Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

സ്‌നേഹിതന്മാര്‍ പല വിധം

ഡോ. ജാസിമുല്‍ മുത്വവ്വ

സൗഹൃദം വിശാല ലോകമാണ്. ഒരാള്‍ക്ക് തന്നോടുതന്നെയാവാം സൗഹൃദം. ചിലര്‍ക്ക് ജന്തുക്കളോടു കൂട്ടുകൂടാനാണിഷ്ടം. പൂച്ച, നായ, ആടുമാടുകള്‍, കന്നുകാലികള്‍, ഓമന മൃഗങ്ങള്‍ തുടങ്ങിയവയെ പോറ്റിയും പരിചരിച്ചും സമയം ചെലവിടും അവര്‍. വാച്ച്, പേന, ഫര്‍ണിച്ചര്‍, കാറുകള്‍ തുടങ്ങിയവയോടാവും ചിലര്‍ക്ക് കമ്പം. ചിലര്‍ സസ്യങ്ങളും ചെടികളുമായി ചങ്ങാത്തം കൂടും. മരങ്ങള്‍, പൂക്കള്‍, പൂന്തോട്ടം തുടങ്ങിയവയുമായിട്ടാവും ചിലരുടെ സൗഹൃദം. അവ വാടുകയോ കൊഴിയുകയോ ചെയ്യുമ്പോള്‍ ദുഃഖിതരാവും അവര്‍.

സാമൂഹിക ബന്ധങ്ങളിലെ സ്‌നേഹബന്ധങ്ങളും സൗഹൃദങ്ങളും പിന്തുടര്‍ന്നാല്‍ നമുക്ക് എട്ടു തരക്കാരെ കാണാം. ഒന്ന്, മാതൃകാ യോഗ്യമായ സ്വഭാവ ഗുണങ്ങള്‍ക്ക് ഉടമ. താന്‍ വിശ്വസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അയാള്‍ മുറുകെ പിടിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കും. കരുതലോടെ കൈകാര്യം ചെയ്യും. തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയില്ല. തന്നെയും മറ്റുള്ളവരെയും നിരൂപണം ചെയ്യും. താന്‍ ചെയ്യുന്ന കര്‍മത്തോടുള്ള പ്രതിബദ്ധത തന്നെ പൂര്‍ണതയില്‍ എത്തിക്കുമെന്ന വിചാരമായിരിക്കും അയാള്‍ക്ക് എപ്പോഴുമുണ്ടാവുക. താന്‍ ഇടപെടുന്നവരുമായുള്ള സമ്പര്‍ക്കത്തിനും പെരുമാറ്റത്തിനും ചില അതിരുകള്‍ നിശ്ചയിക്കും. അവരുമായുള്ള ഇടപഴകലില്‍ കാര്‍ക്കശ്യമുണ്ടാവുകയില്ല; ആവോളം അവരുമായി ഒത്തുപോകുന്ന അയവുള്ള സമീപനം സ്വീകരിക്കും. മറ്റുള്ളവര്‍ക്ക് തോന്നും, അയാള്‍ക്ക് തങ്ങളുടെ അഭിപ്രായത്തോടു യോജിപ്പാണെന്ന്. പക്ഷേ, അയാള്‍ തന്റെ രീതിയനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവുക.

രണ്ട്, സന്മനസ്സുള്ളവന്‍. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാലതയും എല്ലാവരെയും സ്വീകരിക്കുന്ന സഹൃദയത്വവും എല്ലാവരോടും നല്ല നിലയില്‍ വര്‍ത്തിക്കാനുള്ള മനസ്സും അയാള്‍ക്കുണ്ടാവും. സാമൂഹികബോധമുള്ള അയാള്‍ തന്റെ ഉള്ളകം മറ്റുള്ളവരുടെ മുന്നില്‍ തുറന്നുവെക്കും. ജനങ്ങളെ സഹായിക്കുന്നതില്‍ ആനന്ദം കണ്ടെത്തും. അവരുടെ സന്തോഷത്തിന് ഹേതുവാകുന്നതില്‍ നിര്‍വൃതി കൊള്ളും. ധാരാളം സുഹൃത്തുക്കളുണ്ടാവും. ആത്മമിത്രങ്ങള്‍ക്കും 'മുതലെടുപ്പ്' സുഹൃത്തുക്കള്‍ക്കുമിടയില്‍ വിവേചനം കാണിക്കാനോ അവരെ വേര്‍തിരിച്ചു കാണാനോ ഒരുമ്പെടില്ല. എല്ലാവരെയും സന്തോഷിപ്പിക്കുന്നതിലാണ് അയാള്‍ സായൂജ്യമടയുന്നത്.

മൂന്ന്, ശുഭവിശ്വാസി. മറ്റുള്ളവര്‍ക്ക് പ്രിയങ്കരനായിത്തീരുകയാണ് അയാളുടെ ഇഷ്ടം. തന്നെക്കുറിച്ചും തന്റെ കഴിവുകളെക്കുറിച്ചും അയാള്‍ക്ക് പൂര്‍ണ ബോധ്യവും വിശ്വാസവുമാണ്. താന്‍ ജനങ്ങള്‍ക്ക് ഒരു ഗുരുവാണെന്ന തോന്നലോടെയാവും അവരുമായുള്ള ഇടപെടല്‍. ഒരേ സമയം അനേകം ജോലികള്‍ ചെയ്തുതീര്‍ക്കും. തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് ഉതകുംവിധം തന്റെ വികാരങ്ങളും ബുദ്ധിയും ചിന്തയും ചിട്ടപ്പെടുത്താനുള്ള സവിശേഷ സിദ്ധിയുണ്ടാവും. ജനങ്ങളിലും സുഹൃത്തുകളിലും ശ്രദ്ധയൂന്നാതെ തന്റെ ജോലിയിലും കര്‍മത്തിലുമായിരിക്കും അയാളുടെ മുഴു ശ്രദ്ധയും. സ്‌നേഹിതന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ചില സന്ദര്‍ഭങ്ങളില്‍ അയാള്‍ക്ക് അബദ്ധം പിണഞ്ഞേക്കാം. 

നാല്, തരളചിത്തന്‍. തന്റെ കുറ്റങ്ങളും കുറവുകളും വൈകല്യങ്ങളും കണ്ടെത്തി തിരുത്താനും തന്റെ വ്യക്തിത്വം വളര്‍ത്തി വികസിപ്പിക്കാനും നവീകരിക്കാനും നിരന്തര ശ്രമങ്ങള്‍ നടത്തും. കലയുടെയും സൗന്ദര്യ ദര്‍ശനത്തിന്റെയും ലോകത്ത് നൂതനമായ ചുവടുവെപ്പുകള്‍ നടത്തും. അതിരുകളില്ലാത്ത ഭാവനാ ലോകത്ത് മേഞ്ഞു നടക്കാന്‍ ഇഷ്ടമാണ്. കാല്‍പനികതയാണ് നിത്യഭാവം. വല്ലാതെ വിയര്‍ക്കാനും മുഷിയാനും തയാറാവില്ല. ക്ലേശങ്ങളില്‍നിന്നും പ്രശ്‌ന സങ്കീര്‍ണതകളില്‍നിന്നും ഓടിയൊളിക്കും. സുഹൃത്തിന് വല്ല വിപത്തും സംഭവിച്ചാല്‍ വികാരാതീതനാവും. അയാളോടൊപ്പം ജീവിക്കും. തീരുമാനങ്ങള്‍ എടുക്കാന്‍ വൈകിക്കും. അതുമൂലം നിരവധി അവസരങ്ങള്‍ പാഴാകും.

അഞ്ച്, നിരീക്ഷണ കുതുകി. നയജ്ഞനായ അയാള്‍ക്ക് തന്റെ പ്രത്യേക ലോകമുണ്ട്. ജനങ്ങളുമായി ഒന്നിച്ചു കൂടേണ്ടിവരുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കാനാണ് അയാള്‍ക്ക് ഇഷ്ടം. ഇടപെടില്ല. തന്റെ വശം മതിയായ വിവരമുണ്ടെങ്കിലും അത് അവരുമായി പങ്കുവെക്കാന്‍ അയാള്‍ മുതിരില്ല. മറ്റുള്ളവരുമായുള്ള ബന്ധത്തിന് അതിരുകള്‍ വെക്കും. വിവരങ്ങള്‍ ശേഖരിച്ച് നിശ്ശബ്ദമായി അവ അപഗ്രഥിക്കുകയും മനനം നടത്തുകയും ചെയ്യും. ഏറ്റവും ഉറ്റവരോട് അടുത്ത് പെരുമാറും. 

ആറ്, ആത്മത്യാഗി. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. എന്നാലും അവര്‍ കരുതുക അയാള്‍ ഒരു ശാഠ്യക്കാരനാണെന്നാണ്. സൗഹൃദത്തില്‍ ആത്മാര്‍ഥത പുലര്‍ത്തുന്ന അയാള്‍ക്ക് മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നല്ല ബോധമുണ്ട്. മറ്റുള്ളവരോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും നല്ല അറിവാണ്. എല്ലാം സ്വന്തമാക്കാനുള്ള പ്രവണത കാട്ടും.

ഏഴ്, നര്‍മബോധമുള്ള സരസന്‍. ചിരിയും തമാശയും നര്‍മവും ഇഷ്ടപ്പെടുന്ന അയാള്‍ ഏത് പിരിമുറുക്കമുള്ള സന്ദര്‍ഭവും തന്റെ ഇടപെടല്‍ കൊണ്ട് മധുരോദാരമാക്കും.

എട്ട്, അധീശ മനസ്സുള്ള നേതാവ്. ചുറ്റിലുള്ളവരെ അടക്കിഭരിക്കാനാണ് അയാള്‍ക്ക് ഇഷ്ടം. തന്നോടു വിയോജിക്കുന്നവരോട് വിരോധം പുലര്‍ത്തും. നന്നായി ജോലി ചെയ്യും. നിരന്തരം കര്‍മങ്ങളില്‍ മുഴുകും. ചിലപ്പോള്‍ കുഞ്ഞു കുട്ടികളുടെ പെരുമാറ്റമായിരിക്കും. തന്റെ ഉള്ള് തുറക്കില്ല. 

അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹമാണ് എവിടെയും പ്രധാനമെന്ന് മനസ്സിലാക്കണം. ഏതൊരുവന്റെ വാക്കും പ്രവൃത്തിയും അല്ലാഹുവില്‍നിന്ന് വഴി തെറ്റിക്കുന്നുവോ അയാളുമായി ചങ്ങാത്തവും സൗഹൃദവും കൂട്ടുകെട്ടും വേണ്ട. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍