Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

'ഞങ്ങള്‍ ആര്‍ക്കും വേണ്ടാത്തവര്‍'

സുബൈര്‍ ഓമശ്ശേരി

ഞാന്‍ മുഹമ്മദ് ഹാറൂന്‍. റോഹിങ്ക്യയില്‍നിന്നും  അഭയാര്‍ഥിയായി വന്ന് ദല്‍ഹിയില്‍ താമസിക്കുന്നു. ഞാനും ഭാര്യയും അഞ്ചു കുട്ടികളുമൊന്നിച്ചാണ് ഇവിടെ കഴിയുന്നത്.

ബര്‍മയിലെ ഫഖിറാബാദാണ് ഞങ്ങളുടെ സ്വദേശം. മുസ്‌ലിംകളും അല്ലാത്തവരും ഇട  കലര്‍ന്ന് താമസിക്കുന്ന പ്രദേശമായിരുന്നു അത്. കൃഷിയും കച്ചവടവുമായിരുന്നു ഞങ്ങളുടെ പ്രധാന തൊഴില്‍. സ്വയം പര്യാപ്തരല്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല. സ്വന്തമായി കഴിയാനുള്ള വരുമാനം ഏറ്റക്കുറവനുസരിച്ച് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ എവിടെ നോക്കിയാലും നല്ല അന്തരീക്ഷം. കൃഷിയിടങ്ങളും കച്ചവടസ്ഥാപനങ്ങളും പള്ളികളും മദ്‌റസകളും വീടുകളും നിറഞ്ഞുനില്‍ക്കുന്നു. പകല്‍ സമയത്ത് ഓരോരുത്തരും തങ്ങളുടെ വ്യവഹാരങ്ങളില്‍ മുഴുകിയിരിക്കും. രാത്രി കുടുംബത്തോടൊപ്പം ഒത്തുകൂടി സന്തോഷമായി കഴിഞ്ഞുകൂടും. ഞങ്ങളില്‍ അഭ്യസ്തവിദ്യര്‍ ധാരാളം ഉണ്ടായിരുന്നു. സര്‍ക്കാര്‍  തസ്തികകളില്‍ ധാരാളം പേര്‍ ജോലി ചെയ്തിരുന്നു.

ഇരുപത്തിമൂന്നു വര്‍ഷമായി ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. ബംഗ്ലാദേശില്‍നിന്നും നേപ്പാളില്‍നിന്നും അഭ്യസ്തവിദ്യരായ ബുദ്ധിസ്റ്റുകളെ ബര്‍മയിലേക്ക് വരുത്തി. സ്വാഭാവികമായും വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കിടയില്‍ അവര്‍ എത്തിയാല്‍ എളുപ്പത്തില്‍ നേതൃത്വവും അധികാരവും കൈക്കലാക്കാം എന്നവര്‍ കരുതി. അവരുടെ ധാരണക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ കരുക്കള്‍ നീക്കുകയും ചെയ്തു. ബര്‍മീസ് മണ്ണിന്റെ അവകാശികള്‍ ഞങ്ങളാണെന്നും മുസ്ലിംകള്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്നും അവര്‍ നാടുനീളെ പറഞ്ഞു പരത്തി. അതില്‍പിന്നെ ഒറ്റ തിരിഞ്ഞ അക്രമങ്ങള്‍ തുടങ്ങി. ക്രമേണ അത് വലുതാവുകയായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലുള്ള സ്ഥാപനങ്ങളും പള്ളികളും മദ്‌റസകളും പിടിച്ചടക്കി എം.എല്‍.എയുടെ ഓഫീസാക്കുകയാണ് ആദ്യം ചെയ്തത്. പിന്നെപ്പിന്നെ അത് വലിയ വലിയ അക്രമങ്ങളിലേക്ക് വഴിതിരിഞ്ഞു. അവസാനം നാടും വീടും കുടുംബവും വിട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഞങ്ങള്‍, ആ ഓട്ടത്തിനിടയിലാണ് ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെ ദല്‍ഹിയിലെത്തിയത്. ഇരുപത്തിമൂന്നു കൊല്ലം മുമ്പ് വന്നവരും കഴിഞ്ഞ നാലുമാസം മുമ്പ് വന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തിവഴി കൊല്‍ക്കത്തയിലേക്ക് കടന്ന് പല വഴിക്കായാണ് ഇവിടെയെത്തിയത്. വീട്ടില്‍നിന്നും ഇറങ്ങിയോടി പാടവയലുകളില്‍ ധാന്യച്ചെടികള്‍ക്കിടയില്‍ ദിവസങ്ങളോളം ഒളിച്ചിരുന്നിട്ടുണ്ട്. പിന്നെ നടന്നും ഓടിയും മക്കളെയും പെറുക്കി അതിര്‍ത്തിയിലെത്തിയ കഥ ഓര്‍ക്കാന്‍ പോലുമാവില്ല. അങ്ങനെ പല സ്ഥലത്തായി ദിവസങ്ങളോളം നടന്നും വണ്ടി കയറിയും രാപ്പാര്‍ത്തുമാണ് അവസാനം ഇവിടെ എത്തിപ്പെട്ടത്.

ഇന്ത്യയില്‍ ഞങ്ങള്‍ ഇതുവരെ സുരക്ഷിതരാണ്. ഞാന്‍ ഇവിടെ വന്നിട്ട് ആറു കൊല്ലമായി. അതിനു മുമ്പ് നാലു കൊല്ലം ജമ്മുവില്‍ താമസിച്ചു. ജമ്മുവിനേക്കാള്‍ നല്ല താമസ സൗകര്യവും കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യവും ഇവിടെയാണ് ലഭിക്കുന്നത്. കൂടുതല്‍ പേരും ആദ്യം എത്തുന്നത് ജമ്മുവില്‍ ആയിരിക്കും. നേരിട്ട് ദല്‍ഹിയിലും മറ്റു ക്യാമ്പുകളിലും എത്തുന്നവരുമുണ്ട്. ഇപ്പോള്‍ ജമ്മു-കശ്മീര്‍ മുതല്‍ ഹൈദരാബാദ് വരെയുള്ള പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകളിലായി നാല്‍പതിനായിരം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ട്. എല്ലാവര്‍ക്കും യു.എന്‍.ഒയുടെ കാര്‍ഡുണ്ട്. ദീര്‍ഘകാല വിസയുമുണ്ട്. ഇവിടെ ചെറിയ ചെറിയ കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. കൂടുതല്‍ പേരും കൂലിപ്പണിക്കു പോകുന്നു. കച്ചവടം നടത്തി വിജയിച്ചവരുമുണ്ട്. ദല്‍ഹിയില്‍ അഞ്ചു ക്യാമ്പുകളിലായി നൂറ്റിഅറുപതു പേരും ഹരിയാനയില്‍ ഏഴു ക്യാമ്പുകളിലായി അഞ്ഞൂറ്റി എണ്‍പതു പേരും താമസിക്കുന്നുണ്ട്. ഇവിടെ താമസിക്കാനുള്ള അനുവാദം ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റൊരാനുകൂല്യവും ലഭിക്കുന്നില്ല. ഞങ്ങള്‍ താമസിക്കുന്ന ഈ കാഞ്ചന്‍കുഞ്ഞ് സകാത്ത് ഫൗണ്ടേഷന്‍ വകയാണ്, കുറച്ചു സ്ഥലം ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടേതുമുണ്ട്. അത് രണ്ടിനും വാടക വേണ്ട. മറ്റുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടേതാണ്. അതിന് മാസത്തില്‍ വാടക കൊടുക്കണം. കുട്ടികള്‍ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നു. എന്റെ മൂന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. മദ്‌റസാ പഠനത്തിനായി ക്യാമ്പില്‍ തന്നെ സംവിധാനമുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഡിഗ്രിയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ക്ക് ജീവിതത്തിനു വലിയ പ്രയാസമില്ല. ഭക്ഷണം പല ഏജന്‍സികളില്‍നിന്നായി ലഭിക്കുന്നു. റമദാന്‍ കാലത്ത് നല്ല സഹായം കിട്ടുന്നു. അടിസ്ഥാന സൗകര്യമാണ് ഞങ്ങളുടെ പ്രശ്‌നം. പാര്‍പ്പിടം, കുടിവെള്ളം, ബാത്ത്‌റൂം സൗകര്യം എന്നിവ വളരെ കുറവാണ്. ഈ കാണുന്ന വൃത്തികേടിലാണ് അന്തിയുറങ്ങുന്നതും വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം. ഇവിടെ പകലില്ല, രാത്രിയില്ല, ചൂടില്ല, തണുപ്പില്ല, മഴയില്ല. എല്ലാം സഹിക്കണം. ഉമ്മ ഒരിടത്ത്, വാപ്പ മറ്റൊരിടത്ത്, ജ്യേഷ്ഠന്‍ ഒരിടത്ത്, അനുജന്‍ മറ്റൊരിടത്ത്. പകല്‍ മുഴുവന്‍ ഈച്ചയെയും  രാത്രി മുഴുവന്‍ കൊതുകിനെയും സഹിക്കണം. പകല്‍ മുഴുവന്‍ പണിയെടുത്ത് ഒന്നു വിശ്രമിക്കാന്‍ വീട്ടില്‍ എത്തിയാലുള്ള അവസ്ഥയാണിത്. എന്നാലും ഇപ്പോള്‍ നാട്ടിലുള്ളവര്‍ സഹിക്കുന്ന കഷ്ടപ്പാട് നോക്കുമ്പോള്‍ ഇത് ഒന്നുമല്ല. ഇരുപത്തിമൂന്നു വര്‍ഷം  മുമ്പ് ഞങ്ങള്‍ക്ക് അവിടെ വിദ്യാഭ്യാസത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍  ഇന്ന് നാട്ടില്‍ അവശേഷിക്കുന്ന കുട്ടികള്‍ക്ക് അതും നിഷേധിച്ചിരിക്കുന്നു. അതിനാല്‍ വരാനിരിക്കുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കും. 

(ദല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌