേ ശ്യാം ബ്രഹ്മചാരി എന്നൊരാള്‍ 2009-ല്‍ എഴുതിയ ലേഖനം അവകാശപ്പെടുന്നത് പ്രദേശത്തുനിന്നും ഒരു മാര്‍ബിള്‍ ശിലാ ഫലകം ലഭിച്ചതായും അതിലെ ലിഖിതങ്ങളില്‍ ഒരു വിഷ്ണു ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ടെന്നുമാണ്. 11-ാം നൂറ്റാണ്ടിലേതാണ് ഈ പറയപ്പെടുന്ന ഫലകം. എങ്കില്‍ പോലും ഈ ക്ഷേത്രത്തിന്റെ സ്ഥാനത്തെ കുറിച്ച് രാധേ ശ്യാം പകര്‍ത്തുന്ന വാക്കുകളിലൊരിടത്തും പറഞ്ഞിട്ടുമില്ല. ഇന്ന് കാണുന്ന മാര്‍ബിള്‍ സൗധമായിരുന്നു ആ ക്ഷേത്രമെങ്കില്‍ അതിനകത്ത് വിശുദ്ധ ഖുര്‍ആന്റെ അധ്യായങ്ങള്‍ മുകളില്‍നിന്നും താഴെവരെ ആരാണ് എഴുതിവെച്ചത്? ഹിന്ദുക്കള്‍ എന്നു മുതല്‍ക്കാണ് ശവം ദഹിപ്പിക്കുന്നതിനു പകരം അടക്കം ചെയ്യാനാരംഭിച്ചത്? താജ്മഹലിനകത്തു മുഴുവന്‍ അത്തരം ഖബ്‌റുകളാണല്ലോ. ഷാജഹാന് സ്ഥലം വിറ്റ ജയ്പൂര്‍ മഹാരാജാക്കന്മാര്‍ കണ്ടിട്ടുണ്ടായിരുന്നില്ലേ ഈ ഫലകവും വിഷ്ണു ക്ഷേത്രവുമൊന്നും? ഈ മാതിരിയുള്ള താലീപുലാക ന്യായങ്ങളൊന്നും തന്നെ താജ്മഹല്‍ മുന്‍കാലത്ത് ക്ഷേത്രമായിരുന്നു എന്നതിന്റെ തെളിവ് പോയിട്ട് സംശയം പോലുമായി മാറുന്നുണ്ടായിരുന്നില്ല. മൂന്ന് പാശ്ചാത്യ ചരിത്രകാരന്മാര്‍ താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതായി ലേഖനത്തിന്റെ ആദ്യ വരിയില്‍ തന്നെ തട്ടിവിടുന്ന ബ്രഹ്മചാരി ഈ വിദേശികള്‍ ആരെന്ന് ലേഖനത്തിലൊരിടത്തും പറഞ്ഞിരുന്നില്ല. ഇനി അഥവാ അങ്ങനെ മൂന്നു പേര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍തന്നെ അവര്‍ക്ക് ക്ഷേത്രം എന്താണെന്നോ ശവകുടിരം എങ്ങനെയെന്നോ ഒരു തിട്ടവുമില്ല എന്നു തന്നെയാണ് അതിനര്‍ഥവും. 

അങ്ങേയറ്റം പരിഹാസ്യമായി മാറുന്ന വാദങ്ങളാണ്  പാശ്ചാത്യന്റെ തലയില്‍ കെട്ടിവെച്ച് വിശ്വാസ്യത തെളിയിക്കാന്‍ ബ്രഹ്മചാരിയെയും ഓഖിനെയും പോലുള്ളവര്‍ ശ്രമിച്ചത്. എന്നാല്‍ അതിലേറെ പരിഹാസ്യമാണ് ഈ അസംബന്ധങ്ങളെ ഏറ്റുപിടിക്കുന്ന ശരാശരി ബി.ജെ.പിക്കാരന്റെ ബുദ്ധിനിലവാരം. സംഗീത് സോമിനെ പോലുള്ളവര്‍ പറയുന്ന വിടുവായത്തങ്ങള്‍ ചരിത്രത്തിന്റെ ലേബലൊട്ടിച്ച് നാടുതീണ്ടുകയും അത് പ്രധാനമന്ത്രി മുതല്‍ പേര്‍ വിശദീകരിക്കേണ്ടിവരികയും ചെയ്യുന്നത് ഏതര്‍ഥത്തിലാണാവോ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നുണ്ടാവുക? ഇത്തരം മത്തരങ്ങള്‍ പതിവായി വിളിച്ചുപറഞ്ഞുകൊിരുന്ന ആദിത്യനാഥിനു പോലും അതേ താജ്മഹല്‍ അടിച്ചുവാരേണ്ടിവന്നതും ഇന്ത്യയോടുള്ള നിലപാട് വിദേശത്ത് അപകടകരമായി മാറുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നായിരുന്നു. ജൂണ്‍ 16-ന് ബിഹാറിലെ ദര്‍ഭംഗയില്‍ നടത്തിയ റാലിയില്‍ ആദിത്യനാഥ് താജ്മഹലിനെ കുറിച്ചു പറഞ്ഞത് അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ്. ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് താജ്മഹലിന്റെ മാതൃക സമ്മാനിക്കുന്നതിനെ ആദിത്യനാഥ് വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും അപകടകരമായ ഒരു പഴുത് ബാക്കിയിട്ട് താജ്മഹല്‍ ഇന്ത്യക്കാര്‍ നിര്‍മിച്ചതാണെന്ന എവിടെയും തൊടാത്ത നിലപാടാണ് ആദിത്യനാഥ് കൈക്കൊണ്ടത്. വാര്‍ത്താ ലേഖകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും അത് ക്ഷേത്രമാണെന്നോ അല്ലെന്നോ പാര്‍ട്ടിയുടെ പ്രധാന വക്താക്കളായ നളിന്‍ കോഹ്‌ലി, ജി.പി.എല്‍ റാവു എന്നിവര്‍ വ്യക്തമാക്കിയില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസ്റ്റ് ഭൂപടത്തില്‍നിന്ന് താജ്മഹല്‍ ഒഴിവാക്കി പകരം അയോധ്യയിലെയും വാരാണസിയിലെയും ഗൊരഖ്പൂരിലെയും ക്ഷേത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതോടെ ബി.ജെ.പിയുടെ നിലപാട് വ്യക്തമായിരുന്നു. ഉത്തരേന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടെ എണ്ണമെടുത്താലറിയാം താജ്മഹലിന്റെ പ്രാധാന്യം. മൂന്ന് ദശലക്ഷം സന്ദര്‍ശകരാണ് ഓരോ വര്‍ഷവും താജിലെത്തുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ അവഗണിച്ചുകൊണ്ടാണ് അയോധ്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി യു.പി സര്‍ക്കാര്‍ 133 കോടി രൂപ അനുവദിച്ചത്.  ചുരുക്കത്തില്‍ ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴൊക്കെ ഈ തകരച്ചെണ്ടയെടുത്ത് കൊട്ടി അവര്‍ ഇനിയും ഊരുതെണ്ടാനിറങ്ങുമെന്നര്‍ഥം. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സ്ഥിതിക്ക് ജനത്തോടു പറയാന്‍ കൈയിലൊന്നുമില്ലാത്ത ബി.ജെ.പിക്ക് പാര്‍ട്ടി അധ്യക്ഷന്റെയും മകന്റെയും മറ്റു നേതാക്കളുടെയുമൊക്കെ അഴിമതിക്കഥകള്‍ മറച്ചുപിടിച്ച് ജയിച്ചുകയറേണ്ടേ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍