Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

ആശാവഹമായ നീക്കം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സംവരണമേര്‍പ്പെടുത്താന്‍ യു.പി.എ ഗവണ്‍മെന്റ് നടത്തുന്ന നീക്കം ആശാവഹമാകുന്നു. ആവശ്യമായ വ്യവസ്ഥകളും ചട്ടങ്ങളുമാവിഷ്‌കരിക്കാന്‍ ന്യൂനപക്ഷ മന്ത്രാലയവും നിയമ മന്ത്രാലയവും സാമൂഹിക ക്ഷേമ മന്ത്രാലയവും സംയുക്തമായി നടപടികളാരംഭിച്ചിരിക്കുന്നു. ന്യൂനപക്ഷമന്ത്രാലയം അവരുടെ ശിപാര്‍ശകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അവരത് അഭിപ്രായം തേടികൊണ്ട് സാമൂഹിക ക്ഷേമ വകുപ്പിലേക്കും അയച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സാമൂഹിക ക്ഷേമ വകുപ്പാണ് സംവരണ നിയമങ്ങള്‍ നടപ്പിലാക്കേണ്ടത്.
ഒ.ബി.സി(മറ്റു പിന്നാക്ക വിഭാഗങ്ങള്‍)കള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ 6.4 ശതമാനം മുസ്ലിം വിഹിതമായി നിശ്ചയിക്കാനാണ് പരിപാടി. വലിയ ബുദ്ധിമുട്ടുകളേല്‍ക്കാതെ മുസ്‌ലിം സമുദായത്തെ സംവരണത്തിന്റെ ഗുണഭോക്തൃ വൃത്തത്തിലുള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്‌ലിം സമുദായ സംഘടനകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുന്നു. ഒപ്പം, രംഗനാഥ മിശ്ര കമീഷന്റെ ശിപാര്‍ശ നടപ്പിലാക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തം 15 ശതമാനം സംവരണം ചെയ്യണമെന്നും അതില്‍ പത്തു ശതമാനം മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നുമാണ് മിശ്ര കമീഷന്‍ സ്പഷ്ടമായി നിര്‍ദേശിച്ചിട്ടുള്ളത്. കമീഷന്‍ അതിനുന്നയിച്ച ന്യായങ്ങളെ ആരും ചോദ്യം ചെയ്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരിട്ട് 15 ശതമാനം സംവരണം ചെയ്യാന്‍ സാധ്യമാകുന്നില്ലെങ്കില്‍ ഒ.ബി.സിയുടെ 27 ശതമാനത്തില്‍ 8.4 ശതമാനം ന്യൂനപക്ഷ വിഹിതമായി നീക്കിവെക്കണമെന്ന് മിശ്ര ശിപാര്‍ശ ചെയ്തിരുന്നു. ഈ 8.4 ശതമാനത്തില്‍ 6.4 ശതമാനം മുസ്‌ലിംകളുടെ വിഹിതമായിരിക്കും.
ഭരണഘടനാപരവും നിയമപരവുമായ തടസ്സവാദങ്ങളുന്നയിച്ചുകൊണ്ട് കമീഷന്റെ യഥാര്‍ഥ ശിപാര്‍ശകള്‍ മാറ്റിവെച്ച സര്‍ക്കാര്‍ ബദല്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, യഥാര്‍ഥ തടസ്സം വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോഴത്തെ നീക്കത്തിനു പിന്നിലും രാഷ്ട്രീയമുണ്ട്. യു.പിയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അവിടത്തെ മുഖ്യ കക്ഷികളായ ബി.എസ്.പിയും എസ്.പിയും മുസ്‌ലിം സംവരണത്തെ അനുകൂലിക്കുന്നവരാണ്. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുസ്‌ലിം സമുദായത്തിന് ന്യായമായ സംവരണാനുകൂല്യം വകവെച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ യു.പിയില്‍ എസ്.പി, ബി.എസ്.പി കക്ഷികളെ മുസ്‌ലിം ന്യൂനപക്ഷത്തിനു മുന്നില്‍ നിരായുധരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മുസ്‌ലിം സംവരണം പ്രഖ്യാപിച്ചേ പറ്റൂ.
കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആദ്യം ചില തര്‍ക്കങ്ങളുടലെടുത്തിരുന്നു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമെന്ന വാദമുന്നയിച്ച് ചിലര്‍ സര്‍ക്കാര്‍ നീക്കം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. എങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സംവരണ നടപടിക്ക് അംഗീകാരം നല്‍കിയിരിക്കുന്നു. ഭരണഘടനാവിരുദ്ധം എന്ന വാദം ഏറെക്കുറെ നിഷ്പ്രഭമായിക്കഴിഞ്ഞു. ഇപ്പോള്‍ ബി.ജെ.പി മാത്രമേ അത് ശക്തമായി ഉന്നയിക്കുന്നുള്ളൂ. കേരളം, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ പിന്നാക്ക വിഭാഗമായി
പരിഗണിച്ചുകൊണ്ട് സംസ്ഥാന തലത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമുദായം ദേശീയതലത്തില്‍ ശോചനീയമാംവണ്ണം അവശരും പിന്നാക്കക്കാരുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മിശ്ര-സച്ചാര്‍ കമീഷനുകള്‍ കണക്കുകളും വസ്തുതകളും നിരത്തി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. സംവരണത്തിന്റെ ഗുണഭോക്താക്കളെല്ലാം ഏതെങ്കിലും പ്രത്യേക ജാതിക്കാരും മതക്കാരുമായിരിക്കും. ആ ജാതിക്കാരും മതക്കാരും ആയതുകൊണ്ടല്ല; പിന്നാക്കക്കാരുമായതുകൊണ്ടാണവര്‍ക്ക് സംവരണം അനുവദിക്കുന്നത്. മുസ്‌ലിംകള്‍ സംവരണം ആവശ്യപ്പെടുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ പേരിലല്ല; അവശതയുടെയും പിന്നാക്കാവസ്ഥയുടെയും പേരിലാണ്. സംവരണം അര്‍ഹിക്കാത്തവര്‍ക്ക് അത് തടയാനല്ല; യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്ന ചിലരെ അതില്‍ നിന്ന് പുറംതള്ളാനാണിപ്പോള്‍ തല്‍പര കക്ഷികള്‍ ഭരണഘടനാ ഖണ്ഡികകളോതുന്നത്.
ആന്ധ്ര ഗവണ്‍മെന്റ് പാസ്സാക്കിയ മുസ്‌ലിം സംവരണ നിയമം ഭരണഘടനയുടെ 14-ാം ഖണ്ഡികക്കു വിരുദ്ധമാണെന്ന് ആന്ധ്ര ഹൈക്കോടതി വിധിക്കുകയുണ്ടായി. പ്രശ്‌നം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുസ്‌ലിംകളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ മറവില്‍ എതിര്‍ക്കാനാവില്ല.  അതുകൊണ്ടാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം സംവരണം ഒ.ബി.സി സംവരണത്തിനുള്ളിലൊതുക്കിയത്. ഒ.ബി.സി സംവരണത്തില്‍ 10 ശതമാനം മുസ്‌ലിംകള്‍ക്ക് നീക്കി വെക്കാന്‍ പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഗവണ്‍മെന്റ്തീരുമാനിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ജൂലൈയില്‍ അധികാരമേറ്റ മമതാ ബാനര്‍ജി സര്‍ക്കാര്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് പുതിയ ബില്ലുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്‍ സര്‍ക്കാറിന്റെ തീരുമാനം ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. നിര്‍ദിഷ്ട ബില്ല് രക്ഷയോ ശിക്ഷയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും കേന്ദ്ര ഗവണ്‍മെന്റ്, ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ.ബി.സിക്കുള്ള 27 ശതമാനം സംവരണത്തില്‍ 6.4 ശതമാനമെങ്കിലും മുസ്‌ലിംകള്‍ക്ക് നീക്കിവെച്ചുകൊണ്ടുള്ള ഉത്തരവ് ഉത്തര്‍ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം