Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

മതസ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍

എ. റശീദുദ്ദീന്‍

1948-ല്‍ പാസാക്കിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 18-ാം പ്രമാണത്തില്‍ ഏതൊരു രാജ്യത്തെ പൗരനും തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം അര്‍ഥശങ്കകള്‍ക്കിടയില്ലാത്ത വിധം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ആധുനിക രാജ്യങ്ങളുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ സമസ്ത മേഖലകളിലും എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശങ്ങള്‍ പ്രഖ്യാപിച്ച ആദ്യത്തെ വിളംബരം കൂടിയായിരുന്നു ഇത്. ഈ പ്രമാണത്തെ തത്ത്വത്തില്‍ നിരാകരിക്കുന്നതോ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റേതെന്ന് പ്രഖ്യാപിക്കപ്പെടുന്ന മതത്തില്‍ ഉള്‍പ്പെടാത്തവരെ അംഗീകരിക്കാത്തതോ ആയ ലോക രാജ്യങ്ങളുടെ പട്ടികയിലേക്കാണ് നിലവില്‍ ഇന്ത്യയുടെ പോക്ക്! മതംമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി സര്‍ക്കാറുകള്‍ക്ക് അപേക്ഷ നല്‍കിയും കോടതികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുമൊക്കെയാണ് ഇന്ത്യയില്‍ അതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കേണ്ടത്. എല്ലാ മതങ്ങളില്‍നിന്നും ഇഷ്ടാനുസരണം എങ്ങോട്ടും ആര്‍ക്കും പോകാവുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഇന്ത്യന്‍ ഭരണഘടനയും ഐക്യരാഷ്ട്ര സഭയും വിഭാവനം ചെയ്യുന്നതെങ്കിലും, എല്ലാ മതങ്ങളില്‍നിന്നും ഹിന്ദുമതത്തിലേക്കുള്ള മാറ്റം മാത്രമാണ് ഇന്നത്തെ ഇന്ത്യയില്‍ ഈ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. പ്രായോഗികമായി 'മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന' നിയമങ്ങള്‍ എന്ന അര്‍ഥം ലഭിക്കുന്ന പേരുകളാണ് പൊതുവെ മതംമാറ്റവിരുദ്ധ നിയമങ്ങള്‍ക്ക് ഇന്ത്യ നല്‍കാറുള്ളതെന്ന പരിഹാസ്യത ബാക്കിയാവാറുമുണ്ട്. ഭരണകൂടം, മതപരിവര്‍ത്തനം, പ്രേരണ, പ്രലോഭനം, ബലപ്രയോഗം മുതലായ വിഷയങ്ങളിലെല്ലാം വ്യാഖ്യാനപരമായി ഹിന്ദുമതത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവുന്ന വകുപ്പുകളാണ് ഇന്നത്തെ നിയമങ്ങളിലുള്ളത്. 

മതംമാറ്റത്തെ തത്ത്വത്തില്‍ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിലോമപരമായ ഈ നിയമനിര്‍മാണ പ്രകിയക്ക് 1967-ല്‍ ഒറീസ സര്‍ക്കാറാണ് ഇന്ത്യയില്‍ തുടക്കമിടുന്നത്. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചായ്‌വിനെതിരെയും ലൈസന്‍സ് രാജിനെതിരെയും കലാപക്കൊടിയുയര്‍ത്തി കോണ്‍ഗ്രസ് വിട്ട സി. രാജഗോപാലാചാരി രൂപീകരിച്ച 'സ്വതന്ത്ര പാര്‍ട്ടി'യായിരുന്നു അന്ന് ഒറീസ ഭരിച്ചത്. തത്ത്വത്തില്‍ വര്‍ഗീയ താല്‍പര്യങ്ങളായിരുന്നു പാര്‍ട്ടിയെ നയിച്ചതെങ്കിലും ജനസംഘത്തോടോ ആര്‍.എസ്.എസിനോടോ രാജഗോപാലാചാരി പ്രത്യക്ഷ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഭൂവുടമകളും വ്യവസായികളുമൊക്കെയായിരുന്നു സ്വതന്ത്ര പാര്‍ട്ടിയുടെ ബാഹ്യമുഖം. ഈ കപടനാട്യങ്ങളെ മുഖവിലക്കെടുക്കാതെ ജാതീയ താല്‍പര്യങ്ങളുടെ കൂടാരമായി തന്നെയാണ് കോണ്‍ഗ്രസ് 'സ്വതന്ത്ര പാര്‍ട്ടി'യെ വിലയിരുത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് മതംമാറ്റത്തിനെതിരെയുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കിലും റായ്ഗഡ്, സര്‍ഗൂജ, പാറ്റ്‌ന, ഉദയ്പൂര്‍, ബിക്കാനീര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളില്‍ പലതും ഹിന്ദുമതത്തില്‍നിന്ന് പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താന്‍ പലതരം നിയന്ത്രണങ്ങളുമായി 1947-നു മുമ്പേ തന്നെ രംഗത്തുണ്ടായിരുന്നു. അന്നൊക്കെ ബ്രിട്ടീഷുകാരുടെ മതത്തിലേക്കായിരുന്നു ഈ പോക്ക്. മതേതര രാജ്യം എന്ന വാക്ക് 1976-ലാണ് നമ്മുടെ ഭരണഘടന അംഗീകരിക്കുന്നതെങ്കിലും പിന്നിട്ട വഴികളിലൊരിടത്തും ഇന്നത്തെ പോലുള്ള പരസ്യമായ മതതാല്‍പര്യങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം വെച്ചുപുലര്‍ത്തിയിരുന്നില്ല. 1954-ലും പിന്നീട് ആറ് വര്‍ഷത്തിനു ശേഷവും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട മതംമാറ്റ നിരോധന നിയമങ്ങളെ രാജ്യം തള്ളിക്കളയുകയാണുണ്ടായത്. പിന്നാക്ക വിഭാഗ സംരക്ഷണ നിയമങ്ങള്‍ എന്ന പേരിലായിരുന്നു ഈ നിയമങ്ങള്‍ പാര്‍ലമെന്റിലെത്തിയത്. ചെറിയൊരു ശതമാനം ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ വലിയൊരു ജനവിഭാഗത്തെ ഈ നിയമങ്ങള്‍ വേട്ടയാടുകയാണുണ്ടാവുക എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഈ നിയമങ്ങളെ എതിര്‍ത്തത്. നെഹ്‌റുവിന്റെ പുരോഗമന നാട്യങ്ങള്‍ എന്തായിരുന്നാലും അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതംമാറ്റ നിരോധന നിയമങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിച്ച സര്‍ക്കാറുകളായിരുന്നു. ഒരേസമയം ഇന്ത്യയുടെ ലിബറല്‍ നിയമങ്ങളെ കാറ്റില്‍ പറത്തുകയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രമാണത്തെ നിര്‍വീര്യമാക്കുന്നതുമായിരുന്നു ഈ നിയമങ്ങള്‍. മതംമാറ്റം നടക്കുന്നത് ബലപ്രയോഗത്തിലൂടെയോ പ്രീണനത്തിലൂടെയോ ആണെന്നും വിദേശപണം ഉപയോഗിച്ചുകൊണ്ടാണെന്നുമുള്ള മുന്‍വിധിയാണ് ഇന്ന് എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ളത്. 

മതംമാറ്റവുമായി ബന്ധപ്പെട്ട് ഇന്നുള്ള പല നിയമങ്ങളുടെയും പില്‍ക്കാല ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ജസ്റ്റിസ് എ.എന്‍ റായിയുടെ 1977-ലെ വിധിപ്രഖ്യാപനമാണ് വഴിയൊരുക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാറിനെതിരെ ഫാദര്‍ സ്‌ലെയിനിസ്‌ലോസും ഒറീസ സര്‍ക്കാറിനെതിരെ യുലീത്തയും സമര്‍പ്പിച്ച ഹരജികളില്‍ മതപ്രബോധനവും മതംമാറ്റലും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് റായി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 25(1) അനുഛേദം നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ സ്വന്തം മതത്തിലേക്ക് മറ്റൊരാളെ കൂട്ടിച്ചേര്‍ക്കാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്നായിരുന്നു വിധിപ്രഖ്യാപനത്തിന്റെ കാതല്‍. മതസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന സാഹചര്യത്തില്‍ മതംമാറ്റം നിയമനിര്‍മാണത്തിലൂടെ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും റായി ആവശ്യപ്പെട്ടു. മതം മാറുന്ന വ്യക്തിയുടെ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു മാത്രമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ ഊന്നല്‍. എന്നാല്‍ ഈ ഉത്തരവിന്റെ പില്‍ക്കാല വ്യാഖ്യാനങ്ങളില്‍ പ്രീണനം, പ്രലോഭനം, ബലപ്രയോഗം, ചതി മുതലായ വാക്കുകള്‍ മതംമാറ്റത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് ബാധകമാകുന്നതെന്ന് നിയമങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ന്യൂനപക്ഷ മതസമൂഹങ്ങളുടെ മതപ്രചാരണ സ്വാതന്ത്ര്യത്തെ റായിയുടെ വിധി എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്താനാവില്ലെന്ന അഭിപ്രായമായിരുന്നു ജസ്റ്റിസ് ജഗ്‌മോഹന്‍ റെഡ്ഡിയുടേത്. മതംമാറുന്ന വ്യക്തിയുടെ മൗലികാവകാശത്തിന്റെ കാര്യത്തില്‍ റായിയുടെ ഉത്തരവ് മൗനം പാലിക്കുകയാണ് ചെയ്തത്. താന്‍ ഉപേക്ഷിക്കുന്ന മതത്തിലും പുതുതായി ചേരുന്ന മതത്തിലും ഉണ്ടാവുന്ന സാമൂഹിക പ്രശ്‌നങ്ങളെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടിയതില്‍ അടിസ്ഥാനപരമായ നിയമപ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഭരണഘടന ഉറപ്പു വരുത്തിയ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സാമൂഹികമായ ആവലാതികളെ കുറിച്ച കോടതിയുടെ ആശങ്ക. ബലപ്രയോഗമോ പ്രീണനമോ ഇല്ലാതെ മതം മാറുമ്പോള്‍ പോലും വൈകാരികമായി ഇരുപക്ഷത്തും ഉയരുന്ന ഇന്നത്തെ മുറവിളികള്‍ക്ക് കെ.എന്‍ റായിയുടെ ആ വിധിയാണ് ഒരുപക്ഷേ നിയമസാധുത നല്‍കിയത്. യുക്തിവാദിയായ കോട്ടയം ടി.വി പുരത്തെ അശോകനും മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരായ ദല്‍ഹി സുപ്രീംകോടതിയിലെയും കേരളത്തിലെ ഹൈക്കോടതിയിലെയും ന്യായാധിപന്മാരുമൊക്കെ പ്രതിനിധാനം ചെയ്യുന്നത് ഇത്തരം സാമൂഹികമായ ആശങ്കകള്‍ മാത്രമായി മാറുകയാണ്.

1980-കളിലും '70-കളിലും ഹിന്ദുമതത്തിലെ ജാതിവിവേചനത്തിനെതിരെ ശക്തിപ്പെട്ട സാമൂഹിക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് മതംമാറ്റം അരങ്ങേറിയിരുന്നത്. ഇസ്‌ലാമിലേക്കായിരുന്നു ഇത്തരം വിവാദ മതംമാറ്റങ്ങളില്‍ ചിലത്. അക്കൂട്ടത്തിലെ പ്രമാദ സംഭവങ്ങളിലൊന്നായിരുന്നു മീനാക്ഷിപുരം മതംമാറ്റം. 800-ഓളം ദലിതുകളാണ് മീനാക്ഷിപുരം ഗ്രാമത്തിലെ തേവര്‍ സമുദായത്തിന്റെ ജാതിപീഡനത്തില്‍ മനംമടുത്ത് ഇസ്‌ലാം ആശ്ലേഷിച്ചത്. ഈ മതംമാറ്റത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളിലെല്ലാം വിദേശപണവും പ്രലോഭനവുമായിരുന്നു മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍വാസി കല്യാണ്‍ ആശ്രം പോലുള്ള സംഘടനകള്‍ മതംമാറുന്ന ഹിന്ദുക്കളെ തിരികെ കൊണ്ടുവരാനായി നേരത്തേ തന്നെ രംഗത്തുണ്ടായിരുന്നുവെങ്കിലും ദക്ഷിണേന്ത്യയില്‍ വിശ്വഹിന്ദു പരിഷത്ത് ശക്തിപ്പെടാന്‍ വഴിയൊരുക്കിയ സംഭവമായിരുന്നു മീനാക്ഷിപുരം മതംമാറ്റം. അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ അദ്വാനിയും അശോക് സിംഗാളും ആര്യസമാജം നേതാക്കളുമൊക്കെ അന്ന് മീനാക്ഷിപുരത്തെത്തി ദലിതുകളോട് ഹിന്ദുമതത്തിലേക്ക് തിരികെയെത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനക്കു ശേഷം സ്വീകരിച്ച തീരുമാനത്തില്‍നിന്നും പിന്‍വാങ്ങാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ ദലിതുകള്‍ ഉറച്ചുനിന്നു. സാമൂഹികമായി കൂടുതല്‍ കരുത്തു നേടാനുള്ള അവരുടെ നീക്കം ശരിയായിരുന്നുവെന്ന് കാലം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ദലിതുകളെ ആരും പ്രീണിപ്പിച്ചതല്ലെന്നും അവര്‍ തിരുനെല്‍വേലിയിലെ ഇശാഅത്തുല്‍ ഇസ്‌ലാം സംഘത്തോട് അങ്ങോട്ടു പോയി ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്‍ നിയോഗിച്ച ജസ്റ്റിസ് വേണുഗോപാല്‍ അധ്യക്ഷനായ അന്വേഷണ കമീഷന്‍ കണ്ടെത്തി. എന്നിട്ടും മതംമാറ്റം നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്നു തന്നെയാണ് അന്തിമമായ ശിപാര്‍ശയില്‍ കമീഷന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹിക ദുരവസ്ഥക്ക് മാറ്റം കൊണ്ടുവരാനുള്ള ഗൗരവപൂര്‍ണമായ ആലോചനകള്‍ക്കായിരുന്നില്ല പക്ഷേ മീനാക്ഷിപുരം മതംമാറ്റം തുടക്കം കുറിച്ചത്. 

മതംമാറ്റത്തിന് വഴിയൊരുക്കുന്ന അടിസ്ഥാനപരമായ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഹിന്ദുമതത്തിനകത്തെ പൊരുത്തക്കേടുകള്‍ക്കു നേരെ തന്നെയാണ് വിരല്‍ചൂണ്ടിയത്. മറുവശത്ത് ഉന്നയിക്കപ്പെട്ട വിദേശപണം ഉള്‍പ്പടെയുള്ള ആരോപണങ്ങളില്‍ ഒന്നു പോലും നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷവും തെളിയിക്കപ്പെട്ടിട്ടുമില്ല. മീനാക്ഷിപുരത്തുള്ളവരില്‍ ചിലര്‍ ഗള്‍ഫിലേക്കും മറ്റും തൊഴിലന്വേഷിച്ചു പോകുന്നത് മതംമാറിയതിനു ശേഷമുള്ള കാലത്താണ്. അവര്‍ക്ക് ഗ്രാമത്തില്‍ കച്ചവടവും കൃഷിയും നടത്താനുള്ള അധികാരം തേവര്‍ സമൂഹത്തിന് വകവെച്ചുകൊടുക്കേണ്ടതായും വന്നു. രാഷ്ട്രീയക്കാരുടെ ശബ്ദതാരാവലിയില്‍ 'ലൗ ജിഹാദ്' പോലുള്ള പദങ്ങള്‍ അന്ന് ഉണ്ടായിരുന്നുവെങ്കില്‍ മീനാക്ഷിപുരം സംഭവത്തിനും അങ്ങനെയൊരു വ്യാഖ്യാനം ചമക്കപ്പെടുമായിരുന്നുവെന്നാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവുക. മറ്റൊരാളും ഉച്ചക്കിറുക്കായിട്ടു പോലും ആലോചിക്കാത്ത ഒരു സാഹസത്തിന് ഈ ഗ്രാമത്തിലെ തങ്കരാജ് എന്ന പേരുള്ള ദലിത് യുവാവ് ഈ മതംമാറ്റത്തിനും ആറു വര്‍ഷം മുമ്പുള്ള കാലത്ത് ഒരുമ്പെടുകയും തേവര്‍ സമുദായക്കാരിയായ ശിവനാഥ എന്ന യുവതിയോടൊപ്പം ഒളിച്ചുപോവുകയും ചെയ്തിരുന്നു. ഗ്രാമത്തിലേക്ക് വരുന്ന സര്‍ക്കാര്‍ ബസില്‍ സീറ്റുണ്ടെങ്കിലും ദലിതന്‍ നിന്നു യാത്ര ചെയ്യണമെന്ന നിയമം നിലനിന്ന, കക്കൂസുകളോ ഓടിട്ട വീടുകളോ കെട്ടാന്‍ അവകാശമില്ലായിരുന്ന, പൊതു കിണറില്‍ നിന്നോ പൈപ്പില്‍നിന്നോ ദലിതന് കുടിവെള്ളം പോലും എടുക്കാന്‍ അവകാശമില്ലായിരുന്ന ഗ്രാമത്തില്‍നിന്നായിരുന്നു ഈ ഒളിച്ചോട്ടം. എന്നിട്ടും സ്വന്തം തലകള്‍ കൊയ്യാന്‍ കാത്തുനിന്ന മീനാക്ഷിപുരത്തേക്ക് മുഹമ്മദ് യൂസുഫും സുലേഹല്‍ ബീവിയുമായി ഈ ദമ്പതിമാര്‍ തിരിച്ചെത്തി. മതംമാറിയ തങ്കരാജിനെയും ശിവനാഥയെയും പക്ഷേ തേവര്‍ സമൂഹം അംഗീകരിക്കുകയാണ് ചെയ്തത്. ഇതോടെയാണ് ശേഷിച്ച ദലിതര്‍ തിരുനെല്‍വേലിയിലേക്ക് കൂട്ടത്തോടെ പുറപ്പെട്ടുപോയതെന്നാണ് ഈ ഗ്രാമത്തിലെ മതംമാറ്റത്തിന്റെ ചരിത്രം പറയുന്നത്. ഇന്നായിരുന്നുവെങ്കില്‍ തങ്കരാജിന്റെ പേരിനു പുറകില്‍ നിശ്ചയമായും മാധ്യമങ്ങള്‍ 'അല്‍ ബഗ്ദാദി' എന്നു ചേര്‍ത്തേനെ! ഏതു സംഘടനയില്‍ അംഗത്വം തേടിയാണ് തങ്കരാജ് നീണ്ട ആറു വര്‍ഷക്കാലം മീനാക്ഷിപുരം വിട്ടുപോയതെന്നും സിറിയയിലെ 'ഫോണ്‍ നമ്പറുകള്‍' ഏതായിരുന്നുവെന്നും അന്വേഷിച്ചു കണ്ടെത്താന്‍ എന്‍.ഐ.എയെ ചുമതലപ്പെടുത്തുകയും ചെയ്യുമായിരുന്നു.  

1981-ലെ മീനാക്ഷിപുരം ചിത്രങ്ങളില്‍നിന്ന് ഒട്ടും ഭേദപ്പെട്ടതല്ല ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ചിത്രം. 33655 അതിക്രമങ്ങളാണ് ദലിതര്‍ക്കെതിരെ 2012-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013-ല്‍ ഇത് 39,408 ആയും 2014-ല്‍ 47,064 ആയും ഉയര്‍ന്നു. ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം യു.പിയിലും ബിഹാറിലും സര്‍വകാല റെക്കോര്‍ഡുകളും മറികടക്കുന്ന രീതിയിലാണ് ദലിതര്‍ക്കെതിരെ അക്രമങ്ങള്‍ പെരുകുന്നത്. ഗുജറാത്തിലെ ഉന സംഭവത്തിനു ശേഷം സംസ്ഥാനത്തു നിന്നും തുടര്‍ച്ചയായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന മനുഷ്യജന്മങ്ങളുടെ കഥകളുണ്ട്. ദലിതനായതിന്റെ പേരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലാത്ത, സവര്‍ണര്‍ക്കു മുമ്പില്‍ കസാരയിട്ട് ഇരിക്കാന്‍ പാടില്ലാത്ത, എന്തിനേറെ ജനപ്രതിനിധിയായി മത്സരിച്ചു ജയിച്ചിട്ടും ചായകുടിക്കാന്‍ പ്രത്യേകം കപ്പുകള്‍ ഓഫീസില്‍ സൂക്ഷിക്കേണ്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇന്നും ഗുജറാത്തിലുണ്ട്. ദലിതന് മുടി മുറിക്കാന്‍ അനുവാദമില്ലാത്ത ബാര്‍ബര്‍ ഷോപ്പുകളും ചായ കൊടുക്കാത്ത മക്കാനികളും ഈ സംസ്ഥാനത്തുണ്ട്. പ്രധാനമന്ത്രിയുടെ സ്വന്തം ജില്ലയായ മെഹ്‌സാനയിലെ നോര്‍ത്തൂല്‍ ഗ്രാമക്കാരനായ ചന്തുഭായിയും പുരാവസ് കലാവനിലെ ബദാമി ദേവിയും രസ്‌കയിലെ വിനുഭായി മക്‌വാനയുമൊക്കെ 'സര്‍പഞ്ച്' എന്ന ഭരണഘടന നല്‍കുന്ന വിശിഷ്ട പദവിക്കു പോലും മായ്ച്ചുകളയാനാവാത്ത ഇത്തരം ദലിത് ദയനീയതകളുടെ ഉദാഹരണങ്ങളാണ്. ഈ ദുരവസ്ഥയുടെ കാരണം മതപരമായ വിവേചനമായിട്ടു പോലും ജന്മസിദ്ധമോ തൊഴില്‍സിദ്ധമോ സാമൂഹികമോ ആയ പിന്നാക്കാവസ്ഥക്കെതിരെ പ്രതിഷേധിച്ച് ഹിന്ദുമതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ഇന്ത്യന്‍ ദലിതന് കഴിയുന്നില്ല. ഭാവ് നഗറിലെ സനോദര്‍, യു.പിയില്‍ അലീഗഢിനു സമീപം കേശോപൂര്‍ ജോപ്‌രി തുടങ്ങിയ ഗ്രാമങ്ങള്‍ സമീപകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഇസ്‌ലാമിലേക്ക് മതംമാറുമെന്ന് ദലിതര്‍ മുഴക്കിയ ഭീഷണിയെ തുടര്‍ന്നായിരുന്നു. പക്ഷേ മതംമാറാന്‍ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയും ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തും ചില സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടിയെടുക്കുക എന്നതിലപ്പുറം ആത്മീയമായ ചുവടുമാറ്റങ്ങളുടെ തുടക്കമായിരുന്നില്ല ഇവയൊന്നും തന്നെ. 

പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മതംമാറ്റങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കൂടിയാണിത്. ആത്മീയമായ അന്വേഷണങ്ങളുടെ ഭാഗമായും മതത്തെ ഗൗരവപൂര്‍ണമായി സമീപിക്കുന്നതിലൂടെയുമാണ് മറ്റു പ്രദേശങ്ങളില്‍ ഇസ്‌ലാമിലേക്കുള്ള മാറ്റം നടക്കുന്നതെങ്കില്‍ ജീവിത സാഹചര്യങ്ങളില്‍നിന്നുള്ള മോചനം തേടിയോ സാമൂഹിക ദുരവസ്ഥകളോടുള്ള പ്രതികരണമായിട്ടോ ആണ് പ്രധാനമായും ഇന്ത്യയില്‍ മതംമാറ്റം അരങ്ങേറുന്നത്. ഗുജറാത്തില്‍ മാത്രം 50,000-ത്തില്‍ പരം ദലിതര്‍ മതംമാറാന്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അപേക്ഷ നല്‍കിയതായാണ് ഗുജറാത്ത് ദലിത് സംഘാടന്‍ അധ്യക്ഷന്‍ ജയന്ത് മന്‍കാണ്ടിയ ചൂണ്ടിക്കാട്ടുന്നത്. 1756 അപേക്ഷകള്‍ കൈപറ്റിയതായി സര്‍ക്കാര്‍ സമ്മതിച്ചിട്ടുമുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇസ്‌ലാമിലേക്കും ക്രൈസ്തവ മതത്തിലേക്കുമുള്ള മാറ്റങ്ങളോടാണ് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്നാണ് സൂചനകള്‍. അതേസമയം ബുദ്ധമതത്തിലേക്കുള്ള മാറ്റത്തോട് ഇത്തരം സംസ്ഥാനങ്ങളില്‍ അനുകൂലമായ നിലപാടാണ് കണ്ടുവരുന്നത്. ഗുജറാത്തില്‍ 878 പേര്‍ക്ക് മതം മാറാന്‍ അനുവാദം നല്‍കിയതില്‍ 95 ശതമാനവും ബുദ്ധമതത്തിലേക്കാണ്. ഇസ്‌ലാമിലേക്കുള്ള മാറ്റം ജാതിപരമായ സാഹചര്യത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും സാമൂഹികമായി കൂടുതല്‍ പ്രയാസകരമായ അന്തരീക്ഷമാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്. ബി.ജെ.പിയുടെയും അവരുടെ ആദ്യകാല രൂപമായ ഹിന്ദുമഹാസഭ, ജനസംഘം മുതലായവയുടെയും രാഷ്ട്രീയ അടിത്തറക്ക് ദലിതരുടെയും മുസ്‌ലിംകളുടെയും ഐക്യവും സിഖ് മതത്തിന്റെ പാകിസ്താനിലും ഇന്ത്യയിലുമുള്ള ഇടതൂര്‍ന്ന സാന്നിധ്യവുമാണ് പ്രധാന തടസ്സമായി അവര്‍ വിലയിരുത്തിയത്. സിഖുകാരെയും മുസ്‌ലിംകളെയും പഞ്ചാബിന്റെ ഇരു കരകളിലേക്കും അരിച്ചകറ്റിയ വിഭജനകാലത്തെ കലാപവും ദലിതരെ ഇസ്‌ലാമിനു പകരം ബുദ്ധമതത്തില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന നയങ്ങളുമൊക്കെ ഈ രാഷ്ട്രീയ താല്‍പര്യങ്ങളുടെ കൂടി ഭാഗമായാണ് വിലയിരുത്തപ്പെടേണ്ടത്. അംബേദ്കര്‍ ഇസ്‌ലാമിന്റെ ശത്രുവായിരുന്നു എന്ന് പ്രചരിപ്പിക്കുന്ന നിരവധി ലേഖനങ്ങള്‍ സമീപകാലത്ത് സംഘ് ബുദ്ധിജീവികള്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍നിന്ന് ഇസ്‌ലാം വിരുദ്ധതയുടെ തെളിവായി ചില ഭാഗങ്ങള്‍ മുറിച്ചെടുത്ത് ഉദ്ധരിക്കുന്നതും അവരുടെ പതിവാണ്. യഥാര്‍ഥത്തില്‍ ദലിതരും മുസ്‌ലിംകളും ജാതി ഹിന്ദുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായമായിരുന്നു അംബേദ്കറുടേത്. മാത്രവുമല്ല ഇസ്‌ലാം മതത്തില്‍ നിലവിലുള്ള പല വൈകല്യങ്ങളും ഹിന്ദുമതവുമായുള്ള സഹവാസത്തിലൂടെ രൂപപ്പെട്ടതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മൊണ്ടേകു ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ സമരം നടന്നത് മുസ്‌ലിം നാട്ടുരാജ്യങ്ങളിലായിരുന്നുവെന്നും പിന്നാക്ക വിഭാഗങ്ങളും മുസ്‌ലിംകളും തമ്മില്‍ രൂപപ്പെട്ട ഐക്യമാണ് അതിനു വഴിയൊരുക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ വര്‍ഗീയാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതിനെ അംബേദ്കര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. 

ഗാന്ധിജിയുടെ ഇടപെടലാണ് അംബേദ്കര്‍ ഇസ്‌ലാമിനു പകരം ബുദ്ധമതത്തെ സ്വീകരിക്കാന്‍ വഴിയൊരുക്കിയതെന്നാണ് ചരിത്രപരമായ ശരി. ഗാന്ധിജി ഭയപ്പെട്ട രീതിയില്‍ സാമൂഹികമായ അന്തരീക്ഷം കൂടുതല്‍ മലിനമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയല്ല അംബേദ്കര്‍ ഹിന്ദുമതത്തെ പരസ്യമായി തള്ളിപ്പറഞ്ഞപ്പോള്‍ പിന്നീടുണ്ടായത്. അദ്ദേഹത്തെ ജാതി ഹിന്ദുക്കള്‍ നീണ്ട 60 വര്‍ഷങ്ങള്‍ക്കു ശേഷവും ഭയക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. അംബേദ്കര്‍ ഇസ്‌ലാം മതമായിരുന്നു സ്വീകരിച്ചതെങ്കില്‍ ബി.ജെ.പി ആഗ്രഹിക്കുന്ന ആ സാമുദായിക സ്പര്‍ധ ഇന്നത്തെ ഇന്ത്യയില്‍ എളുപ്പമാവുമായിരുന്നില്ല എന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇസ്‌ലാം മതം സ്വീകരിച്ച സ്വന്തം മകന്‍ ഹരിലാലിന്റെ കാര്യത്തിലും മതത്തിന്റെ ആന്തരിക ചൈതന്യത്തെ ഉള്‍ക്കൊള്ളാനാവാതെ ചിലതരം താല്‍പര്യങ്ങളെ കുറിച്ച ദുസ്സൂചനയോടെയുള്ള സമീപനമായിരുന്നു ഗാന്ധിജിയുടേതെന്ന് കാണാനാവും. ലൈംഗിക താല്‍പര്യങ്ങളും സ്വത്തിനോടുള്ള മോഹവുമല്ല മകന്റെ ഇസ്‌ലാം ആശ്ലേഷണത്തിനു പിന്നിലെങ്കില്‍ തനിക്കതില്‍ സന്തോഷമേയുള്ളൂ എന്നാണ് ഗാന്ധിജി മകന് എഴുതിയ കത്ത്. ഇസ്‌ലാമില്‍ ലൈംഗികവും ഭൗതികവുമായ താല്‍പര്യപൂര്‍ത്തീകരണത്തിന് ഇടമുണ്ടെന്ന ഒരുതരം ആരോപണം ഈ എഴുത്തില്‍ അടങ്ങിയിരുന്നു. മധുരം പുരട്ടിയ ഇത്തരം കുത്തുവാക്കുകള്‍ മതംമാറ്റത്തെ അനുകൂലിക്കുന്ന ഏത് മതേതരവാദിയിലും ഇന്നും കാണാനാവും. കമലാ സുറയ്യയുടെ മതംമാറ്റത്തോടു പോലും അവരുടെ ലൈംഗിക തൃഷ്ണകളുമായും വിധവാ വിവാഹവുമായും കൂട്ടിച്ചേര്‍ത്ത് പരദുഷണ കഥകള്‍ പറഞ്ഞു പരത്തിയ മലയാള മാധ്യമങ്ങള്‍ ഉദാഹരണം. ഹിന്ദുമതത്തില്‍നിന്നും സെമിറ്റിക് മതങ്ങളിലേക്കുള്ള മാറ്റങ്ങളോടല്ലാതെ ബുദ്ധ, ജൈന മതങ്ങളിലേക്കുള്ള പരിവര്‍ത്തനങ്ങളോട് ഇതേ അസഹിഷ്ണുത കാണാനുമാവില്ല. 

ആത്മീയമായോ സാമൂഹികമായോ ഹിന്ദുമതത്തെ എത്ര കണ്ട് നിലവില്‍ അതിന്റെ ഉപാസകര്‍ അംഗീകരിക്കുന്നുണ്ട് എന്നതാണ് കാതലായ ചോദ്യം. മതംമാറ്റത്തെ എതിര്‍ക്കുന്ന ബി.ജെ.പി പോലും സാംസ്‌കാരിക ഹിന്ദുത്വത്തെയാണ്, അല്ലാതെ ഹിന്ദു മതത്തെയല്ല അംഗീകരിക്കുന്നത്. മതത്തെയല്ല ആ മതത്തില്‍ വിശ്വസിക്കുന്നവരുടെ വോട്ടുബാങ്കിനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. ഒരു തത്ത്വം എന്നതിലുപരി അതൊരു അംഗബലം മാത്രമാണ്. അയോധ്യയില്‍ ക്ഷേത്രമുണ്ടാക്കാന്‍ നടത്തിയ യാത്രക്കിടയില്‍ ലഭിച്ച വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത ശ്രീരാമ വിഗ്രഹങ്ങള്‍ ഉരുക്കി എല്‍.കെ അദ്വാനി തീന്‍മേശയിലെ സ്പൂണും ഫോര്‍ക്കുമൊക്കെയാക്കി മാറ്റിയെടുത്തുവെന്ന് മരുമകള്‍ ഗൗരി അദ്വാനി മുമ്പൊരിക്കല്‍ പറഞ്ഞതോര്‍ക്കുക. ഹിന്ദുമതത്തെ ചൊല്ലി ആത്മീയമായ സംവാദത്തിനോ പ്രസ്തുത മതത്തിനകത്ത് ആവശ്യമുണ്ടെന്ന് അതിലെ തന്നെ മനീഷികള്‍ അഭിപ്രായപ്പെടുന്ന സാമൂഹികമായ പരിഷ്‌കരണങ്ങള്‍ക്കോ ഈ മതത്തിന്റെ സംരക്ഷകരായി രംഗത്തുള്ള സംഘടനകള്‍ ഒരുക്കവുമല്ല. ഈ സാമൂഹിക മാറ്റത്തിലേക്ക് വഴിതുറക്കുന്ന മതംമാറ്റങ്ങളെ രാഷ്ട്രീയമായി കൈയൂക്ക് കൊണ്ട് നേരിടുക മാത്രമാണ് നിലവില്‍ അവര്‍ ചെയ്യുന്നത്. ഘര്‍വാപ്പസി മുതല്‍ തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രം വരെ ഈ രാഷ്ട്രീയ താല്‍പര്യങ്ങളുടെ  പലതരം വക്കാലത്തുകള്‍ മാത്രം. മതംമാറാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നിയമങ്ങളെന്ന പേരില്‍ സര്‍ക്കാറിന്റെ അനുവാദം ചോദിച്ചു കൊണ്ടു മാത്രം മതംമാറ്റത്തിന് അനുമതി നല്‍കുന്ന നിയമങ്ങള്‍ക്ക് ഈ രാഷ്ട്രീയ സംഘടനകള്‍ മുന്‍കൈയെടുക്കുന്നതും അതുകൊണ്ടാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍