Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

ആര്‍.എസ്.എസ്സിനെ വെള്ളപൂശുന്നവരോട്

കെ.പി ഹാരിസ്

ഐ.എസ് പോലെ ഭീകരവും അശ്ലീലവുമാണ് ആര്‍.എസ്.എസ് എന്ന് പറയാന്‍ പറ്റുമോ? മുന്‍ ഡി.ജി.പി സെന്‍കുമാറിന് സംശയം. അതിനാല്‍ അദ്ദേഹം ആര്‍.എസ്.എസ്സിനെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. അതിന് അദ്ദേഹം പറയുന്ന ന്യായം ഐ.എസ് അന്താരാഷ്ട്ര മാനമുള്ളതും ആര്‍.എസ്.എസ് ദേശീയ മാനമുള്ളതുമാണ് എന്നാണ്. സത്യത്തില്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനതക്ക് ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. പിന്നെ എന്തുകൊണ്ടാണ് സെന്‍കുമാറിന് സംശയം എന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന് ആര്‍.എസ്.എസ്സിനെ മനസ്സിലാവാത്തതുകൊണ്ടാണ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. മറിച്ച് അദ്ദേഹത്തിന്റെ മനസ്സ് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുകയാണ് എന്ന് പറയേണ്ടിവരും. എന്തായിരുന്നാലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രസ്ഥാനത്തെ ന്യായീകരിക്കാന്‍ മുന്നോട്ടുവന്നത് അദ്ദേഹത്തെ പോലുള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ഒട്ടും യോജിച്ചതല്ല. ഒരു സംഘടനയെ വിലയിരുത്തേണ്ടത് അതിന്റെ ആശയാദര്‍ശങ്ങളും പ്രവര്‍ത്തന സംസ്‌കാരവും നോക്കിയാണ്. 

ആര്‍.എസ്.എസ്സിന്റെ ആശയാടിത്തറ ഇന്ത്യയിലെ ഏതൊരാള്‍ക്കും അറിയുന്നതുപോലെ ഗോള്‍വാള്‍ക്കറുടെ വിചാരധാരയെ അടിസ്ഥാനമാക്കിയുള്ളതാണ്. വിചാരധാരയെ ആര്‍.എസ്.എസിന്റെ വേദപുസ്തകം എന്ന് വിശേഷിപ്പിക്കാം. വിചാരധാര ഉല്‍പാദിപ്പിക്കുന്ന മൂല്യം എന്താണ് എന്ന് ചോദിച്ചാല്‍ ഹൈന്ദവമല്ലാത്ത മുഴുവന്‍ ആശയങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തി, വിദ്വേഷത്തിന്റെ ഭാഷ സൃഷ്ടിച്ചെടുത്ത്, മനുഷ്യര്‍ക്കിടയില്‍ വിഭജനത്തിന്റെയും വിഭാഗീയതയുടെയും മതില്‍കെട്ടുകള്‍ പണിത് 'അപരത്വം' എന്ന പരികല്‍പനയെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഹൈന്ദവരുടെ സംഘാടനം നടത്തുക എന്നുള്ളതാണ്.  വിചാരധാര  ഒരാവൃത്തി വായിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന യാഥാര്‍ഥ്യമാണത്. ആ വിഷലിപ്ത ഗ്രന്ഥത്തില്‍ കൃത്യമായും വ്യക്തമായും ഇന്ത്യക്ക് അകത്തുള്ള മൂന്ന് ശത്രുക്കളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അത് മുസ്‌ലിംകളും കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളുമാണ്. അഥവാ ഈ മൂന്ന് ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്താല്‍ മാത്രമേ ഗോള്‍വാള്‍ക്കര്‍ ഉദ്ദേശിച്ച ഹിന്ദു രാജ്യം പൂര്‍ണമാവുകയുള്ളൂ. പരമത വിദ്വേഷവും അസഹിഷ്ണുതയും ഒരു സംഘടനയുടെ ആശയവും ആദര്‍ശാടിത്തറയുമായിത്തീരുമ്പോള്‍ സ്വാഭാവികമായും അതിന്റെ പ്രവര്‍ത്തന പരിപാടികളും ആ രൂപത്തിലുള്ളതായിരിക്കും.

ആര്‍.എസ്.എസ്സിന്റെ ചരിത്രപാരമ്പര്യത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ബോധ്യമാവുന്നത്, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കുക അതിന്റെ ലക്ഷ്യമായിരുന്നു എന്നാണ്. 1925-ല്‍ ആര്‍.എസ്.എസ് രൂപീകരിക്കുമ്പോള്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹിന്ദുവും മുസല്‍മാനും മതമുള്ളവനും മതമില്ലാത്തവനുമെല്ലാം ഒന്നിച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിനായി പടനയിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു ആര്‍.എസ്.എസ്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യവും അവര്‍ക്കുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തും ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാനുള്ള അടവുകള്‍ സ്വീകരിച്ചും മുന്നോട്ടു വന്ന ഈ സംഘം, മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടവരാണ്. ഗാന്ധിജിയും ദേശീയപ്രസ്ഥാനവും ഇവര്‍ക്ക് എത്രത്തോളം അസഹനീയമായിരുന്നെന്ന് ഇതില്‍നിന്ന് ബോധ്യമാവും. ഗാന്ധിജി ഇവിടെയുള്ള ഹിന്ദുവിനെയും മുസ്‌ലിമിനെയും ഒരേ കണ്ണോടെ കാണുന്നു എന്നതിനാല്‍ ആര്‍.എസ്.എസിന് ഗാന്ധി കണ്ണിലെ കരടായി മാറിയത് സ്വാഭാവികം. നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിഹത്യ എന്ന കിരാത ദൗത്യം നിര്‍വഹിച്ചപ്പോള്‍ ഇന്ത്യാ രാജ്യം ഏറെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ആര്‍.എസ്.എസ്സിന്റെ ശാഖയില്‍നിന്നും പഠന ശിബിരങ്ങളില്‍നിന്നും ലഭിക്കുന്ന ക്ലാസ്സിന്റെയും പരിശീലനത്തിന്റെയും ഊര്‍ജത്തില്‍ രാഷ്ട്രപിതാവിനെ കൊല്ലാന്‍ ഗോഡ്‌സെ മുന്നോട്ട് വരികയായിരുന്നു. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ലാറി കോളിന്‍സിന്റെയും ഡൊമിനിക് ലാപിയറിന്റെയും പുസ്തകത്തില്‍ ഗാന്ധി വധത്തിനുള്ള ഓരോ നീക്കവും വിശദീകരിക്കുന്നത് ഹൃദയവേദനയോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. രാഷ്ട്രശില്‍പിയെ തന്നെ ഉന്മൂലനം ചെയ്ത ഈ കൊടൂരവൃത്തിയെ ദീകരത എന്നല്ലാതെ, രാജ്യസ്‌നേഹം എന്നാണോ വിളിക്കേണ്ടത് എന്ന് സെന്‍കുമാര്‍ വ്യക്തമാക്കണം. 

ബ്രിട്ടീഷുകാര്‍ ഇവിടെ നിന്ന് പോയി ഒരു വര്‍ഷം തികയുന്നതിനുമുമ്പേ ഗാന്ധിജിയെ വധിച്ചപ്പോള്‍ ലോകത്തിന് മുന്നില്‍ നാണംകെട്ട ഇന്ത്യയോട് ബ്രിട്ടീഷുകാര്‍ ചോദിച്ചുവത്രെ, അമ്പതു വര്‍ഷം ആ മനുഷ്യനെ ഞങ്ങള്‍ സംരക്ഷിച്ചു, നിങ്ങള്‍ക്ക് ഒരു വര്‍ഷം പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. ഗാന്ധിവധം എന്ന ഭീകര കൃത്യം നടപ്പിലാക്കിയവര്‍ ഇന്ത്യയിലെ ഭരണകര്‍ത്താക്കളായി വന്നു എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം (കൃീി്യ ീള ഒശേെീൃ്യ) എന്നേ പറയാനാവൂ. ഗാന്ധിവധത്തിനു ശേഷം ഇന്ത്യയില്‍ ഇതുവരെ നടന്ന ചെറുതും വലുതുമായ ഏതാണ്ടെല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നിലും ഈ ചിന്താധാര പ്രവര്‍ത്തനക്ഷമമായിരുന്നു. മതേതരത്വത്തിന്റെ സിംബലായ ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കി കാവിക്കൊടി പറത്തിയത് ഹിന്ദു ഉണര്‍ന്നപ്പോഴാണ് എന്ന് പ്രസംഗിച്ച് നടക്കുന്ന നേതാക്കന്മാരുണ്ട് ഇന്നും ആര്‍.എസ്.എസ് എന്ന തീവ്ര ഹിന്ദുത്വ പ്രസ്ഥാനത്തില്‍. 1992-ലാണ് ബാബരി മസ്ജിദ് തകര്‍ത്തതെങ്കില്‍ കൃത്യം പത്തു വര്‍ഷത്തിനു ശേഷം ഇപ്പോഴത്തെ  പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ മുസ്‌ലിം വംശഹത്യ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തി.  

വിയറ്റ്‌നാം യുദ്ധ പശ്ചാത്തലത്തില്‍ നഗ്നയായി ഭയന്ന് വിറച്ചോടുന്ന ഒരു ആറ് വയസ്സുകാരി പെണ്‍കുട്ടിയുടെ ചിത്രമുണ്ടായിരുന്നു. പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ പ്രസ്തുത ചിത്രത്തെ ഓര്‍മപ്പെടുത്തുന്ന ഭീതിജനകമായ കാഴ്ചയാണ് ഖുത്ബുദ്ദീന്‍ അന്‍സാരി, കൊലയാളികള്‍ക്കു മുന്നില്‍ ദൈന്യതയോടെ തന്റെ ജീവനു വേണ്ടി യാചിക്കുന്ന ചിത്രം. നി

സ്സഹായനായ ഒരു മനുഷ്യന്റെ എല്ലാ ദൈന്യതയും പ്രതിഫലിക്കുന്ന ആ ചിത്രത്തിന് മറ്റൊരു പുലിസ്റ്റര്‍ ലഭിച്ചില്ലെങ്കിലും ഇന്ത്യയിലെ മതേതര മനസ്സിനെ ഇന്നും ഭയപ്പെടുത്തുന്ന ഭീകര കാഴ്ച തന്നെയാണത്. ഇപ്പോള്‍ പ്രധാനമന്ത്രി കസേരയിലിരിക്കുന്ന നരേന്ദ്ര മോദിക്ക് അന്ന് അമേരിക്ക വിസ നിഷേധിക്കാന്‍ മാത്രം അന്താരാഷ്ട്ര കുപ്രസിദ്ധിയാര്‍ജിച്ച ഗുജറാത്ത് വംശഹത്യ ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ലാബില്‍ വര്‍ഷങ്ങളുടെ പ്രയത്‌നഫലമായി നിര്‍മിച്ചെടുത്ത പദ്ധതിയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് ഇന്ത്യയുടെ ഭരണം തങ്ങളുടെ കൈയിലെത്തിയപ്പോള്‍ ആര്‍ എസ്.എസ് അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തേക്ക് നീട്ടിയിരിക്കുന്നു. മനുഷ്യരെ പച്ചക്ക് അടിച്ചുകൊന്ന്, അത് വീഡിയോയില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. രാജ്യത്തെങ്ങും ഭീതി പടര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെതിരെ മനുഷ്യസ്‌നേഹികള്‍ക്ക് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നു. പശുഭീകരത അന്താരാഷ്ട്ര മീഡിയ റിപ്പോര്‍ട്ട് ചെയ്ത് രാജ്യം നാണംകെട്ട് പോകുന്ന സ്ഥിതിവിശേഷം സംജാതമാവാതിരിക്കാനാവും പ്രധാനമന്ത്രി ഈ നരമേധത്തെ പേരിനെങ്കിലും തള്ളിപ്പറഞ്ഞത്. അങ്ങനെ തള്ളിപ്പറയുമ്പോഴും പശുവിന്റെ പേരിലുള്ള നരഹത്യകള്‍ നിര്‍ബാധം തുടരുകയാണ്. ഒരു വശത്ത് അക്രമത്തെ തള്ളിപ്പറയുക, മറുവശത്ത് ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുക. ഇത് ഹിന്ദുത്വശക്തികള്‍ ഗാന്ധിവധം മുതല്‍ എല്ലാ ഭീകര കൃത്യങ്ങളിലും സ്വീകരിച്ച ഇരട്ട മുഖമാണ്. ഈ ഇരട്ട മുഖം തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ മഹിത പാരമ്പര്യത്തിന് പരിക്കേല്‍പിക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തുകയെന്ന ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ മതേതര വിശ്വാസികള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. അതിനു പകരം ഈ ഗ്രൂപ്പിനെ വെള്ളപൂശാനും ദേശീയതയുടെ പട്ടം ചാര്‍ത്തി കൊടുക്കാനും ആരും മുന്നോട്ട് വരേണ്ടതില്ല. അത് നിശിതമായി വിചാരണ ചെയ്യപ്പെടുകതന്നെ ചെയ്യും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍