Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

ഉദയം നാളെയുമുണ്ട്‌

കെ.പി ഇസ്മാഈല്‍

'സ്‌നേഹത്തില്‍നിന്നുദിക്കുന്നൂ ലോകം' എന്നു പാടി കവി. ഓരോ മനുഷ്യന്റെയും ഹൃദയഗീതമാണത്. സ്‌നേഹത്തിനു വേണ്ടിയാണ് മനുഷ്യന്‍ ദാഹിക്കുന്നത്. സ്‌നേഹത്തിന് വിവിധ രൂപങ്ങള്‍ നല്‍കിയിട്ടുണ്ട് നാം. വാത്സല്യം, പ്രേമം, പ്രണയം- അങ്ങനെ ഒട്ടേറെ. ഓരോന്നിനും വ്യത്യസ്ത ആഴവും പരപ്പുമുണ്ട്. സാര്‍വത്രികമായ ഇഷ്ടമാണ് സ്‌നേഹം. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ സ്‌നേഹം കൊതിക്കുന്നു.

വെറുപ്പിന്റെ കഥകള്‍ ചമക്കുകയും നിരപരാധികളെ ചതച്ചുകൊല്ലുകയും ചെയ്യുന്ന ഇന്ത്യന്‍ നാട്ടുവഴികളില്‍ സ്‌നേഹത്തിന്റെ വാര്‍ത്താകുറിപ്പുകള്‍ നല്‍കുന്ന ആശ്വാസം അവര്‍ണനീയമാണ്. കേരളത്തില്‍ പെരുന്നാള്‍ ദിനത്തില്‍ അമ്പലക്കമ്മിറ്റി വക പായസദാനമുണ്ടായി. കാസര്‍കോട്ട് ചീമേനിയില്‍ പഞ്ചായത്താഫീസില്‍ വീണുമരിച്ച കമലാക്ഷന്റെ കുടുംബത്തിന് നാട്ടുകാര്‍ വീടു നിര്‍മിച്ചു നല്‍കി. സ്‌നേഹത്തിന്റെ ഈ കൊച്ചു ചിറകടികള്‍ നമുക്കു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. നുണക്കഥകള്‍ പ്രചരിപ്പിച്ച് മുസ്‌ലിംകളെയും ദലിതരെയും കടിച്ചുകീറുകയും അടിച്ചുകൊല്ലുകയും ചെയ്യുന്ന 'ദേശഭക്തര്‍' ഇന്ത്യന്‍ തെരുവുകള്‍ കീഴടക്കുന്ന വാര്‍ത്തകള്‍ പരക്കുമ്പോള്‍ സ്‌നേഹത്തിന്റെ ഒരു തുള്ളി വെളിച്ചത്തിനു പോലും അമൂല്യമായ വിലയുണ്ടാകുന്നു.

ഉള്ളതു മാത്രമല്ല, ഇല്ലായ്മയും സ്‌നേഹം പങ്കുവെക്കും. ദുഃഖം പങ്കുവെക്കാന്‍ സ്‌നേഹത്തിനു മാത്രമേ കഴിയൂ. ശരീര സൗന്ദര്യത്തില്‍ മയങ്ങിനില്‍ക്കുന്നതല്ല യഥാര്‍ഥ സ്‌നേഹം. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയ വേശ്യയെ സന്ദര്‍ശിച്ച് ബുദ്ധഭിക്ഷു സാന്ത്വനവചനങ്ങള്‍ നല്‍കിയപ്പോള്‍ എന്റെ എല്ലാ ദുഃഖങ്ങളും മാഞ്ഞുപോയെന്ന് അവള്‍ മൊഴിഞ്ഞു. ക്ഷമയുണ്ടെങ്കില്‍ ഏതു പ്രശ്‌നവും നേരിടാം. ദാരിദ്ര്യവും വൈരൂപ്യവും നാം സ്വയം തെരഞ്ഞെടുക്കുന്നതല്ല. ചാണക്യന്‍ പറയുകയുണ്ടായി: 'ക്ഷമയുണ്ടെങ്കില്‍ ദാരിദ്ര്യം സഹിക്കാം. വൃത്തിയുണ്ടെങ്കില്‍ സാധാരണ വസ്ത്രവും ഉത്തമം. ചൂടുണ്ടെങ്കില്‍ മോശമായ ഭക്ഷണവും രുചികരം. സ്വഭാവശുദ്ധിയുണ്ടെങ്കില്‍ ഏതു വൈരൂപ്യവും നിസ്സാരം.'

ഇസ്‌ലാമിലെ ആരാധനകള്‍ സമൂഹവുമായി ബന്ധപ്പെട്ടതാണ്. വ്യക്തി മാത്രം ഏതോ അത്യുന്നതങ്ങളില്‍ എത്തിപ്പെടുന്ന കര്‍മങ്ങള്‍ ഇസ്‌ലാമിലില്ല. സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന കര്‍മങ്ങള്‍ വ്യക്തികളെ സമൂഹഗാത്രത്തില്‍ ഒട്ടിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. അഞ്ചു നേരങ്ങളില്‍ പള്ളിയില്‍ നമസ്‌കാരത്തിനു നില്‍ക്കുന്ന ദരിദ്രനെയും ധനികനെയും വേര്‍തിരിക്കാനാകില്ല. നോമ്പിനും ഹജ്ജിനും ദരിദ്രനെയും ധനികനെയും വേര്‍തിരിക്കാനാവില്ല. എന്നാല്‍ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തേണ്ടത് മഹല്ലു കമ്മിറ്റിയുടെ ചുമതലയാണ്.

നമ്പന്നരും പാവങ്ങളും ഇടകലര്‍ന്നുള്ള ജീവിതരീതിയാണ് കാണാന്‍ കഴിയുക. സമ്പന്നര്‍ നിശ്ചിത ശതമാനം പങ്ക് പാവങ്ങള്‍ക്ക് നല്‍കണമെന്നാണ് ഇസ്‌ലാമിന്റെ ആജ്ഞ. പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്ന വയറുണ്ടാകരുതെന്ന നിര്‍ബന്ധം കാരണമായാണ് പണമുള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ പാവങ്ങള്‍ക്ക് സകാത്ത് നല്‍കാനുള്ള വിധി. ബന്ധുവീടുകളും സുഹൃദ് വീടുകളും സന്ദര്‍ശിക്കുകയും സ്‌നേഹം കൈമാറുകയും ചെയ്യുന്നതും പെരുന്നാളിന്റെ ഭാഗമാണ്. സ്‌നേഹത്തിലും സഹാനുഭൂതിയിലും സ്ഫുടം ചെയ്‌തെടുത്തതാണ് ജീവിതത്തിന്റെ രുചി.

'ഏറ്റവും പാപ്പരയാവന്‍ ആരാണെന്ന് അറിയാമോ?' എന്ന് നബി ചോദിച്ചു. 'സമ്പത്ത് തീരെയില്ലാത്തവര്‍' അനുചരന്മാര്‍ പറഞ്ഞു. നബി തിരുത്തി: 'അല്ല. പരലോകത്ത് വിചാരണാ ദിവസം ആരാധനാകര്‍മങ്ങളുടെ ഭാരവുമായി അവര്‍ വരും. അപ്പോള്‍ അയാളെക്കുറിച്ച് ആളുകള്‍ പരാതികളുമായെത്തും. ഇവന്‍ എന്നെ ആക്ഷേപിച്ചിരിക്കുന്നു. ചീത്ത വിളിച്ചിരിക്കുന്നു. സമ്പത്ത് കട്ടെടുത്തിരിക്കുന്നു. അസൂയയും പകയും കാണിച്ചിരിക്കുന്നു. അങ്ങനെ പരാതിപ്രളയം. അവരുടെ പരാതികള്‍ തീര്‍ക്കാന്‍ ഇയാളുടെ നന്മകള്‍ പകരം നല്‍കിയപ്പോള്‍ നന്മകള്‍ തീര്‍ന്നു. പിന്നെയും പരാതിക്കാര്‍. അപ്പോള്‍ അവരുടെ തിന്മകള്‍ ഇയാള്‍ക്ക് നല്‍കി. തിന്മയുടെ ഭാരവുമായി അയാള്‍ നരകത്തില്‍. ഇയാളാണ് പാപ്പര്‍'- നബി പറഞ്ഞു. പ്രാര്‍ഥനകള്‍ കൊണ്ടു മാത്രം രക്ഷപ്പെടില്ലെന്ന് വ്യക്തം. പ്രാര്‍ഥനകളോടൊപ്പം ദുര്‍ബലരെ സംരക്ഷിക്കുകയും വേണം. ദൈവത്തെ വണങ്ങി സ്വര്‍ഗത്തില്‍ ഒളിച്ചുകയറാനുള്ള ഒറ്റക്കാലന്‍ ഭക്തി ഇസ്‌ലാമിലില്ല.

ഒട്ടേറെ കഴിവുകളുമായാണ് ഓരോരുത്തരും പിറക്കുന്നത്. അവ സ്വയം തിരിച്ചറിയുകയും മിനുക്കിയെടുക്കുകയും വേണം. ഒരുമിച്ച് ജീവിതയാത്ര പുറപ്പെട്ടവരില്‍ ഒരാള്‍ പൊടുന്നനെ കൊഴിഞ്ഞുപോകാറുണ്ട്. താങ്ങായി വന്നവര്‍ അകാലത്തില്‍ മറഞ്ഞുപോകുമ്പോള്‍ സ്വയം പിടിച്ചുനില്‍ക്കുന്നവരുണ്ട്. അവര്‍ ഏതോ നന്മയുടെ ചിറകില്‍ പുതിയ ഉയരങ്ങളിലെത്തുന്നു. അങ്ങനെയുള്ള ഭാഗ്യവതിയാണ് സിഫിയ. രണ്ടു മക്കളെ നല്‍കി ഭര്‍ത്താവ് മരണത്തിലേക്ക് മറഞ്ഞപ്പോള്‍ മനസ്സാകെ ഇരുട്ടുനിറഞ്ഞു. എങ്കിലും ആശയുടെ കിരണങ്ങള്‍ പിടിച്ചുകയറിയ സിഫിയ വിദ്യാഭ്യാസത്തിലൂടെയും ജോലിയിലൂടെയും പുതിയ വാതിലുകള്‍ തുറന്നുകയറി. ആദ്യ ശമ്പളം കിട്ടിയപ്പോള്‍ ബാഗ് നിറയെ ഭക്ഷണപ്പൊതികളുമായി തെരുവിലെ കുഞ്ഞുങ്ങളുടെ ഒട്ടിയ വയറുകള്‍ നിറക്കാനിറങ്ങി. അഗതികളുടെയും വിധവകളുടെയും രക്ഷകയായി. സ്വയം കണ്ടെത്തുകയും സമൂഹത്തിന് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍ പരത്തുന്ന സുഗന്ധത്തിന് ആയിരം ചിറകുകളുണ്ട്.

സ്‌നേഹം കൊണ്ട് നേടാനാവാത്തത് ഒന്നുമില്ല. സ്‌നേഹമുള്ളേടത്ത് ദുഃഖത്തിനു പോലും മധുരമുണ്ടാകും. മറ്റുള്ളവരോട് പുഞ്ചിരിക്കുന്നതും കുഞ്ഞിന് പഴം സമ്മാനിക്കുന്നതും പ്രായമായവരെ കൈപിടിക്കുന്നതും സേവനമാണ്. സ്‌നേഹത്തിന്റെ സന്താനമാണ് സേവനം. സേവനത്തിന്റെ തേനുറവയിലാണ് ജീവിതം തളിര്‍ക്കുന്നതും വിരിയുന്നതും. സ്‌നേഹനിര്‍ഭരമായ ഹൃദയമാണ് നേടാവുന്ന ഏറ്റവും വലിയ സമ്പത്ത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍