Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

ഗുരുദാസ്പൂര്‍ എന്ന ദിശാസൂചന

കഴിഞ്ഞ മൂന്നര വര്‍ഷമായി മോദി സര്‍ക്കാര്‍ പല മേഖലകളില്‍നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വരള്‍ച്ചയെ നേരിടുന്നതില്‍ വന്ന വീഴ്ചകള്‍, കര്‍ഷക ആത്മഹത്യകളുടെ പെരുപ്പം, അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടല്‍, നോട്ട് നിരോധം, ഏറ്റവുമൊടുവില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് തുടങ്ങി മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുമ്പോഴും സമാന്തര മീഡിയ ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയങ്ങള്‍ മോദി ഭരണകൂടം കണ്ടില്ലെന്ന് നടക്കുകയായിരുന്നു ഇതുവരെ. കോര്‍പറേറ്റ് കുത്തകകളെ പ്രീണിപ്പിക്കാന്‍ യാതൊരു വീണ്ടുവിചാരമില്ലാതെ തുടര്‍ന്നുവരുന്ന നയങ്ങള്‍ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതോടെ ചിത്രം മാറി. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ യശ്വന്ത് സിന്‍ഹ തന്നെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തു വന്നത് എരിതീയില്‍ എണ്ണയൊഴിച്ച പ്രതീതിയായി. നല്ല ഗൃഹപാഠം ചെയ്ത് പ്രതിപക്ഷവും കടന്നാക്രമണം ശക്തിപ്പെടുത്തി. ഉല്‍പ്പാദന, കാര്‍ഷിക, കച്ചവട, തൊഴില്‍ മേഖലകളില്‍ നോട്ട് നിരോധനവും ജി.എസ്.ടിയും ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇന്ന് എല്ലാവരും ബോധവാന്മാരാണ്. മോദി ഉയര്‍ത്തിയ വികസന മുദ്രാവാക്യം പൊള്ളയായിരുന്നുവെന്ന് ജനം തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ പോലും ഗുജറാത്ത് വികസന മോഡല്‍ പറയാന്‍ പറ്റാതെ ശരിക്കും നിന്ന് വിയര്‍ക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ ചൂണ്ടിപ്പറഞ്ഞൊന്നും ഈ പ്രതിസന്ധി മറികടക്കാനാവുകയില്ല.

നോട്ട് നിരോധം മഹാ അബദ്ധമായിരുന്നുവെന്ന് സംഘ് പരിവാര്‍ തന്നെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ജനങ്ങളെ ദുരിതക്കടലിലേക്ക് തള്ളിവിട്ട ഈ എടുത്തുചാട്ടം കൊണ്ട്, പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നുപോലും ഗവണ്‍മെന്റിനും നേടാനായില്ല. അസാധുവാക്കിയ നോട്ടുകള്‍ ഏതാണ്ട് മുഴുവനായും ബാങ്കുകളില്‍ തന്നെ തിരിച്ചെത്തിയതിനാല്‍, കൊട്ടിഘോഷിക്കപ്പെട്ട കള്ളപ്പണം എവിടെ എന്ന ചോദ്യത്തിന് ഭരിക്കുന്നവര്‍ക്ക് ഉത്തരമില്ല. കള്ളപ്പണം വെളുപ്പിക്കാനായിരുന്നോ ഈ നടപടി എന്നുപോലും ചിലര്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. ഈ ആഘാതത്തില്‍നിന്ന് കരകയറും മുമ്പാണ് ജി.എസ്.ടി എന്ന ഇടിത്തീ. അതോടെ മോദി നല്‍കിയ വാഗ്ദാനങ്ങളത്രയും കാറ്റില്‍ പറക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലകുറഞ്ഞുകൊണ്ടേയിരിക്കുന്ന എണ്ണക്ക് നികുതികള്‍ കൂട്ടി ജനത്തിന്റെ തലയില്‍ പിന്നെയും ഭാരം കെട്ടിവെക്കുന്നു.

തൊഴില്‍ മേഖലയുടെ സ്ഥിതിയോ? ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആധികാരത്തിലേറിയ മോദി സൃഷ്ടിച്ചതോ ആറ് ലക്ഷത്തില്‍പരം തൊഴിലവസരങ്ങള്‍. ഇതിനേക്കാള്‍ കൂടുതലാളുകള്‍ നോട്ട് നിരോധവും ജി.എസ്.ടിയും കാരണം തൊഴില്‍ രഹിതരാവുകയും ചെയ്തു. ജനം കടുത്ത പ്രതിഷേധത്തിലാണെന്ന് പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ബി.ജെ.പിയുടെ ഈ സിറ്റിംഗ് സീറ്റ് രണ്ട് ലക്ഷത്തിനടുത്ത വോട്ട് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ സുനില്‍ ഝാക്കര്‍ പിടിച്ചെടുത്തത്. ഇതൊരു ദിശാസൂചനയാണ്. അത് മനസ്സിലാക്കി അവസരത്തിനൊത്ത് ഉയരാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍