Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

ജീവന്‍ തുടിക്കുന്ന തൂലികാ ചിത്രങ്ങള്‍

സി.ടി ബശീര്‍

തൂലികാ ചിത്രങ്ങളുടെ രചനക്ക് കേരളത്തില്‍ തുടക്കം കുറിച്ചത് ഒരുപക്ഷേ വക്കം അബ്ദുല്‍ഖാദറായിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷം 1975-ല്‍, ലോക പ്രശസ്തരായ പതിനാലു ദാര്‍ശനികരെ പറ്റി പി.കെ ശ്രീധരനുണ്ണി എഴുതിയ 'ജീവിത ദര്‍ശനങ്ങള്‍' കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചു. വി.എ കബീറിന്റെ 'സംസാരിക്കുന്ന ഛായാപടങ്ങള്‍ (ഐ.പി.എച്ച്) അന്തര്‍ദേശീയ, ദേശീയ ഇസ്‌ലാമിക വ്യക്തിത്വങ്ങളുടെ പോരാട്ട ചരിത്രമാണ്. ചരമക്കുറിപ്പുകളില്‍നിന്ന് വികസിപ്പിച്ചെടുത്ത ജീവിതഗാഥകള്‍ നവീന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിലെ തുടിക്കുന്ന താളുകളില്‍ വായിക്കാനാവുക ചോരയും കണ്ണീരും വാര്‍ന്ന് സമ്മിശ്രവികാരമുണര്‍ത്തുന്ന സമരചരിത്രവുമാണ്. കുലീനമായ സാഹിത്യശൈലിയാണ് ഈ കൃതിയുടെ വായന ആകര്‍ഷകമാക്കുന്നത്. ഏതാനും ഉദ്ധരണികള്‍: ''സമകാലീന ചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലമായ അധ്യായമാണ് സോവിയറ്റ് അധിനിവേശക്കരടിയെ കൊന്നുമൂടിയ അഫ്ഗാന്‍ ജിഹാദ്'', ''ഉന്മാദദേശീയ വിഗ്രഹത്തിനു വേണ്ടിയുള്ള ഭരണകൂട ഭീകരതയുടെ കുരുതി പൂജയായിരുന്നു ട്രൈബ്യൂണല്‍ വിധി'', ''പ്രവാചകനോടുള്ള സ്‌നേഹം ആ പ്രതിഭാശാലിയുടെ ഹൃദയത്തില്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ അത് കവിതയുടെ സരോവരമായി'', ''പടിഞ്ഞാറുനിന്ന് കിഴക്കോട്ട് യാത്രതിരിച്ച, അപാരമായ ആത്മദാഹത്തിന്റെ വേഴാമ്പലായിരുന്നു മര്‍യം ജമീല.'' തനിക്ക് അഭയം നല്‍കിയ മൗദൂദിയോടും ദാര്‍ശനിക കവി ഇഖ്ബാലിനോടും വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഹമ്മദ് അസദിനോടും മര്‍യം ജമീലക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഗ്രന്ഥകാരന്‍ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. വിവരണത്തിലുടനീളം ഗ്രന്ഥകാരന്‍ നീതിബോധം കാത്തുസൂക്ഷിക്കുന്നു. ശൈലിയിലുമുണ്ട് മാറ്റങ്ങള്‍. പോരാട്ടങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ അക്ഷരക്കൂട്ടങ്ങള്‍ കത്തിജ്ജ്വലിക്കുന്നു. കവിതയും സാഹിത്യവും പരാമര്‍ശിക്കുമ്പോള്‍ ശൈലി മന്ദമാരുതന്റെ കുളിരു പകരുന്നു.

ഖുര്‍റം മുറാദ് ജീവിതാന്ത്യംവരെ അദ്ദേഹത്തിന്റെ ചിരി സൂക്ഷിച്ചു. മരണാനന്തരം ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു ഒസ്യത്ത് സമൂഹത്തിനുവേണ്ടി ബാക്കിവെച്ചു. ശൈഖ് അബ്ദുല്‍മജീദ് പരിഹാസദ്യോതകമായ ഒരവകാശ ഹരജി പാക് ഭരണകൂടത്തിനു സമര്‍പ്പിക്കുക കൂടി ചെയ്തിരുന്നു. അതിലിങ്ങനെ വായിക്കാം: ''സുല്‍ത്താന്റെ പുത്രന്‍ സുല്‍ത്താന്‍. പാകിസ്താനിലെ നിലവിലെ ചക്രവര്‍ത്തീ, ഒരു യുദ്ധവും നയിക്കാതെ ഫീല്‍ഡ് മാര്‍ഷല്‍ സ്ഥാനം നേടിയ സൈനിക മേധാവീ, അടിസ്ഥാന ജനാധിപത്യത്തിന്റെ ആവിഷ്‌കര്‍ത്താവേ, അങ്ങയുടെ പാകിസ്താന്‍ വിജയത്തിനും ഭീകര ഭരണത്തിന്നും ദൈവാനുഗ്രഹമുണ്ടാവട്ടെ.'' ഈ ഹരജിക്ക് മറുപടി തടവറവാസമല്ലാതെ മറ്റൊന്നുമാകാനിടയില്ലല്ലോ. ഏകദിശോന്മുഖ ചിന്തയില്ലാത്ത മക്തി തങ്ങളുടെയും ഇസ്സുദ്ദീന്‍ മൗലവിയുടെയും എന്‍.എ കരീമിന്റെയും ചരിത്രം എല്ലാവര്‍ക്കും മാതൃകയാക്കാമെന്ന ധ്വനി കബീറിന്റെ എഴുത്തിലുണ്ട്.

വായന ഒട്ടും വിരസമാകാത്ത വിധത്തിലാണ് ഗ്രന്ഥകാരന്‍ തൂലികാചിത്രങ്ങള്‍ വരഞ്ഞിരിക്കുന്നത്. അവരില്‍ അന്തര്‍ദേശീയ, ദേശീയ വ്യക്തിത്വങ്ങള്‍ മാത്രമല്ല, പ്രാദേശിക തലങ്ങളില്‍ പ്രശസ്തരായവരും ഉണ്ട്. നേരത്തേ പരാമര്‍ശിക്കപ്പെട്ടവര്‍ക്കു പുറമെ ഹൈദര്‍ ബാമാത്ത്, നജ്മുദ്ദീന്‍ ബാമാത്ത്, ഗുലാം അഅ്‌സം, ഫതഹീയകന്‍, നജ്മുദ്ദീന്‍ അര്‍ബകാന്‍, അബ്ദുസ്സലാം യാസീന്‍, മുഹമ്മദ് ഖുത്വ്ബ്, വഹബ സുഹൈലി, ഉറൂജ് ഖാദിരി, മക്തി തങ്ങള്‍, മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി, ഡോ. ബശീര്‍ മുഹ്‌യിദ്ദീന്‍, എ.കെ അബ്ദുല്‍ഖാദിര്‍ മൗലവി, ഇ.വി അബ്ദു, ജമാല്‍ മലപ്പുറം, ടി.എ റശീദ് തുടങ്ങി ജീവിത വഴികളില്‍ സവിശേഷ പാദമുദ്രകള്‍ പതിപ്പിച്ചവരെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.

അനവദ്യസുന്ദരമായ അധ്യായങ്ങള്‍ അടുക്കിവെക്കുമ്പോള്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്താമായിരുന്നു. സി.എന്‍ അഹ്മദ് മൗലവിയുടെ കൃതികള്‍ പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ കൃതി 'ഇസ്‌ലാമിലെ ധനവിതരണ പദ്ധതി' വിട്ടുപോയി. വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാവായ അബ്ദുല്‍ മാജിദ് ദരിയാബാദിയുടെ വിശേഷണമായി ചേര്‍ത്തിട്ടുള്ളത് 'നര്‍മകോവിദനായ അക്കാദമികന്‍' എന്നാണ്. ഫിലോസഫി, ചരിത്രം, സയന്‍സ്, മനഃശാസ്ത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു മാജിദ് ദരിയാബാദിക്ക്. അതുകൂടി ശീര്‍ഷകത്തില്‍ ധ്വനിപ്പിക്കാമായിരുന്നു. ബാവാ ഹാജിയും യൂസുഫ് മൗലവിയും ഡോ. അഹ്മദും സി.പി കുട്ട്യാലിയും ചരിത്രത്തില്‍ ഉള്ളവര്‍ തന്നെയാണ്; അവരാരും ചരിത്രത്തിനു പുറത്തല്ല. പോരായ്മകള്‍ മഷിയിട്ടുനോക്കുന്നവര്‍ ഇങ്ങനെ ചിലത് ചൂണ്ടിക്കാണിച്ചേക്കാമെന്നു മാത്രം. 

**************************************************

 

മൗലാനാ മൗദൂദിയുടെ പ്രായോഗിക  രാഷ്ട്രീയ ചിന്തകള്‍


ഇരുപതാം നൂറ്റാണ്ടിലെ ഇസ്്‌ലാമിക നവോത്ഥാനത്തിന് ബീജവാപം നല്‍കിയ വ്യക്തിത്വങ്ങളില്‍ ശ്രദ്ധേയനാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി(1903-1979). ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇസ്്‌ലാമിക ധൈഷണിക മുന്നേറ്റത്തിന് മൗദൂദി ചിന്തകള്‍ അനല്‍പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. വിവിധ ലോക ഭാഷകളില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. കേവല ചിന്താ വ്യാപാരങ്ങളില്‍ ഒതുങ്ങിക്കൂടുകയല്ല അദ്ദേഹം ചെയ്തത്. ഒരു ഇസ്്‌ലാമിക പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നല്‍കുകയുായി.
മൗലാനാ മൗദൂദിയുടെ ആദ്യകാല രചനകള്‍ ഇസ്്‌ലാമിനെ സൈദ്ധാന്തികമായി അപഗ്രഥിക്കുന്നവയായിരുന്നു. കമ്യൂണിസ്റ്റ്-മുതലാളിത്ത ദര്‍ശനങ്ങള്‍ക്ക് ബദലായി ഇസ്്‌ലാമിനെ ഒരു ജീവിത വ്യവസ്ഥയായി അദ്ദേഹം അവതരിപ്പിച്ചു. കേരളീയ സമൂഹത്തില്‍ പ്രചാരം ലഭിച്ച മിക്ക രചനകളും ഈ കാലഘട്ടത്തിലേതായിരുന്നു. എന്നാല്‍ ഇന്ത്യാ വിഭജന ശേഷം, മൗദൂദി തന്റെ പ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍ കേന്ദ്രീകരിച്ചു. സാമുദായികതയില്‍ അധിഷ്ഠിതമായ പാശ്ചാത്യ സെക്യുലറിസം പാകിസ്താനില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രതിരോധിച്ചു. അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ നിലപാടുകളും ഇടപെടലുകളുമായി ബന്ധപ്പെട്ട രചനകളും അവയെ കേന്ദ്രീകരിച്ചുള്ള അഭിമുഖങ്ങളും മലയാളത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഈ കുറവ് കുറേയൊക്കെ നികത്തുന്ന ഗ്രന്ഥമായിരുന്നു വി.എ കബീര്‍ എഡിറ്റ് ചെയ്ത മൗദൂദി സ്മൃതിരേഖകള്‍. അതിന്റെ തുടര്‍ച്ചയാണ് ഐ.പി.എച്ച് പുറത്തിറക്കിയ മൗദൂദി അഭിമുഖങ്ങള്‍. അബൂതാരിഖാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. വിവര്‍ത്തനം അബ്ദുര്‍റഹ്്മാന്‍ മുന്നൂര്.
സയ്യിദ് മൗദൂദി അറബി, ഉര്‍ദു, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രായോഗിക നയസമീപനങ്ങള്‍ വിശദീകരിക്കുകയാണ് മുഖ്യമായും ഇവയില്‍. രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ജനാധിപത്യ പരിവര്‍ത്തനത്തെക്കുറിച്ചുമുള്ള മൗലാനാ മൗദൂദിയുടെ സുചിന്തിത വീക്ഷണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണാം. ഗ്രന്ഥകാരന്റെ യാത്രകളും വ്യക്തിപരവും പ്രാസ്ഥാനികവുമായ അനുഭവങ്ങളും അഭിമുഖങ്ങളില്‍ കടന്നുവരുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിലും എഴുപതുകളിലുമാണ് ഈ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. അക്കാലത്ത് കത്തിനിന്ന രാഷ്ര്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം സ്വാഭാവികമായും ഇതില്‍ കടന്നുവരുന്നു. വിയോജിക്കുന്ന ദര്‍ശനങ്ങളോടും പ്രസ്ഥാനങ്ങളോടും അനുവര്‍ത്തിക്കേണ്ട പ്രായോഗിക സമീപനങ്ങള്‍ മൗലാന വിശദീകരിക്കുന്നത് വായിച്ചുപോവുമ്പോള്‍, എത്രമാത്രം പ്രത്യുല്‍പന്നമതിത്വവും പ്രയോഗക്ഷമതയുമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത് എന്നു കണ്ടെത്താനാവൂം. വ്യക്തിപരമായ വിഷയത്തില്‍പോലും തന്റെ ദൗത്യത്തോട് അദ്ദേഹം പുലര്‍ത്തിയ പ്രതിബദ്ധതയും സമര്‍പ്പണമനസ്സും ആ സംസാരങ്ങളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. ഭാവിയൂമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയുമ്പോള്‍ നിരാശയുടെ ലാഞ്ഛന പോലും നമുക്ക് കാണാനാവില്ല. നാളെ സൂര്യനുദിക്കും എന്ന കാര്യത്തില്‍ നമുക്ക് എത്ര ഉറപ്പുണ്ടോ, അത്രതന്നെ ഉറപ്പ് ഇസ്്‌ലാമിക ശക്തികള്‍ വിജയം വരിക്കും എന്ന കാര്യത്തിലും അദ്ദേഹം വെച്ചുപുലര്‍ത്തുന്നു. പാകിസ്താനിലെ അനുഭവങ്ങള്‍ക്കപ്പുറം, പാശ്ചാത്യ ലോകത്തും അറബ് രാജ്യങ്ങളിലും മൗലാന നടത്തിയ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും നല്ല ഉള്‍ക്കാഴ്ച പകരുന്നവയാണ്. ഇസ്്‌ലാം ഒരു നവോത്ഥാനാശയം എന്ന നിലക്കും ബദല്‍ ജീവിതദര്‍ശനം എന്ന നിലക്കുമുള്ള ചിന്തകളാണ് മൗലാനാ മൗദൂദിയടക്കമുള്ള പരിഷ്‌കര്‍ത്താക്കളുടെ രചനകളില്‍ കാണാനാവുക. മാറുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഇസ്്‌ലാമിന്റെ പ്രായോഗിക സമീപനങ്ങള്‍ നിരന്തര ഗവേഷണം ആവശ്യപ്പെടുന്നുണ്ട്. ഇത് രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച വലിയ ഉള്‍ക്കാഴ്ച നല്‍കുന്നു മൗലാനയുടെ സംസാരങ്ങള്‍. തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും പ്രസ്ഥാനനായകന്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും വിചാരങ്ങളും ഇന്നും ഇസ്്‌ലാമിക പ്രവര്‍ത്തകരില്‍ ആവേശം വിതറാന്‍ പോന്നവയാണ്.

ഇന്‍സാഫ് പതിമംഗലം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍