Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

സൗന്ദര്യം, അകവും പുറവും

ഡോ. ജാസിമുല്‍ മുത്വവ്വ

തങ്ങളുടെ ഭാര്യമാരെക്കുറിച്ച പരാതിയുമായി എന്നെ സമീപിച്ച ഭര്‍ത്താക്കന്മാര്‍ക്ക് ഒരേ സ്വരം: ''സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി അവള്‍ ധാരാളം പണം ചെലവഴിക്കുന്നു. ബ്യൂട്ടി  പാര്‍ലറിലാണ് മിക്കപ്പോഴും. ഇന്‍സ്റ്റഗ്രാമിലോ സ്‌നാപിലോ സുന്ദരിയും കോമളാംഗിയുമായി പ്രത്യക്ഷപ്പെടുന്നതിനാണ് ഈ വേലകളൊക്കെ.''

ഭര്‍ത്താക്കന്മാരെക്കുറിച്ച് ഭാര്യമാര്‍ക്കുമുണ്ട് പരാതി: ''വീടുനോക്കാനും മക്കളെ പഠിപ്പിക്കാനും പരിപാലിക്കാനും ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ഭര്‍ത്താവ് ചെലവിടുന്നത് ബോഡി ഫിറ്റ്‌നസിനും പേശി പെരുപ്പിക്കാനും വസ്ത്രത്തിനുമൊക്കെയാണ്.''

ഇത്തരം പരാതികള്‍ കേള്‍ക്കുമ്പോള്‍ ആലോചിച്ചുപോകും, മൂല്യങ്ങള്‍ക്കും ജീവിത സങ്കല്‍പങ്ങള്‍ക്കുമെല്ലാം കുഴമറിച്ചില്‍ സംഭവിച്ച കാലഘട്ടത്തിലല്ലേ നാമെല്ലാം ജീവിക്കുന്നത് എന്ന്. ആന്തരിക സൗന്ദര്യത്തേക്കാള്‍ ബാഹ്യസൗന്ദര്യത്തിലാണോ ഇന്ന് ആളുകള്‍ക്ക് ഏറെ ശ്രദ്ധ? മാസവരുമാനത്തില്‍ പകുതിയിലേറെയും ബ്യൂട്ടിപാര്‍ലറില്‍ നല്‍കുന്നവളാണ് തന്റെ ഭാര്യയെന്ന പരാതിയുമായി ഒരു ഭര്‍ത്താവ് എന്നെ സമീപിച്ചു. 'സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയാവണം എന്നതാണ് അവളുടെ മോഹം.' അമര്‍ഷത്തോടെ അയാള്‍ പറഞ്ഞു.

കുടുംബഭദ്രതക്കും ഗൃഹഭരണത്തിനും ഒരു പരിഗണനയും നല്‍കാതെ ബാഹ്യസൗന്ദര്യത്തിനും പ്രശസ്തിക്കുമാണോ ഇന്നത്തെ ഭര്‍ത്താക്കന്മാരും ഭാര്യമാരും പ്രാധാന്യം നല്‍കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെടാറുണ്ട്. ഒരു ഭാര്യയുടെ വര്‍ത്തമാനം കേട്ടു ഞാന്‍ അന്തം വിട്ടു. അവര്‍ എന്നോട് പറയുകയാണ്: ''പര്‍ദാധാരിണികള്‍ക്കുള്ള പുതിയ പുതിയ മോഡലുകളും ഡിസൈനുകളും ഇന്‍സ്റ്റഗ്രാമില്‍ പ്രദര്‍ശിപ്പിച്ച് മാസത്തില്‍ അയ്യായിരം ദീനാറിലേറെ ഞാന്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്. എനിക്കിനി ഭര്‍ത്താവും വേണ്ട, വീടും വേണ്ട. ആ ബന്ധമൊന്നും ആവശ്യമില്ല ഇനി.''

നമ്മുടെ സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ പെരുകുകയാണ്. ജോലിക്കു വേണ്ടി പുറത്തു പോകാനോ കൂട്ടുകാരികളോടൊത്ത് പുറത്ത് ഉല്ലസിക്കാനോ മണിക്കൂറുകളോളമെടുത്ത് അണിഞ്ഞൊരുങ്ങുന്നവരാണ് നമ്മുടെ സ്ത്രീരത്‌നങ്ങള്‍. തന്റെ അരികത്തു തന്നെയുള്ള ഭര്‍ത്താവിനു വേണ്ടി മധുവിധുവിന്റെ ആദ്യനാളുകളിലല്ലാതെ അവള്‍ അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവില്ല. ഇതുതന്നെയാണ് ഭര്‍ത്താവിന്റെ സ്ഥിതിയും. പുറത്തു പോകാനും സ്‌നേഹിതന്മാരെ സന്ദര്‍ശിക്കാനും ജോലിസ്ഥലത്തേക്കും അയാള്‍ അണിഞ്ഞൊരുങ്ങും, സുഗന്ധം പൂശും. പക്ഷേ, തന്റെ ഭാര്യക്കു വേണ്ടിയും അണിഞ്ഞൊരുങ്ങണമെന്ന ചിന്ത അയാള്‍ക്കുണ്ടാവില്ല. നമ്മുടെ യുവാക്കള്‍ക്ക് തങ്ങളുടെ ശരീരത്തെക്കുറിച്ച് കവിഞ്ഞ ശ്രദ്ധയുമാണ്. ഏറ്റവും ചെലവ് കൂടിയ ബോഡി ബില്‍ഡിംഗ്-ഫിറ്റ്‌നെസ് സെന്ററിലാണ് അവര്‍ പോവുക. ദൃഢപേശിയുള്ള ശരീരമാണ് അവരുടെ ലക്ഷ്യം. വിലകൂടിയ വസ്ത്രങ്ങള്‍ക്കു വേണ്ടിയാണ് തങ്ങളുടെ പണമത്രയും അവര്‍ ചെലവിടുന്നത്. ബ്യൂട്ടി സലൂണുകളില്‍ പോകുന്ന പുരുഷന്മാരുണ്ട്. ആന്തരിക സൗന്ദര്യം വര്‍ധിപ്പിക്കാന്‍ അവര്‍ നേരം കണ്ടെത്തുകയില്ല.

ബോഡി ബില്‍ഡിംഗ്-ഫിറ്റ്‌നെസ് സെന്ററില്‍ എന്തൊരു തിരക്കാണ്! വമ്പന്‍ മത്സരം നടക്കുന്ന ബിസിനസ് മേഖലയായിത്തീര്‍ന്നിരിക്കുന്നു ഇന്ന് അത്. ഒരു വ്യക്തി മരിച്ചാല്‍ ആളുകള്‍ ഓര്‍ത്തു പറയുക അയാള്‍ ചെയ്ത സല്‍ക്കര്‍മങ്ങളെക്കുറിച്ചും വിട്ടേച്ചുപോയ അടയാളങ്ങളെയും കാല്‍പാടുകളെയും കുറിച്ചുമാണ്. അയാളുടെ മുഖസൗന്ദര്യമോ കായിക ശേഷിയോ ആരുടെയും ഓര്‍മയില്‍ തങ്ങില്ല. ഈ വസ്തുത അത്തരം ആളുകള്‍ മറന്ന മട്ടാണ്. 'ഉടയാടയല്ല മനുഷ്യനെ നിര്‍മിക്കുന്നത്' എന്നൊരു ചൊല്ലുണ്ടല്ലോ. ഇന്ന് മാനദണ്ഡങ്ങളൊക്കെ മാറി. ബാഹ്യമോടി നോക്കിയാണ് ആളുകള്‍ വ്യക്തികളെ വിലയിരുത്തുന്നത്; ഉള്‍പൊരുള്‍ നോക്കിയല്ല. ബാഹ്യമോടി നമ്മെ വഞ്ചിക്കാന്‍ ഇടയാവരുത്. മിന്നുന്നതെല്ലാം പൊന്നല്ല. തങ്ങളിപ്പോഴും യുവാക്കളാണന്ന് തോന്നിക്കാന്‍ ബാഹ്യ സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന വൃദ്ധരുണ്ട്. ഇതു പക്ഷേ, ആന്തരിക സൗന്ദര്യത്തെ ബലികൊടുത്താവരുത്.

ആന്തരിക സൗന്ദര്യമാണ് അടിസ്ഥാനം. ബാഹ്യസൗന്ദര്യം അതിനെ തുടര്‍ന്നു വന്നുകൊള്ളും, മറിച്ചല്ല. ആന്തരിക സൗന്ദര്യമെന്നത് ആത്മാവിന്റെയും ഹൃദയത്തിന്റെയും മനസ്സിന്റെയും സൗന്ദര്യമാണ്.

ഒന്നാമത്തേത്, സംശയം വേണ്ട, ആത്മാവിന്റെ സൗന്ദര്യം തന്നെ. അഴകിന്റെ ഉടമയായ തന്റെ സ്രഷ്ടാവുമായുള്ള ബന്ധത്തില്‍നിന്ന് ഉത്ഭൂതമാകുന്നതാണത്. കാരണം അല്ലാഹു സുന്ദരനാണ്, സൗന്ദര്യം അവന്‍ ഇഷ്ടപ്പെടുന്നു. സ്രഷ്ടാവിനോട് ബന്ധം സ്ഥാപിക്കുമ്പോഴെല്ലാം ആത്മാവിന്റെ സൗന്ദര്യം കൂടും, ആരാധനാകര്‍മങ്ങളില്‍ നിഷ്ഠ, സല്‍പെരുമാറ്റം എന്നിവകളിലൂടെ നേടിയെടുക്കാവുന്നതാണിത്. മറ്റൊന്ന് ഹൃദയസൗന്ദര്യം. പക, പോര്, ശത്രുത, വൈരാഗ്യം, അസൂയ, വെറുപ്പ് എന്നീ തമോഗുണങ്ങളില്‍നിന്ന് മുക്തമായ സംശുദ്ധ ഹൃദയം കാത്തുസൂക്ഷിക്കുക. അപ്പോള്‍ അല്ലാഹുവിന്റെ തൃപ്തിക്ക് അര്‍ഹനാവും. 'മുതലും മക്കളും പ്രയോജനപ്പെടാത്ത ദിവസം, സംശുദ്ധമായ ഹൃദയവുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ആഗതരാവുന്നവര്‍ക്കാണ് സുരക്ഷ' എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. മനസ്സിന്റെ ഒരു സൗന്ദര്യമുണ്ട്. അതുണ്ടാവുന്നത് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലൂടെയാണ്; സേവനങ്ങള്‍ അര്‍പ്പിക്കുന്നതിലൂടെയാണ്. ആത്മവിശ്വാസം, പുഞ്ചിരി, നിത്യമന്ദഹാസം, മറ്റുള്ളവരുമായി തന്നെ താരതമ്യപ്പെടുത്തായ്ക, ജീവിതത്തില്‍ ശുഭവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തുന്ന രചനാത്മക സമീപനം തുടങ്ങിയവയിലൂടെ മനസ്സിന്റെ സൗന്ദര്യം നേടിയെടുക്കാം.

ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ അതീവ ശ്രദ്ധയും താല്‍പര്യവും ജാഗ്രതയും വേണമല്ലോ. അതുപോലെ മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയും സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കരുതലും ജാഗ്രതയും ഉണര്‍വും ആവശ്യമാണ്. ബാഹ്യസൗന്ദര്യവും ആന്തരിക സൗന്ദര്യവും ഒപ്പത്തിനൊപ്പം വേണം. ഒന്നിനെ ബലികഴിച്ചുകൊണ്ടാവരുത് മറ്റേത് നേടുന്നത്. 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍