Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

മനസ്സ്, ശരീരം, ആധ്യാത്മികത

എ.കെ അബ്ദുല്‍ മജീദ്

ഇബ്‌നുസീന ചിന്തയുടെ പുതുവഴികള്‍-3

മനസ്സും ശരീരവും ഒന്നാണ് എന്ന പൂര്‍വകാല ചിന്തകരുടെ വീക്ഷണത്തോട് ഇബ്‌നുസീന വിയോജിച്ചു. രണ്ടും രണ്ടാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശരീരത്തില്‍നിന്ന് വേറിട്ടു സ്ഥിതി ചെയ്യാന്‍ ആത്മാവിനു കഴിവുണ്ട്. ശരീരബാഹ്യമായ അസ്തിത്വം മനസ്സിനും ആത്മാവിനുമുണ്ട്. അവയാകട്ടെ പദാര്‍ഥ വസ്തുക്കളുമല്ല. ഇക്കാരണങ്ങളാല്‍ മാനസികമായ ഗുണങ്ങളും ശാരീരികമായ ഗുണങ്ങളും വെവ്വേറെ ഗണങ്ങളില്‍ പെടുന്നവയാണ്. ആത്മാവിന് നാശമില്ലാത്തതുകൊണ്ട് മനുഷ്യന്‍ മരിച്ച് ശരീരം നശിച്ചാലും ആത്മാവ് ബാക്കിയാവും.

മനസ്സിന് ശരീരത്തെ വളരെയധികം സ്വാധീനിക്കാന്‍ കഴിയും. മനസ്സിന്റെ ഹിതത്തിനനുസരിച്ചാണ് ശരീരത്തിന്റെ ചലനങ്ങള്‍. മാനസികമായ ദുര്‍ബലത ശരീരത്തെ തളര്‍ത്തുന്നു. താന്‍ രോഗിയാണെന്ന് ചിന്തിക്കുന്നവന്റെ ശരീരം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. മനസ്സ് ശരീരത്തിലുണ്ടാക്കുന്ന സ്വാധീനത്തിന്റെ ഫലമാണിത്. മാനസികമായി ധൈര്യമുള്ളയാള്‍ക്ക് മരുന്നിന്റെ സഹായമില്ലാതെ തന്നെ രോഗങ്ങളില്‍നിന്ന് സുഖം പ്രാപിക്കാനാവും. ഭിഷഗ്വരന്‍ എന്ന നിലയിലുള്ള ഇബ്‌നുസീനയുടെ അനുഭവ പരിജ്ഞാനം ഈ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരിക്കണം എന്നു പ്രത്യേകം പറയേണ്ടതില്ല.

ശരീരത്തെ മാറ്റിനിര്‍ത്തി സ്വന്തം അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ മനസ്സിന് സാധിക്കും. എന്നാല്‍, മനസ്സിനെ ഒഴിച്ചുനിര്‍ത്തി അസ്തിത്വത്തെ സങ്കല്‍പിക്കാനാവുകയില്ല. ഇതു തെളിയിക്കുന്നതിന് രസകരമായ ഒരു ഭാവന ഇബ്‌നുസീന പങ്കുവെക്കുന്നുണ്ട്. യൗവനാവസ്ഥയില്‍ ഒരു വ്യക്തി സൃഷ്ടിക്കപ്പെടുന്നതായി സങ്കല്‍പിക്കുക. അതായത് ജനിക്കുമ്പോള്‍ ആള്‍ യുവാവാണ്. സ്വന്തം ശരീരം കാണാന്‍ അയാള്‍ക്ക് പറ്റുന്നില്ല. ശരീരത്തിലെ ഒരവയവം മറ്റൊരു അവയവത്തെ സ്പര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. സ്വന്തം ശരീരത്തെക്കുറിച്ച് അയാള്‍ ഒന്നുമറിയുന്നില്ല എന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ അയാള്‍ തന്നെക്കുറിച്ച് ചിന്തിക്കുന്നത് ശരീരമുള്ള വ്യക്തി ആയിട്ടാവുകയില്ല. മറിച്ച് താന്‍ ഒരു ചൈതന്യരൂപം മാത്രമാണെന്നായിരിക്കും.

ദക്കാര്‍ത്തെയുടെ 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഉണ്ട്' എന്ന പ്രസിദ്ധമായ പ്രസ്താവനക്ക് ഇബ്‌നുസീനയുടെ ഉപര്യുക്ത നിരീക്ഷണവുമായുള്ള ബന്ധം തത്ത്വചിന്താ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മനസ്സ് അഥവാ ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യന് തന്റെ അസ്തിത്വത്തെ അഥവാ ശരീരത്തെക്കുറിച്ചുള്ള ബോധം നല്‍കുന്നത്. പിന്നീട് പല ചിന്തകരും വികസിപ്പിച്ച ഈ ആശയത്തിന്റെ തുടക്കം പ്ലോട്ടിനസ്സില്‍നിന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലോട്ടിനസ്സിനും ദക്കാര്‍ത്തെക്കുമിടയിലെ ഇടക്കണ്ണിയായി ഇബ്‌നുസീന വിശേഷിപ്പിക്കപ്പെടുന്നു. മാനസികമായ ശേഷികളെ ശരീരവുമായി ബന്ധപ്പെടുത്താനാവില്ലെന്നു ഇബ്‌നുസീന നിരീക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും ശരീരാവയവവുമായി ബന്ധപ്പെടുത്തി മനുഷ്യന്‍ തന്റെ ആത്മാവെന്നോ മനസ്സെന്നോ വിചാരിക്കുന്നില്ല. അഥവാ ശരീരത്തെ മനസ്സുമായോ മനസ്സിനെ ശരീരവുമായോ ബന്ധപ്പെടുത്തുന്നതല്ല മനുഷ്യന്റെ പ്രത്യക്ഷാവബോധം.

തെളിഞ്ഞ മനസ്സില്‍ ദൈവിക യാഥാര്‍ഥ്യങ്ങള്‍ പ്രത്യക്ഷമാകും എന്ന് ഇബ്‌നുസീന പറയുന്നു. സൂഫി ദാര്‍ശനികതയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണിത്. മനുഷ്യനെ ദൈവവുമായി ബന്ധപ്പെടുത്തുന്നത് ആത്മാവിന്റെ അത്യുന്നത ഭാവമായ യുക്തിചിന്തനമാണ്. ആത്മാവിന്റെ ഈ ഭാവമാണ് ആരാധനക്ക് പ്രചോദനം നല്‍കുന്നത്. സസ്യ, മൃഗ ഭാവങ്ങള്‍ ലൗകിക ചോദനകളെ തൃപ്തിപ്പെടുത്താന്‍ കൊതിക്കുന്നതുപോലെ യുക്തിചിന്തന ഭാവം ഈശ്വര സാക്ഷാത്കാരത്തിനായി കൊതിക്കുന്നു. ആത്മാവിന്റെ താണ ഭാവങ്ങളെ ദൈവാന്വേഷണത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശീലനമാര്‍ഗമാണ് ഇബ്‌നുസീനയുടെ വീക്ഷണത്തില്‍ ആരാധനാനുഷ്ഠാനങ്ങള്‍. ആരാധനകള്‍ മനുഷ്യനെ ദൈവിക ലോകവുമായി അടുപ്പിക്കുന്നു.

പ്രാര്‍ഥനക്ക് ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ട് തലങ്ങളുള്ളതായി ഇബ്‌നുസീന നിരീക്ഷിക്കുന്നു. പ്രാര്‍ഥനയിലെ ശരീര ചലനങ്ങള്‍ ശരീരത്തെ വരുതിയില്‍ കൊണ്ടുവരുന്നതിനുള്ള ഉപാധികളാണ്. പ്രാര്‍ഥനയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ ആന്തരികവും ആധ്യാത്മികവുമായ തലമാണ്. ഏകാഗ്രതയും ധ്യാനവുമാണ് പ്രാര്‍ഥനയുടെ മര്‍മം. 'പ്രാര്‍ഥിക്കുന്നവന്‍ ദൈവവുമായി സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയാണ്' എന്ന പ്രവാചക വചനം ഇതിനുപോദ്ബലകമായി ഇബ്‌നുസീന ഉദ്ധരിക്കുന്നു. പ്രാര്‍ഥനയിലൂടെ മനുഷ്യന് ദൈവികജ്ഞാനം കരസ്ഥമാക്കാന്‍ സാധിക്കും. ഇബ്‌നുസീനയുടെ അഭിപ്രായത്തില്‍ ഇതാണ് യഥാര്‍ഥ പ്രാര്‍ഥന. 'പ്രാര്‍ഥന ജ്ഞാനമാണ്' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വപ്‌നത്തിലെന്നോ ജാഗരത്തിലെന്നോ വ്യത്യാസമില്ലാതെ ദൈവിക ജ്ഞാനം ആര്‍ജിക്കാന്‍ മനുഷ്യന് സാധിക്കും.

ലൗകിക വിരക്തി(സുഹ്ദ്), ആരാധന(ഇബാദത്ത്), ജ്ഞാനം (ഇര്‍ഫാന്‍) എന്നിങ്ങനെയാണ് മനുഷ്യന്റെ ആത്മീയ വളര്‍ച്ചയുടെ പാതയെ ഇബ്‌നുസീന അടയാളപ്പെടുത്തുന്നത്.

 

ജ്ഞാനത്തെ സംബന്ധിക്കുന്ന തത്ത്വം

ഇബ്‌നുസീനയെ സംബന്ധിച്ചേടത്തോളം ഏതുതരം അറിവും അറിയുന്ന വസ്തുവിനെ സംബന്ധിച്ച് അറിയുന്ന വ്യക്തി നടത്തുന്ന അമൂര്‍ത്തമായ ആശയരൂപവത്കരണമാണ്. ധിഷണശേഷിയുടെ ശക്തിക്കനുസരിച്ച് വിവിധ അളവുകളിലായിരിക്കും ഈ ആശയരൂപവത്കരണം. ധിഷണാശേഷി പ്രവര്‍ത്തിക്കണമെങ്കില്‍ അറിയാനുള്ള ഒരു വസ്തു ആവശ്യമാണ്. അറിയാനായി എന്തെങ്കിലുമൊന്നു വേണം. ഭാവനക്ക് മൂര്‍ത്ത വസ്തുവിന്റെ ആവശ്യമില്ലെങ്കിലും വസ്തുവിനെക്കുറിച്ചുള്ള സങ്കല്‍പത്തിന്റെ അഭാവത്തില്‍ ഭാവന സാധ്യമാവുകയില്ല. എന്തെങ്കിലുമൊരു സംഗതിയെയും അതിന്റെ ഗുണങ്ങളെയും കുറിച്ച് മാത്രമേ ഭാവന ചെയ്യാന്‍ സാധിക്കൂ. ഭാവനയിലെ സങ്കല്‍പ ചിത്രത്തിന് അതിന്റേതായ പ്രത്യേകതകള്‍ ആവശ്യമാണ്. അതേസമയം ബുദ്ധിക്ക് അമൂര്‍ത്തവും സര്‍വാതിശായിയുമായ ശുദ്ധരൂപങ്ങളെ ഗ്രഹിക്കാനാവും.

പ്രത്യക്ഷാവബോധത്തെ പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ടായി തിരിക്കുന്നുണ്ട് ഇബ്‌നുസീന. അറിയുന്ന വ്യക്തിയുടെ മനസ്സില്‍ ഒരു വസ്തുവിനെ അഥവാ ഒരു സംഗതിയെക്കുറിച്ച് രൂപപ്പെടുന്ന ആത്മനിഷ്ഠമായ ചിത്രമാണ് പ്രാഥമിക പ്രത്യക്ഷാവബോധം. അതേ വസ്തുവിനെ അഥവാ സംഗതിയെ പുറംലോകം എങ്ങനെ കാണുന്നുവോ അതാണ് ദ്വിതീയ പ്രത്യക്ഷാവബോധം. മധ്യകാല പാശ്ചാത്യ ദര്‍ശനം പിന്നീട് ഈ വിഭജനം കടമെടുക്കുകയുായി. 'സോദ്ദേശ്യവസ്തു', 'യഥാര്‍ഥ വസ്തു' എന്നിവയെ വ്യവഛേദിക്കുന്നതിനു വേണ്ടിയാണ് പാശ്ചാത്യ ദാര്‍ശനികര്‍ ഈ ആശയത്തെ ഉപജീവിച്ചത്.

ആന്തരികവും ബാഹ്യവുമായ പ്രത്യക്ഷാവബോധങ്ങളെ വ്യവഛേദിച്ചു വിശദീകരിച്ചതാണ് ഇബ്‌നുസീനയുടെ ജ്ഞാനസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ മേന്മയായി അംഗീകരിക്കപ്പെട്ടത്. പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയുള്ള പ്രത്യക്ഷാവബോധമാണ് ബാഹ്യം. കണ്ടും കേട്ടും തൊട്ടും മണത്തും രുചിച്ചും അറിയുന്നത് ബാഹ്യമായ പ്രത്യക്ഷാവബോധമാകുന്നു. ഇതേപോലെ ആന്തരികാവബോധത്തെയും ഇബ്‌നുസീന അഞ്ച് സംവേദന വിഭാഗങ്ങളായി വിഭജിച്ചു. തത്ത്വചിന്തയുടെ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു ഈ വിഭജനം. സര്‍വ സംവേദനങ്ങളുടെയും ഇരിപ്പിടമായ ആന്തരിക സംവേദനേന്ദ്രിയമാണ് ആന്തരികാവബോധേന്ദ്രിയങ്ങളില്‍ ഒന്നാമത്തേത്. ഇന്ദ്രിയ സംവേദനങ്ങളെ പ്രത്യക്ഷാവബോധ ദത്തങ്ങളായി തരംതിരിക്കുന്നത് ഈ കേന്ദ്രമാണ്. ആന്തരിക തലത്തിലാണ് പൊതുവായ അവബോധം രൂപപ്പെടുന്നത്. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഈയൊരു ധര്‍മം നിര്‍വഹിക്കാനാവുകയില്ല. ഭാവനാ ശേഷിയാണ് രണ്ടാമത്തെ ആന്തരികാവബോധം. സംവേദനേന്ദ്രിയങ്ങള്‍ വഴി ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ഭദ്രമായി സംരക്ഷിക്കാന്‍ ഭാവനക്ക് സാധിക്കുന്നു. ഭാവനയില്‍ രൂപപ്പെടുന്ന പ്രതിബിംബങ്ങളുമായി പ്രവര്‍ത്തനനിരതമാവുന്ന ഭാവനാ തലമാണ് മൂന്നാമത്തെ ആന്തരികാവബോധം. ദത്തങ്ങളുടെ സംയോജനം, തരംതിരിക്കല്‍ എന്നിവ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ആന്തരികാവബോധത്തെ ഇബ്‌നുസീന 'വഹ്മ്' എന്നു വിളിക്കുന്നു. ഊഹം, സങ്കല്‍പം, അഭിപ്രായം, നിഗമനം, നിരൂപണം എന്നെല്ലാം അര്‍ഥം പറയാവുന്ന ഈ വാക്ക് കൊണ്ട് ഇബ്‌നുസീന ഉദ്ദേശിക്കുന്നത് വസ്തുക്കള്‍കൊണ്ടുള്ള പ്രയോജനവും ഗുണദോഷങ്ങളും വിവേചിച്ചറിയാനുള്ള മനുഷ്യന്റെ ശേഷിയെയാണ്. സ്‌നേഹദ്വേഷാദി വികാരങ്ങള്‍ മനുഷ്യന്‍ അറിയുന്നതും ഇതേ ആന്തരികാവബോധതലം വഴിയാകുന്നു.  'നാഡീസ്പന്ദങ്ങള്‍' വഴിയുള്ള പ്രതികരണമായി ആധുനിക മനശ്ശാസ്ത്രം തിരിച്ചറിയുന്നത് ഇതാണെന്ന് അഭിജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സ്വഭാവത്തിന്റെ അടിസ്ഥാനം ഈ ബോധതലമാണ്. ഓര്‍മയാണ് അഞ്ചാമത്തെ ആന്തരികാവബോധതലം, ഉദ്ദേശ്യങ്ങള്‍ സൂക്ഷിക്കുന്നത് ഓര്‍മയിലാണ്.

 

അധികാരം, കുടുംബം, സമൂഹം

മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കിയ ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് ഭരണാധികാരം, രാഷ്ട്രം, സമൂഹം, കുടുംബം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇബ്‌നുസീന ആരംഭിക്കുന്നത്. യുക്തിയുക്തമായി ചിന്തിക്കാനുള്ള ശേഷിയും ചിന്ത ഭാഷയിലൂടെ ആവിഷ്‌കരിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് ഭിന്നനാക്കുന്നത്. മനുഷ്യജീവിതത്തെ സുഖകരമാക്കുന്ന എല്ലാ വിഭവങ്ങളും ദൈവം പ്രദാനം ചെയ്തിരിക്കുന്നു. മറ്റു ജീവികള്‍ക്കെല്ലാം മീതെയാണ് മനുഷ്യന്റെ സ്ഥാനം. ഇതു ദൈവം നല്‍കിയ പ്രത്യേക അനുഗ്രഹമാണ്. ബുദ്ധിപരമായി മനുഷ്യനെ ദൈവം ഏറെ ഉയര്‍ത്തിയിരിക്കുന്നു. സ്രഷ്ടാവിനെ അറിയാനും ആരാധിക്കാനുമുള്ള വിശേഷബുദ്ധിയും നല്‍കിയിരിക്കുന്നു.

രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളില്‍ മനുഷ്യര്‍ക്ക് പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കുന്നതിനുള്ള ഒരു ക്രമം ദൈവം നല്‍കിയിട്ടുണ്ട്. ചിലര്‍ക്ക് ചിലരുടെ മേല്‍ നിയന്ത്രണാധികാരം നല്‍കിയിരിക്കുന്നു. എല്ലാവരും രാജാവായാല്‍ പരസ്പരം പൊരുതി അവസാനത്തെ വ്യക്തിയും മരിച്ചുപോവുകയേ ഉള്ളൂ. എല്ലാവരും പ്രജകളായാലും സ്ഥിതി അതുതന്നെയാവും. എല്ലാവരും ഒരേ പോലെ സമ്പന്നരായാല്‍ ആരും മറ്റൊരാള്‍ക്കു വേണ്ടി ജോലി ചെയ്യുകയില്ല. പരസ്പരം സഹായിക്കുകയുമില്ല. എല്ലാവരും ദരിദ്രരായാലും നാശം തന്നെയാവും ഫലം. പദവി, സമ്പത്ത്, അധികാരം എന്നിവയാല്‍ മനുഷ്യര്‍ക്കിടയിലുള്ള വ്യത്യാസങ്ങളാണ് അവരുടെ സുഗമമായ നിലനില്‍പിനും സംതൃപ്തിക്കും ആധാരം.

ലോകം വ്യവസ്ഥാപിതമായി നടന്നുപോവുന്നത് ദൈവം തന്റെ ദാസന്മാരായ ചിലയാളുകളുടെ കൈകളില്‍ കടിഞ്ഞാണ്‍ നല്‍കിയതുകൊണ്ടാണ്. ജനത്തെ നിയന്ത്രിക്കാനുള്ള അധികാരം ദൈവം അവര്‍ക്ക് നല്‍കിയിരിക്കുന്നു. അവര്‍ നഗരങ്ങളിലും പട്ടണങ്ങളിലും ചുമതലക്കാരെ നിയമിക്കുന്നു. ആടുകളെല്ലാം വേലിക്കകത്തു തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തുന്ന ഇടയന്മാരാണിവര്‍. ഈ ചുമതലക്കാരെ രാജാവ് നിയന്ത്രിക്കുകയും ശ്രദ്ധിക്കുകയും വേണം. പിഴവറ്റ ആസൂത്രണവും കണക്കു കൂട്ടലുകളും ഇതിനാവശ്യമാണ്. ശാസനയും ശിക്ഷയും മാപ്പുകൊടുക്കലും സംസ്‌കരണവുമെല്ലാം ഇതിനു വേണ്ടിവരും.

ഒരു വ്യക്തിയില്‍ അധികാരം കേന്ദ്രീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഭരണാധികാരിക്ക് സഹായികളായി മന്ത്രിമാരും സേവകരും വേണം. ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.

ഭരണാധികാരിയാവട്ടെ, ഭരണീയരാവട്ടെ എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വേണം. മൃഗങ്ങള്‍ വിശക്കുമ്പോള്‍ ആഹാരം തേടിപ്പോവുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ അങ്ങനെയല്ല. തനിക്കു വിശക്കും എന്നറിയാവുന്നതിനാല്‍ മുന്‍കൂട്ടി ഭക്ഷണം ശേഖരിച്ചുവെക്കുന്നു. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നതിനായി ഭക്ഷണം സംഭരിച്ചുവെക്കാന്‍ ഒരിടം വേണം. മറ്റാരും അതു തട്ടിയെടുക്കാതെ സംരക്ഷിക്കുന്നതിനായി ഭദ്രമായ പാര്‍പ്പിടങ്ങള്‍ അവന്‍ ഉണ്ടാക്കുന്നു. ഇതിനു കാവല്‍ക്കാര്‍ വേണം. ഭാര്യയും കുട്ടികളും കുടുംബവുമായി മനുഷ്യന്‍ കഴിയുന്നത് ഇതുകൊണ്ടത്രെ.

മനുഷ്യവംശം നിലനില്‍ക്കുന്നതിന് ദൈവം ഉണ്ടാക്കിയ സംവിധാനമാണ് കുടുംബം. മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു രഹസ്യമാണത്. കുടുംബത്തില്‍ പുരുഷന്‍ നായകനും ഭാര്യയും കുട്ടികളും ഭൃത്യരും അയാളുടെ ചുമതലയിലുള്ള ആളുകളുമായി ഭവിക്കുന്നു. രാജാവും രാജ്യവും തമ്മിലുള്ള ബന്ധം തന്നെയാണ് കുടുംബനാഥനും കുടുംബവും തമ്മിലുള്ളത്. രാജ്യരക്ഷയും പ്രജകളുടെ ക്ഷേമവും രാജാവിന്റെ ഉത്തരവാദിത്തമാണ്. അതേപോലെ കുടുംബരക്ഷയും കുടുംബാംഗങ്ങളുടെ ക്ഷേമവും ഗൃഹനാഥന്റെ ഉത്തരവാദിത്തമാണ്. വീടും സമ്പാദ്യവും സംരക്ഷിക്കാന്‍ പുരുഷനു ഭാര്യ വേണം. തന്റെ അധ്വാനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോവാന്‍ മകന്‍ വേണം. താന്‍ മരിച്ച ശേഷം തന്റെ സ്മരണ നിലനിര്‍ത്തുക എന്ന ഉത്തരവാദിത്തവും മകനില്‍ നിക്ഷിപ്തമാണ്.

കുടുംബഭരണത്തെ ഇടയന്മാരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഇബ്‌നുസീന വിശദീകരിക്കുന്നത്. ഒരു വലിയ കൂട്ടം ആടുകളെ പരിപാലിക്കുന്ന ഇടയന്‍ എടുക്കേണ്ട മുന്‍കരുതലുകളെയും സന്നാഹങ്ങളെയും ജാഗ്രതയെയും കുറിച്ചു പറഞ്ഞ ശേഷം ഒരു നല്ല കുടുംബമോ രാഷ്ട്രമോ കെട്ടിപ്പടുക്കണമെങ്കില്‍ അധികാരം എത്ര സമര്‍ഥമായി പ്രയോഗിക്കണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അധികാരം നിര്‍വഹിക്കുന്നതിന് പല തന്ത്രങ്ങള്‍ വേണമെന്ന് സോദാഹരണം അദ്ദേഹം വിശദീകരിക്കുന്നു. ഭീഷണിയും സമ്മര്‍ദവും അനുനയവും പ്രലോഭനവുമെല്ലാം ഈ തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

സ്വന്തം ആത്മാവിനു മേല്‍ നിയന്ത്രണമുള്ളവനു മാത്രമേ ഉത്തമ ഭരണാധികാരിയും ഗൃഹനാഥനുമാവാന്‍ സാധിക്കുകയുള്ളൂ. കാരണം തന്നോട് ഏറ്റവും അടുത്തിരിക്കുന്നത് തന്റെ തന്നെ ആത്മാവാണ്. തന്റെ ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നത് തന്റെ ആത്മാവാണ്. തന്റെ ആത്മാവിനെ നന്നായി നിയന്ത്രിക്കാന്‍ അറിയുന്ന ആള്‍ രാജ്യഭരണത്തിലോ കുടുംബഭരണത്തിലോ വീഴ്ചവരുത്തുകയില്ല. അവനവന്റെ കുറ്റങ്ങളും കുറവുകളും കൃത്യമായി കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുന്നവനേ മറ്റുള്ളവരെ തിരുത്താന്‍ സാധിക്കുകയുള്ളൂ. തന്റെ ഏതെങ്കിലും ഒരു പോരായ്മ മാത്രം ശരിയാക്കി എല്ലാം ശരിയായെന്നു വിചാരിക്കുന്നവന്‍ പുറമേക്ക് മാത്രം മുറിവുണങ്ങിയ ആളെപ്പോലെയായിരിക്കും. അവനവന്റെ വീഴ്ചകള്‍ ഒളിച്ചുവെക്കുന്നവര്‍ രോഗത്തെ ചികിത്സിച്ചു മാറ്റാന്‍ കൂട്ടാക്കാത്ത രോഗികളെപ്പോലെയാണ്. എല്ലാ രോഗങ്ങളും കൂടി ഒടുവില്‍ അയാളെ തകര്‍ത്തുകളയും. രോഗാതുരമായ ആത്മാവുള്ള ഭരണാധികാരിയും ഒടുവില്‍ നശിക്കും. അതിനാല്‍ ഭരണാധികാരി എപ്പോഴും ആത്മവിശകലനത്തിലൂടെ തന്റെ പ്രവൃത്തികളെ വിലയിരുത്തുകയും തെറ്റുകള്‍ തിരുത്തുകയും വേണം.

തെറ്റു ചെയ്യുന്ന പ്രകൃതക്കാരായ ഭരണാധികാരികള്‍ അഴിമതിക്കാരും വഞ്ചകരുമാവാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്തുതിപാഠകരുടെ വരുതിയിലായിരിക്കും അവര്‍. ഏറ്റവും ചീത്ത കൂട്ടുകാരെയാണ് അവര്‍ക്ക് കിട്ടുക. തെറ്റു ചെയ്യുന്ന ഭരണാധികാരിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള മാര്‍ഗം അയാളുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയോ അയാളോടൊപ്പം ഏതറ്റം വരെയും പോവുകയോ അല്ല. ദേഹത്ത് തറഞ്ഞ മുള്ള് സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും അവധാനതയോടെയും എടുത്തുമാറ്റുന്നതുപോലെ അയാളെ അയാളുടെ ദുഃസ്വഭാവങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടത്. നേര്‍ക്കുനേരെ പറയുന്നതിനു പകരം ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ പറയാം. നല്ല വാക്കുകളിലൂടെ ആത്മപരിശോധനക്ക് ഭരണാധികാരിയെ പ്രേരിപ്പിക്കണം. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍