Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

കമ്യൂണിസത്തില്‍നിന്ന് മുസ്‌ലിം യുവതയുടെ തിരിച്ചുവരവ്

കെ.ടി അന്ത്രു മൗലവി

(ജീവിതം-3)

ഉപ്പയുടെ മരണശേഷം ചൊക്ലിക്കടുത്ത് മേനപ്രത്തെ ഒരു സുന്നി മദ്‌റസയില്‍ ഞാന്‍ ഉസ്താദായി. അന്ന് മാസവേതനം 20 രൂപയാണ്. തുടക്കത്തിലൊക്കെ വളരെ കഷ്ടമായിരുന്നു. വീട്ടില്‍നിന്ന് കിലോമീറ്റര്‍ നടന്നാണ് പോക്കും വരവും. 7.30 മുതല്‍ 9.30 വരെയാണ് ക്ലാസ്. ശേഷം വീട്ടില്‍ വന്ന് പറമ്പിലും മറ്റും ജോലി ചെയ്യും, പശുവിനെ പോറ്റിയിരുന്നു. പിന്നെ, ഞാന്‍ മുസ്‌ലിയാരാണല്ലോ! വീടുകളില്‍ പോയി അല്‍ബഖറയും മറ്റും ഓതാനും പിഞ്ഞാണം എഴുതിക്കൊടുക്കാനുമൊക്കെയുണ്ടാകും. ഉറുക്ക് എഴുതിക്കൊടുക്കും. പിഞ്ഞാണമെഴുത്തൊക്കെ നല്ല സുഖമുള്ള ഏര്‍പ്പാടായിരുന്നു. കൂട്ടിയെഴുതുകയൊന്നും വേണ്ട. അക്ഷരങ്ങള്‍ ഒറ്റയൊറ്റയായി പിഞ്ഞാണത്തില്‍ എഴുതിക്കൊടുത്താല്‍ മതി. അഊദു, ബിസ്മി..... ഇതൊക്കെയാണ് എഴുതുക; പിന്നെ ചില ദിക്‌റുകളും. അതിന് നിശ്ചിത സംഖ്യയൊന്നും ഇല്ല, ഇഷ്ടമുള്ളത് തരും.

ആദ്യമൊക്കെ വിശ്വാസത്തോടെത്തന്നെയാണ്  പിഞ്ഞാണമെഴുതിയിരുന്നതും മറ്റും. പിന്നെ എനിക്ക് ആ വിശ്വാസം നഷ്ടപ്പെട്ടു. ഇവിടെ അടുത്ത് ഒരു കുഞ്ഞബ്ദുല്ല ഉണ്ടായിരുന്നു. അയാളുടെ അടുത്ത് തല്‍സമാത്തിന്റെയും മറ്റും കിതാബൊക്കെ ഉണ്ടായിരുന്നു. അതില്‍ ഒരു ഭാഗം പറയുന്നത് ഇങ്ങനെ: 'അലാ മന്‍ ഖലഖ വഹുവല്ലത്വീഫുല്‍ഖബീര്‍' എന്ന ആയത്ത് ഓതി, നബിയെ സ്വപ്‌നം കാണണം എന്ന് വിചാരിച്ച് കിടന്നാല്‍ നബിയെ സ്വപ്‌നം കാണും! ഇതേ ആയത്ത് മൂന്ന് തവണ ഓതി നെഞ്ചില്‍ ഊതിയിട്ട് ഹഖ് തആലായെ (അല്ലാഹു) സ്വപ്‌നം കാണണം എന്ന് ആഗ്രഹിച്ച് കിടന്നാല്‍ അല്ലാഹുവെ സ്വപ്‌നം കാണും.'  ഇത് വായിച്ച ഞാന്‍ കുഞ്ഞബ്ദുല്ലക്കയോട് ചോദിച്ചു; നിങ്ങള്‍ ഇത് പരീക്ഷിച്ച് ബോധ്യപെട്ടതാണോ? അതെ - അേദ്ദഹം പറഞ്ഞു. ഞാന്‍ ചോദിച്ചു: എങ്ങനെയാണ് നിങ്ങള്‍ കണ്ടത്? 'അത് നീ എന്നോട് ചോദിക്കരുത്' - ഇതായിരുന്നു കുഞ്ഞബ്ദുല്ലക്കയുടെ മറുപടി! അല്ലാഹുവിനെ നമുക്ക് കാണാന്‍ പറ്റില്ല എന്നത് വ്യക്തമാണല്ലോ. പക്ഷേ, അതിനെതിരാണ് കിതാബില്‍ പറഞ്ഞിരിക്കുന്നത്. ഇതോടു കൂടി പിഞ്ഞാണമെഴുത്ത് മുതലായ കാര്യങ്ങളിലുള്ള എന്റെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു. മേനപ്രം മദ്‌റസയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് ഇതെല്ലാം. ഇതോടെ അന്ധവിശ്വാസങ്ങളുടെ ലോകത്തുനിന്ന് ഞാന്‍ മോചിതനാവുകയായിരുന്നു.

ചെറുപ്പം മുതല്‍ക്കേ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും യാതൊരുവിധ ആവേശവുമില്ലായിരുന്നു. ഏതാനും പ്രധാന ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച ഇന്ദിരാഗാന്ധിയോട് മാത്രമായിരുന്നു ചെറിയ ആഭിമുഖ്യം ഉണ്ടായിരുന്നത്, അതും കോണ്‍ഗ്രസിനോടില്ല. എന്റെ ഉള്ളില്‍ എന്നും ഒരു സോഷ്യലിസ്റ്റുണ്ടായിരുന്നു.

മുതലാളിത്തം അവസാനിക്കുക, പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്ന സാമൂഹികാവസ്ഥ സംജാതമാവുക എന്ന പുരോഗമന മനസ്സ് അന്ന് പൊതുവിലുണ്ടായിരുന്നു. മുസ്‌ലിം യുവാക്കളിലും അതുണ്ടായിരുന്നു. ചിലരൊന്നും അത് തുറന്ന് പ്രകടിപ്പിക്കുമായിരുന്നില്ല. മുസ്‌ലിം യുവാക്കളില്‍ പലരും അക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടരാവാനുണ്ടായ പ്രധാന കാരണം ഈയൊരു മനസ്സാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ തന്നെ ഈ വിമോചന ആശയം ഉണ്ടായിരുന്നെങ്കിലും അന്നത്തെ മുസ്‌ലിംകളുടെ മതത്തിന് ഇത്തരമൊരു മുഖം ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന വിമോചനാത്മകവും സമഗ്രവുമായ ഇസ്‌ലാമൊന്നും അന്ന് പ്രചരിച്ചിരുന്നില്ലല്ലോ. പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയ പ്രചാരണങ്ങള്‍ വ്യാപകമായി നടന്നു. കമ്യൂണിസത്തിലേക്ക് പോയിരുന്ന മുസ്‌ലിംയുവത വലിയ അളവില്‍ മാറി ചിന്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് കുറേ യുവാക്കള്‍ ജമാഅത്തിലേക്ക് വന്നു. ജമാഅത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ നടന്ന ഇസ്‌ലാം -മാര്‍ക്‌സിസം സംവാദത്തിന്റെ ചരിത്രം പഠന വിധേയമാക്കേണ്ടതാണ്. ഇന്നിപ്പോള്‍, ഇസ്‌ലാം സമ്പൂര്‍ണ ജീവിത വ്യവസ്ഥയും വിമോചന ദര്‍ശനവുമാണെന്ന് ഏത് മുസ്‌ലിം ലീഗുകാരനും മത സംഘടനക്കാരനും പറയും. അന്ന് ഇങ്ങനെയൊന്നും പറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഇസ്‌ലാമിനെ സംബന്ധിച്ച ജമാഅത്ത് നടത്തിയ പ്രചാരണത്തിന്റെ സ്വാധീനമാണ് ഇത്. 1970-കള്‍ മുതലാണ് ഇത് കൂടുതല്‍ സംഭവിച്ചത്. എന്നാല്‍, ഈ വിധത്തില്‍ ആശയപരമായി വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞെങ്കിലും അതിനനുസരിച്ച് മുസ്‌ലിം ബഹുജനങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനായിട്ടില്ല. സ്വാധീനവും സംഘടനാവല്‍ക്കരണവും രണ്ടു കാര്യങ്ങളാണെന്നര്‍ഥം. മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തിന്റെ രാഷ്ട്രീയ കെട്ടുപാടാണ് ഇതിന് കാരണമെന്നാണ് തോന്നുന്നത്. മുസ്‌ലിം ലീഗിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസിലുമായി മുസ്‌ലിംകള്‍ ചിതറക്കിടക്കുകയാണ്. അവര്‍ക്ക് രാഷ്ട്രീയ താല്‍പര്യമാണ് ഒന്നാമത്തേത്. ജമാഅത്ത് പറയുന്നതും തങ്ങള്‍ മാനസികമായി സ്വീകരിച്ചതുമായ ആശയങ്ങള്‍ പ്രായോഗികമായി എറ്റടുത്താല്‍, തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഹാനി സംഭവിക്കും എന്നാണ് പലരും ചിന്തിക്കുന്നത്.

ഇക്കാലത്താണ് ഞാന്‍ പുരോഗമനാശയത്തിലേക്കടുക്കുന്നത്. വായനയോട് പൊതുവെ താല്‍പര്യം കുറവായിരുന്ന ഞാന്‍, ഖുത്തുബാത്ത്, ആധുനിക ജീവിതം തുടങ്ങിയവയെ കുറിച്ചൊക്കെ മറ്റൊരാളുടെ വായനയിലൂടെ കേട്ടറിയുകയായിരുന്നു. മേനപ്രം കുറ്റിയില്‍ പീടികയിലെ പള്ളിയില്‍ ഇരുന്ന് കുറച്ച് ചെറുപ്പക്കാര്‍ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഉസ്താദായ എന്റെ മുമ്പിലിരുന്നാണ് ഒരാള്‍ ഈ പുസ്തകങ്ങള്‍ ഉറക്കെ വായിക്കുക, മറ്റുള്ളവര്‍ കേള്‍ക്കും. ആദ്യമൊക്കെ വായനക്കാരന്‍ പുസ്തകത്തിലെ ചില കാര്യങ്ങള്‍ ചൂണ്ടി അതു ശരിയല്ലേ ഉസ്താദേ എന്നു ചോദിക്കുമ്പോള്‍ വെറുതെയൊന്നു മൂളുക മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളൂ. പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ ചിന്താഗതിയെയും മാറ്റിമറിച്ച് ആ പുസ്തകങ്ങളിലെ ആശയങ്ങള്‍ ശരി തന്നെയാണ് എന്ന് വാദിച്ച് ഞാന്‍ അതിന്റെ വക്താവായി മാറുകയാണുണ്ടായത്. ഖുത്തുബാത്ത് മൗദൂദിയുടേതാണ് എന്നൊന്നും അറിയാതെയാണ് അതിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടത്. അന്ന് ജമാഅത്തെ ഇസ്‌ലാമിയെയും അറിയില്ല, ഇവിടെയൊന്നും സംഘടനാ പ്രവര്‍ത്തനവുമില്ല. പുരോഗമന ആശയങ്ങള്‍ എന്നു മാത്രമാണ് അറിയുക. പുരോഗമന ചിന്തകള്‍ ഉള്‍ക്കൊണ്ടതോടെ അതിനനുസരിച്ച് ആളുകളുമായി വാദപ്രതിവാദം നടത്താനൊക്കെ തുടങ്ങിയിരുന്നു. ചെപവുലത്ത് അബൂബക്കര്‍, ബിലാപില്ലേരി മുഹമ്മദ് തുടങ്ങിയവരായിരുന്നു പള്ളിയില്‍ വായിക്കാനിരുന്നവരില്‍ ചിലര്‍.

ഖുത്തുബാത്ത് വായിച്ചുകേട്ടപ്പോള്‍, ഇന്ന് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം യഥാര്‍ഥത്തില്‍ ദീനിലില്ലാത്തവയാണല്ലോ എന്ന തോന്നലുണ്ടായി. ജനങ്ങളുടെ ഇടയില്‍ നടന്നുവന്നിരുന്ന കാര്യങ്ങള്‍ ഞാന്‍ ഓതിപ്പഠിച്ച കിതാബിലൊന്നും  ഒട്ടും ഇല്ലായിരുന്നുതാനും. മദ്‌റസയില്‍ അമലിയ്യാത്തും ദീനിയ്യാത്തും അഖ്‌ലാക്കും ഒക്കെയുണ്ട്. പക്ഷേ, അതിലൊന്നും റാത്തീബും മൗലീദും പറയുന്നില്ല. മറ്റു കിതാബുകളിലും ഇല്ല. ഇതെല്ലാം പില്‍ക്കാല നിര്‍മിതിയാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ വേറെ തെളിവൊന്നും വേണ്ടല്ലോ. ഞാന്‍ ഉടന്‍തന്നെ ഇത്തരം അനാചാരങ്ങളൊക്കെ ഉപേക്ഷിച്ചു.

 

ജമാഅത്തെ ഇസ്‌ലാമിയിലേക്ക്

1974-ന്റെ തുടക്കത്തിലാണ് ജമാഅത്തിന്റെ പ്രത്യേക മേഖലാ സമ്മേളനങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. കാഞ്ഞിരപ്പള്ളി, തിരൂര്‍ക്കാട്, തലശ്ശേരി എന്നീ സ്ഥലങ്ങളിലാണ് തുടക്കം. ഞാന്‍ അന്ന് ചൊക്ലി ഓറിയന്റല്‍ സ്‌കൂളില്‍ അധ്യാപകനാണ്. ഗോപാലപേട്ടയിലാണ് തലശ്ശേരി മേഖലാ സമ്മേളനം നടന്നത്.

അന്നേവരെ അത്തരമൊരു സമ്മേളനത്തിന് ഞാന്‍ സാക്ഷിയായിട്ടില്ല.  രണ്ടേക്കറോളം വരുന്ന സ്ഥലത്ത് പത്തായിരത്തോളം പേര്‍ വളരെ അച്ചടക്കത്തോടെ അണിനിരന്ന വേദി. ഓലപ്പന്തല്‍, നിലത്ത് വൈക്കോലിനുമേല്‍ പായ വിരിച്ചുള്ള ഇരുത്തം, നല്ല സുഖസുന്ദരമായ കടല്‍ക്കാറ്റ്... എല്ലാം കൂടി നല്ലൊരു സമ്മേളനം! ചുറ്റും പലയിടങ്ങളിലുമായി പ്ലക്കാര്‍ഡുകളില്‍ തത്ത്വങ്ങളൊക്കെ എഴുതിവെച്ചിരിക്കുന്നു. വേറിട്ട ഒരനുഭവമായിരുന്നു ആ സമ്മേളനം. താര്‍പ്പായ കെട്ടിയാണ് വുദൂ എടുക്കാനുള്ള വെള്ളം സംഭരിച്ചുവെച്ചിരുന്നത്.

അന്നത്തെ ഉത്തരമേഖലാ നാസിമായിരുന്ന മൊയ്തു മൗലവി, ടാങ്കില്‍ സംഭരിച്ചുവെച്ച വെള്ളം തീരുകയാണെങ്കില്‍ കടലിലേക്കിറങ്ങി വുദൂ ചെയ്യണം എന്ന് ഉപദേശിക്കുകയുണ്ടായി. കടല്‍വെള്ളം വുദൂ ചെയ്യാന്‍ ശുദ്ധമാണോ എന്ന സംശയം തീര്‍ക്കാന്‍, 'അതിലെ വെള്ളം ശുദ്ധമാണ്. അതിലുള്ള ശവം അനുവദനീയമാണ്' എന്ന ഹദീസും അദ്ദേഹം ഉദ്ധരിച്ചു. ഉപ്പുവെള്ളമായാലും വുദൂ ചെയ്യുന്നതിന് മടിക്കേണ്ട എന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ടി.കെ അബ്ദുല്ല സാഹിബ് ഒന്നു രണ്ടു തവണ പ്രസംഗിക്കുകയുണ്ടായി.

'നാട്ടിലെ പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിലായിരുന്നു സിമ്പോസിയം. മാര്‍ക്‌സിസ്റ്റ് നേതാവ് ചാത്തുണ്ണി മാഷും അതില്‍ പങ്കെടുത്തിരുന്നു. പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി: ''നാട് മാത്രമല്ല, എല്ലാം പ്രശ്‌നത്തിലാണ്. മതങ്ങളും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്.'' സിമ്പോസിയത്തിലെ ടി.കെയുടെ പ്രസംഗം ഗംഭീരമായിരുന്നു. 'പലതും പ്രശ്‌നത്തിലാണെന്നു പറഞ്ഞ കൂട്ടത്തില്‍ ചാത്തുണ്ണി മാഷ് ഒന്നു മനസ്സിലാക്കിയില്ല, കമ്യൂണിസവും പ്രശ്‌നത്തിലാണ്, പ്രതിസന്ധിയിലാണ്' എന്നാണ് ചാത്തുണ്ണി മാസ്റ്ററുടെ പരാമര്‍ശത്തെക്കുറിച്ച് ടി.കെ പ്രതികരിച്ചത്.

ഇങ്ങനെ പറയാനുള്ള ധൈര്യം അക്കാലത്ത് ആര്‍ക്കുമുണ്ടായിരുന്നില്ല. കമ്യൂണിസം തിളച്ചുമറിയുന്ന കാലമാണത്. സോവിയറ്റ് യൂനിയനോ അമേരിക്കയോ ഏതാണ് മുന്‍പന്തിയില്‍ എന്ന് പറയാന്‍ പറ്റാത്തത്രയും ശക്തമായ കാലത്താണ് ടി.കെ ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത്, അതും തലശ്ശേരിയില്‍! 'സോവിയറ്റ് റഷ്യയില്‍ ഇതുപോലൊരു സിമ്പോസിയം സംഘടിപ്പിക്കാന്‍ ചാത്തുണ്ണി മാഷിന് കഴിയുമോ?' എന്നിങ്ങനെ കമ്യൂണിസത്തിന്റെ ദൗര്‍ബല്യങ്ങളെല്ലാം ടി.കെ എടുത്തുപറയുകയുണ്ടായി. 'മൂക്കോളം വാട്ടര്‍ ഗെയ്റ്റില്‍ മുങ്ങിക്കുളിച്ച നിക്‌സന്റെ നാട്ടില്‍ പോയാല്‍ നമുക്ക് ഊര്‍ജവും പ്രകാശവും കിട്ടുകയില്ല. ഒരു ചേരിപ്പൊളിയുമായി സോവിയറ്റ് റഷ്യയില്‍ പോയാല്‍ ഊര്‍ജവും പ്രകാശവും കിട്ടുകയില്ല. പ്രകാശവും ഊര്‍ജവും കിട്ടണമെങ്കില്‍ ഹിറാ ഗുഹയിലേക്ക് പോകണം' എന്നിങ്ങനെ പോകുന്നു ആ പ്രസംഗം.

ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രത്യേക ശൈലിയിലുള്ള പ്രസംഗവും വളരെ ആകര്‍ഷകമായിരുന്നു. കെ.സി അബ്ദുല്ല മൗലവി പ്രസംഗത്തിനിടെ 'അതാ ആ പന്തലിന്റെ അങ്ങേ തലക്ക് തീപിടിച്ചിരിക്കുന്നു!' എന്ന് പറഞ്ഞതോടെ എല്ലാവരും ഒന്നിളകി. അദ്ദേഹം തുടര്‍ന്നു: ''അങ്ങനെ തീപിടിച്ചാല്‍ നിങ്ങളെന്തു ചെയ്യും? കൈയും കെട്ടി നോക്കിനില്‍ക്കുമോ? അതില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യില്ലേ? അതുപോലെ ഒരുപാട് മനുഷ്യര്‍ നരകത്തില്‍ വീഴാന്‍ പോവുകയാണ്. അതറിഞ്ഞുകൊണ്ട് നമ്മുടെ ഒരു പ്രവര്‍ത്തകന് വെറുതെ നില്‍ക്കാന്‍ സാധിക്കുമോ?'' ദഅ്‌വത്തിനെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗമായിരുന്നു കെ.സിയുടേത്. 

ഈ സമ്മേളനത്തോടുകൂടിയാണ് എന്റെ മനസ്സ് ജമാഅത്തിലേക്ക് ചായുന്നത്. പാറാലില്‍ തുടര്‍ച്ചയായി നടന്ന മൊയ്തു മൗലവിയുടെ പ്രഭാഷണങ്ങളും ജമാഅത്തിലേക്കുള്ള എന്റെ വേഗം കൂട്ടി. 'ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയോ' എന്ന തലക്കെട്ടില്‍ പ്രബോധനത്തില്‍ വന്ന ഒരു ലേഖനം പിന്നീട് ലഘുലേഖയായി ഇറങ്ങിയിരുന്നു. എഴുത്തിന്റെ പുതുമകൊണ്ട് ഞാനത് പൂര്‍ണമായും മനഃപാഠമാക്കുകയുണ്ടായി അന്ന്. അതിലെ ചില ഭാഗങ്ങള്‍:

''കഴിഞ്ഞ നാല്‍പതോളം വര്‍ഷങ്ങളായി ജനനന്മക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചുപോരുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സുശക്തമായ ഒരു ധാര്‍മിക പ്രസ്ഥാനമെന്ന നിലയില്‍ നാടിന്റെ എല്ലാ ഭാഗത്തും സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. തെറ്റിദ്ധാരണകളും ദുഷ്പ്രചാരണങ്ങളും അതിജീവിച്ചുകൊണ്ട് ഈ പ്രസ്ഥാനം ദൈവാനുഗ്രഹത്താല്‍ അനുദിനം ജനസമ്മതിയാര്‍ജിച്ച് വളരുകയാണ്. ചിന്താവിപ്ലവത്തിന്റെയും സ്വഭാവ സംസ്‌കരണത്തിന്റെയും മാര്‍ഗത്തിലൂടെ ചൂഷണമുക്തവും നീതിനിഷ്ഠവുമായ ഒരു സമൂഹത്തിന്റെ പുനര്‍നിര്‍മിതിക്കു വേണ്ടി നിലകൊള്ളുന്ന ജമാഅത്ത് അഭിപ്രായ- ചിന്താസ്വാതന്ത്ര്യത്തെ പരമാവധി വിലമതിക്കുന്നു. ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നാട്ടിന്റെ ജനാധിപത്യ വളര്‍ച്ചയില്‍ ജമാഅത്ത് അതീവ തല്‍പരമാണ്. നാനാജാതി മതസ്ഥരും ബഹുഭാഷാവര്‍ഗങ്ങളും ഇടകലര്‍ന്നു വളരുന്ന ഇന്ത്യയെപോലെ വിശാലമായൊരു രാജ്യത്ത് മതസഹിഷ്ണുതയുടെയും സമുദായ സഹവര്‍തിത്ത്വത്തിന്റെയും പ്രാധാന്യം ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു....

''വിദ്വേഷം തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ആശയവിനിമയം ദുസ്സാധ്യമത്രെ. ആ നിലക്ക് മതസൗഹാര്‍ദം ജമാഅത്തിനെ സംബന്ധിച്ചേടത്തോളം ആദര്‍ശപ്രബോധനത്തിന്റേതായ ഒരാവശ്യം കൂടിയാണ്. ജനസേവനം ദൈവാരാധനയായി വിശ്വസിക്കുന്ന ജമാഅത്ത് അവശര്‍ക്ക് ആശ്വാസമരുളാനും മര്‍ദിതന് പിന്തുണ നല്‍കാനും പ്രതിജ്ഞാബദ്ധമാണ്. ഇസ്‌ലാമിന്റെ വക്താക്കളായിരിക്കേണ്ടുന്ന മുസ്‌ലിംകള്‍ യഥാര്‍ഥ മുസ്‌ലിംകളായിക്കൊണ്ട് സത്യത്തിന്റെ സാക്ഷികളും മനുഷ്യത്വത്തിന്റെ മാതൃകകളുമായി വര്‍ത്തിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്യുന്നു.''

'താങ്കള്‍ ഹിന്ദുവോ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യനോ നിര്‍മതനോ ഭൗതികവാദിയോ കമ്യൂണിസ്റ്റോ കമ്യൂണലിസ്റ്റോ മറ്റേതൊരു ആദര്‍ശക്കാരനോ ആയിക്കൊള്ളട്ടെ ........ താങ്കള്‍ ഞങ്ങളുടെ സാഹിത്യങ്ങള്‍ നിഷ്പക്ഷബുദ്ധ്യാ പാരായണം ചെയ്ത്, അതിലേതേതു കാര്യങ്ങളില്‍ ഞങ്ങളുമായി സഹകരിക്കാന്‍ സാധ്യമാണ് എന്ന് പരിശോധിക്കാന്‍ ഈ ശ്രമം സഹായകരമായിരിക്കും....' ലഘുലേഖ അവസാനിക്കുന്നത് ഇങ്ങനെയാണ്.

മേഖലാ സമ്മേളനത്തിനു ശേഷം ചൊക്ലി കറാത്തിയില്‍ ഒരു കടയുടെ മുകളില്‍ ഞാനും സ്‌കൂള്‍ അധ്യാപകരായ ഖാദര്‍ മാസ്റ്റര്‍, മൊയ്തു മാസ്റ്റര്‍, വേളം കെ. അബ്ദുര്‍റഹ്മാന്‍, മത്തത്തെ അബ്ദുല്ല മാസ്റ്റര്‍, പാനൂരിലെ അമീന്‍ (അബ്ദുല്ലത്വീഫ് മൗലവിയുടെ മകളുടെ ഭര്‍ത്താവ്) എന്നിവരൊക്കെ ചേര്‍ന്ന് ഒരു 'മുത്തഫിഖ് ഹല്‍ഖ' രൂപീകരിച്ചു.

തലശ്ശേരിയിലെ സി. അബ്ദുര്‍റഹ്മാന്‍ സാഹിബ് ചൊക്ലിയില്‍ വന്ന് ക്ലാസ്സെടുക്കുമായിരുന്നു. അടിയന്തരാവസ്ഥാ കാലത്തിനു ശേഷം അദ്ദേഹത്തിലൂടെയാണ് പാനൂര്‍, എടക്കാട്, പെരിങ്ങത്തൂര്‍, ചൊക്ലി, പുന്നോല്‍ എന്നിവിടങ്ങളില്‍ ജമാഅത്ത് ഹല്‍ഖകള്‍ പിറവിയെടുക്കുന്നത്.

മരക്കച്ചവടക്കാരനായിരുന്നു സി. അബ്ദുര്‍റഹ്മാന്‍ സാഹിബ്. ജമാഅത്തെ ഇസ്‌ലാമിയെ നന്നായി വായിച്ചുപഠിച്ച വ്യക്തിയാണദ്ദേഹം. അതേസമയം പ്രാഥമിക മദ്‌റസാ പഠനമല്ലാതെ, പള്ളിയിലോ അറബിക് കോളേജിലോ ഒന്നും പോയി പഠിച്ചിട്ടില്ല. നല്ല കഴിവുള്ള വ്യക്തി. വളരെ നല്ല ക്ലാസ്സുകള്‍. ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടാലും മടുപ്പുവരാത്തവയായിരുന്നു ക്ലാസ്സുകളെല്ലാം.

1977-ല്‍ ജമാഅത്തിന്റെയും ആര്‍.എസ്.എസിന്റെയും നിരോധം പിന്‍വലിച്ച നേരത്ത് ആര്‍.എസ്.എസിന്റെ തലശ്ശേരി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പോയി അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. ചില നേരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ജമാഅത്ത് ഓഫീസില്‍ കൊണ്ടുവന്ന് ദഅ്‌വാ സ്വഭാവത്തില്‍ ക്ലാസെടുക്കുമായിരുന്നു. അവര്‍ ചോദ്യങ്ങളൊക്കെ ഉന്നയിക്കും. അവരുടെ ഓഫീസിലും പ്രഭാഷണങ്ങള്‍ നടത്താന്‍ പോകുമായിരുന്നു. 

ചൊക്ലി ഹല്‍ഖ രൂപീകരിച്ചപ്പോള്‍ ഞാനതിന്റെ നാസിമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 'മുത്തഫിഖ്' ആയി. അന്നത്തെ മുത്തഫിഖ് എന്നാല്‍ ഇന്നത്തെ കാര്‍കുനിന്റെ സ്ഥാനമാണ്. പക്ഷേ അന്ന് കാര്‍കുന്‍ ഘടനയില്ലാത്തതിനാല്‍ ഞാന്‍ 1979-ല്‍ നേരെ 'റുക്ന്‍' ആവുകയാണുണ്ടായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്തിനെ നിരോധിക്കും എന്ന സൂചന സി. അബ്ദുര്‍റഹ്മാന്‍ സാഹിബ് ഞങ്ങള്‍ക്ക് തന്നിരുന്നു. കെ. അബ്ദുസ്സലാം മൗലവി ഹല്‍ഖ സന്ദര്‍ശിക്കുകയുായി.

'ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, ആനന്ദമാര്‍ഗ് തുടങ്ങി 27 സംഘടനകളെ നിരോധിച്ചിരിക്കുന്നു' എന്നാണ് മലയാള മനോരമയില്‍ വന്ന വാര്‍ത്ത. രാവിലെ ഹല്‍ഖാ ഓഫീസില്‍ വരുമ്പോഴേക്കും സി. അബ്ദുര്‍റഹ്മാന്‍ സാഹിബിനെ പിടിച്ചുകൊണ്ടുപോയിരുന്നു. ഓഫീസിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ അടുത്തുള്ള പള്ളിയിലേക്ക് നേരത്തേ മാറ്റി സൂക്ഷിച്ചിരുന്നു. ഓഫീസ് അടച്ചുപൂട്ടി സീല്‍ വച്ചു. കുറേ നേതാക്കളും പ്രവര്‍ത്തകരും ജയിലിലായി. ഞാന്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഉടനെയാണല്ലോ നിരോധനമുായത്. അടുത്തൊരു ദിവസം കാര്യങ്ങള്‍ ചോദിച്ചറിയാനായി ടി.കെ അബ്ദുല്ല സാഹിബിനെ സന്ദര്‍ശിക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ആളെ അറിയാത്തതുകൊണ്ട് ടി.കെ ഒന്നും വ്യക്തമായി പറയുന്നുണ്ടായിരുന്നില്ല. സംസാരിച്ച് പിരിയാന്‍ നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു; ''നിങ്ങള്‍ ചോദിച്ചതിനൊന്നും ഞാന്‍ പൂര്‍ണമായി മറുപടി പറഞ്ഞിട്ടില്ല. ഇന്‍ശാ അല്ലാഹ്, നമുക്ക് മറ്റൊരവസരത്തില്‍ പറയാം.''

അബ്ദുല്‍ അഹദ് തങ്ങളുടെ ബോധനം  ഡൈജസ്റ്റാണ് പ്രബോധനത്തിന് പകരമായി അടിയന്തരാവസ്ഥാ കാലത്ത് പുറത്തിറങ്ങിയിരുന്നത്. അന്നത് വായിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഇലക്ഷന്‍ പ്രഖ്യാപിച്ചു. ഞങ്ങള്‍ അന്നത്തെ പ്രതിപക്ഷ പാര്‍ട്ടിക്ക് വോട്ടു ചെയ്തു. നാദാപുരം നിയോജകമണ്ഡലത്തില്‍ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥി ഇ.വി കുമാരന്‍, പെരിങ്ങളം അച്യുതന്‍, മേപ്പയൂര്‍ നിയോജകമണ്ഡലത്തിലെ വിമത ലീഗ് സ്ഥാനാര്‍ഥി എ.വി അബ്ദുര്‍റഹ്മാന്‍ എന്നിങ്ങനെ ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തിയവരെല്ലാം തോറ്റു. പിറ്റേദിവസം രാവിലെ എന്റെ അനുജന്‍ സുലൈമാന്‍ വഴിയിലൂടെ നടന്നുപോകുന്നത് ഞാന്‍ ഉമ്മറത്തിരുന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വഴിയിലൊരു ഭാഗത്ത് റേഡിയോ വെച്ച് കുറേപേര്‍ നില്‍പ്പുണ്ട്. സാധാരണയില്‍ തോറ്റ പാര്‍ട്ടിയെ കൂവി നാണം കെടുത്താറാണല്ലോ പതിവ്. പക്ഷേ ബഹളമൊന്നുമില്ലാതെ സുലൈമാന്‍ കടന്നുപോയി. എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അങ്ങനെ ഞാന്‍ സ്‌കൂളിലേക്കിറങ്ങി. വഴിയില്‍ ഒരു മാര്‍ക്‌സിസ്റ്റുകാരനെ കണ്ടുമുട്ടി. അദ്ദേഹമാണ് ഇന്ദിരാ ഗാന്ധി തോറ്റ വിവരം പറഞ്ഞത്. സ്‌കൂളില്‍ വന്ന് മാതൃഭൂമി ദിനപത്രം മറിച്ചുനോക്കുമ്പോള്‍ 'ജനതാപാര്‍ട്ടി അധികാരത്തിലേക്ക്' എന്ന തലക്കെട്ട് കണ്ടു. അതോടെ സമാധാനമായി.!

ടി.കെയുടെ ഒരു പ്രസംഗത്തില്‍ ഞാന്‍ കേട്ടിരുന്നു; 'വിഭജനം കേരളത്തിലെത്തിയിരുന്നില്ല, ഉത്തരേന്ത്യയിലാണ് നടന്നത്' എന്ന്. അതുപോലെതന്നെ, അടിയന്തരാവസ്ഥയുടെ കെടുതിയും കൂടിയ അളവില്‍ കേരളത്തിലുണ്ടായിട്ടില്ല. കേരളീയ സമൂഹത്തെ അത് മൊത്തത്തില്‍ ഏറെയൊന്നും ബാധിച്ചിരുന്നില്ല. രാഷ്ട്രീയം സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന മനസ്സായിരുന്നു പൊതുവെ കേരളത്തിലുണ്ടായിരുന്നത്. ഉത്തരേന്ത്യയില്‍ സ്വാര്‍ഥത കുറഞ്ഞ നേതാക്കളും കുറേ ഉണ്ടായിരുന്നു. വിഡ്ഢിത്തങ്ങള്‍ പറ്റാറുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ പലരും പൊതുനന്മക്കുവേണ്ടി ധാരാളമായി പ്രവര്‍ത്തിച്ചിരുന്നു. അത്തരം നേതാക്കളൊക്കെ ഇന്ന് തീരെ കുറഞ്ഞുപോയി.

(അവസാനിച്ചു)

തയാറാക്കിയത്: സദ്‌റുദ്ദീന്‍ വാഴക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌