Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

പത്ത് കല്‍പനകളും പന്ത്രണ്ട് കല്‍പനകളും

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-21

നബി(സ)യുടെ ആകാശാരോഹണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്കു തന്നെ നിരവധി ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. അബൂദര്‍റ്(റ) ചോദിച്ചു: ''താങ്കള്‍ അല്ലാഹുവിനെ കണ്ടുവോ?'' നബി പറഞ്ഞു: ''അവന്‍ നൂര്‍ (പ്രകാശം) ആണ്.'' ഈ വിഷയത്തില്‍ ആഇശ(റ)യുടെ നിലപാട് എന്താണെന്ന് നോക്കാം. ഖുര്‍ആന്റെ തന്നെ വിവരണമനുസരിച്ച്, മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ ദൈവത്തെ പ്രാപിക്കുകയില്ല (6:103). ബോധനം വഴിയോ മറയ്ക്കു പിന്നില്‍നിന്നോ അല്ലാതെ ദൈവം ആരോടും സംസാരിക്കുകയില്ലെന്നും (42:51) ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ സ്വാഭാവികമായും ചോദ്യമുയരും. 'അദ്ദേഹം മറ്റൊരു പ്രാവശ്യം കൂടി അവനെ കണ്ടിട്ടുണ്ട്; പരമ സീമയിലെ ഇലന്തമരത്തിനടുത്തു വെച്ച്' (53:13,14), 'നബി അവനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ച് കാണുക തന്നെ ചെയ്തിട്ടുണ്ട്' (81:23) എന്നീ സൂക്തങ്ങളിലെ 'അവന്‍' എന്ന സര്‍വനാമം ദൈവത്തെക്കുറിക്കുന്നതല്ലേ? നബിയെ ഉദ്ധരിച്ചുകൊണ്ടാണ് ഇതിന് ആഇശ മറുപടി പറഞ്ഞത്. ഈ സൂക്തങ്ങളിലെ 'അവന്‍' ദൈവത്തെയല്ല, ജിബ്‌രീല്‍ എന്ന മലക്കിനെയാണ് കുറിക്കുന്നത്. ജിബ്‌രീലിനെ മാലാഖയുടെ രൂപത്തില്‍ തന്നെ കണ്ടു എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.

രണ്ട് സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ഒന്ന്, നബിയുടെ ആകാശാരോഹണം. രണ്ട്, അദ്ദേഹത്തിന്റെ തന്നെ ജറൂസലമിലേക്കുള്ള രാപ്രയാണം. ഇതിലേത് ആദ്യം നടന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇബ്‌നു കസീറിനെപ്പോലുള്ളവര്‍ പറയുന്നത്, ആകാശാരോഹണം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് നബി ജറൂസലം സന്ദര്‍ശിച്ചത് എന്നാണ്. തന്റെ വാദത്തിന് ഉപോദ്ബലകമായി നിരവധി ന്യായങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. ഉദാഹരണത്തിന്, മുന്‍ പ്രവാചകന്മാര്‍ ജറൂസലമില്‍ വെച്ച് മുഹമ്മദ് നബിക്ക് വരവേല്‍പ്പ് നല്‍കിയ കാര്യം. ദൈവത്തിന്റെ ആദരവുകള്‍ ഏറ്റുവാങ്ങി തിരിച്ചുവരുന്ന നിലവിലുള്ള നബിയെ പ്രവാചക ദൗത്യം അവസാനിച്ചുകഴിഞ്ഞ മറ്റു നബിമാര്‍ സ്വീകരിക്കുക എന്നുള്ളത് തികച്ചും സ്വാഭാവികം. ആ വലിയ ബഹുമതി ലഭിച്ചതു കൊണ്ടു തന്നെയാവണം തങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും. 'വിശുദ്ധ പള്ളി'(കഅ്ബ)യില്‍നിന്ന് 'വിദൂര പള്ളി'(അല്‍ മസ്ജിദുല്‍ അഖ്‌സ്വാ, ജറൂസലം)യിലേക്ക് ദൈവം തന്റെ ദാസനെ കൊണ്ടുപോയി' എന്നല്ലേ ഖുര്‍ആന്‍ പറയുന്നത് എന്ന് മറ്റുള്ളവര്‍ ഇതിനെ ചോദ്യം ചെയ്താല്‍ ഇബ്‌നു കസീറും കൂട്ടരും നല്‍കുന്ന മറുപടി ഇതാണ്: ഖുര്‍ആന്‍ ഫലസ്ത്വീനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് അത് നബിയെ സംബന്ധിച്ചേടത്തോളം 'അടുത്ത പ്രദേശം' (അദ്‌നല്‍ അര്‍ദ്) ആണ് എന്നാണ് (30:3). അറേബ്യയുടെ അയല്‍ പ്രദേശം എന്ന അര്‍ഥത്തിലാണ് ആ പ്രയോഗം. അപ്പോള്‍ 'വിദൂരത്തുള്ള പള്ളി' എങ്ങനെയാണ് 'അടുത്ത പ്രദേശ'ത്ത് ആവുക? എന്നു മാത്രമല്ല ഖുര്‍ആന്‍ പറയുന്ന 'വിദൂര പള്ളി' (17:1), മാലാഖമാര്‍ പ്രാര്‍ഥന നിര്‍വഹിക്കുന്ന ആകാശലോകത്തെ പള്ളിയാണ് എന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. കഅ്ബയെയും ആകാശലോകത്തെ ഈ പള്ളിയെയും ബന്ധിപ്പിക്കുന്ന ഒരു നബിവചനവും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ആകാശലോകത്തെ ഈ പള്ളിക്ക് നേരെ താഴെയാണ് കഅ്ബയെന്നും അവിടെ നിന്ന് ഒരു കല്ല് താഴേക്കിട്ടാല്‍ അത് നേരെ കഅ്ബയില്‍ ചെന്ന് പതിക്കുമെന്നുമാണ് ആ നബിവചനത്തിലുള്ളത്.

ഈ സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ കാഴ്ച, സ്വപ്‌നദര്‍ശനം എന്നൊക്കെ അര്‍ഥം പറയാവുന്ന 'റുഅ്‌യാ' എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത് (17:60). നേരത്തേ നാം നല്‍കിയ ബുഖാരിയുടെ വിവരണത്തില്‍, മടക്കയാത്രയില്‍ പ്രവാചകന്‍ ഉണര്‍ന്നുവെന്നും അപ്പോള്‍ അദ്ദേഹം കഅ്ബയുടെ അങ്കണത്തിലായിരുന്നുവെന്നും പറഞ്ഞിട്ടുണ്ടല്ലോ. ത്വബ്‌രിയും റാസിയും മറ്റൊരു യുക്തി മുന്നോട്ടു വെക്കുന്നു. 'അത് വെറുമൊരു സ്വപ്‌നദര്‍ശനമായിരുന്നുവെങ്കില്‍, നബി കള്ളം പറയുന്നു എന്ന് മക്കയിലെ പ്രതിയോഗികള്‍ ഇത്രയധികം ഒച്ചവെക്കുന്നത് എന്തിനാണ്?' ഇതു സംബന്ധമായി എന്റെ വിനീതമായ അഭിപ്രായം മറ്റൊന്നാണ്. സ്വപ്‌നത്തിന്റെ പേരിലല്ല നബിയുടെ പ്രതിയോഗികള്‍ ബഹളമുണ്ടാക്കിയത്. പ്രവാചകന്‍ ദിവ്യസന്നിധിയില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തതിലായിരുന്നു അവര്‍ക്ക് അമര്‍ഷം. അതിനേക്കാള്‍ വലിയൊരു ആദരം സങ്കല്‍പിക്കാനാവുകയില്ല. പ്രവാചകന്മാര്‍ ഉറക്കത്തില്‍ കാണുന്നതും ഉണര്‍ച്ചയില്‍ കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്ന കാര്യവും നാം ശ്രദ്ധിക്കണം. ഹിറാ ഗുഹയില്‍വെച്ച് നബിക്ക് ആദ്യ ദിവ്യബോധനമുണ്ടാകുന്നത് സ്വപ്‌ന ദര്‍ശനത്തിന്റെ രൂപത്തിലാണെന്ന് നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്. തനിക്ക് വളരെ പ്രിയങ്കരനായ ഏക മകനെ ബലിയര്‍പ്പിക്കാന്‍ ദൈവം അബ്രഹാമിനോട് ആവശ്യപ്പെടുന്നതും സ്വപ്‌നത്തിലാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു (37: 102-105). ബൈബിള്‍ വിവരണമനുസരിച്ച് (ഉല്‍പത്തി 18/12), യാക്കോബിന് സ്വപ്‌നദര്‍ശനമുണ്ടാവുകയും അതില്‍ അദ്ദേഹം ദൈവത്തെ കാണുകയും ചെയ്തിട്ടുണ്ട്. സോളമന് മുമ്പിലും ദൈവം ഒരു സ്വപ്‌നത്തില്‍ പ്രത്യക്ഷനാകുന്നു (ക രാജാക്കന്മാര്‍, 3/5, 9/2). ആകാശാരോഹണ വേളയില്‍ താന്‍ ഉറക്കിന്റെയും ഉണര്‍ച്ചയുടെയും ഇടക്കുള്ള ഒരവസ്ഥയിലായിരുന്നു എന്ന നബിയുടെ പ്രസ്താവവും (ബുഖാരിയുടെ വിവരണം) നാം കണക്കിലെടുക്കണം.

ആകാശാരോഹണം ഉറക്കിലാണോ ഉണര്‍ച്ചയിലാണോ, പ്രയാണം ശരീരത്തിന്റേതായിരുന്നോ അതോ ആത്മാവിന്റെ മാത്രമോ എന്നീ ചര്‍ച്ചകള്‍ തുടക്കം മുതല്‍ തന്നെ നടന്നുവരുന്നതാണ്. നബിയാകട്ടെ ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല. ഇബ്‌നു ഇസ്ഹാഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്, നബിപത്‌നി ആഇശ(റ)യുടെ അഭിപ്രായത്തില്‍ മിഅ്‌റാജ് സംഭവിച്ചിട്ടുള്ളത് സ്വപ്‌നത്തിലാണ് എന്നാണ്. 'അദ്ദേഹത്തിന്റെ ശരീരം അപ്രത്യക്ഷമായിട്ടില്ല; ആത്മാവിനെ മാത്രമാണ് കൊണ്ടുപോയിട്ടുള്ളത്' എന്നവര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. നബിക്കു വേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ മുആവിയക്കും ഇതേ അഭിപ്രായമാണ്. ഹസനുല്‍ ബസ്വരിക്കും ഇതേ അഭിപ്രായമായിരുന്നു എന്ന് ഇബ്‌നുല്‍ ഖയ്യിമും (സാദുല്‍ മആദ്) രേഖപ്പെടുത്തുന്നു. ഇബ്‌നുല്‍ ഖയ്യിം ഇത്ര കൂടി പറയുന്നുണ്ട്; പ്രവാചകന്‍ ഉണര്‍ച്ചയില്‍ തന്നെയാണ് ഈ യാത്ര നടത്തിയിട്ടുള്ളത്; പക്ഷേ അത് ആത്മീയമായ ഉണര്‍ച്ചയായിരുന്നു എന്ന് മാത്രം. പില്‍ക്കാല പണ്ഡിതന്മാരില്‍ ഷാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയാണ് (ബൗദ്ധികവും ആത്മീയവുമായ തലങ്ങളെ സമന്വയിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെത്തന്നെയാണ്) ശ്രദ്ധേയമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഭൗതിക ശരീരം തന്നെയാണ് യാത്ര നടത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ ആ സമയത്ത് ആ ശരീരം അതിഭൗതികവും തികച്ചും അലൗകികവുമായ സിദ്ധിവിശേഷങ്ങള്‍ ആര്‍ജിച്ചുകഴിഞ്ഞിരുന്നു. ഇബ്‌നു മസ്ഊദിനെപ്പോലുള്ള ചില പ്രമുഖ പ്രവാചകാനുയായികള്‍ ഉറച്ചു വിശ്വസിക്കുന്നത്, ആകാശാരോഹണം നടത്തിയത് ഭൗതിക ശരീരം തന്നെയാണെന്നും സ്ഥലപരമായ സ്ഥാനമാറ്റം സംഭവിച്ചിട്ടുണ്ടെന്നുമാണ്. ഇങ്ങനെ പ്രമുഖ സ്വഹാബിവര്യന്മാര്‍ തന്നെ ഭിന്നാഭിപ്രായം പുലര്‍ത്തുമ്പോള്‍, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ഈ ചര്‍ച്ചയില്‍ നാം പക്ഷം പിടിച്ച് സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം. മഹത്തായ ദൈവികദാനം എന്ന നിലക്ക് മിഅ്‌റാജിന്റെ ആത്മീയതലം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് നാം വേണ്ടത്. നബി തന്നെയും (ഇബ്‌നു ഹമ്പല്‍ 111, 321, 399) നമ്മെ ഉണര്‍ത്തിയിട്ടുള്ളത്, 'വിശ്വാസിയുടെ നമസ്‌കാരം(സ്വലാത്) അയാളുടെ മിഅ്‌റാജ് ആണ്' എന്നാണല്ലോ. ചില നിവേദനങ്ങളില്‍ മിഅ്‌റാജിന് പകരം ഖുര്‍ബാന്‍ (സമര്‍പ്പണം), ബുര്‍ഹാന്‍ (ദൈവിക ദൃഷ്ടാന്തങ്ങളുടെ പ്രത്യക്ഷീകരണം) എന്നീ വാക്കുകളാണ് വന്നിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് ഓരോ ദിവസവും അഞ്ചോ അതിലേറെയോ തവണ ദൈവത്തിലേക്കുള്ള ഈ മിഅ്‌റാജ് ഓരോ വിശ്വാസിയും നടത്തുന്നുണ്ടല്ലോ.

നബിയുടെ ശരീരം തന്നെയാണ് മിഅ്‌റാജ് നടത്തിയത് എന്ന് വാദിക്കുന്ന പണ്ഡിതന്മാരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി ചോദിക്കട്ടെ, ശരീരം അങ്ങോട്ട് യാത്ര ചെയ്തു എന്ന് പറയുന്നത് ദൈവം സര്‍വവ്യാപിയാണ് എന്ന ആശയത്തിന് എതിരു നില്‍ക്കുകയില്ലേ? അല്ലാഹു പറയുന്നുണ്ടല്ലോ: ''ഒരാളുടെ കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനാണ് നാം'' (50:16). 'നാം അവനോട് നിങ്ങളേക്കാള്‍ കൂടുതല്‍ അടുത്തവനാണ്' (56:85) എന്ന് മറ്റൊരിടത്ത്. വീണ്ടും: ''മൂന്നാളുകള്‍ ഗൂഢാലോചന നടത്തുമ്പോള്‍ അവന്‍ (അല്ലാഹു) അവരില്‍ നാലാമനായിട്ട് ഇല്ലാതിരിക്കില്ല. അഞ്ചാളുകള്‍ ഗൂഢാലോചന നടത്തുമ്പോള്‍ അവന്‍ അവരില്‍ ആറാമനായിട്ടും ഇല്ലാതിരിക്കില്ല. അതിലും കുറഞ്ഞതോ കൂടിയതോ ആകട്ടെ, അവര്‍ എവിടെയായിരുന്നാലും ശരി, അവരോടൊപ്പം അവന്‍ ഉണ്ടായിട്ടല്ലാതെ അത് സംഭവിക്കുകയില്ല.''(58:7). മറ്റൊരു ഖുര്‍ആനിക വാക്യം ഇങ്ങനെ: ''നിങ്ങള്‍ എവിടെയാണെങ്കിലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്'' (57:4). ഇതുപോലുള്ള വേറെയും സൂക്തങ്ങള്‍ കാണാം. ദൈവം നമ്മോട് വളരെ അടുത്തവനല്ലെങ്കില്‍, ആകാശലോകത്ത് എവിടെയോ അവന്റെ സിംഹാസനത്തിനടുത്താണ് അവനെ തേടേണ്ടതെങ്കില്‍, (മആദല്ലാഹ്!) അവന്‍ തന്റെ സിംഹാസനത്തേക്കാള്‍ ചെറിയവനും, സിംഹാസനം ആകാശലോകത്തേക്കാള്‍ ചെറുതും, അകാശലോകം പ്രപഞ്ചത്തേക്കാള്‍ ചെറുതും ആണ് എന്നൊരര്‍ഥം വന്നുചേരില്ലേ?

ഓരോന്നും അതിന്റെ സ്ഥാനത്ത് വെക്കുക എന്നതാണ് ശരിയായ രീതി. ഈ വ്യാഖ്യാനങ്ങളും അനുമാനവുമൊന്നും പ്രവാചകനില്‍നിന്ന് വന്നിട്ടുള്ളതല്ല. അതിനാല്‍ തന്നെ ഒരു വ്യാഖ്യാനം ഉയര്‍ത്തിക്കാട്ടി മറ്റേ വ്യാഖ്യാനം മതനിന്ദയാണ് എന്ന് പറയാന്‍ പാടില്ലാത്തതാണ്. ദൈവം തനിക്ക് നല്‍കിയ വെളിച്ചത്തിന്റെ സഹായത്തോടെ ജ്ഞാനാന്വേഷണം നടത്താനും തനിക്ക് ബോധ്യമാകുന്ന വ്യാഖ്യാനം സ്വീകരിക്കാനും ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. നമുക്ക് പരസ്പര സഹിഷ്ണുത പുലര്‍ത്താം.

മൂസാ നബിയുടെ മിഅ്‌റാജില്‍ അദ്ദേഹത്തിന് പത്ത് കല്‍പനകള്‍ ലഭിച്ചു (പുറപ്പാട് 20/3, നിയമാവര്‍ത്തനം 5/6-21). എന്നാല്‍ മുഹമ്മദ് നബിക്ക് തന്റെ മിഅ്‌റാജില്‍ ലഭിച്ചത് പന്ത്രണ്ട് കല്‍പ്പനകളാണ് (ഖുര്‍ആന്‍ 17/23-39). ഇവ രണ്ടും തമ്മില്‍ ഒരു താരതമ്യം സാധ്യമാണ്:

 

ഖുര്‍ആന്‍

1. ദൈവത്തിനല്ലാതെ നിങ്ങള്‍ വണങ്ങുകയോ വഴിപ്പെടുകയോ അരുത്.

2. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക.

3. ബന്ധുക്കള്‍ക്ക്, ആവശ്യക്കാര്‍ക്ക്, വഴിപോക്കര്‍ക്ക് അവരുടെ വിഹിതം നല്‍കുക.

4. പിശുക്കുകയോ ധൂര്‍ത്തടിക്കുകയോ അരുത്.

5. ദാരിദ്ര്യം ഭയന്ന് മക്കളെ കൊല്ലരുത്.

6. വ്യഭിചാരത്തോട് അടുക്കുക പോലും അരുത്.

7. മനുഷ്യജീവനെ സംരക്ഷിക്കുക, കൊല നടത്തരുത്.

8. അനാഥയുടെ സ്വത്തിനെ സമീപിക്കരുത്; അനാഥക്ക് അതുകൊണ്ട് പ്രയോജനമുണ്ടെങ്കിലല്ലാതെ.

9. കരാര്‍ പാലിക്കുക.

10. അളവു തൂക്കങ്ങള്‍ കൃത്യപ്പെടുത്തുക.

11. നിനക്കറിവില്ലാത്തതിനെ അനുഗമിക്കരുത്.

12. ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുത്.

 

ബൈബിള്‍

1. ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാവരുത്.

2. നീ നിനക്കു വേണ്ടി വിഗ്രഹം കൊത്തിയുണ്ടാക്കരുത്... അതിന് മുമ്പില്‍ തലകുനിക്കുകയുമരുത്.

3. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്.

4. ശബ്ബത്ത് നാളിനെ ഓര്‍ക്കുക.

5. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.

6 വ്യഭിചാരം ചെയ്യരുത് (ബൈബിളിലെ ക്രമമനുസരിച്ച് ഏഴാമത്).

7. കൊല ചെയ്യരുത് (ബൈബിളിലെ ക്രമം ആറാമത്).

8 മോഷ്ടിക്കരുത്.

9. കള്ളസാക്ഷ്യം പറയരുത്.

10. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.

 

ഈ പന്ത്രണ്ട് കല്‍പ്പനകള്‍ നല്‍കിയ ശേഷം ഖുര്‍ആന്‍ നബിയെ ഉണര്‍ത്തുന്നു; 'ഇത് താങ്കളുടെ നാഥന്‍ താങ്കള്‍ക്ക് നല്‍കിയിട്ടുള്ള ജ്ഞാനയുക്തികളാണ്.' എന്നിട്ട് ആദ്യ കല്‍പ്പന ആവര്‍ത്തിക്കുന്നു; 'അല്ലാഹുവോടൊപ്പം താങ്കള്‍ മറ്റൊരു ആരാധ്യനെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ ഇകഴ്ത്തപ്പെട്ടവനും അകറ്റപ്പെട്ടവനുമായി താങ്കള്‍ നരകത്തില്‍ എറിയപ്പെടും.'

നബിയുടെ ബൃഹദ് ജീവചരിത്രമെഴുതിയ സുലൈമാന്‍ നദ്‌വി പറയുന്നത്, ഖുര്‍ആനിലെ പതിനേഴാം അധ്യായം മിഅ്‌റാജിനെക്കുറിച്ച് മാത്രമാണെന്നാണ്; ഇടക്ക് മറ്റു ചില വിഷയങ്ങള്‍ കൂടി കടന്നുവരുന്നുണ്ടെന്ന് മാത്രം. അത്തരം വിഷയവ്യതിയാനങ്ങള്‍ ഖുര്‍ആനില്‍ പതിവുമാണല്ലോ. അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെയാണ്:

ദിവ്യശക്തിയുടെ പ്രത്യക്ഷീകരണമാണ് മിഅ്‌റാജിലൂടെ സംഭവിച്ചിട്ടുള്ളത്. പ്രപഞ്ചനാഥന്റെ ഉമ്മറപ്പടി വരെ ചെന്നെത്താനുള്ള ദിവ്യസൗഭാഗ്യമായിരുന്നു മുഹമ്മദ് നബിയെ സംബന്ധിച്ചേടത്തോളം അത്. തനിക്കു മുമ്പ് കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരുടെയും സ്വഭാവ ഗുണങ്ങള്‍ സ്വാംശീകരിച്ചിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇരു ഖിബ്‌ലയുടെയും പ്രവാചകനായി അദ്ദേഹം അറിയപ്പെടുന്നത്. കഅ്ബ ആദം-അബ്രഹാം പ്രവാചകന്മാരുടെയും, ജറൂസലം സോളമന്റെയും പിന്‍ഗാമികളുടെയും ഖിബ്‌ല ആയിരുന്നല്ലോ. സത്യനിഷേധികളായ പ്രതിയോഗികള്‍ക്ക് കടുത്ത ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുന്നതും മിഅ്‌റാജിനോടനുബന്ധിച്ചാണ്. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ ആജ്ഞ ലഭിക്കുന്നത്, പന്ത്രണ്ട് കല്‍പ്പനകള്‍ അവതരിക്കുന്നത്, പ്രവാചകത്വത്തെ തള്ളിപ്പറയുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നത്, വിശുദ്ധ ഖുര്‍ആന്‍ ദിവ്യ സ്രോതസ്സില്‍നിന്നുള്ളതാണെന്ന ഊന്നിപ്പറയല്‍, പരലോകത്തെയും ദിവ്യാത്ഭുതങ്ങളെയും കുറിച്ച സവിസ്തര പ്രതിപാദനം, ഈ വിഷയകമായി പ്രവാചകന്‍ മോസസിന്റെ ജീവിതത്തില്‍നിന്നുള്ള പാഠങ്ങള്‍.... ഇങ്ങനെ മിഅ്‌റാജുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇസ്രാഅ് അധ്യായത്തിലെ പ്രതിപാദ്യം.

ബൈബിളിലെ പത്ത് കല്‍പ്പനകളും ഖുര്‍ആനിലെ പന്ത്രണ്ട് കല്‍പ്പനകളും നാമിവിടെ സൂചിപ്പിച്ചു. മോസസിന് നല്‍കപ്പെട്ട കല്‍പ്പനകളെക്കുറിച്ച് പറയുമ്പോള്‍ ഇതേ അധ്യായത്തില്‍ (17:101), ''മോസസിന് നാം തെളിമയാര്‍ന്ന ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കി'' എന്നാണ് കാണുന്നത്. പത്ത് കല്‍പ്പനകളെക്കുറിച്ച് തന്നെയാണ് ഇവിടെ സൂചന. പക്ഷേ, ഒരെണ്ണം എവിടെപ്പോയി? ബൈബിളില്‍ പറഞ്ഞ നാലാമത്തെ കല്‍പ്പനയാണ് ഖുര്‍ആന്‍ വിട്ടുകളഞ്ഞത്. അത് ശബ്ബത്ത് നാളിനെക്കുറിച്ചുള്ളതാണ്. പ്രവാചകന്‍ അതിനെ വിശദീകരിച്ചിട്ടുള്ളത്, തിര്‍മിദിയുടെയും ഇബ്‌നുഹമ്പലിന്റെയും നസാഈയുടെയും ഇബ്‌നു മാജയുടെയും ത്വബ്‌രിയുടെയും റിപ്പോര്‍ട്ടനുസരിച്ച്, ശബ്ബത്ത് ജൂതന്മാര്‍ക്ക് മാത്രമുള്ളതാണ് എന്നാണ്. ശബ്ബത്ത് ദൈവികമായ പൊതുനിയമം ആയിരുന്നില്ലെന്നും പ്രാര്‍ഥനാ ദിനത്തെച്ചൊല്ലി ജൂതവിഭാഗങ്ങള്‍ തര്‍ക്കിച്ചതുകൊണ്ട് മാത്രം അവര്‍ക്കൊരു ദിനം നിശ്ചയിച്ചുകൊടുക്കുകയാണുണ്ടായതെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട് (16/124).

ഈ വിഷയം അവസാനിപ്പിക്കുന്നതിനു മുമ്പ്, ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ അവസാനത്തെ രണ്ട് സൂക്തങ്ങള്‍ ഉദ്ധരിക്കട്ടെ: ''ദൈവദൂതന്‍ തന്റെ നാഥനില്‍നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു; അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. 'ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല' എന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ മാപ്പേകണമേ, നിന്നിലേക്കാണല്ലോ മടക്കം.' അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്. അവന്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലവും അവനുതന്നെ. ''ഞങ്ങളുടെ നാഥാ, മറവി സംഭവിച്ചതിന്റെയും പിഴവ് പറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ പൂര്‍വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് താങ്ങാനാവാത്ത കൊടുംഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പേകണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ.''

എത്ര പ്രൗഢഗംഭീരമായ പ്രഖ്യാപനം! 'അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല' എന്ന പരാമര്‍ശം നോക്കൂ. ഇതിനേക്കാള്‍ ദയാലുത്വവും കൃപയും എങ്ങനെയുണ്ടാവാനാണ്? ഒരാള്‍ അയാളുടെ പ്രവൃത്തിയില്‍ പൂര്‍ണത കൈവരിച്ചാല്‍ മനുഷ്യകുലത്തിന് എന്താണ് സംഭവിക്കുക? ഇനി ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് പ്രവൃത്തിയെടുത്താല്‍ മതി എന്നാണെങ്കില്‍, അങ്ങേയറ്റത്തെ ദുര്‍ബലര്‍ക്ക് പോലും അവിടെ പ്രതീക്ഷയുണ്ട്. ഇനി മതസഹിഷ്ണുതയുടെ തലത്തില്‍ ചിന്തിച്ചുനോക്കൂ. എല്ലാ പ്രവാചകന്മാരിലും എല്ലാ മതങ്ങളിലും വിശ്വസിക്കാനല്ലേ മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ മുഹമ്മദ് നബിയിലും അദ്ദേഹത്തിന് അവതീര്‍ണമായ ഖുര്‍ആനിലും മാത്രം വിശ്വസിച്ചാല്‍ പോരാ! ഇത്രക്ക് സഹിഷ്ണുത മറ്റു മതവൃത്തങ്ങളില്‍ നിങ്ങള്‍ കാണുന്നുണ്ടോ? വിവിധ മതവിഭാഗങ്ങള്‍ക്കും വംശീയതകള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള വഴി കൂടിയാണ് ഖുര്‍ആന്‍ പറഞ്ഞുതരുന്നത്.

മിഅ്‌റാജ് എന്ന അലൗകിക പ്രയാണത്തിനു ശേഷം തിരിച്ചെത്തിയ നബി(സ) പൂര്‍വോപരി ആവേശത്തോടെയും ഇഛാശക്തിയോടെയും തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണ് നാം കാണുന്നത്. മുന്‍ധാരണകളുടെ അടിമകളായിക്കഴിഞ്ഞ തന്റെ സമൂഹത്തില്‍നിന്ന് അധികമൊന്നും നബി പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. ഇതര നാടുകളില്‍നിന്ന് മക്ക സന്ദര്‍ശിക്കാനെത്തുന്നവരെ നബി നോട്ടമിടുകയും ചെയ്യുന്നുണ്ടായിരുന്നു. പല സംഭവങ്ങളും ഈ സമയത്ത് നടക്കുന്നുണ്ട്. ഏതാദ്യം നടന്നു എന്നു പറയുക പ്രയാസമാണ്. ഹിജ്‌റക്ക് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലാണ് അവ നടക്കുന്നത്.

ഇബ്‌നു ഹജര്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ്. ഥുമാമതുബ്‌നു ഉദാല്‍ മധ്യ അറേബ്യയിലെ ബനൂ ഹനീഫ ഗോത്രത്തിന്റെ തലവനാണ്. അയാള്‍ മക്കയില്‍ വന്നപ്പോള്‍ പ്രവാചകന്റെ നേരെ നോക്കി പറഞ്ഞു: ''ഇനിയെന്തെങ്കിലും സംസാരിച്ചാല്‍ നിങ്ങളെ ഞാന്‍ കൊല്ലും.'' സംഭവത്തിന്റെ വിശദാംശങ്ങളൊന്നും ഇബ്‌നു ഹജര്‍ നല്‍കുന്നില്ല.

ത്വുഫൈലുബ്‌നു അംറ് യമനിലെ ദൗസ് ഗോത്രക്കാരനാണ്. അതിലെ ഒരു ഉപഗോത്രത്തിന്റെ തലവനും കവിയുമാണ്. നബിയെക്കുറിച്ച് അദ്ദേഹവും കേട്ടിരുന്നു. നബിയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നയാളുടെ കുടുംബം തകരുമെന്നും ആ വീട്ടിലെ ഭാര്യയും ഭര്‍ത്താവും മക്കളും മാതാപിതാക്കളും വേര്‍പിരിയുമെന്നുമൊക്കെയുള്ള പ്രചാരണങ്ങളാണ് അദ്ദേഹം കേട്ടുകൊണ്ടിരുന്നത്. ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച ത്വുഫൈല്‍ കഅ്ബയില്‍ വരുമ്പോള്‍ അപ്പുറത്തെങ്ങാന്‍ നബിയെ കണ്ടാല്‍ ചെവിയില്‍ പഞ്ഞി തിരുകും; മുഹമ്മദിന്റെ മാസ്മരിക വാക്കുകള്‍ തന്നെ വശീകരിക്കാതിരിക്കാന്‍. ഒരു ദിവസം അദ്ദേഹത്തിന് തോന്നി: ''എന്തൊരു അന്ധവിശ്വാസിയാണ് ഞാന്‍! മൂപ്പരുടെ സംസാരമൊന്നു കേട്ടുപോയാല്‍ എന്താണ് കുഴപ്പം? ആ വാക്കുകള്‍ക്ക് വല്ല വിലയുമുണ്ടോ എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി എനിക്കില്ലേ.'' അങ്ങനെ അദ്ദേഹം ഖുര്‍ആന്‍ കേട്ടു; ഉടന്‍ തന്നെ വിശ്വാസിയാവുകയും ചെയ്തു. പ്രതിയോഗികളായ ഖുറൈശികള്‍ ആകെ അങ്കലാപ്പിലുമായി.

യമനിലെ അസ്ദ് ഗോത്രത്തില്‍ ദമാദ് എന്ന് പേരായ ഒരു മാന്ത്രികനുണ്ടായിരുന്നു. അയാള്‍ മക്കയില്‍ വന്നപ്പോള്‍ തനിക്കിവിടെ ഒരു 'പ്രതിയോഗി' ഉണ്ടെന്ന് മനസ്സിലാക്കി. ആ 'പ്രതിയോഗി'യെ ചികിത്സിക്കാനും ദമാദ് തയാര്‍. നബിയുടെ അടുത്ത് ചെന്ന് അയാള്‍, 'എന്റെ മാന്ത്രിക വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കൂ' എന്ന് പറഞ്ഞു. നബി അപ്പോഴേക്കും ദൈവത്തെ സ്തുതിക്കുകയും, അവന്റെ ഗുണങ്ങളെയും ശക്തിവിശേഷങ്ങളെയും വാഴ്ത്തുകയും ചെയ്യുന്ന ചില പ്രാര്‍ഥനകള്‍ അയാളെ കേള്‍പ്പിച്ചു. ദമാദ് ആ മാസ്മരിക വലയത്തില്‍പെട്ടു. മൂന്ന് തവണ അവ ആവര്‍ത്തിച്ചു ചൊല്ലാന്‍ ദമാദ് ആവശ്യപ്പെട്ടു; പിന്നെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍