Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

ലഹരി സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തം

അസീബ് ബിന്നെച്ച് ഫുജൈറ

ഏഴു വയസ്സുകാരി പെണ്‍കുട്ടി. കൂട്ടുകാരോടൊത്ത് സന്തോഷത്തോടെ പൊട്ടിച്ചിരിയോടെ സ്‌കൂളില്‍ പോകേണ്ട, സ്‌കൂള്‍ കഴിഞ്ഞു അവരോടൊപ്പം ഓടിക്കളിക്കേണ്ട ആ പിഞ്ചു പൈതല്‍ ആളൊഴിഞ്ഞ റബ്ബര്‍ കാട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. അതും സ്വന്തം ചെറിയഛന്റെ കൈകളാല്‍! അയാളെ ജയിലില്‍ അടക്കാതെ ഞങ്ങള്‍ക്കു വിട്ടുതരൂ, ഞങ്ങളയാളെ ജീവനോടെ കത്തിക്കാം എന്നൊരു കൂട്ടര്‍, തലവെട്ടണം എന്ന് വേറൊരു കൂട്ടര്‍, അയാളുടെ ജനനേന്ദ്രിയം മുറിച്ചെടുക്കണം എന്ന് മറ്റൊരു കൂട്ടര്‍. ഇങ്ങനെ സാമൂഹിക മാധ്യമങ്ങളില്‍ പലരും പലവിധത്തില്‍ പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിയായ രീതിയില്‍ വിഷയത്തെ മിക്കവരും സമീപിച്ചു കണ്ടില്ല.

ബലാത്സംഗങ്ങള്‍ പെരുകുന്നു. അതില്‍ 2 വയസ്സുകാരിയെന്നോ 70 വയസ്സായ വൃദ്ധയെന്നോ വ്യത്യാസമില്ല. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് തലയടിച്ചു പൊട്ടിക്കുന്നു. അതു ചിലപ്പോള്‍ ആത്മാര്‍ഥ സുഹൃത്തിനെയാകാം. വാഹനത്തിന് വഴി കൊടുക്കാത്തതിന് അപരന്റെ വാഹനം തടഞ്ഞുനിര്‍ത്തി അടിച്ചു തകര്‍ക്കുന്നു. വ്യക്തി വൈരാഗ്യമോ പാര്‍ട്ടി വൈരാഗ്യമോ ഉണ്ടാവുമ്പോള്‍ എതിരാളിയുടെ വീടും കൃഷിയിടവും വാഹനവും നശിപ്പിക്കുന്നു. പൊതുവെ സമാധാനപ്രിയരായിരുന്ന നാം മലയാളികള്‍ എന്തേ ഇങ്ങനെ മാറാന്‍?

ഇന്ന് നമ്മുടെ കൊച്ചുകേരളത്തില്‍ സുലഭമായിക്കിട്ടുന്നു കഞ്ചാവു മുതലുള്ള ലഹരി വസ്തുക്കള്‍. സ്‌കൂള്‍ കുട്ടികള്‍ വരെ അതിന്റെ അടിമകളും വിതരണക്കാരുമായിരിക്കുന്നു. ഇടക്ക് ചിലരെ പിടിച്ച് അകത്തിടുന്നുണ്ടെങ്കിലും അതിന്റെ എത്രയോ ഇരട്ടി പുറത്ത് സൈ്വരവിഹാരം ചെയ്യുന്നു. ഇതിനു പുറമെ ഭരിക്കുന്നവരുടെ ഉദാര നയവും. കഴിഞ്ഞ സര്‍ക്കാര്‍ ആദ്യം ചാരായം നിരോധിച്ചു; പിന്നെ ബാറുകളും. എന്നാല്‍ അഴിമതിയില്ലാത്തവര്‍ എന്ന് സ്വയം വീമ്പിളക്കുന്നവര്‍ പൂട്ടിയ ബാറുകളെല്ലാം തുറപ്പിച്ചു. ബാറുകളുടെ ദൂരപരിധി വെട്ടിക്കുറച്ചു. നിരോധനമല്ല ഉപദേശമാണത്രെ വേണ്ടത്! നിരോധിച്ചാല്‍ ഉപയോഗം കൂടുമത്രെ. മദ്യത്തില്‍നിന്നുള്ള വരുമാനവും അതുമായി ബന്ധപ്പെട്ടവരുടെ വോട്ടും മാത്രമാണ് അധികാരികളുടെ ലക്ഷ്യം. ഇങ്ങനെ അനുവദനീയവും അല്ലാത്തതുമായ ലഹരി യുവാക്കളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അത്തരം യുവാക്കള്‍ ലഹരി ബാധിച്ച് ചെയ്യുന്ന കുറ്റകൃത്യത്തിന് അവരേക്കാള്‍ ഉത്തരവാദി ഭരിക്കുന്നവരാണ്. മദ്യമായാലും മയക്കുമരുന്നായാലും കുറ്റകൃത്യങ്ങള്‍ക്കുള്ള വഴിമരുന്ന് ഇല്ലാതാക്കാനുള്ള തന്റേടം സര്‍ക്കാര്‍ കാണിക്കണം. അതു കാണിക്കാത്തിടത്തോളം കാലം ക്രിമിനലുകളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കും.

 

 

ന്യൂജന്‍ ആറ്റിറ്റിയൂഡ്

'അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍' എന്ന കത്ത് (വാള്യം 74, ലക്കം 16 ) ഇന്ന് സമൂഹത്തിലെ ഒട്ടുമിക്കവര്‍ക്കുമുള്ള ഒരു 'ന്യൂജന്‍ ആറ്റിറ്റിയൂഡ്' ആണ്. ആരുമൊന്നും ചെയ്യുന്നില്ല, എല്ലാവര്‍ക്കും നിസ്സംഗതയാണെന്നുമുളള ആരോപണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗൗരി ലങ്കേഷിനെ പോലുള്ളവര്‍ വെടിയുണ്ടയാല്‍ മരണത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കില്‍ അത് 'അച്ചടിമാധ്യമങ്ങളില്‍ നെടുനീളന്‍ ലേഖനങ്ങള്‍ നിരത്തിയതും ഞെട്ടുംവിധം പ്രസ്താവനകള്‍' ഇറക്കിയതും കൊണ്ടാണ്. ഇത്തരം മരണങ്ങളെയോര്‍ത്ത്  വിലപിക്കുകയല്ല വേണ്ടത്; മറിച്ച് 'ഞെട്ടുംവിധമുളള പ്രസ്താവനകളെ' വര്‍ഗീയവാദികളും പ്രതിവര്‍ഗീയവാദികളും ഭയപ്പെടുന്നു എന്നതില്‍ സന്തോഷിക്കണം. കൊലപാതകങ്ങള്‍ ചുമ്മാ വണ്ടി കയറി വരില്ലല്ലോ, വ്യക്തമായ നിലപാടുകള്‍ ഉള്ളവരെയാണ് അവ തേടിയെത്തുന്നത്. കൊന്നൊടുക്കാന്‍ നോക്കുമ്പോള്‍ നിലപാടുകള്‍ പുനര്‍ജനിക്കുകയാണ്. 

ആലസ്യക്കിടക്കയിലിരുന്നും കിടന്നും അപ്‌ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകള്‍ക്കുമപ്പുറം തെരുവില്‍ ഒറ്റക്കെട്ടായുയരുന്ന പ്രതിഷേധത്തിന്റെ അലയടികള്‍ സുഹൃത്ത് എന്തുകൊണ്ട് കാണുന്നില്ല? ഓരോ ട്രോളും ചിരി മാത്രമല്ല ഉണര്‍ത്തുന്നത്, അതില്‍ ഒതുക്കിവെച്ചിരിക്കുന്ന നഗ്ന സത്യങ്ങളെ, വിമര്‍ശനങ്ങളെ മൂന്നാം കണ്ണുകൊണ്ട് കാണണം. പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഏതു വഴിയും ആവാം. ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ അസഹിഷ്ണുത കാണിക്കാതിരുന്നാല്‍ മതി.

ഹനിയ സനം

 

 

സ്വാതന്ത്ര്യം നല്‍കുക

'മതംമാറ്റം ചീത്ത കാര്യമല്ല, കേരള നവോത്ഥാനത്തിന്റെ ഭാഗമാണ്' (ടി. മുഹമ്മദ് വേളം പ്രബോധനം വാരിക 6 ഒക്‌ടോബര്‍ 2017) വായിച്ചു. ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ അടിത്തറ ജാതിയാണ്. നമ്മുടെ പൊതുജീവിതത്തെ നിര്‍മിച്ച പ്രധാന മൂലകവും ജാതി തന്നെ. മതബോധം, സാമൂഹിക ബോധം, രാഷ്ട്രീയബോധം ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മതത്തിലെ ആചാരാനുഷ്ഠാനങ്ങളും മതംമാറ്റങ്ങളും തമ്മിലും ബന്ധമുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് നൂറുകണക്കിന് ജാതികളും ഉപജാതികളും അന്യോന്യം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്നു. ജാതി മേധാവിത്വം ഇതിന് എതിരാണ്. ഇന്ത്യ ഒരു പ്രത്യേക ജാതിയുടെ രാജ്യമല്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൈനമതക്കാരും എല്ലാം ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിലൂടെ ഉണ്ടായവരാണ്. മാലിക് ദീനാറും സഹപ്രവര്‍ത്തകരും കേരളത്തില്‍ എത്തുന്നതോടുകൂടി ഇവിടെ ഇസ്‌ലാം പ്രചരിച്ചിട്ടുണ്ട്. മതവും സ്വാതന്ത്ര്യവും രണ്ടു വശങ്ങളാണെങ്കിലും അവ പരസ്പരം അടുത്തു നില്‍ക്കുന്നു. മതങ്ങളെപ്പറ്റി മനസ്സിലാക്കാനുള്ള അവസരങ്ങള്‍ പുതുതലമുറക്ക് നല്‍കുകയാണ് വേണ്ടത്. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ഒരു പൗരന് ഏതു മതം സ്വീകരിക്കാനും അനുവാദമുണ്ട്. വിവാഹത്തിന്റെ കാര്യങ്ങളിലും മതവിശ്വാസത്തിന്റെ കാര്യത്തിലും ഇതാണവസ്ഥ. ഇത് സംരക്ഷിക്കപ്പെടണം.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

 

ഹൃദയവും മനസ്സും ഒന്നല്ല

'ഹൃദയവും മനസ്സും ഖുര്‍ആനിലും ശാസ്ത്രത്തിലും' എന്ന എം.വി. മുഹമ്മദ് സലീമിന്റെ ലേഖനമാണ് (സെപ്റ്റംബര്‍ 15, 2017) ഈ കുറിപ്പിനാധാരം.

മനുഷ്യചിന്തയുടെയും വികാരങ്ങളുടെയുമൊക്കെ കേന്ദ്രമായാണ് ഹൃദയത്തെ (ഖല്‍ബ്) ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നതെന്നും അത് ശാസ്ത്ര കണ്ടെത്തലുകളോട് യോജിക്കുന്നതാണെന്നും HeartMath.org ലെ ഹൃദയം മാറ്റിവെച്ചവരുടെ ചില അനുഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  ലേഖനത്തില്‍ വിശദീകരിക്കുകയുണ്ടായി. ഇത് തെറ്റായ ധാരണയാണ്. ലേഖനത്തില്‍ ഉദ്ധരിച്ച ആയത്തുകള്‍ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആയത്തുകളില്‍ ഖല്‍ബ് (ഹൃദയം) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും അത് അര്‍ത്ഥമാക്കുന്നത് മനസ്സിനെയാണ്. ഒരു ഭാഷാപ്രയോഗമായേ അതിനെ കാണാനാവൂ. മനസ്സിനെ സൂചിപ്പിച്ചുകൊണ്ട് ഹൃദയം എന്ന വാക്ക് എല്ലാ ഭാഷക്കാരും ഉപയോഗിക്കുന്നതാണ്. മനസ്സ് മസ്തിഷ്‌കത്തിന്റെ ഭാഗമാണ്. 

ഹൃദയം മാറ്റിവെച്ചവരുടെ ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹൃദയവും മനസ്സും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാവില്ല. കാരണം ഹൃദയം മാറിയെന്നല്ലാതെ വ്യക്തിയില്‍ ഹൃദയവും മനസ്സും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൃദയവും മനസ്സും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കണമെങ്കില്‍ ഹൃദയം ഇല്ലാത്ത അവസ്ഥയില്‍ വ്യക്തിയില്‍ ചിന്തയും വികാരങ്ങളുമൊക്കെ ഉണ്ടാകുമോ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അമേരിക്കയിലെ SynCardia കമ്പനി വികസിപ്പിച്ചെടുത്തതായ സമ്പൂര്‍ണ കൃത്രിമ ഹൃദയം (Total Artificial Heart)  ഇതിന് സഹായകമാണ് (www.syncardia.com). ഹൃദയം മാറ്റിവെക്കല്‍ ആവശ്യമായി വരുന്ന രോഗികള്‍ ഹൃദയദാതാവിനെ കിട്ടുന്നതുവരെ ഈ കൃത്രിമ ഹൃദയം ഉപയോഗിക്കുന്നു. രോഗിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കുകയാണ്  ചെയ്യുന്നത്. അങ്ങനെ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചയാള്‍ ഒരു ഹൃദയദാതാവിനെ കിട്ടുന്നതുവരെ ചിന്തിക്കാന്‍ കഴിയുന്ന സാധാരണ മനുഷ്യനായാണ് ജീവിക്കുന്നത്. ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നത് ഹൃദയമല്ല മനസ്സിന്റെ ആസ്ഥാനമെന്നാണ്. ഖുര്‍ആനിലെ ഖല്‍ബ് എന്ന പദം ഭാഷാ പ്രയോഗമാണെന്നും അത് അര്‍ഥമാക്കുന്നത് ഹൃദയത്തെയല്ലെന്നും മനസ്സിനെയാണെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. കൂടുതല്‍ വിശദീകരണത്തിനായി പ്രഫ. പി.എ. വാഹിദ് എഴുതിയ ഖുര്‍ആന്റെ ശാസ്ത്ര തഫ്‌സീര്‍ The Quran: Scientific Exegesis (www.islamicscience.in)  സഹായകമാണ്.

പി.സി. ഫൈസല്‍ ബത്തേരി

 

 

സംഘടനകളുടെ മുന്നില്‍ നടക്കണം

ദീര്‍ഘവീക്ഷണം പ്രസ്ഥാന വഴികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ കുറിക്കട്ടെ. ദീര്‍ഘവീക്ഷണത്തിന്റെ അഭാവം നിഴലിച്ചുകാണുന്ന അനവധി സംഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ടാവാം. ദീര്‍ഘവീക്ഷണത്താല്‍ ഗുണമനുഭവിക്കുന്ന സ്ഥാപനങ്ങളും ചുറ്റുപാടുകളും മറുഭാഗത്തുമുണ്ട്. പ്രസ്ഥാനത്തിന്റെ ദീര്‍ഘവീക്ഷണം അനുഭവിച്ച സ്ഥാപനങ്ങളില്‍ ഒന്നാമത്തേതാണ് ദിനപത്രം. അത് പടുത്തുയര്‍ത്തിയ പ്രസ്ഥാന പടുക്കളില്‍ നിഴലിച്ച അചഞ്ചലമായ സൂക്ഷ്മതയും ദൈവഭയവും ദീര്‍ഘവീക്ഷണവുമാണ് പത്രത്തെ ഇന്നുള്ള അവസ്ഥയിലെത്തിച്ചത്. തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളില്‍ പടുത്തുയര്‍ത്തിയ, പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയ പത്രത്തിന്റെ നേതൃത്വം അതിനെ ചിറകു വിടര്‍ത്തി പറക്കാന്‍ വിടുകയായിരുന്നു. ഈയൊരു നിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ പത്രം വെറുമൊരു 'മുസ് ലിം സെഗ്‌മെന്റി'ല്‍ ഒതുങ്ങുന്ന 'ഫിഖ്ഹീ കടലാസായി' മാറിയേനെ!

പ്രസ്ഥാന ചര്‍ച്ചകളിലും കൂട്ടായ്മയിലും ദീര്‍ഘവീക്ഷണം പുലര്‍ത്തുന്നവരുടെ അഭിപ്രായങ്ങള്‍ ആദ്യം കയ്ക്കുമെങ്കിലും പതിയെ മധുരം വരുന്നതായാണ് അനുഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്ലാനിംഗിലും കരിക്കുലങ്ങളിലും ദീര്‍ഘവീക്ഷണം പുലര്‍ത്തി നാളേക്ക് ഒരു മുഴം മുമ്പെ നടക്കുന്നവരാകണം പ്രസ്ഥാനവും പ്രവര്‍ത്തകരും.

എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍

 

 

ഭീകരവാദത്തിലെ ഇരട്ടത്താപ്പ്

അമേരിക്കയിലെ  ലാസ് വെഗാസില്‍  60-ലധികം പേരെ വെടിവെച്ചു കൊല്ലുകയും,  600-ലധികം  പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്ത  'സ്റ്റീഫന്‍  പാഡോക്ക്' എന്ന കൊടും ഭീകരന്റെ   'മത'വും ഗ്രൂപ്പും ഒന്നും  എവിടെയും  ചര്‍ച്ച ചെയ്യാതെ പോയത് എന്തുകൊണ്ടാണ്? അതേസമയം  ഈ ഭീകരന്‍ അറബി പേരുള്ള ഒരാളായിരുന്നുവെങ്കില്‍, അയാളുടെ  'മതവും' ഗ്രൂപ്പും  തുടങ്ങി വേരുകളെല്ലാം പുറത്തുവരുമായിരുന്നു.   മിഡിയ പക്ഷേ, സ്റ്റീഫന്‍ പാഡോക്കിന്റെ ഭീകരത അയാളില്‍ തുടങ്ങി അയാളില്‍തന്നെ അവസാനിപ്പിച്ചിരിക്കുന്നു!

ഇന്ന് ലോകത്ത് ഭീകര പ്രവര്‍ത്തനം നടത്തുന്ന  അയര്‍ലന്റിലെ ഐ.ആര്‍.എ, നേരത്തേ ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ, ജപ്പാനിലെ ഓം ഷിന്റിക്യോ തുടങ്ങിയ ഭീകര സംഘടനകളുടെ മതമോ ഗ്രൂപ്പുകളോ പത്രവായന ശീലമാക്കിയ മലയാളിക്ക് പോലും അന്യമാണ്. മേല്‍ സൂചിപ്പിച്ച ഭീകര സംഘടനകള്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ നമ്മുടെ വായനക്കിടയില്‍ പൊതുവെ കടന്നുവരാറില്ല. അത്തരം വാര്‍ത്തകള്‍ നമ്മുടെ മുമ്പില്‍ കൊണ്ടുവരാതിരിക്കാന്‍  മാധ്യമലോകം കാണിക്കുന്ന ഈ ജാഗ്രതയുണ്ടല്ലോ, അതാണ് അതിലെ രാഷ്ട്രീയം!

മുസ്തഫാ കമാല്‍, മുന്നിയൂര്‍

 

 

കുരുന്നുകൈകള്‍ വെടിയുതിര്‍ക്കുമ്പോള്‍

ഇന്ത്യയില്‍ കുറ്റകൃത്യങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരികയാണ്. നിയമപാലകര്‍ ഇത് തടയുന്നതിനു പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.  ചെറു പ്രായത്തിലേ അക്രമങ്ങളിലേക്ക് ആകര്‍ഷിപ്പിക്കപ്പെടും വിധത്തില്‍ സാമൂഹിക സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. വെടിവെപ്പ് കണ്ടും കളിച്ചും പഠിച്ചുമാണ് കൊച്ചു കുഞ്ഞുങ്ങള്‍ വളരുന്നത്. ഗെയിമുകളില്‍ ഇന്ന് പ്രഥമസ്ഥാനം എതിരാളികളെ തോക്കുമായി പിന്തുടര്‍ന്ന് വെടിവെച്ചുകൊല്ലുന്നതില്‍ കലാശിക്കുന്നവയ്ക്കാണ്. ഇന്റര്‍നെറ്റും മൊബൈലും ടാബുകളും ഇല്ലാത്ത കുട്ടികള്‍ വിരളമാണ്. ഇത്തരം ഗെയ്മുകളില്‍നിന്ന് അക്രമവാസന ഉടലെടുത്തിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അക്രമങ്ങള്‍ നിറഞ്ഞ ടെലിവിഷന്‍ രംഗങ്ങളും സിനിമകളും ക്രൂരതയെ മഹത്വവത്കരിക്കുന്ന ചിത്രങ്ങളും ചെറുപ്രായത്തിലേ കുരുന്നുമനസ്സുകളില്‍ ഇടം നേടുമ്പോള്‍, അക്രമപ്രവണത വര്‍ധിക്കുകയും കൗമാരക്കാര്‍ അതിന്റെ വക്താക്കളാവുകയും ചെയ്യുന്നു. ഇത്തരം മനസ്സ് വളര്‍ത്തുന്ന ഗെയ്മുകളും സിനിമകളും രാജ്യത്തിന്റെ സമാധാനപരമായ ഭാവിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്.

സുഹൈല്‍ കാഞ്ഞിരപ്പുഴ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍