Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

നവാസ് ശരീഫിന്റെ രാജി അഴിമതിവിരുദ്ധ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്

മഹ്മൂദ് അന്‍വര്‍

പാനമ അഴിമതിക്കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അയോഗ്യനാക്കപ്പെട്ടത് പുതിയൊരു അധ്യായത്തിന് തുടക്കമാവുമെന്ന് ഞാന്‍ കരുതുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ സാധൂകരിച്ചും ഭരണകക്ഷിയായ മുസ്‌ലിം ലീഗിന്റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചും വന്നിട്ടുള്ള പരമോന്നത കോടതിയുടെ വിധി പാകിസ്താനെയൊന്നാകെ ഇളക്കി മറിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനം മാത്രമല്ല മറ്റു അധികാര സ്ഥാനങ്ങളും പദവികളും ഇനി മുതല്‍ നവാസ് ശരീഫിന് വഹിക്കാന്‍ കഴിയില്ല. പാനമ രേഖകള്‍ പുറത്തുവിട്ട അഴിമതിക്കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നവാസ് ശരീഫിന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല ഇരുളടഞ്ഞുപോകുന്നത്. അദ്ദേഹത്തിന്റെ രണ്ട് ആണ്‍ മക്കള്‍, മകള്‍, ജാമാതാവ്, മരുമകളുടെ പിതാവ് തുടങ്ങിയവരൊക്കെ നികുതി വെട്ടിപ്പ്/ അഴിമതിക്കേസുകളില്‍ കുരുങ്ങിയിട്ടുണ്ട്. അവരുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തില്‍ ആണെന്നര്‍ഥം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പോലും നവാസ് ശരീഫിന് കഴിയാതെ വരും. ഇത് ഭരണകക്ഷിക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

മുസ്‌ലിം ലീഗ് കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയായതിനാല്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധികളില്‍നിന്ന് അതിനെ രക്ഷപ്പെടുത്താന്‍ കഴിയുക ഒരുപക്ഷേ നവാസ് ശരീഫിന്റെ ഭാര്യയായ കുല്‍സൂം നവാസിന് മാത്രമായിരിക്കും. തന്റെ വ്യക്തിത്വം ഏറക്കുറെ കറപുരളാതെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ സംഭവ വികാസം കൂടി നാമിവിടെ കണക്കിലെടുക്കണം. ബില്യന്‍ കണക്കിന് രൂപയുടെ അഴിമതി നടന്ന ഹുദൈബിയ പേപ്പര്‍ മില്ല് കുംഭകോണത്തെക്കുറിച്ചും പുനരന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രിയും നവാസ് ശരീഫിന്റെ ഇളയ സഹോദരനും മുസ്‌ലിം ലീഗിന്റെ ഭാവി പ്രധാനമന്ത്രിയുമായ ശഹ്ബാസ് ശരീഫ് ഇതില്‍ പ്രതിചേര്‍ക്കപ്പെടാന്‍ സാധ്യതയേറെയാണ്. ശഹ്ബാസിന്റെ ഭാവിയും തുലാസിലാണെന്ന് ചുരുക്കം.

പാനമ കേസില്‍ പ്രധാനമന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി പരാമര്‍ശമുണ്ടായിരിക്കുന്നത്. ഈ കേസില്‍ രാഷ്ട്രീയക്കാരും അല്ലാത്തവരുമായ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായ അന്വേഷണം നടത്തി അവര്‍ക്കെതിരെയും പരമോന്നത നീതിപീഠം നടപടി സ്വീകരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. കാലതാമസം കൂടാതെ നിഷ്പക്ഷമായി അന്വേഷണം മുന്നോട്ടു പോവുകയാണെങ്കില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും വ്യാജരേഖകള്‍ ചമച്ച് പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുന്നവരെ പിടിച്ചുകെട്ടാന്‍ ഈ മുന്നേറ്റത്തിന് സാധിക്കുമെന്ന പ്രതീക്ഷ ജനങ്ങളില്‍ സജീവമായിട്ടുണ്ട്. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിക്കും അതിന്റെ അധ്യക്ഷന്‍ സിറാജുല്‍ ഹഖിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് കോടതി വിധി. തൊട്ട് മുമ്പ് അഴിമതിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു ജമാഅത്തെ ഇസ്‌ലാമി. ഇന്‍സാഫ് പാര്‍ട്ടിക്കും ആത്മവിശ്വാസം പകരുന്നുണ്ട് പുതിയ സംഭവ വികാസങ്ങള്‍. പക്ഷേ, ജമാഅത്ത് നേതാക്കളിലും അണികൡലും കാണുന്നത്ര ആഹ്ലാദവും ആവേശവും ഇന്‍സാഫ് പാര്‍ട്ടി വൃത്തങ്ങളില്‍ കാണുന്നില്ല. കാരണം ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇംറാന്‍ ഖാനെതിരെയും സമാനമായ ഒരു കേസ് കോടതിയുടെ പരിഗണനയിലുണ്ട്.

മറ്റൊരു പ്രമുഖ കക്ഷിയായ പീപ്പ്ള്‍സ് പാര്‍ട്ടിയും ആഹ്ലാദ പ്രകടനം നടത്താന്‍ പറ്റുന്ന അവസ്ഥയിലല്ല ഉള്ളത്. കാരണം അഴിമതിയുടെ കാര്യത്തില്‍ പീപ്പ്ള്‍സ് പാര്‍ട്ടി നേതാക്കളെ കഴിഞ്ഞേ മറ്റാരുമുള്ളൂ. മുന്‍ പാകിസ്താന്‍ പ്രസിഡന്റും പീപ്പ്ള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ആസിഫ് സര്‍ദാരി വരെ അത്തരം അഴിമതി ആരോപണങ്ങളുടെ നടുവിലാണ്. അതുകൊണ്ടാവാം സുപ്രീം കോടതി വിധിപ്രസ്താവത്തിന് നിമിത്തമായ ജെ.ഐ.ടി (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മൂന്ന് ദിവസം മുമ്പ് സര്‍ദാരി ദുബൈയിലേക്ക് കടന്നുകളഞ്ഞത്. നവാസ് ശരീഫിനെതിരായ ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ദാരിക്ക് രക്ഷപ്പെടാനാകുമോ? അദ്ദേഹം നാട്ടിലേക്ക് എന്ന് തിരിച്ചുവരും എന്നുപോലും പറയാനാകില്ല. അതിനാല്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്കും ഉള്ളില്‍ സന്തോഷമില്ല; അവരുടെയും ചങ്കിടിക്കുകയാണ്. ഏതായാലും അഴിമതിക്കാര്‍ക്ക് രക്ഷാമാര്‍ഗം തേടി പരക്കം പായേണ്ടിവരുന്നത് രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ശുഭലക്ഷണമാണ്. ഈ അഴിമതിവിരുദ്ധ നീക്കത്തില്‍ പാക് ജമാഅത്തെ ഇസ്‌ലാമി നിര്‍ണായക പങ്കുവഹിച്ചു എന്ന് പറയാന്‍ കാരണമുണ്ട്. അവര്‍ അഴിമതിവിരുദ്ധ കാമ്പയിന്‍ നടത്തുക മാത്രമല്ല ചെയ്തത്; അഴിമതിക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അഴിമതി മുക്ത പ്രതിഛായ തന്നെ പാര്‍ട്ടിയുടെ വലിയ കൈമുതല്‍. പാനമ കേസില്‍ വാദം കേട്ടുകൊണ്ടിരിക്കെ സുപ്രീം കോടതിയിലെ ആദരണീയനായ ഒരു ജഡ്ജി പറഞ്ഞുവത്രെ: ''ഔദ്യോഗിക പദവികള്‍ വഹിക്കുന്ന ഓരോ വ്യക്തിയും സത്യസന്ധനും (സ്വാദിഖ്) വിശ്വസ്തനും (അമീന്‍) ആയിരിക്കണമെന്ന ഉപാധിവെച്ച് അന്വേഷണം നടത്തിയാല്‍ പാര്‍ലമെന്റില്‍ സിറാജുല്‍ ഹഖിന് (പാക് ജമാഅത്ത് അധ്യക്ഷന്‍) മാത്രമേ രക്ഷപ്പെടാന്‍ കഴിയൂ.''

നവാസ് ശരീഫിന്റെ രാജിയെക്കുറിച്ച്, 'പ്രധാനമന്ത്രി തന്റെ സ്ഥാനം കൈയൊഴിയുന്നു' എന്നാണ് പാര്‍ട്ടി ഔദ്യോഗിക വിശദീകരണം.  അതിന്റെ അര്‍ഥം ഭരണകക്ഷി സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നാണ്. ആര്‍ട്ടിക്ക്ള്‍ 63 അനുസരിച്ചാണ് നവാസ് ശരീഫ് അയോഗ്യനാക്കപ്പെടുന്നത് എന്നതിനാല്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കാനും ഇത് അദ്ദേഹത്തിന് തടസ്സമാവും. ഇതൊരു വലിയ രാഷ്ട്രീയ പ്രതിസന്ധി തന്നെയാവും ഭരണകക്ഷിയെ സംബന്ധിച്ചേടത്തോളം. ഒരുപക്ഷേ അവരുടെ നിലനില്‍പിന് തന്നെ ഭീഷണിയായേക്കാവുന്ന പ്രതിസന്ധി. അസാധാരണമായ ചില തീരുമാനങ്ങളിലൂടെ അതിനെ മറികടക്കാനും ശ്രമമുണ്ടായേക്കും. ഭരണത്തിലും പാര്‍ട്ടിയിലും നേതാവിനെ അവരോധിച്ചുകഴിഞ്ഞ ശേഷമാവും മറ്റു മാറ്റങ്ങള്‍.

ഒരു കാര്യം വ്യക്തമാണ്. നിര്‍ണിത സമയത്തിനുള്ളില്‍ പ്രധാനമന്ത്രിയെ നിയമാനുസൃതമായി കൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന് സാധിക്കാതെ വന്നാല്‍ പുതിയ പല പ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും. പാനമ രേഖകളുടെ വെളിച്ചത്തില്‍ നവാസ് ശരീഫ് അയോഗ്യനാക്കപ്പെടുകയും അദ്ദേഹത്തിന്റെ മറ്റു കുടുംബാംഗങ്ങള്‍ അഴിമതിക്കേസില്‍ കുരുങ്ങുകയും ചെയ്താല്‍ പുതിയൊരു പാകിസ്താന് തുടക്കമാവും എന്ന് ഞാന്‍ ഇതിനു മുമ്പ് പല കോളങ്ങളിലും എഴുതിയിട്ടുണ്ട്. ആ തുടക്കം കുറിക്കപ്പെട്ടുകഴിഞ്ഞു എന്നുതന്നെയാണ് ഈ ലേഖകന്‍ കരുതുന്നത്.

(പാകിസ്താനിലെ ജസാറത്ത് ദിനപത്രത്തില്‍ കോളമിസ്റ്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍