Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

കാമ്പസ് രാഷ്ട്രീയം നിരോധിക്കേണ്ടതുണ്ടോ?

ബഷീര്‍ തൃപ്പനച്ചി

ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്. രാഷ്ട്രീയമായി സംഘടിക്കാനും അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമൊക്കെയുള്ള അവകാശം പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നു. 18 വയസ്സ് എന്ന പ്രായപൂര്‍ത്തിയാണ് പൗരാവകാശത്തിന്റെ ഇന്ത്യന്‍ മാനദണ്ഡം. 18 പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും മത-ജാതി-ലിംഗ ഭേദമന്യേ ഒരു രാഷ്ട്രീയ പൗരനാണെന്നര്‍ഥം. അവര്‍ എവിടെയായാലും അവിടെ രാഷ്ട്രീയമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല. 18 പൂര്‍ത്തിയായവരാണ് ഇന്ന് ഇന്ത്യന്‍ കാമ്പസുകളിലെ വിദ്യാര്‍ഥികള്‍. അവര്‍ രാഷ്ട്രീയമായി സംഘടിക്കുന്നതും സമരം ചെയ്യുന്നതുമെല്ലാം അവരുടെ പൗരാവകാശത്തിന്റെ ഭാഗമായി കൂടിയാണ്.

അതുകൊണ്ടു തന്നെ കാമ്പസ് രാഷ്ട്രീയ നിരോധ നീക്കങ്ങളെ ജനാധിപത്യാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമായി കണ്ട് ചെറുക്കേണ്ടതുണ്ട്. അപ്പോഴും പക്ഷേ, വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നടത്താനിടവന്ന സാഹചര്യം മൂടിവെക്കാനും പാടില്ല. കേരളീയ കാമ്പസുകളില്‍ അരങ്ങു തകര്‍ക്കുന്ന അക്രമ രാഷ്ട്രീയത്തെ കൂടി തുറന്നെതിര്‍ത്തുകൊണ്ടേ ഭാവി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാവൂ.

തങ്ങള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ പാകപ്പിഴവുകള്‍ മൂലം തള്ളപ്പെട്ടത് അംഗീകരിക്കാന്‍ എസ്.എഫ്.ഐ വിസമ്മതിച്ചതാണ് പൊന്നാനി എം.ഇ.എസിലെ പ്രശ്‌നങ്ങളുടെ തുടക്കം. അതിനെതിരെയുള്ള പ്രതിഷേധം കോളേജ് ഓഫീസ് അടിച്ച് തകര്‍ക്കുന്നതിലേക്കും അധ്യാപകരെ കൈയേറ്റം ചെയ്യുന്നതിലേക്കും വഴിമാറി. അതോടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യാന്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിതരായി. സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുക്കാനായി പിന്നീട് സമരം. ക്ലാസ് മുടക്കിയും അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളേജില്‍ പ്രവേശിക്കുന്നത് തടഞ്ഞും വിദ്യാര്‍ഥി സമരം കത്തിപ്പടര്‍ന്നപ്പോള്‍ എം.ഇ.എസ് അധികൃതര്‍ കോടതിയെ സമീപിച്ചു. കോടതി കോളേജ് നടത്തിപ്പിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ക്ലാസുകള്‍ പുനരാരംഭിച്ചെങ്കിലും കോളേജ് ഗേറ്റ് തന്നെ സമരകേന്ദ്രമാക്കിയ സഖാക്കള്‍ അരക്ഷിതാവസ്ഥ പടര്‍ത്തി. അതോടെ കോടതിയലക്ഷ്യത്തിന് മാനേജ്‌മെന്റ് വീണ്ടും കോടതിയെ സമീപിച്ചു. സമരത്തിന്റെ പേരില്‍ എസ്.എഫ്.ഐക്കാര്‍ കാമ്പസില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ചീഫ് ജസ്റ്റിസുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച്, 'ഇങ്ങനെയാണ് കാമ്പസ് രാഷ്ട്രീയമെങ്കില്‍ അതനുവദിക്കാനാവില്ലെന്ന്' പറഞ്ഞ് വിദ്യാര്‍ഥി രാഷ്ട്രീയ നിരോധനമടക്കമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

ഒരു വിദ്യാര്‍ഥി സംഘടനയുടെ അതിക്രമങ്ങള്‍ മൂലം മുഴുവന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെയും റദ്ദ് ചെയ്യാനുള്ള നീക്കം എലിയ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്ന് പറയാതെ വയ്യ. കാമ്പസ് രാഷ്ട്രീയ നിരോധ നീക്കങ്ങളിലേക്ക് ചുവട് വെക്കുന്ന കോടതി വിധിയെ ജനകീയ വിശകലനത്തിന് വിധേയമാക്കുമ്പോള്‍തന്നെ അക്രമസ്വഭാവമുള്ള നിലവിലെ വിദ്യാര്‍ഥി രാഷ്ട്രീയവും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ തന്നെ ഭാവിക്ക് ദ്രോഹം മാത്രം വരുത്തിതീര്‍ക്കുന്ന ഈ അക്രമരാഷ്ട്രീയം തുടരുക വഴി വിദ്യാര്‍ഥി രാഷ്ട്രീയത്തെ എന്നെന്നേക്കുമായി തുടച്ച് നീക്കാന്‍ ആഗ്രഹിക്കുന്നവരുടെ അജണ്ടകള്‍ക്ക് ശക്തി പകരുകയാണ് ഇവര്‍ ചെയ്യുന്നത്. കാമ്പസുകള്‍ അരാഷ്ട്രീയമാകുന്നുവെന്ന് മുറവിളി കൂട്ടുന്നവരും അതിന് മുഖ്യകാരണങ്ങളിലൊന്ന് ഈ അക്രമ രാഷ്ട്രീയവും ഏകാധിപത്യ പ്രവണതകളുമാണെന്ന സത്യം മറക്കുകയാണ്. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുമ്പോഴും കാമ്പസുകളിലെ ഭൂരിപക്ഷവും അതിനോട് നിസ്സംഗത പുലര്‍ത്തുന്നതും അതുകൊണ്ടു തന്നെയാണ്.

വിദ്യാര്‍ഥി പ്രശ്‌നങ്ങളോട് ക്രിയാത്മകമായി സംവദിക്കുകയും ബഹുസ്വരതയെയും അഭിപ്രായ വൈജാത്യങ്ങളെയും മാനിക്കുകയും ചെയ്യുന്ന സംവാദാത്മക വിദ്യാര്‍ഥി രാഷ്ട്രീയം ഉയര്‍ന്നു വരുന്നില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ തന്നെ കാമ്പസ് രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന കാലം വിദൂരമല്ല. വിവിധ സ്വരങ്ങള്‍ ഒന്നിച്ച് ഫാഷിസത്തിനെതിരെ കാമ്പസുകളില്‍ മഴവില്‍ മുന്നണി തീര്‍ക്കേണ്ട ഈ കാലത്ത്, വൈവിധ്യങ്ങളെ മാനിക്കാത്ത അക്രമരാഷ്ട്രീയം എന്നോ പഴഞ്ചനായിരിക്കുന്നുവെന്ന് അതിന്റെ വക്താക്കള്‍ എത്രയും പെട്ടെന്ന് തിരിച്ചറിയുന്നോ അത്രയും നല്ലത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍