Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

ഇസ്‌ലാഹി പ്രസ്ഥാനത്തിന് ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാവുന്ന നിരവധി മേഖലകളുണ്ട്

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി /ബഷീര്‍ തൃപ്പനച്ചി

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നിര്‍വാഹക സമിതിയിലും കേരള ജംഇയ്യത്തുല്‍ ഉലമയിലും ദീര്‍ഘകാലം അംഗമായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ അദ്ദേഹം ശബാബ് വാരികയുടെ മുഖ്യ പത്രാധിപരാണ്. സംഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്‍ക്കുമ്പോഴും എഴുത്തില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്. തന്റെ പഠനം, എഴുത്ത്, ഇസ്‌ലാഹി പ്രസ്ഥാന അനുഭവങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അദ്ദേഹം പ്രബോധനവുമായി പങ്കുവെക്കുന്നു.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചെറിയമുണ്ടത്തെ ഒരു പാരമ്പര്യ സുന്നി കുടുംബത്തിലെ അംഗമായിരുന്ന താങ്കള്‍ എങ്ങനെയാണ് ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ എത്തുന്നത്?

വളവന്നൂരില്‍ പള്ളിദര്‍സ് വിദ്യാര്‍ഥിയായിരിക്കെയാണ് ഞാന്‍ ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുന്നത്. വളവന്നൂരില്‍ അക്കാലത്തേ ഇസ്‌ലാഹീ ആശയങ്ങള്‍ വേരൂന്നിയിരുന്നു. അവിടെ ഇടക്കിടെ നടക്കാറുള്ള ഇസ്‌ലാഹി പ്രഭാഷണങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നു. അതിലുന്നയിക്കുന്ന വിഷയങ്ങളും അവയുടെ തെളിവുകളുമെല്ലാം പിന്നീട് ഞാന്‍ കിതാബുകളില്‍ പരിശോധിക്കും. അപ്പോള്‍ അവര്‍ പറയുന്നതിനോടാണ് കിതാബുകള്‍ ചേര്‍ന്നു നില്‍ക്കുന്നതെന്ന് ബോധ്യപ്പെട്ടു. അന്നു മുതലേ മാനസികമായി ഞാന്‍ ഇസ്‌ലാഹി ആദര്‍ശക്കാരനായി മാറിയിരുന്നു. താനാളൂരിലുള്ള എന്റെ അമ്മായിയുടെ മകനും ഇസ്‌ലാഹി മൂവ്‌മെന്റില്‍ ആകൃഷ്ടനായിരുന്നു. ഞങ്ങള്‍ ഇടക്കിടെ കാണുകയും ഇത്തരം വിഷയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. വളവന്നൂരിലെ പള്ളിദര്‍സിനു ശേഷം കുറച്ചു കാലം ഞാന്‍ തിരൂരിലെ പള്ളിദര്‍സിലായിരുന്നു. പിന്നീടാണ് കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട്ടെ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജില്‍ ചേരുന്നത്. സുന്നി ആശയക്കാര്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ ഒരു വര്‍ഷമാണ് പഠിച്ചത്. അവിടെ ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ സഹോദരന്‍ മുഹമ്മദലിയും കൊടുങ്ങല്ലൂരിലെ ഇബ്‌റാഹീം കുട്ടി മൗലവിയും എന്റെ സഹപാഠികളായുണ്ടായിരുന്നു. രണ്ടു പേരും അന്നേ ഇസ്‌ലാഹി ആദര്‍ശക്കാരാണ്. ഞങ്ങള്‍ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും സാധ്യമാവുംവിധം അതിന്റെ വക്താക്കളുമായി ബന്ധപ്പെടുകയും ചെയ്തു. ഇര്‍ശാദിലെ പഠന ശേഷം അഫ്ദലുല്‍ ഉലമാ ഫൈനല്‍ വിദ്യാര്‍ഥിയായി ഞാന്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ ചേര്‍ന്നു. അതോടെ പ്രത്യക്ഷത്തില്‍തന്നെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

 

ഇസ്‌ലാഹി ധാരയിലേക്കുള്ള ഈ മാറ്റത്തിന് കുടുംബത്തില്‍നിന്ന് എതിര്‍പ്പുകളുണ്ടായില്ലേ?

പറയത്തക്ക എതിര്‍പ്പുകളൊന്നും കുടുംബത്തില്‍നിന്ന് ഉണ്ടായിട്ടില്ല. ഞാന്‍ മദീനത്തുല്‍ ഉലൂമില്‍ ചേരുന്നതിനു മുമ്പേ പിതാവ് ഹൈദര്‍ മുസ്‌ലിയാര്‍ മരിച്ചിരുന്നു. പിന്നീടുണ്ടായിരുന്നത് ഉമ്മ ആഇശയും ജ്യേഷ്ഠ സഹോദരന്‍ സൈനുദ്ദീനും നാല് സഹോദരിമാരുമാണ്. അവരൊന്നും എന്റെ പ്രവര്‍ത്തനത്തിലോ പഠനത്തിലോ ഇടപെട്ടിരുന്നില്ല. 

 

പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയും അധ്യാപകനുമായിരുന്നല്ലോ. എന്തൊക്കെയാണ് അവിടത്തെ അനുഭവങ്ങള്‍?

അഴീക്കോട് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ അഫ്ദലുല്‍ ഉലമ എന്‍ട്രന്‍സ് പരീക്ഷ പാസായിരുന്നു. ശേഷം പ്രിലിമിനറിയും സ്വന്തമായി എഴുതി. തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ അഫ്ദലുല്‍ ഉലമ ഫൈനലിനാണ് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്നത്. കെ.സി അലവി മൗലവിയായിരുന്നു അന്നവിടെ പ്രിന്‍സിപ്പല്‍. അദ്ദേഹം തന്നെയായിരുന്നു എന്റെ പ്രധാന അധ്യാപകനും. അന്ന് കോളേജ് എയ്ഡഡ് ആയിട്ടില്ല. എട്ടു വര്‍ഷത്തെ കോഴ്‌സായിരുന്നു മദീനത്തുല്‍ ഉലൂമില്‍. അതില്‍ അവസാന നാലു വര്‍ഷക്കാര്‍ക്ക് ക്ലാസെടുത്തിരുന്ന ഗുരുനാഥന്മാര്‍ക്ക് മാത്രമാണ് തുഛമായ ഗവണ്‍മെന്റ് ഗ്രാന്റ് പോലും ലഭിച്ചിരുന്നത്. പിരിവെടുത്തായിരുന്നു സ്ഥാപന നടത്തിപ്പിനുള്ള പണം കണ്ടെത്തിയിരുന്നത്. ഒരു പണ്ഡിതന്‍ എന്നതിലുപരി, സ്ഥാപനം സാമ്പത്തികമായി പ്രയാസമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ ശേഷിയുള്ള വ്യക്തിയെ അന്ന് മദീനത്തിന് ആവശ്യമായിരുന്നു. അങ്ങനെയാണ് തലശ്ശേരി കടവത്തൂര്‍ കല്ലിക്കണ്ടി സ്വദേശി കെ.എന്‍ ഇബ്‌റാഹീം മൗലവി പ്രിന്‍സിപ്പലായി ചാര്‍ജെടുക്കുന്നത്. തലശ്ശേരിയില്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹമെത്തിയതോടെ സ്ഥാപന നടത്തിപ്പ് പ്രയാസമില്ലാതെ മുന്നോട്ടുപോകാന്‍ തുടങ്ങി. കൊണ്ടോട്ടിക്കടുത്ത ഐക്കരപ്പടിയിലെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, മോങ്ങത്തെ സി.കെ മുഹമ്മദ് മദനി എന്നിവരൊക്കെ എന്റെ സഹപാഠികളാണ്.

 

മദീനത്തുല്‍ ഉലൂമിലെ പഠനശേഷം ദീര്‍ഘകാലം അധ്യാപകനായിരുന്നല്ലോ. എവിടെയെല്ലാമാണ് അധ്യാപനം നടത്തിയത്?

പുളിക്കലെ പഠനശേഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായി ഒരു വര്‍ഷം സേവനം ചെയ്തു. പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ അധ്യാപകനായി. അവിടെ സേവനം ചെയ്യുമ്പോഴാണ് 1968-ല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ അറബിക് അധ്യാപകനായി എനിക്ക് പി.എസ്.സി വഴി നിയമനം ലഭിക്കുന്നത്. കുറച്ചുകാലം പല സ്‌കൂളുകളിലും അധ്യാപകനായി. പിന്നീട് തിരൂരിനടുത്ത പൊന്മുണ്ടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ തുടര്‍ച്ചയായി 21 വര്‍ഷം അധ്യാപനം നിര്‍വഹിച്ചു.

 

എഴുത്താണല്ലോ ഇഷ്ട മേഖല. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ എഴുത്ത് തുടങ്ങിയിരുന്നോ?

പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരിക്കെ എഴുത്ത് ആരംഭിച്ചിട്ടുണ്ട്. ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലുമാണ് തുടക്കം. അധ്യാപനരംഗത്ത് എത്തിയതോടെ ഇസ്‌ലാഹി സ്വഭാവത്തിലുള്ള ലേഖനങ്ങള്‍ എഴുതാനാരംഭിച്ചു. ശബാബ് വാരികയിലാണ് ഇത്തരം രചനകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

 

ശബാബ് വാരികയുടെ എഡിറ്റോറിയല്‍ ചുമതല ദീര്‍ഘകാലമായി വഹിക്കുന്നത് താങ്കളാണല്ലോ. ശബാബിലെ ശ്രദ്ധേയ പംക്തികളിലൊന്നായ ചോദ്യോത്തരം കൈകാര്യം ചെയ്യുന്നതും താങ്കള്‍ തന്നെയാണ്. ശബാബ് വാരികയുടെ എഡിറ്റോറിയല്‍ വര്‍ക്കില്‍ എന്നു മുതലാണ് സജീവമാകുന്നത്?

1970-കളുടെ അവസാനത്തിലാണ് എഴുത്തില്‍ സജീവമായി ശബാബ് വാരികയുമായുള്ള ബന്ധം ആരംഭിക്കുന്നത്. സ്‌കൂള്‍ അധ്യാപകനായിരുന്നപ്പോള്‍ ഒഴിവുസമയങ്ങള്‍ വായനക്കും എഴുത്തിനും വേണ്ടിയാണ് മാറ്റിവെച്ചിരുന്നത്. അരീക്കോട്ടു നിന്നാണ് ശബാബ് വാരിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 1980-കളുടെ തുടക്കത്തില്‍ അരീക്കോട്ടു നിന്ന് ശബാബ് കോഴിക്കോട്ടേക്ക് മാറി. എന്‍.വി അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ സംഗീത് ബില്‍ഡിംഗിലേക്ക് ശബാബ് മാറിയതു മുതല്‍ ഞാനതിന്റെ എഡിറ്റോറിയല്‍ ടീമിന്റെ ഭാഗമായി. സ്‌കൂള്‍ ഒഴിവു ദിവസങ്ങളില്‍ മിക്കവാറും ശബാബ് ഓഫീസിലാണുണ്ടാവുക. ഇ.കെ.എം പന്നൂരും കുറഞ്ഞകാലം എന്റെ കൂടെ ശബാബിലുണ്ടായിരുന്നു. 25 വര്‍ഷത്തിലേറെക്കാലം ശബാബ് എഡിറ്റോറിയല്‍ എഴുതിയത് ഞാനായിരുന്നു. ഈ അടുത്ത കാലത്താണ് ആ ഉത്തരവാദിത്തം അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി ഏറ്റെടുത്തത്. ഇപ്പോള്‍ കോഴിക്കോട് ഓഫീസില്‍ പോകാറില്ലെങ്കിലും ലേഖനങ്ങള്‍ അവര്‍ വീട്ടില്‍ എത്തിച്ചുതരും. അത് ഇവിടെ ഇരുന്ന് എഡിറ്റ് ചെയ്ത് അയച്ചുകൊടുക്കും. മുപ്പതു വര്‍ഷം മുമ്പ് ആരംഭിച്ച 'ചോദ്യോത്തര' പംക്തി ഇപ്പോഴും തുടരുന്നു.

 

പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പുസ്തകങ്ങള്‍ അറബിക് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഗൈഡുകളാണല്ലോ.....?

സ്‌കൂളില്‍ അറബിക് അധ്യാപകനായി ചേര്‍ന്ന ആദ്യ വര്‍ഷങ്ങളില്‍ തയാറാക്കിയവയാണ് ഈ പുസ്തകങ്ങള്‍. സ്‌കൂള്‍ മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള അറബിക് ടെക്സ്റ്റിലെ വാക്കര്‍ഥങ്ങളും പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന പ്രൈമറി അറബിക് ഗൈഡാണ് പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യ പുസ്തകം. 1970-ലാണ് ഇത് പൂര്‍ത്തിയാകുന്നത്. മോഡേണ്‍ അറബിക് ട്യൂട്ടര്‍, അറേബ്യന്‍ ഗള്‍ഫിലെ സംസാരഭാഷ എന്നീ പുസ്തകങ്ങളാണ് ഈ രീതിയില്‍ പിന്നീടിറങ്ങിയത്. ആദ്യം അല്‍ ഹിന്ദ് ബുക്‌സും പിന്നീട് അല്‍ ഹുദാ ബുക് സ്റ്റാളുമാണ് ഇവ പ്രസിദ്ധീകരിച്ചത്. ഏകദേശം ഇക്കാലത്തു തന്നെയാണ് ബുലൂഗുല്‍ മറാമിന്റെ പരിഭാഷ പൂര്‍ത്തിയാക്കുന്നതും അത് പ്രസിദ്ധീകരിക്കപ്പെടുന്നതും.

 

കുഞ്ഞിമുഹമ്മദ് പറപ്പൂരുമായി ചേര്‍ന്ന് തയാറാക്കിയ 'ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ'യാണ് താങ്കളുടെ ശ്രദ്ധേയ രചന. അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്‌സീര്‍ ഉണ്ടായിരിക്കെ ഇങ്ങനെയൊരു പദ്ധതിയാരംഭിക്കാന്‍ പ്രത്യേക കാരണം വല്ലതും?

ഒരു സവിശേഷ പശ്ചാത്തലത്തില്‍ ഏറ്റെടുത്ത പദ്ധതിയാണിത്. 1980-കളില്‍ യു.എ.ഇയില്‍ സജീവമായ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ വേദിയായിരുന്നു യു.എ.ഇ ഇസ്‌ലാഹി സെന്റര്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് അവരുടെ ദീര്‍ഘ യാത്രകളില്‍ വാഹനത്തിലിരുന്ന് കേള്‍ക്കാന്‍ പറ്റുന്ന ഖുര്‍ആന്റെ ഒരു സമ്പൂര്‍ണ മലയാള തര്‍ജമയുടെ ഓഡിയോ വേര്‍ഷന്‍ തയാറാക്കാന്‍ അവര്‍ പദ്ധതിയിട്ടു. ഒരു ഖുര്‍ആന്‍ ആയത്ത് പാരായണം ചെയ്ത ശേഷം ലളിതമായ അതിന്റെ മലയാള വിവര്‍ത്തനവും പറയുന്ന രീതിയിലാണ് സ്‌ക്രിപ്റ്റ് തയാറാക്കേണ്ടിയിരുന്നത്. നിലവിലുള്ള പരിഭാഷകളിലെ ബ്രാക്കറ്റുകളും കുത്തും കോമയും മറ്റു അനുബന്ധ വിശദീകരണങ്ങളും ഓഡിയോ വേര്‍ഷന് പറ്റുന്ന രീതിയിലായിരുന്നില്ല. അങ്ങനെയാണ് അവര്‍ ഈ പ്രോജക്ടിന് സ്‌ക്രിപ്റ്റ് തയാറാക്കാന്‍ എന്നെയും കുഞ്ഞിമുഹമ്മദ് പറപ്പൂരിനെയും ഏല്‍പിക്കുന്നത്. സ്‌കൂള്‍ ഒഴിവുദിനങ്ങളില്‍ കോട്ടക്കല്‍ ഇസ്‌ലാമിക് ലൈബ്രറിയില്‍ ഒരുമിച്ചിരുന്നാണ് ഞാനും കുഞ്ഞിമുഹമ്മദ് പറപ്പൂരും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുന്നത്. അങ്ങനെ ഖുര്‍ആന്‍ മുപ്പത് ജുസ്ഉം പല ഭാഗങ്ങളിലായി യു.എ.ഇ ഇസ്‌ലാഹി സെന്റര്‍ ഓഡിയോ കാസറ്റായി ഇറക്കി. എണ്‍പതുകളിലാണ് ഇത് നടക്കുന്നത്. വളരെ ആവേശത്തോടെ പ്രവാസി മലയാളികളും അവര്‍ വഴി നാട്ടിലുള്ളവരും ഈ ഉദ്യമം ഏറ്റെടുത്തു.

കുറച്ചുകാലം പിന്നിട്ടപ്പോള്‍ ഭാഷാ സങ്കീര്‍ണതകളില്ലാതെ ഓരോ ഖുര്‍ആന്‍ ആയത്തിനു നേരെയും അവയുടെ മലയാള പരിഭാഷ വായിക്കാന്‍ സാധ്യമാവുന്ന ഒരു സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ വേണമെന്ന ആവശ്യം പല കോണുകളില്‍നിന്നുമുയര്‍ന്നു. അതോടെ ഓഡിയോ വേര്‍ഷനു വേണ്ടി തയാറാക്കിയ സ്‌ക്രിപ്റ്റില്‍ വേണ്ട മാറ്റങ്ങളും കുറിപ്പുകളും ചേര്‍ത്ത് ഞാന്‍ മാറ്റിയെഴുതാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനു ശേഷം 1990-ലാണ് അത് പൂര്‍ത്തീകരിച്ച് 'ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട്ടെ കിതാബ് മഹല്‍ ആണ് ഒറ്റ വാള്യത്തില്‍ ഈ ഖുര്‍ആന്‍ പരിഭാഷ ആദ്യമായി പുറത്തിറക്കിയത്. പിന്നീട് പല കാലങ്ങളിലായി കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ പ്രസിദ്ധീകരണാലയങ്ങള്‍ ഇത് പുനഃപ്രസിദ്ധീകരിച്ചു. ബോംബെയില്‍നിന്ന് സലഫി ആശയക്കാരനായ മുഖ്താര്‍ നദ്‌വിയും രിയാദില്‍നിന്ന് പാകിസ്താന്‍ വംശജനായ അബ്ദുര്‍റഹ്മാന്‍ അതീഖും മുന്‍കൈയെടുത്ത് ഈ പരിഭാഷ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. 1996-ലാണ് മദീനയിലെ കിംഗ് ഫഹ്ദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് ഇതിന്റെ പ്രസിദ്ധീകരണവും സൗജന്യ വിതരണവും ഏറ്റെടുത്തത്. അന്നുമുതല്‍ ഹജ്ജിനും ഉംറക്കും മക്കയിലെത്തുന്ന മലയാളികള്‍ക്ക് അവര്‍ ഈ പരിഭാഷ സൗജന്യമായി നല്‍കിവരുന്നുണ്ട്. മദീനാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ലക്ചററായി റിട്ടയര്‍ ചെയ്ത കാസര്‍കോട് സ്വദേശി ഡോ. അശ്‌റഫ് മൗലവിയാണ് അവിടെ ഇതിന്റെ എഡിറ്റിംഗിനും പ്രസിദ്ധീകരണത്തിനും മേല്‍നോട്ടം വഹിക്കുന്നത്. അതിന്റെ പുതിയ എഡിഷനുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.

 

സുന്നി-മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ വാദപ്രതിവാദങ്ങള്‍ സജീവമായിരുന്ന സമയം കൂടിയായിരുന്നു താങ്കളുടെ ചെറുപ്പകാലം. കൊട്ടപ്പുറം വാദപ്രതിവാദത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താങ്കള്‍. വാദപ്രതിവാദ ഓര്‍മകള്‍?

അന്ന് സജീവമായ വാദപ്രതിവാദങ്ങളിലൊന്നും ഞാന്‍ പങ്കാളിയായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കൊട്ടപ്പുറം വാദപ്രതിവാദം മാത്രമാണിതിന് അപവാദം. ഈ വാദപ്രതിവാദത്തിന്റെയും ആലോചനകളിലോ അതിന്റെ ഒന്നാം ഘട്ടത്തിലോ ഞാനുണ്ടായിരുന്നില്ല. പരിപാടി തുടങ്ങുന്ന ദിവസം ഒരു കേള്‍വിക്കാരന്‍ മാത്രമായി അവിടേക്ക് പോയതായിരുന്നു ഞാന്‍. ആദ്യദിന പരിപാടി കഴിഞ്ഞ് അതില്‍ പങ്കെടുത്തവര്‍ അവലോകനത്തിനും പിറ്റേ ദിവസത്തെ ആസൂത്രണങ്ങള്‍ക്കുമായി പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ യോഗം ചേര്‍ന്നു. അപ്പോള്‍ ഞാനുമവിടെ ഉണ്ടായിരുന്നു. പിറ്റേ ദിവസം വാദപ്രതിവാദത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത് ആരാണെന്നതില്‍ ചര്‍ച്ച നടന്നു. അവിടെയുണ്ടായിരുന്ന എന്നോട് ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാന്‍ കൊട്ടപ്പുറം വാദപ്രതിവാദത്തിന്റെ ഭാഗമാകുന്നത്. എന്റെ മുഖ്യയിടം എഴുത്തായതിനാല്‍ അതിനു ശേഷമുള്ള വാദപ്രതിവാദങ്ങളിലൊന്നും ഞാന്‍ പങ്കെടുത്തിട്ടുമില്ല.

 

വാദപ്രതിവാദങ്ങളില്‍ ഇരു കക്ഷികളും സ്വീകരിച്ച രൂക്ഷമായ വിമര്‍ശന ശൈലിയും പരിഹാസങ്ങളുമൊക്കെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെച്ചതെന്ന് അഭിപ്രായമുണ്ട്. മാന്യമായ സംവാദ ശൈലിക്കു പകരം രൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും ശൈലിയായി സ്വീകരിച്ച പ്രഭാഷകര്‍ രണ്ട് വിഭാഗത്തിലുമുണ്ടാകാന്‍ ഈ വാദപ്രതിവാദങ്ങള്‍ കാരണമായിട്ടില്ലേ?

വാദപ്രതിവാദം ഒരു അജണ്ടയായി ഇസ്‌ലാഹി പ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചിട്ടില്ല എന്നാണ് എന്റെ ധാരണ. വെല്ലുവിളി സ്വീകരിച്ച് മറുപടി പറഞ്ഞില്ലെങ്കില്‍ ഇവിടെയിനി പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് മറു വിഭാഗം പ്രഖ്യാപിച്ചപ്പോഴാണ് പഴയകാല വാദപ്രതിവാദങ്ങള്‍ സംഭവിച്ചത്. മറുപടി പറയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മാന്യമായ വിമര്‍ശനവും ശൈലിയും തന്നെയാണ് എക്കാലത്തും എല്ലാവരോടും സ്വീകരിക്കേണ്ടത്. ചുരുക്കം ചില പ്രഭാഷകരേ രൂക്ഷമായ വിമര്‍ശന ശൈലി സ്വീകരിക്കുന്നവരായുള്ളൂ. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടല്ലോ. അതിന്റെ ഭാഗമായി മാത്രം അതിനെ കണ്ടാല്‍ മതി.

 

മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി പണ്ഡിതന്മാര്‍ക്കിടയില്‍ നടന്ന 'ഇബാദത്ത്' വിഷയത്തിലെ വൈജ്ഞാനിക സംവാദത്തില്‍ താങ്കളും പങ്കാളിയായിരുന്നുവല്ലോ...?

ഞാനൊരു സജീവ പ്രഭാഷകനല്ലാത്തതിനാല്‍ മുജാഹിദ്-ജമാഅത്ത് പ്രഭാഷണ സംവാദങ്ങളില്‍ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. 'ഇബാദത്ത്' ചര്‍ച്ചകളിലിടപെട്ട് കെ.പി മുഹമ്മദ് മൗലവി എഴുതിയ 'ഇബാദത്തും ഇത്വാഅത്തും' എന്ന പുസ്തകം കെ.എന്‍.എം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് മറുപടിയായി കെ.സി അബ്ദുല്ല മൗലവിയുടെ 'ഇബാദത്ത് ഒരു സമഗ്ര പഠനം' എന്ന പുസ്തകം ഐ.പി.എച്ചും പ്രസിദ്ധീകരിച്ചു. കെ.സിയുടെ പുസ്തകത്തിലെ ചില വിഷയങ്ങളെ ഖണ്ഡിച്ച് ഞാന്‍ ശബാബ് വാരികയില്‍ പരമ്പര എഴുതിയിരുന്നു. അതാണ് പിന്നീട് 'ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചത്.

 

ഇബാദത്ത് വിഷയത്തിലെ ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു? മുമ്പ് ഇരു സംഘടനകള്‍ക്കുമിടയിലുണ്ടായിരുന്ന നല്ല ബന്ധത്തിന് ആ ചര്‍ച്ചകള്‍ പോറലേല്‍പ്പിച്ചിരുന്നില്ലേ? രൂക്ഷമായ വിമര്‍ശന ശൈലി രൂപപ്പെടാന്‍ അത് കാരണമായിട്ടില്ലേ?

ഇബാദത്ത് വിഷയത്തില്‍ അന്നും ഇന്നും മുജാഹിദുകള്‍ക്കും ജമാഅത്തുകാര്‍ക്കുമിടയില്‍ വീക്ഷണ വ്യത്യാസം നിലവിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, ആ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ തന്നെ ഒട്ടേറെ വിഷയങ്ങളില്‍ ഒരേ നിലപാട് പങ്കിടുന്നവരാണ് രണ്ട് കൂട്ടരും. പരസ്പര വിയോജിപ്പുള്ള കുറഞ്ഞ വിഷയങ്ങളില്‍ വിമര്‍ശിക്കുമ്പോള്‍ തന്നെ അനേകം വിഷയങ്ങളില്‍ യോജിപ്പുണ്ടെന്ന ധാരണ ഇരു വിഭാഗത്തിനും ഉണ്ടാകണം. അതില്ലാതെ പോകുമ്പോഴാണ് രൂക്ഷമായ വിമര്‍ശനങ്ങളുണ്ടാകുന്നത്. പിന്നെ ശൈലികളില്‍ വ്യത്യാസമുള്ളതുകൊണ്ടും ഈ വിഷയത്തില്‍ ചിലര്‍ക്ക് തീവ്രത വന്നിട്ടുണ്ടാകാം. കെ.പി മുഹമ്മദ് മൗലവി ഏതു വിഷയവും സൗമ്യമായി അവതരിപ്പിക്കുന്ന പണ്ഡിതനായിരുന്നു. ഉമര്‍ മൗലവി അല്‍പം വ്യത്യസ്തമായും. ഇതൊക്കെ വ്യക്തികളുടെ ശൈലിയുമായി ബന്ധപ്പെട്ടതാണ്. അവയൊന്നും പരസ്പര യോജിപ്പുള്ള മേഖലയില്‍ ഐക്യത്തിനും സഹകരണത്തിനും തടസ്സമാവേണ്ടതില്ല. ജമാഅത്തുമായി ഇസ്‌ലാഹി പ്രസ്ഥാനത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരുപാട് മേഖലകളുണ്ട് എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. അത് എങ്ങനെയാവണമെന്ന് തീരുമാനിക്കേണ്ടത് ഇരു സംഘടനാ നേതൃത്വങ്ങളുമാണ്.

 

1972 മുതല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നത ഉടലെടുക്കുന്ന 2001 വരെ, കെ.എന്‍.എം സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു താങ്കള്‍. ഭിന്നതയാരംഭിച്ചപ്പോഴാണ് കെ.എന്‍.എം സ്റ്റേറ്റ് കമ്മിറ്റിയില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കുന്നത്. ഐക്യം യാഥാര്‍ഥ്യമായപ്പോള്‍ അതിനായി നടത്തിയ മാധ്യസ്ഥ ശ്രമങ്ങള്‍ എന്തെല്ലാമായിരുന്നു?

ഭിന്നിക്കുന്നതിനു മുമ്പും ശേഷവും ഐക്യത്തിനായുള്ള മാധ്യസ്ഥ ശ്രമങ്ങള്‍ക്ക് പല ഘട്ടങ്ങളിലായി ഞാന്‍ മുന്നില്‍ നിന്നിട്ടുണ്ട്. ഈ മാധ്യസ്ഥ ശ്രമങ്ങളുടെയൊക്കെ ഭാഗമായി തന്നെയാണ് അവസാനം ഐക്യം യാഥാര്‍ഥ്യമായത്. കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട മാധ്യസ്ഥ സമിതിയാണ് ഐക്യശ്രമങ്ങള്‍ക്ക് ആദ്യം നേതൃത്വം നല്‍കിയിരുന്നത്. ഈ സമിതി പലപ്പോഴായി യോഗം ചേര്‍ന്ന് ഐക്യത്തിന് സമവായ പോയിന്റുകള്‍ ഉണ്ടാക്കി. അത് ഇരു വിഭാഗത്തെയും വിളിച്ചിരുത്തി അവതരിപ്പിച്ചു. ഈ മാധ്യസ്ഥ ഫോര്‍മുല അംഗീകരിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ വോട്ടെടുപ്പ് നടന്നു. അംഗീകരിക്കണമെന്ന അഭിപ്രായക്കാര്‍ക്ക് ഭൂരിപക്ഷം കിട്ടി. അങ്ങനെയൊക്കെയാണ് ഐക്യ ശ്രമങ്ങള്‍ മുന്നോട്ടുപോയത്. പിന്നീട് പല പ്രശ്‌നങ്ങളുമുണ്ടായി. ചിലതൊക്കെ അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള ഭിന്നതക്കു പുറമെ വ്യക്തിപരമായ അനിഷ്ടങ്ങളായിരുന്നു. ഏതു സംഘടനയിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ പരിഹാരം വൈകുന്നതില്‍ വ്യക്തിപരമായ ഈ അനിഷ്ടങ്ങളും ഒരു ഘടകമാവുമല്ലോ. ഏതായാലും ഒടുവില്‍ അവയെല്ലാം മറികടന്ന് ഐക്യം യാഥാര്‍ഥ്യമായി. ഇപ്പോള്‍ വ്യക്തിപരമായ അനിഷ്ടങ്ങളൊന്നും നിലനില്‍ക്കുന്നില്ല എന്നാണ് എന്റെ അറിവ്. അതേസമയം ചില വിഷയങ്ങളില്‍ അഭിപ്രായ വൈവിധ്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്.

 

പ്രമാണപരമായി തന്നെ ഒന്നിലധികം അഭിപ്രായങ്ങള്‍ക്ക് സാധ്യതയുള്ള കാര്യങ്ങളിലും ഇജ്തിഹാദി വിഷയങ്ങളിലും അഭിപ്രായ വൈവിധ്യം അംഗീകരിക്കുകയല്ലേ ആരോഗ്യകരമായ ഇസ്‌ലാമിക ജീവിതത്തിന് ഉത്തമം?

ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിലെ ഒന്നും രണ്ടും പ്രമാണങ്ങള്‍. സ്വഹീഹായ ഹദീസില്‍ ഒരു വിഷയം വന്നാല്‍ സ്വഹാബിമാരുടെ കാലത്ത് മറ്റൊരു അഭിപ്രായത്തിന് സാധ്യതയുണ്ടായിരുന്നില്ല. മദ്ഹബിന്റെ ഇമാമുമാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ കര്‍മശാസ്ത്ര അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി സ്വഹീഹായ ഹദീസ് കണ്ടാല്‍ അത് സ്വീകരിച്ച് ഞങ്ങളുടെ അഭിപ്രായം തള്ളണമെന്നവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായമാണ് സലഫികളും പിന്തുടരുന്നത്.

ഖുര്‍ആനിലും ഹദീസിലും ഖണ്ഡിതമായി വന്നിട്ടില്ലാത്ത ഇജ്തിഹാദി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതുപോലെ ചില ഹദീസുകളുടെ പ്രാമാണികത വിലയിരുത്തുന്നതിലും സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണോ എന്ന വിഷയം ഉദാഹരണം. ആ വിഷയത്തിലെ ഹദീസിന്റെ പ്രാമാണികത വിലയിരുത്തുന്നതിലുണ്ടായ അഭിപ്രായ വൈവിധ്യമാണ് ഈ വിഭിന്ന നിലപാടിനു കാരണം. ആ നിലക്ക് അതിനെ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണം.

മക്കയിലെ ഹറമില്‍ ഇരുപത് റക്അത്താണ് തറാവീഹ് നമസ്‌കരിക്കുന്നത്. അതിനു പുറമെ പതിനൊന്ന് റക്അത്ത് ഖിയാമുല്ലൈലും അവിടെ നടക്കുന്നുണ്ട്. ഇതിനോട് വിയോജിപ്പുള്ള ഒട്ടേറെ സലഫി പണ്ഡിതന്മാര്‍ മക്കയില്‍തന്നെയുണ്ട്. പക്ഷേ അതിന്റെ പേരില്‍ അവിടത്തെ ഇമാമുമാരും സലഫി പണ്ഡിതരും തമ്മില്‍ വാദപ്രതിവാദം നടന്നതായി നമ്മള്‍ കാണുന്നില്ല. അഭിപ്രായ വൈവിധ്യത്തെ സഹിഷ്ണുതയോടെയാണ് അവരെല്ലാം കാണുന്നത്. കേരളത്തിലെ സലഫികള്‍ക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. ഖുര്‍ആനും സുന്നത്തും ആധാരമാക്കിയുള്ള കാഴ്ചപ്പാടാണ് ഇസ്‌ലാമിക വിഷയങ്ങളില്‍ വേണ്ടതെന്ന അഭിപ്രായമുള്ളവരെയെല്ലാം സലഫികളായി കാണണം. ഈ അടിസ്ഥാന പ്രമാണങ്ങളില്‍ ഐക്യം നിലനിര്‍ത്തി വൈവിധ്യമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം.

 

പുതിയ കാലത്ത് നവോത്ഥാന പ്രസ്ഥാനത്തിനുള്ള സന്ദേശം?

ഒരു വ്യക്തിയുടെ ചിന്താധാരയിലേക്കല്ല നമ്മള്‍ ആളുകളെ ക്ഷണിക്കേണ്ടത്. അത് ഇബ്‌നു തൈമിയ്യ ആയാലും മുഹമ്മദുബ്‌നു അബ്ദില്‍ വഹാബായാലും ശരി. അവരൊക്കെ പരിഷ്‌കര്‍ത്താക്കളും ചിന്തകന്മാരുമാണ്. ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാവണം നമ്മള്‍ ജനങ്ങളെ ക്ഷണിക്കേണ്ടത്. കേരളത്തിലെ മുസ്‌ലിംകളെ ഈ സന്ദേശത്തിലേക്ക് ക്ഷണിക്കാനുള്ള അജണ്ടകളും പരിപാടികളുമാണ് നവോത്ഥാന സംഘടനകള്‍ രൂപപ്പെടുത്തേണ്ടത്. പരിമിതികളോടെയാണെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ കാലത്ത്  ഇത് നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിര്‍വഹിക്കുന്നുമുണ്ട്. അതുതന്നെയാണ് ഇനിയുള്ള കാലത്തും നടക്കേണ്ടത്. സംഘടന വളര്‍ത്തുക എന്നതിനപ്പുറത്ത് ഇസ്‌ലാമിന്റെ ആശയ പ്രചാരണം എങ്ങനെ നടത്താമെന്നതാവണം എല്ലാവരുടെയും മുഖ്യ അജണ്ട. ഇസ്‌ലാമിനെ പുതിയ കാലത്തിനാവശ്യമായ രീതിയില്‍ പരിചയപ്പെടുത്താനും അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും സാധിക്കേണ്ടതുണ്ട്. ഈ മുഖ്യ അജണ്ടകള്‍ക്ക് തടസ്സമാവുന്നതെല്ലാം ഒഴിവാക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. അപ്പോഴേ വരുംകാലത്തും അവ നവോത്ഥാന പ്രസ്ഥാനങ്ങളായി നിലനില്‍ക്കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌