Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

പുതിയ രാഷ്ട്രം, പുതിയ മനുഷ്യന്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-27

 

മദീനയില്‍ വെച്ച് പ്രവാചകന്‍ തയാറാക്കിയ അവകാശപ്രഖ്യാപന ചാര്‍ട്ടര്‍, 'രേഖ' (കിതാബ്) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനജീവിതത്തെ രൂപപ്പെടുത്താനുള്ള അധികാരം ഈ ചാര്‍ട്ടറിന് ഉണ്ടായിരുന്നതോടൊപ്പം തന്നെ, അത് എഴുതിവെക്കപ്പെട്ടിരുന്നു എന്നും ഇതില്‍നിന്ന് വ്യക്തമാണ്. തനിക്ക് ലഭിച്ച ആദ്യ ഖുര്‍ആനിക സൂക്തങ്ങള്‍ പ്രവാചകന്റെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാകണം. പേന ആ സൂക്തങ്ങളില്‍ പ്രശംസിക്കപ്പെട്ടിരുന്നുവല്ലോ. മനുഷ്യ ജീവിതത്തില്‍ പേനക്കുള്ള സ്ഥാനവും പ്രാധാന്യവും അത് അടയാളപ്പെടുത്തുന്നുമുണ്ട്. ഈ ചാര്‍ട്ടറില്‍ തന്നെ എട്ടു തവണ അത് സ്വയം പരിചയപ്പെടുത്തുന്നത് 'സ്വഹീഫഃ' എന്നാണ്. കടലാസ്, രേഖ, എഴുതിവെക്കപ്പെട്ടത് എന്നൊക്കെയാണ് അതിന്റെ അര്‍ഥം. മോസസിനും അബ്രഹാമിനും നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളെ കുറിക്കാനും ഖുര്‍ആന്‍ ഇതേ വാക്ക് പ്രയോഗിച്ചിട്ടുണ്ട്.1

ഈ അവകാശ പ്രഖ്യാപന രേഖയില്‍ ആദ്യം പരാമര്‍ശിക്കുന്നത്, മക്കയില്‍നിന്നുള്ള അഭയാര്‍ഥി മുസ്‌ലിംകളും മദീനയിലെ തദ്ദേശീയ മുസ്‌ലിംകളും ചേര്‍ന്ന് രൂപപ്പെടുത്തിയ വിശ്വാസി സമൂഹത്തെയും, ഈ അധികാര കേന്ദ്രീകരണത്തെ പിന്തുണക്കുകയും യുദ്ധവും മറ്റും പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്കൊപ്പം അണിനിരക്കാന്‍ തയാറാവുകയും ചെയ്യുന്ന അമുസ്‌ലിം സമൂഹങ്ങളെയുമാണ്. ഇവരെല്ലാം ചേര്‍ന്ന ഒരൊറ്റ സമൂഹം എന്നതാണ് വിഭാവന. അത് മറ്റു ലോക സമൂഹങ്ങളില്‍നിന്നൊക്കെ വ്യത്യസ്തമാണ് (രണ്ടാം ഖണ്ഡിക). എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ക്ക് തുല്യപരിഗണന ലഭിക്കും, പ്രത്യേകിച്ച് യുദ്ധസന്ദര്‍ഭങ്ങളില്‍ (ഖണ്ഡിക 15,18,19). ഒരു പ്രത്യേക ഖണ്ഡിക (16), തുല്യ നീതിയുടെയും പരസ്പര സഹായത്തിന്റെയും അടിസ്ഥാനത്തില്‍ ജൂതന്മാര്‍ക്ക് ഈ സാമൂഹിക സംവിധാനത്തിലേക്കുള്ള വാതില്‍ തുറന്നിടുന്നു. നീതിനിര്‍വഹണത്തില്‍ ഒരു വിപ്ലവം തന്നെയായിരുന്നു മദീനാ ചാര്‍ട്ടര്‍. ഓരോ വ്യക്തിക്കും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം, അധികാരം ഒരു കേന്ദ്രഘടനയിലാണ്, ഏതെങ്കിലും വ്യക്തിയിലല്ല നിക്ഷിപ്തമായിരുന്നത്. ഓരോ വ്യക്തിയും/പൗരനും ഈ ചാര്‍ട്ടര്‍ പിന്തുടരാന്‍ ബാധ്യസ്ഥനാണ്; അത് തന്റെ ഗോത്രത്തിനോ കുടുംബത്തിനോ മറ്റു ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍ കൂടി (ഖണ്ഡിക: 13). ഒരു അതിക്രമിക്കും ഒരാളും അഭയം നല്‍കിക്കൂടാ (ഖണ്ഡിക 22). തര്‍ക്കങ്ങളുണ്ടാകുന്ന പക്ഷം, ദൈവത്തില്‍നിന്നുള്ള നിയമം മാത്രമായിരിക്കും നീതിയുടെ അടിസ്ഥാനം; അത് നടപ്പാക്കുന്നത് 'ദൈവപ്രവാചകനായ മുഹമ്മദ്' ആയിരിക്കുകയും ചെയ്യും (ഖണ്ഡിക 23). ഈ ഭരണഘടന (പുതിയത് പലത് കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കിലും പരമ്പരാഗത രീതികള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അത് രൂപകല്‍പ്പന ചെയ്തിരുന്നത്. 'മുമ്പത്തെപ്പോലെ' - മആകിലുഹും അല്‍ ഊലാ- എന്ന പ്രയോഗം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്) യുദ്ധത്തടവുകാര്‍ക്കും, വധത്തിനും മറ്റും നഷ്ടപരിഹാരത്തുക നല്‍കേണ്ടവര്‍ക്കും ഒരു സാമൂഹിക സുരക്ഷാ സംവിധാനമൊരുക്കുന്നുണ്ട്. വധിച്ചാലോ പരിക്കേല്‍പിച്ചാലോ മുമ്പത്തെപോലെ പ്രതികാര നടപടികളല്ല സ്വീകരിക്കുക. ഇനി, നഷ്ടപരിഹാരത്തുക നല്‍കാന്‍ പ്രയാസപ്പെടുന്നവരാണെങ്കില്‍ സഹായിക്കാനുള്ള ബാധ്യത മുസ്‌ലിംകള്‍ക്ക് ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു (ഖണ്ഡിക: 12). ഓരോ ഗോത്രത്തിനും ഈ ഘടനയില്‍ സ്വയംഭരണാധികാരം ഉണ്ടായിരിക്കും (4-11). പക്ഷേ ഈ ഘടനയില്‍ ഗോത്രത്തിന് പുതിയ നിര്‍വചനമാണ് നല്‍കപ്പെടുക. ഉദാഹരണത്തിന് മക്കയില്‍നിന്നെത്തിയ മുസ്‌ലിം അഭയാര്‍ഥികളെ എടുക്കാം. അവര്‍ പലപല അറബ് ഗോത്രങ്ങളില്‍നിന്നുള്ളവരാണ്. അബ്‌സീനിയയില്‍നിന്നും മറ്റുമുള്ള അറബികളല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം ചേര്‍ന്ന് ഒരു പുതിയ 'ഗോത്രം' രൂപപ്പെടുകയാണ് (ഖണ്ഡിക 2:3). അറബികള്‍ മുമ്പും, കുറഞ്ഞ തോതിലാണെങ്കിലും വിദേശികളെ സ്വന്തം ഗോത്രത്തിലേക്ക് ഉള്‍ച്ചേര്‍ത്തു നിര്‍ത്താറുണ്ടായിരുന്നു; അവര്‍ക്ക് യഥാര്‍ഥ ഗോത്രങ്ങളുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും.

പക്ഷേ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഒന്നാകെ ഇങ്ങനെയൊരു ഗോത്രമായി രൂപപ്പെടുക എന്നത് മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇവിടെയാകാം ഒരുപക്ഷേ, ഇസ്‌ലാമിക 'പൗരത്വ'ത്തിന്റെ അടിവേരുകള്‍ കിടക്കുന്നത്. മാറ്റാനാവാത്തതിനെ(ജലൃുലൗേമഹ)യോ ആകസ്മികത(അരരശറലിമേഹ) യെയോ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ ഏത് പൗരത്വ വിഭാവനയും രൂപപ്പെട്ടിട്ടുണ്ടാവുക. ജനിച്ച നാട്, വംശം, കുലം, തൊലിയുടെ നിറം, ഭാഷ തുടങ്ങിയവയൊക്കെ അത്തരം പൗരത്വനിര്‍മിതികള്‍ക്ക് അടിത്തറയായി വര്‍ത്തിക്കും. ഇസ്‌ലാമാകട്ടെ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരു ലോകവിഭാവന(ണലഹമേിരെവമൗൗിഴ)യിലാണ് പൗരത്വ സങ്കല്‍പം ഉറപ്പിച്ചു നിര്‍ത്തുന്നത്. ഏതൊരാള്‍ക്കും ആ പൗരത്വം സ്വമേധയാ സ്വീകരിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് അത് നിലവില്‍ വരിക. അങ്ങനെയാണ് ദേശീയതയും ദേശസങ്കല്‍പവും രൂപപ്പെടുക.

പ്രതിരോധത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും പറയുമ്പോള്‍ മദീനാചാര്‍ട്ടര്‍, സമാധാനത്തെ അവിഭാജ്യഘടകമായി എണ്ണുന്നുണ്ട് (ഖണ്ഡിക : 17). സൈനിക സേവനം നടത്തേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയായി ഊന്നിപ്പറയുന്നുമുണ്ട് (ഖണ്ഡിക: 18). ശത്രുഗണത്തില്‍പെടുത്തിയിട്ടുള്ള ഏകവിഭാഗമായ ഖുറൈശികള്‍ക്ക് മുസ്‌ലിംകളല്ലാത്ത വിഭാഗങ്ങള്‍ (ഇത് ഏറ്റവും കൂടുതല്‍ ബാധകമാവുക മുസ്‌ലിംകള്‍ക്കു തന്നെയാണ്) ഒരു കാരണവശാലും സംരക്ഷണം നല്‍കരുതെന്നും വ്യവസ്ഥ ചെയ്യുന്നു (ഖണ്ഡിക: 20). ഇസ്‌ലാമിനു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയുമാണ് (ഖണ്ഡിക : 19). ഈ ഘടനയില്‍ ഏറ്റവും വലിയ ന്യായാധിപന്‍ 'ദൈവ പ്രവാചകനായ മുഹമ്മദ്' ആയിരിക്കുമെന്നും വ്യക്തമാക്കുന്നു (ഖണ്ഡിക: 23).

ഈ ഭരണഘടനയില്‍ രാഷ്ട്രത്തിന്റെ ദേശാതിര്‍ത്തികള്‍ നിര്‍ണയിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് (ജൂതന്മാരെക്കുറിച്ച പരാമര്‍ശം അത് ശരിവെക്കുന്നു, ഖണ്ഡിക: 39). കാരണം വ്യക്തം. അറബ് ഗോത്രങ്ങള്‍ അവിടെയുമിവിടെയുമായി കൂടിക്കുഴഞ്ഞാണ് കഴിഞ്ഞിരുന്നത്. ജൂത കോളനികള്‍ക്ക് സമീപം അറബികള്‍ താമസിച്ചിരുന്നു. അറബ് ആവാസ സ്ഥലങ്ങളില്‍ ജൂതന്മാര്‍ പാര്‍പ്പുറപ്പിക്കുന്നതും അപൂര്‍വമല്ല. ജൂതന്മാര്‍ കൂടി ഈ രാഷ്ട്രഘടനയുടെ ഭാഗമായതോടെ ആവാസ കേന്ദ്രങ്ങള്‍ കൃത്യപ്പെടുത്താന്‍ സാധ്യമാവുകയും ചെയ്തു. മദീനയെക്കുറിച്ച് ഈ ചാര്‍ട്ടറില്‍ നടത്തിയ പരാമര്‍ശം 'ജൗഫ്' എന്നാണ്. വിവിധ ഗോത്രങ്ങള്‍ അധിവസിച്ചിരുന്ന മദീനയിലെ വിശാലമായ താഴ്‌വാരവും സമതലവുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ മറ്റു ചില സ്രോതസ്സുകളില്‍ കുറേക്കൂടി കൃത്യമായ വിവരണമുണ്ട്. ഉദാഹരണത്തിന് ഇബ്‌നു ഹമ്പല്‍2 പ്രവാചകന്റെ അനുയായികളായ ജുശമുബ്‌നു ഹാരിസ ഗോത്രക്കാരന്‍ റാഫിഉ ബ്‌നു ഖദീജിനെ ഇങ്ങനെ ഉദ്ധരിക്കുന്നു: ''പ്രവാചകന്‍ മദീനയെ ഒരു വിശുദ്ധ ഭൂമി(ഹറം)യാക്കി. ഞങ്ങളുടെ കൈവശമുള്ള ഖൗലാനി തുകല്‍ കഷ്ണത്തില്‍ വിവരങ്ങള്‍ എഴുതിവെക്കുകയും ചെയ്തിരുന്നു.'' നഗര രാഷ്ട്രത്തിന്റെ വ്യത്യസ്ത അതിര്‍ത്തികളില്‍ തൂണുകള്‍ നാട്ടാന്‍ പ്രവാചകന്‍ കഅ്ബു ബ്‌നു മാലികിനെ പറഞ്ഞയച്ചിരുന്നുവെന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.3 കഅ്ബുബ്‌നു മാലിക് പറയുന്നു: ''മദീനാ അതിര്‍ത്തിയിലുള്ള കുന്നുകളില്‍ തൂണുകള്‍ നാട്ടാന്‍ പ്രവാചകന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ദാത്തുല്‍ ജെയ്ശ്, മുശൈരിബ്, മഖീദ്, ഹുഫയ്യ, ദുല്‍ ഉശൈറ, തൈം എന്നീ കുന്നുകളില്‍ ഞാന്‍ തൂണ്‍ നാട്ടി.'' ഈ വിവരണത്തില്‍നിന്ന് മദീനയുടെ നാല് ദിക്കുകള്‍ തെളിഞ്ഞുകിട്ടും. ഇപ്പറഞ്ഞതൊക്കെ കുന്നുകളോ ചെറിയ പര്‍വതങ്ങളോ ആണ്. ഇവയില്‍ തൈം കിഴക്കു ഭാഗത്താണ്. പ്രവാചകന്റെ ചില ജീവചരിത്രകാരന്മാര്‍ നാല് ദിക്കുകളെയും സംയോജിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയാറുണ്ട്: ''സൗര്‍, ഐര്‍ പര്‍വതങ്ങള്‍ക്ക് ഇടയില്‍ (സൗര്‍ വടക്കേയറ്റവും ഐര്‍ തെക്കേയറ്റവും), രണ്ട് ലാവാ സമതലങ്ങള്‍ക്കിടയില്‍ (കിഴക്കും പടിഞ്ഞാറുമുള്ള ജനവാസകേന്ദ്രങ്ങളിലാണ് അത് കാണാനാവുക).''

അറബികളെപ്പോലെ ജൂതന്മാരും മദീനാ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രവാചകനു പിന്നില്‍ അണിനിരന്നിരുന്നു എന്ന് നാം വിശ്വസിച്ചുകൂടാത്തതാണ്; അക്കാര്യം വ്യക്തമാക്കുന്ന സ്രോതസ്സുകളൊന്നും നമ്മുടെ പക്കല്‍ ഇല്ലെങ്കിലും. പ്രവാചകന്‍ ഏതെങ്കിലും ജൂതഗോത്രത്തില്‍ പെടുന്നയാളല്ല; അദ്ദേഹം പ്രബോധനം ചെയ്യുന്നത് ജൂതായിസവുമല്ല. അതേസമയം, മദീനാ ജീവിതത്തിന്റെ ആദ്യത്തില്‍തന്നെ ജൂതന്മാരെ പ്രതിരോധത്തിലാക്കുംവിധം മുസ്‌ലിംകള്‍ ശക്തിപ്രാപിച്ചു എന്നും കരുതാനാവില്ല. മദീനാ ചാര്‍ട്ടര്‍ സൂക്ഷ്മ വായന നടത്തിയാലറിയാം, ജൂതന്മാരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന പല വകുപ്പുകളും അതില്‍ കണ്ടെത്താനാവുമെന്ന്. എന്നു മാത്രമല്ല ജൂതഗോത്രങ്ങളെ സ്വതന്ത്ര വിഭാഗങ്ങളായി ആ ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുമില്ല. ഇസ്‌ലാം സ്വീകരിച്ച പത്ത് അറബ് ഉപ ഗോത്രങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ സഖ്യകക്ഷികള്‍ എന്ന നിലയില്‍ ജൂതന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത് (ഖണ്ഡിക: 24-35). ഇതൊക്കെ ജൂതന്മാര്‍ അംഗീകരിക്കണമെന്നുണ്ടെങ്കില്‍, മുസ്‌ലിംകള്‍ പുറം നാടുകളില്‍ വെച്ച് വ്യക്തമായ വിജയം (ബദ്‌റില്‍) കരസ്ഥമാക്കുകയും തുടര്‍ന്ന് മുസ്‌ലിംകള്‍ ആഭ്യന്തരമായി മദീനയില്‍ തങ്ങളുടെ നില ഭദ്രമാക്കുകയും ചെയ്ത ശേഷമായിരിക്കണം അത് സംഭവിച്ചിട്ടുണ്ടാവുക. മാത്രവുമല്ല, അറബികളെക്കുറിച്ച് പരാമര്‍ശമുള്ള ഭാഗത്ത് ഖണ്ഡിക 16-ല്‍ ജൂതന്മാര്‍ക്കും ഈ കരാറില്‍ ഭാഗഭാക്കാകാം എന്നു പറയുന്നുണ്ട്. തുടക്കത്തില്‍തന്നെ അവര്‍ മദീനാ പാക്ടിന്റെ ഭാഗമായിരുന്നെങ്കില്‍ ഇങ്ങനെയൊരു പരാമര്‍ശം അധികപ്പറ്റാവുമായിരുന്നല്ലോ. ഇതൊക്കെ ലിഖിത ഭരണഘടനയില്‍ തന്നെയുള്ള സൂചനകള്‍. ഞാന്‍ ഉന്നയിക്കുന്ന വാദഗതിക്ക് വേറെയും തെളിവുകളുണ്ട്. ഇബ്‌നു മന്‍ളൂര്‍4 പറയുന്നത്, ആദ്യം കരാറുണ്ടാക്കിയത് മദീനക്കാരുമായും മക്കന്‍ അഭയാര്‍ഥികളുമായിട്ടാണെന്നും, മറ്റൊരു സന്ദര്‍ഭത്തിലാണ് ജൂതന്മാരുമായി കരാറുണ്ടാക്കിയത് എന്നുമാണ്. ഇരു കരാറുകളെയും വെവ്വേറെയായി തന്നെ അദ്ദേഹം ഒരേ ഖണ്ഡികയില്‍ വിശദീകരിക്കുകയും ചെയ്യുന്നു. പ്രമുഖ ഹദീസ് പണ്ഡിതന്‍ അബൂദാവൂദ്5 ഇക്കാര്യം കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: ''ഈ കരാര്‍ (ജൂതന്മാരുമായിട്ടുള്ളത്) ഉണ്ടാക്കിയത് ഹിജ്‌റ രണ്ടാം വര്‍ഷം ബദ്ര്‍ യുദ്ധത്തിനു ശേഷമാണ്. അപ്പോഴേക്കും ജൂത ആക്ഷേപഹാസ്യ കവി കഅ്ബുബ്‌നു അശ്‌റഫ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് മുസ്‌ലിംകളുമായി ഒട്ടും സൗഹൃദപരമായ ബന്ധമല്ല ഉണ്ടായിരുന്നത്.''

മദീനാ ഭരണഘടനയില്‍ നമ്മെ കുഴക്കുന്ന ഏകപ്രശ്‌നം, ജൂതന്മാരുമായുണ്ടാക്കിയ കരാറിന്റെ തുടക്കം എവിടെയെന്ന് പിടികിട്ടുന്നില്ല എന്നതാണ്. 'ഒന്നിച്ച് യുദ്ധം ചെയ്യുന്ന പക്ഷം മുസ്‌ലിംകള്‍ക്കൊപ്പം ജൂതന്മാരും അതിന്റെ ചെലവുകള്‍ വഹിക്കണം' എന്നൊരു വാക്യത്തോടെ പെട്ടെന്ന് അതങ്ങ് തുടങ്ങുകയാണ് (ഖണ്ഡിക: 24, കരാറിലെ ജൂതന്മാരെക്കുറിച്ച ഭാഗത്തിന്റെ ആദ്യവാക്യം). ഇതിനൊരു വ്യാഖ്യാനം നല്‍കാവുന്നതേയുള്ളൂ. അതായത് ജൂതന്മാരുമായുണ്ടാക്കിയ കരാര്‍ സ്വതന്ത്രമായ ഒന്നല്ല. അത് ഒറിജിനല്‍ ഭരണഘടനയുടെ ഒരു അനുബന്ധം മാത്രമാണ്. അതുകൊണ്ട് കൂടുതലായി എന്തെങ്കിലും ബാധ്യതകളും അവകാശങ്ങളും വ്യവസ്ഥകളുമുണ്ടെങ്കില്‍ അവ എഴുതിച്ചേര്‍ക്കേണ്ട കാര്യമേയുള്ളൂ. അല്ലെങ്കില്‍, ജൂതന്മാരെക്കുറിച്ച ഭാഗത്തിന്റെ ആമുഖവും മറ്റും മുസ്‌ലിം പണ്ഡിതന്മാര്‍ ഒഴിവാക്കി എന്നു കരുതേണ്ടിവരും; ഈ മദീനാ പാക്ടിനെ ഒറ്റ പാഠ(ഠലഃ)േമായി സംയോജിപ്പിക്കാന്‍ വേണ്ടി.

മദീനാ പാക്ടിന്റെ ജൂതന്മാരെക്കുറിച്ച ഭാഗം ആരംഭിക്കുന്നത് രാഷ്ട്രത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന യുദ്ധത്തില്‍ അവരുടെ ബാധ്യതകള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ്. മുസ്‌ലിംകള്‍ പുറത്തുനിന്ന് ഒരാക്രമണം പ്രതീക്ഷിക്കുകയും അതിക്രമികളോട് ജൂതന്മാര്‍ അനുഭാവം കാട്ടുമോ എന്ന് ഭയക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു ഖണ്ഡിക കൂട്ടിച്ചേര്‍ത്തതെന്ന് അനുമാനിക്കാവുന്നതാണ്. നേരത്തേ പരാമര്‍ശിച്ച അബൂദാവൂദിന്റെ വിവരണം ഇതുമായി ഒത്തുപോകുന്നതാണ്. മക്കക്കാര്‍ക്ക് ബദ്‌റിലേറ്റ പരാജയം അപ്രതീക്ഷിതമായിരുന്നല്ലോ; അവര്‍ പ്രതികാരത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ജൂത കവി കഅ്ബുബ്‌നു അശ്‌റഫ് അപ്പോഴേക്കും പരാജിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മക്കയില്‍ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ മദീന ആക്രമിക്കുന്ന പക്ഷം ജൂതപിന്തുണ ഉണ്ടാകുമെന്നും കഅ്ബ് വാക്കുകൊടുത്തു. മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ മുസ്‌ലിംകളില്‍ ചിലരുടെ കൈകളാല്‍ അയാള്‍ വധിക്കപ്പെട്ടു.6 ഗൂഢാലോചനക്ക് നല്‍കേണ്ടിവന്ന വില. നേതാവ് വധിക്കപ്പെട്ടപ്പോള്‍ മദീനയിലെ ജൂതന്മാര്‍ ഭയചകിതരായി. തങ്ങളുടെ മുസ്‌ലിം അയല്‍ക്കാരുമായി പരസ്പരം സഹകരിക്കാമെന്ന വ്യവസ്ഥയില്‍ ഒരു പ്രതിരോധ സഖ്യത്തിനും അവര്‍ തയാറായി. മറ്റൊരു സന്ദര്‍ഭത്തില്‍, പ്രത്യേകിച്ച് ഹിജ്‌റയുടെ തുടക്കത്തില്‍ അവര്‍ ഇത്തരമൊരു കരാറിന് വഴങ്ങുമായിരുന്നില്ല. അതുകൊണ്ടാണ്, മദീനാ പാക്ടിന്റെ ജൂതന്മാരെക്കുറിച്ച ഭാഗത്ത് 'മുഹമ്മദ്, ദൈവദൂതന്‍' എന്ന് രണ്ടു തവണ ആവര്‍ത്തിച്ചപ്പോഴും (ഖണ്ഡിക: 42,47), തങ്ങളുടെ നിസ്സഹായത മനസ്സിലാക്കി അത്തരം പ്രയോഗങ്ങള്‍ തന്ത്രപൂര്‍വം അവര്‍ സഹിച്ചത്. അങ്ങനെയൊരു പ്രയോഗം ഉള്ളതുകൊണ്ട് അവര്‍ക്ക് യാതൊരു അധികബാധ്യതയും വന്നുചേരുന്നുമുണ്ടായിരുന്നില്ല. ജൂതന്മാര്‍ക്ക് അവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ആ ഭരണഘടനയില്‍തന്നെ നല്‍കപ്പെട്ടതാണല്ലോ (ഖണ്ഡിക: 25). അതേസമയം തീരുമാനമാകാത്ത കേസുകളില്‍ അവര്‍ നബിയുടെ വിധികര്‍തൃത്വം അംഗീകരിക്കുകയും ചെയ്തിരുന്നു (ഖണ്ഡിക: 42). ഭരണഘടനയില്‍ വ്യക്തമാക്കാത്തതും, ഖുര്‍ആന്‍ വ്യക്തമാക്കിയതുമായ7 ഒരു കാര്യമുണ്ട്. ജൂതരും ക്രൈസ്തവരും പോലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ മതനിയമങ്ങളാണ് ബാധകമാവുക എന്നതാണത്. തങ്ങളുടെ ഗോത്രമുഖ്യന്മാര്‍ക്ക് തീര്‍പ്പാക്കാനാവാത്ത കേസുകളുമായി ജൂതന്മാര്‍ മുഹമ്മദ് നബിയെ സമീപിച്ചതിന്റെയും അവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ചു തന്നെ നബി അവക്ക് തീര്‍പ്പു കല്‍പിച്ചതിന്റെയും നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ഖുറൈശികള്‍ക്കോ അവരുടെ സഖ്യകക്ഷികള്‍ക്കോ ജൂതന്മാര്‍ ഒരുവിധ സഹായവും ചെയ്യരുതെന്ന് മദീനാ ഭരണഘടനയില്‍ കര്‍ശനമായ വ്യവസ്ഥയുണ്ടായിരുന്നു (ഖണ്ഡിക: 43). മക്കക്കാര്‍ക്ക് ജൂതന്മാരുടെ സഹായം തടയുക മാത്രമല്ല, മദീന ആക്രമിക്കപ്പെടുന്ന പക്ഷം ഒരു ജൂത-മുസ്‌ലിം സഖ്യവും ആ ഖണ്ഡിക ലക്ഷ്യമിടുന്നുണ്ടായിരുന്നു. കടന്നാക്രമിക്കുന്നവരുമായി ഉണ്ടാക്കുന്ന ഏത് സമാധാന സന്ധിക്കും അപ്പോള്‍ ഒരു പൊതുസ്വഭാവമുണ്ടാകും. കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ ആ ഫെഡറല്‍ സംവിധാനത്തിലെ ഘടകങ്ങള്‍ ബാധ്യസ്ഥമാവും (ഖണ്ഡിക: 37,44,45). യുദ്ധം രാഷ്ട്രത്തെ പ്രതിരോധിക്കാനാണെങ്കില്‍, മുസ്‌ലിംകളുടെയും ജൂതന്മാരുടെയും യുദ്ധചെലവ് രാഷ്ട്രം തന്നെയാണ് വഹിക്കുക (ഖണ്ഡിക: 24,37,38). യുദ്ധം അവര്‍ നടത്തുന്ന കടന്നാക്രമണമാണെങ്കില്‍, ഇരുസമൂഹത്തിനും പരസ്പരം സഹായിക്കേണ്ട ബാധ്യതയില്ല (ഖണ്ഡിക: 45). മുസ്‌ലിം പടയോട്ടങ്ങളില്‍ ജൂതന്മാര്‍ക്ക് പങ്കാളിത്തം വഹിക്കാന്‍ പ്രവാചകന്റെ അനുമതി വേണം (36). വിദേശികള്‍ക്ക് അഭയം നല്‍കുക, തടവുകാര്‍ക്കു വേണ്ടി മോചനദ്രവ്യം നല്‍കുക, വധത്തിന് നഷ്ടപരിഹാരം നല്‍കുക പോലുള്ള കാര്യങ്ങളില്‍ പരമ്പരാഗതമായ മുഴുവന്‍ അവകാശങ്ങളും ജൂതന്മാര്‍ക്കും ലഭ്യമാണെങ്കിലും (25,31,36യ,40), അവര്‍ ഒരു കാരണവശാലും മുസ്‌ലിംകളുടെ ശത്രുക്കളായ മക്കക്കാര്‍ക്ക് സംരക്ഷണം നല്‍കിക്കൂടാത്തതാണ് (ഖണ്ഡിക: 43). സ്വന്തം അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട കേസാണെങ്കിലും നീതിനിര്‍വഹണത്തില്‍ ഒരാളും ഇടപെട്ടുകൂടാ (36യ). എല്ലാ ജൂതഗോത്രങ്ങള്‍ക്കും -അറബികളില്‍നിന്ന് ജൂതായിസത്തിലേക്ക് മതം മാറിയവര്‍ ഉള്‍പ്പെടെ- അവരുടെ കീഴിലുള്ള മറ്റുള്ളവര്‍ക്കും അവകാശ ബാധ്യതകള്‍ തുല്യമായിരിക്കും (ഖണ്ഡിക: 25). നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രയോഗം ഖണ്ഡിക 25-ല്‍ നാം കാണുന്നുമുണ്ട്. അത് ഇങ്ങനെയാണ്: ''ബനൂ ഔഫിലെ ജൂതന്മാര്‍ വിശ്വാസികള്‍ക്കൊപ്പം ഒരു സമുദായമായി (ഉമ്മത്തുന്‍ മഅല്‍ മുഅ്മിനീന്‍) ഗണിക്കപ്പെടും.''

ഇതാണ് ഇബ്‌നു ഹിശാമിന്റെ വിവരണത്തിലുള്ളത്. അബൂഉഖൈദിന്റെ വിവരണത്തിലാവട്ടെ, ജൂതന്മാരെ 'വിശ്വാസികളില്‍നിന്നുള്ള ഒരു വിഭാഗം' (ഉമ്മത്തുന്‍ മിനല്‍ മുഅ്മിനീന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. ജൂതന്മാര്‍ ഏകദൈവവിശ്വാസികള്‍ ആയതുകൊണ്ട് മക്കയിലെ ബഹുദൈവാരാധകരുമായി കൂട്ടുകൂടുന്നത് ശരിയല്ല എന്ന് മാത്രമായിരിക്കുമോ പ്രവാചകന്‍ പറയാന്‍ ഉദ്ദേശിച്ചത്? രാഷ്ട്രീയമായി മാത്രമല്ല മതപരമായും ഏകീഭാവമുള്ള ഒരു നഗരരാഷ്ട്രം ആയിരുന്നുവോ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക? ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്തുക പ്രയാസമാണ്. ഇതില്‍ ഒന്നാമത്തെ ചോദ്യത്തില്‍ ഉന്നയിച്ച കാര്യം വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്: ''വേദത്തില്‍ ഒരംശം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടില്ലേ? അവര്‍ വിഗ്രഹങ്ങളിലും പിശാചുക്കളിലും വിശ്വസിക്കുകയും സത്യനിഷേധികളെക്കുറിച്ച്, 'ഇവരാണ് മുഹമ്മദില്‍ വിശ്വസിച്ചവരേക്കാള്‍ സന്മാര്‍ഗം പ്രാപിച്ചവര്‍' എന്ന് പറയുകയും ചെയ്യുന്നു. അല്ലാഹു ശപിച്ചവരാണിവര്‍. അവര്‍ക്ക് ഒരു സഹായിയെയും താങ്കള്‍ കാണുകയില്ല'' (4: 51,52).

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍8 പറയുന്നത്, ഈ സൂക്തത്തില്‍ ഉദ്ദേശിക്കുന്നത് നളീര്‍ ഗോത്രക്കാരെയാണെന്നാണ്. അവര്‍ മക്കക്കാരെ പിന്തുണക്കുന്നവരാണ്. എത്രത്തോളമെന്നാല്‍, മുസ്‌ലിംകളുടെ ഏകദൈവത്വത്തേക്കാള്‍ മക്കക്കാരുടെ ബഹുദൈവത്വമാണ് നല്ലത് എന്നു വരെ അവര്‍ തങ്ങളുടെ ദുഷ്ട ബുദ്ധിയാല്‍ പറഞ്ഞുകളഞ്ഞു.

രണ്ടാമത് പറഞ്ഞ ആശയത്തിനും ഖുര്‍ആനില്‍ സൂചനകളുണ്ട്: ''പറയുക, ഓ വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു വചനത്തിലേക്ക് നിങ്ങള്‍ വരുവീന്‍. സാക്ഷാല്‍ ദൈവത്തെയല്ലാതെ മറ്റാരെയും നാം ആരാധിക്കരുത്. അവനോട് ഒന്നിനെയും പങ്കു ചേര്‍ക്കരുത്. നമ്മില്‍ ചിലര്‍ ചിലരെ അവനു പുറമെ തമ്പുരാക്കളാക്കുകയുമരുത്. എന്നിട്ടും അവര്‍ പിന്തിരിയുകയാണെങ്കില്‍ നിങ്ങള്‍ അവരോട് പറയുക; ഞങ്ങള്‍ ദൈവത്തിന് വിധേയപ്പെട്ടവരാണ് എന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍'' (3:64). മുഹമ്മദ് നബി(സ), ഹെറാക്ലിയസ് ചക്രവര്‍ത്തിക്കും മറ്റു ക്രിസ്ത്യന്‍ ഭരണാധികാരികള്‍ക്കും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് കത്തയച്ചപ്പോഴും ഇതേ കാര്യമാണ് എഴുതിയിരുന്നത്. മറ്റൊരു ഖുര്‍ആനിക സൂക്തം കാണുക: ''തീര്‍ച്ചയായും സത്യവിശ്വാസം സ്വീകരിച്ചവരും ജൂതന്മാരും ക്രിസ്ത്യാനികളും സാബിഉകളും- ഇവരില്‍ ആര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുവോ, അവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുത്ത് പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയമില്ല. അവരൊട്ട് ദുഃഖിക്കുകയുമില്ല''(2:62). യഥാര്‍ഥ വിശ്വാസത്തിന്റെ പൊരുളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. യഥാര്‍ഥ അബ്രഹാമിക പാരമ്പര്യം പുനഃസ്ഥാപിക്കാന്‍ ഖുര്‍ആന്‍ വേദക്കാരെ ക്ഷണിക്കുന്നുമുണ്ടല്ലോ (2:135).

ഇനി മദീനാ പാക്ടില്‍ പറയപ്പെട്ട ജൂതവിഭാഗങ്ങള്‍ ആരെന്ന് നോക്കാം. എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. മദീനയില്‍ മൂന്ന് ജൂത ഗോത്രങ്ങളാണ് ഉണ്ടായിരുന്നത്: ബനൂ ഖൈനുഖാഅ്, ബനുന്നളീര്‍, ബനൂഖുറൈള. പക്ഷേ, മദീനാ രേഖയില്‍ ഈ മൂന്നിന്റെയും പേരില്ല. അറബ് ഗോത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ജൂതന്മാരെക്കുറിച്ച് പറയുന്നത്. മദീനയില്‍ ഒരൊറ്റ അറബ് ഗോത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇതേ ചരിത്ര സ്രോതസ്സുകള്‍ പറയുന്നു. ബനൂഖൈല എന്നായിരുന്നു ആ അറബി ഗോത്രത്തിന്റെ പേര്. ഈ ഗോത്രമാണ് ഔസ്, ഖസ്‌റജ് ആയി പിരിഞ്ഞത്. ഔസ്, ഖസ്‌റജ് സഹോദരന്മാരുടെ മാതാവാണ് ഖൈല. ഭരണഘടനയില്‍ ഇവരെയും പേരെടുത്ത് പറയുന്നില്ല; അവരുടെ അവാന്തര വിഭാഗങ്ങളുടെ പേരുകള്‍ മാത്രമാണ് പരാമര്‍ശിക്കുന്നത്. എങ്കിലും, ഇത് ഔസികളെയും ഖസ്‌റജികളെയും കുറിച്ചാണെന്ന് എളുപ്പത്തില്‍ മനസ്സിലാകും. ഇബ്‌നു ഇസ്ഹാഖ്9 പറയുന്ന ഒരു പ്രധാന കാര്യമുണ്ട്: 'ഖൈനുഖാഅ് ഗോത്രക്കാരിലധികവും ഖസ്‌റജികളുമായി സഖ്യത്തിലായിരുന്നു. ബനുന്നളീറിലെയും ബനൂ ഖുറൈളയിലെയും അധികപേരും ഔസികളുടെ സഖ്യകക്ഷികളും.' മദീനാ ഭരണഘടനയില്‍ ഔസികളെയും ഖസ്‌റജികളെയും വിട്ട് അവരുടെ ഉപവിഭാഗങ്ങളെയും (നജ്ജാര്‍, സാഇദ് പോലുള്ളവ) അവരുടെ ജൂത സഖ്യകക്ഷികളെയും മാത്രം പരാമര്‍ശിക്കാന്‍ കാരണം, അത്തരം പ്രധാന ജൂതഗ്രൂപ്പുകള്‍ പേരില്‍ മാത്രമേ നിലനില്‍ക്കുന്നുണ്ടാവുകയുള്ളൂ എന്നതുകൊണ്ടാവാം. അറബികളെപ്പോലെ അവരും ഛിന്നഭിന്നമായിട്ടുണ്ടാവാം. മദീനാ പാക്ടില്‍ (ഖണ്ഡിക: 4-11) പരാമര്‍ശിക്കുന്ന ആദ്യ അഞ്ച് അറബ് ഉപഗോത്രങ്ങള്‍ ഖസ്‌റജിന്റേതും അവസാനം പരാമര്‍ശിക്കുന്ന മൂന്നെണ്ണം ഔസിന്റേതുമാണ്.

മദീനാ താഴ്‌വരയില്‍ പ്രവാചകന്‍ കൊണ്ടുവന്ന ഭരണഘടനയുടെ ചെറിയൊരു വിശകലനമാണ് നാം നടത്തിയത്. അങ്ങനെയാണ് അവിടെയൊരു നഗരരാഷ്ട്രം രൂപംകൊണ്ടത്. അത് പിന്നീട് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനമാവുകയും ചെയ്തു. തുടക്കത്തില്‍ തന്നെ ഈ ഭരണഘടന എഴുതിവെക്കപ്പെട്ടിരുന്നു. പ്രധാന ഭരണവിഭാഗങ്ങളെക്കുറിച്ചെല്ലാം അതില്‍ പരാമര്‍ശമുണ്ട്. അതുപോലെത്തന്നെ ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ ശക്തിയുടെ സവിശേഷമായ ആവശ്യങ്ങളും -പ്രതിരോധം, നിയമനിര്‍മാണം, നീതിനിര്‍വഹണം പോലുള്ളവ- അതില്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു. പ്രവാചകന്റെ കാലത്തു തന്നെ അതില്‍ ചില പരിഷ്‌കരണങ്ങളും വരുത്തിയിരിക്കും; അതത് സമയത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പരിഗണിച്ച്. പക്ഷേ അതേക്കുറിച്ചൊക്കെ നമ്മുടെ ചരിത്രകാരന്മാര്‍ നിശ്ശബ്ദരാണ്. കൗതുകമുണര്‍ത്തുന്ന ഒരു കാര്യം പറയാം. ഭരണഘടനയുടെ മുസ്‌ലിംകളെക്കുറിച്ച ഭാഗത്ത് 20യ യില്‍, മക്കയിലെ ഖുറൈശികളുടെ സ്വത്തിന് എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം കൊടുക്കുന്നത് കര്‍ശനമായി തടഞ്ഞിട്ടുണ്ട്. എന്നാല്‍, ബുഖാരിയെപ്പോലെ വളരെ ആധികാരികനായ ഒരു ചരിത്രനിവേദകന്‍ പറയുന്നത്, ഹി. രണ്ടാം വര്‍ഷം നടന്ന ബദ്ര്‍യുദ്ധം വരെയുള്ള കാലത്ത്, ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രമുഖ മുസ്‌ലിം വ്യക്തികളെങ്കിലും മക്കക്കാരുടെ സ്വത്തിന് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്നാണ്.10 അതിനര്‍ഥം, ഈ വിലക്ക് ഒറിജിനല്‍ ഭരണഘടനയില്‍ ഉണ്ടായിരുന്നില്ലെന്നും ബദ്ര്‍ യുദ്ധത്തിന് ശേഷം കൂട്ടിച്ചേര്‍ത്തതാണെന്നും വന്നുകൂടേ? ഭരണഘടന തന്നെ ഉണ്ടായത് ബദ്ര്‍ യുദ്ധത്തിനു ശേഷമാണ് എന്നും കരുതിക്കൂടേ?

അതെന്തോ ആവട്ടെ, ഈ ഭരണഘടന ഇസ്‌ലാമിന്റെ പ്രയാണത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. ഭൗതിക ജീവിതത്തെയും ആത്മീയ ജീവിതത്തെയും വേര്‍തിരിക്കാനാവാത്തവിധം ബന്ധിപ്പിക്കുകയും സമന്വയിപ്പിക്കുകയുമായിരുന്നു പ്രവാചകന്‍. ഈ ഭൗതിക- ആത്മീയ സമന്വയത്തിന്റെ മികവുറ്റ മാതൃകകളായിരുന്നു പ്രവാചകന്റെ അനുയായികള്‍. അവര്‍ ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ അധികാരികളായി മാറിയിരിക്കുകയാണ്. നേതൃത്വം നല്‍കുന്നതാകട്ടെ പ്രവാചകനും. ഇനി ഭരണത്തിന്റെ പഴയ രീതികളും സങ്കല്‍പങ്ങളുമൊക്കെ കൈയൊഴിച്ചേ മതിയാകൂ. അധികാരം ആഡംബര ജീവിതത്തിനുള്ളതല്ല; ജീവിതത്തെ കൂടുതല്‍ ആത്മീയമാക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ഹിജ്‌റ കഴിഞ്ഞ് അധികം വൈകാതെ മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ക്ക് അഞ്ച് നേരത്തെ പ്രാര്‍ഥന നിര്‍ബന്ധമാക്കിയിരുന്നു. മുമ്പും വ്രതാനുഷ്ഠാനം ഉണ്ടായിരുന്നു; നിര്‍ബന്ധമായിരുന്നില്ല. മദീനയില്‍ എത്തിയതോടെ വര്‍ഷത്തിലൊരു മാസം വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കി. ഇങ്ങനെ ഓരോ വ്യക്തിയുടെയും ജീവിതം ഇസ്‌ലാം മാറ്റിപ്പണിയാന്‍ തുടങ്ങി. തെരുവിലെ ഓരോ മനുഷ്യനുമൊപ്പം വളരെ സമീപസ്ഥനായി ദൈവമുണ്ടെന്നും ആ സന്നിധിയിലേക്കെത്താന്‍ പുരോഹിതപ്പടയുടെ ആവശ്യമില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു.

മദീനാ കാലഘട്ടത്തില്‍ ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ അവയൊക്കെയും വിശദമായി പ്രതിപാദിക്കുന്നതിനു പകരം ആ ജീവിതത്തിന്റെ യഥാര്‍ഥ സത്ത കണ്ടെടുക്കാനുള്ള ശ്രമമാണ് നാം നടത്തുന്നത്. അതിനാല്‍ വിഷയാധിഷ്ഠിതമായിരിക്കും ഇനിയങ്ങോട്ടുള്ള വിവരണം. അപ്പോഴേ വികാസ പരിണാമങ്ങളെ കൃത്യമായി അടയാളപ്പെടുത്താനാവൂ. ചിലപ്പോള്‍ ആവര്‍ത്തനങ്ങള്‍ വന്നേക്കാമെങ്കിലും, ഈയൊരു രീതി സ്വീകരിക്കപ്പെടുന്നതിലൂടെ പ്രവാചക ജീവിതത്തെ വളരെ സ്വതന്ത്രമായും വ്യക്തതയോടെയും പഠിക്കാന്‍ നമുക്ക് സാധിക്കും. ഈ വിനീത യത്‌നത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

(തുടരും)

കുറിപ്പുകള്‍

1. ഖുര്‍ആന്‍ 87: 19

2. ഇബ്‌നു ഹമ്പല്‍ IV, 141, No.10, മുസ്‌ലിം 15/457

3. മത്വരി - തഅ്‌രീഫു ബിമാ ആനസ്തുല്‍ ഹിജ്‌റത മിന്‍ മആലിമില്‍ ഹിജ്‌റ, സംഹൂദി: 92-98.

4. ലിസാനുല്‍ അറബ്

5. അബൂദാവൂദ് 19: 23

6. ഇബ്‌നു ഹിശാം പേ: 548

7. ഖുര്‍ആന്‍ 5: 42-50

8. ഇബ്‌നു ഹിശാം പേ: 391

9. ഇബ്‌നു ഹിശാം: 372, 546, 559

10. ബുഖാരി 40: 2, 64: 2

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍