Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

നൈതികത തീണ്ടാത്ത രാഷ്ട്രീയ കരുനീക്കങ്ങള്‍

'കോണ്‍ഗ്രസ് വിമുക്ത ഇന്ത്യ'യാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍, ജനപിന്തുണയാര്‍ജിച്ച് തെരഞ്ഞെടുപ്പുകളിലൂടെ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്/പ്രതിപക്ഷ ഭരണകൂടങ്ങളെ തൂത്തെറിയും എന്നാണ് മോദി ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചുകാണും. അത്തരം തെറ്റിദ്ധാരണകളെയൊക്കെ ഇല്ലാതാക്കുന്നതാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ മേല്‍നോട്ടത്തില്‍ ബിഹാറില്‍ നടന്ന കുതിരക്കച്ചവടം. 2019-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട നയനിലപാടുകള്‍ക്ക് മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന മഹാഘട്ബന്ധന്‍ എന്ന ഭരണസഖ്യത്തെയാണ് നിതീഷ്‌കുമാര്‍ എന്ന അവസരവാദിയെ കൂട്ടുപിടിച്ച്, രാഷ്ട്രീയ നൈതികത ഒട്ടും പാലിക്കാതെ സംഘ്പരിവാര്‍ ഇല്ലാതാക്കിയത്. സഖ്യം പൊളിച്ച് പുറത്തുകടന്ന ജനതാദള്‍(യു) നേതാവ് നിതീഷ്‌കുമാര്‍ പതിനാറ് മണിക്കൂറിനകം ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ പൊറാട്ടുനാടകത്തിന്റെ തിരക്കഥ രചിക്കപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നിതീഷിന്റെ കരണംമറിച്ചിലുകളിലൂടെ അതിന്റെ ലക്ഷണങ്ങള്‍ ഇടക്കിടെ കാണാനും പറ്റിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍.ജെ.ഡിയെ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയെന്ന കീഴ്‌വഴക്കം പോലും മറികടന്ന് ബി.ജെ.പി നോമിനിയായ ഗവര്‍ണര്‍ ഇതിനെല്ലാം കൂട്ടുനിന്നു.

സംസ്ഥാനങ്ങളിലെ ഭരണം പിടിക്കുന്നത് തെരഞ്ഞെടുപ്പിലൂടെ തന്നെയാവണം എന്ന് ബി.ജെ.പിക്ക് യാതൊരു നിര്‍ബന്ധവുമില്ല. തെരഞ്ഞെടുപ്പ് ജയിച്ചില്ലെങ്കില്‍ ചാക്കിട്ടുപിടിത്തം തന്നെ ശരണം. ഈ വര്‍ഷം തുടക്കത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷിയായതെങ്കിലും, സ്വതന്ത്രരെയും ചെറുകക്ഷികളെയും ചാക്കിട്ടുപിടിച്ച് ബി.ജെ.പിയാണ് അധികാരത്തിലേറിയത്. ജനവികാരം മാനിക്കുകയെന്ന രാഷ്ട്രീയ നൈതികത കാറ്റില്‍ പറത്തപ്പെട്ടു. ബിഹാറിലേതും അതിന്റെ തുടര്‍ച്ച തന്നെയാണ്. വ്യക്തികളെയോ പാര്‍ട്ടികളെയോ അല്ല, മതേതര സഖ്യത്തെയാണ് ജനം വന്‍ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചത്. വര്‍ഗീയ, വിഭാഗീയ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ ആ ജനവിധിയെ കൊഞ്ഞനം കുത്തിയാണ് നിതീഷ് മറുകണ്ടം ചാടിയിരിക്കുന്നത്.

വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ പഞ്ചാബും ഹിമാചല്‍പ്രദേശും ദല്‍ഹിയും മാത്രമാണ് ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളായി ബാക്കിയുള്ളത്. കര്‍ണാടകയിലും മിസോറാമിലും മേഘാലയയിലും പോണ്ടിച്ചേരിയിലും കോണ്‍ഗ്രസ് ഭരണമാണ്. തെരഞ്ഞെടുപ്പ് വരുന്നതിനു മുമ്പുതന്നെ പ്രതിപക്ഷം ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ അട്ടിമറി നടത്താന്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് കരുക്കള്‍ നീക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കണം. ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ ഭേദമില്ലാതെ എല്ലാവരും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും പറഞ്ഞയക്കുന്നത് കോടിപതികളെയും ക്രിമിനലുകളെയുമൊക്കെ ആയതിനാല്‍ ഇത്തരക്കാരെ ചാക്കിട്ടുപിടിക്കാന്‍ ഒരു പ്രയാസവുമില്ല. രാഷ്ട്ര ശരീരത്തെ ബാധിച്ച മാരകരോഗങ്ങളുടെ ലക്ഷണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അവയെ ചികിത്സിക്കാന്‍ ആര്‍ക്കുണ്ട് താല്‍പര്യം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍