Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

പുരോഹിത മതത്തിലെ അന്ധവിശ്വാസ വ്യാപാരങ്ങള്‍

ടി.ഇ.എം റാഫി

അന്ധവിശ്വാസങ്ങള്‍ക്ക് അറബിഭാഷയില്‍ പൊതുവെ 'ഖുറാഫത്ത്' എന്ന പദമാണ് ഉപയോഗിക്കുന്നത്. അറബിഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബില്‍ ഈ പദോദ്പത്തിയെ സംബന്ധിച്ച് ഒരു കഥ ഉദ്ധരിക്കുന്നുണ്ട്. ബനൂ ഉദ്‌റ ഗോത്രക്കാരനായ ഖുറാഫത്ത് എന്ന വ്യക്തിയെ ഒരിക്കല്‍ ജിന്ന് തട്ടിക്കൊണ്ട് പോയി! ജിന്നില്‍നിന്നു മോചിതനായ ഖുറാഫത്ത് മടങ്ങിവന്ന് വിചിത്രമായ പല കാര്യങ്ങളും സംസാരിക്കാന്‍ തുടങ്ങി. ഇതിനു ശേഷം നുണക്കഥകള്‍ പറഞ്ഞുനടന്ന് കള്ളം പ്രചരിപ്പിക്കുന്നവരെ സംബന്ധിച്ച് 'ഖുറാഫത്തിന്റെ സംസാര'മെന്ന് അവര്‍ പരിഹസിച്ചു വന്നു. പുരോഹിത മതത്തിന്റെ അന്ധവിശ്വാസ പ്രചാരണങ്ങളെ സംബന്ധിച്ച് അര്‍ഥവത്താണ് ഈ ചരിത്ര കഥനം.

ദൈവവിശ്വാസികള്‍ക്കിടയിലെ അന്ധവിശ്വാസ പ്രചാരകന്‍മാരാണ് പുരോഹിതന്മാര്‍. 'പുരോ ഹിതം', അഥവാ മുകളിലിരിക്കുന്ന ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്ന് വാദിക്കുകയും അതിനനുസരിച്ച അടുപ്പവും സാമീപ്യവും ദൈവത്തോട് തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണ് പുരോഹിതന്മാര്‍. ദൈവത്തെ സംബന്ധിച്ച വിശ്വാസികളുടെ തെറ്റിദ്ധാരണകളും ആപത്ഘട്ടത്തിലും മറ്റുമുള്ള മനുഷ്യരുടെ മാനസിക ദൗര്‍ബല്യങ്ങളുമാണ് പൗരോഹിത്യത്തിന്റെ അടിസ്ഥാന മൂലധനം. മതത്തിന്റെ അതോറിറ്റിയായിട്ടാണ് അവര്‍ രംഗപ്രവേശം ചെയ്യുക. പാപികളും ദുര്‍ബലരുമായ മനുഷ്യര്‍ക്ക് അപ്രാപ്യനായ ദൈവത്തെയാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ അവതരിപ്പിക്കുക. അത്ഭുതസിദ്ധികളുടെ നിറം പിടിപ്പിച്ച കഥകളിലൂടെയാണ് അവര്‍ വിശ്വാസികളുടെ മനസ് കീഴടക്കുക. ഇത്തരം കെട്ടുകഥകളുടെ വലിയ ശേഖരം തന്നെ പുരോഹിതപ്രഭാഷകരുടെ കൈയിലുണ്ടാകും. മനുഷ്യന്റെ സാമന്യ ബുദ്ധിക്കും ചിന്തക്കും സങ്കല്‍പ്പിക്കാനാകാത്തതായിരിക്കും പൊതുവെ അവ. ചരിത്രത്തിലെ ഖുറാഫത്തിന്റെ വിചിത്ര വര്‍ത്തമാനങ്ങള്‍ പോലെ!

ദൈവഹിതത്തിനും മതമൂല്യങ്ങള്‍ക്കും വിരുദ്ധമായ പലതരം ജീര്‍ണതകളുടെ കേദാരമാണ് പുരോഹിതന്മാരും അവരുടെ 'ആത്മീയ'കേന്ദ്രങ്ങളും. ദൈവത്തോട് ചേര്‍ന്ന മതാധികാരവും സ്ഥാനമാനങ്ങളും ജനങ്ങളുടെ വണക്കവുമാണ് അവര്‍ മോഹിക്കുന്നത്. എല്ലാവിഭാഗം പുരോഹിതന്മാരുടെയും ഹാവ ഭാവപ്രകടനങ്ങളില്‍ ഇത് കാണാം. സമ്പത്തിനോടും സുഖഭോഗങ്ങളോടുമുള്ള ആര്‍ത്തിയാണ് അവരുടെ മറ്റൊരു അടയാളം. ദൈവദൂതന്മാര്‍ ദരിദ്രരും ഐഹിക വിരക്തരുമായിരുന്നെങ്കില്‍ പുരോഹിതന്മാര്‍ അതിസമ്പന്നരും ഐഹികപ്രമത്തരുമാണ്. സൂഫീ പാരമ്പര്യം അവകാശപ്പെടുന്ന ചില മതനേതാക്കളുടെ ജീവിതവും സമ്പന്നരോടുള്ള അവരുടെ അടുപ്പവും ഇതിന്റെ ഉദാഹരണങ്ങളാണ്. ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുന്നവര്‍ എന്ന  ഖുര്‍ആന്റെ രൂക്ഷ വിമര്‍ശം ശ്രദ്ധിക്കുക: ''വലിയൊരു വിഭാഗം പണ്ഡിതപുരോഹിതന്മാര്‍ ജനത്തിന്റെ മുതലുകള്‍ അന്യായമായി തിന്നുകയും അവരെ ദൈവമാര്‍ഗത്തില്‍നിന്ന് തടയുകയുമല്ലോ ചെയ്യുന്നത്. ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ അവര്‍ സ്വര്‍ണവും വെള്ളിയും കുന്നുകൂട്ടി വെക്കുന്നു. നോവേറിയ ശിക്ഷയുടെ സന്തോഷവാര്‍ത്ത അവരെ അറിയിക്കുക''(അത്തൗബ 34). ലൈംഗിക ചൂഷണമാണ് മൂന്നാമത്തെ ലക്ഷണം. എല്ലാ വിഭാഗത്തിലും പെട്ട പുരോഹിതന്മാരുടെയും സിദ്ധന്മാരുടെയും ആള്‍ദൈവങ്ങളുടെയും നിഗൂഢ സ്ഥാപനങ്ങള്‍ കടുത്ത ലൈംഗിക ചൂഷണ കേന്ദ്രങ്ങള്‍ കൂടിയാണ്. പുരോഹിതന്മാരുടെ സ്വവര്‍ഗരതി ലോകതലത്തില്‍ തന്നെ വന്‍ ചര്‍ച്ചാവിഷയമാണല്ലോ.  തങ്ങളുടെ വിശുദ്ധപദവിയും സ്ഥാന വസ്ത്രവുമൊക്കെയാണ് ഇതിനവര്‍ മറയാക്കുന്നത്. പുരോഹിതന്മാരെ ചാട്ടവാറു കൊണ്ടടിച്ച ഈസാ നബിയുടെ വചനം അവരുടെ ജീര്‍ണതകള്‍ തുറന്നു കാണിക്കുന്നതാണ്: ''ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.  ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നത് ഒക്കെയും പ്രമാണിച്ചു ചെയ്‌വിന്‍; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.  അവര്‍ ഭാരമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കൊണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കു മനസ്സില്ല.  അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.  അത്താഴത്തില്‍ പ്രധാന സ്ഥലവും പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കു പ്രിയമാകുന്നു''(മത്തായി 12:17). ഇന്നത്തെ പൗരോഹിത്യ ചൂഷണങ്ങളെ മുന്‍നിറുത്തി ചിന്തിച്ചാല്‍ ഇതെല്ലാം അക്ഷരം പ്രതി ശരിയാണെന്ന് കാണാം.

ഇസ്‌ലാം പൗരോഹിത്യത്തെ നിരോധിച്ചതിലൂടെ ഇത്തരം തിന്മകളുടെ വാതിലുകള്‍ അടച്ച കളയുകയാണ് ചെയ്തത്. പൗരോഹിത്യം ദൈവശാസനയല്ല എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ലെന്ന് നബി പ്രഖ്യാപിച്ചു. മാത്രമല്ല ദൈവിക പ്രമാണങ്ങള്‍ മാറ്റിത്തിരുത്തിയും ദുര്‍വ്യാഖ്യാനിച്ചുമാണ് പൗരോഹിത്യം സ്വന്തം മതം നിര്‍മിക്കുകയെന്നും അവരെ സൂക്ഷിക്കണമെന്നും ഖുര്‍ആന്‍ മുന്‍കാല സമുദായങ്ങളുടെ ചരിത്രം മുന്നില്‍വെച്ചു കൊണ്ട് താക്കീതും ചെയ്തു. ''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും അത് അല്ലാഹുവിങ്കല്‍(ദൈവത്തില്‍)നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം'' (ഖുര്‍ആന്‍ 2:79). ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനിച്ചും സ്വന്തമായി വാറോലകള്‍ എഴുതിയുണ്ടാക്കിയും പാതിരാ പ്രസംഗങ്ങളിലും സ്ത്രീ സദസ്സുകളിലും അവ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചും അവര്‍ പുരോഹിത മതം നിര്‍മിച്ച് പ്രചരിപ്പിക്കുന്നു. അല്ലാഹു ഹലാലാക്കിയതിനെ ഹറാമും, ഹറാമാക്കിയതിനെ ഹലാലുമാക്കുന്നു. ആരാധനകളുടെ മുന്‍ഗണനകളെ അട്ടിമറിക്കുന്നു.  പുരോഹിതന്മാരെ റബ്ബാക്കുന്നതിന്റെ ഭാഗം തന്നെയാണിത്: ''അവര്‍, ഇസ്രയേല്‍ സമുദായം മത പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന്  പുറമെ ഈശ്വരന്മാരായി വരിച്ചു. മര്‍യമിന്റെ മകന്‍ മിശിഹായെയും അങ്ങനെ ഗണിച്ചു. ഏകദൈവത്തിനു മാത്രം ഇബാദത്ത് ചെയ്യാനേ അവര്‍ക്ക് കല്‍പനയുണ്ടായിരുന്നുള്ളൂ. അവനല്ലാതെ മറ്റൊരു ദൈവവും ഇല്ലല്ലോ! അവര്‍ ആരോപിക്കുന്ന പങ്കാളിത്തങ്ങളില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനത്രെ അവന്‍'' (അത്തൗബ 31). അല്ലാഹുവിന്റെ വചനങ്ങളും നബിയുടെ അധ്യാപനങ്ങളും മാറ്റിമറിച്ച്, തങ്ങളുടെ കെട്ടുകഥകളില്‍ ഊട്ടിയുറപ്പിച്ച പുതിയൊരു മതം മുസ്‌ലിം സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ് പുരോഹിതന്മാര്‍. മുസ്‌ലിംകളില്‍ ചിലര്‍ക്ക് ഈ പുരോഹിതന്മാരാണ് അവസാന വാക്ക്, അവരുടെ ജല്‍പനങ്ങളാണ് അത്തരക്കാരുടെ ഇസ്‌ലാം. ഇനിയും നേരം വെളുത്തിട്ടില്ലാത്തവര്‍ അന്ധവിശ്വാസ കേന്ദ്രങ്ങളില്‍ തിക്കിത്തിരക്കുന്നത് ഇതിന്റെ സാക്ഷ്യമാണ്. ഈ ഖുര്‍ആനിക വിവരണം മുസ്‌ലിം സമൂഹത്തിലെ നവ പുരോഹിതന്മാര്‍ക്ക് നന്നായി ചേരും. ''പ്രവാചകരേ, നമ്മുടെ വേദസൂക്തങ്ങളെ സംബന്ധിച്ച് നാം അറിവേകിയിരുന്ന ആ മനുഷ്യന്റെ വിവരം അവരെ കേള്‍പ്പിക്കുക. വേദപാഠങ്ങളില്‍ നിന്ന് അയാള്‍ തെറിച്ചു പോയി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ ചെന്നു. അങ്ങനെ അയാള്‍ പിഴച്ചവരുടെ ഗണത്തില്‍ ചേര്‍ന്നു. നാം കരുതിയിരുന്നുവെങ്കില്‍ വേദപാഠങ്ങള്‍ വഴി അവനെ ഉന്നതനാക്കിയിരുന്നേനെ. പക്ഷേ ജഡികേഛകളെ പിന്തുടര്‍ന്ന് മണ്ണിലേക്ക് ഒട്ടിക്കളയുകയാണയാള്‍ ചെയ്തത്. ദ്രോഹിച്ചാലും വെറുതെ വിട്ടാലും കിതച്ചു നാക്ക് നീട്ടുന്ന ഒരു പട്ടിയുടേതാണ് അയാളുടെ ഉപമ. നമ്മുടെ സൂക്തങ്ങളില്‍ കളവ് ചേര്‍ക്കുന്നവര്‍ക്കുള്ള ഉപമ അതുതന്നെയാണ്. ഈ കഥകള്‍ നീ അവരെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുക; അവരുടെ ചിന്താശേഷി തെളിഞ്ഞെങ്കിലോ'' (അല്‍അഅ്‌റാഫ് 175,176).

ഇസ്‌ലാം വിലക്കിയെങ്കിലും മുഹമ്മദ് നബിയുടെയും സച്ചരിതരായ സ്വഹാബികളുടെയും കാലശേഷം മുസ്‌ലിം സമൂഹത്തില്‍ പൗരോഹിത്യം ചുവടുറപ്പിക്കുകയും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവന്നു. നമ്മുടെ കാലത്ത്  ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു അതിരും നിയന്ത്രണവുമില്ലെന്ന് വന്നിരിക്കുന്നു. പ്രഭാഷകരുടെയും പുരോഹിതന്മാരുടെയും പിച്ചും പേയും പറച്ചിലുകളാണ് ഇപ്പോള്‍ പ്രമാണം! മുസ്‌ലിം സമുദായത്തില്‍ പല അന്ധവിശ്വാസങ്ങള്‍ക്കും വ്യാപ്തിയും പ്രചാരവും നല്‍കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഒന്ന്, അല്ലാഹുവിനെ സംബന്ധിച്ച വിശ്വാസത്തിലെ പലതരം ദൗര്‍ബല്യങ്ങള്‍. രണ്ട്, ദൈവദൂതന്മാരെയും ഔലിയാക്കളെയും സംബന്ധിച്ച അബദ്ധ ധാരണകള്‍. മൂന്ന്, ജിന്ന് പിശാച് ബാധയെ സംബന്ധിച്ച ഭീതിപ്പെടുത്തുന്ന നുണക്കഥകള്‍.

പ്രേതബാധയെ സംബന്ധിച്ച കഥകള്‍ക്ക് വളരെ മുമ്പേ അന്ധവിശ്വാസ മാര്‍ക്കറ്റില്‍ നല്ല വിപണിയുണ്ട്. അപസ്മാര രോഗവും മനോരോഗവുമാണ് പലപ്പോഴും പ്രേതബാധയായി പ്രചരിപ്പിക്കാറുള്ളത്. മനുഷ്യ ശരീരത്തിലെ പ്രഷറിന്റെയും ഷുഗറിന്റെയും അളവിലുണ്ടാകുന്ന വ്യതിയാനം കാരണം കുഴഞ്ഞ് വീഴുന്നത് ജിന്നുബാധയെന്ന് ജനം വിശ്വസിച്ചിരുന്ന കാലമുായിരുന്നു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ചികിത്സാരംഗത്തുണ്ടായ വികാസവുമാണ് അത്തരം വികലധാരണകളെ തിരുത്തിയത്. പൗരാണിക കാലഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അപസ്മാരത്തിനു പ്രേതബാധ എന്ന അര്‍ഥമുള്ള സീഷര്‍ (Seizure) എന്നാണ് നാമകരണം ചെയ്തിരുന്നത്. 18-ാം നൂറ്റാണ്ട് വരെയും അപസ്മാരം പ്രേതബാധയാണെന്നാണ് ജനം തെറ്റിദ്ധരിച്ചിരുന്നത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു പ്രമുഖ വനിതക്ക് അപസ്മാര രോഗമുണ്ടായപ്പോള്‍,  പ്രേതബാധയാണെന്ന് ധരിച്ച് അവരെ പോലും അഗ്നിക്കിരയാക്കുകയാണുണ്ടായത്. ഇരുണ്ട കാലഘട്ടത്തിലെ പ്രാകൃതമായ അത്തരം അന്ധവിശ്വാസങ്ങള്‍ തന്നെയാണ് ജിന്നുബാധ ഒഴിപ്പിക്കാന്‍ ഇന്ന് അഗ്നികുണ്ഠമൊരുക്കുന്നവരെയും നയിക്കുന്നത്.

നാദാപുരത്തിനടുത്ത് പുറമേരിയിലെ ഷമീനാ എന്ന യുവതി ജിന്നുചികിത്സക്ക് വേി തയാറാക്കകിയ അഗ്നികുണ്ഠത്തില്‍നിന്നു തീ പടര്‍ന്ന് മരിച്ചത് നവോത്ഥാന കേരളം മറന്നിട്ടില്ല. പ്രേതബാധ ഒഴിപ്പിക്കുന്നതിനുവേണ്ടി അടിയും ഇടിയും തൊഴിയും മാത്രമല്ല ലൈംഗിക ചൂഷണം വരെ ഇത്തരം ചികിത്സാ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ദുര്‍ബലരും നിരാലംബരുമായ സ്ത്രീകളാണ് അധികവും അന്ധവിശ്വാസങ്ങളില്‍ ഹോമിക്കപ്പെടുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ വികലമായി അവതരിപ്പിച്ചുകൊണ്ടാണ് പുരോഹിതന്മാര്‍ തങ്ങളുടെ ഇത്തരം നീച ചെയ്തികള്‍ക്ക് 'തെളിവുകള്‍' പടക്കുന്നത്. ഖുര്‍ആനില്‍ തന്നെ  അവര്‍ ആദ്യം കൈവെക്കുന്നു. പക്ഷേ ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ചുവെക്കപ്പെട്ടതും ശരിയായ രീതിയില്‍ അര്‍ഥ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടതുമായ ഖുര്‍ആനിനെ അത്ര എളുപ്പം വളച്ചൊടിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. പിന്നെ ചില ഹദീസുകളുടെ പുറകെ കൂടി ദുര്‍വ്യാഖ്യാനിക്കുകയായി. ഖുര്‍ആനിനെ ജീവിതമാതൃകയാക്കിയ മുഹമ്മദ് നബിയുടെ സമുദായം തന്നെ ഇന്ന് ഖുര്‍ആന്‍ വിട്ട് മാരകചികിത്സകളില്‍ ജീവിതം ഹോമിക്കുന്നു! നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന പുരോഗമന പ്രസ്ഥാനങ്ങളെ വരെ ഗ്രസിക്കുമാറ് അന്ധവിശ്വാസത്തിന്റെ വേരുകള്‍ സമുദായത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. പ്രമാണങ്ങളുടെ അക്ഷരവായന നടത്തിയ ഒരു വിഭാഗത്തിനു സംഭവിച്ച വ്യതിയാനം മന്ത്രവാദ ചികിത്സകളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയിരിക്കുന്നു. 

പ്രപഞ്ച സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും, ദുഃഖങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളും പ്രയാസങ്ങളും സമര്‍പ്പിക്കാന്‍ നാഥന്റെ മുന്നില്‍ മധ്യവര്‍ത്തികള്‍ ആവശ്യമില്ലെന്ന ദൃഢമായ ബോധ്യവുമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഈ തിരിച്ചറിവാണ് ഒന്നാമതായി വിശ്വാസികള്‍ക്കുണ്ടാകേണ്ടത്. രോഗാണുക്കളെ സൃഷ്ടിച്ച  നാഥന്‍ രോഗശമനത്തിനു മരുന്നിറക്കിയിട്ടുണ്ടെന്നും രോഗശമനത്തിനുള്ള പ്രാര്‍ഥനകള്‍ പോലും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നും ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചതാണ്. ഇത് സമൂഹത്തെ പഠിപ്പിക്കണമെങ്കില്‍ ഖുര്‍ആന്‍ ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കയറിക്കൂടിയ കെട്ടുകഥകളെ (ഇസ്രാഈലിയ്യാത്തുകള്‍) കൈയൊഴിയണം. കെട്ടുകഥകളുടെ അകമ്പടിയോടെ വേദവ്യാഖ്യാനം നടത്തുന്നത് അവസാനിപ്പിക്കണം. ഖുര്‍ആനികാധ്യാപനത്തിന്റെ വെളിച്ചത്തിലും പ്രവാചകജീവിതത്തിന്റെ തെളിച്ചത്തിലും ഉത്കണ്ഠകളില്ലാത്ത ക്രിയാത്മകജീവിതത്തിന് വഴിതുറക്കുകയാണ് ചെയ്യേണ്ടത്. ആത്മീയ അടിത്തറയും ജനക്ഷേമതല്‍പരതയും വിമോചന മുഖവുമുള്ള ഇസ്‌ലാമിന്റെ സമഗ്ര ദര്‍ശനത്തിലേക്ക് സമുദായത്തെ ആനയിച്ചു കൊണ്ടു പോയാല്‍ മാത്രമേ അന്ധവിശ്വാസ കേന്ദ്രങ്ങളിലെ പുരോഹിതന്മാരുടെ നിരാളിപ്പിടുത്തത്തില്‍നിന്ന് ജനം രക്ഷപ്പെടുകയുള്ളൂ. അടിമക്കു സഹായിയായി അല്ലാഹു മാത്രം പോരേ എന്ന ഖുര്‍ആനിന്റെ സമാശ്വാസം ഏത് പ്രതിസന്ധിയിലും സത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കേണ്ടതാണ്. പക്ഷേ, സത്യവിശ്വാസത്തിന്റെ സ്ഥാനത്ത് കെട്ട വിശ്വാസം വേരുറപ്പിച്ചാല്‍ രോഗശാന്തിക്കായി സിദ്ധന്മാരിലേക്കും മഖ്ബറകളിലേക്കുമാവും ജനം ഒഴുകുക.

ജാറങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്ധവിശ്വാസ തട്ടിപ്പുകളും നിരവധിയുണ്ട്. അതിലെ ഇരകളിലൊന്നു മാത്രമാണ് മൂന്ന് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിച്ച മയ്യിത്ത്. മുസ്‌ലിം നവോത്ഥാന കേരളം ലജ്ജിച്ച് തലതാഴ്ത്തിയ അത്യന്തം ഖേദകരമായ സംഭവം. അജ്മീര്‍ അടക്കമുള്ള ദര്‍ഗകളിലെ നിത്യസന്ദര്‍ശകരായ കുടുംബം അകപ്പെട്ട അന്ധവിശ്വാസങ്ങളുടെ ആഴമാണ് ഇത്. ജാറങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമല്ല, പാതിരാ പ്രസംഗ വീരന്മാരില്‍ പലരും ഇത്തരം അന്ധവിശ്വാസ കൂട്ടിക്കൊടുപ്പിന്റെ ആശാന്മാരാണ്. റമദാനിലെങ്കിലും ഖുര്‍ആനിലെ അമ്മ ജുസ്അ് ഒരാവര്‍ത്തി അര്‍ഥമറിഞ്ഞ് പാരായണം ചെയ്തിരുന്നെങ്കില്‍, പിരിഞ്ഞ റൂഹ് തിരിച്ച് വരുന്നതും കാത്ത് പിതാവിന്റെ ഭൗതിക ശരീരത്തിന് കാവലിരിക്കേണ്ട ഗതി വരില്ലായിരുന്നു.

മഖ്ബറ വ്യവസായ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മനോരോഗ ചികിത്സാ കേന്ദ്രങ്ങളില്‍ മുമ്പ് ഹോമിക്കപ്പെട്ടിരുന്നത് പ്രധാനമായും മാനസികാസ്വാസ്ഥമുള്ള യുവതികളും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായിരുന്നെങ്കില്‍, ഇപ്പോള്‍ കുത്തേറ്റ് മരിക്കുന്നത് നിഷ്‌കളങ്ക ബാല്യങ്ങളാണ്! നേര്‍ച്ചകളും വഴിപാടുകളുമായി കോടികള്‍ കൊയ്‌തെടുക്കുന്ന ജാറങ്ങള്‍ പലതും ലഹരിക്കടിപ്പെട്ടവരുടെയും മനോരോഗികളുടെയും താവളമാണ്. ഉറൂസുകളും നേര്‍ച്ചകളും നടത്തി, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് പോലും നിരക്കാത്ത അപദാനങ്ങള്‍ വരെ വലിയ്യിന്റെ പേരില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച് ലാഭം കൊയ്യുന്നത് മതത്തിലെ കള്ളനാണയങ്ങളായ പുരോഹിതന്മാരും ഗുണ്ടാ സംഘങ്ങളുമാണ്. പാമരജനം ഇതുണ്ടോ വല്ലതും അറിയുന്നു! മഖ്ബറകള്‍ക്ക് ചുറ്റുമുള്ള വ്യാപാരികള്‍ ലാഭക്കൊതിയാല്‍ സര്‍വ ജീര്‍ണതകള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ്. സമൂഹത്തിന്റെ മൗനത്തിലാണ് പുരോഹിതന്മാര്‍ അന്ധവിശ്വാസത്തിന്റെ കൊയ്ത്തുത്സവം നടത്തുന്നത്.

മഖ്ബറകളും ജാറങ്ങളും കെട്ടിപ്പൊക്കി, അവയില്‍നിന്നുള്ള വരുമാനംകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നവര്‍ വിജ്ഞാന വര്‍ധവിനുവേണ്ടിയുള്ള മുഹമ്മദ് നബി(സ)യുടെ പ്രാര്‍ഥന ഓര്‍ക്കുന്നത് നല്ലതാണ്. ''അല്ലാഹുവേ പ്രയോജനപ്രദമായ വിജ്ഞാനവും ഭയഭക്തിയുള്ള ഹൃദയവും ഉത്തമവും അനുവദനീയവുമായ ഭക്ഷണവും നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു'' എന്നാണ് അവിടുന്ന് പ്രാര്‍ഥിച്ചത്. വിജ്ഞാനം പകരുന്ന മുദര്‍രിസും അറിവ് നുകരുന്ന മുതഅല്ലിമും ഈ ഹദീസിന്റെ പൊരുളറിഞ്ഞിരുന്നെങ്കില്‍! ''മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്‍പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്'' (അല്‍ബഖറ 168) എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

ഇമാം ബുഖാരി, ആഇശ(റ)ല്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് പ്രസിദ്ധമാണ്. അബൂബക്കര്‍ സിദ്ദീഖ്(റ) സേവകനായി നിര്‍ത്തിയിരുന്ന യുവാവ് അദ്ദേഹത്തിന് അല്‍പം ഭക്ഷണം കൊണ്ടുവന്നു കൊടുത്തതാണ് സംഭവം. അബൂബക്കര്‍ സിദ്ദീഖ് ആ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇതെവിടുന്ന് ലഭിച്ചു എന്ന് ചോദിച്ചു. ജാഹിലിയ്യാ കാലത്ത് ഒരാള്‍ക്ക് ജോത്സ്യപണി നടത്തിക്കൊടുത്തിട്ടുണ്ടെന്നും അത് കൊടും വഞ്ചന മാത്രമായിരുന്നുവെന്നും അതിന്റെ പ്രതിഫലമായി കിട്ടിയതാണെന്നും കേട്ടപ്പോള്‍ അബൂബക്ര്‍ സിദ്ദീഖിന്റെ മുഖം വിവര്‍ണമായി. കൈയിലെടുത്ത ഭക്ഷണം അദ്ദേഹം ഉപേക്ഷിച്ചു. വായില്‍ വെച്ചത് തുപ്പിക്കളഞ്ഞു. ഉദരത്തിലേക്കിറങ്ങിയത് വായില്‍ കൈയിട്ട് ഛര്‍ദിച്ചു. ഹറാമായ ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മത നോക്കൂ. മഖ്ബറ വ്യവസായം കൊണ്ട് തടിച്ച് കൊഴുക്കുന്ന വിദ്യാസ്ഥാപനങ്ങളുടെ തലപ്പത്ത് 'ഒരു അബൂബക്കര്‍ സിദ്ദീഖ്' ഇല്ലാതെ പോയതാണ് സമുദായത്തിന്റെ ദൗര്‍ഭാഗ്യം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍