Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

മതപരിവര്‍ത്തന ആഖ്യാനങ്ങള്‍ (ഇസ്‌ലാം സ്വീകരിച്ചവരുടെ ആത്മകഥകള്‍)

എ.കെ അബ്ദുല്‍ മജീദ്

ഭൗതിക വാദത്തിന്റെയും ശാസ്ത്രത്തിന്റെയും ലിബറല്‍-സെക്യുലര്‍ ജീവിത വീക്ഷണത്തിന്റെയും തിരതള്ളലില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൂമുഖത്തുനിന്ന് ഇസ്‌ലാം ഏതാണ്ട് തിരോഭവിക്കും എന്നായിരുന്നു പടിഞ്ഞാറന്‍ ആധുനികതയുടെ കണക്കുകൂട്ടല്‍. 'നാഗരികതകളുടെ സംഘട്ടന'ത്തെ അതിജീവിക്കാന്‍ ഇസ്‌ലാമിനു കരുത്തുണ്ടാവുകയില്ല എന്നും അതിനാല്‍ ചരിത്രം അവിടെ അവസാനിക്കുമെന്നും നിയോകോണുകള്‍ സ്വപ്‌നം കണ്ടു. ഈ പ്രക്രിയക്കു വേഗം പകരാനാണ് വൈറ്റ് ഹൗസ് 'ഭീകരതക്കെതിരെ യുദ്ധം' (War on Terror) പ്രഖ്യാപിച്ചത്. എന്നാല്‍ വിധിവൈപരീത്യമെന്നു പറയാം, ഇസ്‌ലാം പടിഞ്ഞാറിനെ കൂടുതല്‍ കൂടുതല്‍ ഉറക്കം കെടുത്തുന്നതിനാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും സാക്ഷ്യം വഹിച്ചത്.

ഇസ്‌ലാമിനെതിരായ പ്രചാര വേലകള്‍ പാശ്ചാത്യ ലോകത്ത് തകൃതിയായി നടന്നുകൊണ്ടിരിക്കവെ തന്നെയാണ് അനേകം ബുദ്ധിജീവികളും എഴുത്തുകാരും ഇസ്‌ലാമില്‍ അഭയം കണ്ടെത്തിയത്. ഇങ്ങനെ കടന്നുവന്നവരില്‍ പലരും ഇസ്‌ലാമില്‍ തങ്ങള്‍ കണ്ട അത്ഭുതങ്ങള്‍ ഹൃദയസ്പൃക്കായ ഭാഷയില്‍ വിവരിക്കുകയും ചെയ്തു. 'മതപരിവര്‍ത്തനാഖ്യാനം' എന്ന പുതിയൊരു സാഹിത്യരൂപമായി ഈ എഴുത്തുശാഖ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആത്മാവിന്റെ ആത്മകഥകളാണ് ഈ പുസ്തകങ്ങള്‍. ആധ്യാത്മിക പരിവര്‍ത്തനത്തിന്റെ രസതന്ത്രമാണ് അവ വെളിപ്പെടുത്തുന്നത്.

സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ്, കാലിഫോര്‍ണിയ പ്രസിദ്ധീകരിച്ച 'കണ്ടസ്റ്റഡ് കണ്‍വേര്‍ഷന്‍സ് റ്റു ഇസ്‌ലാം നരേറ്റീവ്‌സ് ഓഫ് റിലീജ്യസ് ചെയ്ഞ്ച് ഇന്‍ ദി ഏളി മോഡേണ്‍ ഒട്ടോമന്‍ എംപയര്‍' എന്ന പുസ്തകം ആധുനികതയുടെ ആരംഭ ഘട്ടമായ പതിനഞ്ച്, പതിനേഴ് നൂറ്റാണ്ടുകള്‍ക്കിടയിലെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനങ്ങളുടെ ആഖ്യാനമാണ്. ഹംഗറിയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസറായ തിജാന ക്രിസ്റ്റിക് ആണ് ഈ പുസ്തകത്തിന്റെ കര്‍ത്താവ്. കുരിശുയുദ്ധങ്ങളെക്കുറിച്ച് പഠിക്കാനാഗ്രഹിച്ച താന്‍ ഉസ്മാനിയാ ഖിലാഫത്തിനെക്കുറിച്ചുള്ള പഠനത്തില്‍ എത്തിച്ചേര്‍ന്നതും മതപരിവര്‍ത്തനത്തിനു സമാനമായ ഒരു മാനസിക പ്രക്രിയയിലൂടെയാണെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ ക്രിസ്റ്റിക് പറയുന്നുണ്ട്. യൂഗോസ്ലാവ്യയിലെ സ്‌കൂള്‍ പഠനകാലത്ത് ഉസ്മാനിയാ ഖലീഫമാരെക്കുറിച്ച് ഏറ്റവും മോശമായ കാര്യങ്ങളാണ് ക്ലാസുകളില്‍നിന്ന് കേട്ടത്. പാഠപുസ്തകങ്ങള്‍ അവരെ ഭീകരന്മാരും അപരിഷ്‌കൃതരുമായി അവതരിപ്പിച്ചു. ചരിത്രം തുടര്‍ന്നു പഠിച്ചപ്പോഴാണ് തന്റെ ധാരണകള്‍ മാറുകയും ഉസ്മാനിയാ ഖിലാഫത്ത് പഠിക്കാന്‍ കൊള്ളാവുന്ന വിഷയമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതെന്ന് ക്രിസ്റ്റിക് പറയുന്നു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഒട്ടുമുക്കാല്‍ പേരുടെ കഥയും വ്യത്യസ്തമല്ല. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് കേട്ട പേടിപ്പെടുത്തുന്ന കഥകളാണ് മിക്ക ആളുകളെയും ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആ പഠനം അവസാനം പലരെയും ഇസ്‌ലാമിലെത്തിക്കുന്നു.

ഉസ്മാനിയാ ഖിലാഫത്തിന്റെ ആരംഭം മുതല്‍ അവസാനം വരെയുള്ള കാലയളവില്‍ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരുടെ കഥകളാണ് തിജാന ക്രിസ്റ്റിക് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും അമുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ തെക്കു കിഴക്കന്‍ യൂറോപ്പിലെയും പടിഞ്ഞാറന്‍ ഏഷ്യാ മൈനറിലെയും പരിവര്‍ത്തനങ്ങളെക്കുറിച്ചാണ് ഗ്രന്ഥകാരി പറയുന്നത്. വിവിധ യൂറോപ്യന്‍ ലൈബ്രറികളില്‍നിന്ന് കിട്ടിയ അപൂര്‍വ രേഖകളും ഉസ്മാനിയാ കോടതി രേഖകളുമാണ് പുസ്തകത്തിലെ വിവരങ്ങള്‍ക്കാധാരം. ചരിത്രകാരന്മാര്‍ പൊതുവെ അവഗണിച്ചിരുന്ന ക്രിസ്ത്യന്‍ നവരക്തസാക്ഷിപ്പട്ടികകളും(Neomartyrologies)  ക്രിസ്റ്റിക് മുഖ്യാവലംബമായി സ്വീകരിച്ചിട്ടുണ്ട്. വിശദമായ ആമുഖത്തിനു പുറമെ കാലാനുക്രമണികയനുസരിച്ച് ആറ് വലിയ അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.

ആയിരത്തി അഞ്ഞൂറ്റി അമ്പത്തി അഞ്ചില്‍ തുര്‍ക്കി പ്രധാനമന്ത്രി റുസ്തം പാഷക്ക് ലഭിച്ച ഒരു കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: 'ഇന്നലെ ഇസ്‌ലാം സ്വീകരിച്ച ഒരു ഹംഗേറിയന്‍ അവിശ്വാസിയാണ് ഞങ്ങളുടെ ഓഫീസര്‍. അവന്റെ ശ്വാസത്തിന് ഇപ്പോഴും പന്നിയിറച്ചിയുടെ മണമാണ്.' കത്തയച്ചവരും മതം മാറിയവര്‍ തന്നെയായിരുന്നു എന്നതാണ് രസം. തീര്‍ത്തും വൈയക്തികമോ സ്വകാര്യമോ ആയ ഒരിടപാടായിരുന്നില്ല മതപരിവര്‍ത്തനങ്ങള്‍. ദേശീയവും സാമൂഹികവും സാംസ്‌കാരികവുമായ ഒട്ടേറെ ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണമായ പ്രതിഭാസമാണതെന്ന് ക്രിസ്റ്റിക്കിന്റെ പഠനം വ്യക്തമാക്കുന്നു. മതംമാറ്റം ഒരു ഭരണകൂട പദ്ധതിയായിരുന്നു എന്ന വാദത്തെ ഈ പഠനം ഖണ്ഡിക്കുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത സമുദായങ്ങളുടെ ഒരുമിച്ചുളള ജീവിതത്തിന്റെയും കൊടുക്കല്‍വാങ്ങലുകളുടെയും സന്തോഷകരമായ സാമൂഹിക സന്ദര്‍ഭങ്ങളുടെ നേര്‍ചിത്രങ്ങള്‍ ഈ പരിവര്‍ത്തന കഥകള്‍ക്കിടയില്‍നിന്ന് നമുക്ക് ലഭിക്കുന്നു. മതങ്ങള്‍ ഇടകലര്‍ന്നു രൂപപ്പെടുന്ന സമ്മിശ്ര മതാവബോധം നരവംശശാസ്ത്ര പഠനത്തിനുള്ള പുതിയ അവസരങ്ങളൊരുക്കുന്നുവെന്നും ക്രിസ്റ്റിക് ആനുഷംഗികമായി നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രഭയും ഉസ്മാനിയാ സുല്‍ത്താനേറ്റിന്റെ പകിട്ടും സൂഫിസത്തിന്റെ തേജസ്സും ജനഹൃദയങ്ങളെ ഇസ്‌ലാമിലേക്കാകര്‍ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.

ഹംഗറിക്കാരനായ നവമുസ്‌ലിം മുറാദ്ബ്‌നു അബ്ദുല്ല (1509-1568) 'ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കൊരു കൈപുസ്തകം' എന്ന ശീര്‍ഷകത്തില്‍ തന്റെ പരിവര്‍ത്തന കഥയെഴുതി യൂറോപ്പിലെ ക്രൈസ്തവര്‍ക്കിടയില്‍ വിതരണം ചെയ്ത സംഭവം ക്രിസ്റ്റിക് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ടര്‍ക്കിഷില്‍ എഴുതി ലാറ്റിനിലേക്ക് ഗ്രന്ഥകാരന്‍ തന്നെ പരിഭാഷപ്പെടുത്തുകയായിരുന്നു. തുറമുഖത്ത് ദ്വിഭാഷിയായി ജോലി ചെയ്തുവരികയായിരുന്നു മുറാദ്. ബലാസാസ് സൊംലിയായി എന്നായിരുന്നു മുറാദിന്റെ ഹംഗേറിയന്‍ പേര്. മുസ്‌ലിംകളുമായി തനിക്ക് വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ലെന്നും തുര്‍ക്കിയിലെത്തിയതിനുശേഷമാണ് അവരെക്കുറിച്ച് മനസ്സിലാക്കുന്നതെന്നും ധാരാളമായി വായിച്ച് അവരുടെ മതത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് അവരുടെ വിശ്വാസം സ്വീകരിക്കാന്‍ തോന്നിയതെന്നും മുറാദ് തന്റെ പുസ്തകത്തില്‍ പറയുന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ആളുകളെ ആ മതത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് എന്നാണ് മുറാദിന്റെ അഭിമതം.

ക്രിസ്ത്യാനികള്‍ക്കിടയിലെ ആഭ്യന്തര വഴക്കുകളും മതദ്രോഹ വിചാരണകളും പലരെയും ആ മതം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍  പ്രേരിപ്പിച്ചതായി ഈ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. മുസ്‌ലിമാവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ രക്തസാക്ഷികളായ 'ധീരക്രിസ്ത്യാനിക'ളുടെ കഥകള്‍ ക്രൈസ്തവ മതസാഹിത്യത്തിന്റെ ഭാഗമാണെന്നു കൂടി ഇവിടെ ഓര്‍ക്കണം. അത്തരം ആഖ്യാനങ്ങളെക്കുറിച്ചും ഈ പുസ്തകം പറയുന്നു.

 

മക്കയിലേക്കുള്ള പാത

മതപരിവര്‍ത്തനാഖ്യാനങ്ങളില്‍ ആവിഷ്‌കാരചാരുത കൊണ്ടും പ്രമേയ പരിചരണം കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന പുസ്തകമാണ് മുഹമ്മദ് അസദിന്റെ റോഡ് റ്റു മക്ക അഥവാ മക്കയിലേക്കുള്ള പാത. എം.എന്‍ കാരശ്ശേരിയാണ് മനോഹരമായി ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. ഓസ്ട്രിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലോവ് നഗരത്തില്‍ ഒരു യഹൂദ പുരോഹിത കുടുംബത്തില്‍ ജനിച്ച ലിയോ പോള്‍ഡ് വെയ്‌സിന്റെ ഹൃദയത്തെ, അറേബ്യന്‍ മണലാരണ്യത്തിലൂടെയുള്ള മാസങ്ങള്‍ നീണ്ട ഒട്ടക സവാരിയാണ് ഇസ്‌ലാമിനോടിണക്കിയത്. സുഊദിയില്‍ രാജാവിന്റെ അതിഥിയായി താമസിച്ച് അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും വ്യുല്‍പത്തി സമ്പാദിച്ച അസദ് ഖുര്‍ആനും ബുഖാരിയുടെ ഹദീസ് സമാഹാരവും ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തു. 'ഇസ്‌ലാം അറ്റ് ദ ക്രോസ് റോഡ്‌സ്', 'ദ പ്രിന്‍സിപ്പ്ള്‍സ് ഓഫ് സ്റ്റേറ്റ് ആന്റ് ഗവണ്‍മെന്റ് ഇന്‍ ഇസ്‌ലാം', 'ദിസ് ലാ ഓഫ് അവേര്‍സ് ആന്റ് അദര്‍ എസ്സേയ്‌സ്' തുടങ്ങിയ പുസ്തകങ്ങള്‍ എഴുതി. പാകിസ്താനില്‍ ഉയര്‍ന്ന നയതന്ത്ര തസ്തികയില്‍ ജോലിചെയ്തു.

'മക്കയിലേക്കുള്ള പാത' ഇസ്‌ലാമിനെക്കുറിച്ച് അതിനു മുമ്പെഴുതപ്പെട്ട പുസ്തകങ്ങളെയെല്ലാം പിന്നിലാക്കുന്നു എന്ന് പല നിരൂപകരും അഭിപ്രായപ്പെടുന്നു. അറേബ്യയുടെയും അവിടത്തെ ഗോത്രജനതയുടെയും ഓരോ ശ്വാസവും നിശ്വാസവും അവയില്‍ കലര്‍ന്ന എല്ലാ വികാരങ്ങളോടെയും എരിവോടെയും ഊഷ്മളതയോടെയും അനുഭവിപ്പിക്കുകയാണ് അസദിന്റെ തൂലിക. ഓര്‍മകളും യാത്രയുമാണ് പുസ്തകത്തില്‍ അക്ഷരരൂപം പ്രാപിക്കുന്നത്. അസദ് തന്നെ പറയുന്നതുപോലെ പഞ്ചേന്ദ്രിയങ്ങള്‍ തുറന്നുവെച്ചു നടത്തിയ യാത്രയുടെ ആവിഷ്‌കാരം. ഏറ്റവും സൂക്ഷ്മമായ ഗന്ധങ്ങള്‍ പോലും പിടിച്ചെടുക്കാന്‍ സഞ്ചാരിയുടെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞു. കാണാക്കാഴ്ചകള്‍ കണ്ടു. മരുക്കാറ്റിന്റെ വ്യത്യസ്ത സ്ഥായികളുള്ള മര്‍മരങ്ങള്‍ കേട്ടു. ഞൊടിയിടയില്‍ രൂപപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന മണല്‍ക്കൂനകളുടെ താപവും ഈര്‍പ്പവും തൊട്ടറിഞ്ഞു. ആതിഥേയത്വത്തിന്റെ ഊഷ്മളതകള്‍ അറിഞ്ഞു. സ്‌നേഹവാത്സല്യങ്ങളുടെയും പങ്കുവെക്കലുകളുടെയും കരുതലിന്റെയും കന്‍മഷമില്ലാത്ത നിമിഷങ്ങള്‍ സ്വന്തമാക്കി. യൂറോപ്പിന്റെ ഊഷരതയില്‍നിന്ന് ഇസ്‌ലാമിന്റെ ഉര്‍വരതയിലേക്കുള്ള സ്വയം പറിച്ചുനടലിന്റെ ഹൃദയസ്പൃക്കായ ആഖ്യാനമായിത്തീര്‍ന്നു അങ്ങനെ ഈ പുസ്തകം.

1922-ല്‍, ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഫ്രോയ്ഡിന്റെ ശിഷ്യനായ തന്റെ അമ്മാവന്‍ ഡോറിയാന്റെ ക്ഷണപ്രകാരമാണ് വെയ്‌സ് (അസദ്) ആദ്യമായി കടല്‍ കടന്ന് ജറൂസലമില്‍ എത്തുന്നത്. ഈജിപ്തില്‍ കപ്പലിറങ്ങി ട്രെയ്ന്‍ വഴി ഫലസ്ത്വീനില്‍ എത്തിയ വെയ്‌സ് അമ്മാവന്റെ കൂടെ താമസിച്ചു. ഇസ്‌ലാമിക സംസ്‌കാരവുമായുള്ള വെയ്‌സിന്റെ ആദ്യപരിചയം ഇങ്ങനെയാണ് സംഭവിച്ചത്. ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തിലേക്കു മാത്രമല്ല സയണിസത്തിന്റെ അധാര്‍മികതയിലേക്കും ജറൂസലമിലെ വാസം വെയ്‌സിന്റെ കണ്ണുകള്‍ തുറപ്പിച്ചു. വെയ്‌സിന്റെ മറ്റൊരമ്മാവന്‍ സയണിസത്തിന്റെ കടുത്ത വക്താവായിരുന്നു. ഫലസ്ത്വീനികളെ അവരുടെ വാസസ്ഥാനങ്ങളില്‍നിന്ന് ആട്ടിയോടിക്കാനുള്ള സയണിസ്റ്റ് പദ്ധതികളുടെ അധാര്‍മികതയെ വെയ്‌സ് ചോദ്യം ചെയ്തു. ജാഫാ ഗെയ്റ്റിനു മുമ്പില്‍ ഒരു നിഴല്‍ രൂപം പോലെ നില്‍ക്കുന്ന നിസ്സഹായനായ ഫലസ്ത്വീനിയുടെ ചിത്രം വെയ്‌സിന്റെ മനസ്സില്‍ മായാതെ ഇടംപിടിച്ചു. ഗോലിയോത്തിനെതിരെ പൊരുതുന്ന ദാവീദിന്റെ സൈന്യത്തിലെ ഒരംഗമാണ് ആ നിഴല്‍രൂപം എന്ന് വെയ്‌സിനു തോന്നി. ആ കാഴ്ചയാണ് ഇസ്‌ലാമിന്റെ വലിയ കാഴ്ചകളിലേക്ക് ഇറങ്ങിത്തിരിക്കാന്‍ വെയ്‌സിനെ പ്രേരിപ്പിച്ചത്. ആ കാഴ്ചകളുടെ വിവരണമാണ് മക്കയിലേക്കുള്ള പാതയെ വായിച്ചുതീരാതെ മടക്കിവെക്കാനാകാത്തതാക്കുന്നത്.

 

മാലാഖമാര്‍ പോലും ചോദിക്കുന്നു

കറതീര്‍ന്ന നിരീശ്വരവാദിയായിരുന്നു യു.എസിലെ കാന്‍സാസ് സര്‍വകലാശാലയില്‍ ഗണിതശാസ്ത്രാധ്യാപകനായിരുന്ന ജെഫ്രി ലാംഗ്. 'ദൈവം കാരുണ്യവാനാണെങ്കില്‍ ഭൂമിയില്‍ എന്തുകൊണ്ട് കഷ്ടപ്പെടുന്ന മനുഷ്യരുണ്ടായി? എന്തുകൊണ്ട് ദൈവം എല്ലാവരെയും സ്വര്‍ഗത്തിലാക്കുന്നില്ല?' ഇങ്ങനെ യുക്തിവാദികള്‍ സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ തന്നെയായിരുന്നു ജെഫ്രി ലാംഗിനെയും അലട്ടിയിരുന്നത്. സഭയുമായി കലഹിച്ചുകൊണ്ടാണ് ലാംഗ് യൗവനയുക്തനായത്.

സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെ തന്റെ മുസ്‌ലിം വിദ്യാര്‍ഥികളുമായി നടത്തിയ സൗഹൃദ സംഭാഷണങ്ങളാണ് ജെഫ്രി ലാംഗിന്റെ ചിന്തയെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്. ഒരു വിദ്യാര്‍ഥി ഖുര്‍ആന്‍ പരിഭാഷയും ഇസ്‌ലാമിനെക്കുറിച്ചുള്ള ഏതാനും പുസ്തകങ്ങളും ലാംഗിനു സമ്മാനിച്ചു. അന്നുരാത്രി തന്നെ താന്‍ ഖുര്‍ആന്‍ വായന തുടങ്ങിയതായി ലാംഗ് പറയുന്നു. ഖുര്‍ആനിലെ ഓരോ വചനവും അഭൗമമായ കാന്തി പ്രസരിപ്പിക്കുന്നതായി തനിക്കനുഭവപ്പെട്ടു എന്നാണ് ലാംഗിന്റെ സാക്ഷ്യം. മാസ്മരികമായ ഒരു ദിവ്യശക്തി തന്റെ ഹൃദയത്തെ കീഴടക്കുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു. പിന്നീട് അലൗകിക പ്രേരണയാലെന്നോണം അദ്ദേഹം മുസ്‌ലിംകളുടെ ആരാധനാലയം തേടി പുറപ്പെട്ടു.

1995-ല്‍ ജെഫ്രി ലാംഗ് തന്റെ മനംമാറ്റ കഥ പുസ്തകമായി പുറത്തിറക്കി. 'ഈവന്‍ എയ്‌ഞ്ചെല്‍സ് ആസ്‌ക്: എ ജേണി റ്റു ഇസ്‌ലാം ഇന്‍ അമേരിക്ക' (മാലാഖമാര്‍ പോലും ചോദിക്കുന്നു: അമേരിക്കയില്‍ ഇസ്‌ലാമിലേക്കൊരു യാത്ര) എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. മറ്റൊരു പുസ്തകം കൂടി അദ്ദേഹം ഇവ്വിഷയകമായി രചിച്ചിട്ടുണ്ട്. സ്ട്രഗഌംഗ് റ്റു സറണ്ടര്‍: സം ഇംപ്രഷന്‍സ് ഓഫ് ആന്‍ അമേരിക്കന്‍ കണ്‍വര്‍ട്ട് റ്റു ഇസ്‌ലാം(കീഴടങ്ങാനുള്ള പോരാട്ടം: ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരമേരിക്കക്കാരന്റെ മനസ്സില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങള്‍). കെ.പി കമാലുദ്ദീന്‍, എ.പി കുഞ്ഞാമു എന്നിവരാണ് യഥാക്രമം ഈ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

മുസ്‌ലിം എന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും, വിശ്വാസവും യുക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇസ്‌ലാമിലേക്ക് മാറുന്നതിനുള്ള തടസ്സങ്ങളുമെല്ലാമാണ് മാലാഖമാര്‍ പോലും ചോദിക്കുന്നു എന്ന ഗ്രന്ഥത്തില്‍ ജെഫ്രി ലാംഗ് പങ്കുവെക്കുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ അഹിതകരങ്ങളായ ചില നിലപാടുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും അമേരിക്കന്‍ മുസ്‌ലിംകളുടെ ഭാവിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ജെഫ്രിലാംഗ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാ നിറക്കാരും ദേശക്കാരും ഗോത്രവര്‍ഗങ്ങളും ഒന്നായിത്തീരുന്ന അത്ഭുതമാണ് ജെഫ്രി ലാംഗ് ഇസ്‌ലാമില്‍ കാണുന്നത്. മനുഷ്യന്റെ ആത്മീയമായ ആവശ്യങ്ങളെ ഇസ്‌ലാം ഭംഗിയായി നിറവേറ്റുന്നതായി അദ്ദേഹം കണ്ടറിയുന്നു. ഇസ്‌ലാമിന്റെ വശീകരണ ശക്തിക്ക് കാലം മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിരവധി വ്യക്തികളുമായുള്ള രസകരങ്ങളും ചിന്തോദ്ദീപകങ്ങളുമായുള്ള സംഭാഷണങ്ങള്‍ അതേപടി ഉദ്ധരിച്ചത് ഈ പുസ്തകത്തിന്റെ വായനാക്ഷമത വര്‍ധിപ്പിക്കുന്നു.

തനിക്കു പൈതൃകമായി ലഭിച്ച മതത്തിലെ ദൈവസങ്കല്‍പം എന്തുകൊണ്ട് തന്റെ അന്വേഷണങ്ങളെ തൃപ്തിപ്പെടുത്തിയില്ല എന്നും ഇസ്‌ലാം എങ്ങനെ തന്റെ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരമാവുന്നു എന്നുമാണ് 'കീഴടങ്ങാനുള്ള സമര'ത്തില്‍ ജെഫ്രി ലാംഗ് വിശദീകരിക്കുന്നത്. മനസ്സിനകത്തു നടന്ന ദീര്‍ഘമായ ആശയസംഘര്‍ഷത്തിന്റെ കഥയാണിത്. ഖുര്‍ആന്‍ എപ്രകാരം തന്റെ വിചാരങ്ങളെ മാറ്റിപ്പണിതു എന്ന് ഈ പോരാട്ടകഥയില്‍ ലാംഗ് വിശദീകരിക്കുന്നു. തന്റെ മനസ്സ് വായിച്ച് ഖുര്‍ആന്‍ ഉത്തരങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയതായാണ് ലാംഗിനു തോന്നിയത്. ഖുര്‍ആന്റെ താളുകളില്‍ താന്‍ തന്നെത്തന്നെ കണ്ടതായി ലാംഗ് പറയുന്നു. പോരാട്ടങ്ങള്‍ക്കൊടുവില്‍ മനസ്സ് ശാന്തമായിത്തീര്‍ന്നു. അതായിരുന്നു 'കീഴടങ്ങല്‍' അഥവാ 'ഇസ്‌ലാം.' ഇസ്‌ലാമിന്റെ ഭാഷാര്‍ഥത്തെ കൂടി ധ്വനിപ്പിക്കുന്നതാണ് ഗ്രന്ഥനാമം.

 

ഹൃദയചാരന്‍

അഫ്ഗാന്‍ കലാപഭൂമിയിലൂടെ സഞ്ചരിച്ച് ഇസ്‌ലാമിന്റെ ആത്മീയ നീര്‍ത്തടത്തില്‍ എത്തിപ്പെട്ട അമേരിക്കക്കാരനായ റോബര്‍ട്ട് (അബ്ദുല്‍ ഹയ്യ്) ദറിന്റെ ആധ്യാത്മിക യാത്രാ വിവരണ ഗ്രന്ഥമാണ് 'ഹൃദയചാരന്‍' എന്ന ശീര്‍ഷകത്തില്‍ ഈ ലേഖകന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ 'ദ സ്‌പൈ ഓഫ് ദ ഹാര്‍ട്ട്' എന്ന പുസ്തകം. 'ജാസൂസുല്‍ ഖല്‍ബ്' എന്ന സൂഫി പ്രയോഗമാണ് പുസ്തകത്തിന്റെ ശീര്‍ഷകമായി ഭവിച്ചത്.

1985-നും 1990-നുമിടക്കാണ് റോബര്‍ട്ട് ദര്‍ അഫ്ഗാനിസ്താനിലെ ആഭ്യന്തര അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള യു.എന്‍ മിഷന്റെ ഭാഗമായി അഫ്ഗാനില്‍ എത്തുന്നത്. സോവിയറ്റ് യൂനിയനും അമേരിക്കയും തമ്മിലുള്ള വടംവലിക്കിടയില്‍പെട്ട് നാനാവിധമായിപ്പോയ നാടാണ് അഫ്ഗാനിസ്താന്‍. ഈ വടംവലിയുടെ മൂര്‍ധന്യഘട്ടത്തിലായിരുന്നു ദറിന്റെ അഫ്ഗാന്‍ പ്രവേശം. വിവിധ വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധവും ഇതിനകം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞിരുന്നു. ഈ സമയത്താണ് ജീവന്‍ പണയം വെച്ച് ദറ് മരുന്നു പാക്കറ്റുകളും ക്ഷണപ്പൊതികളുമായി കഴുതപ്പുറത്തും ട്രക്കുകളിലുമായി ദുര്‍ഘടം നിറഞ്ഞ മലമ്പാതകള്‍ താണ്ടിയത്. ഈ യാത്രയില്‍ അനേകം മനുഷ്യരെ ദര്‍ കണ്ടുമുട്ടുന്നു. ദുരിതക്കടല്‍ നീന്തുമ്പോഴും അതീവ ഹൃദയാലുതയോടെയാണ് ഒന്നും ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനോ ഇല്ലാത്ത ഈ പച്ച മനുഷ്യര്‍ പരസ്പരം ഇടപഴകുന്നതെന്നു ദര്‍ കണ്ടു. ദര്‍റിനെയും അവര്‍ തങ്ങളുടെ ഉടപ്പിറപ്പുകളില്‍ ഒരുവനായി കണ്ടു. 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്നതിന്റെ പൊരുള്‍ അവര്‍ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു. മഥ്‌നവിയിലെ ഈരടികള്‍ ഈണത്തില്‍ ചൊല്ലി വിശദീകരിച്ചു. ദര്‍ മുസ്‌ലിമാവുന്നതിനു മുമ്പു തന്നെ അവരോടൊപ്പം റൊട്ടിയും ദാലും കൂട്ടി നോമ്പു നോറ്റു, തുറന്നു. ഇങ്ങനെയാണ് ദര്‍ ഇസ്‌ലാമുമായി പ്രണയത്തിലാവുന്നത്. 'സ്‌പൈ ഓഫ് ദ ഹാര്‍ട്ടി'ല്‍ ദര്‍ ഇക്കഥ ഹൃദ്യമായി ആവിഷ്‌കരിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും യാത്രാവിവരണമാണീ പുസ്തകം.

 

എം.ടി.വിയില്‍നിന്ന് മക്കയിലേക്ക്

എം.ടി.വിയുടെ യൂറോപ്പിലെ ആദ്യകാല അവതാരകരിലൊരാളായിരുന്നു ക്രിസ്റ്റ്യാന ബേക്കര്‍. ധാരാളം ആരാധകരുണ്ടായിരുന്ന, മാധ്യമങ്ങളുടെ ഈ പ്രിയപ്പെട്ടവള്‍ ജീവിതത്തില്‍ തനിക്ക് എന്തിന്റെയോ കുറവുള്ളതായി തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കെ യാദൃഛികമായാണ് പാക് ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ അവളോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്നത്. അങ്ങനെ ക്രിസ്റ്റ്യാന ഖുര്‍ആന്‍ വായിക്കുകയും മുസ്‌ലിം ഹൃദയ ഭൂമികളിലൂടെ യാത്ര നടത്തുകയും ചെയ്തു. പതുക്കെ, ജീവിതത്തില്‍ എന്താണു തനിക്കു നഷ്ടപ്പെട്ടതെന്ന് അവള്‍ തിരിച്ചറിയുന്നു. 'ഫ്രം എം.ടി.വി റ്റു മക്ക: ഹൗ ഇസ്‌ലാം ഇന്‍സ്പയേര്‍സ് മൈ ലൈഫ് (എം.ടി.വിയില്‍നിന്ന് മക്കയിലേക്ക്: ഇസ്‌ലാം എന്റെ ജീവിതത്തെ എങ്ങനെ പ്രചോദിപ്പിച്ചു) എന്ന ആത്മകഥയില്‍ ക്രിസ്റ്റ്യാന ബേക്കര്‍ തന്മയത്വത്തോടെ പറയുന്നത് ഈ തിരിച്ചറിവിന്റെ കഥയാണ്. മലയാള പരിഭാഷ: കെ.പി കമാലുദ്ദീന്‍.

1995-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച ബേക്കര്‍ ലണ്ടനില്‍ താമസിക്കുന്നു. ട്രാവല്‍ ചാനല്‍, എബ്രു ടി.വി മുതലയായവയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു.

മതവുമായി ബന്ധമേതുമില്ലാത്ത പശ്ചാത്തലത്തില്‍നിന്നാണ് ബേക്കര്‍ ഇസ്‌ലാമില്‍ എത്തുന്നത്. സംഗീതവും വിരുന്നുകളും വിനോദവും അഭിനയവും ഉല്ലാസവും മാത്രമായിരുന്നു അവര്‍ക്കു ജീവിതം. ദൈവവുമായി താന്‍ ഹൃദയബന്ധം സ്ഥാപിക്കുന്നതെങ്ങനെയെന്നാണ് ഫ്രം എം.ടി.വി റ്റു മക്കയില്‍ അവര്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. അവനവനെ വിസ്മൃതിയിലാഴ്ത്തുന്ന വിനോദ വ്യവസായത്തിന്റെ ഉള്ളറകളില്‍നിന്ന് പുറത്തു കടക്കാന്‍ പ്രേരിപ്പിച്ച ആത്മാന്വേഷണമാണ് അതിന്റെ ആദ്യഘട്ടം. ആധ്യാത്മികാനുരാഗത്തിന്റെ മധു നുണയാനായപ്പോള്‍ ലൗകികാനുരാഗങ്ങള്‍ക്കെല്ലാം അതീതമായ ഈശ്വരാനുരാഗം എന്ന വിശിഷ്ട വിതാനത്തിലേക്ക് അവര്‍ ഉയര്‍ത്തപ്പെട്ടു. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും ഉത്തരങ്ങള്‍ സ്വീകരിച്ചുകൊണ്ടും ജീവിതത്തെ പ്രകാശമാനമാക്കുന്ന വെളിച്ചത്തിന്റെ ഉറവിടം അവര്‍ കണ്ടെത്തി. ഉഭയ ചക്രവാളത്തിലേക്കുള്ള യാത്രയുടെ ആഖ്യാനമാണ് ഈ മതപരിവര്‍ത്തന കഥ. ഗ്രന്ഥകാരിയെ സംബന്ധിച്ചേടത്തോളം അതൊരു സാഹസിക യാത്രയായിരുന്നു. വായനക്കാര്‍ക്കും തഥൈവ.

 

ബട്ടര്‍ഫ്‌ളൈ മോസ്‌ക്

ഇസ്‌ലാമുമായി പ്രണയത്തിലായ ഒരു അമേരിക്കന്‍ എഴുത്തുകാരിയുടെ അസാധാരണ ജീവിത കഥയാണ് ദ ബട്ടര്‍ഫ്‌ളൈ മോസ്‌ക്: എ യംഗ് അമേരിക്കന്‍ വുമണ്‍സ് ജേണി റ്റു ലവ് ആന്റ് ഇസ്‌ലാം. ജി. വിലോ വില്‍സണ്‍ ആണ് കഥാനായിക. ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് വിലോ വില്‍സണ്‍ ഇസ്‌ലാമില്‍ ആകൃഷ്ടയാവുന്നത്. ശേഷം ഇംഗ്ലീഷ് അധ്യാപികയായി കൈറോയിലെത്തി. താന്‍ സ്വീകരിച്ച മതത്തിന്റെ സംസ്‌കാരവുമായി അവര്‍ ലയിച്ചുചേര്‍ന്നു. തന്റെ നാട്ടിലെ പാശ്ചാത്യ സ്വാധീനത്തില്‍ ഖിന്നനായ ഉമര്‍ എന്ന ചെറുപ്പക്കാരനുമായി അവര്‍ പ്രണയത്തിലായി. മുസ്‌ലിം കിഴക്കിന്റെയും മതേതര പടിഞ്ഞാറിന്റെയും നടുവില്‍പെട്ട ജി. വിലോ വില്‍സണ്‍ ഒരു 'മൂന്നാം സംസ്‌കാരം' രൂപപ്പെടുത്തുന്നതിനുവേണ്ടി നടത്തുന്ന പ്രയത്‌നങ്ങളുടെ കഥയാണ് 'പൂമ്പാറ്റപ്പള്ളി.' കൈറോ, എയര്‍, അലിഫ് ദ അണ്‍സീന്‍, മിസ് മാര്‍വല്‍ എന്നിവയാണ് വിലോ വില്‍സന്റെ മറ്റു പുസ്തകങ്ങള്‍. 

 

മാല്‍കം എക്‌സിന്റെ ആത്മകഥ

അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ഇസ്‌ലാമിന്റെ വിമോചന വഴിയില്‍ സ്വന്തം ഇടം കണ്ടെത്തിയ ആഫ്രോ അമേരിക്കന്‍ വിപ്ലവകാരി മാല്‍കം എക്‌സി(അല്‍ഹാജ് മാലിക് അശ്ശഹ്ബാസ്)ന്റെ ജീവിത കഥ വീര്‍പ്പടക്കിക്കൊണ്ടല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല. ജയിലില്‍ വെച്ചാണ് മാല്‍കം എക്‌സ് ഇസ്‌ലാമിനെ കേള്‍ക്കുന്നത്. അതുവരെ താന്തോന്നിയും പിടിച്ചുപറിക്കാരനും ഭവനഭേദകനുമായി കഴിഞ്ഞിരുന്ന ഈ ചെമ്പന്‍മുടിക്കാരന്‍ പൊടുന്നനെ മറ്റൊരാളായി മാറുന്നു.

'അല്ലാഹുവിലേക്ക് ഒരു ചാണ്‍ അടുത്താല്‍ അല്ലാഹു രണ്ടു ചാണ്‍ അടുക്കും' എന്ന തിരുമൊഴി തനിക്കനുഭവിക്കാന്‍ സാധിച്ചു എന്ന് മാല്‍കം പറയുന്നു. എലിജാ മുഹമ്മദിന്റെ നാഷന്‍ ഓഫ് ഇസ്‌ലാമിലാണ് പലരെയും പോലെ മാല്‍കം എക്‌സും ആദ്യം എത്തുന്നത്. പ്രവാചകനാണെന്നു സ്വയം വാദിച്ച ആളായിരുന്നു എലിജ. മാല്‍കം എക്‌സ് പിന്നീട് ഹജ്ജ് യാത്രയിലാണ് ശരിയായ ഇസ്‌ലാമിനെ പരിചയിക്കുന്നത്.

അലക്‌സ് ഹാലി എന്ന പ്രശസ്തനായ എഴുത്തുകാരനാണ് മാല്‍കം എക്‌സിന്റെ കഥ കേട്ടെഴുതിയത്. എ.പി കുഞ്ഞാമുവിന്റെ മലയാള പരിഭാഷയും പ്രശസ്തമാണ്. മാല്‍കം തന്റെ ജീവിതം ഓര്‍ക്കുന്നതിന്റെ ഒരു ഉദാഹരണം നോക്കുക: 'ഒരിക്കല്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ ഫോറത്തില്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. പൊടുന്നനെ എനിക്ക് മനസ്സിലായി, എന്റെ പഴയ കൊള്ളസംഘത്തിന്റെ ഒളിത്താവളമായ വീടിന്റെ നേരെയാണ് ഞാന്‍ നോക്കുന്നതെന്ന്. അതെന്റെ മനസ്സില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു. ദുഷിച്ചു നാറിയ എന്റെ ഭൂതകാലം മനസ്സിലൂടെ മിന്നി മറഞ്ഞുപോയി. മൃഗത്തെപ്പോലെ ജീവിക്കുകയും മൃഗത്തെപ്പോലെ ചിന്തിക്കുകയും ചെയ്ത കാലം ....... എന്നെ മോചിപ്പിച്ചത് ഇസ്‌ലാമാണ്. ഇസ്‌ലാം മതം എത്ര ആഴത്തിലേക്കിറങ്ങിയാണ് എന്നെ ചളിക്കുണ്ടില്‍നിന്ന് പൊക്കിയെടുത്തത്?' (പുറം 376, 377).

മതപരിവര്‍ത്തനാഖ്യാനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പിക്താള്‍, ഹോഫ്മാന്‍, ഗായ് ഈറ്റണ്‍, യൂസുഫ് ഇസ്‌ലാം, മുഹമ്മദലി ക്ലേ, കമലാ സുറയ്യ, റോഴേര്‍ ഗരോദി, മാര്‍ട്ടിന്‍ ലിംഗ്‌സ്....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍