Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

ഘര്‍വാപ്പസി സംഘ് പരിവാറിന്റെ നിസ്സഹായത

മുഹ്‌സിന്‍ മുബാറക്

വംശീയ സ്വഭാവമുള്ള ആര്യമത സങ്കല്‍പത്തിന്റെയും  ജാതിവിവേചനത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹികഘടനയുടെയും കറുത്ത യാഥാര്‍ഥ്യങ്ങളില്‍നിന്ന്  രൂപം കൊണ്ടവയാണ് ശുദ്ധിപ്രസ്ഥാനം മുതല്‍ ഘര്‍വാപ്പസി  വരെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍. ബൗദ്ധരെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മറ്റും 'ശുദ്ധീകരിച്ചെടുത്ത്'ഹിന്ദു മതത്തില്‍ ചേര്‍ക്കലാണ് പഴയ ശുദ്ധിപ്രസ്ഥാനമെങ്കില്‍, ഇതര മതസമുദായക്കാര്‍ മുമ്പ് ഹിന്ദുക്കളായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ അവരെ 'പഴയ വീട്ടിലേക്ക്' തിരിച്ചു കൊണ്ടുപോകലാണ് ഘര്‍വാപ്പസി. പദപ്രയോഗങ്ങള്‍ വ്യത്യസ്തമാണെങ്കിലും തത്ത്വത്തിലും പ്രയോഗത്തിലും രണ്ടും ഒന്നു തന്നെയാണ്. ജാതിവെറിയില്‍ വേരൂന്നിനില്‍ക്കുന്ന സംഘ് പരിവാറിന്റെ മുന്നിലെ പല പ്രതിസന്ധികളും മറികടക്കാനുള്ള രാഷ്ട്രീയക്കളികളാണ് അവയുടെ രസതന്ത്രമെന്ന് മനസ്സിലാക്കാന്‍ ആഴമുള്ള ബൗദ്ധിക പ്രവര്‍ത്തനമൊന്നും ആവശ്യമില്ല.

വംശവിശുദ്ധി വാദം ആര്യന്‍ അധിനിവേശാനന്തര മതസങ്കല്‍പത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. തങ്ങള്‍ ശുദ്ധരക്തമുള്ളവര്‍, വിശുദ്ധ വംശക്കാര്‍ എന്നതാണ് ഈ വംശീയവാദത്തിന്റെ അടിസ്ഥാനം. ഇത്തരമൊരു വംശീയ സ്വഭാവം നിലനില്‍ക്കുന്ന മത-സമുദായ-സാമൂഹിക സങ്കല്‍പത്തില്‍നിന്ന് പുറത്തേക്കും അകത്തേക്കും യാത്രകള്‍ സാധ്യമല്ല. അത് കലര്‍പ്പുകള്‍ക്ക് കാരണമാവുകയും വിശുദ്ധി നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നാണ് അവരുടെ വാദം. ഒരേ മതസങ്കല്‍പത്തിനകത്തെ വിരുദ്ധ ജാതികളില്‍പെട്ടവര്‍ തമ്മിലും മാറ്റം സാധ്യമല്ല. കര്‍മം കൊണ്ടല്ല, ജന്മംകൊണ്ട് തന്നെ ജാതിയും തദടിസ്ഥാനത്തിലുള്ള മനുഷ്യന്റെ പദവിയും മഹത്വവും തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പിന്നീട് അതിന് മാറ്റത്തിരുത്തലുകള്‍ സാധ്യമല്ല. പുണ്യകര്‍മങ്ങളും ജീവിതവിശുദ്ധിയും ഇവിടെ അപ്രസക്തമാണ്. 'അടുത്ത ജന്മത്തില്‍ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന' അപമാനകരമായ പ്രസ്താവന ജീവിത വിശുദ്ധിയല്ല, ജന്മനാ ലഭ്യമാകുന്ന വംശവിശുദ്ധിയാണ് പ്രധാനം എന്നതിന്റെ ഒടുവിലത്തെ സാക്ഷ്യങ്ങളിലൊന്നാണ്. ജന്മം, വര്‍ണം, ദേശം, കുലം തുടങ്ങിയവയൊന്നും മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനങ്ങളല്ലെന്നും വിശ്വാസവും കര്‍മവുമാണ് മഹത്വത്തിന്റെയും വിശുദ്ധിയുടെയും മാനദണ്ഡമെന്നും പ്രഖ്യാപിക്കുന്ന ദൈവിക ദര്‍ശനത്തോട്  ഇത് മൗലികമായി വിയോജിക്കുന്നു. 

 

ശുദ്ധിപ്രസ്ഥാനം

സംഘ് പരിവാര്‍ പില്‍ക്കാലത്ത് ഉയര്‍ത്തിയ ഘര്‍വാപ്പസിയുടെ പൂര്‍വകാല രൂപമാണ് ശുദ്ധിപ്രസ്ഥാനം. ബുദ്ധരെയും മുസ്‌ലിംകളെയും ക്രൈസ്തവരെയും സിഖുകാരെയുമൊക്കെ ശുദ്ധി ചെയ്ത് ഹിന്ദുമതത്തിലേക്ക് കൊണ്ടുപോവുകയെന്ന ഈ ആശയത്തിലും പദപ്രയോഗത്തിലും തന്നെ ശുദ്ധി- അശുദ്ധി അടിസ്ഥാനത്തിലുള്ള വംശീയത ഉള്ളടങ്ങിയിട്ടുണ്ട്. തങ്ങളല്ലാത്തവര്‍ 'അശുദ്ധര്‍' ആയതുകൊണ്ടാണല്ലോ അവരെ തങ്ങളിലേക്ക് ചേര്‍ക്കുമ്പോള്‍ 'ശുദ്ധി' ചെയ്‌തെടുക്കേണ്ടിവരുന്നത്!

സ്വാമി ദയാനന്ദ സരസ്വതിയാണ് ( 1824-1883 )ശുദ്ധിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. 'ഹിന്ദുക്കള്‍ മുഗള്‍ ഭരണകാലത്ത് ഇസ്‌ലാമിലേക്കും ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്തുമതത്തിലേക്കും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. അവരെയോ, അവരുടെ അടുത്ത തലമുറയെയോ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് തങ്ങളുടെ ദൗത്യം' എന്നാണ് ദയാനന്ദ സരസ്വതി ഉയര്‍ത്തിയ വാദം. 'സത്യാര്‍ഥ പ്രകാശം' എന്ന കൃതിയില്‍ തന്റെ വാദമുഖങ്ങള്‍ ദയാനന്ദ സരസ്വതി അവതരിപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി 1875 ഏപ്രിലില്‍ ബോംബെയില്‍ അദ്ദേഹം ആര്യസമാജത്തിന് തുടക്കം കുറിച്ചു. 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യമാണ് സ്വാമി ഉയര്‍ത്തിയതെങ്കിലും മത-ആത്മീയ സംഘമായിട്ടല്ല, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായാണ് ശുദ്ധി പ്രസ്ഥാനം ചരിത്രത്തില്‍ വിലയിരുത്തപ്പെട്ടത്. ഈ പ്രസ്ഥാനത്തിന് പില്‍ക്കാല ഘര്‍വാപ്പസിയെ പോലെ രാഷ്ട്രീയ ദൗത്യമാണ് മുഖ്യമായും നിര്‍വഹിക്കാനുണ്ടായിരുന്നത് എന്നതു തന്നെ കാരണം. 

വ്യവസ്ഥാപിതവും കൃത്യവുമായ വിശ്വാസ-ആചാര - ആരാധനകളോ, കേന്ദ്രീകൃതവും സംഘടിതവുമായ മത-സമുദായ ഘടനയോ ഒന്നും ഇല്ലാതിരുന്ന ഇന്ത്യയിലെ വിവിധ ജാതി- ഗോത്ര- വിഭാഗങ്ങളെ 'മതാത്മകമായി' ഏകീകരിക്കുന്നതിലും ആ മതസങ്കല്‍പത്തിന് ഒരു മിഷനറി സ്വഭാവം നല്‍കുന്നതിലും സ്വാമി ദയാനന്ദ സരസ്വതി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആര്യസമാജത്തിന്റെ സ്ഥാപനവും ഗുരുകുലങ്ങള്‍ എന്ന് വിളിക്കപ്പെട്ട വേദപഠന കേന്ദ്രങ്ങളും (Vedic School ) ഈ വഴിക്കുള്ള അദ്ദേഹത്തിന്റെ നടപടികളായിരുന്നു. ആര്യസമാജത്തിന്റെ നേതൃത്വത്തിലാണ് ശുദ്ധിപ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചത്. സമാജവും ശുദ്ധിപ്രസ്ഥാനവും നിര്‍വഹിച്ചത് തികഞ്ഞ മിഷനറി പ്രവര്‍ത്തനമാണ്. ഹിന്ദു മതത്തില്‍, മതപരിവര്‍ത്തനം (ജൃീലെഹ്യശ്വേമശേീി) അവതരിപ്പിച്ച ആദ്യ സംഘം എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ആര്യസമാജത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 

1877-ല്‍ ഡെറാഡൂണില്‍ ഒരു മുസലിമിനെ ശുദ്ധി ചെയ്ത് മതം മാറ്റിയതാണ് ആര്യസമാജത്തിന്റെ ആദ്യ പരിവര്‍ത്തനമായി രേഖപ്പെടുത്തിയത്. കിഴക്കന്‍ രജപുത്താനിലെ ഭരത്പൂരിലാണ് മുസ്‌ലിംകളെ കൂട്ട മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇങ്ങനെ ശുദ്ധീകരണത്തിന് വിധേയമായവര്‍ക്ക് സനാതന ഹിന്ദുവിന്റെ സ്ഥാനമോ, മെച്ചപ്പെട്ട സാമൂഹിക പദവിയോ നല്‍കപ്പെടുകയുണ്ടായില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അവര്‍ വിധേയരായി (Muslim reactions to the shuddhi campaign in early twentieth century North India , By Yoginder Sikand, http://www.milligazette.com/Archives/15012001/Art26.htm).


ഹിന്ദു മതക്കാര്‍ ഇസ്‌ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നത് തടയാന്‍ ആര്യസമാജവും ദയാനന്ദ സരസ്വതിയും പരിശ്രമിച്ചു. ഗുജറാത്തായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശമെങ്കിലും പഞ്ചാബായിരുന്നു പ്രധാന പ്രവര്‍ത്തന കേന്ദ്രം.  പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സ്വാമി സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തു. ഇസ്‌ലാമിനെയും ക്രിസ്ത്യന്‍-ബുദ്ധ-ജൈന-സിഖ് മതങ്ങളെയും സ്വാമി ശക്തമായി വിമര്‍ശിച്ചു. അന്ന് രംഗത്തുണ്ടായിരുന്ന ബ്രഹ്മസമാജവുമായി സ്വാമി ചില വിഷയങ്ങളില്‍ സഹകരിക്കുകയുണ്ടായി. ഈ മതങ്ങളില്‍നിന്നെല്ലാം ഹിന്ദു മതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ഇക്കാലത്ത് ആര്യസമാജം വഴി സ്വാമി ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നനിടക്ക് രാജസ്ഥാനിലെ ജോഥ്പൂര്‍ രാജാവിന്റെ അടുപ്പക്കാരിയായ ഒരു നര്‍ത്തകിയുടെ പ്രതികാര നടപടിയില്‍ ദയാനന്ദ സരസ്വതി കൊല്ലപ്പെടുകയായിരുന്നു. 

ആര്യസമാജത്തിന്റെ ഒരു പ്രധാന കേന്ദ്രം പഞ്ചാബായിരുന്നു. ഒരു ഘട്ടത്തില്‍ മലബാറിലും ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായത്രെ! 1921-ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി നിര്‍ബന്ധ മതപരിവര്‍ത്തനം നടന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നാണ്, അവരെ പുനര്‍മതപരിവര്‍ത്തനം ചെയ്യിക്കാന്‍ മലബാറില്‍ ആര്യസമാജം ലക്ഷ്യമിട്ടതത്രെ! (Thursby G. R. Hindu-Muslim relations in British India : a study of controversy, conflict, and communal movements in northern India 1923-1928 Brill, Leiden, 1975. ISBN 9789004043800).

ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ലോകം മുഴുവന്‍ വ്യാപകമായി. ഇന്നിപ്പോള്‍, ഘാന, ഫിജി, കെനിയ, മൗറീഷ്യസ്, മൊസാംബിക്, സിംഗപ്പൂര്‍, സൗത്താഫ്രിക്ക, താന്‍സാനിയ, തായ്‌ലന്റ്, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലൊക്കെ ആര്യസമാജം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ സമാജം ഹിന്ദുമതം പ്രചരിപ്പിക്കുകയും ആളുകള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുമുണ്ട്. ആ രാജ്യങ്ങളിലുള്ളവരെല്ലാം  നേരത്തേ ഹിന്ദു മതക്കാരായിരുന്നില്ലല്ലോ. അപ്പോള്‍, ഹിന്ദു മത പ്രചാരണവും മതപരിവര്‍ത്തനവും ലോകമെമ്പാടും നടത്തുന്നവരാണ് ഇവിടെ അതിനെ എതിര്‍ക്കുന്നതെന്നത് വിരോധാഭാസം തന്നെ! 'മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം' എന്നതുള്‍പ്പെടെ സംഘ് പരിവാര്‍ ഉയര്‍ത്തുന്ന മതപരിവര്‍ത്തന വിരുദ്ധ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ആര്യസമാജത്തിന്റെ ഈ ചരിത്രവും വര്‍ത്തമാനവും.

ദയാനന്ദ സരസ്വതിയുടെ അനുയായികളില്‍ പ്രമുഖനായ സ്വാമി ശ്രദ്ധാനന്ദ സരസ്വതി 1923-ല്‍ ഭാരതീയ ഹിന്ദു ശുദ്ധി മഹാസഭ (Indian Hindu Purification Council) സ്ഥാപിച്ചു. ഹിന്ദു മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രദ്ധാനന്ദയും മഹാസഭയും ശ്രമിച്ചത്. മുസ്‌ലിംകളും ക്രിസ്ത്യാനികളുമായിരുന്നു പ്രധാന ഉന്നം. ഉത്തര്‍പ്രദേശിലെ മല്‍ക്കാന രജപുത്ര മുസ്‌ലിംകളില്‍ ചിലരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചത് ശുദ്ധി പ്രസ്ഥാനമായിരുന്നു. 'ക്ഷത്രിയ അഭിവൃദ്ധി സഭ' (Kshatriya Upakarini Sabha ['Kshatriya Upliftment Society')  രജപുത്ര രാജാവിന്റെ പിന്തുണയോടെ 1923 ആഗസ്റ്റില്‍ ഇലാഹാബാദില്‍ ചേര്‍ന്ന ഒരു പ്രത്യേക യോഗത്തിലാണ് മല്‍ക്കാന രജപുത്ര മുസലിംകളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ തീരുമാനമെടുത്തത്. അതേ വര്‍ഷം ഡിസംബറില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇതിനായി ഒരു കാമ്പയിന്‍ തന്നെ അവര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് ശുദ്ധി മഹാസഭയും ആള്‍ ഇന്ത്യാ ശുദ്ധി കൗണ്‍സിലും രൂപീകരിക്കാന്‍ തീരുമാനിച്ചത്. യോഗങ്ങളില്‍ പങ്കെടുത്ത ശ്രദ്ധാനന്ദ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കാണ്‍പുര്‍, ഷഹാജന്‍പുര്‍, മീറത്ത്, മെയിന്‍പുരി തുടങ്ങിയ പല പ്രദേശങ്ങളിലുമായി നിരവധിപേര്‍  1923 - 1927 കാലത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതിന് വിധേയരാകാതെ പിടിച്ചുനിന്ന മല്‍ക്കാന മുസ്‌ലിം രജപുത്രരില്‍ ചിലര്‍ വിഭജനത്തോടെ പാകിസ്താനിലേക്ക് പോവുകയും ചെയതു.

1928 കാലത്ത് ഗോവയില്‍ അനേകം കത്തോലിക്കന്‍ ക്രൈസ്തവരെ മഹാസഭ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. ഒന്നോ രണ്ടോ തലമുറകള്‍ക്കു മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഗൗഡ്‌സ് (Goudes) വിഭാഗത്തില്‍ പെട്ടവരുടെ പുതിയ തലമുറയാണ് ഇങ്ങനെ മതപരിവര്‍ത്തനത്തിന് വിധേയരായത്. ചര്‍ച്ചിന്റെയും പോര്‍ച്ചുഗീസ് ഗവണ്‍മെന്റിന്റെയും ഭാഗത്തുനിന്ന് ഇതിന് എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. 

ഹിന്ദു മഹാസഭ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ശൈലി സ്വീകരിച്ചത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാവുകയുണ്ടായി. ഹിന്ദു-മുസ്‌ലിം സമുദായങ്ങളിലെ തീവ്ര വൈകാരിക വിഭാഗങ്ങള്‍ സാമൂഹികാന്തരീക്ഷത്തെ സംഘര്‍ഷത്തിലേക്ക് നയിച്ച കാലമായിരുന്നു ഇത്. സ്വാമി ശ്രദ്ധാനന്ദ ഒരു മുസ്‌ലിം സാമുദായികവാദിയുടെ കൈയാല്‍ വധിക്കപ്പെടുന്നതിലാണ് കാര്യങ്ങള്‍ എത്തിയത്. അത്രത്തോളം പ്രകോപനപരമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ഈ പ്രകോപനത്തില്‍ മുസ്‌ലിംകളിലെ ചില വികാരജീവികള്‍ വീണുപോയതും ആയുധമെടുത്തതും അജണ്ടകളെയും ചര്‍ച്ചകളെയും അട്ടിമറിച്ചു. ശുദ്ധി പ്രസ്ഥാനത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് പകരം ശ്രദ്ധാനന്ദയുടെ വധവും മുസ്‌ലിം അസഹിഷ്ണുതയും ചര്‍ച്ചയില്‍ മുഴച്ചു നിന്നു. ഈ വധത്തെ തുടര്‍ന്ന് മുസ്‌ലിം സമൂഹവും ഇസ്‌ലാമിലെ ജിഹാദും രൂക്ഷ വിമര്‍ശനത്തിന് വിധേയമായി. ഗാന്ധിജി പോലും മുസ്‌ലിംകള്‍ക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഈ ഘട്ടത്തില്‍ ഉന്നയിക്കുകയുണ്ടായി. മൗലാനാ മുഹമ്മദലി ദല്‍ഹി ജുമാ മസ്ജിദില്‍ ചെയ്ത പ്രസംഗത്തില്‍, സാഹചര്യത്തിന്റെ സങ്കീര്‍ണതയും പ്രശ്‌നങ്ങളുടെ ഗൗരവവും വിശദീകരിക്കുകയും ജിഹാദിന്റെ യാഥാര്‍ഥ്യം വിവരിക്കുന്ന പുസ്തകത്തെക്കുറിച്ച് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതും ഈ പശ്ചാത്തലത്തിലാണ്. അന്ന് യുവാവായിരുന്ന സയ്യിദ് മൗദൂദി അത് ഏറ്റെടുക്കുകയും അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം എന്ന പ്രൗഢ ഗ്രന്ഥം രചിക്കുകയും ചെയ്തത് ഇതേ തുടര്‍ന്നാണ്. 

ഹിന്ദു മതത്തിലേക്ക് മറ്റു മതക്കാരെ പരിവര്‍ത്തനം ചെയ്യിക്കുന്നതിനു വേണ്ടി ആര്യസമാജവും ബ്രഹ്മസമാജവും  നടത്തിയ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ഉണ്ടാക്കിയ സാമൂഹിക സംഘര്‍ഷങ്ങളും, അന്നത്തെ കലുഷിതാന്തരീക്ഷത്തില്‍ ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണ നീക്കാന്‍ ഗ്രന്ഥം രചിച്ച് പ്രതിരോധം തീര്‍ത്തതും  ഇന്നത്തെ ഘര്‍വാപ്പസി വിവാദകാലത്ത് ഏറെ പ്രസക്തമാണ്. ഇന്നത്തെ ഘര്‍വാപ്പസിയുടെ ആദ്യരൂപമായ ശുദ്ധി പ്രസ്ഥാനം അന്ന് ഉയര്‍ത്തിയ ഭീഷണികളെയും സാമൂഹിക പ്രതിസന്ധിയെയും സാമുദായിക വൈകാരികത കൊണ്ട് പ്രതിരോധിക്കാനല്ല, വൈജ്ഞാനികമായും ആദര്‍ശപരമായും അഭിമുഖീകരിക്കാനാണ് മൗലാനാ മുഹമ്മദലി ജൗഹറും മൗലാനാ മൗദൂദിയും ഉള്‍പ്പെടെയുള്ള വിവേകമതികള്‍ അന്ന് ശ്രമിച്ചതും അതില്‍ വിജയിച്ചതും.  ഹാദിയ, ആതിര, ലൗ ജിഹാദ്, എം.എം അക്ബര്‍, സാകിര്‍ നായിക് തുടങ്ങിയ വിഷയങ്ങള്‍ മതപ്രബോധന - പരിവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു നില്‍ക്കുമ്പോള്‍, അതിവൈകാരികതയുടെ ആക്രോശങ്ങളും അപക്വമായ നടപടികളുമില്ലാതെ, ആദര്‍ശം അടിയറവു വെക്കാതെ തന്നെ വിവേകത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് ഈ ചരിത്രാനുഭവങ്ങള്‍ വര്‍ത്തമാനത്തോട് പറയുന്നത്.

1920-കളില്‍ സജീവമായ ശുദ്ധിപ്രസ്ഥാനത്തിന്റെ മതപരിവര്‍ത്തന ശ്രമങ്ങള്‍ വിഭജനത്തിന്റെ നാളുകളില്‍   കൂടുതല്‍ ശക്തമായി. പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ ശേഷിച്ച ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദുര്‍ബല ദരിദ്ര മുസ്‌ലികളെയാണ് ശുദ്ധി പ്രസ്ഥാനം ലക്ഷ്യമിട്ടത്. വിഭജനാനന്തരമുള്ള അത്യന്തം ഭീതിദമായ അന്തരീക്ഷത്തില്‍ ഇവരുടെ ഭീഷണികള്‍ക്ക് വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരും, പ്രതിസന്ധിയെ മറികടക്കാന്‍ മാത്രം വിശ്വാസദാര്‍ഢ്യമില്ലാത്ത നാമമാത്ര പാരമ്പര്യ മുസ്‌ലിംകളുമൊക്കെ പല ഭാഗത്തും കൂട്ട മതപരിവര്‍ത്തനത്തിന് വിധേയരായി ഹിന്ദുക്കളായിത്തീര്‍ന്ന ചരിത്രാനുഭവത്തിന് ഏതാണ്ട് 60-70 വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ. പല മുസ്‌ലിം ഗലികളും ഹിന്ദു മതത്തിലേക്ക് മാറുകയും പള്ളികളും മറ്റും ശൂന്യമാവുകയും ചെയ്തു.

ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാരില്‍ ചിലര്‍ ആ കുട്ട മതപരിവര്‍ത്തനത്തെ ചൊല്ലി വിലപിക്കുകയുണ്ടായി. 'പ്രതിരോധിക്കാന്‍ അബൂബക്‌റില്ലാത്ത മതപരിത്യാഗം'  (രിദ്ദത്തുന്‍ വലാ അബാബകരിന്‍ ലഹാ) എന്ന അലിമിയാന്റെ പരിദേവനം ഈ പ്രതിസന്ധിയുടെ ആഴം അടയാളപ്പെടുത്തുന്നതാണ്. മല്‍ക്കാന മുസ്‌ലിംകള്‍ കൂട്ടമതപരിവര്‍ത്തനത്തിന് വിധേയമായതോടെയാണ് മുസ്‌ലിംകള്‍ പ്രശ്‌നം ഗൗരവത്തില്‍ കാണാന്‍ തുടങ്ങിയത്. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളുടെ ആരാധനാപരവും സാംസ്‌കാരികവുമായ വ്യതിരിക്തതയെ കുറിച്ചുമുള്ള  അജ്ഞതയാണ് ഇത്തരം മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് അവര്‍ വിധേയപ്പെടുന്നതിന്റെ അടിസ്ഥാന കാരണമെന്ന തിരിച്ചറിവ് മുസ്‌ലിംകള്‍ക്കുണ്ടായി. അതുകൊണ്ട്, പാരമ്പര്യ മുസ്‌ലിംകളെ ഇസ്‌ലാം പഠിപ്പിക്കാനും അവരെ വിശ്വാസപരമായും സാമൂഹികമായും ശാക്തീകരിക്കാനും പല തലങ്ങളില്‍ ശ്രമങ്ങളുണ്ടായി; അവ എത്ര ദുര്‍ബലമാണെങ്കിലും ആ ഘട്ടത്തില്‍ അനിവാര്യമായിരുന്നു. ശരീഅത്ത് അനുസരിച്ചുള്ള ജീവിതം മുസ്‌ലിം സമൂഹത്തെ പരിശീലിപ്പിക്കാന്‍ പണ്ഡിതന്മാരുടെയും മറ്റും ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. പണ്ഡിതന്മാരും സൂഫികളും ദീനീ സ്ഥാപനങ്ങളും പ്രബോധനവും സംസ്‌കരണവും (ദഅ്‌വത്ത്, തര്‍ബിയത്ത്) നിര്‍വഹിക്കാനായി രംഗത്തു വന്നു. ആര്യവല്‍ക്കരണത്തിനെതിരെ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ വിവിധ മുസ്‌ലിം വിഭാഗങ്ങളെ ആഹ്വാനം ചെയ്ത ദല്‍ഹിയിലെ സൂഫി എഴുത്തുകാരനായിരുന്നു ഖാജാ ഹസന്‍ നിസാമി. തന്റെ തബ്‌ലീഗീ ദൗത്യം നിര്‍വഹിക്കാനായി നിസാമിയ സൂഫീ മിഷന് അദ്ദേഹം രൂപം നല്‍കി. ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്, തബ്‌ലീഗ് ജമാഅത്ത്, ദല്‍ഹി കേന്ദ്രമായുള്ള അന്‍ജുമന്‍ ഹിദായത്തുല്‍ ഇസ്‌ലാം, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ അക്കാലത്ത് ഇസ്‌ലാമില്‍നിന്നുള്ള മതപരിത്യാഗത്തെ ആശയപരമായി പ്രതിരോധിക്കാന്‍ ശ്രമിക്കുകയുണ്ടായി.

ദയൂബന്ദി പണ്ഡിതനായ മുഹമ്മദ് ഇല്‍യാസ് 1925-ല്‍ തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടനക്ക് രൂപം നല്‍കിയതു തന്നെ ശുദ്ധിപ്രസ്ഥാനം ഉയര്‍ത്തിയ മുസ്‌ലിം മതപരിത്യാഗ പ്രശ്‌നത്തെ അഭിമുഖീകരിക്കാനായിരുന്നു. ഇസ്‌ലാമിനെ സംബന്ധിച്ച് അജ്ഞരായ മുസ്‌ലിം സമൂഹത്തെ സംസ്‌കരിച്ചെടുക്കുകയെന്നത് ഇതിന്റെ പ്രധാന ഭാഗമായി തബ്‌ലീഗ് മനസ്സിലാക്കി. ആ ഘട്ടത്തില്‍ തങ്ങളുടേതായ ദൗത്യം നിര്‍വഹിക്കാന്‍ സംഘടനക്ക് സാധിക്കുകയുമുണ്ടായി. മേവാത്ത് മുസ്‌ലിംകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഒരു ഉദാഹരണമാണ് (പില്‍ക്കാലത്ത് തബ്‌ലീഗ് ജമാഅത്ത് എങ്ങനെ പ്രവര്‍ത്തിച്ചുവെന്നത് മറ്റൊരു വിഷയമാണ്). ശരിയായ ദീനീ വിദ്യാഭ്യാസത്തിന് മദ്റസകള്‍ സ്ഥാപിച്ചുകൊണ്ടാണ് ജംഇയ്യത്തുല്‍ ഉലമാ പ്രധാനമായും ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. മൗലാന അബ്ദുല്‍ ബാരി (ഫിറങ്കിമഹല്‍ മദ്‌റസ, ലഖ്‌നൗ) ഉള്‍പ്പെടെ പല പണ്ഡിതന്മാരും തങ്ങളുടേതായ സംഭാവനകള്‍ ഈ രംഗത്ത് നല്‍കുകയുണ്ടായി.

മുസ്‌ലിം സമൂഹം യഥാര്‍ഥ ഇസ്‌ലാമും തങ്ങളുടെ വ്യക്തിത്വവും ദൗത്യവും മറന്നുപോയതാണ് ആര്യവല്‍ക്കരണത്തിന് വിധേയമാകുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്ന് നിരീക്ഷിച്ച സയ്യിദ് മൗദൂദി, നാമമാത്ര മുസ്‌ലിംകള്‍ക്ക് യഥാര്‍ഥ ഇസ്‌ലാമിക ജ്ഞാനവും ബോധവും ഈമാനിക കരുത്തും നല്‍കലാണ് ശരിയായ പരിഹാരം എന്ന് നിര്‍ദേശിച്ചു. 1925 കാലത്ത് അല്‍ ജംഇയ്യത്തില്‍ ഇതു സംബന്ധിച്ച് മൗലാനാ മൗദൂദി തുടര്‍ ലേഖനങ്ങള്‍ തന്നെ എഴുതുകയുണ്ടായി. മുസ്‌ലിംകളുടെ യഥാര്‍ഥ ദൗത്യത്തെ കുറിച്ചാണ് അവയില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഈ ചിന്തകള്‍ കൂടി മുന്‍നിര്‍ത്തിയാണ് പിന്നീട് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയത്. 1951-ല്‍  റാംപൂരില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനം ധീരമായ ചുവടുവെപ്പായിരുന്നു. വിഭജനം നടന്ന് മൂന്ന് വര്‍ഷത്തിനകം, റാംപൂരില്‍ ഒരു മുസ്‌ലിം സമ്മേളനം അന്നത്തെ രാഷ്ട്രീയ സാമൂഹിക പരിതഃസ്ഥിതിയില്‍ അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, ജമാഅത്ത് അത് സാധിച്ചതോടെ മുസ്‌ലിം സമൂഹത്തിന് വലിയ ആത്മവിശ്വാസവും പിടിച്ചുനില്‍ക്കാനുള്ള കരുത്തും ലഭിച്ചു. തുടര്‍ന്ന്, പ്രാഥമിക മതപാഠശാലകള്‍ സ്ഥാപിക്കുക, പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, പള്ളികളും മറ്റു പ്രാദേശിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മുതിര്‍ന്നവര്‍ക്ക് മതബോധനം നല്‍കുക, പുസ്തകങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയിലൂടെ മുസ്‌ലിംകളെ ഇസ്‌ലാമിക ബോധമുള്ളവരാക്കുന്നതിനാണ് ജമാഅത്തെ ഇസ്‌ലാമി പരിശ്രമിച്ചത്.

 

ഘര്‍വാപ്പസി

ശുദ്ധി പ്രസ്ഥാനത്തിന്റെ ദൗത്യം പിന്നീട് സംഘ് പരിവാര്‍ സംഘടനകള്‍ നേരിട്ട് ഏറ്റെടുത്തത് ഘര്‍വാപ്പസി എന്ന തലക്കെട്ടിലാണ്. 'വീട്ടിലേക്കുള്ള തിരിച്ചുപോക്ക്' എന്നാണിതിന്റെ ഭാഷാര്‍ഥം. 1968-ലാണ് വിശ്വഹിന്ദു പരിഷത്ത്  'പരാവര്‍ത്തന'ത്തെ (ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവര്‍ത്തനം) ആചാരസംഹിതയിലെ പ്രധാന ഘടകമായി സ്വീകരിച്ചത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമാണ് ഇത്  ലക്ഷ്യം വെച്ചത്. ജാസ്പൂര്‍ രാജകുടുംബാംഗവും സംഘ് പരിവാര്‍ നേതാവുമായ ദിലീപ് സിംഗ് ജുഡോ  'ഘര്‍വാപ്പസി' പ്രസ്ഥാനത്തിന് ഛോട്ട നാഗ്പൂരില്‍ തുടക്കം കുറിച്ചത് 1992-ലാണ്. പക്ഷേ, വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇക്കാലത്ത് ഘര്‍വാപ്പസി വാദങ്ങള്‍ക്ക് സാധ്യമായില്ല.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റ് അധികാരമേറ്റതിന്റെ ബലത്തിലാകണം, 2014 - 2015 കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഘ് പരിവാര്‍ സംഘടനകള്‍ 'ഘര്‍വാപ്പസി' നടത്തുകയുണ്ടായി. ഹിന്ദു ധര്‍മ ജാഗരണ്‍ സമാജ്, ബജ്‌റംഗ്ദള്‍ എന്നിവ ചേര്‍ന്ന് 57 മുസ്‌ലിം കുടുംബങ്ങളെ ആഗ്രയില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്ന ആര്‍.എസ്.എസിന്റെ അവകാശവാദം രാജ്യത്ത് ഘര്‍വാപ്പസിയെ  വിവാദമാക്കി. 2014 ഡിസംബറില്‍ ഗുജറാത്തിലെ വാല്‍സദ് ജില്ലയിലെ അറനൈയില്‍ 200-ലധികം ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു കൊണ്ടുവന്നുവെന്നും ആഗ്രയിലും ഛത്തീസ്ഗഢിലും സമാനമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയെന്നും വി.എച്ച്.പി അവകാശവാദം ഉന്നയിച്ചിരുന്നു. 2014 ഡിസംബറില്‍ കേരളത്തിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഘര്‍വാപ്പസി പ്രചാരണം നടന്നു. ആലപ്പുഴയിലെ ഹരിപ്പാട്ടും കൊല്ലത്തെ അഞ്ചലിലുമായി രണ്ടിടങ്ങളിലാണ് ഘര്‍വാപ്പസി ചടങ്ങ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലപ്പുഴയിലെ കണിച്ചനല്ലൂരില്‍ ചേരമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട എട്ടു കുടുംബങ്ങളിലെ 32 പേരും കൊല്ലം ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കരയില്‍ പതിനഞ്ച് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച മൂന്ന് സ്ത്രീകളുമാണ് ഹിന്ദുമതത്തില്‍ ചേര്‍ന്നതെന്ന് അവകാശപ്പെട്ടു.  2014 ക്രിസ്മസ് ദിനത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ഘര്‍വാപ്പസി നടത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. തെലങ്കാനയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട ഏതാനും  കുടുംബങ്ങളെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്താണ് വി.എച്ച്.പി മതപരിവര്‍ത്തനം ചെയ്തതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2017 ഏപ്രില്‍ മെയ് മാസങ്ങളില്‍ ഝാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ ക്രൈസ്തവ കുടുംബങ്ങളെയും ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ മുസ്‌ലിം കുടുംബങ്ങളെയും ശുദ്ധി ചെയ്ത് മതം മാറ്റിയതായും ആര്‍.എസ്.എസ് അവകാശപ്പെട്ടു. 

ഹിന്ദുമതാചാര്യന്മാരുടെ  കാര്‍മികത്വത്തിലാണ് ഘര്‍വാപ്പസി ചടങ്ങുകള്‍ നടക്കുന്നത്. ഗണപതിഹോമം, ശുദ്ധിഹോമം, ഗായത്രിമന്ത്രജപം എന്നിവയാണ് ചടങ്ങുകള്‍. ഘര്‍വാപ്പസിക്ക് വിധേയരായവര്‍ക്ക്  നിലവിളക്ക്, പുതുവസ്ത്രം, ഹൈന്ദവ ഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്യുകയുണ്ടായി. 2015-ല്‍ ഇത് ചര്‍ച്ചാ വിഷയമായിരുന്നെങ്കിലും, കാസര്‍ക്കോട് സ്വദേശിനി ആതിര ഇസ്‌ലാം സ്വീകരിച്ച ശേഷം തിരിച്ചുപോയതും തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തിലെ പീഡന സംഭവങ്ങള്‍ പുറത്തു വന്നതും മറ്റുമാണ് ഘര്‍വാപ്പസി വീണ്ടും ചര്‍ച്ചയാകാന്‍ അവസരമൊരുങ്ങിയത്.

പ്രലോഭനവും പ്രകോപനവും ഭീഷണിയും പീഡനവുമൊക്കെ സംഘ് പരിവാറിന്റെ ഘര്‍വാപ്പസിക്ക് പിന്നിലു്. ചരിത്രത്തില്‍ പലപ്പോഴും നടന്നിട്ടുള്ള ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സമീപകാലത്തെ ജീവിക്കുന്ന കേരളീയ സാക്ഷ്യമാണ് യോഗകേന്ദ്രത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചുവന്ന തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി പീഡന കേന്ദ്രം. മതപരിവര്‍ത്തനത്തിനായുള്ള ഇത്തരം പീഡനകേന്ദ്രങ്ങള്‍ കേരളത്തിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുമുണ്ടെന്ന് അന്വേഷണത്തിലൂടെ പുറത്തുവന്നതാണ്.

 

സംഘ് പരിവാറിന്റെ നിസ്സഹായത

സ്വന്തം മതത്തിലും ധര്‍മത്തിലും ആത്മവിശ്വാസമില്ലാത്തതുകൊണ്ടല്ലേ, ആശയപ്രചാരണങ്ങളെയും ആദര്‍ശമാറ്റങ്ങളെയും വിശ്വാസ സ്വാതന്ത്ര്യത്തെയും സംഘ് പരിവാര്‍ എതിര്‍ക്കുന്നത്? ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ ശക്തിയും സൗന്ദര്യവും ജീവിത വീക്ഷണവും സാര്‍വകാലികതയുമൊക്കെ അവതരിപ്പിച്ച് അതിലേക്ക് ആളുകളെ പ്രബോധനം ചെയ്യാമല്ലോ. ഹിന്ദുമതം വിട്ടവരെ തങ്ങളുടെ മതവിശ്വാസത്തിന്റെ ശക്തിയും സൗന്ദര്യവും ബോധ്യപ്പെടുത്തി തന്നെ തിരിച്ചുകൊണ്ടുവരികയുമാവാം. ആദര്‍ശത്തിന് കരുത്തുണ്ടെങ്കില്‍ പിന്നെ എന്തിന് ആയുധബലവും പീഡന കേന്ദ്രവും!? ഒരു ഭാഗത്ത് മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന സംഘ് പരിവാര്‍, മറുവശത്ത് ഇതര മതസമുദായക്കാരെ തങ്ങളിലേക്ക് ചേര്‍ക്കുന്ന പ്രക്രിയയെ ഘര്‍വാപ്പസി എന്ന് വിശേഷിപ്പിക്കുന്നു. തങ്ങള്‍ നടത്തുന്നത് മതപരിവര്‍ത്തനമല്ല, പഴയ ഹിന്ദു പാരമ്പര്യത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരല്‍ മാത്രമാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്യുന്നു. ഇത് ആശയ പാപ്പരത്തത്തിന്റെയും രാഷ്ട്രീയ കാപട്യത്തിന്റെയും അടയാളക്കുറിയാണ്.

മുസ്ലിംകള്‍ വിദേശികളാണെന്ന സംഘ് പരിവാര്‍ വിമര്‍ശനത്തെ ഒരുപരിധിവരെ അവര്‍ തന്നെ റദ്ദ് ചെയ്യുകയാണ് ഘര്‍വാപ്പസിയിലൂടെ. മുസ്‌ലിംകള്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നും ഹിന്ദു പാരമ്പര്യമുള്ളവര്‍ വിശ്വാസപരിവര്‍ത്തനം ചെയ്തതാണെന്നും സ്വയം സമ്മതിക്കലാണല്ലോ  'വീട്ടിലേക്കുള്ള തിരിച്ചുവിളിക്കല്‍.' മുസ്ലിംകള്‍ പഴയ വീട്ടുകാര്‍ തന്നെയാണെന്ന് സമ്മതിക്കുന്നത് സംഘ് പരിവാറിന്റെ രാഷ്ട്രീയ മുനയൊടിക്കുന്നു. മുമ്പ് ഇസ്‌ലാമിലേക്കോ ബുദ്ധ-ക്രൈസ്തവ മതങ്ങളിലേക്കോ പരിവര്‍ത്തനം ചെയ്തവരുടെ പിന്‍തലമുറകളെയാണ് തങ്ങള്‍ ഘര്‍വാപ്പസി നടത്തുന്നതെന്ന സംഘ് പരിവാര്‍ വാദം, ഒരു പ്രധാന മറുചോദ്യം ഉയര്‍ത്തുന്നുണ്ട്. ഹിന്ദു സമൂഹത്തിന്റെ ഭാഗമായിരുന്നവരോ അല്ലാത്തവരോ മുമ്പ് ഇസ്‌ലാമോ ബുദ്ധ -ക്രൈസ്തവ മതങ്ങളോ സ്വീകരിച്ചതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു? ഇന്ത്യന്‍ സമൂഹത്തിന്റെ ഏതു തലങ്ങളില്‍ ഉള്ളവരാണ് ഇങ്ങനെ കൂടുതല്‍ മതപരിവര്‍ത്തനം ചെയ്തിട്ടുള്ളത്? ഈ ചോദ്യങ്ങളുടെ സത്യസന്ധമായ ഉത്തരങ്ങള്‍ സംഘ് പരിവാറിനെത്തന്നെയാണ് പ്രതിക്കൂട്ടിലാക്കുക.

പഠിച്ചറിഞ്ഞും മനസ്സിലാക്കിയും ജീവിതാനുഭവങ്ങള്‍ കാരണമായും നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഇന്നും ഇസ്‌ലാമിലേക്ക് കടന്നു വരുന്നവരില്‍ മഹാഭൂരിപക്ഷവും പഠിച്ചറിഞ്ഞ ശേഷം സത്യസന്ദേശം സ്വീകരിക്കുന്നവരാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡോ. ഹാദിയ. എന്നാല്‍ ചരിത്രത്തില്‍ സമൂഹ ശ്രേണിയുടെ താഴെ തട്ടിലേക്ക് തള്ളപ്പെട്ട വലിയൊരു വിഭാഗം ഇസ്‌ലാമിനെ പുല്‍കിയതും, ക്രിസ്തുമതം സ്വീകരിച്ചതും ജാതി പീഡനങ്ങളില്‍നിന്ന് രക്ഷ തേടിയായിരുന്നു. ജാതിഭ്രാന്തിനാല്‍ ജീവിതം ദുസ്സഹമായവര്‍ ഇസ്‌ലാമിന്റെ സമത്വ സാഹോദര്യ ദര്‍ശനത്തിലും മുസ്‌ലിം ജീവിതാനുഭവങ്ങളിലും ആകൃഷ്ടരാവുകയായിരുന്നു. 'മുഹമ്മദീയ മതത്തിന്റെ സമത്വവും സാഹോദര്യവും ഇന്ത്യന്‍ ജനതയെ നന്നായി സ്വാധീനിച്ചതായി' സ്വാമി വിവേകാനന്ദന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

എത്രയും ദൂരെ പോയി നില്‍ക്കേണ്ടൊ-

രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍ 

ചിത്തം അവനെത്തി ചാരത്തിലിരുന്നിടാം

ചെറ്റും പേടിക്കേണ്ട തമ്പുരാനെ 

എന്ന് കുമാരനാശാന്‍ എഴുതിയത് ഇതിന്റെ ചരിത്രസാക്ഷ്യമാണ്. കീഴാള വിഭാഗങ്ങള്‍ മലബാര്‍ ഭാഗത്ത് കൂടുതല്‍ ഇസ്‌ലാമിലേക്കും തിരുവിതാംകൂറില്‍ ക്രിസ്തു മതത്തിലേക്കും മാറിയതിന്റെ കാരണം ഇതായിരുന്നു. അയ്യങ്കാളിയുടെ ഭാഷയിലെ ആയിരക്കണക്കിന് 'സാധുജനങ്ങള്‍' ഇസ്‌ലാമിലും ക്രിസ്തുമതത്തിലും ചേര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കംതൊട്ട് തെക്കന്‍ തിരുവിതാംകൂറില്‍ നൂറുകണക്കിന് പേര്‍ ക്രിസ്ത്യാനികളായി. ചാന്നാര്‍ ജാതിക്കാരും പിന്നീട് ഈഴവരും ഇപ്രകാരം മതപരിവര്‍ത്തനം ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കിലെ കമുകിന്‍കോട് പ്രദേശം ഇതിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു. ചേര്‍ത്തലയില്‍ കുറേ പേര്‍ സിഖ് മതത്തിലും ചേരുകയുണ്ടായി (പട്ടിണിയില്‍നിന്ന് രക്ഷപ്പെടാനായി ചിലര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. മുമ്പ് കേരളത്തിലും പിന്നീട് ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ഇത് സംഭവിക്കുകയുണ്ടായി). 'സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണഘടന നിലവില്‍വരികയും പിന്നാക്ക ജാതികളില്‍പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളും അതില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തിലാണ് പട്ടികജാതി- വര്‍ഗവിഭാഗത്തിന് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാലയ പ്രവേശനത്തിനും സംവരണമേര്‍പ്പെടുത്തിയുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പക്ഷേ, അങ്ങനെ സംവരണാനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഹിന്ദുവായിരിക്കണമെന്നുണ്ട്. അതിനുവേണ്ടി മറ്റു മതങ്ങളിലേക്ക് മാറിയ 'സാധുജനങ്ങള്‍' ആര്യസമാജം വഴി ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. വാസ്തവത്തില്‍ അവര്‍ തിരിച്ചെത്തിയത് ഹിന്ദുമതത്തിലേക്കല്ല. അടിയാളജാതികളിലേക്കാണ്. എന്തെന്നാല്‍ ഹിന്ദുവിന് സംവരണാനുകൂല്യമില്ല. ഹിന്ദുജാതികളില്‍പെട്ട താഴ്ന്ന വിഭാഗങ്ങള്‍ക്കുമാത്രമേ സംവരണാനുകൂല്യമുള്ളൂ. ജാതിയെപ്പേടിച്ച് വീടുവിട്ടവര്‍ വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം വീട്ടിലേക്കു (ജാതിയിലേക്ക്)തന്നെ തിരിച്ചെത്തി. തിരിച്ചുവരാത്തവര്‍ അവശക്രൈസ്തവരായി ഇപ്പോഴും തുടരുന്നു. അവര്‍ക്ക് സംവരണാനുകൂല്യമില്ല' (ഘര്‍വാപ്പസി അഥവാ ദാരിദ്ര്യരേഖാ മതപരിവര്‍ത്തനം, വി കാര്‍ത്തികേയന്‍ നായര്‍, ദേശാഭിമാനി, 2015 ജനുവരി 7).

ഘര്‍വാപസിയുടെ പ്രതിസന്ധിയിലേക്കും പരിമിതിയിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഘര്‍വാപ്പസി വഴി മതപരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ ഓരോരോ ജാതികളിലേക്ക് തന്നെയാണ് മാറ്റപ്പെടുന്നത്. മേല്‍ജാതിക്കാരുടെ ജാതി പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ടവരെ, വീണ്ടും അതത് പീഡനകേന്ദ്രങ്ങളിലേക്കു തന്നെ തിരിച്ചെത്തിക്കാനുളള, അടിയാളരെ തിരിച്ചുപിടിച്ച് മര്‍ദിതരായി നിലനിര്‍ത്താനുള്ള മേലാളരുടെ തന്ത്രമാണ് ഘര്‍വാപ്പസി.  1956-ല്‍ ഡോ. അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചപ്പോള്‍, ഹിന്ദുമഹാസഭ അവരെ  ഹിന്ദുമതത്തിലേക്കു തിരിച്ചുവിളിക്കുകയുണ്ടായി.  ഡോ. അംബേദ്കര്‍ അതിനു മറുപടിയായി ഉന്നയിച്ച ചോദ്യം വര്‍ത്തമാനകാലത്തും പ്രസക്തം തന്നെ: ''മതം മാറിയവര്‍ തിരികെ ഹിന്ദുമതത്തിലേക്ക് വന്നാല്‍ ഹിന്ദുത്വത്തിന്റെ ഏതു പടിയിലായിരിക്കും അവരുടെ സ്ഥാനം?''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍